തന്നെത്തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്ന മനുഷ്യന്‍, ഇരുളിനകത്തെ സർവ്വസാക്ഷിയായ രണ്ടുകണ്ണുകള്‍; ഇടശ്ശേരി ഓര്‍മ്മ

മലയാളത്തിന്‍റെ പ്രിയ കവി ഇടശ്ശേരി ഓര്‍മ്മയായ ദിവസമാണിന്ന്. ഇടശ്ശേരി ഓര്‍മ്മ, വിജു നായരങ്ങാടി എഴുതുന്നു

Edasseri Govindan Nair death anniversary

'പിൻനിലാവുള്ള രാത്രി' ഇടശ്ശേരി എഴുതുന്നത്‌ അറുപത്തി ഒൻപതിലാണ്. തൊള്ളായിരത്തി ആറിലാണ് അദ്ദേഹത്തിന്റെ ജനനം. എഴുപത്തിനാലിൽ മരിക്കുകയും ചെയ്തു. പന്ത്രണ്ടാമത്തെ വയസ്സിൽ കവിത എഴുതിത്തുടങ്ങി എന്ന് ജീവചരിത്രക്കുറിപ്പുകൾ പറയുന്നു. ആയിരത്തി തൊള്ളായിരത്തി അറുപത്തി ഒൻപതിൽ അതായത് അറുപത്തിരണ്ടാമാത്തെ വയസ്സിൽ കേരള സാഹിത്യ അക്കാദമി അവാർഡ്‌ 'ഒരു പിടി നെല്ലിയ്ക്കയ്ക്ക്' ലഭിച്ചു, ആദ്യത്തെ അംഗീകാരം. എഴുപതിൽ 'കാവിലെ പാട്ടിനു' കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ഇതിനിടയിൽ ആണ് പിൻനിലാവുള്ള രാത്രി എഴുതുന്നത്‌. 'ഇരുളായിപ്പിറന്നു ഞാൻ/ ഇരുളേ പെറ്റുകൂട്ടിഞാൻ/ ത്രിയാമാന്തേ ശുദ്ധിയേറ്റ തേതു പുണ്യത്തിനാലെയോ' എന്ന കവിതയുടെ മുഖവുരാ ശ്ലോകത്തിൽ തന്റെ ജീവചരിത്രത്തിന്റെ ഗതിയെ നോക്കി, മാരാര് അളകാവലിയുടെ അവതാരികയിൽ എഴുതിയ ചിരി ഇടശ്ശേരി ചിരിക്കുന്നത് കാണാം. തന്റെ ജീവചരിത്ര ഗതിയെ ഇടശ്ശേരി മാറ്റിനിർത്തി അന്നാദ്യം കാണുന്നത് പോലെ എന്നാൽ, പൊതുമദ്ധ്യത്തിൽ പിടിച്ചുനിർത്തി 'ഒന്നിങ്ങോട്ടു നോക്കൂ' എന്ന് ആദ്യമായും അവസാനമായും പറഞ്ഞ വാക്കുകളാണ് ഈ കവിത.

Edasseri Govindan Nair death anniversary

ഇടശ്ശേരി നല്ലോണം കറുത്തിട്ടായിരുന്നു എന്നാണു ഓർമ്മ. അവനവനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ശീലം കവിതയിൽ ആ വക്കീൽ ഗുമസ്തന് ഉണ്ടായിരുന്നു. ഞാൻ ഒരൽപം ചരിഞ്ഞു നടക്കുന്ന ആൾ ആണെന്നും ഞാൻ എന്നും സൂര്യന് എതിർവശത്തേയ്ക്ക് നടക്കുന്നവനാണെന്നും ഞാൻ ഒരു പടുമുളയാണെന്നും ഞാൻ ഒരു മുള്ളൻചീരയാണെന്നും എന്നാൽ, ബാക്കി ലോകവും ലോകരും നേരെയാണെന്നും അതല്ലെങ്കിൽ നേരെയാക്കാൻ ശ്രമിച്ചാൽ നേരെയാവാത്തവരല്ലെന്നും ആ മനുഷ്യൻ കവിതയിലും ജീവിതത്തിലും വിശ്വസിച്ചു പോന്നു. കവിത തന്നെ തെളിവ് നിരത്തുന്ന ജീവിതം. അന്യൻ എപ്പോഴും സാളഗ്രാമം പോലെ ഒന്നാണെന്ന് 'മകന്റെ വാശി' എന്ന കവിതയിൽ ഒരു സൂചനയുണ്ട്. സാളഗ്രാമത്തിനു പരുഷതയും ഒപ്പം ഈശ്വരാംശവും ഉണ്ടെന്നു സങ്കല്പം. തന്റെ തൊട്ടടുത്തിരിക്കുന്നവനും അത് തന്നെ തരം. ഈ ലോകക്രമത്തിനു നടുവിലെ ക്രൂരതയെ ശാന്തതയാക്കാനുള്ള മന്ത്രം എന്ത് എന്ന അന്വേഷണം ജീവിതത്തിൽ പ്രധാനം അതിനിടയിൽ താൻ പെറ്റുകൂട്ടുന്ന ഇരുളിനെക്കുറിച്ച് ആലോചിക്കാൻ എവിടെ നേരം? പക്ഷേ, ആ ഒരു തോന്നലിന്നിടയിൽ, ഇരുളിന്റെ കൊടുമുടിയിൽ നിൽക്കെ പെട്ടെന്ന് നിലാവുദിച്ചാലോ അതും പിൻനിലാവ്. രാവിന്റെ അവസാന യാമത്തിൽ പിറക്കുന്ന രണ്ടോ മൂന്നോ യാമം മാത്രം നീളുന്ന നിലാവാണ്‌, പിൻനിലാവ്.

Edasseri Govindan Nair death anniversary

പന്ത്രണ്ടു വയസ്സുമുതൽ കവിത എഴുതിത്തുടങ്ങിയ ഒരാൾ ക്രമാനുഗതമായി പാരമ്പര്യത്തെ അനുസരിച്ചും എന്നാൽ, ലോകക്രമത്തിന്റെ മാറ്റങ്ങളിൽ ശങ്കാഹീനം നിലപാടുകൾ ഉറപ്പിച്ചു പറഞ്ഞും അൻപത്തിയാറു കൊല്ലത്തോളം കവിതയിൽ പ്രവർത്തിച്ചു. ആ നിൽപ്പിൽ ഇടശ്ശേരി അറുപതുകൾക്ക് ശേഷം നിറഞ്ഞു തന്നെ നിന്നു. പി.പി. രാമചന്ദ്രന്റെ ഒരു നിരീക്ഷണം കടം വാങ്ങിയാൽ കവിതയുടെ കേന്ദ്രത്തിൽ 'കാല്പനികതയുടെ ഓടക്കാടുകൾ നിറയുന്ന കാലത്ത് അത് വെട്ടിമാറ്റാനുള്ള മടവാൾ പൊന്നാനിയിലിരുന്നു ഉണ്ടാക്കി' ഒരു പുതിയ ഭാവുകത്വത്തിന്‌ ഇടശ്ശേരി തറ പടുത്തു. മലയാള കവിതയ്ക്കും കവിതയിൽ പ്രവർത്തിച്ചിരുന്നവർക്കും അതറിയാമായിരുന്നു. എന്നാൽ, നിരൂപക ലോകം അറുപതാം പിറന്നാളിനാണ് 'ഇതാ ഒരു കവി' എന്ന് ആദ്യമായി പറഞ്ഞത്. തെക്കൻ കേരളത്തിൽ ഇടശ്ശേരിയെക്കാൾ ഖ്യാതിയുണ്ടായിരുന്നത് വ്യഖ്യാതാവായിരുന്ന മാടശ്ശെരിക്കായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ആധുനികത ഒരു കാവ്യവഴിയും പ്രത്യയശാസ്ത്രവും ആകുന്ന എഴുപതുകളുടെ നേർക്കാണ് ഇടശ്ശേരിക്കവിത മുഖവും കാഴ്ചയും ഊന്നിനിന്നത് എന്നത് കൊണ്ടാവണം അന്നങ്ങനെ സംഭവിച്ചത്. അതുകൊണ്ട് തന്നെ തന്നിലേക്ക് നോക്കാനുള്ള ഇടശ്ശേരിയുടെ സ്വതസിദ്ധമായ മടി ഒരു തവണ പൊലിഞ്ഞു പോയതിന്റെ രേഖയാകുന്നു പിൻനിലാവുള്ള രാത്രി

ഇടശ്ശേരിയുടെ ജീവിതത്തിന്റെ അവസാന യാമത്തിൽ വന്നുഭവിച്ച ആ പിൻനിലാവിനെ ഞാൻ കേരള സാഹിത്യ അക്കാദമി അവാർഡ്‌ എന്ന് വിളിക്കുന്നു. ഒരുപക്ഷേ, അദ്ദേഹത്തിനു ലഭിച്ച ആദ്യത്തെ പ്രമുഖ അംഗീകാരം. പിന്നീട് ആറാം യാമത്തിൽ ആ 'ഇരുൾ പെറ്റു കൂട്ടിയ' ആ രൂപം പൊലിഞ്ഞു പോയി. വെളിച്ചം പരന്നപ്പോളാണ് മനസ്സിലായത്‌ ഇരുളിനകത്തെ സർവ്വസാക്ഷിയായ രണ്ടുകണ്ണുകളെക്കുറിച്ച്. മരിച്ചു കഴിഞ്ഞ് പത്തുവർഷത്തിനു ശേഷം ഇത്രയധികം ചർച്ച ചെയ്യപ്പെട്ട മറ്റൊരു കവിയും മലയാളത്തിൽ ഇല്ല. പക്ഷേ, ജീവിച്ച കാലത്ത് ആ വിളവുണ്ണാനുള്ള യോഗം അദ്ദേഹത്തിനുണ്ടായില്ല. അംഗീകരിക്കപ്പെടുക എന്ന കേവലമായ ആർത്തിയായിരുന്നില്ല അത്. താനിത് വരെ കാത്തു വെച്ചതും കരുതിക്കൊണ്ട് നടന്നതുമെല്ലാം കൈവിട്ടു പോകുമോ എന്ന തോന്നലിന്റെ ആധിയായിരുന്നു അത്. ജീവിതക്രമം അങ്ങനെയാണെന്ന് ഇടശ്ശേരി ഈ കവിതയിലും പറയുന്നുണ്ട്. 'ജീവിതക്കൊതി തീരാതെ/ മൃതിപ്പെട്ടോരിറങ്ങവെ/ തദാവാസ തരുക്കൊമ്പിൽ/ ക്കേറീ ജീവൻ വെറുത്തവർ' എന്ന് പച്ചക്ക് തന്നെ അത് എഴുതി വെക്കുന്നുമുണ്ട്. അപ്പോഴും മുൻപ് പറഞ്ഞ ആധിപിടിച്ച തോന്നലിന്റെ സത്യാവസ്ഥ, ഇടശ്ശേരി എഴുതിയതിൽ ഏറ്റവും മൃദുലമായ വാക്കുകളിൽ നമ്മൾ ഈ കവിതയിൽ കാണും; 'ഒരു പൂ മതി ഉർവിയ്ക്ക് / ചൈത്രമാസം കുറിക്കുവാൻ/ ഒരു സങ്കൽപ്പമെ വേണ്ടൂ ജീവിതങ്ങൾക്ക് പൂവിടാൻ' എന്ന്. ഈ വരി തനിക്കു വേണ്ടിയും തന്നെ കുറിച്ചും ആയിരുന്നു. തന്നെ കുറിച്ചാവുമ്പോഴും അത് അനേക ജീവിതങ്ങളെക്കുറിച്ചും ആയിരുന്നു. ഇടശ്ശേരി ഒരു കവിതയിലെങ്കിലും തന്നെ വ്യതിരിക്തമായി ഉച്ചരിച്ചു വെച്ചുവല്ലോ എന്ന് വായിക്കുമ്പോഴെല്ലാം തോന്നിപ്പിച്ചിട്ടുണ്ട് ഈ കവിത.

(ലേഖകന്‍ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളജ്, തിരൂർ മലയാള വിഭാഗം അദ്ധ്യക്ഷനാണ്)
 

Latest Videos
Follow Us:
Download App:
  • android
  • ios