അയാള്‍ ഞങ്ങളെ വായിക്കാന്‍ പ്രേരിപ്പിച്ചു, ഓരോ എഴുത്തിനായും ഞങ്ങള്‍ ആര്‍ത്തിയോടെ കാത്തിരുന്നു...

സുധാകര്‍ മംഗളോദയം പിന്നെയും ഒരുപാടെഴുതി. പരസ്യങ്ങളിലും മറ്റുമൊക്കെ തുടര്‍ന്നുവന്ന പല നോവലുകളുടെയും പേരുകള്‍ പറഞ്ഞുകേട്ടതുമോര്‍മയുണ്ട്. ഈറന്‍ നിലാവ്, മയൂര നൃത്തം, നിറമാല, കളിയൂഞ്ഞാല്‍ തുടങ്ങിയ നോവലുകളുടെ അവ്യക്തമായ ഓര്‍മകളിപ്പോഴുമുണ്ട്.

kv madhu writes on sudhakar mangalodayam's novel

ആ ലക്കം അവസാനിക്കുമ്പോള്‍ നടുക്കടലിലൊറ്റപ്പെട്ട നന്ദിനി ഓപ്പോള്‍ എന്റെ മനസ്സില്‍ ഒഴിയാത്ത ആശങ്കയായി. പിന്നെ ആ ലക്കം വാരികയില്‍ മറ്റൊരു നോവലും ഞാന്‍ വായിച്ചില്ല. കാര്‍ട്ടൂണുകള്‍ നോക്കിയതേയില്ല. പെട്ടെന്ന് മനോരമ മടക്കിയെടുത്ത് തിരിച്ചു കൊണ്ടുകൊടുത്തു. പിന്നെ എത്രനേരം കഴിഞ്ഞാണ് അതില്‍നിന്ന് മുക്തനായത് എന്നോര്‍മയില്ല. ഒരു കൗമാരക്കാരന്റെ നിലവാരത്തില്‍ നിന്ന് കൊണ്ട് എനിക്കതിനല്ലേ കഴിയൂ. അപ്പോഴൊക്കെ എന്നേക്കാള്‍ വേദന കടിച്ചമര്‍ത്തി എഴുതാനിരുന്ന സുധാകര്‍ മംഗളോദയത്തെ കുറിച്ചാണ് ഞാനോര്‍ത്തത്.

kv madhu writes on sudhakar mangalodayam's novel

ആലോചിച്ചാലോചിച്ച് രാത്രിയെപ്പോഴാണുറങ്ങിപ്പോയതെന്നറിയില്ല. നേരം വെളുക്കുമ്പോഴേ ഉറക്കമറിയുകയും ചെയ്‍തു. മനസ് നിറയെ ആകാംക്ഷയായിരുന്നു. എന്തായിരിക്കും സംഭവിക്കുക. ബാലേട്ടന്‍, ഓപ്പോള്‍, ബാലേട്ടന്റെ അനിയന്‍ അവരുടെ  മുന്നോട്ടുള്ള ജീവിതയാത്ര. ജീവിതത്തിലെ അജ്ഞാതമായ വൈകാരികാവസ്ഥകള്‍, ആശങ്കകള്‍, ആര്‍ദ്രതകള്‍... ഒരു കൗമാരക്കാരന്‍റെ ഉള്ളില്‍ ആകാംക്ഷയ്ക്ക് അതില്‍ കൂടുതലെന്തുവേണം. ബാലേട്ടനും നന്ദിനി ഓപ്പോളുമടങ്ങിയ ജീവിതത്തില്‍ ഇനിയെന്തുസംഭവിക്കും എന്നതായിരുന്നു ആകാംക്ഷ. ബാലേട്ടന്റെ ജീവിതഗതിയറിയാന്‍ ഇന്നെങ്കിലും കഴിയുമെന്ന് കരുതിയാണ് രാവിലെ എഴുന്നേല്‍ക്കുന്നത് തന്നെ.

