Malayalam Short Story : കാത്തുകാത്തൊരു വീട്, ശ്രീജ എം എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ശ്രീജ എം എഴുതിയ ചെറുകഥ

chilla malayalam short story by Sreeja M

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam short story by Sreeja M

 

ഹോസ്റ്റല്‍ മുറിയിലെ കട്ടിലില്‍ വരണ്ട ആകാശവും നോക്കി നന്ദിത വെറുതെ കിടന്നു. സമയം ഉച്ച കഴിഞ്ഞിട്ടുണ്ടാകും. എല്ലാ ഞായറാഴ്ചയും ഊണ് കഴിഞ്ഞാല്‍ ഈ കിടപ്പ് അവള്‍ക്ക് ശീലമാണ്. വിശ്രമിക്കാന്‍ ഉള്ള ഇഷ്ടം കൊണ്ടല്ല, വേറൊന്നും ചെയ്യാന്‍ ഇല്ലാത്തത് കൊണ്ടാണ്. 

ശനിയും ഞായറും ഹോസ്റ്റലില്‍ ആരും കാണില്ല. എല്ലാവരും വീട്ടില്‍ പോയിട്ടുണ്ടാകും. ചേച്ചിയുടെ അടുത്ത് പോകാന്‍ നന്ദിതയ്ക്ക് അത്ര താല്പര്യം ഇല്ല. ചേച്ചിയോട് ഇഷ്ടക്കുറവൊന്നും ഉണ്ടായിട്ടല്ല. ചേച്ചി ഒരു കുടുംബം ആയി താമസിക്കുമ്പോള്‍ താന്‍ അങ്ങോട്ട് കയറി ചെല്ലുന്നത് ഒരു അധികപ്പറ്റായി അവള്‍ക്കു തോന്നും. അമ്മ കൂടി പോയതോടെ വീട് ഈ ഹോസ്റ്റല്‍ മുറി ആയി. 

എന്താണ് ഈ ജീവിതത്തിന്റെ അര്‍ത്ഥം എന്ന് ഇടയ്ക്ക് അവള്‍ ആലോചിക്കാറുണ്ട്. ഒരു ലക്ഷ്യം ഇല്ലാത്ത ജീവിതം നിരര്‍ത്ഥകം ആണോ? മറ്റാരും സ്‌നേഹിക്കാന്‍ ഇല്ലെങ്കില്‍ ജീവിതം ഇല്ലേ? എന്തായാലും സ്വയം ജീവിതം അവസാനിപ്പിക്കുന്നതില്‍ ഒരു ന്യായീകരണം കണ്ടെത്താന്‍ അവള്‍ക്കു കഴിഞ്ഞിട്ടുമില്ല.

അച്ഛനും അമ്മയും ഇങ്ങനെ തന്നെ ലാളിച്ചു വളര്‍ത്തേണ്ടിയിരുന്നില്ലെന്നു അവള്‍ക്കു തോന്നാറുണ്ട്. ഒരപകടത്തിന്റെ രൂപത്തില്‍ അച്ഛന്‍ ഒരു വാക്ക് പോലും പറയാതെ അങ്ങ് പോയി. ഇപ്പോഴിതാ ഒന്നും പറയാതെ ഹൃദയസ്തംഭനം വന്നു അമ്മയും. അവര്‍ ഉണ്ടായിരുന്നപ്പോള്‍ ഉള്ള പൂര്‍ണ്ണത അവര്‍ പോയപ്പോള്‍ അതിന്റെ വിപരീതമായ ശൂന്യത ആയി. പക്ഷെ ജീവിതം മുന്നോട്ട് പോകുമ്പോള്‍ എങ്ങനെ സ്വയം മാറണം എന്ന് അവര്‍ അവളെ പഠിപ്പിച്ചില്ല. ഒരു പക്ഷെ അവര്‍ക്കും അതറിയില്ലായിരിക്കാം. ഇതുപോലെ മകളെ ഒറ്റയ്ക്കാക്കി പോകേണ്ടി വരുമെന്ന് അവരും കരുതിക്കാണില്ലല്ലോ.

കൂടെയുള്ള കൂട്ടുകാര്‍ എല്ലാവരും കല്യാണം കഴിച്ചു കുട്ടികളും കുടുംബവും ആയി മുന്നോട്ടു പോകുന്നത് കണ്ടിട്ടും നന്ദിതയ്ക്ക് എന്തോ കുടുംബജീവിതത്തിന്റെ വഴി തിരഞ്ഞെടുക്കാനും തോന്നിയില്ല. മറ്റാര്‍ക്കും തന്നെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയുമെന്ന് അവള്‍ വിശ്വസിച്ചിരുന്നില്ല. അമ്മ അവള്‍ക്കു പ്രായം ചെല്ലുന്നത് വരെ കൂടെ കാണുമെന്നായിരുന്നു വിശ്വാസം.. പിന്നെയുള്ള കാലം ഏതെങ്കിലും വൃദ്ധസദനത്തില്‍ സമാധാനത്തോടെ കഴിച്ചു കൂട്ടണം, ഇതൊക്കെ ആയിരുന്നു അവളുടെ പ്ലാനുകള്‍. അമ്മ ഇതുപോലെ ഒരു സന്ധ്യക്ക് യാത്ര പോലും പറയാതെ പോകുമെന്ന് അവള്‍ ഒരിക്കലും കരുതിയിരുന്നില്ല.. ജീവിതം നമ്മള്‍ നിശ്ചയിക്കുന്ന പോലെ ആയിരുന്നെങ്കില്‍ അതും ഒരുതരം വിരസത തന്നെ ആകുമായിരുന്നല്ലോ എന്ന് ചിന്തിച്ചു നന്ദിത ആശ്വസിച്ചു.

എന്തായാലും ഹോസ്റ്റലില്‍ നിന്നും മാറി ഒരു വാടക വീടെടുക്കണം എന്ന് നന്ദിത തീരുമാനിച്ചു. പഴയ ഒരു വീട് മതി. തൊടിയില്‍ നിറയെ മരങ്ങള്‍ ഉള്ള ഒരു പഴയ വീട്. ഒരു ആട്ടിന്‍കുട്ടിയെ മേടിക്കണം. അവള്‍ക്ക് കുഞ്ഞിലേ മുതല്‍ ഉള്ള ആഗ്രഹം ആയിരുന്നു. ഇനി ഇതു പോലുള്ള ആഗ്രഹങ്ങള്‍ എല്ലാം നടത്തണം. തൊടിയിലെ മരങ്ങളോടെല്ലാം കൂട്ട് കൂടണം. അവരാകുമ്പോള്‍ ഒരിക്കലും നമ്മളെ ഇട്ടിട്ടു പോകില്ലല്ലോ, നമ്മള്‍ പറയുന്നതെല്ലാം ക്ഷമയോടെ കേള്‍ക്കും, ഇലകള്‍ കൊണ്ട് പതുക്കെ തഴുകി സ്‌നേഹം പ്രകടിപ്പിക്കും..
അങ്ങനെ എല്ലാം ഓര്‍ത്തുകൊണ്ട് കിടന്നപ്പോഴാണ് ഹോസ്റ്റലില്‍ പുറം ജോലിയ്ക്കു വരുന്ന മറിയാമ്മ ചേട്ടത്തി അവരുടെ വീടിന്റെ അടുത്ത് ഒരു വീട് വാടകയ്ക്ക് കൊടുക്കാന്‍ ഉണ്ടെന്നുള്ള കാര്യം പറഞ്ഞത് ഓര്‍ത്തത്. അവള്‍ വേഗം താഴോട്ടു ചെന്നു. മുറ്റത്തെ പുല്ലെല്ലാം ചെത്തിക്കൊണ്ട് ചേട്ടത്തി മുന്‍പില്‍ തന്നെ ഉണ്ടായിരുന്നു.

'ചേട്ടത്തി, ഒരു വീടിന്റെ കാര്യം ഒരിക്കല്‍ പറഞ്ഞില്ലായിരുന്നോ, അതിപ്പോഴും ഉണ്ടോ' -നന്ദിത ചോദിച്ചു.

'അതാരും എടുത്തിട്ടില്ല മോളെ.. ഞങ്ങളുടെ വീടിനോട് ചേര്‍ന്നല്ലായോ. വീടിനു ചുറ്റും മരങ്ങളാ. അങ്ങനെ ഉള്ളിടത്തൊക്കെ താമസിക്കാന്‍ ഇക്കാലത്തു ആരെങ്കിലും വരുമോ? അതിയാന് ആവതുണ്ടായിരുന്നപ്പോള്‍ തൊടി മൊത്തം കൊണ്ട് നടന്നിരുന്നത് അങ്ങേരായിരുന്നു.. അതിയാന്‍ കിടപ്പിലായതോടെ വിദേശത്തുള്ള ഉടമസ്ഥര്‍ക്കും വല്യ താല്പര്യം ഇല്ലാതായി. അവരൊന്നും ഇങ്ങോട്ട് വരാന്‍ പോലും ഇഷ്ടപ്പെടുന്നില്ല മോളെ. അവിടെ അമ്മ ഉണ്ടായിരുന്നപ്പോള്‍ എന്തു ഐശ്വര്യമായിരുന്നെന്നോ. ആയമ്മയ്ക്ക് ഞങ്ങളെ വല്യ കാര്യമായിരുന്നു. എല്ലാം കഴിഞ്ഞില്ലേ, അമ്മയും പോയി.. അതിയാന്‍ കിടപ്പിലുമായി. ഇപ്പോള്‍ രണ്ടു വയറു നിറയ്ക്കാനും അതിയാന്റെ മരുന്നിനും വേണ്ടി ഞാന്‍ ഇവിടെ പണി എടുക്കുന്നു. എന്നോടും കട്ടിപ്പണി ഒന്നും എടുക്കരുതെന്നാ ഡാക്കിട്ടര്‍ പറഞ്ഞേക്കുന്നെ. അതൊക്കെ നോക്കിയിരുന്നാല്‍ കാര്യം നടക്കുമോ മോളെ.'

ഹോസ്റ്റലിലെ ഒറ്റത്തുരുത്തില്‍ നന്ദിതയ്ക്ക് ഒരാശ്വാസം ചേട്ടത്തി ആയിരുന്നു. മുറിയില്‍ ചടഞ്ഞു കൂടി ഇരിക്കുമ്പോള്‍ ചേട്ടത്തി വന്നു നിര്‍ബന്ധിച്ചു അവളെ പുറത്തോട്ടു ഇറക്കും. 'ഈ ഇരുട്ടു മുറിയില്‍ ഇരിക്കുന്നത് കൊണ്ടാണ് മോള്‍ക്ക് എല്ലാം ഇരുണ്ടു കാണുന്നെ. പുറത്തോട്ടു ഇറങ്ങി നോക്കിക്കേ, നല്ല ശുദ്ധ വായു ശ്വസിച്ചാല്‍ തന്നെ ഒരു സന്തോഷം താനേ വരും' എന്നൊക്കെ പറഞ്ഞ് ചേട്ടത്തി ജോലി ചെയ്യുമ്പോള്‍ അവളെയും അടുത്ത് ഇരുത്തും. പണ്ടത്തെ ഓരോ കാര്യങ്ങള്‍ പറയും, വീട്ടിലെ പൂച്ചയുടെയും കോഴിയുടെയും വരെ വിശേഷങ്ങള്‍. 

പറഞ്ഞറിയിക്കാന്‍ ആവാത്ത ഒരു സ്‌നേഹം നന്ദിതയ്ക്ക് ചേട്ടത്തിയോട് ഉണ്ടായിരുന്നു. ചേട്ടത്തിയ്ക്കു പണ്ട് മുതലേ ഹാര്‍ട്ടിനു പ്രശ്‌നം ഉണ്ടായിരുന്നു. മക്കള്‍ ഇല്ലായിരുന്നെങ്കിലും അപ്പച്ചന്‍ ചേട്ടത്തിയെ ഒരു കുട്ടിയെ പോലെയാണ് കൊണ്ട് നടന്നിരുന്നത്. അപ്പച്ചന്‍ ഒരു വശം തളര്‍ന്നു കിടപ്പായതോടെ ചേട്ടത്തിയുടെ കഷ്ടകാലവും തുടങ്ങി.

അടുത്ത ദിവസം ഓഫീസില്‍ നിന്നു വന്ന ഉടനെ നന്ദിത ചേട്ടത്തിയുടെ വീട്ടിലോട്ടു ചെന്നു. ചേട്ടത്തി പറഞ്ഞ വീട് വെറുതെ കാണാമല്ലോ, കൂടെ ചേട്ടത്തിയുടെ സ്വന്തം അതിയാനെയും ഒന്ന് കാണാമല്ലോ എന്നവള്‍ കരുതി. 

നന്ദിതയെ കണ്ടതേ ചേട്ടത്തി സന്തോഷത്തോടെ ഓടി വന്നു അവളുടെ കൈ പിടിച്ചു അപ്പച്ചന്റെ അടുത്തോട്ടു കൊണ്ട് പോയി. ക്ഷീണിച്ചു മെലിഞ്ഞ ഒരു രൂപം ആയി അപ്പച്ചന്‍ ഒരു മുറിയില്‍ കിടപ്പുണ്ടായിരുന്നു എങ്കിലും ആ കണ്ണുകളില്‍ ചേട്ടത്തിയോടുള്ള സ്‌നേഹം നിറഞ്ഞു നില്‍ക്കുന്നതായി നന്ദിതയ്ക്ക് തോന്നി. പാവങ്ങള്‍, വയസ്സുകാലത്തു ജീവിക്കാന്‍, ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി കഷ്ടപ്പെടുന്നവര്‍. ഒരു പക്ഷെ ഇവരുടെ പരസ്പര സ്നേഹം ആയിരിക്കും ഇത്രയും കഷ്ടപ്പാടിനിടയ്ക്കും അവരുടെ ജീവന്‍ നിലനിര്‍ത്തി കൊണ്ടുപോകുന്നത് എന്ന് അവള്‍ക്ക് തോന്നി.

അപ്പച്ചനു സംസാരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കിലും അവളോട് വിശേഷങ്ങള്‍ എല്ലാം ചോദിച്ചു. ചിരപരിചിതരെ പോലെ തോന്നിച്ചു രണ്ടു പേരും.

'ഈ വയ്യായ്ക ഒന്നും സാരമില്ല മോളെ.. അവള്‍ ഉണ്ടല്ലോ കൂടെ.. പക്ഷേ അവള്‍ക്കു കഷ്ടപ്പാടായല്ലോ എന്നോര്‍ക്കുമ്പോഴാ...ഞാന്‍ പോയി കഴിഞ്ഞാല്‍ അവള്‍ തനിച്ചാകുമല്ലോ എന്നോര്‍ക്കുമ്പോഴാ ദണ്ണം.. അങ്ങേ ലോകം, ഇനിയൊരു ജന്മം അങ്ങനെ ഒന്നുമില്ല മോളെ.. ജീവിക്കാന്‍ ഉള്ളത് ഇവിടെ ജീവിച്ചു തീര്‍ത്തിട്ട് പോണം.. സ്‌നേഹിക്കാന്‍ അടുത്ത ജന്മത്തിലോട്ട് ബാക്കി വെച്ചിട്ട് ഒരു കാര്യവുമില്ല'-കോടിയ വായിലൂടെ കേട്ട ശക്തമായ വാക്കുകള്‍ നന്ദിതയെ ഞെട്ടിച്ചു. ഇത്ര സാധാരണക്കാരായ ഇവര്‍ ആണല്ലോ ജീവിതത്തെ ഇത്ര നന്നായി മനസ്സിലാക്കിയത് എന്നോര്‍ത്തു അവള്‍ അദ്ഭുതപ്പെട്ടു.

അപ്പച്ചനോട് യാത്ര പറഞ്ഞു ചേട്ടത്തിയെയും കൂട്ടി അവള്‍ വീട് കാണാന്‍ ഇറങ്ങി. റോഡില്‍ നിന്നു എട്ടു പത്തു പടവുകള്‍ കയറി വേണം വീട്ടിലെത്താന്‍. മുറ്റത്തേയ്ക്ക് കയറിയ അവളുടെ കണ്ണില്‍ ആദ്യം വന്നത് ഒരു വശത്തു നില്‍ക്കുന്ന ഗന്ധരാജന്‍ മരമാണ്.. അതിനടുത്ത് തന്നെ  ഊഞ്ഞാല് പോലെ ശിഖരങ്ങളുമായി ഒരു പേര മരം.. അവള്‍ മനസ്സില്‍ സങ്കല്പിച്ചു കൂട്ടിയ കാര്യങ്ങള്‍ കൊണ്ട് ആരോ നിര്‍മിച്ച വീട് പോലെ തോന്നപ്പെട്ടു എല്ലാം. ആത്തമരവും  പ്ലാവ് മുത്തശ്ശിയും എല്ലാം അവളെ കാത്തിരിക്കുന്നത് പോലെ അവളുടെ വിശേഷങ്ങള്‍ക്ക് കാതോര്‍ത്തിരിക്കുവായിരുന്നു ഇത്രയും നാള്‍ എന്ന് പോലെ അവള്‍ക്കു തോന്നി. നീളന്‍ വരാന്തയിലൂടെ അവള്‍ അത്യുത്സാഹത്തോടെ വീട് മുഴുവന്‍ ഓടി നടന്നു കണ്ടു. കിടപ്പുമുറിയുടെ ജനാലകള്‍ തുറന്നപ്പോള്‍ തൊട്ടടുത്തുള്ള മുല്ല മരത്തിന്റെ കമ്പുകളും അവയിലെ പൂക്കളും അവളെ കാണാന്‍ തിക്കി തിരക്കി അകത്തേക്ക് വന്നു..

ചേട്ടത്തിയുടെ കയ്യില്‍ നിന്നും വീട്ടുടമസ്ഥന്റെ നമ്പര്‍ മേടിച്ചു അപ്പോള്‍ തന്നെ വിളിച്ചു കാര്യങ്ങള്‍ എല്ലാം ശരിയാക്കി. നാളെ തന്നെ ഇങ്ങോട്ടു മാറാന്‍ അവള്‍ തീരുമാനിച്ചു. ഇത്രയും നാള്‍ തന്നെ കാത്തിരുന്ന ഈ മരങ്ങളെയും തൊടിയേയും ഇനിയും കാത്തിരിപ്പിക്കുന്നത് ശരിയല്ലെന്ന് സന്തോഷത്തോടെ അവള്‍ ഓര്‍ത്തു.

'നാളെ രാവിലെ തന്നെ വന്നു ഞാന്‍ ഇവിടെ എല്ലാം അടിച്ചു തൂത്തു വൃത്തിയാക്കിയിടാം മോളെ'

'ചേട്ടത്തി അപ്പച്ചനെയും കൂട്ടി അവിടുന്ന് സാധനങ്ങള്‍ എല്ലാം പെറുക്കി വൈകിട്ടാവുമ്പോഴേക്കും ഇങ്ങു പോരെ, നമ്മള്‍ എല്ലാവരും ഇനി ഇവിടെയാ താമസിക്കുന്നെ, എനിക്കു ഒരു അമ്മയെയും അച്ഛനെയും കിട്ടി ...ജോലിക്കൊന്നും ഇനി പോകണ്ട...ഞാന്‍ നോക്കിക്കൊള്ളാം നിങ്ങളെ'

'മോളെ...'-വിശ്വസിക്കാനാവാത്ത കണ്ണുകളോടെ ചേട്ടത്തി അവളെ നോക്കി. ഒന്നും പറയാതെ ചേട്ടത്തിയെ അമര്‍ത്തി ഒന്ന് കെട്ടി പിടിക്കുക മാത്രം ചെയ്ത് അവള്‍ ആ വീട്ടിലെ പടവുകള്‍ ഇറങ്ങി, അവളുടെ മനസ്സിനെ അലട്ടിയിരുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരവുമായി.


 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios