കെ എ കൊടുങ്ങല്ലൂർ കഥാപുരസ്കാരം ജി ആർ ഇന്ദുഗോപന്
10,001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങിയ അവാർഡ് ഡിസംബർ രണ്ടാം വാരം നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
കോഴിക്കോട്: കെ.എ കൊടുങ്ങല്ലൂർ കഥാ പുരസ്കാരം ജി ആർ ഇന്ദുഗോപന്. പടിഞ്ഞാറെ കൊല്ലം, ചോരക്കാലം എന്ന കഥക്കാണ് അവാർഡ്. വാരാദ്യ മാധ്യമം പ്രഥമ പത്രാധിപരും എഴുത്തുകാരനുമായിരുന്ന കെ.എ കൊടുങ്ങല്ലൂരിന്‍റെ സ്മരണയിൽ മാധ്യമം റിക്രിയേഷൻ ക്ലബ് ഏർപ്പെടുത്തിയതാണു പുരസ്കാരം. പ്രശസ്ത കഥാകാരൻമാരായ അയ്മനം ജോൺ, പി.കെ പാറക്കടവ്, നിരൂപകൻ രാഹുൽ രാധാകൃഷ്ണൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്.
10,001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങിയ അവാർഡ് ഡിസംബർ രണ്ടാം വാരം നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ക്ലബ് പ്രസിഡൻറ് എൻ. രാജേഷ്, ജനറൽ സെക്രട്ടറി എൻ. രാജീവ്, പുരസ്കാര സമിതി കൺവീനർ കെ.പി റജി എന്നിവർ അറിയിച്ചു. കൊല്ലം ഇരവിപുരം വാളത്തുംഗൽ ടി.ഗോപിനാഥ പിള്ളയുടെയും കെ.രാധയമ്മയുടെയും മകനായ ഇന്ദുഗോപൻ മലയാള മനോരമ യിൽ ദീർഘകാലം പത്രപ്രവർത്തകൻ ആയിരുന്നു. ഭാര്യ: വിധുബാൽ ചിത്ര. മക്കൾ: ചാരു സൂര്യൻ, ചാരു അഗ്നി.