ഈ മഴക്കാട് പണ്ടൊരു മരുഭൂമിയായിരുന്നു!
ഹുന്ത്രാപ്പിബുസാട്ടോ. വൈക്കം മുഹമ്മദ് ബഷീര്‍ കഥാപാത്രമായി വരുന്ന കുട്ടികളുടെ നോവല്‍ ഭാഗം 154. രചന: കെ പി ജയകുമാര്‍. രേഖാചിത്രം: ജഹനാര.
പ്രിയപ്പെട്ട കൂട്ടുകാരെ,
എന്നാല്‍, നമുക്കൊരു നോവല്‍ വായിച്ചാലോ?
ഹുന്ത്രാപ്പി ബുസ്സാട്ടോ.
ഈ പേര് ചിലരൊക്കെ കേട്ടിട്ടുണ്ടാവും.
നമ്മുടെ നാട്ടിലെ ഒരേയൊരു സുല്‍ത്താന്‍
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയുടെ പേര്.
ആ പേര് സ്വന്തമായി കിട്ടിയ രണ്ട് കുട്ടികളുടെ കഥയാണിത്.
നിങ്ങളെ പോലെ രസികന്‍ കുട്ടികള്‍.
അച്ഛനും അമ്മയും ഇട്ട പേര് ഇഷ്ടപ്പെടാത്തതിനാല്‍
ബഷീറിനെ തേടിവന്നതാണ് ആ കുട്ടികള്‍.
ബഷീര്‍ അവര്‍ക്ക് ഹുന്ത്രാപ്പി എന്നും ബുസ്സാട്ടോ എന്നും പേരിട്ടു.
എന്നിട്ടോ? അവര്‍ ലോകം കാണാനിറങ്ങി.
ഈ കഥ എഴുതിയത്, കെ പി ജയകുമാര്‍ എന്ന അങ്കിളാണ്.
ചേര്‍ത്തല എന്‍ എസ് എസ് കോളജിലെ മലയാളം അധ്യാപകനാണ് ജയകുമാര്‍.
പുസ്തകങ്ങളും ലേഖനങ്ങളും ഒക്കെ എഴുതുന്ന ആളാണ്.
ഇതിലെ ചിത്രങ്ങള്‍ വരച്ചത് നിങ്ങളെ പോലൊരു കുട്ടിയാണ്.
ജഹനാരാ എന്നാണ് അവളുടെ പേര്.
തിരുവനന്തപുരം സര്‍വോദയ വിദ്യാലയത്തില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുകയാണ്.
അപ്പോള്‍, വായിച്ചു തുടങ്ങാം, ല്ലേ.
ഇതു വായിച്ച് അഭിപ്രായം പറയണം.
submissions@asianetnews.in എന്ന വിലാസത്തില്‍ മെയില്‍ അയച്ചാല്‍ മതി.
എന്നാല്‍പിന്നെ, തുടങ്ങാം ല്ലേ...
കാട്ടിലൂടെ നടക്കുകയായിരുന്നു അവര്‍-ഹുന്ത്രാപ്പിയും ബുസ്സാട്ടോയും മ്യാമിയും തക്കോഡക്കോയും. കാടിന്റെ മണം പരത്തി ഇളംകാറ്റ് വീശുന്നുണ്ടായിരുന്നു.
''ചെമ്മരിയാടുകള്‍ ഉണ്ടായിരുന്നെങ്കില്‍ എത്ര രസമായിരുന്നു'' ഹുന്ത്രാപ്പി പറഞ്ഞു.
''ഞാനിതുവരെ ഒട്ടകത്തെ കണ്ടിട്ടില്ല...'' ബുസ്സാട്ടോ.
''അയ്യേ, ഞാനൊക്കെ ഒട്ടകപ്പുറത്ത് യാത്ര ചെയ്തിട്ടുണ്ട്'' മ്യാമി തട്ടിവിട്ടു.
''എപ്പോള്‍?...'' തക്കോഡക്കോക്ക് വിശ്വാസം വന്നില്ല.
''സ്വപ്നത്തില്‍...ഞാന്‍ പറഞ്ഞിട്ടില്ലെ?'' ഒന്നു പരുങ്ങിയ ശേഷം മ്യാമി സാധാരണമട്ടില്‍ പറഞ്ഞു.
''അയ്യേ... ഞാനാണെങ്കില്‍, സ്വപ്നത്തില്‍ അമേരിക്ക വരെ പോയിട്ടുണ്ട്. സ്റ്റാച്യു ഓഫ് ലിബര്‍ട്ടിക്കു മുന്നിലൂടെ നടന്നിട്ടുമുണ്ട്...'' ഹുന്ത്രാപ്പി പറഞ്ഞു. .
''ഫുള്‍ടൈം ഉറക്കമല്ലെ, ഒട്ടകപ്പുറത്ത് കേറിയില്ലെങ്കിലെ അത്ഭുതമുള്ളു.'' ബുസ്സാട്ടോയും മ്യാമിയെ വിട്ടില്ല. പൂച്ചകളുടെ പകലുറക്കത്തെ അവള്‍ അവസരം നോക്കി കളിയാക്കി.
നടന്നു നടന്ന് അവര്‍ ഒരു താഴ്വരയിലെത്തി. കാടിനോടു ചേര്‍ന്ന് നിറയെ കുടിലുകള്‍. ചുറ്റും പാടങ്ങള്‍. അരികെ ചെടികളും പൂക്കളും. എങ്ങും ചിത്ര ശലഭങ്ങള്‍ പാറി നടക്കുന്നു. കാറ്റിന് തേനിന്റെയും ചോളത്തിന്റെയും മണം.
വര: ജഹനാര
''ഹായ് എന്തുരസമാ, ഇതേതാ സ്ഥലം? '' ബുസാട്ടോ തിരക്കി.
''ഇതാണ് തേവര്‍കുടി.'' തക്കു പറഞ്ഞു.
''ഇവിടെ നിന്നല്ലെ നമുക്ക് തേന്‍ കിട്ടുമെന്ന് നീ പറഞ്ഞത്.'' ഹുന്ത്രാപ്പി അപ്പോഴാണ് തേനിന്റെ കാര്യം ഓര്‍ത്തത്.
''ഓ.. ഒരു തേന്‍ കൊതിയന്‍'' മ്യാമി കളിയാക്കി.
''അല്ലെങ്കിലും പൂച്ചക്കെന്താ തേനെടുക്കുന്നിടത്ത് കാര്യം. നിനക്ക് മധുരം അറിയില്ലല്ലോ.'' ഹുന്ത്രാപ്പി തിരിച്ചടിച്ചു.
''മധുരമോ? അതെന്താ?'' മ്യാമിക്ക് മനസ്സിലായിലായില്ല.
''പൂച്ചകള്‍ക്ക് മധുരം മനസ്സിലാക്കാനുള്ള കഴിവില്ലെന്ന് ഞാന്‍ പഠിച്ചിട്ടുണ്ട്.'' ബുസാട്ടോ പറഞ്ഞു.
''ഈ കാട്ടിനുള്ളിലാരാ കൃഷിയൊക്കെ ചെയ്യുന്നത്.'' ഹുന്ത്രാപ്പി തിരക്കി.
''ആമിമുത്തശ്ശിയും കൂട്ടരും.'' തക്കു പറഞ്ഞു.
''ങേ!? അപ്പോള്‍, ആമി മുത്തശ്ശിയുടെ അടുത്തേക്കാണോ നമ്മള്‍ പോകുന്നത്?'' ഹുന്ത്രാപ്പിയും ബുസ്സാട്ടോയും ഒരുമിച്ചാണ് ചോദിച്ചത്.
''അല്ല, പണ്ട് ഇത് ആമിമുത്തശ്ശിയുടെയും കൂട്ടരുടേയും മരുഭൂമിയായിരുന്നു. അവരന്ന് കാടിന്റെ വിത്തുകള്‍ നട്ടില്ലേ. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇവിടെ വനമായി. അതിനിടയ്ക്ക് വര്‍ഷങ്ങളാണ് കഴിഞ്ഞുപോയത്. അങ്ങനെ മരുഭൂമി ചുരുങ്ങിവന്നു. അവിടേക്ക് കാട് വളര്‍ന്നുകയറി. പക്ഷികള്‍ വന്നു. ചെമ്മരിയാടുകളും കന്നുകാലികളും പെരുകി. അവിടെ മഴപെയ്തു.''
തക്കോഡക്കോ സംസാരിച്ചുകൊണ്ടേയിരുന്നു.
''ഒരിക്കലിവിടം മരുഭൂമിയായിരുന്നോ?.'' ബുസ്സാട്ടോക്ക് വിശ്വസിക്കാനായില്ല.
''എത്ര തലമുറകള്‍ എത്ര വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാക്കിയതാണ് ഈ വനമെന്ന് അറിയുമോ? എന്നാലോ, ഇത് കത്തിച്ച് ചാമ്പലാക്കാന്‍ ഒരു ദിവസംപോലും ആവശ്യമില്ല. '' തക്കോഡക്കോ പറഞ്ഞു.
അവര്‍ നടന്നുനടന്ന് കാടിനുള്ളിലെ വിശാലമായ പ്രദേശത്തേക്ക് ചെന്നുകയറി. ചെറിയ കൃഷിയിടങ്ങള്‍. അവയ്ക്കിടയില്‍ മരങ്ങള്‍. കാടിനെയും കൃഷിയിടങ്ങളെയും വേര്‍തിരിക്കുന്ന അതിരുകളില്ല.
അവിടവിടെയായി ധാരാളം മണ്‍കുടിലുകള്‍ കാണാം. അരികെ കന്നുകാലികള്‍ക്കുള്ള തൊഴുത്തുകള്‍. അപ്പുറം, ധാന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന വലിയൊരു കളം. അത് മുറിച്ചു കടന്നാല്‍ വലിയ ഒരു മണ്‍കുടിലിന്റെ മുന്നിലെത്താം.
തക്കോഡക്കോ ആകാശത്തേക്ക് പറന്നുയര്‍ന്ന് ഒരു പ്രത്യേകതരം ശബ്ദമുണ്ടാക്കി.
കുടിലിന്റെ മുളവാതില്‍ മെല്ലെ തുറന്ന് ഒരാള്‍ പുറത്തേക്കിറങ്ങി.
വളരെ പ്രായമുള്ള ഒരു സ്ത്രീ. പഞ്ഞിപോലുള്ള വെളുത്ത മുടി. നടത്തത്തില്‍ ചെറിയ കൂനുണ്ട്. കുടിലിന്റെ തിണ്ണയില്‍നിന്ന് അവര്‍ മുറ്റത്തേക്കു നോക്കി. കണ്ണുകള്‍ അത്ര പിടിക്കുന്നില്ല. ഇടംകൈ നെറ്റിയില്‍ വെച്ച് കണ്ണുകള്‍ ചുളിച്ച് നോക്കിയപ്പോള്‍ അവര്‍ തക്കുവിനെ കണ്ടു.
അപ്പോള്‍ അവര്‍ നിറഞ്ഞ ചിരിയോടെ ആഗതരെ അകത്തേക്കു ക്ഷണിച്ചു.
തക്കോഡക്കോ ഉമ്മറത്തേക്ക് മെല്ലെ കയി. മ്യാമിയും ഒപ്പം ചെന്നു. ഹുന്ത്രാപ്പിയും ബുസ്സാട്ടോയും ഇത്തിരി പിന്നിലേക്കുമാറി ഉപചാരപൂര്‍വ്വം നിന്നു.
''ഓ.. നീയോ? തക്കൂ.....നീ എവിടയായിരുന്നു ഇത്ര നാള്‍.'' അവര്‍ സ്നേഹത്തോടെ തക്കോഡക്കോയുടെ തൂവലുകളില്‍ തലോടി.
''ങാ... ഒരു സംഘം തന്നെയുണ്ടല്ലൊ. ആരൊക്കയാ തക്കു ഇവര് ? നിന്റെ ചങ്ങാതിമാരാ?'' അപ്പോഴാണ് അവര്‍ മ്യാമിയെ കണ്ടത്.
''ങ്ഹാ..മ്യാമിയുമുണ്ടല്ലോ... നന്നായി എന്തൊക്കയാ വിശേഷം പറയു... '' വൃദ്ധചോദിച്ചു.
''ഇതൊക്കെ എന്റെ കൂട്ടുകാരാണ് ഇത് ഹുന്ത്രാപ്പി, അത് ബുസ്സാട്ടോ. ഇവര്‍ കാടുകാണാന്‍ വന്നതാ. നാട്ടില്‍ നിന്ന്...'' തക്കോഡക്കോ എല്ലാവരേയും പരിയപ്പെടുത്തി.
''കൊള്ളാം എന്നിട്ട് കാടൊക്കെ കണ്ടോ? ഇഷ്ടമായോ എല്ലാവര്‍ക്കും. ?'' വൃദ്ധ തിരക്കി.
