മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

ഹിന്ദിയിലെ ജനപ്രിയ കഥാകൃത്ത് ജംഷദ് ഖമര്‍ സിദ്ദിഖിയുടെ കഥ. പീലെ ഗുലാബ്. വിവര്‍ത്തനം: ബാബു രാമചന്ദ്രന്‍ 

literature fest Hindi Short story Peeli Gulab by Jamshed Qamar Siddiqui

നനഞ്ഞ കണ്ണുകളോടെ അവള്‍ എന്തോ പറയാനായി വാ തുറന്നു. അവള്‍ പറഞ്ഞു തുടങ്ങും മുമ്പ് ഞാന്‍ പറഞ്ഞു.. 'സോറി വിശാഖാ.. എന്നോട് ക്ഷമിക്കണം.. ' ഞങ്ങള്‍ കെട്ടിപ്പിടിച്ച് ഒരുപാടുനേരം കരഞ്ഞു.. കണ്ണുനീരിന്റെ പെരുമഴയില്‍ എല്ലാ തെറ്റിദ്ധാരണകളും ഒഴുകിപ്പോയി.. എനിക്കുണ്ടായിരുന്ന അതേ പരാതികളൊക്കെത്തന്നെ അവള്‍ക്കും ഉണ്ടായിരുന്നു. അവള്‍ക്ക് ശരിക്കും ചെന്നൈ പോവാനുള്ള ഒരു പദ്ധതിയും ഇല്ലായിരുന്നു. എനിക്കുവേണ്ടി ഒരു 'സര്‍പ്രൈസ് ബര്‍ത്ത് ഡേ പാര്‍ട്ടി' പ്ലാന്‍ ചെയ്യുകയായിരുന്നു അവള്‍.. മുമ്പെന്നത്തേക്കാളും അടുപ്പത്തോടെ അന്ന് ഞങ്ങള്‍ പരസ്പരം കെട്ടിപ്പിടിച്ചു.. എന്റെ ഹൃദയം അവളുടെ നെഞ്ചിലിരുന്നു മിടിച്ചു.. അവളുടേത് എന്റെ നെഞ്ചിലും.. അന്ന് ഞങ്ങള്‍ പരസ്പരം വാക്കുകൊടുത്തു, നല്ല ഭാര്യയും ഭര്‍ത്താവും ആയില്ലെങ്കിലും, നല്ല സുഹൃത്തുക്കളായിരിക്കും എന്നും..

literature fest Hindi Short story Peeli Gulab by Jamshed Qamar Siddiqui

ഒരുപാട് നാളുകള്‍ക്കു ശേഷം നമ്മളേതെങ്കിലും നഗരത്തിലേക്ക് തിരികെച്ചെല്ലുമ്പോള്‍, ആ നഗരത്തിന്റെ ഓരോ മുക്കിനും മൂലയ്ക്കും നമ്മളോട് പഴയ പല കഥകളും പറയാനുണ്ടാവും. ഞാനും തിരിച്ചു ചെല്ലുകയാണിന്ന് ഷിംലയിലേക്ക്. ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം. സുന്ദരമായ കാലാവസ്ഥ. മഴപെയ്തു തോര്‍ന്നതേയുള്ളൂ. അതുകൊണ്ടു തന്നെ മാള്‍ റോഡില്‍ ഇന്ന് പതിവില്‍ക്കവിഞ്ഞ തണുപ്പുണ്ട്. നിരത്തിനിരുവശവും പുതിയ ചായക്കടകളും മോമോസിന്റെ തട്ടുകടകളും പൊന്തിവന്നിട്ടുണ്ട്.. എന്താ അവിടത്തെ തിരക്ക്.. മുമ്പൊന്നും ഇത്ര തിരക്കുണ്ടാവില്ലായിരുന്നു. ഷിംല ഒരുപാട് മാറിയിട്ടുണ്ട്.. ഞാന്‍ ജനിച്ചതും, വളര്‍ന്നതും ഇവിടാണ്. കുട്ടിക്കാലത്തെ ആദ്യ കളിക്കൂട്ടുകാര്‍ ഇവിടത്തുകാരായിരുന്നു. എനിക്ക് ബോധമുറച്ചത് ഇവിടെവെച്ചാണ്. ബോധം നഷ്ടമായതും.. 

ജോലിയുടെ ആവശ്യത്തിനായി ദില്ലിയിലേക്ക് പറിച്ചുനട്ടിട്ടിപ്പോള്‍ കൊല്ലം ഏഴുകഴിഞ്ഞു. കാലത്തിന്റെ ഓട്ടപ്പാച്ചിലില്‍, നിത്യം നമ്മുടെ ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കുന്നുണ്ട് അല്ലെ..? എന്നിട്ടും, നമുക്ക് ഒന്നും പറയാന്‍ കാണില്ല.. എനിക്കും,  ഏഴു വര്‍ഷങ്ങള്‍ പിന്നില്‍ വിട്ടു വന്നിട്ടും, എനിക്കീ നഗരത്തോട് പറയാനായിട്ട് വിശേഷിച്ചൊന്നുമില്ല..! കാലത്തിനൊത്ത് ഞാനും ഒരുപാട് മാറിയിട്ടുണ്ടെന്നതൊഴിച്ച്.

ദാ.. അവിടെകാണുന്ന ആ പൂക്കടയില്ലേ.. ആ ലൈറ്റ് കത്തുന്നിടം.. അവിടെ തുരുമ്പുപിടിച്ച ഒരു തകരബോര്‍ഡിനു  മുകളില്‍ 'ഓം ഫ്‌ലോറിസ്റ്റ്' എന്നെഴുതിവെച്ചിട്ടുണ്ട്.. അത്ഭുതം തന്നെ.. അതിപ്പോഴും അതുപോലെത്തന്നുണ്ട്. നോക്കൂ.. ഗ്ലാഡിയോലസും, ലിലിയും, ട്യൂലിപ്പും പൂക്കള്‍ ഒരുക്കിവെച്ചിരിക്കുന്ന ആ കടയ്ക്കുമുന്നില്‍ ഒരു ചെറിയൊരു ടിന്‍ ഷീറ്റിട്ടുണ്ട്, അതിന്റെ മുകളില്‍ ഒരു ഹോള്‍ഡറില്‍ ബള്‍ബ് വെളിച്ചം വീശുന്നു.. അന്നത്തെപ്പോലെ തന്നെ ഇന്നും. എനിക്ക് തോന്നുന്നത് ഷിംലയില്‍ കാലത്തിന് ഒട്ടും മാറ്റാനാവാഞ്ഞത്, ഈയൊരു സ്ഥലം മാത്രമാണെന്നാണ്.. ഇവിടെ നിന്നാണ്, പണ്ട് ഞാന്‍ സ്ഥിരമായി വിശാഖയ്ക്കു വേണ്ടി മഞ്ഞ റോസാപ്പൂക്കള്‍ വാങ്ങിയിരുന്നത്. വിശാഖ..? ഈ നഗരം എനിക്കു തന്നതില്‍ ഒരിക്കലും മറക്കാനാവാത്ത ഒന്നാണ് വിശാഖയും. ഇവിടെവെച്ചാണ് ഞാന്‍ അവളെ ആദ്യമായി കണ്ടുമുട്ടുന്നത്. ഞങ്ങള്‍ തമ്മില്‍ സ്‌നേഹത്തിലാവുന്നത്...

പൂക്കട, എന്നെ വീണ്ടുമാ പഴയകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.. വിശാഖയെ ആദ്യമായി കണ്ടുമുട്ടിയ ആ പ്രഭാതം ഞാന്‍ വീണ്ടുമോര്‍ത്തു. ഒരു തണുത്ത വെളുപ്പാന്‍ കാലം. അന്ന്, എഞ്ചിനീയറിങ് കോളേജില്‍ ഞങ്ങളുടെ കൗണ്‍സിലിംഗ് നടക്കുന്ന ദിവസമായിരുന്നു. ഞാനൊരു ബ്രൗണ്‍ നിറത്തിലുള്ള കോളറില്ലാത്ത ഒരു സ്വെറ്ററാണ് ഇട്ടിരുന്നത്.  ഓഫീസ് മുറിക്കു പുറത്തെ ലോബിയില്‍ ബാക്കിയുള്ളവര്‍ക്കൊപ്പം ഞാനും എന്റെ ഊഴം കാത്തിരിക്കുകയായിരുന്നു. എല്ലാവരുടെ മുഖങ്ങളില്‍ വല്ലാത്തൊരു ആകാംക്ഷ നിറഞ്ഞിരുന്നു. എന്നാല്‍ കൂട്ടത്തില്‍ ഒരു പെണ്‍കുട്ടി മാത്രം, ഇതൊന്നും തന്നെ ബാധിക്കുന്നതല്ലെന്ന മട്ടില്‍ മിണ്ടാതെ ഇരിപ്പുണ്ടായിരുന്നു. മഞ്ഞ പുള്ളോവറിട്ട ആ പെണ്‍കുട്ടിയെ ഒരു ഉത്കണ്ഠയും അലട്ടിയിരുന്നതായി തോന്നിയില്ല. അവള്‍ തന്റെ ഡയറിയുടെ പിന്നിലെ പേജില്‍ കുനുകുനാ എന്തോ കുത്തിക്കുറിച്ചുകൊണ്ടിരുന്നു. അവിടെ കൂടിയിരുന്ന ഞങ്ങളില്‍ നിന്നും അവളെ വേര്‍തിരിക്കുന്ന എന്തോ ഒരു പ്രത്യേകത അവളിലുണ്ടായിരുന്നു. 'വിശാഖാ സോംവംശി..' കൗണ്‍സിലിംഗ് റൂമില്‍ നിന്നും അവളുടെ പേര് വിളിച്ചതും കസേരയില്‍ നിന്നും എണീറ്റ് അവള്‍ ഉള്ളിലേക്ക് പോയി. ആദ്യ ദര്‍ശനത്തില്‍ തന്നെ, അവളുമായി ഏതുവിധേനയും സൗഹൃദം സ്ഥാപിക്കണമെന്ന് ഞാനുറപ്പിച്ചിരുന്നു. അതാണെങ്കില്‍, ഞാന്‍ കരുതിയിരുന്നത്ര കഠിനവുമായിരുന്നില്ല.

അടുക്കാന്‍ ആദ്യമൊക്കെ വിമുഖത കാട്ടുന്ന, എന്നാല്‍ ഒരിക്കലടുത്താല്‍, പിന്നെ ചെല്ലുന്നിടത്തെല്ലാം പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടിയായിരുന്നു   വിശാഖ . ഞാനും അവളും തുടക്കം മുതലേ ഒരേ ഗ്രൂപ്പില്‍ത്തന്നെ ആയിരുന്നെങ്കിലും, അധികം വൈകാതെ ഞങ്ങള്‍ വളരെ അടുപ്പമുള്ള സ്‌നേഹിതരും കൂടി ആയി മാറി. ഞങ്ങള്‍ ഇടയ്ക്കിടെ കാന്റീനില്‍ പോയി ചൂട് ന്യൂസില്‍സ് കഴിക്കും.. പാട്ടുകള്‍ പാടും.. ഞങ്ങള്‍ തിരഞ്ഞുപിടിച്ച് പഴയ പാട്ടുകള്‍ പാടുന്നത് കേള്‍ക്കുമ്പോള്‍ കൂടെയുള്ളവര്‍ക്ക് കലി വരും.. 'രമയ്യാ വസ്താവയ്യാ..' ഞങ്ങള്‍ മേശമേല്‍ കൊട്ടിക്കൊണ്ട് പാടുന്നത് കേള്‍ക്കുമ്പോള്‍ കാന്റീന്‍ നടത്തുന്ന ഖാന്‍ ചാച്ച പോലും ചിരിച്ചുപോവും..

ഒരിക്കല്‍ കാമ്പസിലൂടെ ചുറ്റിനടക്കുന്നതിനിടെ ഞാന്‍ വിശാഖയോട് ചോദിച്ചു..'മോളെ വിശാഖേ.. നിനക്ക് മഞ്ഞയില്‍ ആരാണപ്പാ കൈവിഷം തന്നേ..? മഞ്ഞ ബാഗ്, മഞ്ഞ റുമാല്‍, മഞ്ഞപ്പേന.. '

അവള്‍ പറഞ്ഞു, ' അതിനിപ്പോ എന്താ.. എനിക്കിഷ്ടണ് മഞ്ഞ.. സൗഹൃദത്തിന്റെ നിറമല്ലേ അത്.. എനിക്കിഷ്ടാ.. അത്ര തന്നെ..'

'എന്നാപ്പിന്നെ നമുക്കിനി കാന്റീനില്‍ പാട്ടു പാടുമ്പോ, 'പീലെ പീലെ അംബര്‍ പര്‍.., ചാന്ദ് ജബ് ആയേ.' എന്നാക്കാം വരികള്‍..' ഞാനവളെ പിരി കേറ്റാന്‍ വേണ്ടി പറഞ്ഞു, ചിരി തുടങ്ങിയപ്പോള്‍ അവള്‍ കൊഞ്ഞനം കുത്തിക്കൊണ്ടു തിരിച്ചടിച്ചു, 'ബാഡ് ജോക്ക് നമ്പര്‍ 46..'

വിശാഖയുടെ സെന്‍സ് ഓഫ് ഹ്യൂമര്‍ അപാരമായിരുന്നു.. അന്നൊക്കെ ഞാന്‍ ഇന്നത്തത്ര അറുബോറനും അരസികനും ഒന്നുമല്ലായിരുന്നു. അതുകൊണ്ട്, ഞങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പരസ്പരം ഏറെയടുത്തു. ഫ്രണ്ട്ഷിപ്പില്‍ തുടങ്ങി,  കുറച്ചധികം ദൂരം ഒന്നിച്ചു നടന്നുപോയിരുന്ന ഞങ്ങള്‍ ഒന്നിച്ചുള്ള ഭാവി ജീവിതം വരെ പ്ലാന്‍ ചെയ്യാന്‍ തുടങ്ങി. ഞങ്ങള്‍ക്കിടയിലെ അകലം ദിവസം ചെല്ലുന്തോറും കുറഞ്ഞുകുറഞ്ഞുവന്നു. സഹപാഠികള്‍ ഞങ്ങളെ 'കപ്പിള്‍സ്' എന്നുവിളിച്ച് കളിയാക്കാന്‍ തുടങ്ങി. അവള്‍ക്കതൊന്നും ഒരു പ്രശ്‌നമേ അല്ലായിരുന്നു. ഞാന്‍ ഇടയ്ക്കിടെ നാണം അഭിനയിക്കും.. മറ്റൊന്നിനുമല്ല, സ്‌നേഹിതര്‍ വീണ്ടും വീണ്ടും ഞങ്ങളെച്ചേര്‍ത്ത് കളിയാക്കാന്‍.

ഈ കാലത്തിന്റെ ഒരു വിശേഷം, നല്ലതായാലും മോശമായാലും അത് കഴിഞ്ഞുപോവും എന്നുള്ളതാണ്..കോളേജിലെ മൂന്നുവര്‍ഷം എത്ര പെട്ടെന്ന് കഴിഞ്ഞുപോയി എന്ന് ഞങ്ങളറിഞ്ഞുപോലുമില്ല. പഠിത്തം കഴിഞ്ഞതോടെ  ഞാനും വിശാഖയും ഒന്നിച്ചൊരു ജീവിതം കരുപ്പിടിപ്പിക്കാന്‍ തീരുമാനിച്ചു.  രണ്ടുപേര്‍ക്കും  ഷിംലയില്‍ തന്നെ ജോലിയും കിട്ടി. വാരാന്ത്യങ്ങളില്‍ ഞങ്ങള്‍ ചിലപ്പോള്‍ ജാഖോ ഹില്‍, ചിലപ്പോള്‍ അന ഡെയ്ല്‍, അല്ലെങ്കില്‍ താരാദേവി മന്ദിര്‍ അങ്ങനെ എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടുമായിരുന്നു. കളിച്ചും ചിരിച്ചും ഞങ്ങളുടെ ദിവസങ്ങള്‍ പെട്ടെന്ന് കഴിഞ്ഞുപോയി. അന്നത്തെ ആ 'വാലന്റൈന്‍സ് ഡേ' എനിക്കിന്നും ഓര്‍മയുണ്ട്. ഞാനവളോട് ഷിംലാ സ്റ്റേറ്റ് മ്യൂസിയത്തിന്റെ മുന്നില്‍ നില്‍ക്കാനായിരുന്നു പറഞ്ഞിരുന്നത്.   അവളെനിക്ക്  എപ്പോഴോ സമ്മാനിച്ച തൊങ്ങലുള്ള മഫ്‌ളറുമിട്ടാണ് ഞാന്‍ ചെന്നത്. അവളുടെ നേര്‍ക്ക് മഞ്ഞ റോസാപ്പൂക്കളുടെ ഒരു ബൊക്കെ നീട്ടിയിട്ട് ഞാനന്ന് ചോദിച്ചു, ' ഹാപ്പി വാലന്‍ൈറന്‍സ് ഡേ വിശാഖാ.. ബൈ ദി വേ, വില്‍ യു മാരീ മീ..?'

' അയ്യടാ.. മോന്ത കണ്ടാലും മതി..' എന്നവള്‍ കളിയാക്കി. അപ്പോള്‍ ഞാന്‍ പരിഭവം ഭാവിച്ചുകൊണ്ട് ചോദിച്ചു , 'ന്തേ.. സുന്ദരന്മാര്‍ക്കീ കാലത്ത് 
ഒരു വിലയൂല്ലാ..?'

പ്രൊപ്പോസല്‍ അങ്ങനെ പ്രത്യേകിച്ചൊരു തീര്‍പ്പും കൂടാതെ അവസാനിച്ചെങ്കിലും അന്ന് ഞങ്ങള്‍ വയറുനോവും വരെ പലതും പറഞ്ഞ് ചിരിച്ചോണ്ടിരുന്നു.. സന്ധ്യക്ക് അസ്തമനസൂര്യന്‍ അങ്ങ് ദൂരെ മലമുകളില്‍ കേറുന്നതും നോക്കി പാര്‍ക്കിലെ മുളങ്കാടിനരികിലിരിക്കവേ ഞങ്ങള്‍ മനസ്സുകൊണ്ട് വലിയൊരു യാത്രയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. ഒരായുസ്സിന്റെ യാത്ര.. വിചാരിച്ചിരുന്നത്ര എളുപ്പമല്ലെന്ന് പിന്നീട് ബോധ്യം വന്ന യാത്ര..

ജീവിതത്തില്‍ 'ഒരു യുദ്ധം ജയിച്ചു എന്ന് നമുക്ക് തോന്നുന്നനേരത്ത്, യഥാര്‍ത്ഥത്തില്‍ നമ്മള്‍ മറ്റു പല യുദ്ധങ്ങളിലും തോറ്റുകൊണ്ടിരിക്കുകയായിരിക്കും. ഞങ്ങളുടെ വിവാഹം ഒരു സെപ്റ്റംബര്‍ 27നായിരുന്നു. ജീവിതം ഞങ്ങള്‍ക്കായി അനവധി പ്രതിസന്ധികള്‍ മുന്നോട്ട് ഒരുക്കിവെച്ചിട്ടുണ്ടെന്നുള്ള വിവരം ഞങ്ങളപ്പോള്‍ തിരിച്ചറിഞ്ഞിരുന്നില്ല.എന്റെ അമ്മയ്ക്കും അച്ഛനും വിശാഖയേയോ അവളുടെ കുടുംബത്തെയോ വേണ്ടും വിധം ബോധിച്ചിരുന്നില്ല. പക്ഷേ, അവര്‍ പ്രണയത്തിന്റെ അര്‍ത്ഥമറിഞ്ഞവരായിരുന്നു.. അവരുടെ യൗവ്വനത്തില്‍ പരസ്പരം പ്രണയിച്ചു വിവാഹിതരായവര്‍. അമ്മ പഠിപ്പിച്ചിരുന്ന സ്‌കൂളിലെ അക്കൗണ്ടന്റ് ആയിരുന്നു അന്നച്ഛന്‍. അതുകൊണ്ട് അര്‍ദ്ധസമ്മതത്തോടെയെങ്കിലും, ഒടുവില്‍ അച്ഛനമ്മമാരുടെ അനുഗ്രഹാശിസ്സുകളോടെ തന്നെ ഞങ്ങള്‍ വിവാഹിതരായി. 

എന്തൊരു സന്തോഷമായിരുന്നു അന്നൊക്കെ. ദൂരത്തോളം പരന്നുകിടന്ന ഷിംലയിലെ താഴ്വരകളും, കണ്ണെത്തുവോളം പരന്നുകിടക്കുന്ന ആകാശവും ഞങ്ങളുടെ സന്തോഷങ്ങളില്‍ പങ്കു ചേര്‍ന്നു. ഞങ്ങളൊന്നിച്ചിനി കറങ്ങാത്ത നഗരങ്ങളില്ല. ഒന്നിച്ചു ചിരിച്ചും കരഞ്ഞും ഇണങ്ങിയും പിണങ്ങിയും സമാധാനിപ്പിച്ചും തീര്‍ന്നു സ്വസ്ഥതയുടെ ആ ദിനങ്ങള്‍. ഞാനവളോട് പിണങ്ങിയാല്‍ അവള്‍ പാട്ടുപാടി വന്നെന്നെ സമാധാനിപ്പിച്ചെടുക്കും.. പിണങ്ങിയത് ഇനി അവളാണെന്നു വെച്ചോളൂ, മഞ്ഞപ്പൂക്കളുടെ ഒരു ബൊക്കെ, ഒന്നോ രണ്ടോ സോറി.. അവിടെ തീര്‍ന്നിരുന്നു ഞങ്ങളുടെ പരിഭവങ്ങള്‍.. ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരെക്കാള്‍,  രണ്ടു നല്ല സ്‌നേഹിതരായിരുന്നു എന്നു പറയുന്നതാവും ശരി.

പക്ഷേ, മെല്ലെ മെല്ലെ, സാഹചര്യങ്ങളില്‍ വന്ന മാറ്റമോ അതോ ഞങ്ങള്‍ തന്നെ മാറിപ്പോയതോ.. ഞങ്ങള്‍ക്കിടയില്‍ കൊച്ചുകൊച്ചു കരടുകള്‍ വന്നുപെടാന്‍ തുടങ്ങി. ആയിടെയാണ് വിശാഖയ്ക്ക് വലിയൊരു കമ്പനിയില്‍ പുതിയൊരുദ്യോഗം തരപ്പെടുന്നത്. അവള്‍ അസിസ്റ്റന്റ് മാനേജര്‍ സ്ഥാനത്തെത്തി.. സ്വാഭാവികമായും അവളുടെ മേല്‍ ഉത്തരവാദിത്തങ്ങളും ഏറി. അവള്‍ അടിമുടി ജോലിയില്‍ സ്വയം പൂഴ്ത്തി.. അവളുടെ ഓഫീസില്‍ ആനുവല്‍ കോണ്‍ക്ലേവ് നടക്കാന്‍ പോവുകയായിരുന്നു. അതിന്റെ തിരക്കുകളില്‍ അവള്‍ എല്ലാം മറന്നു നടന്നു. ഞാന്‍ രാവിലെ ഉണര്‍ന്നെണീക്കും മുമ്പ് അവള്‍ ഓഫീസിലെത്തും. ജോലി കഴിഞ്ഞു തിരിച്ചു ഞാന്‍ വന്നാലും അവളെത്തില്ല, രാത്രി ഏറെ വൈകുവോളം.. 

ഒരു ദിവസം പാതി രാത്രി അവള്‍ കേറി വന്നപ്പോള്‍, ഉറക്കം മുറിഞ്ഞ് ചെന്ന് വാതില്‍ തുറന്ന ഞാന്‍ തെല്ല് നീരസത്തോടെ തന്നെ ചോദിച്ചു, 'എന്ത് പോക്കാണിത്..? ഒന്ന് വിളിക്കുകയെങ്കിലും ചെയ്തുകൂടെ..?' എന്റെ അനിഷ്ടം അവള്‍ക്ക് ഒട്ടും ദഹിച്ചില്ല എന്ന് തോന്നുന്നു. ഞങ്ങളുടെ പിണക്കവും മിണ്ടാവ്രതവും നാലഞ്ചുനാള്‍ നീണ്ടു.. ഞങ്ങള്‍ അപരിചിതരില്‍ നിന്നും സുഹൃത്തുക്കളായാണ് ആദ്യമായത്.. പിന്നെ ആത്മമിത്രങ്ങള്‍.. പിന്നെ കാമുകീകാമുകര്‍. അവിടന്നും ഭാര്യാഭര്‍ത്താക്കന്മാര്‍.. ഈ ലോകത്തിലെ ഒട്ടുമിക്ക ദമ്പതികളും പിന്‍പറ്റുന്ന അതേ ക്രമത്തില്‍ തന്നെയായിരുന്നു ഞങ്ങളുടെയും പുരോഗതി. പക്ഷേ, ഏതൊരു കോണിയുടെയും മുകളിലെ പടിയില്‍ കാലെടുത്തു വെക്കുമ്പോള്‍ താഴത്തേതുമായുള്ള ബന്ധം വിട്ടുപോവുമല്ലോ, സ്വാഭാവികമായും.. ഞാനും വിശാഖയും സുഹൃത്തുക്കളായപ്പോള്‍ പിന്നെ ഞങ്ങള്‍ അപരിചിതരല്ലാതായി.. 

ആത്മമിത്രങ്ങളായതോടെ കേവല സൗഹൃദം കൈവിട്ടു. കാമുകീ കാമുകരായതോടെ ഞങ്ങള്‍ ആത്മമിത്രങ്ങളല്ലാതായി. ഒടുവില്‍ ഭാര്യാഭര്‍ത്താക്കന്മാരുടെ വേഷങ്ങളണിഞ്ഞപ്പോള്‍ മുതല്‍ ഞങ്ങള്‍ക്ക് കാമുകീ കാമുകന്മാരായി തുടരാനുമൊത്തില്ല. 

'ആയാം സോറി വിശാഖാ..' ഞാനവള്‍ക്കൊരു മെസ്സേജയച്ചു. അതിനവള്‍ മറുപടിയൊന്നും തന്നില്ല.. എനിക്കും നല്ല ദേഷ്യം തോന്നി.. 'വല്യ ജാടയാണേല്‍ വെച്ചോണ്ടിരിക്കട്ടെ..' ഞാനും മനസ്സില്‍ പറഞ്ഞു. ഉള്ളില്‍ ഈര്‍ഷ്യയുണ്ടായിരുന്നു. ഇടയ്‌ക്കെപ്പോഴോ എല്ലാം പറഞ്ഞു 'കോംപ്രമൈസ്' ആക്കാന്‍ തോന്നി. അവള്‍ തിരികെ വീട്ടില്‍ വന്നപ്പോള്‍, ഞാനവള്‍ക്കു നേരെ ഒരു ബൊക്കെ നീട്ടി. പക്ഷേ, ഇത്തവണ ഞാന്‍ അവള്‍ക്കുമേലെ എന്റെ അവകാശം സ്ഥാപിച്ചെടുക്കാനുള്ള വ്യഗ്രതയിലായിരുന്നു. സ്‌നേഹിതനെന്നതിലുപരി ഒരു ഭര്‍ത്താവാകാനുള്ള ശ്രമത്തിലായിരുന്നു. അതുകൊണ്ടുതന്നെ, ഇത്തവണ ബൊക്കെയിലെ റോസാപ്പൂക്കളുടെ നിറം, ചുവപ്പായിരുന്നു .

ഞാനും വിശാഖയും തമ്മിലുള്ള ബന്ധം അനുദിനം വഷളായിക്കൊണ്ടിരുന്നു. ഞങ്ങള്‍ ആത്മമിത്രങ്ങളില്‍ നിന്ന് ഒരേ കൂരയ്ക്കുകീഴില്‍ കഴിയുന്ന രണ്ടപരിചിതരാവാന്‍ തുടങ്ങി. സ്‌നേഹമെന്നത് കുറഞ്ഞുകുറഞ്ഞില്ലാതാവാന്‍ തുടങ്ങി. ഞങ്ങളുടെ കളി തമാശകളും പ്രണയ പരിഭവങ്ങളും എവിടെപ്പോയോ എന്തോ.. ഇപ്പോള്‍ പലചരക്ക് പച്ചക്കറി പാല്‍ അങ്ങനെ വീട്ടിലേക്കുള്ള സാധനങ്ങളെപ്പറ്റിയും, ജോലിയിലെ ടെന്‍ഷനുകളെപ്പറ്റിയും ഒക്കെയേ തമ്മില്‍ പറയാനുള്ളൂ.. ചുമ്മാ തുടങ്ങുന്ന സംഭാഷണങ്ങള്‍ പലതും വഴക്കിലെത്തി നില്‍ക്കാന്‍ തുടങ്ങി. തമ്മില്‍ പറയാനാഞ്ഞ പലതും അതുകൊണ്ടുതന്നെ പറയാതെ വിഴുങ്ങാന്‍ തുടങ്ങി. പരസ്പരം സംസാരിക്കാതെ ഡിന്നര്‍ കഴിച്ചുകൊണ്ടിരിക്കെ ഞാന്‍ ആലോചിച്ചു.. ഇതെന്റെ ആ പഴയ മഞ്ഞപ്പൂച്ച തന്നെയാണോ..? ഒരു വിഷയവുമില്ലാതെ തന്നെ പരസ്പരം നാലും അഞ്ചും മണിക്കൂര്‍ സംസാരിച്ചുകൊണ്ടിരുന്ന, ചിരിച്ചു ചിരിച്ചു വയറു നൊന്തുപോയിരുന്ന ഞങ്ങള്‍ ഇന്നെവിടെപ്പോയി..?

'എങ്ങനുണ്ട് ജോലിയൊക്കെ..' എന്റെ നേര്‍ക്ക് സലാഡിന്റെ പാത്രം നീക്കി വെച്ചുകൊണ്ട് വിശാഖ ചോദിച്ചു.. ' കൊഴപ്പമില്ല.. അങ്ങനെ പോവുന്നു..' അവള്‍ക്കു കണ്ണുകൊടുക്കാതെ ഞാന്‍ മറുപടി പറഞ്ഞുകൊണ്ട്, ഭക്ഷണം ചവയ്ക്കുന്നതില്‍ ശ്രദ്ധ ചെലുത്തി.. 'നിന്റെയോ..' ഞാന്‍ ഒരു ഔപചാരികതയ്ക്ക് തിരികെ ചോദിച്ചു. ' തിരക്കുതന്നെ തിരക്ക്.. ലാസ്റ്റ്് മിനിറ്റ് പ്രിപ്പറേഷന്‍സ് നടക്കുന്നു.. ങാ.. പിന്നെ.. അടുത്താഴ്ച ഞാന്‍ ഇവിടെ ചിലപ്പോള്‍ നാലഞ്ച് ദിവസത്തേക്ക് കാണൂല്ല.. ചെന്നൈയില്‍ ഒരു സെമിനാറുണ്ട്.. ചിലപ്പോള്‍ പോവേണ്ടി വരും.' എനിക്ക് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്ന പോലെ തോന്നി.. നാലഞ്ച് ദിവസം അവളില്ല.. അതും അടുത്താഴ്ച.. വരുന്ന ഞായറാഴ്ച എന്റെ പിറന്നാളാണ്.. എവടെ.. അതൊക്കെ ഇപ്പോള്‍ അവള്‍ ഓര്‍ക്കുന്നുപോലുമുണ്ടാവില്ല.. ജോലി.. ജോലി.. ജോലി.. അന്ന് രാത്രി കിടക്കയില്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ അറിയാതെ കരച്ചില്‍ വന്നു.. 

വിവാഹ ശേഷം ആളുകള്‍ മാറും എന്ന് ഞാന്‍ കേട്ടിട്ടുണ്ട്.. പക്ഷേ, വിശാഖ മാറിയ മാറ്റം.. അതൊരു വല്ലാത്ത മാറ്റം തന്നെ.. മുമ്പൊക്കെ എന്റെ ബര്‍ത്ത്‌ഡേ വരുന്നതിന് ഒരാഴ്ച മുന്നേ തന്നെ അവള്‍ പ്രിപ്പറേഷന്‍സ് തുടങ്ങിയിരുന്നു. എനിക്ക് കുഞ്ഞുകുഞ്ഞ് സമ്മാനങ്ങള്‍ അയച്ചു തന്നിരുന്നു. ഒരു സമ്മാനപ്പൊതിയില്‍ അടുത്ത സമ്മാനത്തിനെക്കുറിച്ചുള്ള ക്ലൂസ് വെച്ച്.. അടുത്തതിനെക്കുറിച്ചുള്ളത് ആ പെട്ടിയില്‍.. അങ്ങനങ്ങനെ.. എനിക്ക് പാട്ടുകള്‍ പാടി റെക്കോര്‍ഡ് ചെയ്ത അയച്ചുതരുമായിരുന്നു അവള്‍.. എനിക്ക് ഒരു 'സ്പെഷല്‍ ഫീല്‍ ' തോന്നിച്ചിരുന്നു അവള്‍.. ഇപ്പോഴോ.. ബര്‍ത്ത്‌ഡേ വരുന്നതിന് മൂന്നാലു ദിവസം മുമ്പ് തന്നെ അവള്‍ എന്നെ ഒറ്റയ്ക്കിട്ട് വല്ലിടോം പോയിക്കിടക്കാന്‍ പോവുന്നു.. എനിക്ക് ഈ ബര്‍ത്ത്‌ഡേ ആഘോഷങ്ങളിലൊന്നും ഒരു താല്പര്യവുമില്ല.. അവളുടെ മാറിക്കൊണ്ടിരുന്ന പെരുമാറ്റത്തില്‍ ഉള്ള സങ്കടം മാത്രം.. ഇതിനുപുറമേ, ദിവസേന അവളുടെ ഭാഗത്തുനിന്നും വന്നുകൊണ്ടിരുന്ന  അകല്‍ച്ച നിറഞ്ഞ പെരുമാറ്റത്തില്‍ എനിക്ക് തോന്നിയിരുന്ന ഈര്‍ഷ്യകള്‍ ഒന്നൊന്നായി എന്റെ മനസ്സിന്റെയുള്ളില്‍ കുമിഞ്ഞു കൂടിക്കൊണ്ടിരുന്നു.

അടുത്ത ദിവസം ഓഫീസിലിരിക്കെ എനിക്ക് പനിവരുന്നപോലെ തോന്നി.. ദേഹമാകെ കുളിരുന്ന പോലെ.. സന്ധികളിലൊക്കെ അസഹ്യമായ വേദനയും.. ഞാന്‍ ഒരു കാബ് പിടിച്ച് അന്ന് നേരത്തെ വീട്ടിലേക്കുപോന്നു. വിശാഖയെ വിളിച്ച് അല്പം നേരത്തെ വരാന്‍ പറയാന്‍ തോന്നി ആദ്യം. പിന്നെ വേണ്ടെന്നു വെച്ചു. വിളിക്കാനെടുത്ത ഫോണ്‍ തിരിച്ചു വെച്ചു. 'വേണെങ്കില്‍ അറിഞ്ഞു വരട്ടെ..ഒരു കോള്‍ പോലും ചെയ്യാഞ്ഞിട്ടല്ലേ ഒന്നും അറിയാത്തത്...' രാത്രി ഒമ്പതരയായപ്പോള്‍ അവളുടെ ഒരു മെസ്സേജ് വന്നു. 'ഞാന്‍ ഇന്ന് വൈകും.. കഴിച്ചിട്ട് കിടന്നോളൂ..' 

അന്നുരാത്രി ഞാന്‍ അനുഭവിച്ച ഏകാന്തത.. പറഞ്ഞാല്‍ മനസ്സിലാവില്ലാര്‍ക്കും.. എന്റെ മനസ്സില്‍ അവളെക്കുറിച്ചോര്‍ക്കുമ്പോള്‍  പതഞ്ഞു പൊങ്ങുന്ന ദേഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ജീവിതത്തില്‍ ഇങ്ങനെ ആരുമില്ലാത്തവനായി പനിക്കിടക്കയില്‍ തനിച്ചു കിടക്കേണ്ട ഗതികേടുണ്ടാവുന്നത് ഇതാദ്യമായിട്ടാണ്. തൊണ്ടക്കുഴിയില്‍ വീണ്ടുമൊരു കരച്ചില്‍ മുരടനക്കി. പെട്ടെന്നെനിക്ക് എന്റെ അമ്മയെ കാണാന്‍ തോന്നി.. ദേഷ്യവും സങ്കടവും എല്ലാം ഒന്നിച്ചു തോന്നുന്നു.. ഉള്ളിലാണെങ്കില്‍ പനിയുടെ അസ്വസ്ഥതകള്‍ വേറെയും.. ക്‌ളോക്കില്‍ മണി പന്ത്രണ്ടടിച്ചപ്പോള്‍ ഞാന്‍ ഒരുവിധം പിടിച്ചുപിടിച്ച് എഴുന്നേറ്റിരുന്നു.. വിശാഖയ്ക്കായി ഒരു കത്തെഴുതിവെച്ചിട്ട് ഞാന്‍ പനിക്കോളില്‍ തന്നെ കാര്‍ സ്വന്തമായി ഓടിച്ച് വീട്ടിലേക്കു പോയി.. അമ്മയെയും അച്ഛനെയും കാണാന്‍.. അപ്പോള്‍, ആ നിമിഷം എനിക്കുറപ്പുണ്ടായിരുന്നു.. ഇനി അവള്‍ക്ക് എന്റെ ആവശ്യമില്ല.. എനിക്ക് അവളുടെയും..

ഓഫീസില്‍ വിളിച്ച് ഞാന്‍ ഒരാഴ്ചത്തെ ലീവു പറഞ്ഞു. അമ്മ ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, വിശാഖയ്ക്ക് ഓഫീസില്‍ തിരക്കുണ്ട്.. അതിനിടയില്‍ പ്രതീക്ഷിക്കാതെ പനിവന്നു പെട്ടപ്പോള്‍ ഞാനിങ്ങു പോന്നതാണെന്ന്.. അവരതു വിശ്വസിച്ചു എന്ന് തോന്നുന്നു. ഫോണില്‍ വിശാഖയുടെ പത്തുപതിനെട്ടു മിസ്ഡ് കോള്‍സ് കണ്ടു. സോറി പറഞ്ഞുകൊണ്ടും എന്നോട് തിരികെപ്പോരാന്‍ അപേക്ഷിച്ചുകൊണ്ടും.. ഞങ്ങളിരുവരും തെരുവുകളിലൂടെ ആഹ്ലാദം നിറഞ്ഞ മനസ്സുകളോടെ നിശ്ചിന്തം കറങ്ങിനടന്നിരുന്ന ആ കാലം എന്റെ കണ്മുന്നിലൂടെ മിന്നിമാഞ്ഞു.. ഈ യാത്ര ഇത്രയ്ക്കും ദുഷ്‌കരമായിത്തീരും എന്ന് അന്നാരറിഞ്ഞു..?

വൈകുന്നേരം ഞാന്‍ വീട്ടിലെത്തി. അവിടെ ബാല്‍ക്കണിയില്‍, ഗ്രൗണ്ടില്‍ ക്രിക്കറ്റുകളിച്ചുകൊണ്ടിരുന്ന കുട്ടികളെ നോക്കിക്കൊണ്ട് എന്തോ ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്റെ തോളില്‍ ഒരു കൈത്തലം അമരുന്നത് ഞാനറിഞ്ഞു. അതമ്മയായിരുന്നു. 

'എന്ത് പറ്റീഡാ..? നീയാകെ വറീഡാണല്ലോ.. പറഞ്ഞാല്‍ എനിക്കൂടെ മനസ്സിലാവും എന്താന്ന്..' 

'പെട്ടന്നങ്ങനെ ഒരു ചോദ്യം വന്നപ്പോള്‍ ഞാന്‍ പരിഭ്രമിച്ചു. പതറിക്കൊണ്ട് ഞാന്‍ പറഞ്ഞു.. ' ഇല്ല.. ഒന്നൂല്ല.. എന്തുണ്ടാവാനാ.. നിങ്ങളെ ഒക്കെ ഒന്ന് വന്നു കാണാന്‍ തോന്നി.. അപ്പൊ ഇങ്ങോട്ട് പോന്നു..അത്ര തന്നെ..' 

അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.. ' നീയൊന്നും പറഞ്ഞില്ലെങ്കിലെന്താ.. നിന്റെ മുഖം എല്ലാം പറയുന്നുണ്ട്.. എന്തോ പ്രശ്‌നമുണ്ട്.. പറയെടാ ചെക്കാ..' അത്രയും കേട്ടതും ഞാന്‍ പൊട്ടിപ്പോയി.. തുടക്കം മുതല്‍ ഒടുക്കം വരെ എല്ലാം ഞാന്‍ അമ്മയോട് തുറന്നു പറഞ്ഞു.. പക്ഷേ, കഥയത്രയും കേട്ടിട്ടും അമ്മയുടെ മുഖത്ത് അതേ ചിരി തന്നെ ഇപ്പോഴും.. ഇതൊന്നും ഒരു പ്രശ്നമേയല്ല എന്ന മട്ടില്‍.. അവര്‍ തുടര്‍ന്നു,  'ഇത്രേള്ളോ കാര്യം.. ഞാന്‍ വിചാരിച്ചു വല്ല ഭൂകമ്പവും നടന്നെന്ന്.. എടാ.. പ്രശ്‌നം നിങ്ങടെ ജനറേഷന്റെയാണ്.. നിങ്ങള്‍ പ്രേമിക്കാന്‍ പഠിച്ചത് സിനിമ കണ്ടിട്ടാണ്.. സിനിമയിലാണെങ്കില്‍ എല്ലാ സീനിലും എന്തെങ്കിലുമൊക്കെ നടന്നുകൊണ്ടിരിക്കും.. അതുകൊണ്ടാവും നിങ്ങള്‍ ധരിച്ചുവെച്ചിരിക്കുന്നത്, എന്തെങ്കിലുമൊക്കെ നടന്നുകൊണ്ടിരുന്നാലേ സ്‌നേഹമുള്ളൂ.. എന്ന്.. ' ഞാന്‍ ഒന്നും മിണ്ടാതെ അമ്മയെത്തന്നെ നോക്കിക്കൊണ്ടിരുന്നു.. ' മോനേ.. സ്‌നേഹം, രണ്ടുപേര് ഒരു മുറിയില്‍ തമ്മില്‍ ഒരക്ഷരം മിണ്ടാതെ അവനവന്റെ കാര്യങ്ങളും നോക്കി സമയം കഴിച്ചു കൂട്ടുമ്പോഴും ഉണ്ട്.. അത്ര തന്നെ ഉണ്ട്.. '

ഈ ഒരു ആംഗിളില്‍ ഞാന്‍ ഇന്നുവരെ ആലോചിച്ചിട്ടേയില്ലായിരുന്നു. 'അമ്മ പറഞ്ഞു, 'കാലത്തിനൊത്ത് ഈ ലോകത്തില്‍ ഒക്കെ മാറുന്നുണ്ടെടാ.. സ്‌നേഹം പ്രകടിപ്പിക്കുന്ന രീതികളും മാറും.. നമ്മുടെ പെരുമാറ്റം.. തമ്മിലുള്ള സംസാരം ഒക്കെ മാറും.. ഉള്ളിലുള്ള സ്‌നേഹം തുറന്നു പ്രകടിപ്പിക്കാന്‍ ചിലപ്പോള്‍ മടിച്ചുനിന്നെന്നും വരാം ആളുകള്‍.. അതിന്റെയര്‍ത്ഥം അവിടെ സ്‌നേഹമില്ല എന്നല്ല.. സ്‌നേഹത്തില്‍ ബഹളം കുറയുന്തോറും അതിന്റെ ആഴം കൂടുകയാണ് മോനെ.. '

അന്ന് രാത്രി മുഴുവന്‍ ഞാന്‍ ഉറങ്ങാതെ കഴിച്ചുകൂട്ടി.. അമ്മ പറഞ്ഞ ഓരോ വാക്കും എന്റെയുള്ളില്‍ ഒരു കൂടം പോലെ വന്നടിച്ചുകൊണ്ടിരുന്നു. അടുത്ത ദിവസം നേരം പുലര്‍ന്ന് ഞാന്‍ താഴെയിറങ്ങി ച്ചെന്നപ്പോള്‍ 'അമ്മ ഡൈനിങ് ടേബിളില്‍ ഇരുന്ന് പത്രം വായിക്കുന്നു. അച്ഛന്‍ മുറ്റത്തെ മരത്തില്‍ നിന്നും പറിച്ചുകൊണ്ടുവന്ന മുരിങ്ങയില വൃത്തിയാക്കുന്നു. അവര്‍ തമ്മില്‍ ഒന്നും പറയുന്നില്ലായിരുന്നു. പക്ഷേ, അവര്‍ക്കിടയില്‍ സ്‌നേഹം നിറഞ്ഞു നിന്നിരുന്നു. അവര്‍ തമ്മില്‍ വിവാഹിതരാവാന്‍ കാരണമായ അതേ സ്‌നേഹം.. ഞാനോര്‍ത്തു.. 'അവര്‍ എന്നും ഇതുപോലെ മിണ്ടാതിരുന്നവരായിരുന്നിരിക്കില്ലല്ലോ.. എന്നെങ്കിലുമൊക്കെ തമ്മില്‍ തമാശകള്‍ പറഞ്ഞ് പൊട്ടിചിരിച്ചിരുന്നവരാവും.. തമ്മില്‍ കുസൃതികള്‍ ഒപ്പിച്ചിരുന്നവരാവും.. ഇപ്പോള്‍ അവരുടെ സ്‌നേഹത്തിന്റെ രൂപം മാറിക്കഴിഞ്ഞിരിക്കുന്നു.. സ്‌നേഹം ഇപ്പോഴും ഉണ്ടല്ലോ, അല്ലേ..?'

അപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു.. ഞാനും വിശാഖയും തമ്മില്‍ തെറ്റാനും അകലാനും കാരണം ഞങ്ങളുടെ സൗഹൃദം ക്ഷീണിച്ചുപോയതാണ്.. ഞാന്‍ ഒരു ഭര്‍ത്താവായി മാറിയതാണ്.. അങ്ങനെ ചിന്തിക്കാന്‍ തുടങ്ങിയതിലാണ്... പണ്ടൊക്കെ അവള്‍ വരാന്‍ നേരം വൈകിയാല്‍ എനിക്ക് ആകുലതയാണ് തോന്നിയിരുന്നത്.. നീരസമല്ല.. അവള്‍ കൂടുതല്‍ അധ്വാനിക്കുമ്പോള്‍ ഞാനവള്‍ക്ക് സപ്പോര്‍ട്ടാണ് കൊടുത്തിരുന്നത്, അവളെ കുത്തുവാക്ക് പറയുകയല്ല.. എന്റെ കണ്‍കോണുകള്‍ ഈറനാവാന്‍ തുടങ്ങി..

' അമ്മേ.. ഞാന്‍ പോവുന്നേ.. അടുത്താഴ്ച വരാം..' യാത്ര പറഞ്ഞുകൊണ്ട് ധൃതിപ്പെട്ടിറങ്ങി..

പോവുന്ന വഴി, വിശാഖയോടുള്ള എന്റെ പെരുമാറ്റത്തില്‍ എനിക്ക് വല്ലാത്ത പശ്ചാത്താപം തോന്നി.. കാറിന്റെ ചില്ലുകള്‍ പൊന്തിച്ച് ഞാന്‍ ഉറക്കെയുറക്കെ പൊട്ടിക്കരഞ്ഞു. എനിക്കെന്നോടുതന്നെ വല്ലാത്ത ദേഷ്യം തോന്നി.. എങ്ങനെയെങ്കിലും ഒന്ന് വീട്ടിലെത്തിയാല്‍ മതിയായിരുന്നു. അറിയാം... അവള്‍ അവിടെക്കാണില്ലെന്ന്.. എന്നാലും ഒന്ന് വീട്ടിലെത്തിയാല്‍ മതി.. എന്നിട്ട് ലാന്‍ഡ് ലൈനില്‍ നിന്ന് അവളെ വിളിച്ച് പറയണം.. ഞാന്‍ തിരിച്ചുവന്നെന്ന് .. എന്നോട് ക്ഷമിക്കണമെന്ന്.. 'മാപ്പ്.. മാപ്പ്.. ഞാന്‍ നിന്നെ വിഷമിപ്പിച്ചതിന് മാപ്പ്' എന്ന്..

തിരിച്ച് ഫ്ളാറ്റിലെത്തിയപ്പോള്‍ ഞാന്‍ അമ്പരന്നു.. വാതില്‍ പൂട്ടിയിട്ടുണ്ടായിരുന്നില്ല. വിശാഖ അകത്ത് സോഫയില്‍ കണ്ണും തുടച്ച് ഇരിപ്പുണ്ടായിരുന്നു. നനഞ്ഞ കണ്ണുകളോടെ അവള്‍ എന്തോ പറയാനായി വാ തുറന്നു. അവള്‍ പറഞ്ഞു തുടങ്ങും മുമ്പ് ഞാന്‍ പറഞ്ഞു.. 'സോറി വിശാഖാ.. എന്നോട് ക്ഷമിക്കണം.. ' ഞങ്ങള്‍ കെട്ടിപ്പിടിച്ച് ഒരുപാടുനേരം കരഞ്ഞു.. കണ്ണുനീരിന്റെ പെരുമഴയില്‍ എല്ലാ തെറ്റിദ്ധാരണകളും ഒഴുകിപ്പോയി.. എനിക്കുണ്ടായിരുന്ന അതേ പരാതികളൊക്കെത്തന്നെ അവള്‍ക്കും ഉണ്ടായിരുന്നു. അവള്‍ക്ക് ശരിക്കും ചെന്നൈ പോവാനുള്ള ഒരു പദ്ധതിയും ഇല്ലായിരുന്നു. എനിക്കുവേണ്ടി ഒരു 'സര്‍പ്രൈസ് ബര്‍ത്ത് ഡേ പാര്‍ട്ടി' പ്ലാന്‍ ചെയ്യുകയായിരുന്നു അവള്‍.. മുമ്പെന്നത്തേക്കാളും അടുപ്പത്തോടെ അന്ന് ഞങ്ങള്‍ പരസ്പരം കെട്ടിപ്പിടിച്ചു.. എന്റെ ഹൃദയം അവളുടെ നെഞ്ചിലിരുന്നു മിടിച്ചു.. അവളുടേത് എന്റെ നെഞ്ചിലും.. അന്ന് ഞങ്ങള്‍ പരസ്പരം വാക്കുകൊടുത്തു, നല്ല ഭാര്യയും ഭര്‍ത്താവും ആയില്ലെങ്കിലും, നല്ല സുഹൃത്തുക്കളായിരിക്കും എന്നും.. 

അന്നുവൈകുന്നേരം ഞാനും വിശാഖയും ഇതേ മാള്‍ റോഡിലെ ഒരു തട്ടുകടയില്‍ നിന്ന് മോമോസ് കഴിച്ചുകൊണ്ടിരുന്നു. അവളുടെ കയ്യില്‍, ഏറെനാളുകള്‍ക്കു ശേഷം ഞാന്‍ വാങ്ങിക്കൊടുത്ത ഒരു ബൊക്കെ ഉണ്ടായിരുന്നു. ഇത്തവണ പൂക്കളുടെ നിറം പക്ഷേ, സൗഹൃദത്തിന്റെ മഞ്ഞയായിരുന്നു. അതിനുശേഷം എന്തൊരു വിശേഷമുണ്ടെങ്കിലും ഞാനവള്‍ക്ക് എന്നും മഞ്ഞ റോസാപ്പൂക്കള്‍ നിറഞ്ഞ ബൊക്കെ ആയിരുന്നു സമ്മാനിച്ചിരുന്നത്. അവള്‍ക്കുമതേ, ലോകത്തിലെ ഏത് വിലപിടിപ്പുള്ള സമ്മാനത്തെക്കാളും അധികം സന്തോഷം എന്റെ മഞ്ഞ റോസാപ്പൂക്കളുടെ ബൊക്കെയാണ്  നല്‍കിയിരുന്നത്. ഷിംലയില്‍ കുറേക്കാലം കഴിഞ്ഞ ശേഷം ഞങ്ങള്‍ ദില്ലിയിലേക്ക് ഷിഫ്റ്റ് ചെയ്തു. ഇപ്പോഴും അവളുടെ മഞ്ഞ റോസാപ്പൂക്കളോടുള്ള ഇഷ്ടം ഒട്ടും കുറഞ്ഞിട്ടില്ല. ഞങ്ങള്‍ ഇപ്പോള്‍ കോളേജിലെപ്പോലെ 'രമയ്യാ വസ്താവയ്യാ..' എന്ന് മേശയില്‍ കൊട്ടിപ്പാടാറൊന്നും ഇല്ല.. പൊട്ടിച്ചിരിക്കാറൊന്നുമില്ല അത്രയുച്ചത്തില്‍.. പക്ഷേ, പരസ്പരം ഇന്നും അത്രതന്നെ, ഒരു പക്ഷേ അതിലധികം സ്‌നേഹിക്കുന്നുണ്ട്..

അയ്യോ..! പറഞ്ഞുപറഞ്ഞിരുന്ന് നേരം പോയതറിഞ്ഞില്ല.. പോട്ടേ, പോയി പൂക്കട  അടയ്ക്കും മുമ്പ് വിശാഖയ്ക്ക് കൊടുക്കാന്‍ മഞ്ഞ റോസാപ്പൂക്കള്‍ കെട്ടിയ ഒരു നല്ല ബൊക്കെ വാങ്ങട്ടെ..


എന്റെ കഥ, ഇത്ര മാത്രം..

Latest Videos
Follow Us:
Download App:
  • android
  • ios