മരുഭൂമി മുറിച്ചു വരുന്ന ആ ഒട്ടകങ്ങളില്‍ ശത്രുവോ മിത്രമോ?

ഹുന്ത്രാപ്പിബുസാട്ടോ. വൈക്കം മുഹമ്മദ് ബഷീര്‍ കഥാപാത്രമായി വരുന്ന കുട്ടികളുടെ നോവല്‍ ഭാഗം6.  രചന: കെ പി ജയകുമാര്‍. രേഖാചിത്രം: ജഹനാര. 
 

Hunthrappi Bussatto kids novel by KP jayakumar  part 6

പ്രിയപ്പെട്ട കൂട്ടുകാരെ, 


എന്നാല്‍, നമുക്കൊരു നോവല്‍ വായിച്ചാലോ?
ഹുന്ത്രാപ്പി ബുസ്സാട്ടോ. 

ഈ പേര് ചിലരൊക്കെ കേട്ടിട്ടുണ്ടാവും. 
നമ്മുടെ നാട്ടിലെ ഒരേയൊരു സുല്‍ത്താന്‍ 
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയുടെ പേര്. 
ആ പേര് സ്വന്തമായി കിട്ടിയ രണ്ട് കുട്ടികളുടെ കഥയാണിത്. 
നിങ്ങളെ പോലെ രസികന്‍ കുട്ടികള്‍. 

അച്ഛനും അമ്മയും ഇട്ട പേര് ഇഷ്ടപ്പെടാത്തതിനാല്‍
ബഷീറിനെ തേടിവന്നതാണ് ആ കുട്ടികള്‍. 
ബഷീര്‍ അവര്‍ക്ക്  ഹുന്ത്രാപ്പി എന്നും ബുസ്സാട്ടോ എന്നും പേരിട്ടു. 
എന്നിട്ടോ? അവര്‍ ലോകം കാണാനിറങ്ങി. 

ഈ കഥ എഴുതിയത്, കെ പി ജയകുമാര്‍ എന്ന അങ്കിളാണ്. 
ചേര്‍ത്തല എന്‍ എസ് എസ് കോളജിലെ മലയാളം അധ്യാപകനാണ് ജയകുമാര്‍. 
പുസ്തകങ്ങളും ലേഖനങ്ങളും ഒക്കെ എഴുതുന്ന ആളാണ്.  

ഇതിലെ ചിത്രങ്ങള്‍ വരച്ചത് നിങ്ങളെ പോലൊരു കുട്ടിയാണ്. 
ജഹനാരാ എന്നാണ് അവളുടെ പേര്. 
തിരുവനന്തപുരം സര്‍വോദയ വിദ്യാലയത്തില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുകയാണ്. 

അപ്പോള്‍, വായിച്ചു തുടങ്ങാം, ല്ലേ. 
ഇതു വായിച്ച് അഭിപ്രായം പറയണം. 
submissions@asianetnews.in എന്ന വിലാസത്തില്‍ മെയില്‍ അയച്ചാല്‍ മതി. 

എന്നാല്‍പിന്നെ, തുടങ്ങാം ല്ലേ...

 

Hunthrappi Bussatto kids novel by KP jayakumar  part 6

 

സൂര്യഗുലു

മരുഭൂമിയില്‍ പകല്‍ അതിഭയങ്കര ചൂടാണ്. രാത്രിയില്‍ സഹിക്കാന്‍ കഴിയാത്ത തണുപ്പും. 

പൊന്നുരുന്തിയില്‍ നിന്നും ഓടിപ്പോന്നപ്പോള്‍ ധരിച്ച വസ്ത്രങ്ങള്‍ അല്ലാതെ തണുപ്പ് മാറ്റാന്‍ അവരുടെ കൈയില്‍ ഒന്നുമുണ്ടായിരുന്നില്ല. കുടിക്കാന്‍ അരുവിയിലെ ഇത്തിരി വെള്ളവും. മാറി മാറി വരുന്ന ചൂടും തണുപ്പും താങ്ങാനാവാതെ കുട്ടികള്‍ക്ക് രോഗം വന്നു. ചിലര്‍ മരിച്ചു. കുടിലുകള്‍ ദുഃഖത്തിലായി. 

പകലത്തെ ചൂടില്‍നിന്നും രക്ഷപ്പെടാന്‍ അവര്‍ ചെറുകുടിലുകളുടെ ഇത്തിരി തണലത്ത് ഒതുങ്ങിയിരുന്നു. തണുപ്പ് അസഹ്യമായപ്പോള്‍ മണലില്‍ കുഴികള്‍ കുഴിച്ച് തല ഒഴികെ  ബാക്കി ഭാഗം പൂഴിയില്‍ മൂടിക്കിടന്ന് അവര്‍ നേരം വെളുപ്പിച്ചു. ദിവസങ്ങള്‍ പോയി. ജീവിതത്തിന് ഒരുലക്ഷ്യവും ആര്‍ക്കും ഉണ്ടായിരുന്നില്ല. 

മരുഭൂമി അവരെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു. 

വല്ലപ്പോഴുമൊക്കെ ചില ഒട്ടക സഞ്ചാരികള്‍ മരുഭൂമി കടന്ന് എത്തും. അവര്‍ക്ക് വെള്ളവും വിശ്രമിക്കാന്‍ സ്ഥലവും നല്‍കും. പകരമവര്‍ ഭക്ഷണ സാധനങ്ങള്‍ നല്‍കി. ഇങ്ങനെ, വിശപ്പിനും ഭക്ഷണത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തിലൂടെയാണ് അവര്‍ ജീവിച്ചുപോന്നത്. 

മരുഭൂമിയില്‍ വെയില്‍ കൂടി വരുകയാണ്. അരുവിയില്‍ വെള്ളം കുറഞ്ഞുവരുന്നു. ആ വെള്ളം കൂടി ഇല്ലാതായാല്‍ എല്ലാവരും ദാഹിച്ച് മരിക്കും. മുത്തശ്ശിക്ക് ഭയം വന്നു. എപ്പോള്‍ മഴപെയ്യുമെന്നോ അരുവിയില്‍ വെള്ളം വരുമെന്നോ ആര്‍ക്കും നിശ്ചയമില്ല.

എന്നെങ്കിലും വരാനിടയുള്ള ഒട്ടക സംഘത്തെ കാത്ത് കുടിലുകളില്‍ എല്ലാവരും നിശ്ശബ്ദരായി കഴിഞ്ഞു. 

വേനല്‍ കത്തുകയാണ്. അരുവിയിലെ കുടിനീര്‍ വറ്റുന്നു. പടിഞ്ഞാറോട്ട് കച്ചവടത്തിന് പോയ ഏതാനും ഒട്ടക യാത്രക്കാര്‍ മടങ്ങിയെത്താനുണ്ട്. അതാണ് അവസാന പ്രതീക്ഷ. 

ഒരു വൈകുന്നേരമാണ് കുട്ടികള്‍ ആ കാഴ്ച കണ്ടത്. മരുഭൂമിയുടെ കണ്ണെത്താദൂരത്ത് പൊടിപടലങ്ങള്‍ ഉയരുന്നു. 

കുട്ടികള്‍ നേരെ കുടിലുകളിലേക്ക് പാഞ്ഞു. കുടിലുകള്‍ പെട്ടന്ന് ഉണര്‍ന്നു. എല്ലാവരും പുറത്ത് വന്ന് ആ കാഴ്ച്ച കണ്ടു. പൊടി പടലങ്ങള്‍ കൂടിക്കൂടി വരുന്നു. ഒന്നും വ്യക്തമായി കാണാന്‍ വയ്യ. എല്ലാവര്‍ക്കും നേരിയ ഭയമുണ്ട്.  വരുന്നവര്‍ ശത്രുക്കളോ മിത്രങ്ങളോ? 

ഇടത്തുകൈ നെറ്റിയില്‍ വെച്ച് വെയിലിനെ മറച്ച് മുത്തശ്ശി ദൂരേക്കു സൂക്ഷിച്ചുനോക്കി. കണ്ണുകള്‍ ചുളിഞ്ഞതല്ലാതെ ഒന്നും വ്യക്തമായി കണ്ടില്ല. 

''നിങ്ങളെല്ലാം കുടിലിനുള്ളിലേക്ക് പോവൂ. ഞാന്‍ പറഞ്ഞതിന് ശേഷം വന്നാല്‍ മതി. '' ആമി മുത്തശ്ശി കുട്ടികളെയും വൃദ്ധരെയും കുടിലുകളിലേക്ക് പറഞ്ഞയച്ചു. ചെറുപ്പക്കാര്‍ മാത്രം മുത്തശ്ശിക്കൊപ്പം നിന്നു. 

പൊടിപടലങ്ങള്‍ അടുത്തുവന്നു. നെഞ്ചിടിപ്പോടെ മുത്തശ്ശിയും കൂട്ടരും നിരന്നു നിന്നു. കുടിലിനുള്ളില്‍ നിന്നും വൃദ്ധരും കുട്ടികളും പുറത്തേക്ക് എത്തിനോക്കി. 

നല്ല കാറ്റുണ്ട്. വൈകിട്ടത്തെ വെളിച്ചത്തില്‍ പൊടിപടലങ്ങള്‍ സ്വര്‍ണ്ണം പോലെ തിളങ്ങി. എല്ലാം നിഴല്‍ രൂപങ്ങളായാണ് കാണുന്നത്. 

സൂര്യന്‍ അസ്തമിച്ചു. ഇരുട്ടു പരന്നു.

''യാത്രാ സംഘമാണെന്നു തോന്നുന്നു. പക്ഷെ, അന്ന് നഗരത്തിലേക്ക് പോയവരാണോ എന്ന് സംശയമാണ്.'' ആമി മുത്തശ്ശിയുടെ ചെറു മകള്‍ ചുള്ളി ഒരു മണല്‍ക്കുന്നിന്റെ മുകളില്‍ കയറി വിളിച്ചു പറഞ്ഞു. 

''അവര്‍ ആവില്ല.  മഴക്കാലം തുടങ്ങിയാലേ അവര്‍ നാട്ടിലേക്ക് മടങ്ങിപ്പോവൂ. അതിനായിട്ടില്ല.'' മുത്തശ്ശി മനസ്സില്‍ പറഞ്ഞു.  

''ഒട്ടകപ്പുറത്ത് വെള്ളക്കൊടികളുണ്ട്. കുഴപ്പക്കാരാണെന്ന് തോന്നുന്നില്ല. ചിലപ്പോള്‍ തീര്‍ത്ഥാടക സംഘമാവും.''ചുള്ളി പറഞ്ഞു. 
മുത്തശ്ശിക്കും കൂട്ടര്‍ക്കും തെല്ല് ആശ്വാസമായി. 

സംഘം കുടിലുകള്‍ക്ക് കുറച്ചകലെ വന്നുനിന്നു. ഒരാള്‍ മാത്രം താഴെയിറങ്ങി അവര്‍ക്കു നേരെ വലതുകൈ വീശി. മുത്തശ്ശി തിരിച്ചും അഭിവാദ്യം ചെയ്തതോടെ അയാള്‍ അടുത്തുവന്നു. സംഘത്തിലെ മറ്റുള്ളവര്‍ ഒട്ടകപ്പുറത്ത് തന്നെ ഇരുന്നു. 

''ഞാന്‍ സൂര്യഗുലു. ഈ സംഘത്തിന്റെ തലവന്‍. പടിഞ്ഞാറ് മറാവോ താഴ്വരയില്‍ നിന്നും വരുന്നു.'' അയാള്‍ സ്വയം പരിചയപ്പെടുത്തി. 

നീല നിറമുള്ള നീളന്‍ കുപ്പായമായിരുന്നു അയാള്‍ ധരിച്ചിരുന്നത്. സ്വര്‍ണ്ണം പതിച്ചതുപോലുള്ള തലപ്പാവ്. ഇരുവശത്തേക്കും വളര്‍ത്തി മനോഹരമായി പിരിച്ചുവച്ച മേല്‍മീശ. ഇറങ്ങി നില്‍ക്കുന്ന കൃതാവ്. സൗമ്യമായ കറുപ്പു നിറം. ഭംഗിയായി ചിരിച്ചുകൊണ്ടാണ് സൂര്യഗുലു സംസാരിക്കുന്നത്. 

ശത്രുവല്ലെന്ന് മനസ്സിലായതോടെ ആമി മുത്തശ്ശിക്ക് സമാധാനമായി.

''പറയൂ, ഞങ്ങള്‍ എന്തു സഹായമാണ് ചെയ്തുതരേണ്ടത്?'' മുത്തശ്ശി തിരക്കി. 

''ഞങ്ങള്‍ മധ്യഭൂമിയിലേക്ക് പോവുകയാണ്, മുത്തശ്ശീ. അവിടെ കുറേ ബന്ധുക്കളുണ്ട്. രണ്ട് ദിവസത്തെ യാത്ര കൊണ്ട് എല്ലാവരും തളര്‍ന്നു. വെള്ളവും തീര്‍ന്നു. ഇനിയീ രാത്രി യാത്ര ചെയ്യുക ബുദ്ധിമുട്ടാണ്.  ഇന്ന് രാത്രി ഇവിടെ താമസിക്കാന്‍ ഞങ്ങളെ അനുവദിക്കണം. നാളെ പുലര്‍ച്ചെ പൊയ്ക്കൊള്ളാം.'' സൂര്യഗുലു പറഞ്ഞു. 

''അതിനെന്താ...നിങ്ങള്‍ക്ക് ഈ രാത്രി ഇവിടെ കഴിയാം.'' മുത്തശ്ശി സന്തോഷത്തോടെ അവരെ കുടിലുകളിലേക്ക് ക്ഷണിച്ചു. 

അപ്പോഴേക്കും ചുള്ളിയുടെ നേതൃത്വത്തില്‍ അതിഥികള്‍ക്ക് കുടിക്കാന്‍ വെള്ളം എത്തി. സൂര്യഗുലുവിന്റെ നിര്‍ദ്ദേശം അനുസരിച്ച് എല്ലാവരും ഒട്ടകപ്പുറത്തു നിന്നും ഇറങ്ങിത്തുടങ്ങി. 

ഇരുള്‍ പരന്നു. മരുഭൂമിയില്‍ ഒരു രാത്രികൂടി ആരംഭിക്കുകയായി. 

ഒട്ടകപ്പുറത്തുനിന്നും ഇറങ്ങിയവര്‍  മതിയാവോളം വെള്ളം കുടിച്ചു. യാത്രയും ദാഹവും അവരെ തളര്‍ത്തിയിരുന്നു. വെള്ളം കുടിച്ചുപ്പോള്‍ അവര്‍ക്ക് പുതുജീവന്‍ കിട്ടി.  എല്ലാവരുടെയും മുഖത്ത് സന്തോഷം.

''ശരി നമുക്ക് ജോലിതുടങ്ങാം.'' സൂര്യഗുലു സംഘത്തെ നോക്കി പറഞ്ഞു. 

ഉടനെ അവര്‍ ഒട്ടകപ്പുറത്തുനിന്നും എന്തൊക്കയോ സാധനങ്ങള്‍ ഇറക്കി. വലിയ ഭാണ്ഡങ്ങള്‍, പാത്രങ്ങള്‍, നീളന്‍ കമ്പുകളും നിറമുള്ള തുണികളും. 

മുത്തശ്ശിയും കൂട്ടരും അത് നോക്കി നിന്നു.  

നല്ല ഇരുട്ടായി. മരുഭൂമിയില്‍ എത്ര വേഗമാണെന്നോ ഇരുള്‍പരക്കുക!

മണലില്‍ അവിടവിടെയായി കുത്തി നിര്‍ത്തിയ കമ്പുകളില്‍ അവര്‍ തിരിതെളിച്ചു. പന്തങ്ങള്‍!  ഇരുട്ടില്‍ ചുറ്റിലും പന്തങ്ങള്‍ തെളിഞ്ഞു. അവിടമാകെ വെളിച്ചം പരന്നു. 

പണ്ട്, ഊരിലെ ഉല്‍സവ ദിവസമാണ് ഇതുപോലെ പന്തങ്ങള്‍ തെളിയുക. മൈതാനത്ത് പന്തങ്ങളുടെ വെളിച്ചത്തില്‍ എല്ലാവരും പാട്ടുപാടി നൃത്തം ചെയ്യും. മണ്ണിനും ആകാശത്തിനും പ്രകൃതിക്കും മൃഗങ്ങള്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ആ രാത്രി എല്ലാവരും ഉറക്കമിളക്കും. 

ഇപ്പോള്‍ ആ കാടില്ല. കുടിലുകളില്ല. മൃഗങ്ങളും കൃഷിയും ഉത്സവങ്ങളുമില്ല. ജീവിതം ഈ മരുഭൂമിയിലായി.

 

...........................................

മണലില്‍ അവിടവിടെയായി കുത്തി നിര്‍ത്തിയ കമ്പുകളില്‍ അവര്‍ തിരിതെളിച്ചു. പന്തങ്ങള്‍!  ഇരുട്ടില്‍ ചുറ്റിലും പന്തങ്ങള്‍ തെളിഞ്ഞു. അവിടമാകെ വെളിച്ചം പരന്നു. 

Hunthrappi Bussatto kids novel by KP jayakumar  part 6

വര: ജഹനാര

 

പണ്ട്, ഊരിലെ ഉല്‍സവ ദിവസമാണ് ഇതുപോലെ പന്തങ്ങള്‍ തെളിയുക. മൈതാനത്ത് പന്തങ്ങളുടെ വെളിച്ചത്തില്‍ എല്ലാവരും പാട്ടുപാടി നൃത്തം ചെയ്യും. മണ്ണിനും ആകാശത്തിനും പ്രകൃതിക്കും മൃഗങ്ങള്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ആ രാത്രി എല്ലാവരും ഉറക്കമിളക്കും. 

ഇപ്പോള്‍ ആ കാടില്ല. കുടിലുകളില്ല. മൃഗങ്ങളും കൃഷിയും ഉത്സവങ്ങളുമില്ല. ജീവിതം ഈ മരുഭൂമിയിലായി.

ആ നല്ല ദിനങ്ങള്‍ ഓര്‍മ്മ വന്നപ്പോള്‍ മുത്തശ്ശിക്ക് സങ്കടം വന്നു. അവര്‍ മണലില്‍ തളര്‍ന്നിരുന്നു. 

യാത്രക്കാരുടെ സംഘം തിരക്കിട്ട് ജോലിചെയ്യുകയാണ്. നീളന്‍ കമ്പുകള്‍ മണലില്‍ കുത്തിനാട്ടി. അതിനുമുകളില്‍ നിറമുള്ള വലിയ തുണികള്‍ വലിച്ചുകെട്ടി അവര്‍ ഭംഗിയുള്ള ഒരു കൂടാരം പണിതു. പുറത്ത്, കല്ലുകള്‍ വെച്ച് അടുപ്പുകൂട്ടി. ഒരു സംഘമാളുകള്‍ ഭക്ഷണം പാകം ചെയ്യാന്‍ തുടങ്ങി. എല്ലാവരും വലിയ ഉല്‍സാഹത്തിലാണ്. 

ചുള്ളിയും കൂട്ടുകാരും അവര്‍ക്ക സഹായങ്ങള്‍ ചെയ്തു നടക്കുന്നു. 

ഒറ്റക്കിരിക്കുകയായിരുന്ന മുത്തശ്ശിയുടെ സമീപത്തേക്ക് സൂര്യഗുലു മെല്ലെ നടന്നു വന്നു. 

''ഞങ്ങള്‍ക്ക് തങ്ങാന്‍ ഇടം തന്നതിന് വളരെ നന്ദി. ഇന്ന് രാത്രി ഭക്ഷണത്തിന് മുത്തശ്ശിയും കൂട്ടരും ഞങ്ങളോടൊപ്പം കൂടണം.'' സൂര്യഗുലു ക്ഷണിച്ചു.

''താങ്കളുടെ നല്ല മനസ്സിന് നന്ദി.'' മുത്തശ്ശി ക്ഷണം സ്വീകരിച്ചു.

കുടിലുകളില്‍ നിന്ന് എല്ലാവരുമെത്തി. മുത്തശ്ശിയും കൂട്ടരും അതിഥികള്‍ക്കായി പാട്ടുപാടി. 

''തന്നിന്ന താനിനന്ന തന്നിന്നാരോ...തന്നിന്നാരോ
അന്തചാമി പിറന്തയിടമെല്ലില്ലാരോ-നല്ല
ചന്ദനമാമരവുമല്ലില്ലാരോ...അല്ലില്ലാരോ
നല്ലരെക്കമുള്ള താമ്പൂലമല്ലില്ലാരോ....ഓ...
തന്നിന്ന താനിനന്ന തന്നിന്നാരോ...തന്നിന്നാരോ'' 

പാട്ടും നൃത്തം തുടര്‍ന്നു. മരുഭൂമിയില്‍ ഉല്‍സവം നടക്കുന്നത് പോലായി.  

പാതിര കഴിഞ്ഞപ്പോള്‍ മഞ്ഞുപെയ്യാന്‍ തുടങ്ങി. കൂടാരത്തിലേക്ക് തണുപ്പ് അരിച്ചെത്തി. ഒട്ടക സംഘത്തിലെല്ലാവരും ഉറക്കം പിടിച്ചു. മറ്റുള്ളവര്‍ അവരവരുടെ കുടിലുകളിലേക്ക് പോയി. കത്തിച്ചുവെച്ച പന്തങ്ങളില്‍ ചിലത് കെട്ടുതുടങ്ങി. ചിലത് മുനിഞ്ഞ് കത്തി. 

കൂടാരത്തിലെ റാന്തല്‍ വെളിച്ചത്തില്‍ ആമി മുത്തശ്ശിയും സൂര്യഗുലുവും സംസാരിച്ചിരുന്നു. 

മുത്തശ്ശി സൂര്യഗുലുവിനോട് തങ്ങളുടെ കഥ പറഞ്ഞു. പൊന്നുരുന്തിയുടെയും കാട്ടുതീയുടെയും കഥ. മരുഭൂമിയുടെ കഥ. 

''ഇനിയും ചൂടു കൂടിയാല്‍ വെള്ളം പോലുമില്ലാതെ ഞങ്ങള്‍ മരിക്കും. അരുവിയിലെ ജലവും തീരുകയാണ്.'' മുത്തശ്ശി സങ്കടത്തോടെ പറഞ്ഞു നിര്‍ത്തി.

കഥ കേട്ട് സൂര്യഗുലുവിന്റെ കണ്ണു നിറഞ്ഞു. 

രാത്രി വൈകിയിരിക്കുന്നു. തണുത്തകാറ്റ് വീശിയടിക്കുന്നു. കൂടാരത്തിന്റെ മേല്‍ക്കൂര മഞ്ഞില്‍ നനഞ്ഞുകിടന്നു. 

''വൈകിയല്ലോ...ഇനി മുത്തശ്ശി ഉറങ്ങിക്കൊള്ളു. ആദ്യം പറഞ്ഞതുപോലെ പുലര്‍ച്ചെ ഞങ്ങള്‍ പോവുന്നില്ല. നാളെ നമ്മള്‍ വീണ്ടും കാണും.'' സൂര്യഗുലു പറഞ്ഞു. എന്നിട്ട് മുത്തശ്ശിയോട് യാത്ര പറഞ്ഞ് ഉറങ്ങാന്‍ പോയി. 

 

ഭാഗം ഒന്ന്: ഹുന്ത്രാപ്പി ബുസ്സാട്ടോ, ബഷീര്‍ കഥാപാത്രമായ കുട്ടികളുടെ നോവല്‍ ആരംഭിക്കുന്നു 
ഭാഗം രണ്ട്. ആ ആഞ്ഞിലിമരം എവിടെ? 
ഭാഗം മൂന്ന്: പറന്നിറങ്ങുന്ന തക്കോഡക്കോയുടെ കാലിലതാ, ഒരാള്‍!
ഭാഗം നാല്: അന്നു രാത്രി അവര്‍ കാടിനു തീയിട്ടു, പക്ഷികളും മൃഗങ്ങളും കാട്ടുമനുഷ്യരും വെന്തു മരിച്ചു
ഭാഗം അഞ്ച്: മരുഭൂമിയിലെ നീരുറവ

Latest Videos
Follow Us:
Download App:
  • android
  • ios