പരല്‍മീനിനെ വലവീശും പോലെ മഞ്ഞിനെ പിടിക്കാനാവുമോ?

ഹുന്ത്രാപ്പിബുസാട്ടോ. വൈക്കം മുഹമ്മദ് ബഷീര്‍ കഥാപാത്രമായി വരുന്ന കുട്ടികളുടെ നോവല്‍ ഭാഗം 8.  രചന: കെ പി ജയകുമാര്‍. രേഖാചിത്രം: ജഹനാര. 
 

Hunthrappi Bussatto kids novel by KP jayakumar  part 8

പ്രിയപ്പെട്ട കൂട്ടുകാരെ, 


എന്നാല്‍, നമുക്കൊരു നോവല്‍ വായിച്ചാലോ?
ഹുന്ത്രാപ്പി ബുസ്സാട്ടോ. 

ഈ പേര് ചിലരൊക്കെ കേട്ടിട്ടുണ്ടാവും. 
നമ്മുടെ നാട്ടിലെ ഒരേയൊരു സുല്‍ത്താന്‍ 
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയുടെ പേര്. 
ആ പേര് സ്വന്തമായി കിട്ടിയ രണ്ട് കുട്ടികളുടെ കഥയാണിത്. 
നിങ്ങളെ പോലെ രസികന്‍ കുട്ടികള്‍. 

അച്ഛനും അമ്മയും ഇട്ട പേര് ഇഷ്ടപ്പെടാത്തതിനാല്‍
ബഷീറിനെ തേടിവന്നതാണ് ആ കുട്ടികള്‍. 
ബഷീര്‍ അവര്‍ക്ക്  ഹുന്ത്രാപ്പി എന്നും ബുസ്സാട്ടോ എന്നും പേരിട്ടു. 
എന്നിട്ടോ? അവര്‍ ലോകം കാണാനിറങ്ങി. 

ഈ കഥ എഴുതിയത്, കെ പി ജയകുമാര്‍ എന്ന അങ്കിളാണ്. 
ചേര്‍ത്തല എന്‍ എസ് എസ് കോളജിലെ മലയാളം അധ്യാപകനാണ് ജയകുമാര്‍. 
പുസ്തകങ്ങളും ലേഖനങ്ങളും ഒക്കെ എഴുതുന്ന ആളാണ്.  

ഇതിലെ ചിത്രങ്ങള്‍ വരച്ചത് നിങ്ങളെ പോലൊരു കുട്ടിയാണ്. 
ജഹനാരാ എന്നാണ് അവളുടെ പേര്. 
തിരുവനന്തപുരം സര്‍വോദയ വിദ്യാലയത്തില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുകയാണ്. 

അപ്പോള്‍, വായിച്ചു തുടങ്ങാം, ല്ലേ. 
ഇതു വായിച്ച് അഭിപ്രായം പറയണം. 
submissions@asianetnews.in എന്ന വിലാസത്തില്‍ മെയില്‍ അയച്ചാല്‍ മതി. 

എന്നാല്‍പിന്നെ, തുടങ്ങാം ല്ലേ...

 

Hunthrappi Bussatto kids novel by KP jayakumar  part 8

 

മരുഭൂമിയുടെ നടുവിലൂടെ സൂര്യഗുലു നടന്നു. കൂടാരങ്ങളില്‍ എല്ലാവരും ഉറക്കമായിരുന്നു. 

മൂടല്‍മഞ്ഞിലൂടെ നേരം പുലര്‍ന്നു വരുന്നത് കാണാം. മഞ്ഞിന്റെ വെളുത്ത പഞ്ഞിക്കൂട്ടങ്ങള്‍ അയാളെ തഴുകി. സൂര്യഗുലുവിന്റെ തലപ്പാവില്‍ മഞ്ഞിന്റെ ഈര്‍പ്പം തങ്ങിനിന്നു. 