''കാടൊക്കെ ഇഷ്ടമായി ഇവര്‍ മുത്തശ്ശിയെ കാണാന്‍ വന്നതാ.'' മ്യാമി പറഞ്ഞു.
''അതിന് ഇവര്‍ക്കെന്നെ അറിയുമോ?'' വൃദ്ധ ചോദിച്ചു.
''ഇപ്പോ, അറിയാം. ഞങ്ങള്‍ ഈ കാടിന്റെ കഥയൊക്കെ ഇവര്‍ക്ക് പറഞ്ഞു കൊടുത്തു'' തക്കോഡക്കോ ആവേശത്തോടെ പറഞ്ഞു.
''ങാ..എങ്കില്‍ പറയൂ കുട്ടികളേ, ഞാനാരാ?'' വൃദ്ധയുടെ ചോദ്യം.
''ആമിമുത്തശ്ശി....!'' ഹുന്ത്രാപ്പിയും ബുസ്സാട്ടോയും ഒരേസ്വരത്തില്‍ പറഞ്ഞു.
''ഹി...ഹി...ഹി... അപ്പോ കഥ മുഴുവനായും പറഞ്ഞിട്ടില്ല. അല്ല?'' വൃദ്ധ ചിരിച്ചുകൊണ്ട് ചോദിച്ചു. ''തെറ്റി, ഈ തക്കുവും മ്യാമിയും നിങ്ങളെ പറ്റിച്ചിരിക്കുന്നു. മക്കളേ..'' വൃദ്ധ ഉറക്കെ ചിരിച്ചുകൊണ്ടിരുന്നു. മ്യാമിയും തതക്കോഡക്കോയും ചിരിയില്‍ പങ്കുകൊണ്ടു.
ഹുന്ത്രാപ്പിക്കും ബുസ്സാട്ടോക്കും ഒന്നും മനസ്സിലായില്ല. അവര്‍ അന്തം വിട്ടു നിന്നു.
അപ്പോ കേട്ടതെല്ലാം വെറും കഥയായിരുന്നോ? അവര്‍ക്ക് സംശയമായി.
(അടുത്ത ഭാഗം നാളെ)
ഭാഗം ഒന്ന്: ഹുന്ത്രാപ്പി ബുസ്സാട്ടോ, ബഷീര്‍ കഥാപാത്രമായ കുട്ടികളുടെ നോവല്‍ ആരംഭിക്കുന്നു
ഭാഗം രണ്ട്. ആ ആഞ്ഞിലിമരം എവിടെ?
ഭാഗം മൂന്ന്: പറന്നിറങ്ങുന്ന തക്കോഡക്കോയുടെ കാലിലതാ, ഒരാള്‍!
ഭാഗം നാല്: അന്നു രാത്രി അവര്‍ കാടിനു തീയിട്ടു, പക്ഷികളും മൃഗങ്ങളും കാട്ടുമനുഷ്യരും വെന്തു മരിച്ചു
ഭാഗം അഞ്ച്: മരുഭൂമിയിലെ നീരുറവ
ഭാഗം ആറ്: മരുഭൂമി മുറിച്ചു വരുന്ന ആ ഒട്ടകങ്ങളില്‍ ശത്രുവോ മിത്രമോ?
ഭാഗം ഏഴ്: നെല്ലിക്കയുടെ രുചിയുള്ള കാട്ടമൃത്!
ഭാഗം എട്ട്: പരല്‍മീനിനെ വലവീശും പോലെ മഞ്ഞിനെ പിടിക്കാനാവുമോ?
ഭാഗം ഒമ്പത്: ആകാശത്തേയ്ക്ക് ഒരു ജലധാര, ചുറ്റും മഴവില്ല്!
ഭാഗം പത്ത്: ഒരു പാവം പുലിക്ക് പറ്റിയ അമളി!
ഭാഗം 11: മരുഭൂമിയില്‍ അവര്‍ വിത്തുകള്‍ നടുകയാണ്
ഭാഗം 12: നെല്ലിയരുവിയുടെ കരയില്‍ നാല്‍വര്‍ സംഘം
ഭാഗം 13: കിഴക്കന്‍ ചക്രവാളത്തില്‍ പൊടിപടലങ്ങള്‍
ഭാഗം 14: മരുഭൂമിയിലെ ആ രാത്രിക്ക് പതിവിലുമേറെ നീളമായിരുന്നു