മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

മലയാള കഥയിലെ വ്യത്യസ്തമായ സ്വരം, മിനി പി സിയുടെ കഥയാണ് ഇന്ന് വാക്കുല്‍സവത്തില്‍.

Literature fest Manja kuthira  short story by Mini PC

അടിത്തട്ട് കാണും വിധം തെളിഞ്ഞൊഴുകുന്ന നദിയുടെ സുതാര്യതയാണ് പുറമേനിന്നു കാണുമ്പോള്‍ മിനി പിസിയുടെ കഥകള്‍ക്ക്. എന്നാല്‍, സൂക്ഷിച്ചുനോക്കിയാല്‍ കാണാം, കലങ്ങി മറിയുന്ന അടിയൊഴുക്കുകള്‍. അപ്രതീക്ഷിതമായ ചുഴികള്‍. ആഴങ്ങളില്‍ കാത്തിരിക്കുന്ന ഇളക്കങ്ങള്‍.  കഥയിലേക്ക് ഇറങ്ങി നില്‍ക്കുമ്പോള്‍ വായനക്കാരും ഉലഞ്ഞുപോവും വിധമാണ് ലളിതവും ഋജുവുമായ ആ ആഖ്യാനം. ആഖ്യാനത്തിലെ ഈ അവിചാരിത തിരിവുകളാണ് നമുക്ക് പരിചിതവും അപരിചിതവുമായ കഥാ സന്ദര്‍ഭങ്ങളെ ഒട്ടും സാധാരണമല്ലാത്ത വായനാനുഭവമാക്കുന്നത്. നമുക്കറിയാവുന്ന മനുഷ്യരാണ്, ലോകമാണ്, ജീവികളാണ് ആ കഥകളില്‍. എന്നാല്‍, പറഞ്ഞുവരുമ്പോള്‍ അവയെല്ലാം നമുക്കപരിചിതമായി മാറുന്നു. 

Literature fest Manja kuthira  short story by Mini PC

ബംഗാറമ്മയുടെ കണ്ണെത്താത്തിടത്തായിരുന്നു ആ കിളി കൂടുവെച്ചത്. ദിനവും രാവിലെ ഞാനെന്റെ ജാലകം തുറക്കുമ്പോള്‍ ജാലകക്കോണിലെ ചകിരിക്കൂട്ടിനുള്ളില്‍നിന്നും അവള്‍ പുറത്തേക്ക് പറന്നുപോവുകയും സന്ധ്യയ്ക്ക് ചേക്കേറുകയും ചെയ്തുപോന്നു. എന്റെ മോതിരവും കമ്മലുകളുമൊക്കെ മിക്കപ്പോഴും ആ ജാലകഭിത്തിയിലാണ്  അഴിച്ചുവെയ്ക്കാറ്. അതുകൊണ്ടാവും ബംഗാറമ്മ ആ വശത്തേയ്ക്ക് അടുക്കാറേയില്ല.

പതിവുപോലെ സായാഹ്നത്തില്‍ ചേക്കേറിയ കിളി കൂട്ടിനുള്ളില്‍ തന്റെ കൊക്കുകൊണ്ട് തട്ടിയും മുട്ടിയും സാന്നിധ്യമറിയിക്കെ ഇന്നേദിവസം അവള്‍ പോയിക്കണ്ട പുഴകള്‍... വഴികള്‍... പൂമരങ്ങള്‍... ആകാശച്ചെരുവുകള്‍... എല്ലാം ഓരോന്നായി ഞാനെന്റെ പച്ച വിരിയിട്ട കിടക്കയിലിരുന്ന് ചോദിച്ചറിഞ്ഞു.  'സെഡേറ്റീവ്‌സി'ന്റേയും പെയിന്‍ കില്ലറുകളുടെയും ഗന്ധം വമിക്കുന്ന, പാലിയേറ്റീവ് കെയര്‍ സെന്ററിലെ പച്ചവിരിയിട്ട കട്ടിലിനെ ഓര്‍മിപ്പിക്കുന്ന ആ മുറിയില്‍ അപ്പോള്‍ ഞങ്ങള്‍ രണ്ടും മാത്രമായിരുന്നു!  എന്നിലെ നിരുപദ്രവകാരിയെ തിരിച്ചറിഞ്ഞാവും ഒരു പേടിയും കൂടാതെ അവള്‍ കട്ടിലിനരികിലെ ടേബിളില്‍ വന്നിരിക്കുകയും പാത്രത്തിലവശേഷിച്ച റൊട്ടിക്കഷ്ണങ്ങള്‍  കൊത്തിത്തിന്നുകയും ചെയ്തുകൊണ്ട് എന്നോട് ചിലച്ചുതുടങ്ങി .അവളുടെ ചിലയ്ക്കല്‍ ഏകദേശമൊന്നമര്‍ന്നപ്പോഴാണ് തലയണയ്ക്കരുകിലിരുന്ന മൊബൈല്‍ ഫോണ്‍ പാട്ടു തുടങ്ങിയത്. 'ആരാവും?' കൈയെത്തി ഞാനാ സെല്‍ഫോണ്‍ എടുത്തു. പരിചിതമല്ലാത്ത ഒരു നമ്പര്‍!

'ഹലോ.... ഹലോ... ഹലോ....'

രണ്ടുമൂന്നു 'ഹലോ'കള്‍ക്കു ശേഷവും അങ്ങേത്തലയ്ക്കല്‍ നിന്ന് മറുപടിയൊന്നും കേള്‍ക്കാഞ്ഞ് ഞാനാ കാള്‍ കട്ടുചെയ്ത്  തലയണ താഴ്ത്തിവെച്ച് കിടന്നു. ശരീരമാസകലം സൂചികുത്തുമ്പോലുള്ള വേദനയാണ്, കൂടെ 'കീമോ'യുടെ ക്ഷീണവും! 

എല്ലാംകൂടി എന്തു രസം! അതെ രസകരമായ വേദനകള്‍... എന്റെ മാത്രം പ്രിയപ്പെട്ട വേദനകള്‍! കണ്ണുകള്‍ അമര്‍ത്തിപ്പൂട്ടി  മനസ്സിനെ പതിവു സ്വപ്നങ്ങളിലേയ്ക്ക് വഴിതിരിച്ചുവിടാന്‍  ഞാന്‍ ശ്രമിച്ചു. 

പക്ഷേ സെല്‍ഫോണ്‍ വീണ്ടും കരയെ എന്തുചെയ്യാന്‍? അതേ നമ്പറില്‍ നിന്നാണ്! വീണ്ടും കാള്‍ അറ്റന്‍ഡു ചെയ്തു.

'ഹലോ...'

ആ ഒറ്റ 'ഹലോ'യ്ക്കുതന്നെ മറുവശത്തുനിന്ന് സംസാരം തുടങ്ങി.

'ഗുഡ് ഈവനിങ് മാഡം! എന്റെ പേര് മുരളി മോഹന്‍. താങ്കളുടെ ഫോണിലേക്ക് അല്‍പ്പം മുമ്പ് മൂവായിരം രൂപയ്ക്ക്  റീച്ചാര്‍ജ് ചെയ്തത് ഞാനാണ്! അബദ്ധത്തില്‍ സംഭവിച്ചതാണ്. നമ്മുടെ നമ്പറൊന്നു ശ്രദ്ധിക്കൂ. ലാസ്റ്റ് ഡിജിറ്റൊഴികെ ബാക്കിയെല്ലാം സെയിമാണ്. അതുകൊണ്ട് ദയവായി ആ തുക തിരികെ റീചാര്‍ജ് ചെയ്തു തരണം. ഒരു വല്ലാത്ത സിറ്റ്വേഷനിലാ ഞാന്‍!  പരിചയങ്ങളില്ലാത്ത ഒരിടത്ത് പലതും നഷ്ടപ്പെട്ടവനായി നില്‍ക്കേണ്ടി വരിക... നിങ്ങളെന്നെ കേള്‍ക്കുന്നുണ്ടോ? ദയവായി എത്രയും പെട്ടെന്ന് ഒന്നു റീച്ചാര്‍ജ് ചെയ്തു തരൂ...'

അയാളുടെ വിചിത്രമായ  ആവശ്യം കേട്ട അമ്പരപ്പില്‍ എന്റെ വിറയാര്‍ന്ന വിരലുകള്‍ ആ കാള്‍ മുറിച്ചു... അമ്പരപ്പോടെ ഞാന്‍  ഇന്‍ബോക്‌സില്‍ പരതി. ഉവ്വ്, അയാള്‍ റീച്ചാര്‍ജ് ചെയ്തിട്ടുണ്ട്. പക്ഷേ ഈയവസ്ഥയില്‍ എനിക്കെന്തു ചെയ്യാനാവും? എങ്ങനെ ഈ തുക അയാള്‍ക്ക് റീച്ചാര്‍ജ് ചെയ്യും? 

എന്റെ സെല്‍ഫോണ്‍ പോലും ഞാനിതുവരെ റീച്ചാര്‍ജ് ചെയ്തിട്ടില്ല. കുറേ നാളുകളായി ഏറിയ പങ്കും ഇതു വെറുമൊരു കാഴ്ചവസ്തു മാത്രമായിരിക്കുകയാണ്. ആദ്യകാലങ്ങളില്‍ എല്ലാ മാസവും മാധവന്‍ കൃത്യമായി റീച്ചാര്‍ജ് ചെയ്തുതരുമായിരുന്നു, പക്ഷേ ഒന്നുരണ്ടു മാസങ്ങളായി... ഇല്ല! ആരെയും കുറ്റം പറയുന്നില്ല. പരിഭവിക്കുന്നുമില്ല. മാധവന് തിരക്കാണ്! രണ്ടാമതൊരു ജീവിതം കൂടി കരുപ്പിടിപ്പിച്ചെടുക്കേണ്ടുന്നതിന്റെ  ശ്രമകരമായ തിരക്ക്! പക്ഷേ ഏറെ സങ്കടം തോന്നുക സീറോ ബാലന്‍സില്‍ മുങ്ങിത്താഴുന്ന ദിവസങ്ങളില്‍ എന്നെ വിളിച്ചു കിട്ടാതാവുമ്പോഴുള്ള കണ്ണനേയും ഉണ്ണിയേയും ഓര്‍ക്കുമ്പോഴാണ്. പിന്നീടു വിളിക്കുമ്പോള്‍ നെഞ്ചു പൊട്ടുന്ന വേദനയോടെ അവര്‍ ചോദിക്കും.

'ചിങ്കീ... ആ കുന്ത്രാണ്ടം വല്ലപ്പോഴുമെങ്കിലും ഒന്നു ചാര്‍ജു ചെയ്തു വെയ്ക്കരുതോ?' എന്ന്. പിന്നെ പരിഭവത്തിന്റെ  ചായപ്പെന്‍സിലുകള്‍ കൊണ്ട് മനസ്സു നിറയെ ചിത്രങ്ങളെഴുതും. കണ്ണും കരളും ഹൃദയവുമില്ലാത്ത ചിത്രങ്ങള്‍! അവര്‍ക്ക്  അല്ലാതെന്തു ചെയ്യാനാവും? അവരുടെ  അമ്മയല്ലേ ഞാന്‍! ഒരു പാവം അമ്മ! 

മാധവന്‍ എന്നെ 'ചിലങ്കേ...' എന്നു വിളിക്കുന്നതു കേട്ടാണ് കണ്ണന്‍ 'ചിങ്കീ...'യെന്നു വിളിച്ചുതുടങ്ങിയത്... അവനെ തുടര്‍ന്ന് ഉണ്ണിയ്ക്കും അമ്മ ചിങ്കിയായി. മുതിര്‍ന്നിട്ടും അമ്മേയെന്നു വിളിച്ചില്ല. അവര്‍ക്ക് ഇപ്പോഴും ചിങ്കി അമ്മയല്ല... ഒരു കൊച്ചുകുട്ടിയാണ്. അവരോടൊപ്പം കളിക്കുകയും ചിരിക്കുകയും ചെയ്യുന്ന ഒരു പാവം കുട്ടി. ആ കുട്ടിയെ അച്ഛന്റെ കൈയില്‍ ഭദ്രമായി ഏല്‍പ്പിച്ച് റിസേര്‍ച്ചിനായി കേംബ്രിഡ്ജിലേക്കു പറക്കുമ്പോള്‍ അവര്‍ ഓര്‍ത്തിരുന്നില്ലല്ലോ... ലങ് ക്യാന്‍സര്‍ വന്ന് ഇതുപോലൊരിടത്ത് ചുരുണ്ടുകൂടി എനിക്കു കിടക്കേണ്ടി വരുമെന്ന്!

'അച്ഛ, ഇത്രയ്ക്ക് ഇറെസ്‌പ്പോണ്‍സിബിള്‍ ആണെന്ന് ഞങ്ങള്‍ കരുതീല ചിങ്കീ... എങ്ങനെ ഈ സിറ്റ്വേഷനില്‍ അച്ഛയ്ക്കിതിനു കഴിഞ്ഞു?'

എന്നു വിളിച്ചാലും അവര്‍ക്കിതേ പറയാനുള്ളൂ. മാധവന്‍  പുനര്‍വിവാഹിതനായത് അവര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. എന്റെ ശക്തമായ പ്രേരണ മാനിച്ചാണ് മാധവന്‍ അതിനു മുതിര്‍ന്നത്. വെറും നാല്‍പ്പതുകളുടെ ആദ്യപകുതിയില്‍പോലും എത്തിയിട്ടില്ലാത്ത അദ്ദേഹത്തെ മുരടിപ്പിക്കാതെ രക്ഷിക്കേണ്ടത് എന്റെ  ഉത്തരവാദിത്തമാണെന്ന് തോന്നിയിട്ടാണ് ഞാനത് ചെയ്തത്. ഇല്ലെങ്കില്‍ എനിക്കിവിടെനിന്ന് സ്വസ്ഥമായി പോകാന്‍ കഴിയുമോ? ഒരു ബോധ്യവുമില്ലാതിരുന്ന ചിലങ്കയെന്ന പതിനേഴുകാരിയെ ഒരു പാവക്കുട്ടിയെ എന്നോണം ചുമന്നവനാണ്. അറിവും പക്വതയുമാവും മുമ്പേ രണ്ടു കുട്ടികളുടെ അച്ഛനായി  അവരെയും എന്നെയും ഒരു കുറവും വരാതെ കാത്തുസൂക്ഷിച്ചവനാണ്. ജീവിതത്തിന്റെ വലിയൊരു കാലം അങ്ങനെ കരുതി നടന്ന ഒരു പാവം മനുഷ്യനെ അലയാന്‍ വിട്ടിട്ട് എനിക്കു പോവാന്‍ വയ്യ.

ആറു മാസങ്ങള്‍ക്കു മുമ്പ് മാധവന്‍  വിവാഹിതനായി. ഞാനീ വീട്ടിലേക്കു മാറിയതിന്റെ രണ്ടാം മാസം! വീണ്ടും ഒരച്ഛനാവാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായിരിക്കുന്നു. 'വിശേഷ'മുണ്ടെന്ന് അവള്‍ തന്നെയാണ്  പറഞ്ഞത്. ആ ത്രില്ലിലാണെന്നു തോന്നുന്നു ഇങ്ങോട്ടുള്ള വിളിയും വരവുമൊക്കെ കുറഞ്ഞു. മനഃപൂര്‍വമാവില്ല, അതാണ് മാധവന്റെ രീതി. ജോലി കഴിഞ്ഞാല്‍ വീട്ടില്‍ ചടഞ്ഞു കൂടിയിരിക്കണം. ഒരു ദുഃസ്വഭാവവുമില്ല, സൗഹൃദങ്ങളുമില്ല. പണ്ടേ  'രോഗീസന്ദര്‍ശന'ത്തോടൊന്നും വലിയ മമതയില്ല. രോഗികളെ അവരുടെ സ്വസ്ഥതയ്ക്കുള്ളില്‍ക്കടന്ന് ആക്രമിക്കുന്നവരോട് താല്‍പ്പര്യവുമില്ല. ഓരോ മനുഷ്യനും സ്വന്തം സാഹചര്യങ്ങളോട് പൊരുത്തപ്പെടണമെന്ന് എന്നെ പഠിപ്പിച്ചത് മാധവനാണ്. അതാവും ഇന്ന് എന്റെ  അവസ്ഥകളോട് എനിക്കിത്രയേറെ പൊരുത്തപ്പെടാനായത്.ഞാന്‍ ആഗ്രഹിച്ചല്ല ഞാന്‍ ജനിച്ചത്. ഇത്രനാള്‍ ജീവിക്കുന്നതും എന്റെ ആഗ്രഹം കൊണ്ടല്ല. ദൈവം തരുന്നതെന്തും സ്വീകരിക്കാന്‍  പിറുപിറുപ്പില്ലാതെ സ്വീകരിക്കാന്‍ എന്റെ മനസ്സ് ഒരുങ്ങിയിരിക്കുന്നു. ഇപ്പോള്‍ ജീവിതത്തെക്കാളുപരിയായി ഞാന്‍ സ്‌നേഹിക്കുന്നത്... അല്ല പ്രണയിക്കുന്നത് ആ അനിവാര്യതയെയാണ്-മരണത്തെ!

രോഗം സ്ഥിരീകരിച്ച രാത്രിയിലാണ് ഈ ബോധ്യങ്ങള്‍ എനിക്കു കിട്ടിയത്. 

രാത്രി അതിന്റെ ഇടതൂര്‍ന്ന മുടിച്ചുരുളുകള്‍ക്കുള്ളില്‍ ഭൂമിയെ ഒളിപ്പിച്ച ആ രാത്രിയില്‍ കിടക്കയില്‍ മാധവനെ ഒറ്റയ്ക്കാക്കി ഞാന്‍ പോയത് അതിഥികള്‍ക്കായി ഒഴിഞ്ഞിട്ട മുറിയിലേക്കായിരുന്നു. ഉറങ്ങാനല്ല ഉറക്കെയുറക്കെ കരഞ്ഞു തീര്‍ക്കാന്‍. അന്ന്... അന്നാണ് ഞാനാദ്യമായി ആ കുതിരക്കുളമ്പടി കേട്ടത്. അടുത്തെത്തുംതോറും  ഭ്രമിപ്പിച്ചുകൊണ്ട് അതെന്റെ അരികില്‍ വന്നുനിന്നു...ആ കുതിരപ്പുറത്ത്  അവനുണ്ടായിരുന്നു. ഇരുണ്ടു പാഴിടഞ്ഞ ഏതോ വിദൂരകോണുകളില്‍ നിന്നാണ് അവനെത്തിയത്.

............................................................................................................................................

അവന്‍ ചിനയ്ക്കുന്ന ആ മഞ്ഞക്കുതിരയോട്   എന്നെ ചേര്‍ത്തുനിര്‍ത്തി. അവനോട് എനിക്കൊന്നും ഒളിക്കാനുണ്ടായിരുന്നില്ല. വിറയലോടെ ഞാന്‍ പറഞ്ഞു.

Literature fest Manja kuthira  short story by Mini PC

ദൂരം തളര്‍ത്താത്ത, പ്രസരിപ്പാര്‍ന്ന കണ്ണുകളോടെ അവനെന്നെ നോക്കി. ആറുനൂറായിരം കണ്ണുകളായിരുന്നു അവന്. ആ കണ്ണുകളില്‍ എന്നെക്കണ്ട് ഞാന്‍ വിവശയായി. ആ കണ്ണുകളെന്നെ പൊതിഞ്ഞു. പിന്നെ  നെറുകയില്‍ ചുംബിച്ചു. കണ്ണീരിന്റെ ഉപ്പുപടര്‍ന്ന കവിളുകളെ ആ മൃദുവാര്‍ന്ന വിരലുകള്‍ ലാളിച്ചു. ഒരുപാടു നേരത്തെ സാന്ത്വനത്തിനൊടുവില്‍ അറിയാതെ ഞാന്‍ കരഞ്ഞുപോയി. എനിക്ക് സത്യത്തില്‍ പേടിയായിരുന്നു. അവന്‍ ചിനയ്ക്കുന്ന ആ മഞ്ഞക്കുതിരയോട്   എന്നെ ചേര്‍ത്തുനിര്‍ത്തി. അവനോട് എനിക്കൊന്നും ഒളിക്കാനുണ്ടായിരുന്നില്ല. വിറയലോടെ ഞാന്‍ പറഞ്ഞു.

'എനിക്കു പേടിയാവുന്നു.'

'എന്തിന്... ?'-എന്റെ കൈത്തലങ്ങള്‍ താലോലിക്കവെ അവന്‍ ചോദ്യമെറിഞ്ഞു.

'ഞാന്‍ നിന്നെ പ്രണയിക്കുന്നുണ്ടോ?'

അതുകേട്ട് അവന്‍ ചിരിച്ചു. പിന്നെ  ചിതറിക്കിടക്കുന്ന മുടിയിഴകള്‍ ചെവിക്കു പുറകില്‍ ഒതുക്കിവെച്ച് എന്റെ ഹൃദയത്തോടവന്‍ മന്ത്രിച്ചു.
'അരുത്, പേടിക്കരുത്... എന്നെ പ്രണയിക്കുമ്പോള്‍ നിന്റെ സ്വപ്നങ്ങളിലെ അത്തിവൃക്ഷം തളിര്‍ക്കുകയും സങ്കല്‍പ്പങ്ങളിലെ മാപ്പിള്‍ത്തോട്ടങ്ങള്‍ പൂവണിയുകയും ചെയ്യുന്നുണ്ടെങ്കില്‍... സന്തോഷത്തോടെ മൂളിപ്പാട്ടുകള്‍ പാടാനും ബന്ധങ്ങളെ സ്വാര്‍ഥതയുടെ ലാഭേച്ഛയില്ലാതെ നോക്കിക്കാണാനും കഴിയുന്നുണ്ടെങ്കില്‍ നീയെന്നെ ചേര്‍ത്തുപിടിച്ചുകൊള്ളൂ..'

അതുകേട്ട് വിവശതയോടെ ഞാന്‍ പിടഞ്ഞു.

'ഉവ്വ്... ഞാന്‍ നിന്നെ പ്രണയിക്കുന്നു...'

ഞാനവനെ ചേര്‍ത്തുപിടിച്ചു  ഇറുക്കെയിറുക്കെ. 

അന്ന് ഉടനെ വരുമെന്നു പറഞ്ഞ് പിരിഞ്ഞ ആ രാത്രി മുതല്‍  ഞാനവനെ കാത്തിരിക്കുകയാണ്. ആ നിമിഷത്തിനുവേണ്ടി, ആ നിമിഷത്തിനുവേണ്ടി മാത്രം. ഇന്ന് ഈ  സ്വയം വരിച്ച ഒറ്റപ്പെടലില്‍  കടന്നുപോകുന്ന ഓരോ നിമിഷങ്ങളില്‍ എന്റെ പ്രണയം നിറഞ്ഞൊഴുകുകയാണ്. ഒരു കീമോയ്ക്കും തോല്‍പ്പിക്കാനാവാത്തയളവില്‍ എന്റെ കണ്ണുകള്‍ തിളങ്ങുകയും ചുണ്ടുകള്‍ ചുവക്കുകയും കവിളുകള്‍ തുടുക്കുകയും ചെയ്യുന്നതുകണ്ട് ഡോ. മനോജ്, മാധവനോടു പറഞ്ഞു.
'പ്രാര്‍ഥിക്കൂ, ഷി ഈസ് റിക്കവറിങ്.. എന്റെ പ്രാക്ടീസിനിടയ്ക്ക് ആദ്യായിട്ടാണ് ഇത്ര വില്‍പ്പവറുള്ള ഒരാളെ കാണുന്നത്.... മിടുക്കി'.

