Wars and Russian Literature : യുദ്ധങ്ങൾ റഷ്യൻ സാഹിത്യത്തിൽ ചെലുത്തിയ സ്വാധീനങ്ങൾ

യുദ്ധം എന്ന ദുരിതാനുഭവത്തിൽ നിന്ന് നേട്ടമുണ്ടാക്കുന്ന എന്തെങ്കിലും ഒന്നുണ്ടെങ്കിൽ അത് സാഹിത്യം മാത്രമാണ്.

How wars influenced Russian Literature

യുദ്ധങ്ങൾ അവസാനിക്കുമ്പോൾ, അത്രയും നാൾ ശത്രുക്കളായി പോരാടിയവരിൽ ഏതെങ്കിലും ഒരു കൂട്ടർ സ്വയം വിജയികളായി പ്രഖ്യാപിക്കുമെങ്കിലും, ആത്യന്തികമായി അവശേഷിക്കുന്ന സത്യം, 'ഒരു യുദ്ധവും ആരും ജയിക്കുന്നില്ല' എന്നതാണ്. എന്നിരുന്നാലും, യുദ്ധം എന്ന ദുരിതാനുഭവത്തിൽ നിന്ന് നേട്ടമുണ്ടാക്കുന്ന എന്തെങ്കിലും ഒന്നുണ്ടെങ്കിൽ അത് സാഹിത്യം മാത്രമാണ്. റഷ്യൻ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പല യുദ്ധങ്ങളും അങ്ങനെ സാഹിത്യത്തിന് മുതൽക്കൂട്ടിയ സംഭവങ്ങൾ കൂടിയാണ്. 

1812 -ലെ യുദ്ധം

നിരവധി യുദ്ധങ്ങളുടെ ചോര വീണിട്ടുള്ള റഷ്യൻ മണ്ണിൽ, അക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട യുദ്ധങ്ങളിൽ ഒന്ന് 1812 -ൽ നടന്ന, 'പേട്രിയോട്ടിക് വാർ' എന്നറിയപ്പെട്ട റൂസോ-ഫ്രഞ്ച് യുദ്ധമാണ്. റഷ്യയുടെ ചരിത്രഗതി തന്നെ മാറ്റി മരിച്ച ആ യുദ്ധം, ഒരു പുതുയുഗത്തിനു തന്നെ നാന്ദി കുറിച്ചു. ഈ യുദ്ധത്തോടനുബന്ധിച്ചാണ്  'റഷ്യൻ സ്വത്വം' അതിന്റെ യഥാർത്ഥ മിഴിവോടെ ഉടലെടുക്കുന്നത്. ഈ യുദ്ധത്തോടനുബന്ധിച്ച് പിറന്നുവീണത് ഒരു ഒട്ടനവധി ഉദാത്ത സാഹിത്യ സൃഷ്ടികൾ കൂടിയാണ്. അക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ രചനകളിൽ ഒന്ന്, 'യുദ്ധവും സമാധാനവും' എന്ന ലിയോ ടോൾസ്റ്റോയ് നോവലാണ്. 1860 -കളിലാണ് ഈ സൃഷ്ടി അച്ചടിമഷി പുരളുന്നത്. ചരിത്രവും ഫിക്ഷനും ഇടകലർന്നുള്ള ടോൾസ്റ്റോയുടെ രചന സങ്കേതം ആ യുഗത്തെക്കുറിച്ചുള്ള കൃത്യമായ ഒരു ചിത്രം തന്നെ കടലാസിലേക്ക് പകർത്തുന്നുണ്ട്. അന്ന് നടാടെ വന്നെത്തിയ യുദ്ധത്തെ ജനം കണ്ടിരുന്നത് ഒരു പ്രകൃതി ദുരന്തമെന്നു തന്നെയാണ്. പ്രസ്തുത യുദ്ധം റഷ്യക്ക് പെരും കെടുതികൾ സമ്മാനിച്ച ഒന്നായിരുന്നു എങ്കിലും, കടുത്ത പോരാട്ടത്തിനൊടുവിൽ റഷ്യൻ സൈന്യം യൂറോപ്പിലെ ഏറ്റവും വലിയ ശത്രുക്കളായ ഫ്രാൻസിനെ തറ പറ്റിക്കുക തന്നെ ചെയ്തു. 

How wars influenced Russian Literature

"Clash Of the Titans" എന്നൊക്കെ വിളിക്കാവുന്ന ഒരു യുദ്ധമായിരുന്നു അത്. നന്മയും തിന്മയും തമ്മിലുള്ള യുദ്ധം. അസാധ്യമെന്നു തോന്നിച്ച ആ യുദ്ധവിജയം റഷ്യ ഫ്രാൻസിന്റെ മേൽ നേടിയത് ദൈവത്തിന്റെ 'നേരിട്ടുള്ള ഇടപെടീൽ' എന്നാണ് ലോകം കണ്ടത്.  'A Hero of Our Time’ പോലുള്ള കൃതികളുടെ പേരിൽ പ്രസിദ്ധനായ മിഖായിൽ ലെർമോൺടോവ്, “Were it not the will of God alone /  Old Moscow would have stood!” എന്നമട്ടിൽ തന്റെ ഒരു കവിതയിലെ വരികളിൽ ഈ അഭിപ്രായം പകർത്തി വെക്കുന്നുണ്ട്. റഷ്യൻ നോവലും കവിതയും ഒരേ വീര്യത്തോടെ അന്ന് ആ ഭീകര യുദ്ധത്തെ ഇഴകീറിപരിശോധിക്കുകയും സ്വാംശീകരിക്കുകയും ചെയ്യുന്നുണ്ട്. 

ഈ യുദ്ധത്തോടെയാണ് അന്നോളം സിംഹപ്രതാപിയായി നിന്ന നെപ്പോളിയൻ ചക്രവർത്തിയുടെ പ്രതിച്ഛായക്കും കോട്ടം തട്ടിത്തുടങ്ങുന്നത്. 1804 -ലാണ് നെപ്പോളിയൻ ചക്രവർത്തിയായി സ്വയം പ്രഖ്യാപിക്കുന്നത്. മനുഷ്യന്റെ തലവരയ്ക്ക് നിമിഷ നേരം കൊണ്ടുനടക്കാവുന്ന പരിണാമങ്ങളുടെ സൂചകമായി ഈ യുദ്ധം ചക്രവർത്തിയെ മാറ്റി. 

"അത് നെപ്പോളിയനാണ്, തന്റെ വീരനായകൻ, അയാൾക്ക് മനസ്സിലായി. എന്നാൽ ആ നിമിഷം തനിക്കും ആ ശാരദാകാശത്തിനുമിടയിൽ സംഭവിച്ചുകൊണ്ടിരുന്നതിന്റെ ഊക്കിൽ അയാൾക്ക് നെപ്പോളിയനെന്നത് എത്രമേൽ നിസ്സാരമായ, എത്ര ചെറുതായ, എത്ര ദയനീയനായ ഒരു ജീവിയാണ് എന്ന് തോന്നി. അന്നോളം ചക്രവർത്തിയെക്കുറിച്ച് എഴുതപ്പെട്ട അപദാനങ്ങൾ ഒന്നും തന്നെ ആ നിമിഷം പ്രസക്തമല്ല എന്നയാൾക്ക് തോന്നി " എന്നാണ് യുദ്ധവും സമാധാനവും എന്ന നോവലിലെ ആന്ദ്രേ ബോൾക്കൊൺസ്കി പ്രഭു പറയുന്നത്.

How wars influenced Russian Literature

"എല്ലാവരും അവരവരുടെ ബോധ്യങ്ങൾക്കനുസരിച്ചു മാത്രം പോരാടിയിരുന്നെങ്കിൽ, ഇന്നാട്ടിൽ യുദ്ധമേ ഉണ്ടാവില്ലായിരുന്നു" എന്ന് ടോൾസ്റ്റോയ് വാർ ആൻഡ് പീസിൽ എഴുതിയത് വളരെ കൃത്യമായിരുന്നു. ഭാവിയിൽ അന്നാ കരിനീന എഴുതാനിരുന്ന നോവലിസ്റ്റിന്, സാഹിത്യാഭിരുചി സമ്മാനിച്ച കടങ്ങൾ വീട്ടാൻ വേണ്ടി മാത്രം, സൈനിക സേവനം അനുഷ്ഠിക്കേണ്ടി വരുന്നു പിന്നീട്. ഇരുപതാം ആർട്ടിലറി ബ്രിഗേഡിന്റെ നാലാം ബാറ്ററിയിൽ ടോൾസ്റ്റോയ്ക്ക് ഒരു പാടാനായി ചേരേണ്ടി വരുന്നുണ്ട് അക്കാലത്ത്. ഏതാണ്ട് ഇതേകാലത്താണ് ടോൾസ്റ്റോയ് "കുട്ടിക്കാലം" എന്ന തന്റെ ഏറെ പ്രസിദ്ധമായ ആത്മകഥാംശമുള്ള നോവൽ എഴുതുന്നത്. "ഒരു ഭൂവുടമയുടെ പ്രഭാതം", "കൊസ്സാക്കുകൾ" തുടങ്ങിയ മറ്റു ചില സൃഷ്ടികളുടെയും ബീജം അദ്ദേഹത്തിൽ അങ്കുരിക്കുന്നത് ഇക്കാലത്തു തന്നെയാണ്. 

