Malayalam Short Story : മരണാനന്തരം, സൂര്യ സരസ്വതി എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സൂര്യ സരസ്വതി എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ചുട്ടുപഴുത്ത വെയിലില്‍ നിന്നും ശീതീകരിച്ച മുറിയിലേക്ക് കയറിയ സുഖവും ആശ്വാസവും. തണുത്തു മരവിച്ച മോര്‍ച്ചറിക്കുള്ളില്‍ കിടന്നപ്പോള്‍ അങ്ങനെയാണ് അനുഭവപ്പെട്ടത്. ഇരമ്പിയാര്‍ത്തു വരുന്ന സങ്കട പെരുമഴയുടെ ആരവങ്ങളില്ലാതെ, ഭൂതകാലം ചവിട്ടിമെതിച്ചു കടന്നുപോയ ഹൃദയത്തിന്റെ അടക്കിപ്പിടിച്ച തേങ്ങലുകളുടെ മിന്നല്‍ പിണറുകളില്ലാതെ ഭാവിയുടെ പേടിപ്പെടുത്തുന്ന മേഘ ഗര്‍ജനങ്ങളില്ലാതെ സ്വസ്ഥമായ, ശാന്തമായ കിടപ്പ്.
മരണം ഇത്ര സുന്ദരമോ? ഛെ! കുറച്ചു കൂടി നേരത്തെ ആവാമായിരുന്നു. ജീവനുള്ള സകല മനുഷ്യരോടും പുച്ഛം തോന്നി.
എന്തിനാണിങ്ങനെ കാല് വെന്ത നായെപ്പോലെ ഓടിത്തളരുന്നത്. മരിക്കുന്നത് ഭീരുക്കളാണെന്നു ആരാണ് പറഞ്ഞത്? മരണ സമയത്തെ വേദനയും അതിനു ശേഷമുള്ള ശൂന്യതയും ഓര്‍ത്തു മരണത്തെ ഭയക്കുന്നവരാണ് ഭീരുക്കള്‍. ഒരര്‍ത്ഥത്തില്‍ താനും അങ്ങനെ ആയിരുന്നല്ലോ, ഭര്‍ത്താവിനും, മക്കള്‍ക്കും വേണ്ടി, കുടുംബത്തിനു വേണ്ടി, ഒരു കഴുതയെപ്പോലെ പണിയെടുത്തു. ആഗ്രഹിച്ചത് ഒരിറ്റു സ്‌നേഹം മാത്രമാണ്.. പക്ഷെ കിട്ടിയതോ അവഗണയും, കുറ്റപ്പെടുത്തലും മാത്രം.
അതൊക്കെ ഓര്‍ത്താല്‍ ഒരിക്കല്‍ കൂടി മരിക്കാന്‍ തോന്നുമെന്നോര്‍ത്തു ഒന്നൂറി ചിരിച്ചു.
ഇവിടെ താന്‍ മാത്രമേ ഉള്ളോ? അതോ തന്നെ പോലെ വേറെയും? അവള്‍ തല ചെരിച്ചു നോക്കി.
ഹോ! അറിയാതെ പറഞ്ഞുപോയി. മുഖം പകുതി മുക്കാലും വെന്ത ഒരുത്തി. ഇവളും തന്നെ പോലെ തന്നെ സ്വയം മരിച്ചതാവുമോ? പക്ഷെ ഇവളുടെ മുഖത്ത് ആരില്‍ നിന്നും രക്ഷപെട്ടു വന്നതിന്റെ സന്തോഷം ഇല്ലല്ലോ. സങ്കടമാണല്ലോ കാണുന്നത്.
പാവം ഒരിക്കല്‍ ഇവളും തന്നെ പോലെ ഒരു വസന്തകാലത്തിന്റെ മുഴുവന്‍ സൗന്ദര്യവും ആവാഹിച്ച ഒരു പൂത്തുമ്പിയെ പോലെ പാറി പറന്നിരിക്കാം. ജീവിതത്തിന്റെ കടുത്ത ചായക്കൂട്ടില്‍ നിന്നു വിളറിയ കടലാസ് പൂവിന്റെ വര്‍ണ്ണത്തിലേക്കു ഇവള്‍ എടുത്തെറിയപ്പെട്ടതു എപ്പോഴാണ്?എന്തായാലും അവളോട് ചോദിയ്ക്കാന്‍ തന്നെ തീരുമാനിച്ചു.
പതിയെ ചോദിച്ചു: നീ എങ്ങനെയാണു മരിച്ചത്? എന്തായാലും നീ ചെയ്തത് നന്നായി.. ഇനിയൊന്നും അറിയേണ്ടല്ലോ...'
അവളെന്നെ ദീനമായി ഒന്ന് നോക്കി.. പതിയെ തേങ്ങിക്കൊണ്ടു പിറുപിറുത്തു.
'ഞാന്‍ മരിച്ചതല്ല എന്റെ ഭര്‍ത്താവു എന്നെ കൊന്നതാണ്'
ഉള്ളിലമര്‍ഷം നുരഞ്ഞുപൊന്തി. ഛെ! സ്വയം മരിക്കാന്‍ ഉള്ള ശേഷി പോലുമില്ലാത്തവള്‍. അതും താലിച്ചരടില്‍ കെട്ടിവരിഞ്ഞു ജീവിതം നശിപ്പിച്ചവന് വിട്ടുകൊടുത്തിരിക്കുന്നു.
അവളുടെ ഏങ്ങലടികള്‍ ഉച്ചത്തിലായി. അല്‍പ്പ നേരം നേരം അവളെ നോക്കി കിടന്നു. പിന്നെ സമാധാനിപ്പിച്ചു. 'സാരമില്ല നീ രക്ഷപ്പെട്ടല്ലോ ഇനി നിന്നെ വേദനിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല..'
അസഹ്യമായ വേദനയിലെന്നവണ്ണം അവള്‍ മുഖം ചുളിച്ചു. വിദൂരതയില്‍ നിന്നെന്നവണ്ണം അവളുടെ ശബ്ദം ഒഴുകി വന്നു.
'പക്ഷെ എന്റെ കുട്ടികള്‍... അവര്‍ക്കിനി ആരുണ്ട്. കൂട്ടം തെറ്റുന്ന മാന്‍കിടാങ്ങള്‍ എപ്പോഴും ചെന്നു വീഴുന്നത് വിശന്നു വലഞ്ഞ ചെന്നായ്ക്കൂട്ടത്തിന്റെ നടുവിലേക്കാവും.'
നടുങ്ങി പോയി. ഒരു ഇരുമ്പ് ദണ്ഡ് കൊണ്ട് പെട്ടന്ന് ഒരു പ്രഹരം കിട്ടിയപോലെ തോന്നി അവളുടെ വാക്കുകള്‍ കേട്ടപ്പോള്‍. കുട്ടികള്‍. എന്റെ കുട്ടികള്‍.
തീവണ്ടി ചക്രത്തിനിടയില്‍ കുരുങ്ങിപോയ ആര്‍ത്ത നാദത്തേക്കാള്‍ വലിയൊരു ശബ്ദം തൊണ്ടയില്‍ കുരുങ്ങുന്നുണ്ടോ? തണുത്തു മരവിച്ച കാല്‍പ്പാദങ്ങളില്‍ അനുഭവപ്പെടുന്ന ഇളം ചൂട്. കാല്‍പ്പാദങ്ങളില്‍ കെട്ടിപ്പിടിച്ചു കരയുന്ന പിഞ്ചു കൈകള്‍.
ദൈവമേ ഞാനെന്തു പാപമാണ് ചെയ്തത്? ഏത് ചെന്നായ്ക്കൂട്ടത്തിന്റെ നടുവിലേക്കാണ് ഞാനെന്റെ മക്കളെ എറിഞ്ഞു കൊടുത്തത്. ഈ കണ്ണീരുപൊള്ളിച്ച ആത്മാവുമായി ഞാനിനി...