'ദയവായി ഇക്കാര്യത്തിന് മുതിരാതിരിക്കുക'; അഭ്യര്‍ഥനയുമായി സച്ചിദാനന്ദന്‍

'നിങ്ങള്‍ക്ക് എന്ത് എഴുതണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളതു പോലെ തന്നെ വായനക്കാരന്/ ക്കാരിക്കു  എന്ത് വായിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട്'
 

K Satchidanandan facebook post on book release

തിരുവനന്തപുരം: എഴുത്തുകാരോട് അഭ്യര്‍ഥനയുമായി എഴുത്തുകാരനും സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ സച്ചിദാനന്ദന്‍ (K Satchidanandan). നിര്‍ബന്ധിക്കാനോ, പുസ്തകം കൊണ്ട് തന്നു പിറ്റേ ദിവസം അഭിപ്രായം പറയണം എന്ന് ആവശ്യപ്പെടാനോ, അതും പോരാഞ്ഞു അത് വായിച്ചു പഠിച്ചു ഒരാഴ്ചയ്ക്കുള്ളില്‍ അതിന്റെ പ്രകാശനം നടത്തണം എന്ന് പറയാനോ ആരും ദയവായി മുതിരാതിരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഞാന്‍ എന്ത് വായിക്കണം എന്നത് എന്റെ മാത്രം തീരുമാനമാണ്. ആ തെരഞ്ഞെടുപ്പ് പ്രായം കൂടുകയും സമയം കുറയുകയും ചെയ്യുമ്പോള്‍ കുറേക്കൂടി കര്‍ക്കശം ആകുന്നതും സ്വാഭാവികം.

നിങ്ങള്‍ക്ക് എന്ത് എഴുതണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളതു പോലെ തന്നെ വായനക്കാരന്/ ക്കാരിക്കു  എന്ത് വായിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട് എന്ന് അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ന് ഒരാള്‍ പറയാതെ വന്നു വീടിന്റെ    വാതിലില്‍ മുട്ടി ഡോക്ടര്‍ ഉപദേശിച്ച എന്റെ ചെറിയ ഉച്ചമയക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി ഒരു പുസ്തകം കയ്യില്‍ പിടിപ്പിച്ചു അത് ഉടന്‍ റിലീസ് ചെയ്യണം എന്നാവശ്യപ്പെട്ടപ്പോള്‍ ഇത്രയെങ്കിലും പറയണമെന്ന് തോന്നിയെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി. 

സച്ചിദാനന്ദന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മിക്ക എഴുത്തുകാരും വിശ്വസിക്കുന്നത് തങ്ങള്‍ എഴുതുന്നത് ഉത്തമ സാഹിത്യം ആണെന്നാണ്. അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. എന്നാല്‍ അതെല്ലാം വായിക്കണമെന്ന് മറ്റൊരാളെ -അയാള്‍ എന്നെപ്പോലെ പല കാര്യങ്ങളും ചെയ്യേണ്ടി വരുന്ന ഒരാള്‍ ആകുമ്പോള്‍ വിശേഷിച്ചും- നിര്‍ബന്ധിക്കാനോ, പുസ്തകം കൊണ്ട് തന്നു പിറ്റേ ദിവസം അഭിപ്രായം പറയണം എന്ന് ആവശ്യപ്പെടാനോ, അതും പോരാഞ്ഞു അത് വായിച്ചു പഠിച്ചു ഒരാഴ്ചയ്ക്കുള്ളില്‍ അതിന്റെ പ്രകാശനം നടത്തണം എന്ന് പറയാനോ- ദയവായി മുതിരാതിരിക്കുക. ഞാന്‍ എന്ത് വായിക്കണം എന്നത് എന്റെ മാത്രം തീരുമാനമാണ്. ആ തെരഞ്ഞെടുപ്പ് പ്രായം കൂടുകയും സമയം കുറയുകയും ചെയ്യുമ്പോള്‍ കുറേക്കൂടി കര്‍ക്കശം ആകുന്നതും സ്വാഭാവികം. നിങ്ങള്ക്ക് എന്ത് എഴുതണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളതു പോലെ തന്നെ വായനക്കാരന്/ ക്കാരിക്കു  എന്ത് വായിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട് എന്ന് അംഗീകരിക്കുക. ഇന്ന് ഒരാള്‍ പറയാതെ വന്നു വീടിന്റെ    വാതിലില്‍ മുട്ടി ഡോക്ടര്‍ ഉപദേശിച്ച എന്റെ ചെറിയ ഉച്ചമയക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി ഒരു പുസ്തകം കയ്യില്‍ പിടിപ്പിച്ചു അത് ഉടന്‍ റിലീസ് ചെയ്യണം എന്നാവശ്യപ്പെട്ടപ്പോള്‍ ഇത്രയെങ്കിലും പറയണം എന്ന് തോന്നി. ഓരോ ദിവസവും എനിക്ക് ചുരുങ്ങിയത് പത്തു പുസ്തകങ്ങള്‍ കിട്ടുന്നുണ്ട്.  മലയാളത്തിലെ വലുതും ചെറുതുമായ ആനുകാലികങ്ങള്‍ വേറെ. ഭൂമിയില്‍ ബാക്കിയായ ദിവസങ്ങള്‍  പാഴാക്കുന്നത് , ഇങ്ങിനെ ഒരു കുറിപ്പിന് വേണ്ടിപ്പോലും,  അവനവനോട് ചെയ്യുന്ന അപരാധമാണ്.  ഒരാള്‍ക്ക് എന്റെ പ്രായത്തില്‍ കഴിയുന്നതിലേറെ കാര്യങ്ങള്‍ ഞാന്‍ ചെയ്യുന്നുണ്ട്. ഇനിയും ഭാരം വര്‍ദ്ധിപ്പിക്കല്ലേ , സ്‌നേഹം കൊണ്ടാണെങ്കില്‍ പോലും, എന്ന് അപേക്ഷ. വിശ്വസ്തവിനീതന്‍ ( ഒപ്പ്)
 

Latest Videos
Follow Us:
Download App:
  • android
  • ios