പകല്‍ ചുട്ടുപൊള്ളുന്ന വെയില്‍. രാത്രിയില്‍  മഞ്ഞ്. ഒരിക്കലും ചേരാത്ത ഈ കാലാവസ്ഥയ്ക്ക് നടുവില്‍ എങ്ങനെ ജീവിക്കും. ആമിമുത്തശ്ശിയുടെയും കൂട്ടരുടെയും ജീവിതം എന്താവും? സൂര്യഗുലുവിന് ഒരെത്തുംപിടിയും കിട്ടിയില്ല. 

നേരം പുലര്‍ന്ന് വളരെ വൈകിയാണ് സൂര്യഗുലു ഉണര്‍ന്നത്. സംഘത്തിലുള്ളവരെല്ലാം യാത്രക്കുള്ള ഭാണ്ഡങ്ങള്‍ മുറുക്കി കാത്തിരിക്കുകയായിരുന്നു. ഉണര്‍ന്നെഴുന്നേറ്റ സൂര്യഗുലു കൂട്ടരോടായി പറഞ്ഞു. ''നമ്മളിന്ന് പോവുന്നില്ല. മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയ ഈ മനുഷ്യരെ നമുക്ക് സഹായിക്കേണ്ടതുണ്ട്. അതിനുള്ള വഴികള്‍ ആലോചിക്കണം. രണ്ടുദിവസമെങ്കിലും നമ്മള്‍ ഇവിടെ തങ്ങുന്നു. എന്താ എല്ലാവര്‍ക്കും സമ്മതമല്ലെ?'' 

ആര്‍ക്കും എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ, ആമിമുത്തശ്ശിയേയും കൂട്ടരേയും എങ്ങനെ സഹായിക്കും എന്നുമാത്രം ആര്‍ക്കും അറിയില്ലായിരുന്നു.  എല്ലാവരും തലപുകഞ്ഞ് ആലോചിച്ചുകൊണ്ടിരുന്നു. അങ്ങനെ ഒരു ദിവസം കഴിഞ്ഞു. 

പിറ്റേന്ന് രാവിലെ സൂര്യഗുലു അതിരാവിലെ എഴുന്നേറ്റു. 

അദ്ദേഹം ഒരു പരിഹാരം കണ്ടെത്തിയിരുന്നു. അത് പറയാന്‍ രാത്രിയാവണം. അതിനാല്‍, സൂര്യഗുലു പകല്‍ മുഴുവന്‍ കൂടാരത്തില്‍ കഴിച്ചുകൂട്ടി. ആമി മുത്തശ്ശിയെ കാണാന്‍ പോലും പുറത്തിറങ്ങിയില്ല.  

രാത്രിയായി. 

കൂടാരങ്ങളില്‍ വെളിച്ചം തെളിഞ്ഞു. പന്തങ്ങള്‍ പ്രകാശം പരത്തി. രാത്രി വൈകുന്തോറും ചൂട് കുറഞ്ഞു. 

സൂര്യഗുലു ആമി മുത്തശ്ശിയുടെ കുടിലിലേക്കു നടന്നു. മുത്തശ്ശി തിണ്ണയില്‍ വിശ്രമിക്കുന്നുണ്ടായിരുന്നു. 

സൂര്യഗുലു  പറഞ്ഞു. ''ഈ രാത്രികൂടി ഞങ്ങള്‍ ഇവിടെ തങ്ങും. നാളെ പുലരുമ്പോള്‍ യാത്ര. അതിനുമുമ്പ് എനിക്കു ചിലത് പറയാനുണ്ട്. ഇന്ന് രാത്രി അത്താഴത്തിന് മുത്തശ്ശിയും കൂട്ടരും ഞങ്ങളോടൊപ്പം വരണം. കഴിയുമെങ്കില്‍ ഈ രാത്രി ഉറങ്ങാതിരിക്കണം.''

സൂര്യഗുലു എന്താണ് ഉദ്ദേശിക്കുന്നതെന്ന് മുത്തശ്ശിക്ക് മനസ്സിലായില്ല. എങ്കിലും ക്ഷണം മുത്തശ്ശി സ്വീകരിച്ചു. 