അതുകേട്ട് എനിക്ക് ചിരിവന്നു. പക്ഷേ  ചിരിച്ചില്ല. ഉള്ളില്‍ ഞാനെപ്പോഴും ചിരിക്കുകയാണല്ലോ.

ഒരല്‍പ്പനേരം അടങ്ങിക്കിടന്ന വികൃതിക്കുട്ടി പെട്ടെന്ന് ചാടിയെണീറ്റ് ബഹളം തുടങ്ങുംമട്ടില്‍ സെല്‍ഫോണ്‍ വീണ്ടും കരച്ചില്‍ തുടങ്ങി .മുരളിമോഹനാണ്  
അയാള്‍ തുടങ്ങുംമുമ്പെ ഞാന്‍ പറഞ്ഞുതുടങ്ങി.

'സുഹൃത്തേ, താങ്കളുടെ ബുദ്ധിമുട്ട് എനിക്കു മനസ്സിലാവുന്നുണ്ട്. പക്ഷേ എനിക്കെന്തെങ്കിലും ചെയ്യാനാവുമെന്ന് തോന്നുന്നില്ല. ബിക്കാസ് ഐ ആം എ കാന്‍സര്‍ പേഷ്യന്റ്. കൂടെ സഹായത്തിന് ഒരു വൃദ്ധ മാത്രമേയുള്ളൂ. എനിക്കിനി ചെയ്യാനാവുന്നത് താങ്കള്‍ എവിടെയാണെന്നു പറഞ്ഞാല്‍ അടുത്തെവിടെയെങ്കിലും എന്റെ  പരിചയത്തിലാരെങ്കിലും ഉണ്ടെങ്കില്‍ സഹായിക്കാം എന്നുമാത്രമാണ്.'

എന്റെ വാക്കുകളിലെ സത്യസന്ധതയറിഞ്ഞെന്നോണം അയാള്‍ പറഞ്ഞു 'തൃശൂരാണ്.'

എനിക്കു സന്തോഷമായി.

'എങ്കില്‍ ഒരു ഓട്ടോ വിളിച്ച് ഇങ്ങുപോരൂ. ഞാനിവിടെ അടുത്തുതന്നെയുണ്ട്. എന്റെ വിലാസം, 'ചിലങ്ക, സ്വപ്നം, നിയര്‍ ശക്തന്‍ നഗര്‍'.

'ഞാന്‍ വരാം'.

അയാളുടെ ആശ്വാസസ്വരം.

'വന്നോളൂ.'

എനിക്കൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല ഒന്നും ഒന്നുമൊന്നും!

എന്റെ ആ പറച്ചില്‍കേട്ട് അത്രനേരം മുറിക്കുള്ളിലാകെ പാറിനടന്ന കിളി ചകിതയായി കൂട്ടിലേക്കു കയറി. ഞാന്‍ പതിയെ കട്ടിലില്‍ എഴുന്നേറ്റിരുന്നു. പിന്നെ കൈയെത്തി ടേബിളിലെ ബെല്ലില്‍ വിരലമര്‍ത്തി. ആ ഒച്ച കേട്ടതും ബംഗാറമ്മ 'എന്നമ്മാ...' എന്ന് ചോദിച്ചുകൊണ്ട് ഓടിയെത്തി. 

എന്റെ സഹായിയാണ്. അറുപത്തഞ്ചു വയസ്സുള്ള ആരോഗ്യവതിയായ ഒരു കന്നട സ്ത്രീ. നന്നേ ബാല്യത്തില്‍ പൊന്നുസ്വാമി എന്നുപേരുള്ള അണ്ണാച്ചിയോടൊപ്പം നെല്ലിയാമ്പതിയിലെ ഓറഞ്ചു തോട്ടത്തില്‍ പണിക്കെത്തിയതാണ്. അണ്ണാച്ചി മരിച്ചു. എനിക്കിവരെ തരപ്പെടുത്തിത്തന്നത് സുമനസ്സുള്ള ഒരു സ്‌നേഹിതയാണ്. എനിക്കു കഴിക്കാനുള്ള 'മാതള നാരങ്ങ ജ്യൂസ്' തയ്യാറാക്കുകയായിരുന്നു അവര്‍.

'എനിക്കൊന്നു കുളിക്കണം.'

പതിവില്ലാതെ ഞാനവരോടു പറഞ്ഞു. ദിവസവും രാവിലെ ഒരു നേരമേ കുളിയുള്ളു. അവര്‍ അതിശയത്തോടെ എന്നെ നോക്കി.

'എന്നാ കണ്ണ്? രാവിലെ കുളിച്ചതല്ലേ ഇനിയും എതുക്ക്?'

എങ്കിലും എന്റെ നിര്‍ബന്ധത്തിനു വഴങ്ങി അവരെന്നെ കുളിക്കാന്‍ സഹായിച്ചു. കുളിച്ച് മഞ്ഞയില്‍ കറുത്ത നീളന്‍ വരകളുള്ള സാരിയുടുത്ത് ക്രോപ്പുചെയ്ത മുടി അലസമായി ചീകിയിട്ട് ജനാലപ്പടിയില്‍ അഴിച്ചുവെച്ചിരുന്ന കമ്മലും മാലയുമണിഞ്ഞ് പൗഡറിട്ട്, കണ്‍മഷി എഴുതി ഞാന്‍ സുന്ദരിയായി കാത്തിരുന്നു.
വൈകാതെ അയാളെയും വഹിച്ചുള്ള ഓട്ടോ മുറ്റത്തെത്തി. അതുകണ്ട് ബംഗാറമ്മ മുറിയിലേക്കോടിവന്നു...

'ഏത് ഇയാള്‍?'

ഞാന്‍ ശിരസ്സിളക്കി, 'അറിയില്ല.'

'പിന്നെ എതുക്ക്? ആരാനാലും കുളിക്കാതെ ഈ റൂമുക്കുള്ളെ കേറ്റാതെ... ഇന്‍ഫെക്ഷന്‍. ഞാന്‍ എന്താന്ന് കേട്ടുവരാം...' അവര്‍ മുറ്റത്തേക്കിറങ്ങി. ഞാന്‍ ജനാലയിലൂടെ പുറത്തേക്കു നോക്കി.. ഓട്ടോക്കാരന്‍ എന്തോ തിരക്കുള്ളതുപോലെ അസ്വസ്ഥതപ്പെട്ട്  നില്‍ക്കുകയാണ്. ഞാന്‍ പഴ്‌സു തുറന്ന് രൂപയെടുത്ത് 'പതിയെ അങ്ങോട്ടു നടന്നു.. മുറ്റത്തേക്കിറങ്ങാതെ വാതില്‍പ്പടിയില്‍ ചാരിനിന്നു. 

'കണ്ണേ... ഓട്ടോക്കാരന്...'

ബംഗാറമ്മ നിര്‍ത്തി  അവര്‍ക്കൊന്നും മനസ്സിലായില്ല. ഞാന്‍ രൂപ അവരെ ഏല്‍പ്പിച്ചു പിന്നെ മുരളീമോഹനെ നോക്കി. ശബ്ദം കേട്ടപ്പോള്‍ ഇതിലും പ്രായക്കുറവാണ് പ്രതീക്ഷിച്ചത്. ഇരുനിറം, കണ്ണട, അത്ര കട്ടിയില്ലാത്ത ഒതുങ്ങിയ മീശ, ഒരു ബുള്‍ഗാന്റെ അവശേഷിപ്പുകള്‍, അല്‍പ്പം നര പടര്‍ന്ന വെട്ടിയൊതുക്കിയ തലമുടി. അധികം പൊക്കമോ, വണ്ണമോ ഇല്ലാത്ത ഒതുങ്ങിയ സൗമ്യമായ പ്രകൃതം, നരച്ച ജീന്‍സും ഇളംമഞ്ഞ ജുബ്ബയും.

