ജോണ്‍ ഹെന്‍‍റി ന്യൂമാന്‍, വിശുദ്ധനാവുന്ന എഴുത്തുകാരന്‍

പിന്നീടുള്ള കാലയളവില്‍ നിരവധി പുസ്‍തകങ്ങളെഴുതി അദ്ദേഹം. എന്നാല്‍, 1843 മുതല്‍ മൂന്നുവര്‍ഷത്തോളം അജ്ഞാതവാസത്തിലായിരുന്നു ന്യൂമാന്‍. ആ സമയത്ത് ഒരു പൊതുവേദിയിലും അദ്ദേഹത്തെ കാണാനാകുമായിരുന്നില്ല.

john henry newman as a writer

ജോണ്‍ ഹെന്‍‍റിയെ വിശുദ്ധനായി പ്രഖ്യാപിക്കുകയാണ്. അറിയപ്പെടുന്ന ഒരു എഴുത്തുകാരന്‍ കൂടിയായിരുന്നു ജോണ്‍ ഹെന്‍‍റി. പണ്ഡിതനും വൈദികനും ഒക്കെയായിരിക്കുമ്പോഴും സാഹിത്യത്തിലുള്ള അദ്ദേഹത്തിന്‍റെ സാന്നിധ്യവും സംഭാവനയും എടുത്തുപറയേണ്ടത് തന്നെയാണ്.

ആരായിരുന്നു ജോണ്‍ ഹെന്‍‍റി
1801 ഫെബ്രുവരി 21 -ന് ജോണ്‍ ന്യൂമാന്‍റെയും ജെമീനായുടെയും മകനായി ലണ്ടനിലായിരുന്നു ജോണ്‍ ഹെന്‍‍റി ന്യൂമാന്‍റെ ജനനം. മൂന്നു സഹോദരന്മാരും മൂന്ന് സഹോദരിമാരും... ഏറ്റവും  മൂത്തത് അദ്ദേഹമായിരുന്നു. എന്നാല്‍, തുടക്കകാലത്തൊന്നും ഭക്തനോ ദൈവഭയമോ ഉള്ള ആളായിരുന്നില്ല ന്യൂമാന്‍. 'ദൈവത്തിനോ ക്രിസ്തുവിനോ എന്‍റെ ഭാവനയില്‍ സ്ഥാനമുണ്ടായിരുന്നില്ല. അമ്മാതിരി ആശയങ്ങള്‍ക്ക് എന്‍റെ യുക്തിബോധവുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ല' എന്ന് അദ്ദേഹം തന്നെ ആത്മകഥയിലെഴുതിയിട്ടുണ്ട്. എന്നാല്‍, പതിനഞ്ചാമത്തെ വയസ്സില്‍ സംഭവിച്ച മാനസാന്തരം അദ്ദേഹത്തെ ദൈവത്തിന്‍റെ വഴികളിലേക്ക് നയിച്ചു എന്ന് പറയേണ്ടിവരും. 

പഠിക്കാന്‍ വളരെ കേമനൊന്നുമായിരുന്നില്ല ന്യൂമാന്‍. ഗ്രേറ്റ് ഏര്‍ലിങ് സ്‍കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഓക്സ്ഫോര്‍ഡ് ട്രിനിറ്റി കോളേജില്‍ തുടര്‍വിദ്യാഭ്യാസം. വാള്‍ട്ടര്‍ സ്കോട്ടിന്‍റെ നോവലുകള്‍, പൈന്‍, ഹ്യൂം എന്നിവരുടെ എഴുത്തുകളാണ് അദ്ദേഹത്തെ ആകര്‍ഷിച്ചത്. പിന്നീടാണ് അദ്ദേഹം ആംഗ്ലിക്കന്‍ സെമിനാരിയില്‍ ചേരുന്നത്. 1824 ജൂണ്‍ 13 -ന് ഡീക്കനായും 1825 മെയ് 25 -ന് വൈദികനായും അദ്ദേഹം ആരോഹിതനായി. 15 വര്‍ഷമാണ് ആംഗ്ലിക്കന്‍ സഭയില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചത്. 1833 -ലാണ് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയോട് ചേര്‍ന്ന് 'ഓക്സ്ഫോര്‍ഡ് മൂവ്മെന്‍റ്' എന്ന പ്രസ്ഥാനം ആരംഭിക്കുന്നത്. സഭയുടെ ആരാധനക്രമവും ദൈവശാസ്ത്രപരവുമായ തലങ്ങളിലുള്ള പുനരുജ്ജീവനത്തിനായിരുന്നു ഇത്. 

പിന്നീടുള്ള കാലയളവില്‍ നിരവധി പുസ്‍തകങ്ങളെഴുതി അദ്ദേഹം. എന്നാല്‍, 1843 മുതല്‍ മൂന്നുവര്‍ഷത്തോളം അജ്ഞാതവാസത്തിലായിരുന്നു ന്യൂമാന്‍. ആ സമയത്ത് ഒരു പൊതുവേദിയിലും അദ്ദേഹത്തെ കാണാനാകുമായിരുന്നില്ല. പ്രാര്‍ത്ഥനയും പഠനവുമായിരുന്നു അന്നദ്ദേഹം ചെയ്‍തുപോന്നിരുന്നത്. 1845 -ല്‍ ലിറ്റില്‍മൂറിലെ വാഴ്‍ത്തപ്പെട്ട ഡോമിനിക് ബാര്‍ബേരി അദ്ദേഹത്തെ കത്തോലിക്കാ വിശ്വാസത്തിലേക്ക് നയിച്ചു. 

1847 -ല്‍ ഒമ്പതാം പിയൂസ് മാര്‍പ്പാപ്പയില്‍നിന്നും പൗരോഹിത്യം സ്വീകരിച്ചു. അദ്ദേഹത്തിന്‍റെ അവസാനകാലം അദ്ദേഹം ബേര്‍മിങ്ങിലെ സ്‍കൂളിലായിരുന്നു ചെലവഴിച്ചത്. വഴിതെറ്റിയവരെ സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കാനുള്ള നിയോഗം ന്യൂമാന്‍ തെരഞ്ഞെടുത്തു. ആ സമയത്താണ് ശ്രദ്ധേയമായ പ്രാര്‍ത്ഥനകളും മറ്റ് സാഹിത്യങ്ങളും അദ്ദേഹം രചിക്കുന്നത്. 89 -ാമത്തെ വയസ്സില്‍ 1890 ആഗസ്‍ത് 11 -നാണ് അദ്ദേഹം മരിക്കുന്നത്. 2010 സപ്‍തംബര്‍ 19 -ന് ഇംഗ്ലണ്ടിലെ തന്‍റെ സന്ദര്‍ശനത്തിനിടെ ബെനഡിക്ട് പതിനാറാമന്‍ അദ്ദേഹത്തെ വാഴ്‍ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 

ന്യൂമാന്‍ നേരത്തെ എഴുതിയിരുന്നു കുഞ്ഞുകവിതകള്‍ ഒരേ സമയം വിശുദ്ധിയും കവിതയുടെ ഭംഗിയും പേറുന്നതായിരുന്നു. അദ്ദേഹം രചിച്ച ദൈർഘ്യമേറിയ കൃതി 'ദി ഡ്രീം ഓഫ് ജെറോണ്ടിയസ്' ഡാന്‍റേയുടെ അതേ പാതയിലൂടെ അദൃശ്യലോകത്തെ പ്രതിനിധീകരിക്കാൻ ശ്രമിക്കുന്നു. അദ്ദേഹത്തിന്റെ ഗദ്യശൈലി, പ്രത്യേകിച്ച് കത്തോലിക്കാ കാലഘട്ടത്തിൽ, പുതിയതും ഊർജ്ജസ്വലവുമായിരുന്നു. അദ്ദേഹത്തിന്റെ നിഗമനങ്ങളോട് അനുഭാവം പുലർത്താത്തവരെപ്പോലും ആ രചനകള്‍ ആകര്‍ഷിച്ചു. അദ്ദേഹം നടത്തിയ സ്വകാര്യ കത്തിടപാടുകളും എടുത്തുപറയേണ്ടതാണ്. അതിമനോഹരമായ രചനാശൈലിയായിരുന്നു ആ കത്തുകളില്‍പ്പോലും. 'ലീഡ് കൈന്‍ഡ്‍ലി ലൈറ്റ്' (പ്രകാശമേ നയിച്ചാലും) എന്നു തുടങ്ങുന്ന അദ്ദേഹത്തിന്‍റെ കവിത എല്ലാക്കാലവും എല്ലാവരും ഓര്‍ക്കുന്ന ഒന്നായിരുന്നു. 
 

Latest Videos
Follow Us:
Download App:
  • android
  • ios