Malayalam Short Story : ഉയിര്‍ത്തെഴുന്നേല്‍പ്പ്, സൂര്യ സരസ്വതി എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സൂര്യ സരസ്വതി എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
അയാള്‍ കൊല്ലപ്പെട്ടിട്ട് അന്ന് രണ്ടാമത്തെ ദിവസം ആയിരുന്നു. വിശുദ്ധന്‍ അല്ലാത്തതിനാലും അയാള്‍ കൊല്ലപ്പെട്ടത് ഒരു പാപിയുടെ കൈകള്‍ കൊണ്ടല്ലാതിരുന്നതിനാലും മൂന്നാം നാള്‍ അയാള്‍ ഉയര്‍ത്തെഴുന്നേറ്റു വരാന്‍ ഒരു സാധ്യതയും ഉണ്ടായിരുന്നില്ല. അങ്ങനെ വരാമെന്ന് അയാള്‍ ആര്‍ക്കും വാക്ക് കൊടുക്കുകയോ പ്രവചിക്കുകയോ ചെയ്തിരുന്നുമില്ല. എന്നുതന്നെയല്ല, അയാള്‍ ഒരിക്കലും മരണത്തെപ്പറ്റി ചിന്തിച്ചിരുന്നില്ല.
അയാളുടെ അപ്പനും അപ്പന്റെ അപ്പനുമെല്ലാം എണ്‍പതിനുമുകളില്‍ പ്രായമെത്തി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍കൊണ്ട് കിടപ്പിലായി അന്ത്യകൂദാശ സ്വീകരിച്ച ശേഷമാണ് മരിച്ചത്. അതുകൊണ്ടു തന്നെ ഇപ്പോള്‍ അപ്രതീക്ഷിതമായി സംഭവിച്ച മരണത്തെ അയാള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. തന്റെ ഒന്നര ഏക്കറിന്റെയും അയല്‍ക്കാരന്റെ പത്തു സെന്റിനെയും പറ്റി ഓര്‍ത്തപ്പോള്‍ അയാള്‍ വല്ലാതെ അസ്വസ്ഥനായി. ഒരു ഉയര്‍ത്തെഴുന്നേല്‍പ് തനിക്കും അനിവാര്യമാണെന്ന് അയാള്‍ക്ക് ചിന്തിച്ചു.
വളരെ മങ്ങിയ പ്രകാശം മാത്രമുള്ള ഒരു ഇടുങ്ങിയ മുറിയില്‍ നല്ല തണുപ്പും മാര്‍ദ്ദവവുമുള്ള ഒരു കിടക്കയിലായിരുന്നു അപ്പോഴയാള്‍ കിടന്നിരുന്നത്. അത്രയും സുഖകരമായ ഒരു കിടക്കയില്‍ ഓര്‍മ്മയായതില്‍ പിന്നെ അയാള്‍ കിടന്നിട്ടില്ല. ഒരു കട്ടില്‍ പോലും ആഡംബരം എന്ന് ചിന്തിച്ചിരുന്ന അയാള്‍, വീട്ടില്‍ രണ്ടു ബെഞ്ചുകള്‍ ചേര്‍ത്തുവെച്ച് അതില്‍ തുണി വിരിച്ചാണ് കിടന്നുറങ്ങിയിരുന്നത്. ഭാര്യയും മൂന്ന് മക്കളും തറയില്‍ പായ വിരിച്ചും.
ഒരിക്കല്‍ പതിനെട്ടുകാരനായ അയാളുടെ മകന്‍ ഒരു കട്ടില്‍ ആവശ്യപ്പെട്ട് വഴക്കിട്ടതും അയാള്‍ അവനെ പൊതിരെ തല്ലിയതും അന്ന് നാട് വിട്ടുപോയ മകന്‍ നാളിതുവരെ തിരികെ വരാത്തതും എന്തു കൊണ്ടോ ഓര്‍മ്മവന്നു. മകന്‍ പോയതില്‍ കാര്യമായ വിഷമമൊന്നും അയാള്‍ക്കുമുണ്ടായിരുന്നില്ല. എപ്പോഴും അഴുക്കും കരിയും പുരണ്ട വസ്ത്രങ്ങളോടെ കാണപ്പെട്ട ഒരു സാധു സ്ത്രീ ആയിരുന്നു അയാളുടെ ഭാര്യ. മകനെ ഓര്‍ത്ത് അവര്‍ മാത്രം ഇടയ്ക്കിടയ്ക്ക് നെടുവീര്‍പ്പിടുകയും കരയുകയും ചെയ്തു. അപ്പോഴൊക്കെ അയാള്‍ അവരോടു കയര്‍ത്തു.