പണം കൈപ്പറ്റിയതും ഓട്ടോക്കാരന്‍ വന്ന വേഗത്തില്‍ തിരിച്ചുപോയി.

'വരൂ...'

ഞാനയാളെ മുറിയിലേക്കു ക്ഷണിച്ചു. ബംഗാറമ്മയ്ക്ക് അതിഷ്ടമായില്ല.അപരിചിതനായ ഒരാള്‍ സന്ധ്യാസമയത്ത്  അതും എന്റെ മുറിയ്ക്കുള്ളില്‍. അവര്‍ തന്റെ ചുവന്ന ചേലയാല്‍ കഴുത്തിലെ അഡ്ഡീലു മറയ്ക്കാന്‍ പണിപ്പെട്ടുകൊണ്ട് വിരസമായി അങ്ങുമിങ്ങും നോക്കിനിന്നു.

'ഇരിക്കൂ...'

ഞാനെന്റെ കിടക്കയിലിരുന്ന് ഒരു തലയണ മടിയിലെടുത്തുവെച്ചു. അയാള്‍ കസേരക്കു നോവരുതെന്നു കരുതിയെന്നോണം ഇരുന്നുകൊണ്ട്  അമ്പരപ്പോടെ എന്നെ നോക്കി.

'നിങ്ങള്‍... നിങ്ങള്‍ തന്നെയാണോ എന്നോടു സംസാരിച്ചത്?'

അയാളുടെ മുഖത്തേക്കു നോക്കാതെ ഞാന്‍ പറഞ്ഞു, 

'അതെ'.

'നിങ്ങള്‍ക്ക്.. നിങ്ങള്‍ക്കു സുഖമില്ലെന്നു പറഞ്ഞത്...?'

അയാള്‍ തെല്ല് ആശങ്കയോടെ എന്നെ വീക്ഷിച്ചു. ഒരു തട്ടിപ്പുകാരിയാണോ ഞാനെന്ന് അയാള്‍ സംശയിക്കുന്നുവെന്നത് എന്നെ രസിപ്പിച്ചു.

'എന്തേ ഒരു തട്ടിപ്പുകാരിയുടെ മുഖശാസ്ത്രമാണോ എന്റേത്? നോക്കൂ ഈ മരുന്നുകളെല്ലാം എന്റേതാണ്'- ഞാന്‍ എന്റെ ചുവരലമാര തുറന്ന് അയാളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഉറക്കെച്ചിരിച്ചു. അവിടെ അടുക്കിവെച്ചിരിക്കുന്ന മരുന്നുകളിലും സ്‌കാന്‍ റിസള്‍ട്ടുകളിലൂടെയുമൊക്കെ ഒരു നിമിഷം കണ്ണോടിച്ചതിനുശേഷം എന്റെ ചിരിയിലുലഞ്ഞ് അസ്വസ്ഥതയോടെ അയാള്‍ തല കുടഞ്ഞു.

'അതല്ല... എന്നിട്ടും ഇത്ര കൂളായിട്ട്..എങ്ങനെ പറ്റുന്നു?'

അപ്പോള്‍ ആ കണ്ണുകളില്‍ അതിശയമായിരുന്നു.

'പിന്നെ ഞാനെന്തു വേണമെന്നാണ്? പറയൂ... എല്ലാവര്‍ക്കും അനിവാര്യമായ ഒന്നല്ലേ ഇത്? പിന്നെ ഞാനെന്തിനു ഭയക്കണം? എനിക്കു പ്രണയമാണ് മരണത്തോട്. ഒടുങ്ങാത്ത പ്രണയം..'

............................................................................................................................................

അപ്പോള്‍ വരച്ചു പൂര്‍ത്തിയാക്കിയ ചിത്രവുമായി അയാളെന്റെ അരികില്‍   പച്ചവിരിയിട്ട കിടക്കയിലിരുന്നു.അയാളെന്നെ സൂക്ഷിച്ചുനോക്കി, മിന്നിത്തിളങ്ങുന്ന കണ്ണുകളോടെ...

Literature fest Manja kuthira  short story by Mini PC

അതുകേട്ട് ബംഗാറമ്മ തെല്ലു ഭീതിയോടെ മുറിവിട്ടു. എന്റെ കിളി പതിയെ ചിറകു കുടഞ്ഞു.  അയാളെന്നെ ആരാധനയോടെ നോക്കി. ഓരോ നിമിഷം കഴിയുന്തോറും അയാളുടെ കണ്ണുകളിലെ തിളക്കം കൂടിക്കൂടി വന്നുകൊണ്ടിരുന്നു. ബലമായി എന്റെ കണ്ണുകളെ പിന്‍വലിപ്പിച്ചുകൊണ്ട് ഞാനയാളെ ഓര്‍മിപ്പിച്ചു.

'സന്ധ്യ മയങ്ങുന്നു. എങ്ങോട്ടാണ് പോകേണ്ടത്? രൂപ മൂവായിരമോ നാലായിരമോ ഇവിടെ കാണും അതു മതിയാകുമോ?'

അതുകേട്ട് എനിക്ക് താക്കീതെന്നോണം ബംഗാറമ്മ വാതില്‍ക്കലെത്തി ഒന്നുരണ്ടു തവണ കൊക്കിക്കൊക്കി ചുമച്ചു. അതു മനസ്സിലാക്കി അയാള്‍ പറഞ്ഞു.

'നന്ദി... ഈ നല്ല മനസ്സിന്. എനിക്ക് ആ റീചാര്‍ജ്  തുക മതിയായിരുന്നു'.

ഞാന്‍ രൂപയ്ക്കായി പേഴ്‌സില്‍ പരതവെ മുറിയുടെ ഭിത്തികളില്‍ ഞാനൊട്ടിച്ചുവെച്ച പെയിന്റിങ്ങുകള്‍ സൂക്ഷ്മം വീക്ഷിച്ച് അയാള്‍ ചിരിച്ചു.

'കുട്ടികളാരോ വരച്ചതാവും ഇല്ലേ? പെര്‍ഫെക്ഷന്‍ കുറവാണ്.'

എനിക്കു വല്ലാതെ ചിരി വന്നുപോയി. ആ ചിരിക്കിടയില്‍ ഞാന്‍ പറഞ്ഞു.

'അതേ... ഒരു കുട്ടി.. ചിങ്കിയെന്നു വിളിപ്പേരുള്ള ഒരു കുസൃതിക്കുട്ടി.'

അയാള്‍ക്കതിലെ നര്‍മം പിടികിട്ടിയില്ല.

'ഉം! ശാസ്ത്രീയമായി പഠിക്കായ്കയുടെ പ്രശ്‌നങ്ങളുണ്ട്. കുട്ടിയെ പഠിപ്പിക്കണം. എങ്കിലും എങ്കിലും  എല്ലാറ്റിലും ഒരു നിഷ്‌ക്കളങ്കതയുണ്ട്.'

ആ വാക്കുകള്‍. 'എങ്കിലും എങ്കിലും... എല്ലാറ്റിലുമൊരു നിഷ്‌ക്കളങ്കതയുണ്ട്'.

ആ വാക്കുകളില്‍ എനിക്കയാള്‍ അപരിചിതനല്ലാതായി.

അയാള്‍ വീണ്ടും ആ വിളറിയ ചിത്രങ്ങളെ ശ്രദ്ധയോടെ നോക്കിനില്‍ക്കുകയും അവയില്‍ പറ്റിയ പൊടിപടലങ്ങള്‍ തന്റെ കൂര്‍ത്ത വിരലുകള്‍കൊണ്ട് തുടച്ചുമിനുക്കുകയും ചെയ്തു.ആ നേരം എന്റെ ഹൃദയം ആ കൈകളിലിരുന്ന് വിശുദ്ധീകരിക്കപ്പെടുമ്പോലെയാണ് എനിക്ക് തോന്നിയത്.

'ഇവിടെ ബ്രഷും ചായവുമിരിപ്പുണ്ടോ?'

