Malayalam Short Story : മുറ്റ്, വി സുധീഷ് കുമാര്‍ എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. വി സുധീഷ് കുമാര്‍ എഴുതിയ ചെറുകഥ

chilla malayalam  short story by V Sudheesh Kumar

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam  short story by V Sudheesh Kumar


ഉറങ്ങുന്നതിന് മുന്‍പ് രാജസ്ഥാന്‍ കമ്പിളി വില്‍പ്പനക്കാരില്‍ നിന്ന് വിലപേശി വാങ്ങിയതിന്റെ സമര്‍ത്ഥ്യം ഓര്‍മ്മപ്പെടുത്തുന്ന, ചുവപ്പില്‍ വെള്ള പൂക്കള്‍ വിരിഞ്ഞ കമ്പിളി പുതപ്പ് മേലാകെ പുതച്ച്, വെളുത്തു നീണ്ടു മെലിഞ്ഞ മരപ്പണിക്കാരന്‍ അമ്പതു കഴിഞ്ഞ റാണി മാലിക്ക്, രണ്ടാം ഭാര്യ നബീസിഞ്ഞ പാലില്‍ കലക്കി കൊടുത്ത ഉറക്ക ഗുളിക കുടിച്ച് തന്റെ പുതുപുത്തന്‍ തേക്കിന്‍ കട്ടിലില്‍ ബോധംകെട്ട് കിടന്നുറങ്ങി.

അതേ രാത്രിയില്‍ അടക്കാ പണിക്കാരന്‍ ചെപ്പടക്ക രാജന്‍ ഇരുട്ടത്ത് തപ്പി പിടിച്ച് കവുങ്ങിന്‍ തോട്ടത്തിലൂടെ തോടു മുറിച്ച് കടന്ന്, മീശ രാമന്റെയും ബന്ധുക്കളുടെയും വീട്ടുമുറ്റത്തു കൂടെ പാഞ്ഞ്, താളിക്കുണ്ട് കുന്ന് കേറി റാണി മാലിക്കിന്റെ മുരിങ്ങാ മരങ്ങളുള്ള പറമ്പിനു നടുവിലെ ചെങ്കല്ല് കെട്ടിതേച്ച വീട്ടുചായ്പ്പില്‍ വന്ന് എയ്യന്‍ കുഞ്ഞ് കണക്കനെ ഒളിച്ചിരുന്നു. പിന്നെ ഉറക്ക ഗുളികയില്‍ പരകായം ചെയ്ത റാണി മാലിക്ക് ഒന്ന് തിരിഞ്ഞു കിടക്കുക പോലും ചെയ്യരുതെ ഭഗവാനേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്, നബീസിഞ്ഞയുടെ തുടുത്തു നനവുള്ള ഉടലിനെ ഓര്‍ത്ത് തെറിച്ച് ചായ്പ്പിലേക്കുള്ള അടുക്കള വാതിലില്‍ പൂച്ച മാന്തുന്നതു പോലെ രണ്ടു മൂന്നു വട്ടം മാന്തി. റാണി മാലിക്ക് അമ്പതാം വയസില്‍ കെട്ടി കൊണ്ടുവന്ന നിലാചന്ദ്രന്‍ പോലത്തെ നബീസിഞ്ഞ വന്ന് വാതില്‍ തുറക്കുന്നതും നായാട്ടു കഴിഞ്ഞ് അന്തപുരം കേറുന്ന രാജാവ് കണക്കനെ പരവേശത്തോടെ രാജന്‍ അകത്തെ ഇരുട്ടിലേക്ക് ഇല്ലാതാവുന്നതും അവന്‍ മനസില്‍ കണ്ടു.

ചെപ്പടക്ക രാജന്‍ നല്ല ഒന്നാം തരമായി അടക്ക പൊതിക്കും. പൊതിച്ച അടക്ക ഒരു കൈ വെള്ള നിറയാന്‍ രാജന് ഒരു സെക്കന്റ് മതി. അടക്കാപ്പലകയിലിരുന്ന് മുണ്ട് തുടവരെ കേറ്റി മാഞ്ഞാളവും പറഞ്ഞ്  അസാമാന്യമായ കൈ വേഗതയോടെ രാജന്‍ അടക്ക പൊതിക്കുന്നത് ആളുകള്‍ കണ്ടോണ്ട് നില്‍ക്കും. താളിക്കുണ്ടിലെ അടക്കാ തോട്ടമുള്ള വീട്ടുകാര്‍ക്കെല്ലാം അടയ്ക്ക കിലോയ്ക്ക് കുത്തനെ വില കൂടിയാലോ കുറഞ്ഞാലോ ഉടനടി രാജനെ വേണം. രാജന് പത്ത് മണിക്ക് കലത്തപ്പവും മീന്‍ കറിയും വച്ച് കൊടുത്ത് ഉച്ചക്ക് ചോറും കൂട്ടാനും വിളമ്പി കൊടുത്ത് രാജന്റെ മാഞ്ഞാളവും കേട്ട് നേരം കഴിക്കാന്‍ അടക്കാ തോട്ടമുള്ള വീടുകളിലെ പെണ്ണുങ്ങള്‍ക്ക് വലിയ ഇഷ്ടമാണ്. അടക്കാമരം കേറുന്നവരെക്കുറിച്ചും കീടം കേറിയ കവുങ്ങിന്‍ മണ്ടയ്ക്ക് തുരിശടിക്കുന്നവരെക്കുറിച്ചും കവുങ്ങിന്‍ തടിക്ക് തടം വെട്ടുന്ന ആണുങ്ങളെക്കുറിച്ചും കവുങ്ങിന്‍ മെരടിന് തോലുകൊത്തുന്ന പെണ്ണുങ്ങളെക്കുറിച്ചും കൊട്ടക്കണക്കിന് നാട്ട് നാമൂസ് രാജന്റെ കൈയിലുണ്ട്. ഒരു താളത്തില്‍ കൃത്യമായ വളവും തിരിവും കയറിയിറങ്ങി നാടകീയതയുടെ വാഴയില വച്ച് പൊതിഞ്ഞ് പാകത്തിന് പൊള്ളിച്ചെടുത്ത കഥകളായിരിക്കും അത്. ഇതിനിടയിലൂടെ രാജന്റെ കൈപ്പത്തിയില്‍ അടക്കാ കുരു ഓരോന്നും തോടുരിഞ്ഞ് പുനര്‍ജനിക്കപ്പെടും. രാജനാണ് കുന്നിന്‍ ചെരുവില്‍ അടക്ക പൊതിക്കുന്നവരുടെ കൂലി ഓരോ വര്‍ഷവും തരാതരം നിര്‍ണയിക്കുന്നത്. രാജനാണ് മരമുള്ള ഓരോ വീട്ടിലെയും മുറ്റത്ത് വെയിലു കൊണ്ട് കാഞ്ഞ് പരുവമായ അടക്കാ കൂട്ടം പൊതിച്ച് തൂക്കി ചാക്കിലാക്കും വരെയുള്ള അധികാരി. ഓരോ അടക്കാ കുരുവിന്റെയും രാശി രാജന് കൃത്യമായി അറിയാമായിരുന്നു.

റാണി മാലിക്കിന്റെ രണ്ടാം കല്യാണം കഴിഞ്ഞ് നാലാമത്തെ മാസം അടക്കാകത്തിയുമായി വീട്ടുമുറ്റത്തേക്ക് അടക്ക പൊതിക്കാനെത്തിയപ്പോഴാണ് അടുക്കള പുറത്ത് രാജന്‍ നബീസിഞ്ഞയെ ആദ്യമായി കണുന്നത്. വീടു നിറയെ ടേപ്പ് റിക്കോര്‍ഡറില്‍ നിന്നും മാപ്പിളപ്പാട്ട് മുഴങ്ങി കേള്‍ക്കുന്നുണ്ടായിരുന്നു. പാട്ടും കേട്ടുകൊണ്ട് മിണ്ടാനാരുമില്ലാതെ മിന്നായം പോലെ കണ്ട വെള്ളി മേഘേം പോലത്തെ നബീസിഞ്ഞയെ ഒരു നോക്കുകൂടി കാണാന്‍ കൊതിച്ച് നിര്‍ത്താണ്ട് മാഞ്ഞാളം പറയാന്‍ വായ് തരിച്ച് രാജന്‍ പണി തുടങ്ങി. കഥ പറയാനും കേള്‍ക്കാനും പള്ളയ്ക്കാളില്ലെങ്കില്‍ ഉഷാറ് പോരാതെ രാജന്‍ കുഴങ്ങും. അവന്‍ വീട്ടുവാതില്‍ക്കലേക്കും വീട്ടുപറമ്പിലേക്കും ആള്‍പെരുമാറ്റത്തിന് പാളി നോക്കിയെങ്കിലും ആളുകളാരെയും കണ്ടില്ല. വെള്ളത്തിന് ചോദിച്ചപ്പോള്‍ വാതില്‍പ്പടിയിലേക്ക് വെള്ളം നിറച്ച സ്റ്റീല്‍ പാട്ട മാത്രമെത്തി. പത്തു മണിക്ക് കഴിക്കാറായപ്പോള്‍ ടേബിളില്‍ പത്തലും കറിയും കട്ടഞ്ചായയും കണ്ടു. ഉച്ചയ്ക്കും അങ്ങനെ തന്നെ. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിലും അത് തന്നെ തുടര്‍ന്നു. കേട്ടുകൊണ്ടിരുന്ന മാപ്പിളപ്പാട്ടുകള്‍ കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകളിലേക്ക് പതിയെ വഴിമാറി. 

 

Also Read : ഫോട്ടോഗ്രാഫര്‍, സിവിക് ജോണ്‍ എഴുതിയ കഥ

 

ദിവസങ്ങള്‍ കഴിഞ്ഞിട്ടും പണി കഴിഞ്ഞ് പോയാല്‍ രാജന് നബീസിഞ്ഞയെ രണ്ടാമതൊന്ന്  കാണാഞ്ഞുള്ള ദുഃഖം വിട്ടുമാറിയിരുന്നില്ല. വൈകുന്നേരങ്ങളില്‍ അവന്‍ എന്തോ ഒന്ന് തൊണ്ടയില്‍ കുരുങ്ങിയ പോലുള്ള പ്രയാസത്തില്‍ ബീഡി വലിച്ചുകൊണ്ട് സായം സന്ധ്യയിലേക്ക് മുഖം തിരിച്ച് നിന്നു. ഇരുട്ടു വീണാല്‍ മൊട്ടപ്പാറയില്‍ ചന്ദ്രക്കലയിലേക്ക് മുഖമമര്‍ത്തി കിടന്നു. അടുത്ത പകലിന് കാത്തിരുന്നു. അടക്ക പൊതിക്കാന്‍ പോയ വീടുകളിലെ ഇക്കിളി കഥകള്‍ രാജനില്‍ നിന്ന് കേള്‍ക്കാഞ്ഞ് ഒപ്പമുള്ളവര്‍ അവന്റെ മൂച്ചൊന്നു തണുത്തതില്‍ തൃപ്തി പൂണ്ടു.

ഒരു ദിവസം ഗള്‍ഫിലുള്ള ഭര്‍ത്താവിന് ഭാര്യ എഴുതുന്ന കത്ത് പാട്ട് വീടിനകത്തു നിന്നും കേട്ട് ദു:ഖഭരിതനായി തല താഴ്ത്തി രാജന്‍ അടക്ക പൊതിച്ചു കൂട്ടുമ്പോള്‍ അകത്തു നിന്നും നബീസിഞ്ഞയുടെ ശബ്ദം കേട്ടു.

'നിങ്ങക്കെന്ത്യെ ഇത്ര സങ്കടം?'

രാജന്‍ തലപൊക്കി ചുറ്റിലും പരതി. വരാന്തയിലേക്കുള്ള വാതില്‍ക്കല്‍ നബീസിഞ്ഞയുടെ തട്ടം മറച്ച മുഖം. രാജന്റെ കണ്ണിലൊരു മിന്നല്‍ പാഞ്ഞു. പിന്നാലെ നെഞ്ചിലൊരൂക്കന്‍ ഇടിയും മുട്ടി. രാജന്റെ കൈ തെന്നി കത്തിക്ക് കൊണ്ട് തൊലി പൊട്ടി അടക്കാ പൊടി കേറി പുകഞ്ഞു. രാജന്റെ കണ്ണു നിറഞ്ഞു. അവന്‍ നബീസിഞ്ഞയില്‍ നിന്ന് മുഖമെടുക്കാതെ പറഞ്ഞു.

'ഒന്നൂല്ലപ്പ.'

നബിസിഞ്ഞയുടെ തല അകത്തേക്ക് വലിഞ്ഞു. രണ്ടാമതെന്തെങ്കിലുമൊരു ചോദ്യത്തിന് രാജന്‍ കാത്തിരുന്നു.

'ഉച്ചക്ക് കൂട്ടാനെന്ത്യെ ബേണ്ടേ?'

നബീസിഞ്ഞ തല നീട്ടി വീണ്ടും ചോദിച്ചു. 

'നിങ്ങക്ക് ഇഷ്ടം ഇള്ളതായിക്കൊ.'

തട്ടമൊന്ന് മാറ്റി രാജന് മുഖവട്ടമൊന്നു കാട്ടി നബീസിഞ്ഞ വീടിനകത്തേക്ക് പിന്നെയും വലിഞ്ഞു. രാജന്റെ തലച്ചോറില്‍ തേനീച്ച കൂടു പൊട്ടി.

പിന്നെ ഒളിഞ്ഞും തെളിഞ്ഞും അവര്‍ കാണാനും മിണ്ടാനും തുടങ്ങി. ടേപ്പു റിക്കോര്‍ഡറില്‍ നിന്ന് കേള്‍ക്കുന്ന മാപ്പിളപ്പാട്ടുകള്‍ക്കൊപ്പിച്ച് അടുക്കളയിലിരിക്കുന്ന നബീസിഞ്ഞയും അടക്കാചെപ്പിലിരിക്കുന്ന രാജനും അനുരാഗികളെ പോലെ ചുണ്ടനക്കാന്‍ തുടങ്ങി. രാജന്‍ വീട്ടിലെ പട്ടിയുടെയും പശുവിന്റെയും പൂച്ചയുടെ കഥകളടക്കം തരാതരം കാര്യങ്ങള്‍ നബീസിഞ്ഞയെ പറഞ്ഞു കേള്‍പ്പിച്ചു. നബീസിഞ്ഞ അകത്ത് വാതിലിനോരത്ത് ചുവര് ചാരിയിരുന്ന് അതൊക്കെയും കേട്ടിരുന്നു. കുട്ടിക്കാലത്തേതുപോലുള്ള ഒരനുഭൂതി അപ്പോഴൊക്കെയും നബീസിഞ്ഞാക്ക് തോന്നി. റാണി മാലിക്കിന്റെ കൂര്‍ക്കം വലിയെ പറ്റിയും ആദ്യത്തെ ഭാര്യ മാലിക്കിനെ കൊതിപ്പിക്കാന്‍ പെടുന്ന പാടുകളെ പറ്റിയും അവള് പിണങ്ങി പോയതില്‍ പിന്നെയുള്ള ഏകാന്തതയെ പറ്റിയും നബീസിഞ്ഞ രാജനോടും പറഞ്ഞു. ദിവസങ്ങള്‍ക്ക് വെള്ളവും വളവും കിട്ടിയത് പോലെ അവള്‍ പരിസരങ്ങളിലേക്ക് പ്രകാശം ചൊരിഞ്ഞു. വീട്ടുമുറ്റത്തിരുന്ന് രാജന്‍ അടക്ക പൊതിച്ചുകൂട്ടുമ്പോള്‍ അവന്റെ മാഞ്ഞാളവും കേട്ട് കൊണ്ട് വരാന്തയിലിരുന്ന് കൊത്തങ്കല്ലു കളിക്കണമെന്ന് നബീസിഞ്ഞ കൊതിച്ചു. അവര്‍ രണ്ടും രണ്ടു കുട്ടികളെപ്പോലെ കൊത്തങ്കല്ലു കളിക്കുന്നത് നബീസിഞ്ഞ സ്വപ്നം കണ്ട് ഉറക്കം ഞെട്ടി. അടുത്തുറങ്ങുന്ന റാണി മാലിക്കിനെ തോണ്ടി വിളിച്ച് നബീസിഞ്ഞ ചോദിച്ചു.

'നിങ്ങക്ക് കൊഞ്ഞങ്കല്ല് കളിക്കാനറിയൊ?'

മല പോലുള്ള മരം വെട്ടിയിട്ട് അത് പത്ത് മുപ്പതാളുകളെക്കൊണ്ട് ഊക്ക് പാട്ടും പാടി ലോറിയില്‍ കയറ്റുന്നത് മറ്റൊരു സ്വപ്നം കാണുകയായിരുന്ന മാലിക്ക് പകുതി ഉറക്കത്തില്‍ നബീസിഞ്ഞയോട് പറഞ്ഞു.

'മരം കേറ്റാനിണ്ട്.'

റാണി മാലിക്ക് പണ്ട് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് മടങ്ങും വഴി മംഗലാപുരം വിമാനത്താവളം തൊട്ട് താളിക്കുണ്ട് ചെങ്കുത്ത് വരെ ജോലി വാഗ്ദാനത്തില്‍ പറ്റിച്ച പലരും പലയിടങ്ങളില്‍ ഒളിച്ച് നിന്ന് കൈയോടെ പിടികൂടി തച്ച് തച്ച് വിട്ടതിന്റെ തഴമ്പ് നബീസിഞ്ഞ ഉറക്കത്തിനിടയില്‍ തടവികൊടുക്കണമായിരുന്നു. തടവി തടവി മാലിക്കിനെ എങ്ങാനും രാജാ എന്ന് വിളിച്ചു പോകുമോ എന്ന് നബീസിഞ്ഞ പേടിച്ചു.

 

Also Read : മരണവ്യവഹാരം, മജീദ് സെയ്ദ് എഴുതിയ കഥ

 

ഉച്ചക്ക് ബനീങ്ങ ഉരുക്കിയതും ചീരക്കറിയും കൂട്ടി രാജന്‍ ചോറ് കഴിച്ച് വരാന്തയില്‍ ഒരാലസ്യമാസ്വദിച്ച് ഇരിക്കുമ്പോള്‍ നബീസിഞ്ഞ കൈവെള്ളയില്‍ കൊത്തങ്കല്ലിന് കല്ലുകളുമായി അരികത്ത് വന്നിരുന്നു. അവള്‍ അവന് മുന്നിലേക്ക് കൈയിലെ കല്ലുകള്‍ നിരത്തിയിട്ടു.

'എന്‍ക്ക് നിന്റൊക്ക കൊത്തങ്കല്ല് കളിക്കണം.'

നബീസിഞ്ഞ പറഞ്ഞു. രാജന്‍ നബീസിഞ്ഞയിലേക്കും അതിനു മുകളിലുള്ള ദൈവം തമ്പുരാനിലേക്കും നോക്കി. വാതില്‍പടിയോടു ചേര്‍ന്നിരുന്ന് കൊത്തങ്കല്ലു കളിക്കുന്ന നബീസിഞ്ഞയുടെ കൈവിരലുകള്‍ രാജന്റെ കണ്ണിമകളെ അനങ്ങാന്‍ വിട്ടില്ല. മാലിക്കിന്റെ അടക്കാകൂട്ടം പൊതിക്കുന്നതിന് രാജന്‍ പിന്നെ വേഗത കുറച്ചു. നബീസിഞ്ഞയുടെ ഓര്‍മ്മകള്‍ മൂത്ത് രാത്രികളില്‍ അവന്‍ ഉറങ്ങാതായി. നബീസിഞ്ഞയില്‍ എന്തോ മറന്നു വച്ചതു പോലെ രാജന്‍ ആവലാതിപ്പെട്ടു. ആര്‍ത്തിക്കും ആഗ്രഹത്തിനുമിടയില്‍ നടക്കാത്തതൊന്നിന്റെ പിടിയില്‍ ഞെരിഞ്ഞ് തളര്‍ന്ന് രാജന്‍ ഉന്‍മേഷം കെട്ടിരുന്നു.

'നീയെന്തെ ബെളളത്തില് ബീണ കോയീന കണ്‍ക്കനെ?'

നബീസിഞ്ഞ  ചോദിച്ചു.

രാജന്‍ ഒന്നും മിണ്ടിയില്ല.

നബീസിഞ്ഞ വിളമ്പി കൊടുത്ത ഉച്ചക്കുള്ള ചോറും കറിയും രാജന്‍ വിശപ്പില്ല എന്ന് പറഞ്ഞ് കഴിക്കാതെ ഇരുന്നു.

വൈകുന്നേരം പണിയും കഴിഞ്ഞ് തിരിച്ച് പോകുമ്പോള്‍ പതിവില്ലാത്ത വിധം രാജന്‍ തല കുമ്പിട്ടു. പിന്നീടങ്ങോട്ടും രാജന്‍ അതുപോലെ തുടര്‍ന്നു. ഒരു ദിവസം പണി കഴിഞ്ഞ നേരത്ത് മുറ്റത്തു കണ്ട നബീസിഞ്ഞയോട് രാജന്‍ ചോദിച്ചു.

'എന്‍ക്ക് നിങ്ങളൊക്ക ഒര്‍ങ്ങണം.'

നബീസിഞ്ഞ തരിച്ച് തട്ടം മൂടി വീടിനകത്തേക്കോടിയൊളിച്ചു. അതിനു പിറ്റേന്ന് അവരങ്ങോട്ടുമിങ്ങോട്ടും ഒന്നും മിണ്ടാന്‍ പോയില്ല. അതിനും പിറ്റേന്ന് പണി കഴിഞ്ഞു മടങ്ങുമ്പോള്‍ നബീസിഞ്ഞ രാജനോട് ചോദിച്ചു. 

'എന്തിന് എന്റൊക്ക ഒര്‍ങ്ങ്ന്ന?'

'അറീല.'

'ഒറ്റക്കൊര്‍ക്കം വര്ന്നില്ലെ?'

'നിങ്ങള കണ്ടേ പിന്ന.'

നബീസിഞ്ഞ തട്ടം മറഞ്ഞ് ചിരിച്ചു.

അതിനു പിറ്റേന്ന് രാജന്‍ പണി കഴിഞ്ഞ് മടങ്ങുമ്പോള്‍ നബീസിഞ്ഞയെ കണ്ടില്ല. ഇനി നബീസിഞ്ഞ മിണ്ടാനും പറയാനും വരില്ല എന്ന് രാജന് തോന്നി. 

'എന്‍ക്ക് കൊയ്‌പ്പോന്നും ഇല്ല. ഓറ് സമ്മതിക്കീല.'

അതിനും പിറ്റേന്നാണ് രാജനോട് നബീസിഞ്ഞ അത് പറയുന്നത്.

'ആരി?'

രാജന്‍ ചോദിച്ചു.

'ആരി പിന്ന. ഞാനൊര്‍ങ്ങുമ്പൊ എന്റൊക്ക ഓറും ഇണ്ടാവും.'

മാലിക്കിനോടുള്ള വലിയൊരു പരിഭവമുണ്ടായിരുന്നു അതില്‍.

'മാറികെടന്നൂടെ.'

'സമ്മതിക്കീല.'