1853 -ൽ ക്രിമിയൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ അക്കാലത്ത് എഴുതിത്തെളിഞ്ഞു വന്നുകൊണ്ടിരുന്ന നോവലിസ്റ്റ് ഡാന്യൂബ് ആർമിയിലേക്ക് സ്ഥലം മാറ്റപ്പെടുന്നു. അവിടെ വെച്ച് അദ്ദേഹം ഓൾട്ടെനിറ്റാ, സിലിസ്ട്രിയാ യുദ്ധങ്ങളിൽ പങ്കെടുത്ത് പോരാടുന്നു. രണ്ടു വർഷങ്ങൾക്കു ശേഷം, ടോൾസ്റ്റോയ് ക്രിമിയയിലെ സേവാസ്റ്റോപോളിൽ എത്തിച്ചേരുന്നു. പിന്നീടദ്ദേഹം ബ്ലാക്ക് റിവർ, മലക്കോഫ്‌ യുദ്ധങ്ങളിലും തന്റെ പടയെ നയിക്കുന്നു. ജീവിതം നിരന്തരം യുദ്ധമുഖത്ത് കൊണ്ടുചെന്നു നിർത്തിയപ്പോഴും ടോൾസ്റ്റോയ് തന്റെ പോരാട്ടവും എഴുത്തും മുടക്കുന്നില്ല. അലക്‌സാണ്ടർ ഒന്നാമൻ ചക്രവർത്തി പോലും അഭിനന്ദിച്ച, തന്റെ 'സേവാസ്റ്റോപ്പോൾ കഥകളി'ലെ ആദ്യത്തെത് അദ്ദേഹം എഴുതുന്നത് ഇക്കാലത്താണ്. 

ഒന്നാം ലോക മഹായുദ്ധം

ഒന്നാം ലോകമഹായുദ്ധം അതിന്റെ പ്രാരംഭദശയിൽ അറിയപ്പെട്ടത് 'മഹത്തായ യുദ്ധം' അഥവാ 'Great War' എന്നായിരുന്നു. പേര് ഗ്രേറ്റ് വാർ എന്നായിരുന്നു എങ്കിലും ലക്ഷക്കണക്കിനുപേരുടെ ജീവനെടുത്ത ആ യുദ്ധം റഷ്യക്ക് സമ്മാനിച്ചത് സർവനാശം മാത്രമായിരുന്നു. അത് റഷ്യൻ ജനതയുടെ സ്വപ്നങ്ങളെ, പ്രതീക്ഷകളെ, അഭിലാഷങ്ങൾ പാടെ തകർത്തു കളഞ്ഞ ഒന്നായിരുന്നു.  റഷ്യ എന്ന മുറിവേറ്റ മൃഗത്തിന്, അതിലെ തോൽ‌വിയിൽ നിന്ന് ഒരിക്കലും കരകയറാൻ സാധിക്കുന്നില്ല.  നോബൽ സമ്മാന ജേതാവായ ബോറിസ് പാസ്റ്റർനാക് തന്റെ കൃതിയായ 'ഡോ ഷിവാഗോ'യിൽ ഈ യുദ്ധത്തിന്റെ കെടുതികൾ കൃത്യമായി പകർത്തുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ആസ്വാദ്യകരമായ, കാവ്യസുന്ദരമായ നോവലുകളിൽ ഒന്നെന്നാണ് നിരൂപകരിൽ പലരും ഇതിനെ വിലയിരുത്തുന്നത്. 1905 -ലെ റഷ്യൻ വിപ്ലവം, റഷ്യയിലെ രക്തരൂക്ഷിതമായ ആഭ്യന്തര യുദ്ധം, 1917 -ലെ വിപ്ലവം തുടങ്ങിയ പല ചരിത്ര പ്രധാന സംഗതികളെയും ഉൾക്കൊള്ളുന്ന ഒരു സുപ്രധാന രചനയാണ് ഡോ. ഷിവാഗോ."പാതി പ്രവർത്തിച്ചത് യുദ്ധമാണ്. ബാക്കി പാതി വിപ്ലവം പൂർത്തിയാക്കി. യുദ്ധം ജീവിതത്തിനു നേരിടേണ്ടി വന്ന കൃത്രിമമായ ഒരു തടസ്സമായിരുന്നു, ഇടവേളയായിരുന്നു, (എന്തൊരസംബന്ധമാണ് അല്ലേ...) പലരും തടഞ്ഞു വെച്ചിട്ടും പൊട്ടിത്തെറിച്ചു പുറത്തുവന്ന ഒന്നാണ് വിപ്ലവം. ഏറെനാൾ ഒതുക്കിവെച്ചിരുന്ന, ഏറെ വൈകിപ്പോയ ഒരു ദീർഘനിശ്വാസം പുറത്തുവന്നതായിരുന്നു അത്. അതോടെ എല്ലാവരും പുനർജനിച്ചു, എല്ലാവരും മാറ്റങ്ങൾ നമുക്കുണ്ടായി. വ്യക്തിപരവും, സാമൂഹികവുമായ രണ്ടു വിപ്ലവങ്ങൾക്കാണ് നമ്മളോരോരുത്തരും സത്യത്തിൽ വിധേയനായത്. " എന്നാണ് നോവലിൽ പാസ്റ്റർനാക് എഴുതുന്നത്. ഇക്കാലത്തെഴുതപ്പെട്ട നോവലുകൾ ചെയ്തത് കേവലം യുദ്ധഭീകരതകളെ കടലാസിലേക്ക് പകർത്തുക മാത്രമല്ല, സമൂഹത്തിന്റെ നാനാതലങ്ങളിൽ ഉള്ള മനുഷ്യരെ അത് എങ്ങനെ സ്പർശിച്ചു എന്നുകൂടി അവർ തങ്ങളുടെ എഴുത്തുകളിൽ അടയാളപ്പെടുത്താൻ ശ്രമിച്ചു. 

How wars influenced Russian Literature

"ഡോൺ ശാന്തമായി ഒഴുകുന്നു" എന്ന തന്റെ മഹദ് സൃഷ്ടിയിൽ മിഖായിൽ ഷോളോക്കോവ് എന്ന മറ്റൊരു നോബൽ സമ്മാന ജേതാവ്, ഒന്നാം ലോക മഹായുദ്ധകാലത്തെയും, റഷ്യൻ ആഭ്യന്തരയുദ്ധകാലത്തെയും ഡോൺ കൊസ്സാക്സിന്റെ ജീവിതങ്ങളെ പകർത്താൻ ശ്രമിക്കുന്നുണ്ട്. ഏറെ രക്തം ചിന്തുന്ന, ക്രോധവും ക്രൗര്യവും വഴിഞ്ഞൊഴുകുന്ന, നിരവധി പോരാട്ട വർണ്ണനകൾ അടങ്ങിയ ഒന്നായിരുന്നു ഈ നോവൽ.  "Grigory met the Austrian’s gaze. Death-filled eyes gazed at him. The Austrian was slowly bending his knees, a gurgling wheeze humming in his throat. Blinking, Grigory waved his sword. A blow with a long pull tore the skull in two. The Austrian fell, bumping his hands, as if slipping; the halves of the skull were thumped dully on the stone of the pavement.” എന്നാണ് നോവലിലെ ഒരു വർണ്ണന. 

രണ്ടാം ലോക മഹായുദ്ധം

ഈ യുദ്ധം തുടങ്ങുന്നത് 1941 ജൂൺ 22 നു പുലർച്ചെ നാലുമണിയോടെയാണ്. നാസി ജർമനി സോവിയറ്റ് യൂണിയനെ അക്രമിച്ചതായിരുന്നു പ്രകോപനം. അന്ന് യുദ്ധകാഹളം മുഴങ്ങിയപ്പോൾ, റഷ്യയുടെ പ്രിയ കവി ആർസെനി തർക്കോവ്സ്കിക്ക്, (അതേ, പിൽക്കാലത്ത് പ്രസിദ്ധ ചലച്ചിത്ര സംവിധായകനെന്ന പേർകേട്ട ആന്ദ്രേ തർക്കോവ്സ്കിയുടെ അച്ഛൻ) മോസ്‌കോയിൽ തന്റെ സഹ എഴുത്തുകാർക്കൊപ്പം സൈനിക പരിശീലനം നേടേണ്ടി വന്നിട്ടുണ്ട്. പരിശീലനം പൂർത്തിയാക്കിയ തർക്കോവ്സ്കി സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചു എങ്കിലും സൈനിക മെഡിക്കൽ ബോർഡ് അദ്ദേഹത്തിന് അനുമതി നിഷേധിക്കുന്നു. യുദ്ധമുഖത്തേക്ക് ചെന്ന് പോരാടാനുള്ള അനുമതി തേടി, അതിനുള്ള ശുപാർശ അന്നത്തെ സോവിയറ്റ് റൈറ്റേഴ്‌സ് യൂണിയന് പലകുറി അദ്ദേഹം കത്തെഴുതുന്നുണ്ട്. പോരാടാൻ ഒരു സാധ്യതയും ഇല്ല എന്നറിയുമ്പോൾ മാത്രമാണ് ഒരു യുദ്ധ റിപ്പോർട്ടറുടെ ലാവണത്തിലേക്ക് തർക്കോവ്സ്കി തന്റെ ആഗ്രഹങ്ങളെ ചുരുക്കുന്നത്. 
 
തന്റെ ജീവിതത്തിലെ അവസാനത്തെ സമാധാനം നിറഞ്ഞ ദിവസത്തെക്കുറിച്ച് തർക്കോവ്സ്കി അന്നെഴുതുന്ന കവിത,  ‘Saturday, June 21’-ൽ അദ്ദേഹം ഇങ്ങനെ കുറിക്കുന്നു.

There’s one night left to build fortifications.
It’s in my hands, the hope for our salvation.
I’m yearning for the past; then I could warn
Those who were doomed to perish in this war.
A man across the street would hear me cry,
“Come here, now, and death will pass you by.”

ആ യുദ്ധത്തിൽ നാസികളെ ഒടുക്കം തോൽപ്പിക്കുന്നതിൽ റഷ്യ വിജയിച്ചു എങ്കിലും അതിന്റെ പേരിൽ അവർക്കു ബലികൊടുക്കേണ്ടി വന്നത് ഏതാണ്ട് 2.7 കോടി പൗരന്മാരുടെ ജീവനാണ്.  ‘Life and Fate’ എന്ന തന്റെ മാഗ്നം ഓപ്പസ് നോവലിൽ വാസിലി ഗ്രോസ്മാൻ ഈ നശിച്ച യുദ്ധത്തെക്കുറിച്ചും സോവിയറ്റ് സർവ്വാധിപത്യഭരണക്രമത്തെക്കുറിച്ചുമെല്ലാം സൂക്ഷ്മമായി വർണ്ണിക്കുന്നുണ്ട്. യുദ്ധത്തെക്കുറിച്ച് ഒരേയൊരു പുസ്തകമേ വായിക്കാൻ പറ്റൂ എന്നൊരു തിരഞ്ഞെടുപ്പുണ്ടായാൽ, ആരും തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്. ഗ്രോസ്മാന്റെ പുസ്തകത്തെ സ്വാതന്ത്ര്യമെന്ന ആശയത്തെ അതിന്റെ എല്ലാ തലങ്ങളിലും സ്പർശിച്ചുകൊണ്ട് വിശകലനം ചെയ്യുന്ന ഒന്നാണ്. ചിന്തിക്കാനും, തിരഞ്ഞെടുക്കാനും, പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യം ഇതിന്റെ വിഷയമാണ്. രണ്ടാം ലോകമഹായുദ്ധം സോവിയറ്റ് യൂണിയന്റെയും ഈ ലോകത്തെ തന്നെയും എങ്ങനെ ബാധിച്ചു എന്നത് ഈ കൃതിയോളം വിശദീകരിക്കുന്ന മറ്റൊരു സാഹിത്യ സൃഷ്ടിയുമില്ല. ‘Life and Fate’-ൽ ഗ്രോസ്മാൻ നാസി കോൺസൻട്രേഷൻ ക്യാമ്പുകളെക്കുറിച്ചും സ്റ്റാലിന്റെ ഗുലാഗിനെക്കുറിച്ചും ഒരേ തീവ്രതയോടെ വിവരിക്കുന്നുണ്ട്.

How wars influenced Russian Literature

 

ടോൾസ്റ്റോയ് തന്റെ 'യുദ്ധവും സമാധാനവും' എന്ന കൃതിയിലെ ബോറോഡിനോ യുദ്ധത്തിലൂടെ സമർത്ഥിച്ചത് യുദ്ധം കണ്മുന്നിൽ വന്നു സംഹാരനൃത്തം ചവിട്ടുമ്പോൾ ഒരു രാജ്യം എങ്ങനെ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കും എന്നായിരുന്നു എങ്കിൽ, ഗ്രോസ്മാന്റെ നോവൽ നമ്മോടു ചോദിക്കുന്നത്, യുദ്ധമെന്ന പൊതുലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കുമ്പോഴും റഷ്യൻ ജനത സോവിയറ്റ് ഭരണകൂടത്തിന്റെ ചൂഷണങ്ങളെ തിരിച്ചറിയാൻ, അതിനെതിരെ പോരാടാൻ ഒറ്റക്കെട്ടായി നിന്ന് പരിശ്രമിക്കാഞ്ഞത് എന്തെന്നാണ്.  

യുദ്ധം ഒരു രാജ്യത്ത് അടിച്ചേൽപ്പിക്കുന്ന രാഷ്ട്രീയ അസ്ഥിരതയുടെ സ്ഥിരം ഇരയായിരുന്നു റഷ്യയിലെ അറിയപ്പെടുന്ന കവയിത്രി അന്ന അഖ്‌മത്തോവ. അന്നയുടെ ആദ്യപുസ്തകം പുറത്തിറങ്ങുന്നത് 1912 -ലായിരുന്നു. അതിനെത്തുടർന്ന് നിരവധി സമാഹാരങ്ങൾ പുറത്തിറങ്ങി. അതിനിടെയാണ് 1917 -ൽ റഷ്യൻ വിപ്ലവം നടന്ന് വ്ളാദിമിർ ലെനിൻ അധികാരത്തിലേറുന്നത്. കമ്യൂണിസ്റ്റ് സർക്കാരിനെതിരെ പ്രവർത്തിക്കുന്ന കുലംകുത്തികളെ അകത്താക്കാൻ 1919 -ലാണ് ലെനിൻ ഗുലാഗ് എന്ന പേരിൽ തടവറകൾ തുടങ്ങുന്നുന്നത്. 1924  -ൽ  ലെനിൻ സ്ട്രോക്കുവന്നു മരിക്കുന്നു.  അതിനുപിന്നാലെ ജോസഫ് സ്റ്റാലിൻ എന്ന ഏകാധിപതി അധികാരത്തിലേറുന്നതോടെയാണ് ഗുലാഗ് അതിന്റെ പ്രതാപത്തിലെത്തുന്നത്. തനിക്കെതിരെ ഒരു വാക്കെങ്കിലും മിണ്ടിയവരെ, പ്രത്യേകിച്ചൊരു വിചാരണയും കൂടാതെ സ്റ്റാലിൻ ഗുലാഗിലടച്ചു. സോവിയറ്റ് യൂണിയന്റെ വ്യവസായ വിപ്ലവത്തിനുള്ള ഇന്ധനമെന്നാണ് തന്റെ നിർബന്ധിത തൊഴിലെടുപ്പിക്കലിനെ അദ്ദേഹം ന്യായീകരിച്ചുകൊണ്ടിരുന്നത്. മറ്റു പാർട്ടിക്കാരെ മാത്രമല്ല സ്റ്റാലിൻ ഗുലാഗിൽ തള്ളിയത്.  

തന്റെ കവിതകൾ സെൻസർ ചെയ്യപ്പെടും എന്നും പ്രസിദ്ധീകരിക്കാൻ സ്റ്റാലിൻ അനുവദിക്കില്ല എന്നും ഭരണകൂടത്തിന് വിരുദ്ധമായ ഒരക്ഷരമെങ്കിലും കവിതയിലുണ്ടെങ്കിൽ തന്റെ ജീവൻ പോലും അപകടത്തിലായേക്കും എന്നും അറിഞ്ഞിരുന്നിട്ടും കവിതയെഴുതാതിരിക്കാൻ അന്ന എന്ന കവിക്ക് കഴിഞ്ഞില്ല. ഏതുനിമിഷവും രഹസ്യപൊലീസ് അന്നയുടെ അപ്പാർട്ട്‌മെന്റിലേക്ക് ഇരച്ചു കേറി വന്ന് എഴുത്തുകുത്തുകൾ പരിശോധിക്കുന്ന സാഹചര്യമായിരുന്നു. തന്റെ ജീവന്റെ സുരക്ഷിതത്വം മുന്നിൽ കണ്ട്, അന്ന തന്റെ എഴുത്തുരീതി ഒന്ന് പരിഷ്കരിച്ചു. ഒരു ഭാഗം എഴുതുക, അത് ഹൃദിസ്ഥമാക്കുക, എന്നിട്ട് ഒരു തെളിവുപോലും ബാക്കി വെക്കാതെ ആ കടലാസ് അപ്പോൾ തന്നെ ചുട്ടെരിച്ചു കളയുക. ഇതായിരുന്നു സ്റ്റാലിന്റെ രഹസ്യപ്പൊലീസിൽ നിന്നും രക്ഷപ്പെടാൻ അന്ന കണ്ടെത്തിയ മാർഗ്ഗം. ഈ രീതിയ്ക്ക് ഒരൊറ്റ കുഴപ്പമേ ഉണ്ടായിരുന്നുള്ളൂ. അന്നയുടെ കാലം കഴിഞ്ഞാൽ കവിതയും അതോടെ മണ്മറഞ്ഞു പോവും. അതുകൊണ്ട് അന്ന തന്റെ കവിത തന്റെ ആത്മസുഹൃത്തുക്കളിൽ ചിലരെക്കൊണ്ടും മനഃപാഠമാക്കിച്ചു. ഇതിനിടെ 1939 -ൽ അന്നയുടെ താരതമ്യേന നിരുപദ്രവം എന്നു തനിക്ക്   ബോധ്യം വന്ന ചില കവിതകൾ ഒരു സമാഹാരമായി പ്രസിദ്ധീകരിക്കാൻ സ്റ്റാലിൻ അനുമതി നൽകി. പക്ഷേ, ഇറങ്ങി ഒരാഴ്ചയ്ക്കകം തന്നെ പാർട്ടിക്കകത്തുനിന്നും ആ കൃതിയ്‌ക്കെതിരെ മുറുമുറുപ്പുകൾ ഉയരുകയും ഒരൊറ്റ കോപ്പി പോലും ബാക്കിവെക്കാതെ പിടിച്ചെടുത്ത് നശിപ്പിച്ചുകളയുകയും ചെയ്തു. 

How wars influenced Russian Literature

 രണ്ടു ലോകമഹായുദ്ധങ്ങളെയും, 1917 ലെ വിപ്ലവത്തെയും ലെനിൻഗ്രാഡിലെ യുദ്ധത്തെയും എല്ലാം അന്ന തന്റെ ജീവിതകാലത്ത് അതിജീവിക്കുകയുണ്ടായി. തന്റെ അന്ത്യയാത്രയ്ക്ക് മുമ്പ് അഖ്‌മത്തോവ കുറിക്കുന്നത് ഇങ്ങനെയാണ്.

"ഇടിമുഴക്കം കേൾക്കുമ്പോൾ 
നീ എന്നെയോർമ്മിക്കും..
ഓർക്കും, 'അവൾ കൊടുങ്കാറ്റുകൾ 
ആഗ്രഹിച്ചിരുന്നവളാണ്..'
ആകാശത്തിന്റെ അറ്റത്തിനപ്പോൾ 
ചോരച്ചോപ്പുനിറമായിരിക്കും..
പണ്ടെന്നപോലെ അപ്പോഴും 
നിന്റെ ഹൃദയം കനലിലെരിയും..

അന്ന്, മോസ്‌കോയിൽ, എല്ലാം യാഥാർത്ഥ്യമാവും.. 
ഞാനെന്റെ അവസാനയാത്ര പുറപ്പെടും..
ആശിച്ചിരുന്ന ആകാശങ്ങളിലേക്ക് 
പറന്നുയരും, എന്റെ നിഴലിനെ 
നിനക്ക് കൂട്ടുവിട്ടുകൊണ്ട്.."

Latest Videos
Follow Us:
Download App:
  • android
  • ios