മരുഭൂമിയില്‍ അവിടവിടെ പന്തങ്ങള്‍ തെളിഞ്ഞു. അടുപ്പില്‍ തീയെരിഞ്ഞു. പലതരം വിഭവങ്ങള്‍ തിളക്കുന്നതിന്റെ നറുമണം അന്തരീക്ഷത്തില്‍ പടര്‍ന്നു. ആവിപറക്കുന്ന വിഭവങ്ങള്‍ മണ്‍പാത്രങ്ങളില്‍ പകര്‍ന്ന് അതിഥികള്‍ക്ക് നല്‍കുന്ന തിരക്കിലായിരുന്നു യാത്രാ സംഘം. 

ഉറക്കെ തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും എല്ലാവരും ഭക്ഷണത്തിനുചുറ്റുമിരുന്നു. 

പാതിരാത്രി കഴിഞ്ഞു. ആട്ടവും പാട്ടും തുടര്‍ന്നു. ആരും ഉറങ്ങിയിട്ടില്ല. 

തണുത്ത കാറ്റിന് ശക്തി കൂടിക്കൂടി വന്നു. മൂടല്‍മഞ്ഞ് എല്ലാവരെയും പൊതിഞ്ഞു. 

 

.......................................

അപ്പോള്‍ സൂര്യഗുലു ഒരു കഥ പറഞ്ഞു. കഥയല്ല ചരിത്രം. സ്വന്തം ഗ്രാമത്തിന്റെ ചരിത്രം.

Hunthrappi Bussatto kids novel by KP jayakumar  part 8
 വര: ജഹനാര

 

സൂര്യഗുലു കൈകള്‍ കൊട്ടി എഴുന്നേറ്റ് നിന്നു. 

എല്ലാവരും നിശബ്ദരായി അയാള്‍ക്ക് ചെവികൊടുത്തു. സൂര്യഗുലു മുത്തശ്ശിയുടെ കൈകളില്‍ മുറുകെ പിടിച്ചുകൊണ്ട് എല്ലാവരോടുമായി പറഞ്ഞു. ''പ്രകൃതി നമ്മളെ തോല്‍പ്പിക്കില്ല. നമ്മളാണ് പ്രകൃതിയെ തോല്‍പ്പിക്കാന്‍ പുറപ്പെടുന്നത്. നമ്മളാണ് തോറ്റുമടങ്ങുന്നത്. ഈ ഭൂമുഖത്ത് നമ്മള്‍ ഇല്ലാതാവണമെന്ന് പ്രപഞ്ചം ഒരിക്കലും ആഗ്രഹിക്കുന്നില്ല. അതിനാല്‍, നമുക്കു മുന്നില്‍ ഒരുവഴി അടയുമ്പോള്‍ മറ്റൊന്ന് തുറക്കുന്നുണ്ട്. നാമത് കണ്ടെത്തി ഉപയോഗിക്കണം.'' 

സൂര്യഗുലു എന്താണ് പറഞ്ഞുവരുന്നതെന്ന് മുത്തശ്ശിക്കും കൂട്ടര്‍ക്കും മനസ്സിലായില്ല. 

''നിങ്ങള്‍ ഒന്ന് തലയില്‍ കൈവച്ചു നോക്കൂ....'' സൂര്യഗുലു നിര്‍ദ്ദേശിച്ചു. 

എല്ലാവരും കൈകള്‍ ശിരസ്സില്‍ വച്ചു. 

''മഞ്ഞ് വീണ് മുടി നനഞ്ഞിട്ടില്ലെ?'' അദ്ദേഹം തിരക്കി.

''ഉവ്വ്.'' എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു.

''ഇവിടെ രാത്രിയില്‍ മഞ്ഞുവീഴുന്നുണ്ട്. മൂടല്‍ മഞ്ഞുകൊണ്ട് മരുഭൂമി മറയുന്നുണ്ട്. നിങ്ങളതു കാണുന്നില്ല?''- സൂര്യഗുലുവിന്റെ ചോദ്യം.

''കാണുന്നുണ്ട്. തണുപ്പ് അനുഭവിക്കുന്നുമുണ്ട്.'' മുത്തശ്ശി പറഞ്ഞു. 