'നീയെന്നാത്തിനാ പൂങ്കണ്ണീരൊഴുക്കുന്നെ. പൊകഞ്ഞ കൊള്ളി പുറത്ത്. അവനൊള്ള അരി കൊറച്ചിട്ടാ മതിയല്ലോ...'
അപ്പോള്‍ ആ സാധു സ്ത്രീ സ്വയം തലയില്‍ തല്ലി അയാളോടുള്ള അരിശം തീര്‍ത്തും കര്‍ത്താവിനെ വിളിച്ചു സ്വയം ശപിച്ചും അയാളുടെ മുന്നില്‍ നിന്നും പൊയ്ക്കളയും.
പെട്ടെന്ന് ദേഹം മുഴുവന്‍ കൂര്‍ത്ത ആണികള്‍ തറഞ്ഞു കയറുന്നതുപോലെ അയാള്‍ക്ക് തോന്നി. അയാള്‍ ചാടിയെഴുന്നേറ്റു. മരക്കുരിശില്‍ ഉള്ളതുപോലെ കിടക്കയില്‍ മുഴുവന്‍ നീളമുള്ള കൂര്‍ത്ത ആണികള്‍.
അയാള്‍ മുറിയില്‍ നിന്നും പുറത്തേക്കിറങ്ങി. ആ മുറിയുടെ മുന്നിലേക്കോ വശങ്ങളിലേക്കാ പോകാന്‍ മറ്റു വഴികളോ മാര്‍ഗമോ ഇല്ലായിരുന്നു. പകരം അയാള്‍ ഇറങ്ങി നിന്ന സ്ഥലത്തുനിന്നു താഴേക്ക് ഇറങ്ങാന്‍ പടവുകളുണ്ടായിരുന്നു. അയാള്‍ താഴേയ്ക്ക് നോക്കി. ലോകാവസാനം വരെയുണ്ടെന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ താഴേക്ക് അരണ്ട വെളിച്ചത്തില്‍ ഇടുങ്ങിയ വെണ്ണക്കല്‍ പടവുകള്‍. സദാ അഴുക്കും ചെളിയും പുരണ്ട തന്റെ ചെരുപ്പിടാത്ത കാലുകള്‍ കൊണ്ട് അതില്‍ ചവിട്ടിയാല്‍ അതിമനോഹരമായ ആ പടവുകള്‍ വൃത്തികേടാകുമെന്ന് അയാള്‍ ഭയന്നു. എങ്കിലും മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതു കാരണം അതില്‍ക്കൂടി താഴേയ്ക്ക് ഇറങ്ങാന്‍ തന്നെ അയാള്‍ തീരുമാനിച്ചു. ആദ്യത്തെ പടിചവിട്ടി ഇറങ്ങി അടുത്ത പടിയില്‍ ചവിട്ടി തിരിഞ്ഞുനോക്കിയ അയാള്‍ ഞെട്ടിപ്പോയി. ആദ്യത്തെ പടവ് അപ്രത്യക്ഷ്യമായിരിക്കുന്നു. അങ്ങനെ അയാള്‍ ഓരോ പടവ് ഇറങ്ങുമ്പോഴും തൊട്ടു മുന്നിലുള്ള പടവ് അപ്രത്യക്ഷമായിക്കൊണ്ടിരുന്നു. ആയിരം, പതിനായിരം, ലക്ഷം, കോടി...
അയാള്‍ പടവുകള്‍ ഇറങ്ങിക്കൊണ്ടേയിരുന്നു.. ഒടുവില്‍ ലക്ഷ്യം കണ്ടു. അയാള്‍ ഏറ്റവും താഴത്തെ പടവിലെത്തി.
അയാള്‍ക്ക് മുന്നില്‍ കോടമഞ്ഞ് മാത്രം സമുദ്രം പോലെ നീണ്ടുനിവര്‍ന്നു കിടന്നു. അതിലേക്ക് അയാള്‍ മിഴിച്ചു നോക്കി നിന്നു. പതിയെ പതിയെ മഞ്ഞിന്റെ സാന്ദ്രത നേര്‍ത്തുനേര്‍ത്തു വന്നു. ഒടുവില്‍ അലിഞ്ഞില്ലാതായി. അവിടെ കണ്ട കാഴ്ച അയാളെ അമ്പരപ്പിക്കുന്നതായിരുന്നു. നോക്കെത്താദൂരത്തോളം അതിമനോഹരമായ വെള്ളപ്പൂക്കള്‍. അത്രയും മനോഹരമായ പൂന്തോട്ടം അയാള്‍ ആദ്യമായി കാണുകയായിരുന്നു. അല്ലെങ്കില്‍ തന്നെ പൂക്കളുടെ ഭംഗി അയാളെ ഒരിക്കലും ആകര്‍ഷിക്കുകയോ അയാള്‍ അത് ആസ്വദിക്കുകയോ ചെയ്തിട്ടില്ല. അയാളുടെ മകള്‍ മുറ്റത്തു നട്ട, നിറയെ പൂവുണ്ടായിരുന്ന കുടമുല്ലച്ചെടിയും അത് പടര്‍ത്തിയിരുന്ന ചെമ്പരത്തിയും ഒരു ദാക്ഷിണ്യവും ഇല്ലാതെയാണ് അയാള്‍ കുറച്ചു ദിവസം മുന്‍പ് വെട്ടിക്കളഞ്ഞത്. കരഞ്ഞുകൊണ്ട തടഞ്ഞ മകളോട് അയാള്‍ കോപം കൊണ്ട് അലറി.
'കണ്ണീക്കണ്ടതൊക്ക വച്ച് സ്ഥലം കളയാതെ അവിടെ രണ്ടു കാച്ചിലോ ചേമ്പോ നട്ടാല്‍ നെനക്കൊക്കെ കൊള്ളാം.'
അയാള്‍ പൂക്കള്‍ വകഞ്ഞു മാറ്റി മുന്നിലേയ്ക്ക് നടക്കാന്‍ തുടങ്ങി. അപ്പോഴാണ് അയാള്‍ അത് ശ്രദ്ധിച്ചത് . അത്രയും മനോഹരമായിരുന്നിട്ടുകൂടി ആ പൂക്കള്‍ക്ക് ഒട്ടും വാസന ഉണ്ടായിരുന്നില്ല. സുഗന്ധമോ ദുര്‍ഗന്ധമോ ഇല്ലാത്ത വെളുത്ത മഞ്ഞുപോലെയുള്ള പൂക്കള്‍. ഒരിക്കല്‍ അയാളുടെ അപ്പാപ്പന്‍ പറഞ്ഞത് പെട്ടെന്നയാള്‍ ഓര്‍ത്തു. 'നമ്മള്‍ മരിച്ച് സ്വര്‍ഗ്ഗത്തിലാണോ നരകത്തിലാണോ എത്തിയത് എന്നറിയാന്‍ ഒരു മാര്‍ഗമുണ്ട്. നരകത്തിലും സ്വര്‍ഗ്ഗത്തിലും വെളുത്തപൂക്കള്‍ ഉണ്ടാവും. സ്വര്‍ഗ്ഗത്തിലെ പൂക്കള്‍ക്ക് നല്ല സുഗന്ധം ഉണ്ടാവും. പക്ഷെ നരകത്തിലെ പൂക്കള്‍ക്ക് വാസന ഉണ്ടാവില്ല.'
താന്‍ നരകത്തില്‍ വന്നതില്‍ അയാള്‍ക്ക് ഒട്ടും അതിശയമോ നിരാശയോ തോന്നിയില്ല. തിങ്ങി നിറഞ്ഞു നിന്നിരുന്ന പൂക്കളെ കടന്നു മുന്നോട്ടുപോകാന്‍ അയാള്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ഇടയ്ക്ക് ഒരു പൂവിനെ അയാള്‍ വെറുതെ പറിച്ചെടുക്കാന്‍ നോക്കി പെട്ടന്ന് കൈ പിന്‍വലിച്ചു. കൈയ്യില്‍ കൂര്‍ത്ത ഒരു മുള്ള് തറച്ചിരിക്കുന്നു. അയാള്‍ക്ക് നന്നായി വേദനിച്ചു. പക്ഷെ ആഴത്തില്‍ തറച്ചിട്ടും തെല്ലും ചോര പൊടിഞ്ഞിരുന്നില്ല. തന്റെയും അയല്‍ക്കാരന്റെയും പറമ്പുകള്‍ വേര്‍തിരിച്ചിരുന്ന കരിങ്കല്ലില്‍ ഇടിച്ചു തല തകര്‍ന്നപ്പോള്‍ തന്റെ ശരീരത്തിലെ അവസാന തുള്ളി ചോരയും വാര്‍ന്നു പോയിട്ടുണ്ടാവും. കണ്ണുകള്‍ അടയുമ്പോള്‍ അവസാനമായി കണ്ട കാഴ്ച അതായിരുന്നു തനിക്കു ചുറ്റും ഒഴുകിപ്പരക്കുന്ന ചോര. അയല്‍ക്കാരന്റെയും തന്റെയും അതിരുകള്‍ തിരിക്കുന്ന കരിങ്കല്ല് മാറ്റി മാറ്റിയിട്ട് അയല്‍ക്കാരന്റെ പത്തു സെന്റ് ഇപ്പോള്‍ എത്ര കുറഞ്ഞിട്ടുണ്ടാവുമോ എന്തോ. ഇരുട്ടിന്റെ മറവില്‍ ഇത്രയും നാള്‍ താന്‍ ചെയ്തിരുന്ന ആ പ്രവൃത്തി ഇനി അവന്‍ തിരിച്ചു ചെയ്യുമോ എന്നാലോചിച്ചപ്പോള്‍ അയാള്‍ക്ക് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ധൃതിയായി.
