മയില്‍പ്പീലിക്ക് എവിടുന്നാണ് ഇത്രയും നിറങ്ങള്‍?
കഥ പറയും കാലം. സാഗാ ജെയിംസ് എഴുതിയ കുട്ടികളുടെ നോവല്‍ ഭാഗം മൂന്ന്
പ്രിയപ്പെട്ട കൂട്ടുകാരേ,
പഠിത്തം കുറേ കൂടി രസകരമാക്കാന്‍ നമുക്കൊരു കഥ വായിച്ചാലോ?
സന്തോഷം തരുന്ന, എന്നാല്‍ പുതിയ കാര്യങ്ങള്‍ പറഞ്ഞുതരുന്ന ഒരു കുട്ടിക്കഥ.
കഥ എന്നു പറയുമ്പോള്‍, അങ്ങനെ ഒരു കുഞ്ഞിക്കഥയല്ല.
വല്യ ആള്‍ക്കാര് ഇതിനെ പറയുന്നത് നോവല്‍ എന്നാണ്.
കുട്ടികള്‍ക്കു വേണ്ടി ഇഷ്ടത്തോടെ എഴുതുന്ന നല്ല നീളമുള്ള കഥ.
ഒറ്റ ദിവസം കൊണ്ടൊന്നും തീര്‍ന്നുപോവില്ല.
അടുത്ത 12 ദിവസം കൊണ്ടാണ് ഈ കഥ പറയുക.
ഇതിന്റെ പേര് എന്താണെന്നോ...? കഥ പറയും കാലം'
നിങ്ങളുടെ ടീച്ചറെ പോലെ ഒരു ടീച്ചറാണ് ഇത് എഴുതിയത്.
പേര് സാഗ ജെയിംസ്. സാഗ ടീച്ചര്‍ എന്നു വിളിച്ചോളൂ.
ഭംഗിയുള്ള ചിത്രങ്ങള്‍ വരച്ചത് ഒരു വരയാന്റിയാണ്.
പേര് ബിന്ദു ദാസ്. സാഗട്ടീച്ചറിന്റെ ബെസ്റ്റ് ഫ്രണ്ടാണ്.
വായിച്ചു കഴിഞ്ഞാ ചിലതൊക്കെ ടീച്ചറാന്റിയോട് പറയാനുണ്ടാവും.
അവയൊക്കെ submissions@asianetnews.in എന്ന ഇ മെയില്‍ ഐഡിയില്‍ അയക്കണേ ട്ടോ.
നിങ്ങളുടെ മെയിലുകളെല്ലാം ഞങ്ങള്‍ ആന്റിക്ക് എത്തിച്ചുകൊടുക്കാം.
അപ്പോ എല്ലാവരും ഒന്നിങ്ങ് വന്നേ!
'അയ്യാ... മയില്‍പ്പീലി വിശറി വേണമാ?'
ശബ്ദം കേട്ട് പുമൂഖത്തിരിക്കുവായിരുന്ന ജോക്കുട്ടനും തോമാച്ചനും ഗേറ്റിനു പുറത്തേക്കു നോക്കി. തോളില്‍ ഭാണ്ഡക്കെട്ടും കൈയില്‍ രണ്ടു മയില്‍പ്പീലി വിശറിയുമായൊരു സ്ത്രീ.
'അയ്യാ... മയില്‍പ്പീലി വിശറി.'
കൈയിലെ വിശറി അവര്‍ ഒന്നുകൂടി ഉയര്‍ത്തിക്കാണിച്ചു.
'ഹായ്... പീകോക്ക് ഫെദര്‍... അത് നമുക്ക് വാങ്ങാം വല്യപ്പച്ചാ പ്ലീസ്.'
ജോക്കുട്ടന്‍ ബഹളം വെച്ചു.
'കയറി വരൂ.'
തോമാച്ചന്‍ ആ സ്ത്രീയോട് വിളിച്ചു പറഞ്ഞു.
അവര്‍ ഉത്സാഹത്തോടെ ഗേറ്റ് തുറന്ന് മുറ്റത്തെത്തി. എന്നിട്ട് കൈയിലിരുന്ന മയില്‍പ്പീലി വിശറികള്‍ രണ്ടും തോമാച്ചന് നേരെ നീട്ടി. ജോക്കുട്ടന്‍ അത്ഭുതത്തോടെ മയില്‍പ്പീലി വിശറികളിലേക്ക് നോക്കി നിന്നു.
