Malayalam Short Story : ജാലകം, സുമിയ ശ്രീലകം എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സുമിയ ശ്രീലകം എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഏറെ ജാലകങ്ങളുള്ള അവളുടെ വീട്ടില്‍, അടുക്കളജാലകമായിരുന്നു അവളുടെ സ്വന്തം. ജീവിതത്തിലെ ഏറ്റവും നല്ലകാഴ്ചകള്‍ അവള്‍ കാണുന്നത, അതിലൂടെയായിരുന്നു.
എന്നും പ്രഭാതഭക്ഷണമുണ്ടാക്കുന്ന സമയത്ത് നീലപ്പട്ടുപാവാടയുടുത്ത ഒരു പെണ്‍കുട്ടി തുളസിമാലയുമായി കുന്നത്തെ കൃഷ്ണനെ തൊഴാന്‍പോകുന്നത് അവള്‍ കാണും. ഒരു ദിവസമെങ്കിലും ആ പെണ്‍കുട്ടിക്കൊപ്പം പോകുക എന്നത് അവളുടെ ഒരിക്കലും നടക്കാത്ത ആഗ്രഹമായിരുന്നു.
പ്രഭാതഭക്ഷണം തയ്യാറാക്കിക്കഴിഞ്ഞാല്‍പ്പിന്നെ അവള്‍ വീടുമുഴുവന്‍ അടിച്ചുവാരി വൃത്തിയാക്കും. എല്ലാ മുറികളുടെയും ജാലകങ്ങള്‍ തുറന്നിടും. സ്വീകരണമുറിയിലെ ജനാല അതിവിശാലമായതായിരുന്നു. പക്ഷെ ആ ജാലകത്തെ മറച്ചുകൊണ്ട് ഒരു ടെലിവിഷന്‍ സ്ഥാനം പിടിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആ വീട്ടിലെ ഒരിക്കലും തുറക്കാത്ത ജനാലയായി അത് മാറി.
ഉച്ചഭക്ഷണം പാകമാകുമ്പോള്‍ ദൂരെ പുഴയോരത്തുള്ള തറവാട്ടുമുറ്റത്തെ മാഞ്ചോട്ടില്‍, കോട്ടണ്‍ സാരിയുടുത്ത, കട്ടിക്കണ്ണടവച്ച ഒരു യുവതി കവിതകള്‍ കുത്തിക്കുറിക്കുന്നത് അവള്‍ കാണാറുണ്ട്. അടുക്കളജാലകത്തിലൂടെക്കാണുന്ന ഏറ്റവും പ്രിയപ്പെട്ട കാഴ്ചയായിരുന്നു അത്. ഒരിക്കലെങ്കിലും ആ കവിതകള്‍ വായിക്കണമെന്നത് അവളുടെ രഹസ്യമോഹമായിരുന്നു. ഒറ്റപ്പെടലിന്റെ വേദനകള്‍ നിറഞ്ഞവയായിരിക്കും ആകവിതകളെന്ന് അവള്‍ക്ക് ഉറപ്പായിരുന്നു.
ഊണ് മുറിയിലെ ജാലകങ്ങള്‍ ചെറുതായിരുന്നു. ഒരിക്കലും അതില്‍ക്കൂടി പുറത്തേക്ക് നോക്കാന്‍ അവള്‍ക്ക് കഴിഞ്ഞതേയില്ല. അരിയുടെ വേവിനെക്കുറിച്ചും കറികളുടെ രുചിയെക്കുറിച്ചും ഉപ്പുചേര്‍ക്കുന്നതിലെ ഏറ്റക്കുറച്ചിലുകളെക്കുറിച്ചുമൊക്കെയുള്ള പഠനക്ലാസുകള്‍ നടക്കുമ്പോഴാണ് അവളുടെ കണ്ണുകള്‍ ആ ജനാലയിലേക്കെത്തുന്നത്. ആ സമയത്ത് കണ്ണുനീര്‍ അവളുടെ കാഴ്ചയെ മറയ്ക്കുമായിരുന്നു. മറ്റു സമയങ്ങളിലൊന്നും ആ മുറിയില്‍ അവളുടെ സാന്നിധ്യമുണ്ടായിരുന്നില്ല.
നാലുമണിച്ചായ തിളയ്ക്കുമ്പോള്‍ ദൂരദര്‍ശനിലെ മോഹന്‍ലാല്‍ സിനിമകള്‍ കണ്ട് പൊട്ടിച്ചിരിക്കുന്ന ഒരുവളെ അവള്‍ അടുക്കളജാലകത്തിലൂടെ കാണും. എത്ര സൂക്ഷിച്ചുനോക്കിയാലും അവളുടെ പ്രായം എത്രയെന്നാ കാഴ്ചയില്‍ വ്യക്തമാകുകയേയില്ല!
അതെന്തുകൊണ്ടാണെന്ന് അവള്‍ക്ക് മനസിലായിട്ടേയില്ല. എങ്കിലും ആ ചിരികള്‍ അവളിലും ചിരിയുണര്‍ത്താറുണ്ടായിരുന്നു.
അത്താഴമൊരുക്കുന്ന സമയത്ത് രാമനാമം ജപിച്ചുകൊണ്ട് എതോ അമ്പലനടയിലൊറ്റയ്ക്കിരിക്കുന്ന
ഒരു മുത്തശ്ശി അവളുടെ ജാലകക്കാഴ്ചയില്‍ നിറയും. മുന്‍പെവിടെയോ താന്‍ കണ്ടുമറന്ന ആ അമ്പലമുറ്റം അവളില്‍ ആനന്ദക്കാഴ്ചയാകും. എന്നും താന്‍ ചുറ്റിത്തിരിയുന്ന വീടിനേക്കാളും പരിചയം അവള്‍ക്ക് ആ അമ്പലമുറ്റത്തോടുണ്ടായിരുന്നു. അവിടുത്തെ ഓരോ മരങ്ങളും കിളികളുംവരെ അവളുടെ പരിചയക്കാരായിരുന്നു. അടുക്കള ജാലകമടഞ്ഞുകഴിഞ്ഞാല്‍ അവള്‍ മറ്റൊരു ലോകത്തേക്കിറങ്ങിവരും. അവള്‍തന്നെ അവളെയന്വേഷിക്കുന്ന തികച്ചും അപരിചിതമായൊരു ലോകത്തേക്ക്.
കിടപ്പുമുറിയിലെ ജനാലകള്‍ വലുതും ധാരാളം വെളിച്ചം കയറുന്നവയുമായിരുന്നു. പക്ഷെ രാത്രിയില്‍ മാത്രമാണ് അവള്‍ക്ക് ആ ജനാലയ്ക്കരികിലെത്താന്‍ കഴിഞ്ഞിരുന്നത്. ഇരുട്ടിനെ പേടിയായിരുന്നത് കൊണ്ട് അവള്‍ ഒരിക്കലും ആ ജാലകങ്ങള്‍ക്കുപുറത്തുള്ള കാഴ്ചകള്‍ കണ്ടിട്ടുണ്ടായിരുന്നില്ല. ഒടുവില്‍ ആ ജാലകവുമടയുന്നതോടെ ഒരു ദിനത്തിനന്ത്യം കുറിച്ച് അവളുറങ്ങും; കണ്ടുതീരാത്ത സ്വപ്നങ്ങള്‍ ബാക്കിയാക്കി നാളെ നേരത്തേയുണര്‍ന്ന് അടുക്കള ജാലകക്കാഴ്ചകള്‍ കാണുവാനായി.