പെട്ടന്ന് വളരെ പെട്ടെന്ന് അയാള്‍ നോക്കി നില്‍ക്കെ പൂന്തോട്ടവും പൂക്കളും അപ്രത്യക്ഷമായി. താന്‍ ഒരു ഗുഹക്കുള്ളില്‍ അകപ്പെട്ടതായി അയാള്‍ക്ക് തോന്നി. വളരെയടുത്ത് ഒരു നായയുടെ നിശ്വാസം. അയാള്‍ വീര്‍പ്പടക്കി സൂക്ഷിച്ചു നോക്കി. ഞെട്ടിപ്പോയി. അത് അയാളുടെ അയല്‍ക്കാരന്റെ നായ ആയിരുന്നു. രാത്രിയില്‍ അതിരു തോണ്ടി കരിങ്കല്ല് മാറ്റുമ്പോള്‍ ശബ്ദമുണ്ടാക്കുന്ന ശല്യക്കാരനായ നായ. അത കൊല്ലപ്പെട്ടത് അയാളുടെ കൈകൊണ്ടു തന്നെയാണ്.
നായ അയാളെ ക്രൂരമായി നോക്കി മുരണ്ടു. അത് എപ്പോള്‍ വേണമെങ്കിലും തന്റെ നേര്‍ക്ക് ചാടി വീണേക്കാമെന്നു അയാള്‍ക്ക് തോന്നി. നായ അയാളെ ആക്രമിക്കാന്‍ മുന്നോട്ട് പാഞ്ഞു. പക്ഷെ അപ്പോഴാണ് താന്‍ ബന്ധനത്തിലാണ് എന്നയാള്‍ മനസ്സിലാക്കിയത്. നായയുടെ കണ്ണില്‍ അപ്പോള്‍ തെളിഞ്ഞ ദൈന്യതയും നിസ്സഹായതയുമാണ് ഒരു പക്ഷെ തന്റെ കണ്ണിലും എന്നയാള്‍ ചിന്തിച്ചു. അയാള്‍ തളര്‍ന്നു തുടങ്ങിയിരുന്നു. അയാള്‍ക്ക് ദാഹിച്ചു.
അയാള്‍ ചുറ്റും നോക്കി. അവിടെ ഒരു വലിയ പാത്രത്തില്‍ വെള്ളമിരിക്കുന്നത് അയാള്‍ കണ്ടു. അയാള്‍ ഓടി ചെന്നു. നല്ല തെളിഞ്ഞ വെള്ളം .അയാള്‍ ആര്‍ത്തിയോടെ പാത്രം ചുണ്ടോടടുപ്പിച്ചു. കൊഴുത്ത ചോരയുടെ ഗന്ധവും രുചിയും. അയാള്‍ പാത്രം ദൂരേയ്ക്ക് വലിച്ചെറിഞ്ഞു. അന്നാദ്യമായി അയാള്‍ തന്റെ ഭൂതകാലമോര്‍ത്തു പൊട്ടിക്കരഞ്ഞു .
മൂന്നാം നാള്‍ അയാള്‍ ഉയര്‍ത്തെഴുന്നേറ്റു. അലക്കിത്തേച്ച തൂവെള്ള വസ്ത്രങ്ങളായിരുന്നു അയാളപ്പോള്‍ ധരിച്ചിരുന്നത്. ചെളിയും അഴുക്കുമില്ലാത്ത അയാളുടെ കാല്‍പ്പാദങ്ങള്‍ ഇളം ചുവപ്പാര്‍ന്ന റോസപൂവിനെ അനുസ്മരിപ്പിച്ചു. അയാള്‍ സുഗന്ധമുള്ള ഒരു മനോഹരമായ വെളുത്ത പൂവ് മാറോടടക്കിപ്പിടിച്ചിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...