Jnanpith Awards : നീൽമണി ഫൂക്കനും ദാമോദർ മോസോയ്ക്കും ജ്ഞാനപീഠപുരസ്കാരം
കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും ജ്ഞാനപീഠ പുരസ്കാരങ്ങളാണ് ഒന്നിച്ച് പ്രഖ്യാപിച്ചത്. അസമീസ് ഭാഷയിലെ പ്രശസ്ത കവിയാണ് കഴിഞ്ഞ വർഷത്തെ പുരസ്കാരം നേടിയ നീൽമണി ഫൂക്കൻ. ഗോവൻ ചെറുകഥാകൃത്തും പ്രശസ്ത കൊങ്കണി തിരക്കഥാകൃത്തുമാണ് ഈ വർഷത്തെ പുരസ്കാരം നേടിയ ദാമോദർ മോസോ.
ദില്ലി: അസമീസ് എഴുത്തുകാരൻ നീൽമണി ഫൂക്കനും കൊങ്കണി സാഹിത്യകാരൻ ദാമോദർ മോസോയ്ക്കും ജ്ഞാനപീഠ പുരസ്കാരം (Jnanpith Award). കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും ജ്ഞാനപീഠ പുരസ്കാരങ്ങളാണ് ഒന്നിച്ച് പ്രഖ്യാപിച്ചത്. അസമീസ് ഭാഷയിലെ പ്രശസ്ത കവിയാണ് കഴിഞ്ഞ വർഷത്തെ പുരസ്കാരം നേടിയ നീൽമണി ഫൂക്കൻ (Nilmani Phookan). ഗോവൻ ചെറുകഥാകൃത്തും പ്രശസ്ത കൊങ്കണി തിരക്കഥാകൃത്തുമാണ് ഈ വർഷത്തെ പുരസ്കാരം നേടിയ ദാമോദർ മോസോ (Damodar Mauzo).
ഗോവയിലെ പ്രശസ്തനായ ചെറുകഥാകൃത്തും നോവലിസ്റ്റും നിരൂപകനും കൊങ്കണി തിരക്കഥാകൃത്തുമായ ദാമോദർ മോസോയ്്ക് 1983-ൽ കാർമേലിൻ എന്ന നോവലിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരംലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ചെറുകഥാ സമാഹാരമായ 'തെരേസാസ് മാൻ ആന്‍റ് അദർ സ്റ്റോറീസ് ഫ്രം ഗോവ' 2015-ൽ ഫ്രാങ്ക് ഒ'കൊനോർ അന്താരാഷ്ട്ര പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു. സാഹിത്യഅക്കാദമിയിൽ വിവിധ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.
ഗോവയുടെ സമരമുഖങ്ങളിൽ ശ്രദ്ധേയനായ മനുഷ്യാവകാശപ്രവർത്തകൻ കൂടിയാണ് ദാമോദർ മോസോ. 1967-ൽ ഗോവയ്ക്ക് പ്രത്യേകസംസ്ഥാനപദവി വേണോ എന്ന് ചോദിക്കുന്ന അഭിപ്രായസർവേയിൽ പങ്കെടുക്കാനും ജനങ്ങളെ അതിനനുകൂലമായി വോട്ട് ചെയ്യാനും പ്രേരിപ്പിച്ച അദ്ദേഹം, മഹാരാഷ്ട്രയുമായി ഗോവയെ ചേർക്കുന്നതിനെ ശക്തമായി എതിർത്തിരുന്നു. കൊങ്കണിയ്ക്ക് ഔദ്യോഗികഭാഷാപദവി നൽകുക, ഗോവയ്ക്ക് പ്രത്യേകസംസ്ഥാനപദവി നൽകുക, കൊങ്കണിയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി രാജ്യത്തെ അംഗീകൃതഔദ്യോഗികഭാഷയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുളള 'കൊങ്കണി പൊർജെച്ചോ ആവാസ്' എന്ന സാംസ്കാരികമുന്നേറ്റത്തിന്‍റെ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം.
2015-ൽ പ്രൊഫസർ കൽബുർഗിയെ വലതുപക്ഷതീവ്രവാദികൾ വെടിവച്ചു കൊന്നപ്പോൾ അതിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച അദ്ദേഹം തീവ്രഹിന്ദുസംഘടനകളുടെ കണ്ണിലെ കരടായി. 2018-ൽ ഗൗരി ലങ്കേഷിന്‍റെ വധം അന്വേഷിച്ച കർണാടക പൊലീസിന്‍റെ പ്രത്യേകസംഘം തീവ്രവലതുസംഘടനായയ സനാതൻ സൻസ്ഥ ദാമോദർ മോസോയെ വധിക്കാനും പദ്ധതിയിട്ടിരുന്നുവെന്ന് വിവരം കിട്ടിയതായി വെളിപ്പെടുത്തി. പിന്നീടിത് സനാതൻ സൻസ്ഥ നിഷേധിച്ചു. അന്ന് മുതൽ ദാമോദർ മോസോയ്ക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ് ഗോവൻ സർക്കാർ.
സൂദ്, കാർമെലിൻ, സുനാമി സിമോൺ എന്നിവയാണ് ദാമോദർ മോസോയുടെ നോവലുകൾ. ഗാഥോൻ, സാഗ്രന്ന, റുമാദ് ഫുൽ, ഭുർഗിം മുഗെലിം ടിം, സപൻ മോദി എന്നിവ ചെറുകഥാസമാഹാരങ്ങളും. നിരവധി കുട്ടികൾക്കുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
അസമീസ് കാവ്യശാഖയിലെ പ്രതീകാത്മക കവികളിൽ പ്രധാനിയാണ് നീൽമണി ഫൂക്കൻ. നിരവധി യൂറോപ്യൻ, ജാപ്പനീസ് കവിതകൾ അദ്ദേഹം അസമീസിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. സൂര്യ ഹേനു നാമി ആഹേ എയ് നൊദിയെദി, ഗുലാപി ജാമുർ ലഗ്നാ, കൊബിത എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രസിദ്ധ കൃതികൾ. 1981-ൽ കൊബിത എന്ന അദ്ദേഹത്തിന്‍റെ കവിതാസമാഹാരത്തിന് അദ്ദേഹത്തിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. 1990-ൽ രാജ്യം പദ്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. 2002-ൽ സാഹിത്യഅക്കാദമി ഫെലോഷിപ്പും അദ്ദേഹത്തിന് ലഭിച്ചു.