Malayalam Short Story : മാറാല, സൗമ്യ മുഹമ്മദ് എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സൗമ്യ മുഹമ്മദ് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
'നീ എന്താണിങ്ങനെ ജീവനില്ലാത്തവരെ പോലെ?'
അവളെ ചുറ്റിയ കൈകള്‍ മടുപ്പോടെ മാറ്റി കൊണ്ട് അയാള്‍ അവളോട് ചോദിക്കുമ്പോള്‍ ജാലകവിരികള്‍ക്കുമപ്പുറത്തെ കറുത്ത രാവിലേക്ക് നോക്കി അവള്‍ വെറുതേ കിടന്നു.
'വായ തുറന്ന് എന്തേലും ഒന്ന് മിണ്ടി കൂടെ നിനക്ക്?'
എന്ന് ചോദിച്ചു കൊണ്ട് തിരിഞ്ഞു കിടക്കുമ്പോള്‍ അയാള്‍ ഓര്‍ത്തു..
'ഇവള്‍ക്കിവിടെ എന്തിന്റെ കുറവാണ്? പണം, വീട്, മക്കള്‍, മറ്റു സൗകര്യങ്ങള്‍ അങ്ങനെ എല്ലാമുണ്ട്. ഇവള്‍ക്കും കൂടി വേണ്ടി അല്ലേ രാവും പകലും എന്നില്ലാതെ താനിങ്ങനെ കഷ്ടപ്പെടുന്നത്, അധ്വാനിക്കുന്നത്. എന്നിട്ടും ഇവളുടെ മുഖത്തിന് ഒരു തെളിച്ചവും ഇല്ല.'
രാവിലെ ഒരു കപ്പ് ചായയുടെ സമയം കഴിഞ്ഞിട്ടും കിട്ടാതിരുന്നത് കൊണ്ട് അടുക്കളയിലേക്കു ചെല്ലുമ്പോള്‍ കണ്ണെത്താ ദൂരത്തേക്ക് മിഴി നീട്ടിയിരിക്കുന്ന അവളെയാണ് അയാള്‍ കണ്ടത്.
അവളുടെ ചുമലിന് പുറകില്‍ മുഖം പൂഴ്ത്തി ആ മിഴികളെ പിന്തുടരുമ്പോള്‍ ആകാശത്തിന്റെ അതിരുകളെയാണോ അവള്‍ തിരയുന്നത് എന്നയാള്‍ ശങ്കിച്ചു.
ഉള്ളിയുടെയും നനവിന്റെയും മുഷിവിന്റെയും ചെറിയ ഗന്ധം തങ്ങി നില്‍ക്കുന്ന അടുക്കളയില്‍ കുറച്ചു മുന്നേ തിളച്ചു തൂകിയ പാലിന്റെ മണം വേറിട്ടു നിന്നു.
'നീ എന്താണ് ചിന്തിക്കുന്നത്?'.
അല്‍പം ഉച്ചത്തിലുള്ള അയാളുടെ ചോദ്യം കേട്ട് അവള്‍ തല തിരിച്ചു. പിന്നെ ഒന്നും മിണ്ടാതെ തറ തുടക്കാന്‍ തുടങ്ങി.
ശൂന്യത തളം കെട്ടിയ കണ്ണുകള്‍ക്ക് താഴെ കരുവാളിപ്പ് പടര്‍ന്നിരിക്കുന്നു. എണ്ണയില്ലാതെ പാറിയ മുടി അവളുടെ മുഷിഞ്ഞ രൂപത്തിന് ആക്കം കൂട്ടി. അവളൊന്നു ചിരിച്ചിട്ട് കാലങ്ങളായി എന്നയാള്‍ക്ക് തോന്നി.
അയാള്‍ വീടാകെ നോക്കി. അതെ എല്ലായിടത്തും ഒരു താളം തെറ്റല്‍ ഉണ്ട്. അവള്‍ എല്ലാം ചെയ്യുന്നുണ്ട് പക്ഷേ ഒന്നും പൂര്‍ണ്ണമല്ല.
ഒരു മടുപ്പിന്റെ, നിരാശയുടെ മാറാല എല്ലായിടത്തും പതിഞ്ഞു കിടക്കുന്നതു പോലെ അയാള്‍ക്ക് തോന്നി. അവളുടെ കണ്ണുകളിലും മുഖത്തും അഴലിന്റെ ഇരുള്‍ ഘനം കെട്ടി നില്‍ക്കുന്നതു പോലെയുള്ള തോന്നലില്‍ അവളോട് ചേര്‍ന്നിരിക്കുമ്പോള്‍ അയാള്‍ ഓര്‍ത്തു.
ഇതിപ്പോള്‍ തുടങ്ങിയതല്ല അവള്‍ക്കീ ദേഷ്യവും മൗനവും കുറച്ചു നാളുകളായി.
തന്റെ ജോലിയുടേയും തിരക്കിന്റെയും ഇടയില്‍ താനത് ഗൗനിച്ചില്ലെന്നു മാത്രം.
വല്ലാതെ ഭാരമേറിയ ശിരസ്സും ദുര്‍ബലമായ ശരീരവും പേറിയാണ് അവള്‍ നടക്കുന്നത് എന്ന് അയാള്‍ ദൈന്യതയോടെ ഓര്‍ത്തു.
'നിനക്കെന്താണ് പറ്റിയത്. നമുക്കൊരു ഡോക്ടറെ കണ്ടാലോ?'
അവള്‍ ഒന്നും മിണ്ടിയില്ല.
വിഷാദവും ഹോര്‍മോണ്‍ വ്യതിയാനവും എല്ലാം കൂടി വല്ലാത്തൊരു മാനസിക പ്രശ്‌നത്തില്‍ അകപ്പെട്ടിരിക്കുന്ന അവള്‍ക്ക് അതിജീവനത്തിന് അയാളുടെ സഹായം അത്യാവശ്യമാണെന്ന് ഡോക്ടര്‍ പറയുമ്പോള്‍ അയാള്‍ ഓര്‍ത്തത് തന്റെ ജോലി സംബന്ധമായ തിരക്കുകളെ കുറിച്ചാണ്. ഇനിയും കിട്ടേണ്ട ഉയര്‍ച്ചകളെ കുറിച്ചും, ഒരിക്കലും അവസാനിക്കാത്ത മത്സരങ്ങളെ കുറിച്ചുമാണ്.
അയാള്‍ അവളെ നോക്കി. എത്രയോ കാലമായി തനിക്ക് വച്ചു വിളമ്പി തരുന്നവള്‍, തന്റെ മക്കളെ പ്രസവിച്ചവള്‍, തന്റെയും മറ്റുള്ളവരുടെയും ഇഷ്ടങ്ങള്‍ക്കിടയില്‍ സ്വന്തം ഇഷ്ടങ്ങള്‍ പാടേ മറന്നു പോയവള്‍. അവളാണ് ഇപ്പോള്‍ വല്ലാതെ ശൂന്യമായ കണ്ണുകളും, നിര്‍ജ്ജീവമായ മനസ്സും, ദുര്‍ബലമായ ശരീരവും ആയി തന്റെ മുന്നില്‍ ഇരിക്കുന്നത്.
ഒരു പക്ഷേ ചെറിയൊരു കരുതലും സാന്ത്വനങ്ങളും അവള്‍ക്ക് ഇപ്പോള്‍ കൊടുത്തില്ലെങ്കില്‍ ഇനിയൊരിക്കലും ആ മുഖത്ത് ഒരു ചിരി പരക്കുകയില്ലായിരിക്കും. ചിലപ്പോള്‍ വിഷാദത്തിന്റെ ചുഴിയില്‍ പെട്ട് അവള്‍ ജീവിതം തന്നെ അവസാനിപ്പിച്ചേക്കും.
ചിന്തകള്‍ക്കൊടുവില്‍ ഡോക്ടറുടെ നിര്‍ദ്ദേശം മനസ്സിലാക്കി അയാള്‍ അവളെ ചേര്‍ത്തു പിടിച്ച് പുറത്തേക്ക് ഇറങ്ങുമ്പോള്‍ അയാളുടെ കണ്ണുകളില്‍ എന്തിനോ നനവ് പടര്‍ന്നിരുന്നു.
അപ്പോള്‍ പുറത്തെ വെയിലിലേക്ക് നോക്കിയിരുന്ന അവളുടെ കണ്ണുകള്‍ തിളങ്ങുകയും, മടുപ്പിനുമപ്പുറം തെളിച്ചമുള്ള പകലുകള്‍ സ്വപ്നം കണ്ടിട്ടെന്ന പോലെ അവളുടെ ചുണ്ടില്‍ നാളുകള്‍ക്ക് ശേഷം ചെറുതായി ഒരു ചിരി തെളിയുകയും ചെയ്തു.