''മുത്തശ്ശി, ഈ മൂടല്‍ മഞ്ഞിന്റെ സഞ്ചാര വഴികളില്‍ നമുക്ക് വലവിരിക്കണം.'' സൂര്യഗുലു ആവേശത്തോടെ തുടര്‍ന്നു. 

''പുഴമീനുകളെ വലവീശിപ്പിടിക്കും പോലെ. മഞ്ഞിന്റെ മേഘങ്ങളെ നമുക്ക് വലവിരിച്ച് പിടിക്കണം....'' സൂര്യഗുലുവിന്റെ വാക്കുകള്‍ മുത്തശ്ശിയെ അത്ഭുതപ്പെടുത്തി. 

''മഞ്ഞിന് വലി വിരിക്കുകയോ? എങ്ങനെ? എന്തിന്?'' മുത്തശ്ശിയുടെ ആ സംശയം തന്നെയായിരുന്നു എല്ലാവരുടെ ഉള്ളിലും. 

എങ്ങനെയാണ് ഇത് സാധ്യമാകുന്നതെന്ന് അവര്‍ക്ക് മനസ്സിലായില്ല. മഞ്ഞിനെ വലവിരിച്ച് പിടിക്കുകയോ? 

''മീനുകളെ വലയെറിഞ്ഞ് പിടിക്കുമ്പോലെ മുത്തശ്ശീ... ഈ മഞ്ഞിന്റെ ചെമ്മരിയാട്ടിന്‍ കൂട്ടങ്ങളെ നമുക്കിവിടെ പിടിച്ചു കെട്ടാം. അങ്ങനെ ഈ മരുഭൂമിയില്‍ വെള്ളം നിറയും. നമുക്കിവിടം ഒരു മഹാവനം ഉണ്ടാക്കാം. '' സൂര്യഗുലുവിന്റെ വാക്കുകളുടെ ആവേശത്തില്‍ എല്ലാവരും തണുപ്പ് മറന്നു. 

പക്ഷെ, എങ്ങനെയാണ് മഞ്ഞിനെ ജലമാക്കി മാറ്റുന്നതെന്ന് ആര്‍ക്കും മനസ്സിലായില്ല.  

അപ്പോള്‍ സൂര്യഗുലു ഒരു കഥ പറഞ്ഞു. 

കഥയല്ല ചരിത്രം. സ്വന്തം ഗ്രാമത്തിന്റെ ചരിത്രം.

മഞ്ഞ് മേഘങ്ങള്‍ക്ക് വലവിരിച്ച കഥയിലേയ്ക്ക് സൂര്യ ഗുലു ആ രാത്രിയെ നയിച്ചു. എല്ലാവരും കഥ കേട്ട് ഉറക്കം മറന്നു.

 

ഭാഗം ഒന്ന്: ഹുന്ത്രാപ്പി ബുസ്സാട്ടോ, ബഷീര്‍ കഥാപാത്രമായ കുട്ടികളുടെ നോവല്‍ ആരംഭിക്കുന്നു 
ഭാഗം രണ്ട്. ആ ആഞ്ഞിലിമരം എവിടെ? 
ഭാഗം മൂന്ന്: പറന്നിറങ്ങുന്ന തക്കോഡക്കോയുടെ കാലിലതാ, ഒരാള്‍!
ഭാഗം നാല്: അന്നു രാത്രി അവര്‍ കാടിനു തീയിട്ടു, പക്ഷികളും മൃഗങ്ങളും കാട്ടുമനുഷ്യരും വെന്തു മരിച്ചു
ഭാഗം അഞ്ച്: മരുഭൂമിയിലെ നീരുറവ
ഭാഗം ആറ്: മരുഭൂമി മുറിച്ചു വരുന്ന ആ ഒട്ടകങ്ങളില്‍ ശത്രുവോ മിത്രമോ?
ഭാഗം ഏഴ്: നെല്ലിക്കയുടെ രുചിയുള്ള കാട്ടമൃത്! 

 

Latest Videos
Follow Us:
Download App:
  • android
  • ios