വ്യാഴാഴ്‍ച വൈകുന്നേരമാണ് മുഴക്കോം ബീഡിക്കമ്പനിക്കടുത്തുള്ള കുഞ്ഞിരാമേട്ടന്‍റെ പീടികയില്‍ മലയാള മനോരമ ആഴ്‍ചപ്പതിപ്പ് വരുന്നത്. ചൊവ്വാഴ്‍ചകളില്‍ മംഗളവും വരും. ചില വ്യാഴാഴ്‍ചകളില്‍ ഉച്ചയോടെ വരാറുണ്ട് എന്നും അറിയാം. ബീഡിക്കമ്പനിയില്‍ ജോലി ചെയ്യുന്ന ഗീതേട്ടിയും ലീലേട്ടിയുമൊക്കെ മാറിമാറിയാണ് മംഗളവും മനോരമയും വാങ്ങിക്കുക. ഒരാള്‍ മംഗളം ഒരാള്‍ മനോരമ. പിന്നീട് ആദ്യത്തെ ചൂട് കഴിഞ്ഞാല്‍ സുരേശന്‍റെ അമ്മ നാരായണിയേട്ടിയുടെ അടുത്തും കിട്ടും. ബീഡിക്കമ്പനിയില്‍ പോയി അവരുടെ കോപ്പി ഞാന്‍ നേരത്തെ പോയി വാങ്ങും അതാണ് എന്റെ ശീലം. അവര്‍ ജോലി കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും വായിച്ച് തീര്‍ത്ത് അവരുടെ വീടുകളില്‍ തിരിച്ചെത്തിക്കും. ഒമ്പതാംക്ലാസിലൊക്കെ ചെറുതായി തുടങ്ങിയ വായനയാണ്. പത്താംക്ലാസ് കഴിഞ്ഞതോടെ മൂര്‍ദ്ധന്യത്തിലെത്തി. പത്തിന്റെ വെക്കേഷനില്‍ കടുത്ത വായനയായി. അതൊരു പ്രീഡിഗ്രി അവസാനംവരെ തുടര്‍ന്നു. പിന്നെ ക്ലായിക്കോട് ഗ്രാമീണ വായനശാല വന്നതോടെ വായനാശൈലി മാറി.

പറഞ്ഞുവന്നത് അതൊന്നുമല്ല. സുധാകര്‍ മംഗളോദയത്തിന്റെ നന്ദിനി ഓപ്പോള്‍ ആരംഭിച്ചിട്ട് ആഴ്‍ചകളേ ആയിട്ടുള്ളൂ. ബാലേട്ടനും നന്ദിനി ഓപ്പോഴും അനിയനുമൊക്കെ കൂടി ഒരു നല്ല രസകരമായ കുടുംബാന്തരീക്ഷം നോവലില്‍ സൃഷ്‍ടിച്ചുകഴിഞ്ഞു. വാരിക കൈയില്‍ കിട്ടിയാല്‍ ആദ്യം വായിക്കുക സുധാകര്‍ മംഗളോദയത്തിന്‍റെ നോവലാണ്. അതേതായാലും. പിന്നെയാണ് ജോസി വാഗമറ്റത്തിന്റെയും സിവി നിര്‍മലയുടെയും ഒക്കെ ഊഴം. ഏകദേശം ഒമ്പതാംക്ലാസില്‍ അങ്ങനെയാണ് സുധാകര്‍ മംഗളോദയം ഒടുവില്‍ നന്ദിനി ഓപ്പോളില്‍ എന്നെ കൊണ്ട് കെട്ടിയിട്ടിരിക്കുന്നത്.

അന്ന് വ്യാഴാഴ്‍ചയായിരുന്നു എന്ന് പറഞ്ഞല്ലോ. മനോരമയുടെ ദിവസമാണ്. ഓര്‍മയില്‍ അന്ന് ക്ലാസില്ലാത്ത ദിവസാണ്. രാവിലത്തെ പരിപാടിയൊക്കെ തീര്‍ത്ത് പതിനൊന്ന് മണിയോടെ നേരെ ബീഡിക്കമ്പനിയിലേക്ക് പോയി. ബീഡിക്കമ്പനിക്ക് പുറത്തുനിന്ന് അകത്തേക്ക് നോക്കി. ലീലേട്ടി അകത്ത് നിന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു. വന്നിട്ടില്ലെടാന്ന്. പിന്നെ നിരാശയോടെ മടങ്ങി. ഇരിക്കപ്പൊറുതിയില്ലാത്ത നിമിഷങ്ങള്‍, മണിക്കൂറുകള്‍ കടന്നുപോയി. വൈകുന്നേരമെങ്ങനെയോ വന്നെത്തി. ഞാനുരുട്ടിയെത്തിച്ചൂന്ന് പറയുന്നതാണ് ഭംഗി. അഞ്ചുമണിയോടെയാണ് വൈകീട്ടത്തെ കെട്ട് പീടികയില്‍ വരുന്നത്. ആറുമണിക്ക് ബിഡിക്കമ്പനിയും വിടും. അതിന് അരമണിക്കൂര്‍ മുമ്പെങ്കിലും മനോരമ സംഘടിപ്പിച്ചാലേ അവര്‍ തിരിച്ചെത്തുമ്പോഴേക്ക് വായിച്ചുതീര്‍ക്കാനാകൂ. അങ്ങനെ ഓടിപ്പോയി. മനോരമ വാങ്ങി അതിലും വേഗത്തില്‍ മടങ്ങിയെത്തി. മുച്ചിലോട്ട് അമ്പലത്തിന്റെ കിഴക്കേ പടിപ്പുരയിലിരുന്ന് വേഗം തുറന്നുനോക്കി. നന്ദിനിഓപ്പോള്‍ തപ്പിയെടുത്തു. താഴേ സുധാകര്‍ മംഗളോദയം. മനസ്സിനൊരു സുഖം. വായന തുടങ്ങി.

നന്ദിനി ഓപ്പോളിന്റെ പ്രസാദാത്മകമായ നോട്ടത്തിലാരംഭിക്കുന്ന ദിവസം. ലൈന്‍മാനായ ബാലേട്ടന്‍ പണിയായുധങ്ങളുമായി ജോലിക്കിറങ്ങി. നോവലുകള്‍ വായിക്കുമ്പോള്‍ കഥാപാത്രങ്ങളെ സിനിമാതാരങ്ങളായി  സങ്കല്‍പ്പിക്കുന്ന ഒരു ശീലം കൂടിയുണ്ടായിരുന്നു. ബാലേട്ടന്‍ എന്റെ മനസ്സില്‍ മമ്മൂട്ടിയായിരുന്നു. നന്ദിനി ഓപ്പോള്‍ ഗീതയും അനിയന്‍ സുധീഷും. വായനയുടെ പാരമ്യത്തില്‍ കയറ്റിറക്കങ്ങളുടെ തീവ്രതയിലേക്ക് കടന്നിട്ടില്ലായിരുന്ന നോവലില്‍ അട്ടിമറികളൊന്നും പ്രതീക്ഷിക്കാതെ വായിച്ചുവരികയായിരുന്നു. എന്നാല്‍, ആ ലക്കത്തിലെ വായനയ്‌ക്കൊടുവില്‍ ബാലേട്ടന്‍ ഷോക്കടിച്ച് വീണു മരിച്ചു. എന്റെ ഉള്ളുലച്ച പ്രധാന മരണങ്ങളിലൊന്ന്. ആ ലക്കം അവസാനിക്കുമ്പോള്‍ നടുക്കടലിലൊറ്റപ്പെട്ട നന്ദിനി ഓപ്പോള്‍ എന്റെ മനസ്സില്‍ ഒഴിയാത്ത ആശങ്കയായി. പിന്നെ ആ ലക്കം വാരികയില്‍ മറ്റൊരു നോവലും ഞാന്‍ വായിച്ചില്ല. കാര്‍ട്ടൂണുകള്‍ നോക്കിയതേയില്ല. പെട്ടെന്ന് മനോരമ മടക്കിയെടുത്ത് തിരിച്ചു കൊണ്ടുകൊടുത്തു. പിന്നെ എത്രനേരം കഴിഞ്ഞാണ് അതില്‍നിന്ന് മുക്തനായത് എന്നോര്‍മയില്ല. ഒരു കൗമാരക്കാരന്റെ നിലവാരത്തില്‍ നിന്ന് കൊണ്ട് എനിക്കതിനല്ലേ കഴിയൂ. അപ്പോഴൊക്കെ എന്നേക്കാള്‍ വേദന കടിച്ചമര്‍ത്തി എഴുതാനിരുന്ന സുധാകര്‍ മംഗളോദയത്തെ കുറിച്ചാണ് ഞാനോര്‍ത്തത്.

ബാലേട്ടന്റെ മരണത്തിന് ശേഷം ഞായറാഴ്‍ചകളിലെ സായാഹ്ന നടത്തത്തിലൊരിക്കല്‍ ഞാനും സുരേശനും സുധാകര്‍ മംഗളോദയത്തെ കുറിച്ചും നന്ദിനി ഓപ്പോളിനെ കുറിച്ചും സംസാരിച്ചുകൊണ്ടേയിരുന്നു. ഇരിങ്കത്തൊട്ടിപ്പാറ വഴി പാറമ്മലമ്പലം വരെയുള്ള ഒരു കിലോമീറ്ററിലധികം ദൂരം ഞങ്ങളുടെ പതിവ് വഴിയാണ്. നടത്തത്തിനിടയില്‍ നന്ദിനി ഓപ്പോള്‍ സിനിമായാകുമോ എന്ന ആകാംക്ഷയും പങ്കുവച്ചു. സിനിമയാകുകയാണെങ്കില്‍ ഇനിയിപ്പോ മമ്മൂട്ടിക്ക് സ്‌കോപ്പില്ലല്ലോയെന്ന നിരാശമാത്രമായിരുന്നു ബാക്കി. കാരണം കഥയുടെ ആരംഭത്തില്‍ തന്നെ ബാലേട്ടന്‍ മരിക്കുമല്ലോ.

എന്തായാലും അധികം വൈകാതെ നന്ദിനി ഓപ്പോള്‍ മോഹന്‍കുപ്ലേരി സിനിമയാക്കി. ഞാനപ്പോള്‍ ക്ലാസ് കട്ട് ചെയ്ത് സിനിമയൊക്കെ പോയി കാണുന്ന പ്രീഡിഗ്രിക്കാരനാണ്. കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ പഠിക്കുന്ന ഞാന്‍ നന്ദിനി ഓപ്പോള്‍ കാണാന്‍ പയ്യന്നൂര്‍ ശാന്തി ടാക്കീസില്‍ റിലീസായ ദിവസം രാവിലെ പത്തരയ്ക്കുള്ള ആദ്യഷോയ്ക്ക് തന്നെ എത്തി. ഞങ്ങളെ സന്തോഷിപ്പിച്ചുകൊണ്ട് ഗീത തന്നെ ഓപ്പോളായി. ബാലേട്ടന്‍ നെടുമുടി വേണുവായി. നോവല്‍ വായിച്ച നിലവാരത്തില്‍ നിന്നും ആ ചെറിയ കാലം എന്നില്‍ മാറ്റമുണ്ടാക്കിയതുകൊണ്ടോ എന്തോ സിനിമ അതുപോലെ ആസ്വദിക്കാനേയായില്ല. അങ്ങനെ ഓപ്പോളുടെ കാര്യത്തിലൊരു തീരുമാനമായി.

സുധാകര്‍ മംഗളോദയം പിന്നെയും ഒരുപാടെഴുതി. പരസ്യങ്ങളിലും മറ്റുമൊക്കെ തുടര്‍ന്നുവന്ന പല നോവലുകളുടെയും പേരുകള്‍ പറഞ്ഞുകേട്ടതുമോര്‍മയുണ്ട്. ഈറന്‍ നിലാവ്, മയൂര നൃത്തം, നിറമാല, കളിയൂഞ്ഞാല്‍ തുടങ്ങിയ നോവലുകളുടെ അവ്യക്തമായ ഓര്‍മകളിപ്പോഴുമുണ്ട്. വായനയുടെ ശീലത്തില്‍ വന്ന മാറ്റങ്ങള്‍ സുധാകര്‍ മംഗളോദയത്തില്‍ നിന്ന് അധികം വൈകാതെ അകലുന്നതിന് കാരണമായി. പക്ഷേ, അപ്പോഴും എന്നെ വായിപ്പിക്കുന്നതില്‍ സുധാകര്‍ മംഗളോദയത്തെ പോലുള്ളവര്‍ വഹിച്ച പങ്കിനെ കുറിച്ച് എന്റെ തലമുറ ഓര്‍ത്തുകൊണ്ടേയിരുന്നു.

പൈങ്കിളിയെന്ന് പേരുകേട്ട ആ സാഹിത്യഭൂമികയിലെ ഏറ്റവും നിലവാരം കൂടിയ ആളായി എന്തുകൊണ്ടോ ഞങ്ങളയാളെ അളന്നു. പാവങ്ങളുടെ എംടിയെന്ന് തമാശയായി പറയുകയും ചെയ്യും. പിന്നെ വായനയുടെ തലം മാറിയപ്പോഴും പല സമയത്തും ഞാനും സുരേശനും പാവങ്ങളുടെ എംടിയെ കുറിച്ച് സംസാരിക്കാറുണ്ട്. സുധാകര്‍ മംഗളോദയത്തെ കുറിച്ച്. പിന്നീട് വായന മാറി. രസം മാറി, ആസ്വാദ്യതലം മാറി, ജീവിതവും മാറി. കാലമേ മാറി... പക്ഷേ, ഇന്നത്തെ എന്നെ ഞാനാക്കിയത് നേരനുഭവങ്ങള്‍ മാത്രമല്ല. നമ്മളറിയാതെ ഇടപെട്ടുകളഞ്ഞ നിരവധി എഴുത്തുകാര്‍ കൂടി ചേര്‍ന്നാണ്. വായനയുടെ ഇന്നത്തെ ലോകത്തിന് അടിക്കല്ല് പാകിയ പ്രധാനികളില്‍ സുധാകര്‍ മംഗളോദയമുണ്ട്. ഒരുകാലത്തെ എന്റെ സന്തോഷത്തിനായി എന്റെ ജീവിതത്തില്‍ ഇടപെട്ട എഴുത്തുകാരന്‍. ഇതുവരെ നേരിട്ടുകണ്ടിട്ടില്ലാത്ത എഴുത്തുകാരന്‍. പ്രിയപ്പെട്ട എഴുത്തുകാരാ വിട.

Latest Videos
Follow Us:
Download App:
  • android
  • ios