തച്ചന്തുരുത്ത് , ശ്യാംസുന്ദര്‍ പി ഹരിദാസ് എഴുതിയ കഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ശ്യാംസുന്ദര്‍ പി ഹരിദാസ് എഴുതിയ കഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ജീവിതത്തില്‍ അനുഭവിക്കേണ്ടി വരുന്ന ദുരന്തങ്ങളും അതൊടുക്കം അവശേഷിപ്പിച്ചു പോകുന്ന വേദനകളുടെ വ്യാപ്തിയുമാണ് മനുഷ്യനെ കൂടുതല്‍ കാല്‍പനികനാക്കുന്നതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മറ്റാരേക്കാളുമേറെ പെരുമാളിനെ സംബന്ധിച്ചിടത്തോളം അത് അക്ഷരാര്‍ത്ഥത്തില്‍ വാസ്തവമായിരുന്നു.
അയാള്‍ ഒരു വിചിത്ര മനുഷ്യനായിരുന്നു. 'അനുഭവങ്ങള്‍ പാളിച്ചകളിലെ' 'പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ, പ്രപഞ്ചശില്പികളെ പറയൂ പ്രകാശമകലെയാണോ' എന്ന ഗാനരംഗത്തിലെ സത്യന്‍ മാസ്റ്ററെ കാണുമ്പോഴെല്ലാം എനിക്ക് പെരുമാളിനെയാണ് ഓര്‍മ വരിക. ആത്മനിന്ദ നിഴലിക്കുന്ന, നിരാശയും വേദനയുമൂറി ഘനീഭവിച്ചു കിടക്കുന്ന ഒരു പരുക്കന്‍ മുഖം. തച്ചന്തുരുത്തിനാകെ അത്തരമൊരു പരുക്കന്‍ ഭാവമുണ്ടായിരുന്നു. കാറ്റിന് കൊടിയ വിഷാദത്തിന്റെ രാഗമായിരുന്നു. തച്ചന്തുരുത്തിനെ ചുറ്റിയൊഴുകുന്ന പുഴയില്‍ നിന്ന് വീശിയടിക്കുന്ന ഉപ്പുകാറ്റേറ്റ് നില്‍ക്കുമ്പോള്‍ പെരുമാള്‍ പറയും -'അത് കണ്ണീരിന്റെ ഉപ്പാണ്..!'
തച്ചന്തുരുത്തിലേക്കുള്ള ദേശസാല്‍കൃത റൂട്ട് സ്വകാര്യമേഖലയ്ക്ക് തീറെഴുതിക്കൊടുക്കാനുള്ള തീരുമാനത്തിനെതിരെ കെ.എസ്.ആര്‍.ടി.സി തൊഴിലാളികളും പെന്‍ഷന്‍കാരും ധര്‍ണയും സമരവുമായി മുന്നോട്ട് പോകുന്ന കാലത്താണ് ഡിപ്പോയിലെ പുതിയ ഡ്രൈവറായി ഞാനവിടെ ചെല്ലുന്നത്. ബസിന്റെ വളയം പിടിക്കും മുന്‍പ് ഞാന്‍ നേരെ യൂണിയന്‍ നേതാക്കള്‍ക്കൊപ്പം സമരപ്പന്തലില്‍ ചെന്നിരുന്ന് കൊടിപിടിച്ചു. ഒരാഴ്ച നീണ്ടു നിന്ന സമരമൊടുവില്‍, ഏതാനും കിലോമീറ്ററുകള്‍ മാത്രം സ്വകാര്യ ബസുകള്‍ക്ക് വിട്ടു നല്‍കിക്കൊണ്ടും നിലവിലുള്ളതല്ലാതെ പുതിയ പെര്‍മിറ്റുകള്‍ക്ക് അനുമതി നല്‍കുകയില്ലെന്നുമുള്ള വ്യവസ്ഥയില്‍ ഒത്തുതീര്‍പ്പാവുകയാണുണ്ടായത്. സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി സി ബസുകളും തമ്മിലുള്ള മത്സരയോട്ടത്തിനു കൂടി ആ തീരുമാനം വഴിവെച്ചു എന്ന് പറയുന്നതാവും ശരി.
തച്ചന്തുരുത്തിലേക്ക് തന്നെയായിരുന്നു എനിക്കും ഡ്യൂട്ടി. അത് കാലാകാലങ്ങളായി എന്റെ ജീവിതത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സമ്പ്രദായമാണ്. എന്ത് നടക്കരുത് എന്ന് ആഗ്രഹിക്കുന്നുവോ അത് തന്നെ നടന്നിരിക്കും, എന്ത് നടക്കണം എന്നാഗ്രഹിക്കുന്നുവോ അതൊരിക്കലും സംഭവിക്കുകയുമില്ല. ദീര്‍ഘദൂര സര്‍വീസുകളില്‍ ഏതെങ്കിലും ഒന്നായിരിക്കണം എന്നായിരുന്നു ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചത്. ഡ്യൂട്ടി രജിസ്റ്ററില്‍ ഒപ്പ് വെക്കുമ്പോള്‍ സ്റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞു -''തഞ്ചന്തുരുത്തിലേക്ക് വണ്ടിയോടിച്ചാല്‍ പിന്നെ കേരളത്തിലെവിടെ വേണമെങ്കിലും കണ്ണുംപൂട്ടിയോടിക്കാം''.
കണ്ടക്ടര്‍ മണിലാല്‍ - ഞാന്‍ അദ്ദേഹത്തെ 'ലാലേട്ടാ' എന്നാണ് വിളിച്ചിരുന്നത്, മോഹന്‍ലാലിനെ പോലെ ഇടം തോള്‍ ചരിച്ചാണ് കണ്ടക്ടര്‍ 'ലാലേട്ടനും'നടന്നിരുന്നത് - ലാലേട്ടന്‍ എനിക്കു പുറകില്‍ നിന്ന് പൊട്ടിച്ചിരിച്ചു. ആ ചിരിയിലെയും സ്റ്റേഷന്‍ മാസ്റ്ററുടെ വാക്കുകളിലെയും ധ്വനി പിന്നീട് പിടികിട്ടി. കഷ്ടിച്ച് രണ്ടു ബസുകള്‍ക്ക് കടന്നു പോകാനുള്ള വീതിയേ തച്ചന്തുരുത്തിലേക്കുള്ള റോഡിനുണ്ടായിരുന്നുള്ളു. അത്തരം സന്ദര്‍ഭങ്ങളില്‍ ഒരു ബസ് ഓരം ചേര്‍ത്ത് ഒതുക്കി നിര്‍ത്തിയെങ്കിലേ എതിരെ വരുന്ന ബസിനു കടന്ന് പോകാനാവൂ. അതിനിടയിലൂടെയാണ് സ്വകാര്യബസുകള്‍ക്കൊപ്പമുള്ള മത്സരയോട്ടവും റോഡിലേക്ക് തള്ളി നില്‍ക്കുന്ന മരച്ചില്ലകളും ഭീഷണിയായ ഇലക്ട്രിക് പോസ്റ്റുകളും. കൊടും വളവുകളും തിരിവുകളും പോരാഞ്ഞ് ഇടയ്ക്കിടെ വളരെയിടുങ്ങിയ പാലങ്ങളും. മൂന്നോ നാലോ ബസുകളേ ആ വഴി സര്‍വീസ് നടത്തുന്നുള്ളൂ. അരമണിക്കൂര്‍ ഇടവിട്ടുള്ള ഷട്ടില്‍ സര്‍വീസുകളാണ്. അതിനുള്ള ദൂരമേയുള്ളൂ. തച്ചന്തുരുത്ത് റൂട്ടിലുള്ള ബസുകള്‍ക്കൊന്നും റിയര്‍വ്യൂ മിറര്‍ പൂര്‍ണ രൂപത്തില്‍ കാണാനാവില്ല. മറ്റൊന്ന് പിടിപ്പിക്കാറുമില്ല. പിടിപ്പിച്ചിട്ടെന്ത് കാര്യം. അടുത്ത ട്രിപ്പില്‍ അത് തകര്‍ന്നില്ലെങ്കിലേ അദ്ഭുതമൊള്ളൂ.