അയാള്‍ ചിത്രങ്ങളില്‍നിന്ന് കണ്ണെടുത്തുകൊണ്ട് എന്തോ പെട്ടെന്ന് ഓര്‍ത്തെന്ന വിധം ചോദിച്ചു.

'ഉവ്വ്. ഈ മേശവലിപ്പില്‍ എല്ലാമുണ്ട്. ഏറിയാല്‍ അഞ്ചുമാസത്തെ പഴക്കമേ കാണൂ നിങ്ങള്‍ക്കു വേണോ? എടുത്തോളൂ'.

ഞാന്‍ പെട്ടെന്ന് ഉദാരമനസ്‌കയായി... അല്ല.. പെട്ടെന്നല്ല ഞാനെന്നും ഉദാരമനസ്‌ക്കയായിരുന്നല്ലോ.

'ചിലങ്കയ്ക്കറിയോ... ഈ രാത്രി എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു രാത്രിയായിരുന്നു. ഒരു മനോഹരചിത്രം പൂര്‍ത്തിയാക്കേണ്ടുന്ന രാത്രി. ഇന്നത്തെ യാത്രയില്‍ പണത്തോടൊപ്പം എനിക്കു നഷ്ടമായത് എന്റെ പ്രിയപ്പെട്ട ബ്രഷും ചായക്കൂട്ടുകളുമായിരുന്നു'.

അയാളുടെ സ്വരത്തില്‍ നിരാശ കലര്‍ന്നിരുന്നു.

'ഇവ മതിയാകുമെങ്കില്‍ എടുത്തോളൂ. മറ്റെന്തെങ്കിലും? ആവശ്യത്തിനു പണം? ഇതാ ഈ മാല ഞാന്‍ തരാം. പിന്നെന്തിനാണ് ഈ നിരാശ?'

അയാള്‍ നിരാശപ്പെടുന്നത് ഞാനിഷ്ടപ്പെട്ടില്ല. അയാള്‍ മാത്രമല്ല ആരും. അയാള്‍ ആ മേശവലിപ്പ് തുറന്ന് ചായങ്ങളിലേക്കു നോക്കി ഒരു നിമിഷം നിന്നു.

'പണം, ബ്രഷ്, ചായങ്ങള്‍  .. പക്ഷേ... ഇനിയെനിക്ക് ഈ വൈകിയ വേളയില്‍ ലക്ഷ്യമെത്താനാകുമെന്ന് തോന്നുന്നില്ല. ഏതെങ്കിലുമൊരു ലോഡ്ജ്മുറിയില്‍ വെച്ച് എനിക്കാ ചിത്രം വരയ്ക്കാനാവില്ലെന്ന് എന്റെ മനസ്സു പറയുന്നു. ഈ രാത്രി... ഇന്നത്തെ ഈ രാത്രി ഈ വീട്ടിലെ ഒരു മുറി എനിക്കു തരുമെങ്കില്‍...'

അയാളുടെ കണ്ണുകള്‍ എന്നോട് യാചിക്കുന്നത് എനിക്കു സഹിക്കാനായില്ല. എനിക്കൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ഒന്നും. ഇത് ഒരു നിയോഗമായിരിക്കാം.. ഇയാളോടൊത്തുള്ള ഈ രാത്രിയും.

'രാത്രി ഉറങ്ങാതിരുന്ന് ചിത്രം വരയ്ക്കാനാണെങ്കില്‍ ഈ മുറിയായാലോ?' എനിക്കും അത് ആസ്വദിക്കാമല്ലോ.ബുദ്ധിമുട്ടാവുമെങ്കില്‍ വേറെ മുറി തെരഞ്ഞെടുത്തോളൂ'.
എന്റെ മനസ്സങ്ങനെയാണ് എന്നെ പറയിച്ചത്.

അവിശ്വസനീയതയോടെ അയാള്‍ ഒരു നിമിഷം നിന്നു. പിന്നെ സ്വയം ഒരു പരിചയപ്പെടുത്തലിന് മുതിര്‍ന്നു. ഞാന്‍ തടഞ്ഞില്ല. അയാള്‍ ആരെന്ന് എനിക്കറിയണമെന്നുണ്ടായിരുന്നില്ല പക്ഷേ അയാള്‍ക്കെന്നെ വിശ്വസിപ്പിക്കണമായിരുന്നു,ഒരു അപരിചിതനെയല്ല ഞാനിവിടെ താമസിപ്പിക്കുന്നതെന്ന്.

'എന്റെ പേര് മുരളീമോഹന്‍. ഒരു ആര്‍ട്ടിസ്റ്റാണ്. വീട് അങ്ങനെയൊന്നില്ല. താമസം കൊച്ചിയിലെ ഒരു ഫ്‌ളാറ്റിലാണ്, വിഭാര്യന്‍.'

'മുരളീ മോഹന്‍.... ഞാന്‍ കേട്ടിട്ടുണ്ട്. അത് നിങ്ങളാണെന്ന്...?'

ഞാന്‍ അതിശയിച്ചു. പിന്നീട്അല്‍പ്പനേരത്തേയ്ക്ക്  അയാളൊന്നും പറഞ്ഞില്ല. ഞാന്‍ പ്രതീക്ഷിച്ചുമില്ല.

സന്ധ്യ എന്റെ ജനാലകളില്‍നിന്നും ഉമ്മറത്തുനിന്നും തൊടിയില്‍നിന്നും ദൂരേയ്ക്ക്... ദൂരേയ്ക്കു പോയിത്തുടങ്ങിയിരുന്നു. എന്റെ കിളി പതിവില്ലാതെ നിശ്ശബ്ദയാവുകയും ബംഗാറമ്മ അത്താഴമൊരുക്കാന്‍ പോവുകയും ചെയ്തപ്പോള്‍ കുളി കഴിഞ്ഞ് മാധവനായി ഇക്കഴിഞ്ഞ പിറന്നാളിന് ഞാന്‍ വാങ്ങിവെച്ച കസവുമുണ്ടും ചന്ദനനിറത്തിലുള്ള ജുബ്ബയുമണിഞ്ഞ് അയാളെന്റെ കട്ടിലിനരികെ കസേരയിട്ടിരുന്നു.അന്ന് ആ സമ്മാനം വാങ്ങാന്‍ മാധവനു വരാനായില്ല. എന്തെന്ന് ഞാന്‍ ചോദിച്ചുമില്ല. പക്ഷേ ഇയാള്‍ക്ക് എങ്ങനെ ഇത് ഇത്രയധികം അനുയോജ്യമായി. ഇതും ഒരു നിമിത്തമാവാം. അയാള്‍ പതിയെ മുരടനക്കി. എന്തൊക്കെയോ ചോദിക്കാനുള്ള പുറപ്പാടാണ്. ആ കണ്ണുകള്‍ കണ്ടാലറിയാം.

'ചോദിക്ക്... ചോദിക്ക്...' എന്തിനെന്നറിയാതെ  ഹൃദയം ആര്‍ദ്രമായി. അപ്പോള്‍ മാധവനെ ഓര്‍മിപ്പിച്ചുകൊണ്ട് സെല്‍ഫോണ്‍ അതു പാടി. .

'വടക്കുംനാഥന് സുപ്രഭാതം പാടും
വണ്ണാത്തിക്കുരുവികള്‍ ഞങ്ങള്‍...'

മനഃപൂര്‍വമാണ് ഈ ഭക്തിഗാനം. മാധവന്‍ വിളിക്കുമ്പോള്‍ ലൗകികമായൊന്നും തോന്നാതിരിക്കാന്‍.

'ഭര്‍ത്താവാണ്,' കാള്‍ റിസീവ് ചെയ്യുംമുമ്പെ അയാളോടു പറഞ്ഞു. പെട്ടെന്ന് അവിടെനിന്ന് എഴുന്നേറ്റുമാറാന്‍ തുനിഞ്ഞ അയാളെ ഞാന്‍ തടഞ്ഞു.
'അരുത്. ഇവിടെ ഇരിക്കൂ.' അയാള്‍ പുഞ്ചിരിയോടെ അവിടെത്തന്നെ ഇരുന്നു. ഞാന്‍ ആശ്വാസത്തോടെ ലൗഡ് സ്പീക്കറിലിട്ടു. അസുഖം വന്നതിനുശേഷം ഞാനിങ്ങനെയാണ് ചെയ്യാറ്. അല്ലെങ്കില്‍ കാതില്‍ വലിയ ഇരമ്പമാണ്. അത് പതിയെ പതിയെ തലച്ചോറിലേക്കു പടര്‍ന്ന് കുത്തുന്ന വേദനയിലേക്ക് കൊണ്ടെത്തിക്കും.

'ആ.... എന്താ ചെയ്യണേ കിടപ്പായിരുന്നോ?'

മാധവന്റെ മുഴക്കമുള്ള സ്വരം.

'ഏയ്... എണീറ്റിരിക്ക്യായിരുന്നു.'

ഞാന്‍ ഉത്സാഹത്തോടെ ചിരിച്ചു.

'ഉം! ഈ ശനിയാഴ്ച്ചയല്ലേ ചെക്കപ്പിന് പോകേണ്ടത്? അന്നുകാലത്ത് എത്താം. വേറെ വിശേഷോന്നൂല്ലല്ലോ.പിന്നെ വിളിയ്ക്കാട്ടോ'.

മാധവന്‍  ഇങ്ങനെയാണ് ഫോണിലൂടെ മിതമായേ സംസാരിക്കൂ.

'ശരി, ഗുഡ്നൈറ്റ്.'

ഞാനും അവസാനിപ്പിച്ചു. ഈയിടെയായി എനിക്ക് അത്ഭുതം തോന്നാറുണ്ട്, എത്ര ഈസിയായാണ് എനിക്കെല്ലാവരോടും സംസാരിക്കാനാവുന്നത്. അവനെ ഞാന്‍ പ്രണയിച്ചു തുടങ്ങിയതിനു ശേഷമാണ് ഈ മാറ്റം. എനിക്കിപ്പോള്‍ ആരുടെയും സഹതാപം വേണ്ട, സ്‌നേഹം വേണ്ട, സാന്ത്വനം വേണ്ട...

'എന്തേ എന്നെക്കുറിച്ച് സൂചിപ്പിക്കാതിരുന്നത്?'

മുരളീമേനോന്‍ കുസൃതിച്ചിരിയോടെ തിരക്കി. ഞാനും അതേക്കുറിച്ച് അപ്പോഴാണ് ഓര്‍ത്തത്.

'അയ്യോ.... മറന്നുപോയി.' എന്റെ മറുപടി കേട്ട് അയാള്‍ ചിരിക്കവെ, എന്റെ കിളി ഒന്നു പിടഞ്ഞുവോ? ആ നേരിയ പിടച്ചില്‍പോലും അയാള്‍ തിരിച്ചറിഞ്ഞുവെന്നത് വീണ്ടും എന്നെ അത്ഭുതപ്പെടുത്തി. അയാള്‍ പതിയെ കര്‍ട്ടന്‍ വകഞ്ഞൊതുക്കി. എന്റെ കിളിയെ അലോസരപ്പെടുത്താതെ അതിനോട് കൊഞ്ചി. എനിക്ക് സന്തോഷം തോന്നി. എന്നത്തേക്കാളുമധികം.

ഞങ്ങളൊരുമിച്ചാണ് അത്താഴം കഴിച്ചത്.

ആറു മാസങ്ങള്‍ക്കിപ്പുറമാണ് എന്നോടൊപ്പം അത്താഴത്തിന് ഒരാള്‍. അതും തീന്‍മേശയിലിരുന്ന്. ഇടയ്ക്ക് ബംഗാറമ്മയെ ക്ഷണിച്ചാലും അവര്‍ വരാറില്ല. കീമോ ആരംഭിച്ചതിനുശേഷം ചില മണങ്ങള്‍ എനിക്ക് അസഹനീയമാണ്. അവര്‍ക്കാണെങ്കില്‍ അല്‍പ്പം മാംസം നിര്‍ബന്ധവുമാണ്. എങ്കിലും ഞാന്‍ അഡ്ജസ്റ്റ് ചെയ്യുമായിരുന്നു എന്നാലും അവര്‍ വരാറില്ല. അത്താഴത്തിന് സാമ്പാറും കായ മെഴുക്കുപുരട്ടിയും കരിനെല്ലിക്കയുമായിരുന്നു. ബംഗാറമ്മ ഒരുക്കിയത്. ഞാന്‍ കഴിക്കുന്നതുതന്നെ മതിയെന്ന് അയാള്‍ തീര്‍ത്തുപറഞ്ഞതുകൊണ്ട് ബംഗാറമ്മ തയ്യാറാക്കിയ സ്‌പെഷ്യല്‍ വെറുതെയായി. തീന്‍മേശയില്‍,

'ഇതു കുറച്ചുകൂടി കഴിയ്ക്കൂ.'

'ഇത്  തരട്ടെ?'

'ഇതു വേണോ?'

എന്നൊക്കെ ചോദിച്ച് ഒരു ആതിഥേയനെപ്പോലെ അയാളെന്നെ മോഹിപ്പിച്ചുകൊണ്ടിരുന്നു.

അത്താഴശേഷം വീണ്ടും അയാള്‍ എനിക്കരുകില്‍ വന്നിരുന്നു. മുറിയുടെ ഒരു മൂലയില്‍ പിറ്റേന്നത്തേയ്ക്കുള്ള അവിയലിനുള്ള കഷ്ണങ്ങള്‍ ഒരുക്കിക്കൊണ്ട് ബംഗാറമ്മയും. ഞങ്ങള്‍ മൂവരും കുറേനേരം ഒന്നും സംസാരിച്ചില്ല. എങ്കിലും മൂവര്‍ക്കുമിടയിലെ അപരിചിതത്വം മാറിയിരുന്നു ബംഗാറമ്മയുടെ ഭയപ്പാടും. ഇടയ്ക്ക് കിളിയുടെ തട്ടലും മുട്ടലും ഒടുവില്‍ കിളിക്കൂടും കണ്ട്  ബംഗാറമ്മ അതിശയത്തോടെ വായ പൊളിക്കുകയും

'കണ്ണേ... ഇന്ത ചകിരിക്കൂട്... പക്ഷിപ്പനി... ഇന്‍ഫെക്ഷന്‍'.

എന്നൊക്കെ സൂചിപ്പിക്കുകയും ചെയ്തു.

'അതു സാരമില്ല ബംഗാറമ്മേ... ഇന്‍ഫെക്ഷന്‍ പോകട്ടെ. ചിലങ്കേടെ സന്തോഷമാ അത്'. അയാള്‍ പറഞ്ഞപ്പോള്‍ അവര്‍ അത് അംഗീകരിക്കാനാവാതെ വൈമനസ്യത്തോടെ ചിരിച്ചു. പിന്നെ കഴിക്കാനുള്ള മരുന്നുകളെടുത്തുവെച്ച് ഉറങ്ങാന്‍ പോയി.

രാവുപോലും എത്ര സൗന്ദര്യത്തോടെയാണ് അരിച്ചെത്തുന്നതും ഞങ്ങളെ പൊതിയുന്നതുമെന്ന്  ഞാന്‍ ആഹ്ലാദത്തോടെ കണ്ടു. ഞങ്ങള്‍  രസകരമായി ജീവിതകഥകള്‍ പങ്കുവെയ്ക്കുകയും വീഴ്ചകളും വേദനകളും കുട്ടികളെപ്പോലെ ആഘോഷമാക്കുകയും ചെയ്തു. ജീവിതത്തില്‍ ഏറ്റവും വിരസത തോന്നിയിട്ടുള്ളത് മറ്റുള്ളവരുടെ ആല്‍ബം കാണാന്‍ നിര്‍ബന്ധിക്കുമ്പോഴായിരുന്നു. പക്ഷെ... ഇവിടെ എന്റെ അലമാരയ്ക്കുള്ളില്‍ നിന്നും അവ കണ്ടെടുത്ത് അയാളാസ്വദിക്കുന്നത് വേറിട്ട ഒരനുഭവമായി.അയാള്‍ ആല്‍ബം തിരികെ അലമാരയില്‍ വയ്ക്കുകയും എന്റെ വിശാലമായ മേശപ്പുറം വരയ്ക്കായി ഒരുക്കുകയും ചെയ്യുന്നതിനിടെ  കണ്ണന്‍ വിളിച്ചു.  

'എന്നെക്കുറിച്ച് മക്കളോട് പറയണേ'  അയാള്‍ ഓര്‍മിപ്പിച്ചു.

'ചിങ്കീ...' കണ്ണന്റെ ദീനസ്വരം.

ഞാന്‍ സെല്‍ഫോണ്‍ നെഞ്ചിലേക്കു ചേര്‍ത്തുവെച്ചു. അവനെന്നോട് ചേര്‍ന്നിരിക്കുകയാണ്  എന്റെ  നെഞ്ചോടു ചേര്‍ന്ന്...അവന്റെ വിളിയില്‍ ഒരനാഥന്റെ നിരാശയുണ്ടായിരുന്നു.

'ചിങ്കീ... ഞങ്ങള്‍ക്കു ചിങ്കിയെ കാണണം.... മതി ഈ റിസേര്‍ച്ച്... മടുത്തു...'

മുതിരാത്ത കൊച്ചുകുഞ്ഞിനെപ്പോലെ അവന്‍ തേങ്ങി  കടലോളം... അല്ല മാനത്തോളം സങ്കടമുണ്ട്... മക്കളല്ലേ. പക്ഷേ... ഈ ശൂന്യത അവര്‍ അതിജീവിച്ചേ മതിയാവൂ. ഞാന്‍ ഉറക്കെ ചിരിച്ചു. അവന്‍ ഞെട്ടിയിരിക്കണം. പരിഭ്രമത്തോടെ അവന്‍ ചോദിച്ചു.

'ചിങ്കീ... എന്തേ പറ്റീത്?'

'എടാ ചെക്കാ... നിനക്കു കോമണ്‍സെന്‍സെന്നു പറയുന്ന സാധനം തീരെയില്ല. ഉള്ളകാലം നല്ല തമാശകളൊക്കെ പറഞ്ഞ് എന്നെ സന്തോഷിപ്പിക്കേണ്ട ആളുകളാ സെന്റിയടിപ്പിച്ച് കൊല്ലാക്കൊല ചെയ്യുന്നത്. നീയറിഞ്ഞോ ഇന്നിവിടെ വല്ല്യൊരു സംഭവമുണ്ടായി. ഒരു വിഐപി ഇവിടെ എത്തിപ്പെട്ടിട്ടുണ്ട്....'
ഞാന്‍ സംഭവിച്ച കാര്യങ്ങള്‍ വിവരിച്ചു പറയെ അവന്റെ സങ്കടം പതിയെപ്പതിയെ ചിരിയിലേക്കു വഴിമാറി. ഒടുവില്‍, 'ഇത് ചീങ്കീടെ ഇല്യൂഷനാണോ, ഇന്‍ട്യൂഷനാണോ? ഈ ചീങ്കീടെ ഒരു കാര്യം. നാളെ ഉണ്ണി വിളിയ്ക്കൂട്ടോ, ഗുഡ്‌നൈറ്റ്.. സ്വീറ്റ് ഡ്രീംസ്'.

അവന്‍ ചിരിയോടെ സംഭാഷണമവസാനിപ്പിക്കെ ഞാന്‍ ഉള്ളില്‍ പറഞ്ഞു.

'അവന്‍ വിശ്വസിച്ചിട്ടില്ല... പണ്ടും ഞാന്‍ പറയുന്നത് മുഴുവന്‍ അവര്‍ വിശ്വസിക്കില്ല. കാരണം എന്തും ഉള്ളതിന്റെ മൂന്നിരട്ടി ഭാവന ചേര്‍ത്തെ ഞാന്‍ പറയുള്ളുവത്രെ'. 

ഞാന്‍ അയാളെ നോക്കി. അയാള്‍ വരയ്ക്കുകയാണ്. രാവ് ഒരു വാനമ്പാടിയുടെ പാട്ടില്‍ മുങ്ങി  നിലാവിന്റെ കുത്തൊഴുക്കോടെ ഞങ്ങള്‍ക്ക് ചുറ്റിലും നിറഞ്ഞു. അയാളുടെ വിരലുകള്‍, നീണ്ടുകൂര്‍ത്ത വിരലുകള്‍ എന്നെയും  പച്ചവിരിയിട്ട കിടക്കയേയും എന്റെ  കിളിയേയും സ്വപ്നങ്ങളേയും ചാലിച്ചുകൊണ്ടിരിക്കെ വിദൂരതയിലെങ്ങോ നിന്ന്  എന്റെയരികിലേയ്ക്ക് അതിവേഗം  പാഞ്ഞടുക്കുന്ന  മഞ്ഞക്കുതിരയുടെ കുളമ്പടിയൊച്ച  ഞാന്‍ കേട്ടു.

അപ്പോള്‍ വരച്ചു പൂര്‍ത്തിയാക്കിയ ചിത്രവുമായി അയാളെന്റെ അരികില്‍   പച്ചവിരിയിട്ട കിടക്കയിലിരുന്നു.അയാളെന്നെ സൂക്ഷിച്ചുനോക്കി, മിന്നിത്തിളങ്ങുന്ന കണ്ണുകളോടെ... അയാള്‍ക്കപ്പോള്‍ നിറയെ കണ്ണുകളായിരുന്നു  ആറുനൂറായിരം കണ്ണുകള്‍! ഈ കണ്ണുകള്‍... ഈ കണ്ണുകള്‍?

 ഒടുവില്‍ ഞാനവ തിരഞ്ഞുപിടിച്ചു...അതെ എന്റെ പ്രിയന്റെ കണ്ണുകള്‍! അവന്‍ കൂര്‍ത്തു മൃദുവായ വിരലുകളാല്‍ എന്റെറ കവിളുകള്‍ തലോടി, നെറുകയില്‍ അലിവോടെ ചുംബിച്ചു  ഒടുവില്‍ പ്രേമപൂര്‍വം എന്നെ കോരിയെടുത്ത് ചിനപ്പോടെ വന്നുനിന്ന മഞ്ഞക്കുതിരപ്പുറത്ത് അവനോടു  ചേര്‍ത്തിരുത്തി. അപ്പോള്‍ അവന്റെ ഊഷ്മളമായ നിശ്വാസങ്ങള്‍ എന്നോടു  ചോദിച്ചു.

'നിനക്കിപ്പോള്‍ പേടിയുണ്ടോ?'

'എന്തിന്?'

ഞാനവന്റെ നെഞ്ചിലേക്ക് കൂടുതല്‍ കൂടുതല്‍ ചേര്‍ന്നിരുന്നു. അവന്‍ എന്നെ അവനിലേയ്ക്ക് ചേര്‍ത്തുപിടിയ്‌ക്കെ സെഡേറ്റീവ്‌സിന്റേയും പെയിന്‍ കില്ലറുകളുടെയും രൂക്ഷഗന്ധത്തില്‍നിന്ന്...പച്ചവിരിയുള്ള ആ കിടക്കയില്‍നിന്ന്... ഞങ്ങളേയും വഹിച്ച് ആ മഞ്ഞക്കുതിര കുതിച്ചുപാഞ്ഞു.

ആ കുളമ്പടിയൊച്ചയില്‍പ്പെട്ട് എന്റെ സ്വപ്നങ്ങളിലെ അത്തികള്‍ തളിര്‍ക്കുകയും സങ്കല്‍പ്പങ്ങളിലെ മാപ്പിള്‍ തോട്ടങ്ങള്‍ പൂവണിയുകയും ചെയ്തു.

 

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

Latest Videos
Follow Us:
Download App:
  • android
  • ios