അതിനും പിറ്റേന്ന് പണിക്കു വന്നപാടെ രാജന്‍ പറഞ്ഞു. 

'എന്റെ കൈമ ഒരൈഡിയ ഇണ്ട്.'

ഒന്ന് ശ്വാസം തടഞ്ഞു പോയ നബീസിഞ്ഞ ചോദിച്ചു.

'എന്ത്യെ?'

'പറയാ.'

അന്നു മടങ്ങുമ്പോഴാണ്  രാജന്‍ ഐഡിയ പറയുന്നത്.

'ഒര്‍ങ്ങാന്‍ ഗുളിക കൊട്ത്താലൊ?'

'ആരിക്ക്?'

'ആരിക്ക് പിന്ന.'

'റബ്ബേ!'

ആസകലം ചീമുള്ള് കേറി നബീസിഞ്ഞ നിന്നു വിറച്ചു. നബീസിഞ്ഞയുടെ ശ്വാസഗതിക്ക് വേഗത കൂടി. ഒരു പരിഭ്രാന്തി മൊത്തമായി ബാധിച്ച് നബീസിഞ്ഞ വീട്ടിനകത്തേക്ക് കുതറിയോടി. കാര്യം പറഞ്ഞ് തിരിഞ്ഞു നടന്ന രാജന്‍ അധികം അകലുന്നതിനും മുന്‍പെ വീടിനകത്തു നിന്നും പിന്നാലെ കേട്ടു,

'ഇണ്ടെങ്കില് കൊണ്ട.'

രാജന്‍ പിറ്റേന്ന് പണിക്കു പോയില്ല. കൂട്ടുകാരനോടൊപ്പം ടൗണിലേക്ക് പോയി നളന്ദ ബാറില്‍ നിന്ന് ഓരോ ബിയറു കുടിച്ചു. കൂട്ടുകാരനെ വിട്ട് ആള്‍ത്തിരക്കില്ലാത്ത മെഡിക്കല്‍ ഷോപ്പില്‍ നിന്ന് കുറച്ച് ഉറക്കഗുളിക തരപ്പെടുത്തി. സങ്കതി എങ്ങനെയുണ്ടെന്നറിയാന്‍ രാത്രിയില്‍ കിടക്കാന്‍ നേരത്ത് ഒരെണ്ണമെടുത്ത് വായിലിട്ട് വിഴുങ്ങിയാണ് രാജന്‍ കിടന്നത്. രാവിലെ തൊട്ട് ഉണരാത്ത രാജനെ വാതിലിനു മുട്ടിയും ജനാലയിലൂടെ കോലിട്ടു കുത്തിയും വീട്ടുകാര്‍ ഉണര്‍ത്താന്‍ നോക്കി. രാജനുണര്‍ന്നില്ല. അവന്റെ കൂര്‍ക്കം വലി കേട്ട് ചത്തില്ല എന്നുറപ്പാക്കിയെങ്കിലും ഉച്ചയായപ്പൊഴെയ്ക്കും ടെന്‍ഷന്‍ മൂത്ത് അയല്‍പക്കത്തറിയിച്ച് ആളെക്കൂട്ടി നേര്‍ച്ച പറഞ്ഞ് എങ്ങനെയൊക്കെയോ ഉച്ച ചെരിയുമ്പൊഴെയ്ക്കും രാജനെ ഉണര്‍ത്തുകയായിരുന്നു. പിറ്റേന്ന് ഗുളിക നബീസിഞ്ഞാക്ക് കൈമാറും നേരം രാജന്‍ ഉറങ്ങിപ്പോയ കാര്യം പറഞ്ഞു. നബീസിഞ്ഞ ചിരിച്ചു. അന്നേ ദിവസമാണ് അടക്ക പൊതിച്ചു തീര്‍ന്നത്. ചെപ്പടക്ക തിരഞ്ഞു മാറ്റി അടക്കാ പൊക്കിളിന്റെ പൂട കളഞ്ഞ് വാരിക്കൂട്ടി ചൂരിക്കൊട്ടയില്‍ നിറച്ച് തൂക്കി നോക്കി ചാക്കിലിട്ട് വായ കെട്ടി പണി തീര്‍ത്ത് രാത്രിയില്‍ വരും എന്നും പറഞ്ഞ് രാജന്‍ മടങ്ങി.

രാത്രി അടുക്കും തോറും നബീസിഞ്ഞാക്ക്  ആധി കൂടി. മാലിക്ക് പണിയും കഴിഞ്ഞ് വന്ന് കുളിച്ച് പത്തല് കഴിക്കുമ്പോള്‍ അവളയാളെ എന്തിനെന്നറിയാതെ അന്തം വിട്ട് നോക്കി. രാജന്‍ കൊടുത്ത ഗുളിക പാലില്‍ കലക്കി മാലിക്കിന് കൊടുത്ത് ഒരാവലാതിക്ക് വഴിയൊരുക്കണോ എന്ന് പലമാതിരി നബീസിഞ്ഞ ആലോചിച്ചു. രാജന്‍ രാത്രിയില്‍ വരുമെന്ന് പറഞ്ഞപ്പോള്‍ പിന്‍തിരിപ്പിക്കാതിരുന്നതും താന്‍ തന്നെ എന്ന് നബീസിഞ്ഞ പരിതപിച്ചു. പാതിരാത്രിക്ക് വീട്ടു വാതിലില്‍ മുട്ടു കേട്ടാല്‍ മാലിക്കുണരും. വാതിലു തുറന്ന് മുറ്റത്തേക്കിറങ്ങിയാല്‍ ഇരുട്ടില്‍ രാജനെ കാണും. കണ്ടാല്‍ മാലിക്ക് മരം വെട്ടുന്ന മഴു കൊണ്ട് രാജനെ വെട്ടി വേറെ വേറെയാക്കും.

നബീസീഞ്ഞ പാലില്‍ ഗുളിക പൊടിച്ചിട്ട് രാത്രിക്ക് കിടക്കാന്‍ നേരം മാലിക്കിന് കൊണ്ട് കൊടുത്തു. മാലിക്ക് പാലുകുടിച്ചതും തൊണ്ടയിലെന്തോ കയ്ച്ച് നബീസിഞ്ഞയെ ഇളിഞ്ഞ മുഖത്തോടെ  നോക്കി. നബീസിഞ്ഞയും അതിനൊപ്പിച്ച് ഇളിച്ച് കാണിച്ചതല്ലാതെ,

'എന്ത്യെ ഇച്ചാ?' എന്ന് പയ്യാരം പറയാനൊന്നും പോയില്ല. 

അധിക നേരത്തിന് കാത്തു നില്‍ക്കേണ്ടിയൊന്നും വന്നില്ല. ഉറങ്ങാന്‍ കിടന്ന മാലിക്ക് അങ്ങുറങ്ങിപ്പോയി. മാലിക്കിന്റെ നീണ്ടു നിവര്‍ന്ന് നിര്‍വൃതി പൂണ്ടുള്ള ഉറക്കം കണ്ട് നബീസിഞ്ഞ തന്റെ ഉള്ളിലെ താനറിയാത്തവളെ നേരില്‍ കണ്ട് അന്തം വിട്ട് അള്ളാനെ വിളിച്ചു. 

 

Also Read: വേഷം, രാജേഷ് ആര്‍. വര്‍മ്മ എഴുതിയ കഥ

 

നബീസിഞ്ഞ മാലിക്കിനെ വിളിച്ചു നോക്കി. മാലിക്കുണര്‍ന്നില്ല. തോണ്ടി നോക്കി. ഉണര്‍ന്നില്ല. നുള്ളിയും മാന്തിയും നോക്കി. മാലിക്കിന്റെ നരച്ചു ചുരുണ്ട തലമുടിക്കിടയിലൂടെ ഓടി മറഞ്ഞ കട്ടിലക്കൂറ നബീസിഞ്ഞയോട് വിളിച്ചു പറഞ്ഞു; ഉറക്കം മറ്റൊരു മരണമാണ്.

നെഞ്ചിടിപ്പോടെ പുറത്തെ ചലനങ്ങളില്‍ ചെവി കൂര്‍പ്പിച്ച് രാജനെ നോക്കി നോക്കി മാലിക്കിനരികില്‍ നബിസിഞ്ഞ ഉറങ്ങാതെ കിടന്നു. ഉറങ്ങിയോ എന്ന് ഉറപ്പു വരാതെ മാലിക്കിന്റെ ഉള്ളം കാലില്‍ മാന്തി. അവള്‍ എണീറ്റ് ജനാല തുറന്ന് ആകാശത്തേക്കും രാജന്‍ വരാനുള്ള ഊടുവഴിയിലേക്കും നോക്കി. പൊറുതി കിട്ടാതെ കിടപ്പുമുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഒടുക്കം അടുക്കളച്ചായ്പ്പില്‍ നിന്നും ഒരു കിരുകിരുപ്പ് നബീസിഞ്ഞ കേട്ടു.

അടുക്കള വാതില്‍ തുറക്കുന്നതും കാത്ത് ആവലാതി പെരുത്ത് ചായ്പ്പിലെ ഓലക്കിടി കൂനയ്ക്കിടയിലേക്ക് ചത്തുവീഴുമോ എന്ന് പോലും നബീസിഞ്ഞയെ കാക്കുന്ന രാജന് തോന്നി. ഇനി വാതില്‍ തുറക്കുന്നത് റാണി മാലിക്കാണെങ്കില്‍ അയാളുടെ കാലുകളിലേക്ക് ബോധംകെട്ട് വീണുപോകും. രാജന്‍ കിടുങ്ങി. മടങ്ങി പോയി മൂടിപ്പുതച്ച് കിടന്നുറങ്ങിയാലോ എന്ന് രാജന്‍ ആലോചിച്ചു. രണ്ടും കല്‍പ്പിച്ച് രാജന്‍ അടുക്കളവാതിലില്‍ വീണ്ടും മാന്താന്‍ തുനിഞ്ഞതും മഞ്ഞില്‍ ഒരു പൂവ് വിടരും പോലെ സാവധാനം അടുക്കള വാതില്‍ രാജന്റെ ഹൃദയത്തിലേക്ക് തുറക്കപ്പെട്ടു. ചുറ്റിലും അത്തറുമണം വന്നു കുഴഞ്ഞു. ഉടന്‍ തന്നെ ഒരു കൈ അകത്തെ ഇരുട്ടില്‍ നിന്ന് പുറത്തെ നിലാവെളിച്ചത്തിലേക്ക് നീണ്ട് രാജനെ വിരലുകളാല്‍ അകത്തേക്ക് വിളിച്ചു. കൈയിലെ കുപ്പിവളകള്‍ രാജനോട് താളത്തില്‍ പറഞ്ഞു

'റാണി മാലിക്ക് ഉറക്കത്തിലാണ്.'

അകത്തേക്ക് കടന്നതും വീടിന്റെ മുറികളിലൊന്നിലേക്ക് രാജന്‍ ആനയിക്കപ്പെട്ടു. ചിമ്മിനി വിളക്കിന്റെ വെട്ടത്തില്‍ പൊന്നു പൂശി നില്‍ക്കുന്ന മണിയറ കണക്കനെയുള്ള ഒരു മുറിയായിരുന്നു അത്. അകത്തെ ആളോളമെത്തുന്ന കണ്ണാടിയില്‍ വിയര്‍ത്തു കുളിച്ച് വിറയലോടെ നില്‍ക്കുന്ന രാജനെയും ഉടുത്തൊരുങ്ങി കിതപ്പാറ്റാനൊക്കാതെ നില്‍ക്കുന്ന നബീസിഞ്ഞയെയും രാജന്‍ കണ്ടു. ആരും ഇന്നോളം വന്നുപെടാത്ത ഒരല്‍ഭുതത്തിന്റെ പിടിയില്‍ കുരുങ്ങിയ കണക്കനെ രാജന് ശ്വാസം മുട്ടി. നബീസിഞ്ഞ മെത്തയിലേക്ക് രാജനെ വിളിച്ചിരുത്തി. രാജന് തൊണ്ട വരണ്ട് പൊട്ടി. നബീസിഞ്ഞ തലനീട്ടി ജനവാതില്‍ പടിയിലെ മണ്ണെണ്ണ വിളക്കൂതി. അവനും അവളും ഇരുട്ടിലായി. അന്ന് മെത്തയില്‍ കെട്ടിപ്പുണര്‍ന്ന് കിടന്ന് രാജനും നബീസിഞ്ഞയും തുറന്നിട്ട ജനാലയിലൂടെ ആകാശം നിറയെ നക്ഷത്രങ്ങളുടെ മൈലാഞ്ചിക്കളം കണ്ടു.

പിറ്റേന്ന് രാവിലെ ഗാഢമായ ഉറക്കത്തിന്റെ  പായമടക്കുവാനേ റാണി മാലിക്കിന് തോന്നിയില്ല. നല്ലവണ്ണം ഒന്ന് മരിച്ചുറങ്ങി നിറഞ്ഞു പോയതില്‍ മാലിക്കിന് അല്‍ഭുതം തോന്നി. അയാള്‍ വയറുനിറച്ച് കല്‍ത്തപ്പവും കഴിച്ച് പഞ്ചസാരയൂറുന്ന കട്ടഞ്ചായയും കുടിച്ച് ഉഷാറോടെ പണിക്കു പോയി. പണിക്കാരോട് ഉറക്കത്തിന്റെ നിര്‍വൃതിയാണ് ലോകത്തിലേക്കും വച്ച് ഏറ്റവും മുന്തിയ സുഖം എന്ന് കണ്ടെത്തിയ വിവരം പങ്കുവച്ചു.

പിറ്റേന്നും അതിനു പിറ്റേന്നും പിന്നീടങ്ങോട്ടും റാണി മാലിക്ക് വിശാലമായി തന്റെ ഉടലിനെയും ആത്മാവിനെയും ഉറക്കത്തില്‍ ഉണക്കിയെടുക്കാന്‍ രാജസ്ഥാന്‍ കമ്പിളിപ്പുതപ്പിലേക്ക് വിരിച്ചിട്ട് അതി ഗാഢമായി ഉറങ്ങി.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios