Horror Novelette: 'നിങ്ങളുടെ തറവാട്ടില്‍ ബ്രഹ്മരക്ഷസ്സിന്റെ സാന്നിദ്ധ്യം കാണുന്നുണ്ട്!'

സര്‍പ്പക്കാവിലെ ബ്രഹ്മരക്ഷസ്. സന്തോഷ് ഗംഗാധരന്‍ എഴുതിയ ഹൊറര്‍ നോവലെറ്റ് രണ്ടാം ഭാഗം

Horror Novelette Sarppakkaavile Brahmarakshas by Santhosh Gangadharan part 2

കഥ ഇതുവരെ

അവര്‍ പത്ത് പേര്‍. വടക്കേടത്ത് തറവാട്ടിലെ സഹോദരങ്ങളായ ഇന്ദിരയുടേയും ദേവകിയുടേയും മക്കളുടെ മക്കള്‍. ഒരവധിക്കാലത്ത് തറവാട്ടില്‍ ഒത്തുകൂടിയ അവര്‍ യാദൃശ്ചികമായി ഓജോ ബോര്‍ഡിനു പകരം ജ്യോത്‌സന്റെ കവടിയെടുത്ത് അരൂപികളുടെ സാന്നിധ്യം അന്വേഷിക്കുന്നു. പെട്ടെന്ന് കാലാവസ്ഥ മാറി. ആകാശം ഇരുണ്ടു. അപ്രതീക്ഷിതമായ ഒരു കാറ്റ് ചുഴറ്റിവീശി...

വിശദമായി വായിക്കാന്‍ ആദ്യ ഭാഗം ഇവിടെ:
 

Horror Novelette Sarppakkaavile Brahmarakshas by Santhosh Gangadharan part 2

 

''ഇതിലിപ്പോള്‍ വേറെ കുഴപ്പങ്ങളൊന്നും കാണുന്നില്ല. ജാതകത്തില്‍ പ്രശ്‌നങ്ങളില്ല. സമയദൂഷ്യമെന്ന് പറയാനായി പ്രത്യേകിച്ചൊന്നുമില്ല.'' പെരിങ്ങോടന്‍ മാഷ് കവടിപലകയില്‍ നിന്നും തല പൊക്കി മീനാക്ഷിയെ നോക്കി.

മീനാക്ഷി മാഷിനെ ദൈന്യഭാവത്തില്‍ നോക്കിയിരിപ്പാണ്. ''ഉറപ്പാണോ മാഷേ?''

''ദുര്‍ഘടങ്ങള്‍ പലതും ഉണ്ടായിരുന്നു. ഇപ്പോഴെല്ലാം ശാന്തമായ മട്ടാണ്. കുറഞ്ഞത് മൂന്ന് ആലോചനകളെങ്കിലും പല കാരണങ്ങള്‍കൊണ്ട് മാറിപ്പോയിട്ടുണ്ടാകണം. അതില്‍കൂടുതല്‍ പ്രാവശ്യം ഒരാളെ തന്നെ കളിപ്പിക്കുമെന്ന് കരുതാന്‍ വയ്യ.'' 

മാഷിന്റെ സംസാരത്തിലെ നിഗൂഢത മീനാക്ഷിയ്ക്ക് മനസ്സിലായില്ല. അവള്‍ മിണ്ടാതെ മാഷിന്റെ മുഖത്ത് നോക്കിയിരുന്നു.

''മനസ്സിലായില്ല അല്ലേ? നിങ്ങളുടെ തറവാട്ടില്‍ ബ്രഹ്മരക്ഷസ്സിന്റെ സാന്നിദ്ധ്യം കാണുന്നുണ്ട്.''

മീനാക്ഷി അതുകേട്ട് വല്ലാതെ അസ്വസ്ഥയായി. ''ബ്രഹ്മരക്ഷസ്സ് എന്ന് പറയുമ്പോള്‍ എന്താണ് ശരിയ്ക്ക്? ഞങ്ങളുടെ തറവാട്ടില്‍ അങ്ങനെ വരാനുള്ള കാരണമെന്താണ്?''

''സാധാരണ ആയുസ്സെത്താതെ മരിക്കുന്ന ബ്രാഹ്മണരാണ് ബ്രഹ്മരക്ഷസ്സായി ഗതി കിട്ടാതെ അലയുന്നത്. പക്ഷേ, ഇവിടെയിപ്പോള്‍ കാണുന്നത് ബ്രാഹ്മണനെയല്ല. ക്ഷത്രിയകുലജാതനെയാണ്.''

''പക്ഷേ, അങ്ങനെയൊരു ബന്ധമൊന്നും തറവാട്ടിലെ ആര്‍ക്കുമുണ്ടായിട്ടില്ലല്ലോ? പിന്നെന്താ ഇതിപ്പോളിങ്ങനെ?''

''മിക്കവാറും എല്ലാ പഴയ തറവാടുകളിലും ബ്രഹ്മരക്ഷസ്സിന്റെ സാന്നിദ്ധ്യം ഉണ്ടാവാറുള്ളതാണ്. പണ്ടത്തെ വീടുകളിലെ ആര്‍ക്കെങ്കിലും ഏതെങ്കിലും ബ്രാഹ്മണനായിട്ട് ബന്ധമുണ്ടാകാതിരിക്കില്ല. ആ ബ്രാഹ്മണന്റെ വീട്ടിലെ ആര്‍ക്കെങ്കിലുമൊക്കെ അകാലമൃത്യുവിന് സാദ്ധ്യതയുമുണ്ടായിരുന്നിരിക്കാം. അതുകൊണ്ട് തന്നെ മിക്ക തറവാടുകളിലേയും സര്‍പ്പക്കാവില്‍ നാഗങ്ങളുടെ കൂടെ ഒരു ബ്രഹ്മരക്ഷസ്സിനേയും കുടിയിരുത്തിയിരിക്കുന്നത് കാണാം.''

''ഞങ്ങളുടെ സര്‍പ്പക്കാവിലും ഒരു ബ്രഹ്മരക്ഷസ്സിന്റെ വിഗ്രഹമുണ്ട്.'' സര്‍പ്പക്കാവില്‍ നൂറും പാലും കൊടുക്കാന്‍ വന്ന നന്ദന്‍സ്വാമി പറഞ്ഞത് മീനാക്ഷിയ്ക്ക് ഓര്‍മ്മ വന്നു.

''വര്‍ഷത്തിലൊരിക്കല്‍ നൂറും പാലും കൊടുത്ത് നാഗങ്ങളെ പ്രീതിപ്പെടുത്തുന്നതിനോടൊപ്പം ആ ബ്രഹ്മരക്ഷസ്സിനേയും സന്തോഷിപ്പിക്കുവാനാണ് ഈ കുടിയിരുത്തല്‍. അപ്പോള്‍പിന്നെ അതിന്റെ ശല്യം ആ വീട്ടുകാര്‍ക്ക് ഉണ്ടാവുകയില്ലെന്ന് വിശ്വാസം.''

''ഞങ്ങളും നൂറും പാലും നിവേദ്യം കഴിച്ചതാണല്ലോ. നന്ദന്‍സ്വാമിയാണ് അത് ഭംഗിയായി ചെയ്തത്. എന്നിട്ട് പിന്നെ ഇങ്ങനെ ...?''

''ഏതെങ്കിലും കാരണവശാല്‍ ബ്രഹ്മരക്ഷസ്സിന് സ്ഥാനഭ്രംശം സംഭവിച്ചിട്ടുണ്ടാകണം. അത് എന്തുകൊണ്ടാണെന്നുള്ളത് സാധാരണ പ്രശ്‌നം വച്ചാലൊന്നും മനസ്സിലാക്കാന്‍ സാധിക്കില്ല. അതിന് പകരം അതിനെ സന്തോഷിപ്പിക്കാനായി ഒരു പരിഹാരകര്‍മ്മം ചെയ്യുന്നതാകും എളുപ്പം. എന്നിട്ട് ഒരു നൂറും പാലും നിവേദ്യം കൂടി ചെയ്‌തേക്കു.''

''മാഷ് എന്താ വേണ്ടതെന്ന് വച്ചാല്‍ എഴുതി തന്നേക്കു. ഞാനതൊക്കെ ചെയ്യിച്ചേക്കാം.'' മീനാക്ഷിയ്ക്ക് മുഴുവന്‍ വിശ്വാസം വന്നില്ലെങ്കിലും മാഷ് പറയുന്നതിനെ ഖണ്ഡിക്കാനൊന്നും താല്പര്യമില്ലായിരുന്നു. തന്റെ തറവാട്ടിലൊരു ക്ഷത്രിയന്റെ ബ്രഹ്മരക്ഷസ്സ്! ആലോചിക്കുമ്പോള്‍ തമാശ തോന്നുന്നു.

പെരിങ്ങോടന്‍ മാഷ് ചീട്ടെഴുതി മീനാക്ഷിയെ ഏല്പിച്ചു. മീനാക്ഷി അത് വാങ്ങിയിട്ട് ദക്ഷിണ സമര്‍പ്പിച്ച് എഴുന്നേറ്റു.

''ചീട്ട് പ്രകാരമുള്ളതെല്ലാം ചെയ്തിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടൊന്ന് ഇത്രടം വരണം. പരിഹാരക്രിയക്ക് എത്രത്തോളം ഗുണമുണ്ടായിയെന്ന് നമുക്ക് ഗണിച്ച് നോക്കാം, എന്താ?'' മാഷ് മീനാക്ഷിയുടെ മുഖത്തേയ്ക്ക് സൂക്ഷിച്ച് നോക്കിക്കൊണ്ട് പറഞ്ഞു.

താന്‍ മനസ്സിലാലോചിച്ചതെല്ലാം മാഷ് മുഖം നോക്കി വായിച്ചെടുക്കുന്നതായി മീനാക്ഷിയ്ക്കനുഭവപ്പെട്ടു. വിഷാദഭാവം മാറ്റി മുഖം പ്രസന്നമാക്കിക്കൊണ്ട് അവള്‍ മാഷിനെ നോക്കി തലകുലുക്കി. ''ഇതെല്ലാം കഴിഞ്ഞ് ഞാന്‍ ഫോണ്‍ ചെയ്തിട്ട് വരാം, മാഷേ.''

മീനാക്ഷി അവിടെ നിന്നുമിറങ്ങി. വെളിയില്‍ കാത്ത് നിന്നിരുന്ന ഓട്ടോറിക്ഷയില്‍ കയറി.

(അടുത്ത ഭാഗം നാളെ)

 

ഭാഗം ഒന്ന്: സര്‍പ്പക്കാവിലെ ബ്രഹ്മരക്ഷസ്, ഹൊറര്‍ നോവലെറ്റ്

Latest Videos
Follow Us:
Download App:
  • android
  • ios