'എന്താ വില?'
'ഇരുന്നൂറു രൂപ.' മുറുക്കാന്‍കറ പുരണ്ട പല്ലുകാട്ടി ചിരിച്ചുകൊണ്ടവര്‍ പറഞ്ഞു.
'ഇരുന്നൂറു രൂപയോ നൂറ്റന്‍പത് തരാം.'
'അയ്യാ... കുഴന്തക്ക് മരുന്തുവാങ്ങണം. അതുതാന്‍ മുഖ്യം.' അവളുടെ മുഖം സങ്കടത്താല്‍ വലിഞ്ഞു മുറുകി. ആ സങ്കടഭാവം കണ്ടപ്പോള്‍ തോമാച്ചന്‍ അവള്‍ പറഞ്ഞ കാശുകൊടുത്ത് വിശറികള്‍ വാങ്ങി ജോക്കുട്ടന്റെ കൈയില്‍ കൊടുത്തു.
'റൊമ്പ നന്‍ട്രി അയ്യാ...'
നന്ദി നിറഞ്ഞൊരു നോട്ടം തോമാച്ചന് സമ്മാനിച്ചിട്ടവള്‍ നടന്നുപോയി.
..................................
ഹാപ്പി. ശ്രീബാലാ കെ മേനോന്‍ എഴുതിയ കുട്ടികളുടെ നോവല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
വര: ബിന്ദു ദാസ്
'വല്യപ്പച്ചാ നോക്കിയേ... എന്തു ഭംഗിയാ ഇത് കാണാന്‍!. വൗ എന്തൊരു സ്മൂത്ത്‌നെസ'
ജോക്കുട്ടന്‍ അത്ഭുതത്തോടെ മയില്‍പ്പീലി തൊട്ടുനോക്കിയിട്ട് പറഞ്ഞു. അവന്റെെ കണ്ണുകള്‍ തിളങ്ങി.
'എന്തുമാത്രം നിറങ്ങളാന്നേ... ഈ നിറങ്ങളെല്ലാം മയില്‍പ്പീലിക്ക് എങ്ങനെയാ കിട്ടിയത് വല്യപ്പച്ചാ?'
'അതോ... കുട്ടന്‍ ഇവിടിരിക്ക് വല്യപ്പച്ചന്‍ പറഞ്ഞുതരാം.'
ജോക്കുട്ടന്‍ വല്യപ്പച്ചന്റെ ചാരുകസേരയ്ക്കരുകിലെ സ്റ്റൂളില്‍ കയറിയിരുന്നു.
തോമാച്ചന്‍ പറഞ്ഞു തുടങ്ങി.
'പ്രകൃതിയില്‍ കാണുന്ന വസ്തുക്കള്‍ക്ക് നിറം നല്‍കുന്നത് അവയിലെ ചില പിഗ്മെന്റുകള്‍ ആണ്. വര്‍ണ്ണകങ്ങള്‍ എന്നും പറയും, മലയാളത്തില്‍. ഇലയ്ക്ക് പച്ചനിറം നല്‍കുന്നതും പിഗ്‌മെന്റാണ്. രക്തത്തിന് ചുവപ്പുനിറം നല്‍കുന്നതോ? അതും വര്‍ണകം തന്നെ. മനസ്സിലായോ?'
'ഉവ്വ്...'
ജോക്കുട്ടന്‍ തലയാട്ടി.
'ഈ വര്‍ണ്ണകങ്ങള്‍ എന്താ ചെയ്യുന്നത് എന്നറിയോ? സൂര്യപ്രകാശത്തില്‍ നിന്ന് വരുന്ന നിറങ്ങളില്‍ ഒരേ ആവൃത്തിയിലുള്ള (Freequency) നിറം മാത്രം പ്രതിഫലിപ്പിക്കുന്നു. പ്രതിഫലനം എന്നു പറഞ്ഞാല്‍ റിഫ്‌ളക്ഷന്‍. പിന്നെ മറ്റെല്ലാ നിറങ്ങളെയും അവ ആഗിരണം ചെയ്യുന്നു. ഓരോ വസ്തുവും പ്രതിഫലിപ്പിക്കുന്ന നിറത്തിലാണ് നാം അവയെ കാണുന്നത്. എന്നാല്‍ മയില്‍പ്പീലിയില്‍ അങ്ങനെയല്ല സംഭവിക്കുന്നത്. ഈ മയില്‍പ്പീലിയില്‍ പച്ചയും നീലയും മഞ്ഞയും നിറങ്ങള്‍ കുട്ടന്‍ കാണുന്നില്ലേ?'
'ഉണ്ട്..'
'ഇതിനെ iridescence (മഴവില്‍ നിറങ്ങള്‍) എന്നുപറയാം. പിഗ്മെന്റുകളുടെ പ്രവര്‍ത്തനമല്ല ഇവിടെ നടക്കുന്നത്.'
'മയില്‍പ്പീലിയില്‍ പിഗ്മെന്റ്‌സ് ഒന്നുമില്ലേ വല്യപ്പച്ചാ...?'
'ഉണ്ടല്ലോ. മയില്‍പ്പീലിയില്‍ പ്രധാനമായും ബ്രൗണ്‍ അല്ലെങ്കില്‍ ചാരനിറത്തിലുള്ള ഒരു പിഗ്മെന്റ് കാണപ്പെടുന്നു. നീല, പച്ച എന്നീ നിറങ്ങളിലെ പിഗ്മെന്റുകളും ചെറിയ അളവില്‍ ഇവയിലുണ്ട്. പക്ഷേ മയില്‍പ്പീലിയിലെ വര്‍ണ്ണപ്പകിട്ടിനു കാരണം മറ്റൊന്നാണ്.'
'അതെന്താ വല്യപ്പച്ചാ?'
'Multilayer reflection എന്നാണതിന് പറയുന്നത്. മയില്‍പ്പീലിയുടെ തന്‍മാത്രാഘടനയില്‍ പല തട്ടുകളായി അടുക്കിവെച്ചിട്ടുള്ള കെരാറ്റിന്‍ എന്ന പ്രോട്ടീനുണ്ട്. ഓരോ കെരാറ്റിന്‍ തട്ടിനടിയിലും വായുവിന്റെ ഒരു അടുക്കുമുണ്ടാവും. അതിനാല്‍ ഈ തന്‍മാത്രാതട്ടുകളുടെ അപവര്‍ത്തനാങ്കം (refractive index) വ്യത്യസ്തമായിരിക്കും. അതിനാല്‍ മയില്‍പ്പീലിയില്‍ പതിക്കുന്ന പ്രകാശത്തിലെ നിറങ്ങള്‍ക്കും അപവര്‍ത്തനം (refraction) സംഭവിക്കുന്നു. അവയുടെ തരംഗദൈര്‍ഘ്യമനുസരിച്ച് വ്യത്യസ്തമായ കോണുകളിലൂടെ മയില്‍പ്പീലിക്കുള്ളിലെ തട്ടുകളിലേക്ക് പ്രവേശിക്കുന്നു. അവിടെ നിന്നും പ്രകാശം പുറത്തേക്ക് പ്രതിഫലിക്കുമ്പോഴും നിറങ്ങളുടെ തരംഗദൈര്‍ഘ്യം വ്യത്യസ്തമായിരിക്കും. ഇതാണ് മള്‍ട്ടിലെയര്‍ റിഫ്‌ളക്ഷന്‍. ഇങ്ങനെ മയില്‍പ്പീലിയിലെ പിഗ്മെന്റുകളുടെ സാന്നിധ്യവും കെരാറ്റിന്‍ തട്ടുകള്‍ക്കിടയിലെ അകലവും അവയുടെ അപവര്‍ത്തനാങ്കത്തിലെ വ്യത്യാസവുമൊക്കെയാണ് മയില്‍പ്പീലിയിലെ വര്‍ണ്ണങ്ങള്‍ക്ക് കാരണം. മനസ്സിലായോ കുട്ടാ..?'
'ഉം... മനസ്സിലായി... മനസ്സിലായി.'
ജോക്കുട്ടന്‍ മയില്‍പ്പീലി വിശറികള്‍ നെഞ്ചോട് ചേര്‍ത്തുവെച്ചുകൊണ്ട് പറഞ്ഞു.
ഭാഗം ഒന്ന്: ''വൈറസ് വന്നതോണ്ട് ഒരു കാര്യണ്ടായി; അടുത്തൊന്നുമിനി ദുബായില്‍ പോണ്ട''
രണ്ടാം ഭാഗം. കുയിലിന് കാക്കക്കൂട്ടില്‍ എന്താണ് കാര്യം?