ആദ്യ പ്രണയം, അത് മുറിവുകള്‍ നല്‍കുന്നതായാലും ശരി, എത്രത്തോളം പ്രിയപ്പെട്ടതായിരിക്കുമോ അത്രത്തോളം പ്രിയപ്പെട്ടതാണ് ഒരു ഡ്രൈവര്‍ക്ക് അയാളുടെ ഔദ്യോഗിക ഡ്രൈവര്‍ ജീവിതത്തിലെ ആദ്യത്തെ വാഹനവും.
ടി പി 414, പഴയ അശോക് ലെയ്ലാന്‍ഡ് വൈകിങ് ആയിരുന്നു. നീളം കൂടുതലാണ്.
'കണ്ടം ചെയ്യാറായി. എന്നാലും തച്ചന്തുരുത്തിലേക്ക് ഇതൊക്കെ മതിയെടോ' എന്നൊരു ഭാവമാണ് എല്ലാവര്‍ക്കും. തിരസ്‌കരിക്കപ്പെടേണ്ട, ഒരിക്കല്‍ ഭൂപടത്തില്‍ നിന്നും മാഞ്ഞു പോകേണ്ടുന്നതെന്ന മുന്‍ധാരണകളോടെ മാത്രം ലോകം സമീപിച്ചിരുന്ന ഒരിടമായിരുന്നു അത്. അവിടുത്തെ ഭൂമിക്കും മനുഷ്യനും പുല്ലു വില. ഇത്ര മാത്രം അവഗണിക്കപ്പെടേണ്ട ഒരു സ്ഥലമാണോ തച്ചന്തുരുത്ത് എന്ന് ചിന്തിച്ചു കൊണ്ടാണ് ഞാന്‍ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നത്.
കാലപ്പഴക്കം കൊണ്ട് ക്ഷീണിതനായിരുന്നെങ്കിലും അതിന്റെ യാതൊരു ലക്ഷണങ്ങളുമില്ലാതെ കര്‍മനിരതനായിരുന്ന ഭൂതകാലത്തിന്റെ ഓര്‍മ്മകളില്‍ ടി പി 414 ഒന്ന് മുരണ്ടു. എളുപ്പം എന്റെ കൈകളുമായി ഇണങ്ങി. നാലാം ഗിയറില്‍ ചെറിയൊരു വിറയലുണ്ടെന്നതൊഴിച്ചാല്‍ മറ്റു കുഴപ്പങ്ങളൊന്നുമില്ല. പുറകിലെ ഇരട്ട പാളി ചില്ലുകളില്‍ ഒന്നിന് പകരം ഒരു തകര ഷീറ്റ് അടിച്ചുറപ്പിച്ചു വെച്ചിട്ടുണ്ട്. തിരിവുകളും പാലങ്ങളും താണ്ടി അവനങ്ങനെ കുതിച്ചു.
തച്ചന്തുരുത്തില്‍ നിന്ന് രാവിലെ 5 30 ന് പുറപ്പെട്ട്, രാത്രി 9 30 ന് തച്ചന്തുരുത്തില്‍ തന്നെ അവസാനിപ്പിക്കുന്ന ട്രിപ്പ് ആയിരുന്നു ടി പി 414 ന്റേത്. അതുകൊണ്ട് മറ്റു സര്‍വീസുകളെക്കാള്‍ ജനകീയമായിരുന്നു അത്. തങ്ങളുടെ സ്വന്തം ബസ് എന്ന വൈകാരികമായൊരടുപ്പത്തോടെ ഒരു കൂട്ടം നിഷ്‌കളങ്കരായ നാട്ടുകാര്‍ ബസിനെയും ബസിലെ ജീവനക്കാരെയും സ്‌നേഹിച്ചു. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു - തുരുത്തില്‍, പെരുമാളിന്റെ, വീടെന്നോ ചായപ്പീടികയെന്നോ വേര്‍തിരിച്ചു പറയാനാവാത്ത കൂടാരത്തിനു മുന്നില്‍, പുഴയോരത്ത് ട്രിപ്പ് അവസാനിപ്പിച്ചു തിരിച്ചിടുന്നതും കാത്ത് ബസ് കഴുകാന്‍ ഓടിയെത്തിയിരുന്ന തച്ചന്തുരുത്തിലെ ഭാവിതലമുറയുടെ ചെറുസംഘങ്ങളെ. ഞാന്‍ ഓര്‍ക്കുന്നു, അവരുടെയെല്ലാം മുഖത്തെ കെട്ടുപോയ നിലാവിന്റെ ഇരുട്ടുകളെ.
അരാരാത്ത് പര്‍വതത്തില്‍ ഉറച്ചുപോയ നോഹയുടെ പെട്ടകം പോലെയായിരുന്നു പെരുമാളിന്റെ കൂടാരം. ഗോഫര്‍ മരം കൊണ്ടായിരുന്നില്ല, പകരം മുളയും ഓലയും കൊണ്ട് മേഞ്ഞതായിരുന്നു എന്നു മാത്രം. പ്രതീക്ഷിച്ചത് പോലെത്തന്നെ ബസ് സ്റ്റാന്റോ ബസ് ഷെഡോ ഒന്നും ഉണ്ടായിരുന്നില്ല തച്ചന്തുരുത്തില്‍. റോഡ് പുഴ വക്കില്‍ അവസാനിക്കും. ഒരത്തി മരം ധ്യാനിച്ചു നിന്നിരുന്നു. അതിന്റെ തണലിലായിരുന്നു ടി പി 414 ന്റെ വിശ്രമം. പുതിയ കാലത്തിന്റേതെന്ന് തോന്നിക്കുന്ന ഒരൊറ്റ നിര്‍മിതിയേ അവിടെ കണ്ടൊള്ളു. പകുതി പണി പൂര്‍ത്തിയാക്കിയ ഒരു പാലം. പാലത്തിലേക്ക് റോഡില്ല. യുദ്ധഭൂമിയിലെ തകര്‍ന്നു പോയ ഒരു നിര്‍മിതിയുടെ ബാക്കി കണക്കെ അത് പുഴയ്ക്ക് കുറുകെ തനിച്ചു നിന്നു.
പിന്നെയുള്ളത് വിചിത്ര രൂപമുള്ള പെരുമാളിന്റെ പെട്ടകമായിരുന്നു. ഓല മേഞ്ഞ അതിന്റെ മുഖപ്പില്‍ 'സത്യന്‍ ടീ സ്റ്റാള്‍' എന്ന് വെളുത്ത ബോര്‍ഡില്‍ ചുവന്ന കൈപ്പടയില്‍ എഴുതി വെച്ചിരുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ അതിനകത്ത് മനുഷ്യര്‍ മാത്രമല്ല മറ്റു പല ജീവജാലങ്ങളും ഉണ്ടെന്ന് വ്യക്തമായി. മിഠായി ഭരണികള്‍ നിരത്തി വെച്ചിരുന്ന മേശയ്ക്ക് താഴെ നാല് കാലുകളിലായി ആടുകള്‍ കുടുംബ സമേതം. കൂടാരത്തിന്റെ വശത്ത് മുളം കാലില്‍ തളച്ചിട്ടിരുന്ന ഒരു പശു. മേല്‍ക്കൂരയ്ക്ക് മുകളില്‍ സ്ഥാനം പിടിച്ച കോഴികളും കുഞ്ഞുങ്ങളും. സര്‍വ്വാധികാരിയെന്ന മട്ടില്‍ സത്യന്‍ ടീ സ്റ്റാളിന്റെ മുന്നില്‍ കാവലിരിക്കുന്ന മാത്തുക്കുട്ടിയെന്ന നായ. വിചിത്രമായ ആ കാഴ്ചയിലേക്ക് ഞാന്‍ നോക്കി നിന്നു. തച്ചന്തുരുത്തിലെത്തുന്ന ബസ് ജീവനക്കാരുടെ ഏക ആശ്രയവും പെരുമാളിന്റെ ആ പെട്ടകമായിരുന്നു. വൃത്തിഹീനമൊന്നുമായിരുന്നില്ലെങ്കിലും എന്തുകൊണ്ടോ അതിനകത്തേക്ക് കയറാന്‍ ഞാന്‍ മടിച്ചു. മാത്തുക്കുട്ടിയുടെ കണ്ണുകളിലേക്ക് നോക്കി ഞാന്‍ ശങ്കിച്ചു നിന്നതേയുള്ളൂ.
