കേരളപ്പെൺകവികൾ വെബ്സൈറ്റ് പ്രകാശനം ഇന്ന്
കവിതയും ജീവിതവും അത്രമേൽ ഇഴചേർന്നിരിക്കുന്നു എന്ന ചിന്തയിൽ നിന്നും കവിതയെക്കുറിച്ചും ജീവിതത്തെക്കുറിച്ചു തന്നെയുമുള്ള സംവാദങ്ങളുടെ ഭാഗമായി ഒരു കാവ്യ ചർച്ചാവേദിയ്ക്കാണ് ഇതുവഴി തുടക്കമിടുന്നത്.
മലയാളത്തിലെ സ്ത്രീകവികളുടെ ഇടമായ കേരളപ്പെൺകവികൾ വെബ്സൈറ്റ് ഉദ്‌ഘാടനം ഇന്ന് സെപ്റ്റംബർ 16 വൈകുന്നേരം 6 മണിക്ക് സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ നിർവഹിക്കുന്നു.
സാമൂഹിക - സാംസ്ക്കാരിക മേഖലകളെ കൂടുതൽ ജനാധിപത്യവൽക്കരിക്കുക എന്നതാണ് കേരളപ്പെൺകവികൾ കൂട്ടായ്മയുടെ ലക്ഷ്യം. നടപ്പിലിരിക്കുന്ന ആണധികാരത്തിൻ്റെ സങ്കുചിത രീതികൾക്ക് ബദലായി ജൈവികമായ ചിന്തയും പുരോഗമനോന്മുഖമായ സർഗാത്മകതയും മുന്നോട്ടു വെച്ചു കൊണ്ട് കക്ഷിരാഷ്ട്രീയങ്ങൾക്കപ്പുറം മനുഷ്യരോടൊപ്പം നിൽക്കുന്ന കവിതയുടെ രാഷ്ട്രീയമാണ് കൂട്ടായ്മ ഉയർത്തിപ്പിടിക്കുന്നത്. അത് മർദ്ദിതരോടും അരികുവൽക്കരിക്കപ്പെട്ട എഴുത്തനുഭവങ്ങളോടും ചേർന്നു നിൽക്കുന്നതാണ്.
കവിതയും ജീവിതവും അത്രമേൽ ഇഴചേർന്നിരിക്കുന്നു എന്ന ചിന്തയിൽ നിന്നും കവിതയെക്കുറിച്ചും ജീവിതത്തെക്കുറിച്ചു തന്നെയുമുള്ള സംവാദങ്ങളുടെ ഭാഗമായി ഒരു കാവ്യ ചർച്ചാവേദിയ്ക്കാണ് ഇതുവഴി തുടക്കമിടുന്നത്. മലയാള ഭാഷയേയും സാഹിത്യത്തേയും ശക്തിപ്പെടുത്തുന്നതിൽ എഴുത്തുകാരികളുടെ പങ്കിനെ കൂടുതൽ കൃത്യതയോടെ രേഖപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗവുമാണ് ഇവിടത്തെ എഴുത്തുകൾ. കേരളീയരായ എന്നാൽ മറ്റ് ഭാഷകളിലെഴുതുന്ന കവയിത്രികളും ജെൻഡർ ബൈനറികൾക്കപ്പുറം നിൽക്കുന്ന കവികളും ഈ ശ്രമത്തിനൊപ്പമുണ്ട്.
കേരള കവിതയുടെ വൈവിധ്യങ്ങളെ, ലോക കവിതയുടെ വിശാലതകളെ, കവിതാരംഗത്തെ നവീന പ്രവണതകളെ, കാവ്യ ചരിത്രത്തിലെ വഴിത്തിരിവുകളെയെല്ലാം ചർച്ച ചെയ്യുന്ന വേദിയാകും ഇത്. കവിതയുടെ കരുത്തറിയുന്ന, മലയാളഭാഷയെ സ്നേഹിക്കുന്ന എല്ലാവർക്കും ജനാധിപത്യ മൂല്യങ്ങൾ പാലിച്ചുകൊണ്ട് സംവാദാത്മകതയുടെ, സർഗാത്മകതയുടെ തുറവുകളിലേക്ക് സഞ്ചരിക്കാനുള്ള ഇടമാവുക എന്നതാണ് ഈ വെബ്സൈറ്റിന്റെ ലക്ഷ്യം.