Horror Novelette : സര്‍പ്പക്കാവിലെ ബ്രഹ്മരക്ഷസ്, ഹൊറര്‍ നോവലെറ്റ്
സര്‍പ്പക്കാവിലെ ബ്രഹ്മരക്ഷസ്. സന്തോഷ് ഗംഗാധരന്‍ എഴുതിയ ഹൊറര്‍ നോവലെറ്റ് ആരംഭിക്കുന്നു
ഇതൊരത്ഭുതം തന്നെ. ഇത്രയും കാറ്റടിച്ചിട്ടും സര്‍പ്പക്കാവിലെ മരങ്ങളൊന്നും അനങ്ങുന്നേയില്ല. അതെങ്ങനെയാണ്?'' അഖില അതും പറഞ്ഞ് തിരിച്ച് നടന്നു.
''അത് ശരിയാണല്ലോ. അതൊരത്ഭുതം തന്നെ.'' ആരവ് അഖില പറഞ്ഞതിനോടനുകൂലിച്ചു.
''അത് മാത്രമല്ല.'' വിശാല്‍ പറഞ്ഞു. ''കാറ്റടിച്ചിരുന്നത് വടക്ക് പടിഞ്ഞാറ് നിന്ന് തെക്കോട്ടായിരുന്നു. പക്ഷേ, അഖിലയുടെ പാവാട മാത്രം എങ്ങനെയാണ് കാറ്റിനെതിരായി പറന്ന് പോയത്?'
''വിശാല്‍, ഇതാണ് നല്ല സമയം. താന്‍ എപ്പോഴും പറയാറുള്ളതല്ലേ, ഓജോ ബോര്‍ഡ് വച്ച് കളിക്കണമെന്ന്. ഓജോ ബോര്‍ഡ് വെറും തട്ടിപ്പ്. നമുക്കീ ജ്യോത്സ്യന്റെ ബോര്‍ഡെടുത്ത് കവടി നിരത്തി നോക്കാം.'' അഖില വിശാലിനെ തോണ്ടി വിളിച്ചു.
വിശാല്‍ പടിഞ്ഞാപ്പുറത്തെ മാവില്‍ വന്നിരിക്കുന്ന പക്ഷികളെ നോക്കുകയായിരുന്നു. അവ മാവില്‍ വന്നിരുന്ന് ചുറ്റിനും നോക്കിയിട്ട് പതുക്കെ സര്‍പ്പക്കാവിലെ ആ വലിയ മരത്തിന്റെ മുകളിലേയ്ക്ക് ചേക്കേറുന്നത് ഒരു അത്ഭുതമെന്നപോലെ അവന്‍ കണ്ടു. പുറത്ത് നിന്നും വരുന്ന പക്ഷികള്‍ സര്‍പ്പക്കാവിലെ സ്ഥിരം അന്തേവാസികളോട് അനുവാദം ചോദിക്കുന്നു. അവര്‍ തല കുലുക്കിയാല്‍ മാത്രമേ പുത്തന്‍ താമസക്കാര്‍ അങ്ങോട്ട് കയറുകയുള്ളു. നാട്ടുനടപ്പ് പോലെ തന്നെ.
''അയാളുടെ കവടിപ്പലകയെടുത്ത് കളിക്കണോ? കളി കാര്യമായാല്‍ കുഴപ്പമാണ്.'' വിശാലിന് പൊതുവേ ഇക്കാര്യങ്ങളില്‍ ഭയമാണ്.
''തനിയ്ക്ക് ഇത്ര പേടിയോ? നമ്മള്‍ ചുമ്മാ ഒരു രസത്തിന് ചെയ്യുന്നതല്ലേ? അതിലിത്രയധികം ആലോചിക്കാനെന്തിരിക്കുന്നു?''
അഖിലയ്ക്ക് എപ്പോഴും എല്ലാം തമാശയാണ്. പെണ്ണിന് കെട്ടുപ്രായമായെങ്കിലും കുട്ടിക്കളി വിട്ടുമാറിയിട്ടില്ല.
''എനിയ്ക്ക് പേടിയൊന്നുമില്ല.
ബാക്കിയുള്ളവരൊക്കെയെവിടെ? ഒന്നിച്ച് മതി സ്പിരിറ്റിനെ വിളിക്കല്‍.'' വിശാല്‍ ധൈര്യം സംഭരിച്ചു.
''തളത്തിലെ കട്ടിലിന്റെ അടിയിലുണ്ട് കവടിപ്പലകയും ഒരു ചുമന്ന തുണിസഞ്ചിയില്‍ കവടികളും. താനത്
എടുക്കുമ്പോഴേയ്ക്കും ഞാന്‍ മറ്റുള്ളവരെ വിളിച്ച് കൊണ്ടുവരാം.'' അഖില അതും പറഞ്ഞ് മുറ്റത്തേയ്ക്കിറങ്ങി.
തറവാട്ടിലെ പ്രശ്‌നംവയ്പിന് ശേഷം എല്ലാവരും ഊണ് കഴിക്കാന്‍ അമ്പലത്തിലെ ഊട്ടുപുരയിലേയ്ക്ക് പോയിരിക്കുകയാണ്.
ഇന്നത്തെ അന്നദാനം തറവാട്ടു വകയാണ്. കുട്ടികളുടെ ഊണ് കഴിഞ്ഞ് വിളമ്പാന്‍ സഹായിക്കുകയാണ് പലരും. വലിയവര്‍ ഊണ് കഴിക്കുന്നതേയുള്ളു. ജ്യോത്സ്യനും അവരോടൊപ്പമാണ്.
അഖില കൂട്ടുകാരെയെല്ലാം വിളിച്ചുകൊണ്ട് വന്നപ്പോഴേയ്ക്കും വിശാല്‍ കവടിപലകയെടുത്ത് പടിഞ്ഞാപ്പുറത്ത് തറയില്‍ വച്ചിരുന്നു. ജ്യോത്സ്യന്‍ നിരത്തിയ പോലെ അവന്‍ കവടികള്‍ പലകയില്‍ ഓരോ കളങ്ങളിലായി നിരത്തി.
അവര്‍ പത്ത് പേരും വടക്കേടത്ത് തറവാട്ടിലെ സഹോദരങ്ങളായ ഇന്ദിരയുടേയും ദേവകിയുടേയും മക്കളുടെ മക്കളാണ്. അടുത്തടുത്ത വീടുകളിലാണ് താമസം. പഠിക്കുന്നത് പല സ്ഥലങ്ങളിലാണെങ്കിലും ഒഴിവുകാലം അവര്‍ക്ക് കൂട്ടായ്മയുടെ സമയമാണ്. പത്താള്‍ ഒന്നിച്ചാല്‍ എന്താണ് സംഭവിക്കുന്നതെന്ന് ആലോചനയ്ക്കതീതമാണ്. എല്ലാവരും ഒന്നിനൊന്ന് കുസൃതികളും. എഴുത്തും വായനയും പാട്ടും നാടകവും ഒക്കെയായി അവധി ആഘോഷിക്കുന്നതിനിടയില്‍ ഇന്നിപ്പോള്‍ ചെയ്യാന്‍ പോകുന്ന തരത്തിലുള്ള
കസൃതികളും വിട്ടുകളയാറില്ല. ഇന്ദിരയുടേയും ദേവകിയുടേയും മറ്റ് കൂടപ്പിറപ്പുകളും അവരുടെ കുട്ടികളും പല സ്ഥലങ്ങളിലായാണ് സ്ഥിരതാമസം. വയസ്സിന് മൂത്തത് ദേവകിയുടെ മൂത്തമകള്‍ ശാലിനിയുടെ മക്കള്‍ അമലും ആരവുമാണ്. അവര്‍ തിണ്ണയിലിരുന്നു. മറ്റുള്ളവര്‍ പലകയ്ക്ക് ചുറ്റുമായി താഴെയാണിരിക്കുന്നത്.
ശാലിനിയുടെ അനുജന്‍ സഞ്ജയിന്റെ മകന്‍ വിശാലാണ് കവടിപ്പലകയുടെ നേരെ മുന്നില്‍.
''ഈ പണി ചെയ്യണമെന്ന് നിര്‍ബ്ബന്ധമാണോ നിങ്ങള്‍ക്ക്? ജ്യോത്സ്യരുടെ പണി അയാള്‍ തന്നെ ചെയ്യുന്നതല്ലേ നല്ലത്?'' എല്ലാവര്‍ക്കും ഇതിന് സമ്മതമാണോ എന്നറിയാനായി അമല്‍ ചോദിച്ചു.
എല്ലാവരും അമലിനെ നോക്കി തല കുലുക്കി.
''നമ്മളതിന് കവടി നിരത്താനല്ലല്ലോ പോകുന്നത്. ഓജോ ബോര്‍ഡില്‍ ചെയ്യുന്നത് പോലെ ഇതിലെ ഓരോ കളത്തിനും നമ്മുടേതായ വ്യഖ്യാനം നല്‍കുന്നു. എന്നിട്ട് കൂട്ടത്തിലെ ഏറ്റവും വലിയ കവടി പലകയുടെ നടുവില്‍ വച്ചിട്ട് അതില്‍ വിരലുകള്‍ തൊട്ട് കണ്ണുകളടച്ച് സ്പിരിട്ടിനെ വിളിക്കുന്നു.'' ഇന്ദിരയുടെ മകന്‍ ജയന്റെ ഒറ്റമകള്‍ ദേവപ്രിയയുടെ വകയായിരുന്നു ആ വിശദീകരണം.
ജയന്റെ അനുജത്തി മീനാക്ഷിയുടെ മൂത്തമകള്‍ അഖിലയോടൊപ്പം എല്ലാവിധ കസൃതിയ്ക്കും നേതൃസ്ഥാനത്തവളുമുണ്ടാകും.
''പറയുമ്പോള്‍ എല്ലാം എളുപ്പമായി തോന്നാം. നമുക്കിതില്‍ വിശ്വാസമുണ്ടോ എന്നുള്ളതാണ് ചോദ്യം. വിശ്വാസമുണ്ടെങ്കില്‍ നമ്മള്‍ സൂക്ഷിക്കണം. ഇല്ലെങ്കില്‍ തമാശയായി എടുത്താല്‍ മതി.''
ആരവ് കൂട്ടത്തില്‍ കുറച്ച് ഗൗരവക്കാരനാണ്.
''എന്തെങ്കിലുമാകട്ടെ. നമുക്ക് തുടങ്ങാം. അവര്‍ തിരിച്ചെത്തിയാല്‍ പണി പാളും.''
ഹിരണ്‍ അക്ഷമനായിരുന്നു.ശാലിനിയുടെ മറ്റൊരു അനുജന്‍ സന്ദീപിന്റെ മകനാണ് ഹിരണ്‍.
വിശാലും അഖിലയും ഹിരണും ദേവപ്രിയയും അനിലും കണ്ണുകളടച്ച് വലതുകൈയിലെ ചൂണ്ടുവിരല്‍ ആ കവടിയുടെ മുകളില്‍ വച്ചു. അത് വരെ മിണ്ടാതിരുന്നിരുന്ന കാര്‍ത്തികയും നളിനിയും വരദയും അന്യോന്യം നോക്കി.
കൂട്ടത്തില്‍ ഇളയവരായിരുന്ന വിശാലിന്റെ അനുജത്തി കാര്‍ത്തികയ്ക്കും അഖിലയുടെ സഹോദരി നളിനിയ്ക്കും ഹിരണിന്റെ താഴെയുള്ള വരദയ്ക്കും എന്താണ് ചെയ്യേണ്ടതെന്ന് സംശയമായിരുന്നു.
എന്തെങ്കിലും അപകടം സംഭവിക്കുമോ എന്നായിരുന്നുഅവരുടെ ഭയം.
''നിങ്ങളെന്താ നോക്കിയിരിക്കുന്നത്? കൂടുന്നുണ്ടെങ്കില്‍ വിരല്‍ വയ്ക്കുക. അല്ലെങ്കില്‍ അവിടന്ന് മാറി തിണ്ണയില്‍ വന്നിരിക്കുക.'' ആരവ് ഉറപ്പിച്ച് പറഞ്ഞു.
ആ ശബ്ദം കേട്ട് ഞെട്ടിയ വരദ ചാടിയെഴുന്നേറ്റു. കൂടെ കാര്‍ത്തികയും നളിനിയും. അവര്‍ വടക്കേ തിണ്ണയില്‍ കയറിയിരുന്നു. അമലും ആരവും തെക്കേ തിണ്ണയിലായിരുന്നു.
താഴെയിരുന്നിരുന്ന അഞ്ച് പേരും വളരെ ശ്രദ്ധയോടെ കണ്ണുകളടച്ച് കവടിയില്‍ വിരലുകള്‍ അമര്‍ത്തി.
''നിങ്ങള്‍ ഇപ്പോള്‍ അവിടെയെവിടെയെങ്കിലുമുണ്ടോ?'' അമല്‍ ചോദിച്ചു. അവന്റെ ചോദ്യം കവടിയെ നോക്കിയായിരുന്നു.
''ഉണ്ടെങ്കില്‍ അതിനെന്തെങ്കിലും തെളിവ് കാണിക്കാമോ?''
അന്തരീക്ഷം നിശ്ചലമായിരുന്നു. സാധാരണ ഉച്ചയ്ക്കടിക്കാറുള്ള ചെറുകാറ്റ് പോലും ഇന്ന് എവിടെയോ പോയി ഒളിച്ചിരിക്കുന്നപോലെ.
അവിടെ നിശ്ശബ്ദത തളം കെട്ടിനിന്നു.
കുറച്ച് നേരത്തേയ്ക്ക് ഒന്നും സംഭവിച്ചില്ല.
''ഇത് വെറുതെ മനുഷ്യനെ കളിപ്പിക്കാന്‍. ചുമ്മാ സമയം കളയാതെ നമുക്ക് വേറെയെന്തെങ്കിലും കളിക്കാം.'' സ്വതവേ അക്ഷമനായ ഹിരണ്‍ വിരല്‍ കവടിയുടെ മുകളില്‍ നിന്നെടുത്ത് എഴുന്നേറ്റു.
ബാക്കി നാലുപേര്‍ കവടിയില്‍ വിരല്‍ വച്ച് അനങ്ങാതെ മിണ്ടാതെയിരുന്നു. സാവധാനം അന്തരീക്ഷത്തിലെ നിശ്ശബ്ദത മാറി ഒരു ഹൂങ്കാരം കേള്‍ക്കാന്‍ തുടങ്ങി.
പടിഞ്ഞാപ്പുറത്തെ വയസ്സി നാടന്‍മാവിന്റെ ഇലകള്‍ ഇളകിയാടി. വടക്ക് പടിഞ്ഞാറ് നിന്ന് അടിക്കാന്‍ തുടങ്ങിയ കാറ്റിന്റെ ശക്തിയില്‍ മാവിന്റെ ചില്ലകള്‍ വരെ നൃത്തം വച്ചു.
അതുവരെ പ്രകാശമാനമായിരുന്ന ആകാശം ചെറുതായിട്ടൊന്ന് ഇരുണ്ടു.
അപ്പോഴേയ്ക്കും പടിയ്‌ക്കേ നിന്നും ഒച്ച കേട്ടു. ''നളിനി, ആ പുറത്തെ അഴയില്‍ ഇട്ടിരിക്കുന്ന തുണിയെല്ലാം എടുത്ത് അകത്തേയ്ക്കിട്. മഴ വരുന്നുണ്ടെന്നാണ് തോന്നുന്നത്.''
മീനാക്ഷിയുടെ ശബ്ദം കേട്ടതോടെ കുട്ടികള്‍ ചാടിയെഴുന്നേറ്റു. വിശാല്‍ വേഗം കവടിയെല്ലാം സഞ്ചിയിലാക്കി, പലകയും സഞ്ചിയും തളത്തിലെ കട്ടിലിന്റെ അടിയില്‍ തിരുകി.
എല്ലാവരും ഒന്നുമറിയാത്തപോലെ പടിഞ്ഞാപ്പുറത്തെ തിണ്ണയിലവിടവിടെയായി ഇരുന്നു.
''വെറുതെയായി ഇന്നത്തെ പരിപാടി. ചുമ്മാ സമയം കളഞ്ഞു.'' ഹിരണ്‍ ഭഗ്‌നാശനായിരുന്നു.
''അതിന് നമ്മള്‍ സ്പിരിറ്റിന് പ്രതികരിക്കാനുള്ള സമയം കൊടുത്തില്ലല്ലോ. പിന്നെങ്ങനെയാ വെറുതെ എന്നൊക്കെ ചുമ്മാ പറയുന്നത്?'' ഉദ്ദേശിച്ചത് ചെയ്ത് തീര്‍ക്കാന്‍ പറ്റാത്തതിലുള്ള നൈരാശ്യം അഖിലയുടെ വാക്കുകളില്‍ സ്ഫുരിച്ചു.
''പക്ഷേ, ഇതുവരെ നിശ്ചലമായിരുന്ന അന്തരീക്ഷം എന്തുകൊണ്ടാണ് പെട്ടെന്ന് നിറം മാറിയതെന്ന് നിങ്ങള്‍ക്കാര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ?'' വിശാലാണ് ആ സംശയം ഉന്നയിച്ചത്.
''അതേ, നിന്റെ സ്പിരിറ്റ് ഗുഹയില്‍ നിന്നും പുറത്തിറങ്ങിയതാണ്!'' അമല്‍ വിശാലിനെ കളിയാക്കി.
അതിനിടയില്‍ കാറ്റിന്റെ വേഗത കൂടി. മാവിന്റെ ചില്ലകള്‍ കൂട്ടത്തോടെ ഇളകിയാടി.
കാറ്റിന്റെ ഹൂങ്കാരവും മാവിന്‍കൊമ്പുകള്‍ കാറ്റില്‍ ഇളകിയാടുന്ന ശബ്ദവും ചേര്‍ന്ന് ചെകിടടപ്പിക്കുന്നതായി തീര്‍ന്നു.
പെണ്‍കുട്ടികളെല്ലാം ചേര്‍ന്ന് തുണിയെല്ലാം വാരിക്കൂട്ടി അകത്തേയ്ക്കിട്ടു. അതിനിടയില്‍ കൂട്ടത്തില്‍ നിന്നൊരു പാവാട അഴയില്‍ നിന്നും സര്‍പ്പക്കാവിന്റെ അരികിലേയ്ക്ക് പാറി വീണു. അഖില അതെടുക്കാനായി കാവിന്റെ അടുത്തേയ്ക്ക് നടന്നു. അവള്‍ പാവാട തറയില്‍ നിന്നെടുത്തിട്ട് കാവിന്റെ നേരെ അത്ഭുതപ്പെട്ട് നോക്കി നിന്നു.
''അഖില അവിടെ നിന്നിനി മഴ കൊള്ളണ്ട. വേഗം ഇങ്ങ് പോരെ.'' നളിനി വിളിച്ച് പറഞ്ഞു.
''പക്ഷേ, ഇതൊരത്ഭുതം തന്നെ. ഇത്രയും കാറ്റടിച്ചിട്ടും സര്‍പ്പക്കാവിലെ മരങ്ങളൊന്നും അനങ്ങുന്നേയില്ല. അതെങ്ങനെയാണ്?''
അഖില അതും പറഞ്ഞ് തിരിച്ച് നടന്നു.
''അത് ശരിയാണല്ലോ. അതൊരത്ഭുതം തന്നെ.'' ആരവ് അഖില പറഞ്ഞതിനോടനുകൂലിച്ചു.
''അത് മാത്രമല്ല.'' വിശാല്‍ പറഞ്ഞു. ''കാറ്റടിച്ചിരുന്നത് വടക്ക് പടിഞ്ഞാറ് നിന്ന് തെക്കോട്ടായിരുന്നു. പക്ഷേ, അഖിലയുടെ പാവാട മാത്രം എങ്ങനെയാണ് കാറ്റിനെതിരായി പറന്ന് പോയത്?'
(അടുത്ത ഭാഗം നാളെ)