Malayalam Short Story : കേളി, ശ്രീകല മേനോന്‍ എഴുതിയ കഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ശ്രീകല മേനോന്‍ എഴുതിയ കഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
'അറിക ഹംസമേ അരുത് പരിദേവിതം
വിരസഭാവമില്ല നിന്നില്‍മേ...'
അരങ്ങില്‍ തിരി തെളിഞ്ഞു. നളനായി ഹംസത്തിന്റെ മുന്നില്‍ ചൊല്ലിയാടുകയാണ്. ദമയന്തിയെ കാണാനുള്ള തീവ്രമായ മോഹം അറിയിക്കുകയാണ്.
മുഖത്തു ഭാവങ്ങള്‍ മിന്നിമറയുന്നു. കൈകളില്‍ മുദ്രകള്‍ വിടരുന്നു.
'ആശാനേ...'
മുറിയിലെ അരണ്ടവെളിച്ചത്തില്‍ ചമയകോപ്പുകളുടെ ഇടയില്‍ ചുട്ടിക്കാരന്‍ അപ്പുണ്ണിയുടെ അത്ഭുതം
കൂറിയ മിഴികള്‍.
'എത്ര കാലായി ആശാനേ കണ്ടിട്ട്... വിശ്വസിക്കാന്‍ പറ്റിണില്യ...ഓരോ കളിക്ക് പോവുമ്പോഴും ഞാന്‍ തിരയാറുണ്ട് ഈ മുഖം'
'മനസിലായില്ലേ.. കലാമണ്ഡലം വാസുദേവന്‍...ഒരുകാലത്തു നളന്റെ വേഷത്തില്‍ പ്രസിദ്ധനായിരുന്നു.'
അപ്പുണ്ണിയുടെ വാക്കുകള്‍ കേട്ട് നിലത്തു ചുട്ടികുത്താന്‍ കിടക്കുന്ന പലരും തലയുയര്‍ത്തി നോക്കി.
ആരൊക്കെയോ വന്നു കാലില്‍ തൊട്ട് നമസ്‌കരിക്കുന്നു..
'ധാരാളം കേട്ടിട്ടുണ്ട് . ആശാന്റെ നളനെ പറ്റി... കാണാന്‍ കഴിഞ്ഞതില്‍ ഭാഗ്യം.'
മുന്നില്‍ നില്‍ക്കുന്ന പച്ച കുത്തിയ മുഖങ്ങളില്‍ തികഞ്ഞ ആദരവ്. അതോ സഹതാപമോ.
'ആരാണ് നളന്‍?'-ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
'ഇന്ന് ഒന്നാം ദിവസം കലാമണ്ഡലം ദേവാനന്ദന്‍'
'ഉം.. കേട്ടിട്ടുണ്ട്. നന്നായി...'
'ന്നാലും വാസുവാശാന്റെ നളന്റെ ഭംഗി വരോ ആര് വേഷം കെട്ടിയാലും...അതൊക്കെ ഒരു കാലം..ഓരോ യോഗം അല്ലാതെന്താ പറയാ'
കാലത്തിനല്ലല്ലോ മനുഷ്യര്‍ക്കല്ലേ മാറ്റം സംഭവിക്കുന്നത്.
ചതികുഴികളായിരുന്നു ചുറ്റും.. . സൗഹൃദങ്ങളുടെ മുഖംമൂടിയണിഞ്ഞ ചതിക്കുഴികള്‍.. കുറേ തിരിച്ചറിവുകള്‍ ഉണ്ടായപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് കളിയോടുള്ള ഭ്രമം കണ്ട് അച്ഛന്‍ കലാമണ്ഡലത്തില്‍ ഗുരു രാമുണ്ണിയാശാന്റെ മുന്നില്‍ കൊണ്ട് ചെല്ലുമ്പോള്‍ വീട്ടിലെ ദാരിദ്ര്യം അറിഞ്ഞു കൊണ്ട് തന്നെയാവും ആശാന്‍ തലയില്‍ കൈവെച്ചു പറഞ്ഞു, 'ഇവിടെ നിന്ന് പഠിക്കട്ടെ... ഫീസൊക്കെ പിന്നീടാലോചിക്കാം.. ഇവന്‍ നന്നാവും.'
കല്ലുവഴി ചിട്ടയില്‍ രാമുണ്ണിയാശാന്റെ കീഴില്‍ ദയാദാക്ഷിണ്യങ്ങളില്ലാത്ത ശിക്ഷണം.
താണ് കുനിഞ്ഞുനിന്ന് മെയ് വഴക്കത്തോടെ നവരസങ്ങളും പകര്‍ന്നാടുമ്പോള്‍ ഇടക്കെപ്പോഴെങ്കിലും ചുവടൊന്ന് പിഴച്ചാല്‍ രാമുണ്ണി ആശാന്റെ മുഖത്തു നിറയുന്നത് രൗദ്രഭാവം.
അടിയും ശകാരങ്ങളും ശരീരത്തെയും മനസ്സിനെയും ഒരു പോലെ വേദനിപ്പിച്ചിരുന്ന ശിക്ഷണ മുറകള്‍. എന്നിട്ടും പിടിച്ചു നിന്നത് കളിയോടുള്ള ഭ്രമം കൊണ്ട് മാത്രം.
ഒടുവില്‍ വാത്സല്യത്തോടെ ചേര്‍ത്ത് പിടിച്ചു 'വാസു നീ പച്ചയില്‍ തിളങ്ങും' എന്ന് നെറുകയില്‍ തലോടി ആശാന്‍ പറയുമ്പോള്‍ ശരീരത്തിന്റെ വേദന പാടെ മറന്ന് സന്തോഷം കൊണ്ട് കണ്ണ് നിറയുമായിരുന്നു.
അന്ന് കൂടെ പഠിച്ച ജയകൃഷ്ണനോടായിരുന്നു കൂടുതല്‍ അടുപ്പം. ഒരേ മുറിയില്‍ ഒരേ പായയില്‍ കിടന്നുറങ്ങിയവര്‍.
'ആശാന് വാസൂനോട് കുറച്ച് ഇഷ്ടം കൂടുതലുണ്ട് ട്ടോ,'-ജയകൃഷ്ണന്‍ അത് കൂടെ കൂടെ പറയുമ്പോള്‍ അഭിമാനമായിരുന്നു ഉള്ള് നിറയെ
കഥകളി ആചാര്യന്‍ ഗുരു രാമുണ്ണിയാശാന്റെ പ്രിയ ശിഷ്യന്‍...മഹാഭാഗ്യം..
അരങ്ങില്‍ നിന്നും അരങ്ങിലേക്ക്. കളിവിളക്കിന് മുന്നില്‍ ചെണ്ടയും ചേങ്ങിലയും ഇലത്താളവും നെഞ്ചിലേറ്റി നളന്റെ എല്ലാ ഭാവ രസങ്ങളും മുദ്രകളും പകര്‍ന്നാടി. നളനായി ബാഹുകനായി. കാണികളുടെ ഹൃദയം കവര്‍ന്ന്. അരങ്ങുകള്‍ക്കൊപ്പം അംഗീകാരങ്ങളും പുരസ്‌കാരങ്ങളും കൂടി തേടി വന്നപ്പോള്‍, ആശാന്റെ മകള്‍ ശ്രീദേവി ആദ്യം ആരാധികയായും പിന്നീട് ജീവിതസഖിയായും കടന്ന് വന്നപ്പോള്‍ ജീവിതത്തില്‍ എല്ലാം നേടിയെന്ന് അഹങ്കരിച്ചിരുന്നു അന്നൊക്കെ.
എല്ലാ അരങ്ങിലും ജയകൃഷ്ണന്‍ കൂടെയുണ്ടായിരുന്നു. ദമയന്തിയായി അല്ലെങ്കില്‍ പുഷ്‌ക്കരനായി, ഹംസമായി.
'വാസുവിനെ മാത്രേ നളന്റെ വേഷം കെട്ടിക്കൂ ന്ന് എന്താ ആശാന് ഇത്ര വാശി. ഞാനും ചൊല്ലിയാട്ടത്തില്‍ ഒട്ടും മോശമല്ല'
ജയകൃഷ്ണന്റെ സ്വരത്തില്‍ പരിഭവം നിറഞ്ഞിരുന്നത് പലപ്പോഴും ശ്രദ്ധിച്ചിരുന്നു.
ഒരിക്കല്‍ ഒരു കളിയുടെ തലേന്ന് ആശാനോട് പറഞ്ഞു 'നാളെ ജയകൃഷ്ണന്‍ നളന്റെ വേഷം കെട്ടട്ടെ . ഞാന്‍ ബാഹുകനാവാം'
'അവനാദ്യം രസങ്ങളൊക്കെ നന്നായി നിന്നെ കണ്ട് പഠിക്കട്ടെ..'
പിന്നെ അല്പം മാറി നിന്ന ജയകൃഷ്ണനെ നോക്കി അല്പം കടുപ്പത്തോടെ പറഞ്ഞു- 'ഈയിടെയായി വീര രസം കുറച്ചു കൂടുതലാണ്'
ജയകൃഷ്ണന്റെ മുഖത്തു നിഴല്‍ പടരുന്നത് കണ്ട് അടുത്ത് ചെന്ന് കൈപിടിച്ചു 'സാരമില്ല.. കളികള്‍ ഇനിയുമുണ്ടല്ലോ .അവസരങ്ങള്‍ വരും'
ജയകൃഷ്ണന്റെ മദ്യപാനത്തെ കുറിച്ചാണ് ആശാന്‍ സൂചിപ്പിച്ചത്. പല സ്ഥലത്തും കളി രാത്രി വൈകിയാണ് തുടങ്ങുക. ഉറക്കമില്ലാത്ത രാത്രികളും ചിട്ടയില്ലാത്ത ജീവിതവും കാരണം കളിക്കാരില്‍ പലരും അല്പം മദ്യം കഴിക്കാറുണ്ട്.
ആശാനും അതറിയാം 'കഴിക്കുന്നതില്‍ കുഴപ്പമില്ല. അരങ്ങത്തു ചുവടുകള്‍ പിഴക്കാതെ നോക്കണം..ഭാവ രസം കൂടിയാല്‍ ആളുകള്‍ക്ക് മുഷിയും'
അങ്ങിനെ ഒരു ശീലം അന്നുണ്ടായിരുന്നില്ല. തോന്നിയിട്ടുമില്ല. പക്ഷെ ജയകൃഷ്ണന്റെ ഉള്ളില്‍ ആശാനോടും തന്നോടും പകയുടെ തീ ആളിക്കത്തുന്നത് അറിഞ്ഞിരുന്നില്ല അന്നൊന്നും.
..........
ഒരാളുടെ ജീവിതം മാറ്റിമറിക്കാന്‍ ഒരു നിമിഷം മതിയെന്ന് പറയുന്നത് എത്ര ശരിയാണ്.
മുടപ്പല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നളചരിതം രണ്ടാം ദിവസം. തുടര്‍ച്ചയായ കളികള്‍ കാരണം ശരീരത്തിന് നല്ല തളര്‍ച്ചയുണ്ടായിരുന്നു. രാത്രി വൈകിയാണ് കളി. ചുട്ടിയിടലും ഉടുത്തുകെട്ടും കഴിഞ്ഞ് ഉറക്കം തൂങ്ങുന്ന കണ്ണുകളെ പിടിച്ചു നിര്‍ത്താന്‍ പാടുപെടുമ്പോള്‍ ഒരു ഗ്ലാസ് മുന്നിലേക്ക് നീട്ടി ജയകൃഷ്ണന്‍ മുന്നില്‍.
'കുറച്ചു കഴിച്ചോളൂ വാസു. ക്ഷീണം മാറും..'
'വേണ്ട ജയകൃഷ്ണാ ഇത് പതിവില്ല'-എത്ര ഒഴിയാന്‍ ശ്രമിച്ചിട്ടും ജയകൃഷ്ണന്‍ പിന്മാറിയില്ല.
'ഇത് കഴിച്ചത് കൊണ്ട് ഒന്നും സംഭവിക്കില്ല വാസു.. എനിക്ക് എപ്പോഴെങ്കിലും ചുവട് പിഴച്ചിട്ടുണ്ടോ.. ഇതൊക്കെ ആവശ്യമാണ് പലപ്പോഴും'
ഓര്‍ത്തു നോക്കി. ശരിയാണ്, മദ്യം കഴിച്ച ദിവസങ്ങളിലും ജയകൃഷ്ണന്റെ കളി ഒട്ടും മോശമാവാറില്ല.
മനസില്ല മനനസ്സോടെ ഗ്ലാസിന് നേരേ കൈനീട്ടുമ്പോള്‍ ജയകൃഷ്ണന്റെ മുഖത്തു പടരുന്ന ചിരിയുടെ അര്‍ത്ഥമറിയാന്‍ പിന്നെയും നാളുകളെടുത്തു.
കണ്ണില്‍ ചുവപ്പണിയിക്കാന്‍ ചൂണ്ടപ്പൂവിന്റെ വിത്തുമായി വന്ന ചുട്ടിക്കാരന്‍ അപ്പുണ്ണി കണ്ണുകളിലെ ചുവപ്പിലേക്ക് നോക്കി പതുക്കെ പറഞ്ഞു.. 'ആശാനേ വേണ്ടിയിരുന്നില്ല.. ഇതിനി പതിവാകും.. ആ ജയകൃഷ്ണനെ വിശ്വസിക്കരുത്.'
അതേ, അതൊരു പതിവായി മാറുകയായിരുന്നു. മദ്യത്തില്‍ ജയകൃഷ്ണന്‍ മറ്റൊരു ലഹരി കൂടി ചേര്‍ക്കുന്നത് അറിയാതെ പല രാത്രികളിലും അവന്റെ കൂടെ കൂടി. രാമുണ്ണിയാശാന്‍ എല്ലാം അറിയുന്നുണ്ടായിരുന്നു. ഓരോ തവണ കളി കഴിഞ്ഞിറങ്ങുമ്പോഴും ആശാന്റെ രൂക്ഷമായ നോട്ടത്തെ അവഗണിക്കാന്‍ ശ്രമിച്ചു.
അഹങ്കരിച്ചിരുന്നു, കലാമണ്ഡലം വാസുദേവന് ഒരിക്കലും ചുവട് തെറ്റില്ല.. താളം പിഴക്കില്ല.
ഒരിക്കല്‍ ലഹരിയുടെ അളവ് കൂട്ടിയതറിയാതെ അരങ്ങത്തെത്തിയപ്പോള്‍ തല കറങ്ങുന്നത് പോലെ. ഭാവരസങ്ങള്‍ക്കൊപ്പം ഉള്ളിലെ ലഹരിയുടെ വീര രസവും കൂടി ചേര്‍ന്നപ്പോള്‍ ദമയന്തിയുടെ മുന്നില്‍ ശൃംഗാരഭാവം കൂടി. ചുവടുകള്‍ പിഴച്ചു.
പിറ്റേന്ന് ചുട്ടി കുത്താന്‍ തയ്യാറായി വന്നപ്പോള്‍ രാമുണ്ണിയാശാന്‍ മുന്നില്‍ വന്നു 'നളന്‍ ജയകൃഷ്ണന്‍ ചെയ്യട്ടെ.. വാസു ഋധുപര്‍ണ്ണന്റെ വേഷം ചെയ്താല്‍ മതി'
'ഒരു കലാകാരന്‍ കലയെ ഉപാസിക്കുകയാണ് വേണ്ടത്. അപമാനിക്കുകയല്ല'-ആശാന്റെ മൂര്‍ച്ചയുള്ള വാക്കുകള്‍ കേട്ട് തലകുനിച്ചു നിന്നു.
പിന്നീട് ജയകൃഷ്ണന്‍ നളനായി അരങ്ങുകള്‍ ആടിത്തകര്‍ക്കുമ്പോള്‍ അപമാനം പൂണ്ട മനസ്സുമായി അണിയറയിലിരുന്നു.. എല്ലാം മറക്കാന്‍ അഭയം കണ്ടെത്തിയത് മദ്യത്തിലും ലഹരിയിലുമായിരുന്നു.
ചെറിയ വേഷങ്ങള്‍ പോലും കിട്ടാതെ വിഷമിച്ചു തുടങ്ങിയിരുന്നു അന്ന് . ഉത്സവകാലങ്ങളില്‍ ആരും കളിക്ക് വിളിക്കാതായി. ദാരിദ്ര്യം ശ്രീദേവിയേയും തളര്‍ത്തിത്തുടങ്ങി. കിട്ടിയ അംഗീകാരങ്ങളെ നോക്കി 'ഇതൊക്കെ തൂക്കി വിറ്റാല്‍ കുറച്ചു ദാരിദ്ര്യം തീരും'-എന്നിടക്കുള്ള ശ്രീദേവിയുടെ വാക്കുകള്‍ മനസ്സിനെ മുറിവേപ്പിച്ചു തുടങ്ങിയിരുന്നു.
ജീവിതത്തിലും നളന്റെ വേഷം പകര്‍ന്നാടുകയിരുന്നു പിന്നീട്. എല്ലാം ഉപേക്ഷിച്ചു എവിടെയൊക്കെയോ അലഞ്ഞു തിരിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ പക്ഷെ കഥാന്ത്യം മറ്റൊന്നായിരുന്നു. ദമയന്തിയെ പോലെ ശ്രീദേവി കാത്ത് നിന്നില്ല. എല്ലാ വേദനകളില്‍ നിന്നും അവള്‍ എന്നേ സ്വയം രക്ഷ നേടിയിരുന്നു.
തളര്‍ന്നു കിടക്കുന്ന ആശാന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞു മാപ്പ് ചോദിക്കുമ്പോള്‍ ആശാന്റെ വിറയ്ക്കുന്ന കൈകള്‍ ശിരസില്‍ പതിഞ്ഞു.
'അരങ്ങില്‍ വേഷം കെട്ടിയാടുമ്പോള്‍ തന്നെ ജീവന്‍ വെടിയണംന്നായിരുന്നു ആഗ്രഹം. ഒരു കലാകാരന് അതില്‍പ്പരം ഒരു ഭാഗ്യമില്ല വാസു. നിനക്ക് ഇനിയും സമയമുണ്ട്. വേഷങ്ങള്‍ ചെയ്യണം. ചെറുതാണെങ്കിലും. പഠിച്ചതൊന്നും മറന്നിട്ടില്ലെങ്കില്‍'
പതിയെ ആ കണ്ണുകളടഞ്ഞു... മുഖത്തു ജീവിതത്തിലെ അവസാന രസവും മിന്നിമറഞ്ഞു. എല്ലാം ശാന്തം.
...............
'അതാരാണ് വരുന്നത് മനസ്സിലായോ '
അപ്പുണ്ണിയുടെ വാക്കുകള്‍ ചിന്തയില്‍ നിന്നുണര്‍ത്തി.
എങ്ങനെ മറക്കാനാണ്. പെട്ടെന്ന് കണ്ടപ്പോള്‍ ജയകൃഷ്ണന്‍ മുഖത്തു ഒരു ചിരി വരുത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
'നാളെ ബാഹുകനാണ് വേഷം. ആശാനെ ചതിച്ചിട്ട് ഒന്നുമറിയാത്ത പോലെ.'-ജയകൃഷ്ണന്‍ നടന്നു പോവുന്നത് നോക്കി അപ്പുണ്ണി പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് ശേഷം ജയകൃഷ്ണനുമായി ഒരേ അരങ്ങില്‍.
'സാരമില്ല അപ്പുണ്ണി. അല്ലെങ്കിലും ജീവിതത്തില്‍ എന്തൊക്കെ വേഷങ്ങള്‍ ആടി തകര്‍ക്കുന്നു നമ്മള്‍.. ഇതും അങ്ങനെ കരുതിയാ മതി'
എല്ലാം മറക്കാനും പൊറുക്കാനും എന്നേ പഠിച്ചു കഴിഞ്ഞിരുന്നു മനസ്സ്.
........
മൂന്നാം ദിവസം മുഖത്തു കാര്‍ക്കോടകന്റെ ചുട്ടിയിടുമ്പോള്‍ അപ്പുണ്ണിയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.
'ഒരിക്കല്‍ കൂടി നളന്റെ വേഷത്തില്‍ കാണണം ആശാനേ. ഈ കൈ കൊണ്ട് ചുട്ടിയിടണം.. വല്യ ഒരു മോഹാണ്.'
വേണം.. ഒരിക്കല്‍ കൂടി മുഖത്തു പച്ചയണിയണം നളനായി അരങ്ങത്തെത്തണം... എല്ലാ ഭാവരസങ്ങളും മതിയാവോളം പകര്‍ന്നാടണം.
പിന്നെ രാമുണ്ണിയാശാന്‍ പറഞ്ഞത് പോലെ ആ വേഷത്തില്‍ അരങ്ങത്തു തന്നെ വീണു നിര്‍വാണമടയണം.
.............
പുറപ്പാടും മേളപ്പദവും കഴിഞ്ഞു..
തിരശീലക്കു പിന്നില്‍ മദ്ദളവും ചേങ്ങിലയും ഇലത്താളവും കൊഴുക്കുന്നു..
കാര്‍ക്കോടകന്റെ രംഗപ്രവേശം..
'അന്തികേ വന്നിടേണം.. അഴലേ നീ തീര്‍ത്തിടേണം.. അനു എന്തീവണ്ണമെന്‍മൊഴി നീ കേട്ടീലയോ പുണ്യകീര്‍ത്തേ,' പതിയെ എണീറ്റു അരങ്ങത്തേക്ക് നടന്നു. ഉറച്ച കാല്‍വെപ്പുകളോടെ.
(കലിയുടെ ശാപമേറ്റു വിരൂപനായ നളന്‍ കാട്ടില്‍ വെച്ച് കാര്‍ക്കോടകന്‍ എന്ന സര്‍പ്പത്തെ തീയില്‍ നിന്നും രക്ഷിക്കുന്നു. അതിന് പകരമായി കാര്‍ക്കോടകന്‍ നളന് പുതിയ രൂപം നല്‍കുന്നു. ഈ രൂപത്തില്‍ ബാഹുകന്‍ എന്ന പേരില്‍ നളന്‍ ഋതുപര്‍ണ രാജാവിന്റെ തേരാളിയായി മാറുന്നു. നാല് ദിവസങ്ങളായാണ് നളചരിതം ആട്ടക്കഥ അരങ്ങേറാറുള്ളത് )