നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍
വാക്കുല്‍സവത്തില്‍ ഇന്ന് അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍
ഔദാര്യങ്ങള്‍ക്കും രക്ഷാകര്‍തൃത്വത്തിനുമിടയിലാണ് മറ്റ് പലയിടങ്ങളിലുമെന്നതു പോലെ കേരളത്തിലും ആദിവാസി സമൂഹത്തിന്റെ നില്‍പ്പ്. ആദിവാസികളെ ഇങ്ങനെ അടയാളപ്പെടുത്താനാണ് പൊതുസമൂഹത്തിനിഷ്ടവും. ആദിവാസികള്‍ക്കിടയില്‍നിന്നു വരുന്ന ശബ്ദങ്ങളെയും സമൂഹം സമീപിക്കാറുള്ളത് ഇതേ വഴിക്കാണ്. ഈ ഔദാര്യങ്ങളെയും രക്ഷാകര്‍തൃത്വങ്ങളെയും കവിത കൊണ്ട് മറികടക്കുകയാണ് അശോകന്‍ മറയൂര്‍ എന്ന കവി. മുതുവാന്‍ ഭാഷയിലും മാനകഭാഷയിലും എഴുതുന്ന അശോകന്‍ മുതുവാന്‍ പാട്ടുകളെ മാനകഭാഷയുടെ ചതുരവടിവിലേക്ക് വിവര്‍ത്തനം ചെയ്യുന്നു. ഒപ്പം, കരുത്തുള്ള, മണ്ണുറപ്പുള്ള കവിതകള്‍ മലയാളത്തിന് നല്‍കുന്നു ആദിവാസിയുടെ കവിത എന്ന നോട്ടക്കോണുകളെ കവിതയുടെ കരുത്തുകൊണ്ട് തട്ടിമാറ്റുന്നു. കാടും കാട്ടുജീവിതവുമാണ് അശോകന്റെ ജീവിതപരിസരവുമെങ്കിലും മുഖ്യധാരാ ജീവിതത്തിന്റെ പല കരകളെ അടയാളപ്പെടുത്തുന്നു.
എന്നിട്ടും അശോകന്റെ കവിതകളുടെ വളര്‍ച്ചയെയും പടര്‍ച്ചയെയും സ്വന്തം അക്കൗണ്ടുകളില്‍ ചെന്നുകെട്ടാനുള്ള ശ്രമങ്ങള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലുണ്ടായി. അതിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമുയര്‍ന്നു.
ഈ സാഹചര്യത്തില്‍, അശോകന്റെ കവിതകളെ മറയൂര്‍ സ്‌കൂളില്‍നിന്നും കണ്ടെടുത്ത അധ്യാപകരിലൊരാളായ കവി പി രാമന്‍ അതിനെക്കുറിച്ച് ഇങ്ങനെ എഴുതുന്നു: മറ്റുള്ളവരുടെ ഔദാര്യം കൊണ്ടും രക്ഷാകര്‍തൃത്വം കൊണ്ടും വളര്‍ന്നു വന്ന എഴുത്തുകാരുണ്ടാകാം. എന്നാല്‍ അശോകന്‍ മറയൂര്‍ ആ വിഭാഗത്തില്‍ പെടുന്നില്ല. ആരുടെയെങ്കിലും ഔദാര്യത്തിനോ രക്ഷാകര്‍തൃത്വത്തിനോ അശോകന്‍ അപേക്ഷിക്കുകയോ നിന്നു കൊടുക്കുകയോ ചെയ്തിട്ടില്ല. ഇത് എനിക്ക് നേരിട്ടറിയാവുന്ന കാര്യമാണ്. സ്വന്തം പ്രതിഭയുടെ ശക്തി കൊണ്ട് വിപരീത സാഹചര്യങ്ങളെപ്പോലും അതിജീവിച്ച് ഉയര്‍ന്നു വന്ന കവിയാണ് അശോകന്‍. .ഒരു ഗോത്ര ഭാഷാ കവിയോ കവി പോലുമോ ആവുന്നതിനു മുമ്പ്, മറയൂര്‍ ഗവ.ഹൈസ്‌കൂളിലെ നൂറുകണക്കിനു വിദ്യാര്‍ത്ഥികളിലൊരാള്‍ ആയിട്ടാണ് അശോകന്‍ എന്റെ മുന്നില്‍ വരുന്നത്. സ്‌കൂള്‍ കലോത്സവത്തില്‍ കവിത എഴുതി സമ്മാനം വാങ്ങിയപ്പോഴാണ് അധ്യാപകനായിരുന്ന ഞാന്‍ അവനെ ശ്രദ്ധിക്കുന്നത്. അന്നു മുതല്‍ അശോകന്റെ എഴുത്തിനെ പ്രോത്സാഹിപ്പിക്കുക എന്നത് ഒരധ്യാപകന്‍ എന്ന നിലയില്‍ എന്റെ കര്‍ത്തവ്യമായിരുന്നു. ഞാന്‍ ഒറ്റയ്ക്കല്ല പ്രകാശന്‍ വെങ്കലാട്ട്, ആര്‍.ഐ. പ്രശാന്ത് എന്നീ അധ്യാപകരും അവന് പിന്തുണ നല്‍കിയിരുന്നു.അത് അധ്യാപകര്‍ എന്ന നിലയില്‍ ഞങ്ങളുടെ കടമ മാത്രമായിരുന്നു. ആരും പിന്തുടര്‍ന്നില്ലെങ്കിലും കവിതയുടെ കരുത്തു കൊണ്ട് അവന്‍ അതിജീവിക്കും.കേരളത്തിന്റെ പ്രിയ കവിയാകും.അശോകന്റെ പേരില്‍ 'ഔദാര്യം' കാണിച്ച് ഞാനെന്നല്ല ആരും ഞെളിയുന്നതില്‍ ഒരര്‍ത്ഥവുമില്ല'
1
എന്നെയൊരു
കാടായ്കാണാതിരുന്നാല്‍,
ഒരു കാട്ടാറായ് കാണാതിരുന്നാല്‍,
ചോലവസന്തങ്ങളുടെ
കാവല്‍ക്കാരനായ് കാണാതിരുന്നാല്‍,
വീണ്ടും നാമൊരിക്കല്‍
കണ്ടുമുട്ടാം
ഇതെല്ലാം നീയ്യെന്ന്
നിനക്കറിയാഞ്ഞിട്ടല്ലല്ലൊ....
2
ആനക്കുയി
(മുതുവാന്‍ ഭാഷാക്കവിത )
എത്തായ് ,എത്തായ്
പട്ടണത്തിലിയിറ്ണ്
കുഞ്ച്‌ലെല്ലാം
വ്വ്ട്ക്‌ള്ക്ക് വന്തെ
തെറ് വെല്ലാം
ആനക്കുയ്യിലി
ആനക്കുഞ്ചലസത്തം പോലതായ്.
ഇത്താത്തി
ഇയ്യന്തിക്കി
നെട്‌ത്തെറ് വീലി-
യീണപേസിപ്പോന്റെ
ഒറനാള് പട്ടണത്തിലിപിയ്യി
പള്ളിക്കൊട മന്തിലി
ഒറന്മ്‌സം
പേറന പാപ്പായ് പിയ്യെ
കുഞ്ചല
എന്തനോടതായ്
സേത്ത് പേസുമോ ?
പക്കിക്കുഞ്ചല
സത്തംതായ്യിന്റ് പേസും പ്ന്ന.
പരിഭാഷ (മലയാളം)
ആനക്കുഴി
--------
പറ്റില്ല, പറ്റില്ല
പട്ടണങ്ങളില്‍ നിന്നും
കുട്ടികളെല്ലാം
വീട്ടിലേക്കു വന്നാല്‍
തെരു വെല്ലാം,
ആനക്കൂട്ടങ്ങള്‍
നിലയിറപ്പിക്കുന്ന
ഇടത്തില്‍
തള്ളയാനകള്‍ക്കും -
ക്കൊമ്പനാനകള്‍ക്കുമിടയില്‍ ക്കിടന്ന്
പെറ്റുപെരുകിയ
കുഞ്ഞനാനകള്‍
പരസ്പരം ഒച്ചയിട്ട്
ശബ്ദമുണ്ടാക്കുന്നതു പോലെയാണ്.