'പുതിയ ആളാണല്ലേ. കയറി ഇരിക്കൂ.'' പെരുമാള്‍ പറഞ്ഞു. ലാലേട്ടന്‍ അതിനോടകം തന്നെ ബെഞ്ചില്‍ സ്ഥാനമുറപ്പിച്ചിരുന്നു.
'മനുഷ്യരെ പോലെയല്ല ഈ മിണ്ടാപ്രാണികള്‍. അവറ്റകള്‍ക്ക് അയിത്തമില്ല. വിശ്വസിക്കാം'' പെരുമാള്‍ പരുക്കനായി. മോവറില്‍ നിന്ന് ആവി പറക്കുന്നു. മാത്തുക്കുട്ടി നാലു കാലില്‍ നിവര്‍ന്ന് ചെവി കുടഞ്ഞു, വാലിളക്കി, എന്റെ കാലുകളില്‍ മുട്ടിയുരുമ്മി. ഞാന്‍ അകത്തേക്ക് കടന്ന് ബെഞ്ചിലിരുന്നു. റേഡിയോയില്‍ നിന്ന് പതിഞ്ഞ ശബ്ദത്തില്‍ പ്രാദേശിക വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു.
അതൊരു പഴയ റേഡിയോ ആയിരുന്നു. അങ്ങനെയൊന്ന് ഇപ്പോള്‍ മാര്‍ക്കറ്റുകളില്‍ കണ്ടെത്തുക ശ്രമകരമാണ്. ശ്രമകരമെന്ന് പറഞ്ഞാല്‍ ആവില്ല, അങ്ങനെയൊന്നിപ്പോള്‍ ഇല്ല. അതിനേക്കാളുപരി അയാളുടെ ആത്മാവ് അതിനകത്തായിരുന്നു എന്ന് വേണം കരുതാന്‍. പെരുമാളിന്റെ പെട്ടകത്തിനകത്ത് പഴമയുടെ ഗന്ധം തങ്ങി നിന്നിരുന്നു.
ഭൂതകാലത്തില്‍ കുടുങ്ങിക്കിടക്കുന്ന ഒരിടമായാണ് എനിക്ക് തോന്നിയത്. ചുറ്റും കണ്ണോടിച്ചപ്പോള്‍ പിന്നെയും പലതും കണ്ണില്‍പ്പെട്ടു. ഓലച്ചുവരുകളില്‍ നിറയെ സത്യന്‍മാസ്റ്ററുടെ സിനിമാ പോസ്റ്ററുകളായിരുന്നു. പല കാലങ്ങളിലെ പല ഭാവങ്ങളിലുള്ള സത്യന്‍ മാസ്റ്റര്‍. ചുവരില്‍ ഒരു കോണില്‍ ഒരാളുയരത്തില്‍ കെട്ടിനിര്‍ത്തിയ തട്ടില്‍ ഇഎംഎസിന്റെ ഫോട്ടോ. തൊട്ടടുത്ത് യേശുവിന്റെ മറ്റൊരു ഫോട്ടോ. രണ്ടു 'വിപ്ലവകാരികള്‍' ചേര്‍ന്നിരിക്കുന്ന കാഴ്ച എനിക്ക് കൗതുകമായിരുന്നു. പെരുമാള്‍ വൃദ്ധനായിരുന്നു. എന്നു കരുതി അവശനായിരുന്നില്ല. ഉറച്ച രോമാവൃതമായ ശരീരമായിരുന്നു അയാളുടേത്. നെഞ്ചിലും കൈകാലുകളിലും നിറയെ വെളുത്ത രോമങ്ങളുണ്ടായിരുന്നു. ഷര്‍ട്ട് ധരിച്ചു കണ്ടിട്ടേയില്ല. ഖാദിമുണ്ടായിരുന്നു സ്ഥിരം വേഷം. 'അര്‍ദ്ധനഗ്‌നനായ ഫക്കീര്‍' എന്ന് ലാലേട്ടന്‍ കളിപറയുമായിരുന്നു. വളരെ പതിഞ്ഞ താളത്തിലായിരുന്നു പെരുമാളിന്റെ ചലനങ്ങള്‍, ചലിക്കുന്നുണ്ടെന്ന് തിരിച്ചറിയാനാവാത്ത വിധം സൂക്ഷ്മവും കണിശവുമായിരുന്നു അവ. അംഗ വിക്ഷേപങ്ങള്‍ മാത്രമല്ല, വികാര പ്രകടനങ്ങളും വാക്കുകളും വളരെ പരിമിതമായിരുന്നു, അളന്നു മുറിച്ച് കൃത്യതയോടെ.
ഒരിക്കല്‍ പെരുമാള്‍ ഇങ്ങനെ പറഞ്ഞു -
'ഇവിടെ സമയത്തിന് പ്രസക്തിയില്ല. പോയകാലത്തിലെവിടെയോ ഒരിടത്ത് വെച്ച് പെട്ടെന്ന് നിലച്ചുപോയത് പോലെയാണ്. എല്ലാം പതിഞ്ഞ താളത്തിലാണ്. എല്ലാം പഴയതാണ്. ചിലപ്പോള്‍ തോന്നും സഞ്ചാരം പിറകോട്ടാണെന്ന്. അല്ലെങ്കില്‍ തന്നെ ഈ സമയത്തിലെന്തിരിക്കുന്നു. ജീവിതത്തിലിനിയും എന്തെങ്കിലുമൊക്കെ നേടണമെന്നുള്ളവര്‍ക്കല്ലേ സമയമാവശ്യമൊള്ളൂ. കൈയെത്തി പിടിക്കാന്‍ ഒന്നുമില്ലാത്തവര്‍ക്ക് എന്ത് സമയം, ഏത് കാലം!'' ഒരു തത്ത്വജ്ഞാനിയെ പോലെ അയാള്‍ സംസാരിച്ചു. ആദ്യ കാഴ്ച മുതല്‍ പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്ത വളരെ നിസ്സാരനായ ഒരാള്‍ എന്ന മട്ടിലായിരുന്നു പെരുമാളിനോടുള്ള എന്റെ സമീപനം. മുന്‍ധാരണകളെല്ലാം തെറ്റായിരുന്നെന്ന് പിന്നീടുള്ള ദിവസങ്ങളില്‍ എനിക്ക് ബോധ്യമായി. അച്ചടിച്ച പുസ്തകങ്ങളേക്കാള്‍ ആഴം ജീവിതമെന്ന മഹാപുസ്തകത്തിനാണല്ലോ.
രാത്രി 9 30 -ന് ട്രിപ്പ് അവസാനിപ്പിച്ച് ലാലേട്ടന്‍ വീട്ടിലേക്ക് പോകുന്നത്തോടെ ടി പി 414 -ഉം ഞാനും പെരുമാളിന്റെ പെട്ടകവും അത്തിമരവും പിന്നെ ഇരുട്ടും മാത്രമാകും തച്ചന്തുരുത്തില്‍. ലാലേട്ടന്‍ ഇനി രാവിലെ കൃത്യം 5 30 -ന് ഒരു കറുത്ത സ്പ്ലണ്ടറില്‍ പറന്നെത്തും.
എനിക്ക് ബസിനകത്ത് തന്നെ കിടക്കാനായിരുന്നു ഇഷ്ടം. ചിലപ്പോഴെല്ലാം കൊതുക് കടിയേറ്റ് ഉറക്കം നഷ്ടപ്പെട്ട് ഞാന്‍ പുഴവക്കില്‍ പോയി ഇരിക്കാറുണ്ട്. അപ്പോഴും സത്യന്‍ ടീ സ്റ്റാളിനകത്ത് മുനിഞ്ഞു കത്തുന്ന മഞ്ഞ ബള്‍ബിന്റെ മങ്ങിയ വെളിച്ചം കാണാം. അത്തിമരത്തിലുമുണ്ട് ഒരു തൂങ്ങിയാടുന്ന മഞ്ഞ ബള്‍ബ്. ടി പി 414 -നോടും എന്നോടുമുള്ള താല്പര്യംകൊണ്ട് ഞങ്ങള്‍ ഇരുട്ടിലാവരുത് എന്ന് കരുതി നാട്ടുകാര്‍ സ്‌നേഹത്തോടെ ഘടിപ്പിച്ചു തന്നതാണത്.
ഇലകള്‍ക്കിടയിലൂടെ ചിതറി വീഴുന്ന വെളിച്ചത്തിനടിയിലെ ബസും, അല്പം മാറി പുരാതനഭാവത്തോടെ മഞ്ഞ വെളിച്ചത്തില്‍ മുങ്ങി നില്‍ക്കുന്ന പെരുമാളിന്റെ പെട്ടകവും, ദൂരെ പശ്ചാത്തലത്തില്‍ പുഴയിലെ ചീന വലക്കെട്ടുകളിലെ പൊട്ടുപോലുള്ള വെളിച്ചവുമെല്ലാം ചേര്‍ന്നുള്ള രാത്രിക്കാഴ്ച അവിസ്മരണീയമായിരുന്നു. ചെറുതായൊക്കെ എഴുതുന്ന ശീലമുണ്ടായിരുന്നത് കൊണ്ട്, ആ നേരങ്ങളില്‍ എന്നിലെ സര്‍ഗ്ഗശേഷി ഒട്ടൊരാവേശത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കാറുണ്ടായിരുന്നു. ബാഗില്‍ എപ്പോഴും കരുതി കൊണ്ട് നടക്കാറുള്ള ഡയറിയും പേനയുമായി പുഴവക്കില്‍ അങ്ങനെ ഇരുന്നിരുന്ന ഒരു രാത്രിയാണ് പെരുമാള്‍ എനിക്കരികിലേക്ക് വന്നത്.
'എന്താണ് എഴുതുന്നത്?'' പെരുമാള്‍ ചോദിച്ചു.
'വെറുതേ... ചില ചെറിയ കവിതകള്‍. ചിലപ്പോള്‍ കഥകള്‍. അങ്ങനെ കൃത്യമായൊരു രൂപമൊന്നുമില്ല. എന്തൊക്കെയോ കുറിച്ചിടുന്നു.'
പെരുമാള്‍ ഒരു അരസികനാണെന്നായിരുന്നു എന്റെ ധാരണ. ആരോടും അങ്ങനെയൊന്നും എളുപ്പത്തില്‍ അടുത്തിടപഴകാത്ത ഒരു പ്രകൃതം. എന്നാല്‍ ഞാന്‍ ചെറുതായൊക്കെ എഴുതുമെന്ന് പറഞ്ഞപ്പോള്‍ എന്നില്‍ അയാള്‍ക്കൊരു താല്പര്യമുണ്ടായെന്നത് പെരുമാളിന്റെ മുഖത്ത് നിന്ന് വ്യക്തമായിരുന്നു.
അയാള്‍ എനിക്കരികില്‍ ഇരുന്നു.
'പെരുമാള്‍ വായിക്കുമോ?' ഞാന്‍ ചോദിച്ചു.
'ഓഹ്.. ഇല്ല.'
അവിശ്വസനീയമായിരുന്നു ആ മറുപടി. പുസ്തകങ്ങള്‍ വായിക്കാത്ത ഒരാള്‍ എങ്ങനെ ശുദ്ധമായ ഭാഷയില്‍ സാഹിത്യവും തത്വശാസ്ത്രവും പറയുമെന്നായി എന്റെ ചിന്ത. അത് മനസ്സിലാക്കിയിട്ടെന്ന പോലെ പെരുമാള്‍ പറഞ്ഞു -'റേഡിയോ കേള്‍ക്കും. പുതിയ കാലത്തെ നിലയങ്ങളല്ല കേട്ടോ. അതൊന്നും എനിക്ക് മനസ്സിലാവില്ല.' പുതിയ എഫ് എം നിലയങ്ങളെയാണ് പെരുമാള്‍ ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായി.
'അതൊക്കെ പുതിയ കുട്ടികള്‍ക്ക് പറഞ്ഞിട്ടുള്ളതാണ്. അപരിചിതമായ ഒരു പ്രദേശത്ത് എത്തിപ്പെട്ടതുപോലെയാണ് എനിക്ക് തോന്നുക. ആകാശവാണിയാണ് എനിക്ക് പ്രിയം. റേഡിയോ നാടകങ്ങളും നോവല്‍ പാരായണങ്ങളും കേള്‍ക്കും. വളരെ സുഖമാണ് അത് കേട്ടിരിക്കാന്‍.'
എനിക്കും പെരുമാളിനോട് സംസാരിച്ചിരിക്കാന്‍ താല്പര്യമായി.
'സത്യന്‍ മാസ്റ്ററുടെ ആരാധകനാണ് അല്ലേ?' ഞാന്‍ ചോദിച്ചു. അതിനു മറുപടി പറയാതെ ചിരിച്ചുകൊണ്ട് അകത്തേക്ക് പോവുകയാണ് അയാള്‍ ചെയ്തത്. വിചിത്രമായിരുന്നു പലപ്പോഴും പെരുമാളിന്റെ പെരുമാറ്റ രീതികള്‍. എപ്പോള്‍ എങ്ങിനെ പ്രതികരിക്കുമെന്ന് മുന്‍കൂട്ടി പ്രവചിക്കാനാവില്ല. അതുകൊണ്ട്തന്നെ പെരുമാളിനോട് സംസാരിക്കുമ്പോള്‍ വാക്കുകള്‍ക്കിടയില്‍ അതീവ ജാഗരൂകനായിരിക്കുവാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. എന്നിട്ടും എന്റെ വാക്കുകളില്‍ പിഴവ് സംഭവിച്ചിട്ടുണ്ടാകുമോ എന്ന് ഞാന്‍ ആശങ്കാകുലനായി.
പെട്ടെന്ന് കൈയില്‍ ഒരു ഇന്‍ലന്‍ഡുമായി പെരുമാള്‍ തിരിച്ചു വന്നു. ഒരു നിധിപോലെ നിവര്‍ത്തി എനിക്കു വായിക്കാന്‍ പാകത്തില്‍ കാണിച്ചു, അയാള്‍ അത് കൈമാറ്റം ചെയ്യാന്‍ മടിച്ചിരുന്നു എന്ന് ഞാന്‍ പ്രത്യേകം ഓര്‍ക്കുന്നു. അരികുകളില്‍ കാലപ്പഴക്കത്തിന്റെ മഞ്ഞ നിറം പറ്റിയ ആ കത്ത് ഞാന്‍ വായിച്ചു. എനിക്ക് കോരിത്തരിച്ചു.
'പ്രിയപ്പെട്ട ജോസഫ് പെരുമാള്‍, മറുപടി വളരെ വൈകിയതില്‍ ക്ഷമിക്കൂ. ജോലിത്തിരക്കില്‍ പലപ്പോഴും പലതും നീക്കി വെക്കേണ്ടി വരുന്നു. അത് നിങ്ങളെപ്പോലുള്ളവര്‍ മനസ്സിലാക്കുമെന്ന ആശ്വാസമാണ്. എന്റെ അഭിനയത്തെ കുറിച്ചുള്ള താങ്കളുടെ പരാമര്‍ശങ്ങള്‍ ആത്മാര്‍ത്ഥത നിറഞ്ഞതാണെന്ന് മനസ്സിലാക്കുന്നു. എന്റെ അകമഴിഞ്ഞ സ്‌നേഹം. സ്‌നേഹപൂര്‍വ്വം സത്യന്‍.'
സത്യന്‍ മാസ്റ്ററുടെ കൈപ്പടയില്‍ എഴുതി അയക്കപ്പെട്ട ആ കത്ത് എന്റെ കൈയിലിരുന്ന് വിറച്ചു. പെരുമാളിന്റെ കണ്ണുകളില്‍ നനവുണ്ടായിരുന്നു.
'അറുപത്തഞ്ചില്‍ 'ഓടയില്‍ നിന്ന്' കണ്ട് എഴുതിയ കത്തിനു കിട്ടിയ മറുപടിയാണ്.'
സസൂക്ഷ്മം കത്ത് മടക്കി വെക്കുമ്പോള്‍ പെരുമാള്‍ പറഞ്ഞു.
ഞാന്‍ 'സത്യന്‍ ടീ സ്റ്റാള്‍' എന്ന ബോര്‍ഡിലേക്ക് തിരിഞ്ഞു നോക്കി.
'എന്റെ മകനും പേര് സത്യനേശന്‍ എന്നായിരുന്നു. സത്യന്‍ മാസ്റ്ററുടെ മുഴുവന്‍ പേര് മാന്വല്‍ സത്യനേശന്‍ എന്നായിരുന്നല്ലോ.'
പെരുമാളിന്റെ കുടുംബ ജീവിതം അതുവരെ എനിക്കജ്ഞാതമായിരുന്നു. അയാള്‍ വിവാഹിതനായിരുന്നുവെന്നോ കുട്ടികളുണ്ടായിരുന്നോ എന്നൊന്നും ആരും പറഞ്ഞു കേട്ടിട്ടില്ല. ഞാന്‍ ചോദിച്ചതുമില്ല. അങ്ങനെ ചോദിക്കണമെന്ന് എനിക്ക് തോന്നിയതുമില്ലായിരുന്നു. ഒരാളുടെ സ്വകാര്യതയിലേക്ക് അനാവശ്യമായി കടന്നു ചെന്നിട്ടെന്താണ്. പക്ഷേ ആ രാത്രി ഞാന്‍ ചോദിക്കാതെ തന്നെ പെരുമാളിന്റെ 'മകന്‍' ഞങ്ങളുടെ സംഭാഷണത്തില്‍ കടന്നു വന്നപ്പോള്‍ കൂടുതല്‍ വിശദമായി അറിയണമെന്നായി എനിക്ക്.
'മകനിപ്പോള്‍ എവിടെയാണ്?'' ഞാന്‍ ചോദിച്ചു.
ഒരു നിമിഷം അയാള്‍ സ്തംഭിച്ചിരുന്നു.
'അതൊക്കെ പഴയ കഥകളാണ്. ആര്‍ക്കും ഒരു പ്രയോജനവുമില്ലാത്ത പഴംകഥകള്‍.'
പെരുമാള്‍ എന്നെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് എനിക്ക് മനസ്സിലായി.
ഒരു കഥയ്ക്കും പ്രയോജനമില്ലാതാകുന്നില്ല. വിശേഷിച്ച് എന്നെപ്പോലെ കഥകളെഴുതാന്‍ ആഗ്രഹിച്ചു നടക്കുന്ന ഒരാള്‍ക്കെങ്കിലും.
'എനിക്ക് കഥകള്‍ കേള്‍ക്കാനിഷ്ടമാണ്.' ഞാന്‍ പറഞ്ഞു.
അല്‍പനേരം നിശബ്ദനായിരുന്ന് പെരുമാള്‍ പറഞ്ഞു - 'ദാ നോക്കൂ...'
അയാള്‍ അത്തിമരത്തിന്റെ ഒരു ചില്ലയിലേക്ക് വിരല്‍ ചൂണ്ടി.
'ആ കൊമ്പിലാണ് അവന്‍ നിന്ന് തൂങ്ങിയാടിയത്!'
ഒരു നടുക്കത്തോടെ ഞാന്‍ ആ ചില്ലയിലേക്ക് നോക്കി. പെരുമാളിന്റെ മുഖത്ത് ഭാവവ്യതിയാനങ്ങള്‍ ഉണ്ടായിരുന്നില്ല. അയാള്‍ പിന്നെയൊന്നും പറയാതെ എഴുന്നേറ്റ് പോവുകയാണുണ്ടായത്. ആ രാത്രി എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. ഇരുട്ടില്‍ ടി പി 414 -ന് മുകളിലെ മരക്കൊമ്പില്‍ ഒരു ശരീരം തൂങ്ങിയാടുന്നത് പോലെ എനിക്ക് തോന്നിക്കൊണ്ടിരുന്നു. ബസിനകത്ത് കിടന്ന് കണ്ണടക്കുമ്പോഴെല്ലാം മുകളില്‍ ഒരാളുണ്ടെന്ന തോന്നല്‍. പിറ്റേന്ന് ബസ് ഓടിക്കുമ്പോഴും വശങ്ങളില്‍ കാണുന്ന മരച്ചില്ലകളിലൊക്കെ ആരോ ഒരാള്‍ തൂങ്ങിക്കിടക്കുന്നത് ഒരു മായാകാഴ്ച്ചപോലെ ഞാന്‍ കണ്ടുകൊണ്ടിരുന്നു.
ഒന്ന് രണ്ട് ദിവസം പെരുമാളും ഞാനും തമ്മില്‍ സംഭാഷണങ്ങളുണ്ടായില്ല. ഞാനതിനു മുന്‍കൈ എടുത്തില്ല എന്ന് പറയുന്നതാവും കൂടുതല്‍ ശരി. ഓര്‍മകള്‍ പെരുമാളിനെ ഉലച്ചു കളഞ്ഞിരിക്കുമെന്ന് ഞാന്‍ ഊഹിച്ചു. മകനെ കുറിച്ച് ചോദിക്കേണ്ടതില്ലായിരുന്നു. ഓര്‍ക്കാന്‍ ഒരിക്കലും ഇഷ്ടപ്പെടാതിരിക്കുന്ന കാര്യങ്ങള്‍ പക്ഷേ എത്ര ശ്രമിച്ചാലും ഒടുവില്‍ നമ്മെ തേടിവരുമല്ലോ. എനിക്കും അതനുഭവമുള്ളതാണ്. പെരുമാളിന്റെ കാര്യത്തില്‍ ഞാന്‍ അതിനൊരു നിമിത്തമായി എന്നതിലായിരുന്നു എനിക്ക് വിഷമം. അറിഞ്ഞുകൊണ്ടല്ലെങ്കില്‍ പോലും ഒരു മനുഷ്യനെ വേദനിപ്പിച്ചിട്ടെന്ത് കാര്യം.
എന്നും കുളിക്കാനും മറ്റു പ്രാഥമിക കാര്യങ്ങള്‍ക്കും നാട്ടുകാര്‍ തന്നെ പണി കഴിപ്പിച്ചു തന്ന 'കുളിമുറിയെന്ന് തോന്നിപ്പിക്കുന്ന' ഒരു നിര്‍മിതിയുണ്ടായിരുന്നു പെരുമാളിന്റെ പെട്ടകത്തോട് ചേര്‍ന്ന്. മേല്‍ക്കൂരയില്ലാത്ത ടര്‍പൊളിന്‍ ഷീറ്റ് കൊണ്ട് വളച്ചു കെട്ടിയ ഒരു സാങ്കല്പിക കുളിമുറി. കുളിച്ചുകൊണ്ടിരുന്നപ്പോള്‍ എങ്ങിനെയോ എന്റെ നാക്കിലൊരു പാട്ട് കയറി വന്നു.
'പെരിയാറേ.. പെരിയാറേ...
പര്‍വത നിരയുടെ പനിനീരേ...
കുളിരും കൊണ്ട് കുണുങ്ങി നടക്കും
മലയാളിപ്പെണ്ണാണ് നീ...
ഒരു മലയാളിപ്പെണ്ണാണ് നീ...'
ചിലപ്പോഴെല്ലാം അങ്ങനെയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത നേരങ്ങളില്‍ വിസ്മൃതിയിലാണ്ട് പോയെന്ന് കരുതിയ ചില പാട്ടുകള്‍ നാക്കിന്‍ തുമ്പിലേക്ക് എവിടെ നിന്നോ കടന്നു വരും. പിന്നെ എത്ര ശ്രമിച്ചാലും വിട്ടുപോകാതെ ആ പാട്ട് ദിവസം മുഴുവന്‍ കൂടെയുണ്ടാവും. അന്ന് രാത്രി ടി പി 414 നകത്ത്, അരിച്ചു കയറുന്ന തണുപ്പിലിരുന്ന് പിന്നെയും ആ പാട്ട് മൂളിക്കൊണ്ടിരിക്കെ പെരുമാള്‍ എനിക്കരികിലേക്ക് വന്നു. മാത്തുക്കുട്ടിയും കൂടെയുണ്ടായിരുന്നു. അതിനോടകം മാത്തുക്കുട്ടി എന്നോട് ഇണങ്ങിയിരുന്നു. അവന്‍ എന്റെ കാല്‍പാദങ്ങള്‍ നക്കിത്തുടച്ചുകൊണ്ട് നിന്നു.
'ഏ ആര്‍ രാജയുടെ പാട്ടാണ്. എനിക്കിഷ്ടമാണ് ഈ പാട്ട്.'
എന്നെ അതിശയപ്പെടുത്തിക്കൊണ്ട് പെരുമാള്‍ പാട്ട് ഏറ്റുപിടിച്ചു. അയാള്‍ ഓര്‍മ്മകളുടെ കെട്ടുവള്ളികളില്‍ നിന്ന് മുക്തനായതായി എനിക്ക് തോന്നി.
'സത്യന്‍ മാസ്റ്റര്‍ക്ക് ഏറ്റവും യോജിച്ച ശബ്ദം ഏ ആര്‍ രാജയുടേതാണ്. അല്ലേ..?'
പെരുമാള്‍ ചോദിച്ചു.
'അത് സത്യമാണ്. എനിക്കും അങ്ങനെ തോന്നാതിരുന്നില്ല. മറ്റൊരു പാട്ടുണ്ടല്ലോ... അടിമകളില്‍...
'താഴം പൂ മണമുള്ള
തണുപ്പുള്ള രാത്രിയില്‍
തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി...
പൂമുഖ കിളി വാതില്‍ അടയ്ക്കുകില്ല...
കാമിനീ നിന്നെ ഞാന്‍ ഉറക്കുകില്ല...''
എനിക്കൊപ്പം പെരുമാളും പാടുന്നുണ്ടായിരുന്നു. ഞാന്‍ മൂലം പെരുമാളിനുണ്ടായ വിഷമത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ ആ പാട്ടുകളിലൂടെയെങ്കിലും കഴിയുന്നുണ്ടെങ്കില്‍, അതൊരു പ്രായശ്ചിത്തമാവുന്നെങ്കില്‍ ആവട്ടെ എന്ന് ഞാനും കരുതി. എന്നാല്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുകയാണ് ചെയ്തത്. പാട്ടിനിടെ പെരുമാള്‍ പെട്ടെന്ന് സ്തബ്ധനായി. ഓര്‍മ്മകള്‍ അയാളിലേക്ക് ഇരച്ചു കയറുകയാണെന്ന് എനിക്ക് മനസ്സിലായി.
പെരുമാള്‍ പുറത്തിറങ്ങി പുഴവക്കിലേക്ക് നടന്നു. ഒരു നിമിഷം ഞാനൊന്ന് ഭയന്നു. ഞാനും പുറത്തേക്കിറങ്ങി. വെള്ളിക്കിണ്ണം പോലെ തിളങ്ങുന്ന ചന്ദ്രന്‍ പുഴയില്‍ മുങ്ങി നിവരുന്നതും നോക്കി നിന്ന് പെരുമാള്‍ പറഞ്ഞു -
'മേരിക്കിഷ്ടമുള്ള പാട്ടായിരുന്നു. ഞാന്‍ അവള്‍ക്ക് പാടി കൊടുക്കുമായിരുന്നു.'
എന്ത് പറയണമെന്നറിയാതെ ഞാന്‍ കുഴങ്ങി.
'ഈ പുഴയില്‍ അവളുണ്ട്. ഈ കടവിലാണവളിറങ്ങിയത്. പിന്നെ തിരിച്ചു വന്നില്ല. അതില്‍ പിന്നെയാണ് ഞാന്‍ എന്റെ താമസം ഇവിടേക്ക് മാറ്റിയത്. എന്നെങ്കിലുമൊരിക്കല്‍ അവള്‍ പുഴക്കടിയില്‍ നിന്ന് കൈകളുയര്‍ത്തും. പിടിച്ചു കയറ്റാന്‍ ഞാനിവിടെ ഉണ്ടാവണമല്ലോ..!'
അയാള്‍ എനിക്ക് മുഖം തരാതെ കടന്നു കളഞ്ഞു. മാത്തുക്കുട്ടി കുറച്ച് നേരം കൂടി എന്നെ ചുറ്റിപ്പറ്റി നിന്ന് പിന്നെ യജമാനന്റെ പിറകെ ചെന്നു. പെരുമാള്‍ അവനെയെടുത്ത് മടിയിലിരുത്തി ലാളിക്കുന്നത് സത്യന്‍ ടീ സ്റ്റാളിന്റെ മരയഴികള്‍ക്കിടയിലൂടെ എനിക്ക് കാണാമായിരുന്നു. പുഴക്കരയില്‍ നില്‍ക്കാന്‍ എനിക്കല്പം ഭയം തോന്നി. പുഴക്കടിയില്‍ നിന്നും ഒരു കൈ മുകളിലേക്ക് പൊന്തി വരുന്നതായി എനിക്ക് തോന്നുന്നുണ്ടായിരുന്നു.
എന്നാല്‍ മുന്‍പത്തേത് പോലെ പെരുമാളില്‍ നിന്ന് ഒഴിഞ്ഞു നടക്കാന്‍ എനിക്ക് തോന്നിയില്ല. ഇനിയും സംസാരിക്കണമെന്ന് തന്നെ ഞാന്‍ ഉറപ്പിച്ചു. അതില്‍ ഒരല്പം സ്വാര്‍ത്ഥതയുമുണ്ടായിരുന്നു. അഴിക്കാന്‍ ശ്രമിക്കും തോറും കൂടുതല്‍ കുരുക്കുകളായി മാറുന്ന പെരുമാളിന്റെ കഥയുടെ വിട്ടുപോയ ഭാഗങ്ങള്‍ പൂരിപ്പിച്ചേ തീരൂ എന്നായി എനിക്ക്.
അന്നൊരു മിന്നല്‍ പണിമുടക്കായിരുന്നു. ഉച്ച നേരത്ത് തച്ചന്തുരുത്തിലെത്തി പിന്നെ തിരിച്ചു പോയില്ല. ബസ് നേരത്തേ കഴുകിയിട്ട് ഞാന്‍ എന്റെ പണികള്‍ തീര്‍ത്തു വെച്ചു. സമയം ഏതാണ്ട് നിശ്ചലമായിരുന്നതായാണ് എനിക്ക് തോന്നിയത്. പെരുമാള്‍ ഉച്ചമയക്കത്തിലായിരിക്കുമെന്ന് കരുതി ഞാന്‍ അവിടേക്ക് പോയില്ല. ബസിനകത്ത് തന്നെയിരുന്ന് ഒന്ന് മയങ്ങി. പൊടുന്നനെ ആരോ ഒരാള്‍ തൊട്ടു വിളിച്ചു. കണ്ണു തുറന്നപ്പോള്‍ പെരുമാളായിരുന്നു അത്.
'കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ളയാള്‍ക്ക് ബാക്കി കഥയറിയേണ്ടേ?'
എന്നെ അതിശയപ്പെടുത്തിക്കൊണ്ട് അയാള്‍ ചോദിച്ചു. മയക്കമൊക്കെ ഏത് വഴിക്ക് പോയെന്നറിയാതെയായി. എവിടെ നിന്നാണ് പെരുമാള്‍ തുടങ്ങുക എന്ന് ആകാംക്ഷയോടെ ഞാനിരുന്നു. മുഖവുരകളില്ലാതെ അയാള്‍ തുടര്‍ന്നു.
'പഠിക്കാന്‍ ആഗ്രഹമുള്ളവനായിരുന്നു അവന്‍. പട്ടണത്തിലെ ഒരു വലിയ കോളേജില്‍ ചേര്‍ത്തു. അക്കാലത്ത് ബസ് സര്‍വീസ് ഇല്ലായിരുന്നു. കടവ് കടക്കണം. പോയി തുടങ്ങി അധികമൊന്നുമായില്ല. ഒരുദിവസം പതിവിലും നേരത്തെ അവനിങ്ങു മടങ്ങിവന്നു. ഒരല്പം വാത്സല്യം കൂടുതലായിരുന്നു ഞങ്ങള്‍ക്ക്. ഒന്നല്ലേ ഉണ്ടായിരുന്നുള്ളൂ. നേരിയ വിഷമം പോലും താങ്ങാനാവില്ല. നോക്കുമ്പോള്‍ കണ്ണൊക്കെ ചുവന്ന് കലങ്ങിയിരുന്നു. കാര്യമെന്തെന്ന് അന്വേഷിച്ചപ്പോള്‍ വിതുമ്പുകയാണ്. കോളേജില്‍ എന്തോ പ്രശ്‌നമാണെന്ന് മനസ്സിലായി. വീണ്ടും ചോദിച്ചപ്പോള്‍ പറഞ്ഞു. കൂട്ടുകാരാരും ഒപ്പമിരിക്കുന്നില്ലെന്ന്. അവനൊറ്റയ്ക്ക് ഒരു ബെഞ്ചില്‍. അധ്യാപകര്‍ കൂട്ടമായി എടുത്ത തീരുമാനമായിരുന്നത്രെ..! കാരണമെന്തെന്നോ. അവന് തീട്ടത്തിന്റെ മണമാണെന്ന്.'
എനിക്ക് പൊള്ളി.
'മനസ്സിലായില്ല അല്ലേ... ആ പാലം കണ്ടോ... അതെന്താണ് പണി തീരാതെ അങ്ങനെ കിടക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?''
പെരുമാള്‍ ചോദിച്ചു.
ഞാന്‍ തലകുലുക്കി. ഉണ്ടെന്നോ ഇല്ലെന്നോ അര്‍ത്ഥമില്ലായിരുന്നു അതിന്.
'തച്ചന്തുരുത്ത് എന്നാണ് പേരെങ്കിലും പുറത്തുള്ളവര്‍ക്ക് ഇത് തോട്ടിത്തുരുത്താണ്. തോട്ടിപ്പണിക്കാരായിരുന്നു ഞങ്ങളുടെയൊക്കെ പൂര്‍വികര്‍.
വലിയ വലിയ നഗരങ്ങളിലെ മനുഷ്യരുടെ മാലിന്യങ്ങളുടെ വിലയേ ഞങ്ങള്‍ക്കൊള്ളൂ. അവരുടെ ലോകവുമായി ഒരിക്കലും കൂട്ടിക്കെട്ടരുതെന്ന് ആര്‍ക്കൊക്കെയോ നിര്‍ബന്ധ ബുദ്ധിയുള്ളത് പോലെ... പാലം പണി പൂര്‍ത്തിയായാല്‍ ചുറ്റി വളയാതെ തച്ചന്തുരുത്തുകാര്‍ എളുപ്പത്തില്‍ പട്ടണത്തിലെത്തുമല്ലോ... പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍ ദാ ഈ കൊമ്പില്‍ തൂങ്ങിയാടുകയായിരുന്നു അവന്‍.'
പെരുമാള്‍ വിരലുകള്‍ മുകളിലേക്ക് ചൂണ്ടി ഒന്ന് നിര്‍ത്തി.
'എനിക്ക് പിന്നെയും സഹിക്കാനാവുമായിരുന്നു. പക്ഷേ... മേരി... അവള്‍ക്ക് ഏറെ നാളൊന്നും പിടിച്ചു നില്‍ക്കാനായില്ല. ഒരുച്ചയ്ക്കാണ്. ഞാന്‍ മയക്കത്തിലായിരുന്നു. വിളിച്ചെഴുന്നേല്‍പ്പിച്ച് പറഞ്ഞു, പോവുകയാണെന്ന്. അയല്‍ വീട്ടിലേക്കോ മറ്റോ ആണെന്ന് കരുതി ആദ്യം. പക്ഷേ ആ യാത്ര പറച്ചിലില്‍ എന്തോ ഒരു പന്തികേട് തോന്നി പിറകെ ചെന്ന ഞാന്‍ കണ്ടുകൊണ്ടിരിക്കെ അവള്‍ മെല്ലെ മെല്ലെ പുഴയിലേക്കിറങ്ങി. ഇറങ്ങിയിറങ്ങി ആഴങ്ങളിലേക്ക് പോയി. ഞാന്‍ നോക്കി നിന്നതേയുള്ളൂ. ഇറങ്ങിപ്പോകുന്നെങ്കില്‍ പോകട്ടെ എന്നാണ് അപ്പോള്‍ തോന്നിയത്.''
പെരുമാളിന്റെ കഥ ഒടുക്കം എന്നെയാണ് ഉലച്ചു കളഞ്ഞത്. കേട്ടു കഴിഞ്ഞപ്പോള്‍ ആ കഥ അറിയേണ്ടതില്ലായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. അറിഞ്ഞ കഥകളെക്കാള്‍ നല്ലതായിരുന്നിരിക്കണം അറിയാത്ത കഥകളെന്ന ധാരണയില്‍ മുന്നോട്ട് പോകാമായിരുന്നു.
'കേട്ടിട്ട് എന്ത് തോന്നുന്നു. എഴുതി പിടിപ്പിക്കാന്‍ മാത്രം വല്ലതുമുണ്ടോ..?'
പെരുമാള്‍ ചോദിച്ചു. തണുത്ത മൂര്‍ച്ചയുള്ള ചോദ്യമായിരുന്നു അത്. ഉത്തരമില്ലാതെ ശിരസ്സ് കുനിച്ചിരിക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. അല്ലെങ്കില്‍ തന്നെ എന്തുത്തരമാണ് പെരുമാളിന്റെ ജീവിതത്തിനു കൊടുക്കാനുള്ളത്.
സത്യന്‍ മാസ്റ്ററുടെ ഓര്‍മ്മകള്‍ അമ്പത് വര്‍ഷം പിന്നിടുന്നു എന്ന വാര്‍ത്ത വായിച്ചപ്പോള്‍ വെറുതേ ഓര്‍ത്തു പോയതാണ് പെരുമാളിനെ കുറിച്ച്. യാദൃശ്ചികമെന്ന് പറയട്ടെ, അന്ന് കാലത്ത് ലാലേട്ടന്‍ ഏറെ നാളുകള്‍ക്ക് ശേഷം എന്നെ ഫോണില്‍ വിളിക്കുകയുണ്ടായി. നാട്ടിലേക്ക് സ്ഥലം മാറി വന്നതില്‍ പിന്നെ സ്ഥിരമായി ഫോണ്‍ വഴിയുള്ള അത്തരം ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. ജീവിതത്തിന്റെ സ്വാഭാവികമായ ഒഴുക്കില്‍ പഴയ പല മുഖങ്ങളും മാഞ്ഞുപോയിരുന്നു. പകരം പുതിയ മുഖങ്ങള്‍ വന്നു. എങ്കിലും ഇടയ്ക്കിടെ ഓര്‍ക്കാറുണ്ടായിരുന്നു. റിട്ടയര്‍മെന്റ് വിളിച്ചറിയിച്ചിരുന്നു. ഇപ്പോള്‍ വിളിച്ചത് മകളുടെ വിവാഹത്തിനു ക്ഷണിച്ചുകൊണ്ടാണ്. കോവിഡും ലോക്ക് ഡൗണുമൊക്കെയായതു കൊണ്ട് ചെറിയ രീതിയിലേ ഉള്ളൂ. പ്രാര്‍ത്ഥനകളും ആശംസകളും എന്നും കൂടെയുണ്ടാവുമെന്ന് ഞാന്‍ പറഞ്ഞു.
പെരുമാളിന്റെയും തച്ചന്തുരുത്തിന്റെയും കഥ അവിടം കൊണ്ടവസാനിച്ചിരുന്നില്ല. രണ്ട് വര്‍ഷം കൂടി ഞാന്‍ അവിടെയുണ്ടായിരുന്നു. അപ്പോഴേക്കും പെരുമാളുമായി മാനസികമായി ഏറെ അടുത്തിരുന്നു. സ്ഥലം മാറ്റം കിട്ടി പോവുകയാണെന്ന് അറിഞ്ഞപ്പോള്‍ വികാരഭരിതമായാണ് തച്ചന്തുരുത്ത് പ്രതികരിച്ചത്.
'വേറെയൊരാള്‍ വരും. ജീവിതവും ഇത് പോലെയൊക്കെയല്ലേ. ടി പി 414-ന് ഇനിയും യാത്ര തുടര്‍ന്നല്ലേ പറ്റൂ...' ാന്‍ പറഞ്ഞു.
'കളഞ്ഞു കിട്ടിയ തങ്കം' എന്ന സത്യന്‍ സിനിമയിലെ ഉദയഭാനു പാടിയ പാട്ടിലെ വരികളാണ് മറുപടിയായി പെരുമാള്‍ പാടിയത്.
'കഴിഞ്ഞ കാലം തിരി കൊളുത്തിയ കല്‍വിളക്കിന്നരികെ...
ഒരിക്കലിങ്ങനെ നമ്മള്‍ കാണും...
ഓരോ വഴിയേ പോകും...
ഇവിടെ വന്നവര്‍, ഇന്നലെ വന്നവര്‍, ഇതിലിരുന്നവര്‍ എവിടെ...
കണ്ടു പിരിഞ്ഞവര്‍ പിന്നെയും
തമ്മില്‍ കണ്ടാല്‍ അറിയില്ലല്ലോ...'
അത്രയേറെ വികാരഭരിതനായി പെരുമാളിനെ മുന്‍പ് കണ്ടിട്ടില്ല.
പെരുമാള്‍ എന്റെ കൈകളില്‍ പിടിച്ചു. വാര്‍ദ്ധക്യം കുറേക്കൂടി വേരുകളാഴ്ത്തിയിരുന്നു ആ ശരീരത്തില്‍ എന്ന് തോന്നി. ടി പി 414 -ന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് അവസാനമായി ഞാന്‍ കയറിയിരുന്ന് തച്ചന്തുരുത്തിനോട് യാത്ര പറഞ്ഞു. മാത്തുക്കുട്ടി ഏറെ ദൂരം ബസിനു പിറകെ വന്നിരുന്നു.
പെരുമാള്‍ ആഗ്രഹിച്ചത് പോലെ പുഴയിലിറങ്ങിപ്പോയ മേരിയൊടുവില്‍ തിരിച്ചു വന്നു. അങ്ങനെയേ എനിക്കതിനെ കരുതാനാവുകയുള്ളൂ. തച്ചന്തുരുത്ത് മേരിയുടെ കണ്ണീരില്‍ മുങ്ങിപ്പോവുകയായിരുന്നു. പ്രളയത്തില്‍ പെരുമാളിന്റെ പെട്ടകം ഒലിച്ചു പോയി. പെരുമാള്‍ നോക്കി നില്‍ക്കേയാണ് പുഴ കരകവിഞ്ഞത്. ആദ്യം സത്യനേശന്‍ തൂങ്ങി മരിച്ച അത്തി കടപുഴകി പുഴയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. അപ്പോള്‍ ചുഴിയില്‍ നിന്നും മേരിയുടെ കൈകള്‍ ഉയര്‍ന്നു വരുന്നത് പെരുമാള്‍ കണ്ടു. സമയമായെന്ന് ഉറപ്പിച്ചു. അയാള്‍ യാത്രക്ക് തയ്യാറെടുത്തു. ആടുകളുടെയും പശുവിന്റെയും കഴുത്തിലെ കയറുകള്‍ നേരത്തേ തന്നെ അഴിച്ചു വിട്ടിരുന്നു. കോഴികളും കുഞ്ഞുങ്ങളും തണുത്തുവിറച്ച് പെരുമാളിനോടൊട്ടി നിന്നു. മാത്തുക്കുട്ടിയെ അയാള്‍ നെഞ്ചോട് ചേര്‍ത്തു പിടിച്ചിരുന്നു.
'എല്ലാവരും പൊയ്‌ക്കോളൂ ..!'
പെരുമാള്‍ കണ്ണീരോടെ വിടപറഞ്ഞു.
ആരും പോയില്ല. ഒലിച്ചു പോകുന്നെങ്കില്‍ ഒന്നിച്ചു മതിയെന്ന് അവരുറപ്പിച്ചിരുന്നു. പുഴ കാല്‍ക്കല്‍ വന്ന് തത്തിക്കളിച്ചു. സത്യന്‍ മാസ്റ്ററുടെ പോസ്റ്ററുകള്‍ ഓരോന്നോരോന്നായി മുങ്ങിത്തുടങ്ങി. ഇഎംഎസിനെയും യേശുവിനെയും പുഴയെടുത്തു. പെരുമാളിന്റെ പെട്ടകം ഇരുട്ടിലേക്ക് താഴ്ന്നു. നിധിപോലെ കാത്ത് സൂക്ഷിച്ച കത്തും വെള്ളത്തില്‍ ചേര്‍ന്നു. ആഴങ്ങളില്‍ ഒരു നേര്‍ത്ത പാടയ്ക്കപ്പുറം അയാള്‍ മേരിയെ കണ്ടു. കാല്പനികമായ ഒരവസാനമായിരുന്നു അത്. തച്ചന്തുരുത്ത് വലിയൊരു ശൂന്യതയിലേക്കുണരുകയായിരുന്നു.
ഓ... ഞാനത് പറയാന്‍ വിട്ടുപോയി. മകളുടെ വിവാഹം ക്ഷണിക്കാന്‍ വിളിച്ചപ്പോള്‍ ലാലേട്ടന്‍ മറ്റൊന്ന് കൂടി എന്നോട് സൂചിപ്പിച്ചിരുന്നു.
'നമ്മുടെ ടി പി 414 കണ്ടം ചെയ്തു കേട്ടോ. അവനിപ്പോള്‍ കെടിഡിസിയുടെ ഒരു റെസ്റ്ററന്റാണ്.'
എന്റെ മനസ്സും ശൂന്യമായിരുന്നു.
ഞാന്‍ പതുക്കെ ചാരു കസേരയിലേക്ക് അമര്‍ന്നിരുന്നു. റേഡിയോ കേള്‍ക്കുന്ന ശീലം തച്ചന്തുരുത്ത് വിട്ടതില്‍ പിന്നെ കൂടെ കൂടിയതാണ്. ചില മനുഷ്യര്‍ കടന്നു പോയാലും അവര്‍ തന്നിട്ടു പോയ ചിലതൊക്കെ നമ്മില്‍ അവശേഷിക്കുമല്ലോ.
ചലച്ചിത്ര ഗാനപരിപാടിയില്‍ അപ്പോള്‍ 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന സിനിമയിലെ പാട്ടായിരുന്നു. വയലാറിന്റെ വരികള്‍ - 'അഗ്നിപര്‍വ്വതം പുകഞ്ഞു... ഭൂചക്രവാളങ്ങള്‍ ചുവന്നു... മൃത്യുവിന്റെ ഗുഹയില്‍ പുതിയൊരു രക്തപുഷ്പം വിടര്‍ന്നൂ...'