Malayalam Short Story : മുത്തപ്പന്‍, വി. സുധീഷ് കുമാര്‍ എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. വി. സുധീഷ് കുമാര്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
പാല്‍സൊസൈറ്റി സെക്രട്ടറി കോമ്രേഡ് രഘൂത്തമന്റെ വീട്ടില്‍ കഴിപ്പിച്ച മുത്തപ്പന്‍ തെയ്യം കാണാന്‍ പോയപ്പോഴാണ് കല്ലുകെട്ടുകാരന്‍ കുഞ്ഞിക്കിട്ടന്‍ തെയ്യത്തിനോട് നിരാശ്രയനായി ചോദിച്ചത്.
'ആരാണ് മുത്തപ്പാ എന്റെ വരിക്ക പ്ലാവിലെ ചക്ക കട്ടത?'
തെയ്യം കെട്ടിയ മാണിമൂല മണികണ്ഠന്‍ കുഞ്ഞിക്കിട്ടന്റെ അടുത്ത സുഹൃത്തായിരുന്നു. അഞ്ചാം ക്ലാസുവരെ ഒന്നിച്ചു പഠിച്ചവരായിരുന്നു അവര്‍. ഇടയ്ക്ക് കപ്പണ കുഴിയിലിരുന്ന് മങ്കുര്‍ണി മോന്തുകയും കോഴിക്കെട്ടിന് കിട്ടുന്നതിനെ ചുട്ടു തിന്നുകയും ചെയ്യുമായിരുന്നു. എന്നിട്ടു പോലും കുഞ്ഞിക്കിട്ടന്റെ ദു:ഖഭരിതമായ ചോദ്യം കേട്ടതായി മുത്തപ്പന്‍ ഭാവിച്ചില്ല. കൂട്ടം കൂടിയവരുടെ ആവലാതികളോരോന്ന് കേട്ട് അതിനൊക്കെയും ആശ്വാസം ചൊരിയുന്ന തിരക്കിലായിരുന്നു മുത്തപ്പന്‍. കുഞ്ഞിക്കിട്ടനു നല്ല സങ്കടം വന്നു. അവന്‍ മനപ്രയാസത്തോടെ, അരിമണി എറിയാനോ മഞ്ഞക്കുറി വാങ്ങാനോ പിഞ്ഞാണത്തിലേക്ക് ഒരു പത്തു രൂപയെങ്കിലും വച്ച് കൊടുക്കാനോ മനസില്ലാതെ ആള്‍ക്കൂട്ടത്തില്‍ നിന്ന് മാറി കോമ്രേഡ് രഘൂത്തമന്‍ ചെങ്കല്ലില്‍ കെട്ടിപ്പൊക്കിയ വീടിന്റെ മതിലിനടുത്തുള്ള ഇലക്ട്രിക് പോസ്റ്റ് ചാരി മുകളിലെ ആകാശം നോക്കി ഹതാശനായി നിന്നു. തെയ്യം ഉറഞ്ഞു തുള്ളുന്നതും അനുഗ്രഹം വാരി എറിയുന്നതും കുഞ്ഞിക്കിട്ടന്‍ കേള്‍ക്കുന്നുണ്ടായിരുന്നു.
തെയ്യം കെട്ടാന്‍ പോയ മാണിക്കോത്തു നിന്ന്, രുഗ്മിണിയെയും കൊണ്ടു വന്ന മുത്തപ്പനെ എട്ടു പത്തു ദിവസത്തോളം വീട്ടിലുറക്കിയത് കുഞ്ഞിക്കിട്ടനായിരുന്നു. മകളുടെ കാതുകുത്തിന്റന്ന് കുഞ്ഞിക്കിട്ടന്റെ കൈയില്‍ നിന്ന് ആയിരത്തി അഞ്ഞൂറ് രൂപ കടം വാങ്ങിച്ചിട്ടുണ്ട് മുത്തപ്പന്‍. വീടിന്റെ അടുക്കള കൂട്ടിയെടുക്കുമ്പോള്‍ ലോണെടുത്തതിന് മുത്തപ്പന് കുഞ്ഞിക്കിട്ടനാണ് ജാമ്യം നിന്നത്.
'എന്നിറ്റും എന്നോട് എന്തെ മുത്തപ്പാ ഇങ്ങനെ.'
കുഞ്ഞിക്കിട്ടന് സങ്കടം സഹിക്കാന്‍ പറ്റാണ്ടായി.
'ഒന്നൂല്ലെങ്കിലും നമ്മൊ കൂച്ച് കാറല്ലെ.'
കുഞ്ഞിക്കിട്ടന്‍ കുഞ്ഞിക്കിട്ടനോടു തന്നെ പറഞ്ഞു..
അപ്പൊഴുണ്ട് ആളുകള്‍ക്കിടയിലൂടെ പന്തലിനു വെളിയിലേക്കിറങ്ങി മുത്തപ്പന്‍ കുഞ്ഞിക്കിട്ടന്റെ അടുത്തേക്ക് വരുന്നു. അവനത് കണ്ടെങ്കിലും പരിഭവം വിടാതെ അതേ നില്‍പ്പാണ്.
'കുഞ്ഞിക്കിട്ടാ എന്താ നിന്റെ പൊഞ്ഞാറ്?'
തെയ്യം കുഞ്ഞിക്കിട്ടനോട് ചോദിച്ചു.
കുഞ്ഞിക്കിട്ടന്‍ പരിഭവം വിട്ടു പിടിക്കാതെ തല താഴ്ത്തി നിന്ന് നിലത്ത് ചെരുപ്പിട്ട കാലു കൊണ്ട് കളം വരയ്ക്കാന്‍ തുടങ്ങി.
'എന്നോട് പറി. ഞാന്ണ്ട് കൂടെ.'
കുഞ്ഞിക്കിട്ടന്‍ പിണക്കം ഒന്ന് മയപ്പെടുത്തി മുത്തപ്പനെ നോക്കി.
'എന്നാലും എന്റെ വരിക്ക പ്ലാവിലെ ചക്ക കട്ടതാരീന്ന് നീ പര്‍ഞ്ഞിറ്റല്ലൊ മുത്തപ്പാ..'
കുഞ്ഞിക്കിട്ടന്‍ പഴയ അഞ്ചാം ക്ലാസുകാരനോടെന്നവണ്ണം മുത്തപ്പനോട് പരിഭവപ്പെട്ടു. മുത്തപ്പന്‍ അതും കേട്ട് കൈയിലെ ചെറു കള്ളിന്‍ കുടം വായിലേക്ക് കമഴ്ത്തിക്കൊണ്ട് കുഞ്ഞിക്കിട്ടനടുത്തേക്ക് ചേര്‍ന്ന് നിന്ന് തോളില്‍ കൈയിട്ടുകൊണ്ട് ഒരു രഹസ്യം പറഞ്ഞു.
'നീ വീട്ടിലൊരു മുത്തപ്പന്‍ കയ്പ്പിക്ക്. അന്ന് ഞാനത് പറയാം.'
2
കുഞ്ഞിക്കിട്ടന്റേതായിരുന്നു പറമ്പിനതിരിലെ വരിക്കപ്ലാവ്. വരിക്ക ചക്കയും കുഞ്ഞിക്കിട്ടന്റെതായിരുന്നു. ഒന്ന് ചെരിഞ്ഞ് നോക്കിയാല്‍ പ്ലാവ് അയക്കുടിക്കാരന്‍ ലങ്കേശന്റെതാണെന്ന് തോന്നുമെങ്കിലും പ്ലാവില്‍ നല്ല ആരോഗ്യമുള്ള സുന്ദരനൊരു ചക്ക വളര്‍ന്നങ്ങനെ വരുന്നുന്നത് കണ്ടവരൊക്കെ,
'സരോജിനി പറിക്ക്‌മ്പൊ ഒരു ചൊള എന്‍ക്കും തെര്‌ണൊണേ..'
എന്ന് കുഞ്ഞിക്കിട്ടന്റെ ഭാര്യ സരോജിനിയോടു തന്നെ വിളിച്ചു പറഞ്ഞിരുന്നു. നാള്‍ക്കുനാള്‍ ചക്ക ഉഷാറോടെ വളര്‍ന്നു വരികയും ചെയ്തു. തൊഴിലുറപ്പു പണിക്കു പോകുന്ന സരോജിനിയോടും കല്ലുകെട്ടിന് പോകുന്ന കുഞ്ഞിക്കിട്ടനോടും അവര്‍ക്കു ജനിച്ച് വളരുന്ന ഒരു കുഞ്ഞിനെ കുറിച്ചെന്നവണ്ണമായിരുന്നു ആളുകള്‍ ചക്കയെ പറ്റി, മുഴുക്കുന്നുണ്ടൊ പഴുത്തു തുടങ്ങിയൊ എന്നൊക്കെ ചോദിച്ചിരുന്നത്.
കോഴിക്കെട്ടിന് പൂവനെയും തൊക്കിലിറുക്കി ഊടുവഴി കേറി ഗഗനചാരിയെപോലെ പറന്നു പോകുന്ന മോട്ടന്‍ ഉത്തമനും വഴിയരികിലെ കമ്മ്യൂണിസ്റ്റ് പച്ചകളിലേക്ക് തുമ്മാന്‍ തിന്ന് നീട്ടി തുപ്പിക്കൊണ്ട്, കപ്പണക്ക് കല്ലു കേറ്റാന്‍ വരുന്ന ലോറിക്കാരെ ചാക്കിലാക്കാന്‍ വച്ചുപിടിക്കുന്ന പോളച്ചിയും ഇരുട്ടു വീഴുമ്പോള്‍ നായാട്ടിന് തോക്കും തോളിലേറ്റി കാട്ടു കൊല്ലിക്ക് കേറുന്ന അദ്രസാക്കും പിന്നെ വഴിയെ പോകുന്ന സകലരും ചക്കയിലെങ്ങാനും കാക്ക കൊത്തിയൊ അണ്ണാന്‍ മാന്തിയൊ എന്ന് തലയെത്തിച്ച് ഒന്ന് നോക്കുമായിരുന്നു.
കരിനാക്കുകാരി പാറുക്കുട്ടി ഒരു ദിവസം പ്ലാവിലേക്കു നോക്കി
'എത്രക്ക്ണ്ടപ്പാ ഇത്..'
എന്നു പറഞ്ഞു കൊണ്ട് നില്‍ക്കുന്ന നില്‍പ്പു കണ്ടതിനു പിന്നാലെ ചക്കയ്ക്ക് നോട്ടം തട്ടാതിരിക്കാന്‍ കുഞ്ഞിക്കിട്ടന്‍ ആള്‍ക്കോലം നാട്ടുകയും ചെയ്തിരുന്നു. തന്റെ പിതൃത്വം കാക്കുന്ന കണക്കനെ കുഞ്ഞിക്കിട്ടന്‍ ഇമ്മാതിരിയൊക്കെ ചെയ്യുന്നുണ്ടെങ്കിലും ചക്കയും പ്ലാവും എന്റെതാണെന്നായിരുന്നു അടക്ക പൊതിക്കാന്‍ പോയ വീടുകളിലെല്ലാം ലങ്കേശനും തുന്നലിന് പോകുമ്പോള്‍ കാണുന്നവരോടൊക്കെ ഭാര്യ അമ്പുജാക്ഷിയും പറഞ്ഞിരുന്നത്. അത് കൂടാഞ്ഞ് വീട്ടിലെ സിന്ധി പശുവിനെ ലങ്കേശനും അമ്പുജാക്ഷിയും കെട്ടിയിരുന്നത് ആ പ്ലാവിന്റെ തടിയിലായിരുന്നു. പുല്ലും കാടിയും കൊടുത്തിരുന്നതും അതിന്റെ ചോട്ടിലേക്കു തന്നെ. ഒരു മിണ്ടാപ്രാണിയല്ലെ എന്ന് പശുവിനെ പ്രതി കുഞ്ഞിക്കിട്ടനും സരോജിനിയും അതില്‍ കെറുവിപ്പൊന്നും കാണിച്ചിരുന്നില്ല. അവരും വല്ല പഴച്ചൂളിയൊ മുതിരവേവിച്ചതോ വെള്ളരിക്ക കഷ്ണമോ അതിനു കൊണ്ടു കൊടുക്കാറുമുണ്ടായിരുന്നു.
കുഞ്ഞിക്കിട്ടനും ഭാര്യ സരോജിനിക്കും ചക്ക പഴുത്താല്‍ വെട്ടി ചൊള എടുത്ത് നുറുക്കിയിട്ട് ശര്‍ക്കര കുട്ടി മൂഡ ഉണ്ടാക്കി തിന്നാനും കുറച്ച് പരിചയത്തിലുള്ളവര്‍ക്കു കൊടുക്കാനുമായിരുന്നു പ്ലാന്‍. എന്നാല്‍ ലങ്കേശനും ഭാര്യ അമ്പുജാക്ഷിക്കും ചക്ക പഴുക്കുന്നതിനും മുന്നെ വെട്ടി ചൊള അരച്ച് പരത്തി വെയ്‌ലത്ത് വച്ച് പപ്പടമുണ്ടാക്കി കാച്ചി തിന്നാനും പ്ലാന്‍ ചെയ്തിരുന്നു. ഇരുവരുടെയും പ്ലാനുകള്‍ അവര്‍ പരസ്പരം അറിഞ്ഞതോ പറഞ്ഞതോ ഇല്ല.
ഒരു ദിവസം രാവിലെ കുഞ്ഞിക്കിട്ടന്‍ എണീറ്റ് വന്ന് വീടിന്റെ പിന്നാമ്പുറത്തെ ചെമ്പരത്തി ചെടിച്ചോട്ടിലേക്ക് മൂത്രമൊഴിക്കുമ്പൊഴാണത് കണ്ടത്. പ്ലാവില്‍ ചക്കയില്ല.
ഞെട്ടിത്തരിച്ച കുഞ്ഞിക്കിട്ടന്‍ ചാടി തെറിച്ച് അടുക്കളയിലേക്കോടി അകത്തേക്ക് തലയിട്ട് നൂലപ്പം ചുടുന്ന സരോജിനിയോട് വിളിച്ചു പറഞ്ഞു.
'എണേ.. ചക്ക പോയിണേ..'
സരോജിനി എത്തും പിടിയും കിട്ടാതെ കുഞ്ഞിക്കിട്ടനെ നോക്കി.
'ചക്കയാ.. ഏട പോയിന്?'
സരോജിനി ഇറങ്ങി വന്ന് പ്ലാവിന്റെ കൊമ്പത്തേക്ക് നോക്കി. മൂട്ടില്‍ ലങ്കേശനും ഭാര്യ അമ്പുജാക്ഷിയും വായും പൊളിച്ചു നില്‍ക്കുന്നുമുണ്ട്.
'ഓട്ന്നു കൂത്തിച്ചി മോളെ എന്റെ ചക്ക?'
സരോജിനി തൊള്ള കീറി.
'എന്നോടാ ചോയിക്ക്ന്നത്?'
അമ്പുജാക്ഷിയും തൊള്ള കീറി.
'പിന്നാരോട് ചോയിക്കണ്ടത്?'
'നിന്റച്ഛന്‍ കൊരട്ട കള്ളനോട് ചോയിക്ക്. ഓളെന്നോട് എത്ത്ന്ന്.'
സരോജിനി പറമ്പില്‍ തലേന്ന് വെട്ടി ഉണക്കാനിട്ട മട്ടക്കണ എടുത്ത് ഊക്കില്‍ അമ്പുജാക്ഷിക്ക് ഒരു ഏറ് വച്ച് കൊടുത്തു. അമ്പുജാക്ഷി ഏറ് കൊണ്ട് നടുവും തല്ലി താഴെ വീണു. ലങ്കേശന്‍ വീട്ടിലേക്കോടി വെട്ടു കത്തിയുമായി ചാടി ഇറങ്ങി.
'കൊത്തീറ്റ് ബേറും ഞാനെല്ലാറ്റിനേം.'
കുഞ്ഞിക്കിട്ടനു നേരെ കത്തി ചൂണ്ടിക്കൊണ്ട് ലങ്കേശന്‍ കാറി.
'എന്റെ ബള്‍പ്പിലെ പ്ലാവ്ന്ന് ചക്കേം കട്ടിറ്റ് നീ എന്ന പൂളാന്‍ വെര്ന്ന.'
'നിന്റെ ബള്‍പ്പിലെ ചക്കയാ. ഇതെപ്പൊ നിന്റെ ബള്‍പ്പിലെ ചക്ക ആയത്. ബള്‍പ്പും എന്റത് പ്ലാവും എന്റത് ചക്കോ എന്റത്.'
'എന്റെ ചക്ക ഇപ്യ കട്ടിറ്റുണേ... സ്വന്തം മോനപ്പോലെയാന്ന് ഞാനോന നോക്കിയത്. എന്നിറ്റും എന്‍ക്കീ ഗതി വന്നിറ്റു അല്ലൊ മുത്തപ്പാ..'
സരോജിനി അലറി.
അത് കേട്ട് ഓടി വന്നവരൊക്കെ കാര്യം തിരിഞ്ഞതും വലിയൊരു മോഹഭംഗത്തോടെ താടിക്ക് കൈ കൊടുത്തുകൊണ്ട് പ്ലാവിലേക്കും പറമ്പിലേക്കും മാറി മാറി നോക്കി.
പ്ലാവ് തന്റെ പറമ്പിലാണെന്ന് തലതല്ലി കൂവിയ കുഞ്ഞിക്കിട്ടന് ചക്ക കട്ടത് ലങ്കേശനാണെന്ന കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കാന്‍ ഒന്നുമേ ഉണ്ടായിരുന്നില്ല. ലങ്കേശനും അങ്ങനത്തന്നെ. ഒരു ചുവട് അയാളും വിട്ടു കൊടുത്തില്ല. ഒടുക്കം വില്ലേജ് ഓഫീസില്‍ നിന്ന് ആളെ ജീപ്പിന് വരുത്തിച്ച് നാട്ടുകാരുടെ കണ്‍വെട്ടത്തില്‍ ഭൂമി അളന്നപ്പോള്‍ പ്ലാവും പറമ്പും ചക്കയും കുഞ്ഞിക്കിട്ടന്. കൂട്ടം കൂടിയ ആളുകളെല്ലാവരും ഒരു കള്ളനെ എന്നവണ്ണം ലങ്കേശനെ നോക്കി.
ഞാനല്ല കൂത്തിച്ചി മക്കളെ നിന്റെല്ലം ചക്കക്കട്ടിന്.
ലങ്കേശന്‍ നിലത്തേക്ക് കാര്‍ക്കിച്ച് തുപ്പി.
3
'മുത്തപ്പന്‍ കെട്ടീറ്റ് ചക്ക കട്ടതാരീന്ന് നിങ്ങൊ എങ്ങനെ പറയല് മണികണ്ടേട്ടാ..'
മണികണ്ഠനോട് ഭാര്യ രുഗ്മിണി ചോദിച്ചു. കുഞ്ഞിക്കിട്ടനും ലങ്കേശനും തമ്മിലുള്ള ചക്കപ്പോരിനെ പറ്റി രുഗ്മിണിയും കേട്ടതാണ്. അതേറ്റു പിടിച്ചു കൊണ്ട് കെട്ടിയവന്‍ കേറി വന്നത് രുഗ്മിണിക്ക് ഇഷ്ടപ്പെട്ടുമിരുന്നില്ല. അല്ലെങ്കിലും മണികണ്ഠന് ഇങ്ങനെ ചില ഏടാകൂടങ്ങളില്‍ ചെന്ന് തല കാട്ടികൊടുക്കാനല്ലാതെ മറ്റൊന്നിനും കൊണമില്ല എന്ന് കൂടെ ഇറങ്ങി വന്നതിന്റെ അന്ന് രുഗ്മിണിക്ക് പിടികിട്ടിയിരുന്നു.
മണികണ്ഠന്‍ കെട്ടുന്ന മുത്തപ്പന് പാങ്ങ് പോരാ എന്ന് നാട്ടിലൊരു പിത്തന പായുന്ന സമയവുമായിരുന്നു അത്. ഒളിഞ്ഞും തെളിഞ്ഞും ആളുകള്‍ അവനെ പ്രതി അടക്കം പറഞ്ഞിരുന്നത് മണികണ്ഠന്‍ കേള്‍ക്കാറുമുണ്ടായിരുന്നു. പരാതികള്‍ക്ക് കണക്കുതീര്‍ക്കും വണ്ണം മണികണ്ഠന്‍ ഉറഞ്ഞു തുള്ളാറുണ്ടെങ്കിലും തികയാത്ത ഒന്ന് ഉള്ളിലെന്തോ തിടം വെക്കുന്നതില്‍ മണികണ്ഠന്‍ നട്ടം തിരിഞ്ഞു.
ചക്ക കട്ട കള്ളനാരാണെന്ന് കുഞ്ഞിക്കിട്ടന്റെ മുറ്റത്ത് തെയ്യംകെട്ടി ഉറഞ്ഞു തുള്ളി മണികണ്ഠന്‍ ചൂണ്ടിക്കാണിക്കുമെന്ന് നാട്ടില്‍ വാര്‍ത്ത കൈമറിഞ്ഞു. അങ്ങനൊരു ദിവസം വീട്ടിലേക്കുള്ള വഴിയിലെ കവുങ്ങിന്‍ പാലം കടക്കാന്‍ നേരം മണികണ്ഠന്‍ എതിരെ ലങ്കേശനെ കണ്ടു. പാലത്തിനപ്പുറം കലിപൂണ്ട് നില്‍ക്കുകയായിരുന്നു ലങ്കേശന്‍. മണികണ്ഠന്‍ പാലം കടന്നതും ലങ്കേശന്‍ അവന്റെ വഴി തടഞ്ഞു നിന്നു. മണികണ്ഠന്‍ മുന്നോട്ടു നീങ്ങിയതും ലങ്കേശന്‍ അവന്റെ കുപ്പായത്തിന് പിടിച്ചു നിര്‍ത്തി.
'തെയ്യം കെട്ടി തുള്ളിക്കോണ്ട് ചക്ക കട്ടോന്റെ പേര് പറീമ്പൊ എന്റെ പേരാന്ന് നീ പറീന്നതെങ്കില് നിന്റെ പെരടി ഞാന്‍ പൊളിക്കും മണികണ്ടാ..'
മണികണ്ഠന്‍ നിന്നു വിയര്‍ത്തു. ലങ്കേശന്‍ കൈ വിടുവിക്കും വരെ മണികണ്ഠന്‍ ഒന്ന് കോടി ഒതുങ്ങി അങ്ങനെ തന്നെ നിന്നു. കൈ വിടുവിച്ചതും അവന്‍ കവുങ്ങിന്‍ തണലിലൂടെ വേഗത്തില്‍ നടന്നു. കുറേ നാളുകളോളം കിടിയനെ കണ്ട കോഴിക്കുഞ്ഞിനെപ്പോലെയായിരുന്നു മണികണ്ഠന്‍. അവനാരോടും മിണ്ടാനും കൂടാനും പോയില്ല. രാത്രികാലങ്ങളില്‍ മാത്രം പുറത്തിറങ്ങി ദൂരേന്ന് കേള്‍ക്കുന്ന ചെണ്ടക്കോലൊച്ചയും കേട്ട് പാറപ്പുല്ല് പുതഞ്ഞ മൊട്ടപ്പാറക്കുന്നില്‍ ആരും കൂട്ടിനില്ലാതെ കുത്തിയിരുന്നു.
മണികണ്ഠന്‍ കുഞ്ഞിക്കിട്ടന്റെ വീട്ടും പറമ്പും പ്ലാവിന്‍ മരവും ഒന്ന് കാണാന്‍ തീരുമാനിച്ചു. രാത്രിയിലായിരുന്നു വന്നത്. അവന്‍ വന്ന് ദൂരേന്ന് ചക്ക മാട്ടപ്പെട്ട മരം നോക്കി നിന്നു. കണ്ണും പൂട്ടി കിടക്കുകയായിരുന്നു അതിരിനപ്പുറത്തുമിപ്പുറത്തുമുള്ള വീടുകള്‍. ഒരു കുണ്ടിത്തൈ ചോട്ടില്‍ പ്ലാവ് നോക്കി നോക്കി കുത്തിയിരുന്ന മണികണ്ഠന്‍ അവിടെ തന്നെ അങ്ങുറങ്ങിപ്പോയി. കണ്ണു മീച്ചപ്പോള്‍ രാവിലെ അടുത്തിരുന്നു. ദൂരെ നിന്ന് ഊടുവഴിയിലൂടെ നടന്നു വരുന്ന ടോര്‍ച്ചു വെട്ടം കണ്ടതും മണികണ്ഠന്‍ ബാക്കി വന്ന ഇരുട്ടിലൂടെ വീട്ടിലേക്ക് മടങ്ങി. പിറ്റേന്ന് കപ്പണക്കുഴയില്‍ കുഞ്ഞിക്കിട്ടനൊപ്പം കൂടിയപ്പോള്‍ മണികണ്ഠന്‍ ചോദിച്ചു.
'കുഞ്ഞിക്കിട്ടാ നിന്റെ തോന്നലില് ആരെല്ലം ആന്ന് ചക്ക മാട്ടാന്‍ സാധ്യത ഇല്ലത് ?'
മത്ത് കേറി കുഞ്ഞിക്കിട്ടന്‍ മണികണ്ഠനെ നോക്കി.
'നിന്‍ക്കല്ലെ അതറിയൂ.'
മണികണ്ഠന്‍ ആലോചനയോടെ ഇരുന്നു.
'എന്‍ക്കല്ല.'
'പിന്നെ?'
'മുത്തപ്പന്.'
ആരാണെങ്കിലും അവനെ വെളിച്ചം കാണിക്കണേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് കപ്പണക്കുഴിക്ക് മുകളില്‍ കാണുന്ന ചതുരത്തിലുള്ള ആകാശത്തിലേക്ക് നോക്കി കുഞ്ഞിക്കിട്ടന്‍ ഉള്ളറിഞ്ഞു വിളിച്ചു.
'മുത്തപ്പാ..'
പിറ്റേന്ന് തൊട്ട് ചക്കയെ പ്രതിയുള്ള വര്‍ത്തമാനങ്ങള്‍ കേള്‍ക്കാന്‍ ഒക്കുന്ന ഇടം നോക്കി മണികണ്ഠന്‍ നടന്നു. കൂടുന്ന കൂട്ടത്തിലാര്‍ക്കെങ്കിലും തന്നെ കണ്ടാല്‍ നില്‍ക്കപ്പൊറുതിയില്ലാത്ത മട്ടുണ്ടോ എന്നും മണികണ്ഠന്‍ നോക്കി.
നാളുകള്‍ കൊഴിഞ്ഞു. തെയ്യം കെട്ടിനുള്ള നാളടുത്തു. കുഞ്ഞിക്കിട്ടന്റെ മുറ്റത്ത് പന്തലിനുള്ള തൂണു നാട്ടി. ഓല മെടഞ്ഞത് കൊണ്ട് തെയ്യപ്പുര കെട്ടി. തെങ്ങിന്‍ പൂക്കുലയും കരിക്കും കൊത്തിയിറക്കി. പറങ്കിമാങ്ങ റാക്ക് തവിടിന്‍ പൊടിയില്‍ പൂഴ്ത്തിവച്ചു. മഞ്ഞക്കുറിക്ക് നാടന്‍ മഞ്ഞളും അരിമണിക്ക് നാട്ടുകണ്ടത്തില്‍ കൊയ്തതും എത്തിച്ചു. മണികണ്ഠനും ചെണ്ടക്കാരും തോറ്റം പാട്ടുകാരും തെയ്യം കെട്ടിന് തലേന്നു വന്ന് ഒരുക്കങ്ങളും തുടങ്ങി.
ആകുലതയുടെ മാറാല അപ്പോഴും മണികണ്ഠന്റെ മനസ്സിനെ പൊതിഞ്ഞിരുന്നു.
'പിടിത്തം കിട്ടിയാ ആരി കട്ടേന്ന്.'
കഴിഞ്ഞ ദിവസങ്ങളിലൊക്കെ കലിപൂണ്ട് വേണ്ടാത്ത പൊല്ലാപ്പു പിടിച്ചതിന് പല്ലുകടിച്ച് രുഗ്മിണി ചോദിക്കാറുള്ള ചോദ്യം തോറ്റം പാട്ടു കേട്ടുകൊണ്ട് മുഖത്തെഴുത്തിനു കിടന്നപ്പോഴും മണികണ്ഠന്റെ ചെവിയിലേക്ക് ഈയം കോരിയൊഴിച്ചു.
അതേ കിടപ്പില്‍ മണികണ്ഠന്‍ ഒരു സ്വപ്നം കണ്ടു.
അന്യദേശത്തുകൂടെ ചീറി പാഞ്ഞുകൊണ്ടിരിക്കുന്ന ഒരു ലോറി. ലോറിയില്‍ കേറ്റിക്കൊണ്ടു പോകുന്ന കുന്നുകണക്കിന് ചക്കകള്‍.
പിറ്റേന്ന് വലിയൊരു ആള്‍ക്കൂട്ടം തെയ്യപന്തലില്‍ നിറഞ്ഞിരുന്നു. അവര്‍ക്കൊക്കെ ചോറും പുളിശ്ശേരിയും കോഴിക്കറിയും കുഞ്ഞിക്കിട്ടനും പണിക്കാരും കുരിയ നിറയെ കൂട്ടി വച്ചിരുന്നു. ഒരുള്‍ഭയം അടക്കി പിടിച്ചു കൊണ്ടാണ് ജനാവലി പന്തലില്‍ തിക്കിതിരക്കിയത്. ചക്ക കട്ടവന്‍ കൂട്ടത്തിലുണ്ടെന്നും ഉറഞ്ഞു തുള്ളി തെയ്യം ചോരക്കണ്ണ് തുറിച്ച് അവനെ ചൂണ്ടി കാണിക്കുമെന്നും പിടികൊടുക്കാതെ കള്ളന്‍ ആളുകളെ തള്ളിമാറ്റി പന്തലിനു പുറത്തെ കണ്ടത്തിലേക്ക് ഓടുമെന്നും പൊടിമണ്ണു പാറ്റിക്കൊണ്ട് തെയ്യം പിന്നാലെ ഓടി അവനെ പൂണ്ടsക്കം പിടികൂടുമെന്നും ജനാവലി പകല്‍ സ്വപ്നം കണ്ടു.
കതിരോലയും പട്ടും തുണിയും കെട്ടി മുഖത്തെഴുതി എണീറ്റു നിന്ന് ആദ്യത്തെ അലര്‍ച്ച അലറി മുത്തപ്പന്‍ ചെമ്പിന്‍ കാല്‍ത്തള കിലുക്കി കളത്തിലിറങ്ങി. ചെണ്ടക്കൊട്ടിനു തുള്ളിയുറഞ്ഞു. ഇടയ്ക്ക് കള്ളിന്‍ കുടം മോന്തി. മുത്തപ്പന്‍ ജനാവലിയിലേക്ക് നോട്ടമെറിഞ്ഞും തെയ്യപേച്ചു പറഞ്ഞും സങ്കടങ്ങള്‍ കേട്ടും പന്തല്‍ കൊഴുപ്പിച്ചു. ആളുകള്‍ ആകാംക്ഷ പൂണ്ട് തെയ്യം ഉരുവിടുന്നതോരോന്നും ചോരാതെ കേട്ടു നിന്നു. മുത്തപ്പനു മുന്നില്‍ തൊഴുകൈയോടെ നില്‍ക്കുകയാണ് കുഞ്ഞിക്കിട്ടന്‍. ആ നാട് അതുവരെ കാണാത്തവണ്ണം ഉറഞ്ഞ് ഉയര്‍ന്ന് പടരുകയാണ് മുത്തപ്പന്‍. ചെണ്ടക്കോലുകള്‍ അതിനൊപ്പിച്ച് പെരുകുന്നുണ്ട്. മുത്തപ്പന്റെ കണ്ണുകളിലെ തീയേറ് കൊണ്ട് ഒരു വെള്ളിടി തലയില്‍ മിന്നിയ തോന്നലില്‍ കണ്ണ് പൂട്ടിയടച്ച് നില്‍ക്കുന്ന ജനാവലിയുടെ തല താഴേക്കു താണുപോയിരുന്നു.
'കുഞ്ഞിക്കിട്ടാ..'
മുത്തപ്പന്‍ കുഞ്ഞിക്കിട്ടനെ കൈവിരലു നീട്ടി അടുത്തേക്കു വിളിച്ചു. കുഞ്ഞിക്കിട്ടന്‍ മുത്തപ്പനു മുന്നില്‍ തല കുമ്പിട്ട് വന്നു നിന്നു. ജനാവലി ഇളകി.
'എന്താണ് നിന്റെ സങ്കടം?'
തെയ്യം ചോദിച്ചു. കുഞ്ഞിക്കിട്ടന്‍ ഒന്നും പറഞ്ഞില്ല. കുഞ്ഞിക്കിട്ടന്റെ മനസില്‍ കൊടുങ്കാറ്റു വന്നു പോയ ശൂന്യതയായിരുന്നു.
ആള്‍ക്കൂട്ടം രണ്ട് ചുവട് മൂന്നാട്ട് നീങ്ങി. തെയ്യം കണ്ണുകളടച്ച് മുറ്റം ചുറ്റി ഉറഞ്ഞു തുള്ളി അലറി വിരിഞ്ഞു. തെയ്യം പന്തലിനറ്റത്തേക്കു നടന്ന് അതിരിലെ പ്ലാവിന്റെ ഉച്ചിയിലേയ്ക്ക് അരയ്ക്കു കൈകൊടുത്തു കൊണ്ട് തുറിച്ചു നോക്കി. ആളുകള്‍ തെയ്യത്തിന് പിന്നാലെ കൂടി.
തെയ്യം നടുത്തളത്തിലേക്ക് തിരിച്ചു വന്ന് ഒരു രഹസ്യത്തെ അകത്തേക്ക് കയറി വരാന്‍ അനുസരിപ്പിക്കും വണ്ണം കനപ്പിച്ച് പൊടി പാറ്റി ചെവി പൊട്ടന്‍ അലറി ഉയര്‍ന്നു ചാടി ഉടലൂരി എറിഞ്ഞ് പിന്നെയും ഉറഞ്ഞു തുള്ളി. ചുറ്റിലും കൂടിയ ആള്‍ക്കൂട്ടത്തിലേക്ക് തീ തുപ്പുന്ന കണ്ണുകളിലൂടെ മുറിവു പറ്റിയ മൃഗം കണക്കനെ തെയ്യം നോട്ടമെറിഞ്ഞതും ആള്‍ക്കൂട്ടം തിളച്ചു തൂവി. തല്‍ക്ഷണം അവര്‍ക്കിടയില്‍ നിന്നും ഒരാള്‍ മുന്നിലുള്ളവരെ ഊക്കോടെ ഉന്തി മാറ്റി കുഞ്ഞിക്കിട്ടിന്റെ വീട്ടുപന്തലില്‍ നിന്നും മുന്നിലെ വെയിലു കൊള്ളുന്ന വരണ്ട കണ്ടത്തിലേക്ക് പ്രാണനും കൊണ്ട് എടുത്തു ചാടി.
കള്ളന്‍. കള്ളന്‍.
ആള്‍ക്കൂട്ടം ആര്‍ത്തു വിളിച്ചു.
മുത്തപ്പനും അവനു പിന്നാലെ കണ്ടത്തിലേക്ക് കുതിച്ചു. അന്തമില്ലാതെ നില്‍ക്കുന്ന ആള്‍ക്കൂട്ടത്തിന്റെ കാഴ്ചയെ വിഴുങ്ങുന്ന വണ്ണം പൊടിമണ്ണ് പാറ്റിക്കൊണ്ട് തെയ്യം കണ്ടത്തിലൂടെ പായുന്ന കള്ളന് പിന്നാല ഒരു കൈയകലത്തില്‍ എത്തി.
എന്തിന് ദൈവേ എന്റെ ബൈയ്യെ പയ്ന്ന്.
ഓട്ടത്തിനൊപ്പിച്ച് കള്ളന്‍ തെയ്യത്തിനോട് കിതച്ചു കൊണ്ട് വിളിച്ചു ചോദിച്ചു.
നീയല്ലെ കള്ളന്‍
ഞാന്‍ കള്ളനന്നെ. എന്നാല് കുഞ്ഞിക്കിട്ടന്റെ ചക്ക കട്ടത് ഞാനല്ല.
അപ്പൊ നീ പായീന്നതൊ.
പേടിച്ചിറ്റല്ലെ
ആര പേടിച്ചിറ്റ്
ദൈവത്തിന പേടിച്ചിറ്റ്
അപ്പൊ ചക്ക കട്ട താരി.
ഇമ്മപ്പാ..അത് നിങ്ങക്കല്ലെ അറിയൂ..
തെയ്യം കള്ളനെ ചാടിപിടിക്കുന്ന കാഴ്ചയും കാത്ത് നെഞ്ചുന്തി ശ്വാസം പിടിച്ച് ആകാംക്ഷ പൂത്ത് കുഞ്ഞിക്കിട്ടന്റെ വീട്ടുമുറ്റത്തെ പന്തലില്‍ നില്‍ക്കുന്ന ആള്‍ക്കൂട്ടം നോക്കി നില്‍ക്കവെ കള്ളനെയും കടന്ന് തെയ്യം കണ്ടത്തിലൂടെ മുന്നോട്ട് മുന്നോട്ട് ഓടിപ്പോയി.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...