Horror Novelette: സര്‍പ്പക്കാവില്‍ ഇരുന്നയാളെ ഉണര്‍ത്തി വെളിയില്‍ കൊണ്ടുവന്നതാരാണ്?
സര്‍പ്പക്കാവിലെ ബ്രഹ്മരക്ഷസ്. സന്തോഷ് ഗംഗാധരന്‍ എഴുതിയ ഹൊറര്‍ നോവലെറ്റ് ഭാഗം മൂന്ന്
കഥ ഇതുവരെ
അവര്‍ പത്ത് പേര്‍. വടക്കേടത്ത് തറവാട്ടിലെ സഹോദരങ്ങളായ ഇന്ദിരയുടേയും ദേവകിയുടേയും മക്കളുടെ മക്കള്‍. ഒരവധിക്കാലത്ത് തറവാട്ടില്‍ ഒത്തുകൂടിയ അവര്‍ യാദൃശ്ചികമായി ഓജോ ബോര്‍ഡിനു പകരം ജ്യോത്സന്റെ കവടിയെടുത്ത് അരൂപികളുടെ സാന്നിധ്യം അന്വേഷിക്കുന്നു. പെട്ടെന്ന് കാലാവസ്ഥ മാറി. ആകാശം ഇരുണ്ടു. അപ്രതീക്ഷിതമായ ഒരു കാറ്റ് ചുഴറ്റിവീശി. വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
അസാധാരണമായ ഈ സംഭവങ്ങളെക്കുറിച്ച് അവര്‍ ജ്യോത്‌സനായ പെരിങ്ങോടന്‍ മാഷിനോട് അന്വേഷിക്കുന്നു. തറവാട്ടിലെ സര്‍പ്പക്കാവില്‍ കഴിയുന്ന ബ്രഹ്മരക്ഷസ്സിന് സ്ഥാനഭ്രംശം സംഭവിച്ചിട്ടുണ്ടാകാം കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. അതിനു ചില കര്‍മങ്ങളും അദ്ദേഹം വിധിക്കുന്നു. വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
തുടര്‍ന്ന് വായിക്കുക
മൂന്ന്
മീനാക്ഷി വന്നപാടെ അവളുടെ ചേച്ചി ജലജയേയും ശാലിനിയേയും വിളിച്ചു വരുത്തി. തറവാട്ടിലെ പ്രശ്‌നമാകുമ്പോള്‍ മൂത്തവരുമായി ചര്‍ച്ച ചെയ്ത് മുന്നോട്ട് പോകുന്നതാവും നല്ലതെന്ന് അവള്‍ക്ക് തോന്നി. പെട്ടെന്ന് വരാന്‍ അവര്‍ രണ്ടുപേരുമേ ഉള്ളു. മറ്റുള്ളവരെ പിന്നീടറിയിക്കാം.
മണ്‍മറഞ്ഞ തലമുറയിലെ ആരും ഇങ്ങനെയൊരു ബ്രഹ്മരക്ഷസ്സിന്റെ കാര്യം പറഞ്ഞ് കേട്ടിട്ടില്ല. അവര്‍ക്കാര്‍ക്കും ദാമ്പത്യപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടാകില്ല. അതുകൊണ്ട് തന്നെ ജ്യോത്സ്യന്റെ അടുത്ത് പോയിട്ടുമുണ്ടാകില്ല. പോരാത്തതിന് അമ്മാമ്മ അന്ധവിശ്വാസങ്ങള്‍ക്ക് തലവച്ച് കൊടുക്കാത്ത കൂട്ടത്തിലായിരുന്നു. നടക്കേണ്ടത് വിധിയാം വണ്ണം നടക്കട്ടെയെന്ന് കരുതിയിട്ടുണ്ടാവാം.
അപ്പോഴേയ്ക്കും ശാലിനിയും ജലജയും തറവാട്ടിലെത്തി. മൂത്തവരാണെങ്കിലും തറവാട്ടിലെ എന്താവശ്യത്തിനും ഓടിവരാന്‍ അത്യുത്സാഹമാണ് ഇരുവര്‍ക്കും.
നാലുകെട്ടിലെ സോഫയില്‍ ഇരുന്ന് മീനാക്ഷി ചേച്ചിമാരോട് ജ്യോത്സ്യന്‍ പറഞ്ഞ വിശേഷങ്ങളൊക്കെ പറഞ്ഞു. ബ്രഹ്മരക്ഷസ്സിന്റെ കഥ കേട്ട് അവര്‍ അന്തംവിട്ടിരുന്നു പോയി. അവരും ഇതിന് മുമ്പ് ഇതിനെ പറ്റിയൊന്നും കേട്ടിരുന്നില്ല.
''പണ്ടൊക്കെ കൊല്ലന്തോറും കളമെഴുത്തും പാട്ടും നടത്താറുണ്ട്. പരദേവതയെ പ്രീതിപ്പെടുത്തുന്നത് കൊണ്ട് ബ്രഹ്മരക്ഷസ്സിന്റെ ഉപദ്രവത്തില്‍ നിന്നും ദേവി കാത്തിരുന്നതായിരിക്കാം.'' ശാലിനി പറഞ്ഞു.
''പെരിങ്ങോടന്‍ മാഷ് പറഞ്ഞത് അടുത്തിടയെപ്പോഴോ ബ്രഹ്മരക്ഷസ്സിന് സ്ഥാനഭ്രംശം വന്നുവെന്നാണ്. അപ്പോള്‍ അതുവരെ മിണ്ടാതെ സര്‍പ്പക്കാവില്‍ ഇരുന്നിരുന്നയാളെ ഉണര്‍ത്തി വെളിയില്‍ കൊണ്ടുവന്നിരിക്കുന്നു. അതാരുടെ പണിയായിരിക്കാം?'' മീനാക്ഷി തന്റെ സംശയം പങ്കുവച്ചു.
''ഒന്നുകില്‍ ആരെങ്കിലും ഇതിനെ പറ്റി അറിയാതെ എന്തെങ്കിലും ചെയ്തതാവാം. അല്ലെങ്കില്‍ മനഃപൂര്‍വ്വം ചെയ്തതാകാനും മതി.'' ജലജയുടെ മനസ്സ് ചുറ്റിനുമുള്ളവരെ തെരയുകയായിരുന്നു.
''കാരണം കണ്ടുപിടിക്കാന്‍ കാത്ത് നില്‍ക്കാതെ ജ്യോത്സ്യന്‍ നിര്‍ദ്ദേശിച്ച പരിഹാരക്രിയകള്‍ ചെയ്യുന്നതല്ലേ നല്ലത്?'' ശാലിനി പറഞ്ഞു.
''ഞാനെന്തായാലും ചെയ്യാന്‍ തന്നെ തീരുമാനിച്ചു. വരുന്ന വഴി ഒരു കുല കദളിപ്പഴം വാങ്ങി വന്നിട്ടുണ്ട്. കുല അപ്പാടെ ശിവന്റെ നടയ്ക്കല്‍ വയ്ക്കാനാണ് മാഷ് പറഞ്ഞത്.'' മീനാക്ഷി വിശദീകരിച്ചു.
''ബ്രഹ്മരക്ഷസ്സിനെ പറ്റി ഞാന്‍ കേട്ടിടത്തോളം ഉപദ്രവമെല്ലാം തമാശ രൂപത്തിലാണെന്നാണ്. അഖിലയുടെ കല്യാണം മുടക്കിയെന്നല്ലാതെ വേറെ അപകടങ്ങളൊന്നും വരുത്തിയില്ലല്ലോ. അതുതന്നെ ഭാഗ്യം.'' ശാലിനി തന്റെ ഭര്‍ത്താവ് ഉണ്ണിയുടെ വീട്ടിലിതുപോലെ പ്രശ്‌നംവച്ചപ്പോള്‍ മനസ്സിലാക്കിയത് അവരുമായി പങ്കുവച്ചു.
''മാഷ് ഒരു കാര്യം കൂടി പറയുകയുണ്ടായി. അഖിലയ്ക്ക് പഞ്ചാസാരകൊണ്ടൊരു തുലാഭാരം നടത്തണമെന്ന്. ഇത് ആദ്യമായിട്ടാണ് പഞ്ചസാരതുലാഭാരം. സാധാരണ ശര്‍ക്കരയല്ലേ പതിവ്?''
''അപ്പോള്‍ താന്‍ മാഷിനോട് ചോദിച്ചില്ലേ?'' ജലജ ആരാഞ്ഞു.
''അപ്പോഴത്തെ അവസ്ഥയില്‍ മാഷ് പറയുന്നത് കേള്‍ക്കുകയെന്നല്ലാതെ തിരിച്ചൊന്നും ചോദിക്കാന്‍ തോന്നിയില്ല. അതുമല്ല ആദ്യമായിട്ടാണ് ഞാന്‍ ആ മാഷിന്റെയടുത്ത് പോകുന്നത്. ജ്യോത്സ്യത്തില്‍ വിദഗ്ദ്ധനാണെന്ന് പറഞ്ഞ് കേട്ടതുകൊണ്ട് പോയതാണ്.''
''എന്തായാലും പോയ സ്ഥിതിയ്ക്ക് അങ്ങേര് പറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്നതാണ് നല്ലത്. ഇനി പോകുമ്പോള്‍ ചോദിച്ച് മനസ്സിലാക്കിയാല്‍ മതി.'' ശാലിനി ഉപദേശിച്ചു.
''എനിയ്‌ക്കേറ്റവും അത്ഭുതമായി തോന്നിയത് അദ്ദേഹം എന്നെ പറ്റിയൊന്നും ചോദിച്ചില്ലെന്നുള്ളതാണ്. അഖിലയുടെ ജാതകം നോക്കിയാണ് ഇതെല്ലാം പറഞ്ഞത്. അത് കൊണ്ട് കൂടുതല്‍ വിശ്വാസം തോന്നുന്നു.''
''എന്താണ് സഹോദരികള്‍ മൂന്നാളും കൂടി ഒരു രഹസ്യചര്‍ച്ച? അയല്‍രാജ്യങ്ങളില്‍ ബോംബിടാനുള്ള പദ്ധതിയാണോ?'' ചിരിച്ചുകൊണ്ട് കയറിവന്ന സഞ്ജയ് ആയിരുന്നു അത്. ശാലിനിയുടെ താഴെയുള്ള സഹോദരനാണ് സഞ്ജയ്.
''ആ വന്നല്ലോ. ഇനി ഗൗരവമായിട്ടൊന്നും സംസാരിക്കാന്‍ പറ്റില്ല.'' ശാലിനി മീനാക്ഷിയുടെ മനസ്സിന്റെ പിരിമുറുക്കമൊന്ന് കുറയ്ക്കാനായിട്ട് സഞ്ജയിന്റെ വരവ് ഉപയോഗിച്ചു.
''ഏട്ടന്‍ വന്ന സ്ഥിതിയ്ക്ക് കാര്യങ്ങള്‍ പറഞ്ഞ് തരാം.'' മീനാക്ഷി പെരിങ്ങോടന്‍ മാഷ് പറഞ്ഞ കഥകളെല്ലാം സഞ്ജയിനോട് പറഞ്ഞു.
''ഇത് കൊള്ളമല്ലോ. ബ്രഹ്മരക്ഷസ്സ് ഇവിടെ കിടന്ന് കളിക്കുന്നു. എനിയ്ക്കിതിലൊന്നും വിശ്വാസം ഇല്ലെങ്കിലും വിശ്വസിക്കുന്നവരെ എതിര്‍ക്കാനൊന്നും ഞാനില്ല. കേള്‍ക്കാന്‍ രസമുള്ള കഥ. പഞ്ചാരയോട് ഇഷ്ടമുള്ള ആത്മാവാണെന്ന് തോന്നുന്നു. അതോ ജീവിച്ചിരിക്കുമ്പോള്‍ ആളൊരു പഞ്ചാരയായിരുന്നോ?'' സഞ്ജയ് പാതി തമാശയായിട്ടാണ് സംസാരിച്ചത്.
''താന്‍ ചുമ്മാ എല്ലാം തമാശയാക്കാതെ. പെരിങ്ങോടന്‍ മാഷ് പറഞ്ഞപോലെ എന്തെങ്കിലും സംഭവങ്ങള്‍ നമ്മുടെ തറവാട്ടില്‍ ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടുപിടിക്കാന്‍ നോക്ക്. കാണട്ടെ തന്റെ വൈദഗ്ദ്ധ്യം!'' ശാലിനി അനുജനെ വെല്ലുവിളിച്ചു.
''ശാലിനിചേച്ചി പറഞ്ഞതിനോട് ഞാനും അനുകൂലിക്കുന്നു. ഇതിന്റെ രഹസ്യം മനസ്സിലാക്കാന്‍ ഒരു കൗതുകം. പഴയ തലമുറക്കാരെ ആരെയെങ്കിലും തപ്പിയെടുത്ത് സംസാരിപ്പിക്കണം.'' ജലജയും ഇത്തരം കാര്യങ്ങളില്‍ വലിയ താല്പര്യമുള്ള കൂട്ടത്തിലാണ്.
അപ്പോഴാണ് മീനാക്ഷിയുടെ മൊബൈല്‍ ശബ്ദിച്ചത്. ഫോണിന്റെ മണിയടി കേട്ട് മീനാക്ഷി ഞെട്ടി. അതുവരെ സംസാരിച്ചിരുന്നവരെല്ലാം പെട്ടെന്ന് നിശ്ശബ്ദരായി. മീനാക്ഷി ഫോണെടുത്ത് 'ഹലോ' പറഞ്ഞു.
പിന്നെ നിശ്ശബ്ദയായി അപ്പുറത്ത് നിന്നും പറയുന്നത് കേട്ടിരുന്നു. ഒടുവില്‍ 'ഞാനൊന്ന് അന്വേഷിച്ചിട്ട് തിരിച്ച് വിളിക്കാം' എന്ന് മാത്രം പറഞ്ഞ് ഫോണ്‍ വച്ചു.
(അടുത്ത ഭാഗം നാളെ)
ഭാഗം ഒന്ന്: സര്‍പ്പക്കാവിലെ ബ്രഹ്മരക്ഷസ്, ഹൊറര്‍ നോവലെറ്റ്
ഭാഗം രണ്ട്: 'നിങ്ങളുടെ തറവാട്ടില്‍ ബ്രഹ്മരക്ഷസ്സിന്റെ സാന്നിദ്ധ്യം കാണുന്നുണ്ട്!'