ഈ മുത്തശ്ശി
ഈ സന്ധ്യയില്‍
അതും നടുത്തെരുവില്‍
ഇങ്ങനെയൊച്ചയില്‍
പറഞ്ഞുപോകുന്നല്ലൊ ?
ഒരുദിവസം പട്ടണത്തില്‍ ചെന്ന്
പള്ളിക്കുടമുറ്റത്ത്
ഒരു നിമിഷം
പേരക്കുട്ടിയെ കാണാന്‍ ചെന്നാല്‍
കുട്ടികളെ എന്തിനോടായിരിക്കും
ചേര്‍ത്തു പറയുക!
പക്ഷികളുടെ ശബ്ദമെന്നു
പറയും പിന്നെ.
അശോകന്‍ മറയൂര്‍
3
കടലിനെ
പെട്ടെന്നുടുത്ത്
ഒന്നും കണ്ടില്ലെന്നു നടിക്കുന്ന
മീനിനെപോലെ
നമ്മള്‍
എവിടെച്ചെന്നൊളിക്കാനാണ്.
ഒരമ്മയും മകനും,
അതിര്‍ത്തിയില്‍ പട്ടാളക്കാരാല്‍
പിടിക്കപ്പെടുന്ന ഒരമ്മയും
മൂന്നു പെണ്‍കുട്ടികളുടേയും
വീഡിയോ വരാന്തയിലിരുന്നു
കണ്ടിരിക്കുകയാണ്
പെണ്‍കുട്ടികളെ റോഡില്‍
അനാഥരാക്കിയ ശേഷം
അമ്മയെ പട്ടാളക്കാര്‍ വലിച്ചു കയറ്റി
വാഹനത്തിന്റെയുള്ളിലേക്കിട്ട്
അടച്ചതും
എങ്ങോട്ടെന്നൊരു നിശ്ചയമില്ലാതെ
ചീറിപ്പായുന്നു
വാഹനത്തിന്റെ പിറകേ
പട്ടിക്കുഞ്ഞുങ്ങളെ പോലെ
കുറച്ചു ദൂരം ആ കുട്ടികള്‍
ഓടിത്തളര്‍ന്ന ശേഷം
പട്ടാളക്കാര്‍ക്കിടയില്‍ വന്ന്
ഒച്ചയുണ്ടാക്കുന്നു ....
പെട്ടെന്ന് വീഡിയോ കണ്ടിരുന്ന കുട്ടി
അമ്മയോടു ചോദിക്കുന്നു
വാഹനത്തിന്റെ പിറകേയോടുന്ന
കുട്ടികളെ പട്ടിക്കുഞ്ഞുങ്ങളെന്നു തന്നെയവന്‍
വിശേഷിപ്പിക്കുന്നു
ആ അമ്മ പെട്ടെന്നവനോട്
നിയ്യും കുഞ്ഞുനാളില്‍ എന്റെ പിറകേ
പട്ടിക്കുഞ്ഞിനെ പോലെ
ഓടി വരുമായിരുന്നു
ഏതോ ഒരു വാഹനത്തില്‍
ഞാനുമിങ്ങനെ ഒരു നിശ്ചയവുമില്ലാതെ
പോയ് മറയുമായിരുന്നുവെന്ന്
പറഞ്ഞവസാനിപ്പിച്ചതും ...
മുറ്റത്തെ മഴയുടെയൊച്ചയെന്നില്‍
കാല്‍ചിലങ്കയുടെ താളത്തില്‍
നൃത്തം ചെയ്തു തുടങ്ങിയിരുന്നു ....
4
ഉടലിനോട് സംസാരിച്ചതിനെ
ഓര്‍ത്തു, ഓര്‍ത്തിരുന്നു എന്നെല്ലാം
അടയാളപ്പെടുത്തുമ്പോള്‍
കാര്‍മേഘം ചൂഴ്ന്നുകൂടിയതും
മഴ പെയ്യും മുമ്പ് ചെന്നെത്തുമായിരിക്കുമെന്ന്
ഞാനും ഉടലിനോട് സംസാരിച്ചിരുന്നു.
അപ്പോള്‍ തന്നെ കൂടെയുണ്ടായിരുന്നവരുമായി
ഓര്‍ത്തതായ് തന്നെ പങ്കുവെച്ചു.
ചുറ്റും നോക്കാതെ
ഒന്നും കാണാതെയാകുമ്പോള്‍
എല്ലാം ഇരുട്ടായും ,നിഴല്‍ പ്രകാശങ്ങളുടെ
കരിയുമാകുന്നുണ്ട്
അവ നേരെ ശരീരത്തില്‍ പതിക്കുമ്പോഴും
ഒരിക്കലും പറ്റിപ്പിടിക്കുന്നേയില്ല.
യുദ്ധസമാനമായ അന്തിരീക്ഷത്തില്‍
കണ്ണെത്താദൂരത്തേക്ക് പരന്നു കിടക്കും
പൂന്തോട്ടത്തിലൂടെ
ആയുധങ്ങളേന്തിയ ഒരു പട്ടാളക്കാരി
കടന്നുപോകുമ്പോള്‍
അറിയാതെ യന്ത്രതോക്കിന്റെ വാറ്
പിന്നിലേക്കിട്ട്
ഇരു കൈകളും പൂമ്പാറ്റകളാകുന്നത്
കാണുകയാണ്
ഇഷ്ടമുള്ള കുറേ പൂക്കളില്‍
അവ പാറിപ്പാറി ചെന്നിരിക്കുന്നു.
ഓര്‍ക്കുകയെന്നത് ഉടലോടുള്ള
സംസാരം മാത്രമല്ല
പ്രവര്‍ത്തികൂടിയാണെന്ന്
ആ കാഴ്ച പറഞ്ഞുവെക്കുന്നു.
പക്ഷെ യുദ്ധക്കളത്തില്‍ നിന്നും
അവര്‍ തിരിച്ചുവരുംനേരമാണെങ്കില്‍
ഈ പൂന്തോട്ടം അവരെ വരവേല്‍ക്കുന്ന
മറ്റൊരു ലോകമാകുമായിരുന്നു.
5
ഏതേലും
ഒരര്‍ത്ഥത്തില്‍ തട്ടി വീഴുമ്പോഴാണ്
ഇവിടങ്ങളിലൊക്കെ
ഇപ്പോഴും ഞാനുണ്ടെന്ന്
എന്നെ ഞാന്‍ സ്വയം തൊട്ടറിയുന്നത് .
അപ്പോഴെക്കും
വേനലില്‍ കത്തിത്തുടങ്ങിയ
ഇലകള്‍
മറ്റൊരു ഋതുവോടടക്കുമ്പോള്‍
പാതി ചന്ദ്രകലയുടെ
ആകൃതിയില്‍ പ്രകാശം കുറഞ്ഞ് കുറഞ്ഞ്
എത്തി നില്‍ക്കുന്നതായും അന്ന് ,
അവിടെ വരെ കൂടെ നിന്ന
ഏതോ വൊന്ന്
പാതി ചന്ദ്രകലയുടെ ആകൃതിയാകും വരെ
കത്തി
കെട്ടുവീണ പക്ഷിത്തൂവലില്‍
എന്നെ ഉറക്കിയിടുകയായിരുന്നില്ല....
കൊന്നിട്ടതിനു ശേഷം
ആ സ്വപ്നം
മറ്റൊരു ജീവിതം കാണിക്കുകയായിരുന്നു.
വാക്കുത്സവത്തില്‍:
ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ
ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത
ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ
അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത
പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ
പ്രപഞ്ചം റീലോഡഡ്, ടി പി വിനോദ് എഴുതിയ കവിത
ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍
മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ
ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത
നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ
കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍ വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍
മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം
എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു, കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍
സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ
പുസ്തകപ്പുഴയില്‍
മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!
കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും
ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും
ഫെര്‍ണാണ്ടോ പെസൊവയുടെ 'അശാന്തിയുടെ പുസ്തകത്തിന്റെ' (The Book of Disquiet) വായനാനുഭവം.
കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും