Malayalam Short Story : ഓര്‍മ്മവീട്, സ്‌നിഗ്ധ സന്ദീപ് എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സ്‌നിഗ്ധ സന്ദീപ് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
കിഴക്ക് വെള്ളകീറുന്നതിന് മുന്‍പേ എഴുന്നേല്‍ക്കുന്നത് അച്ഛന്റെ ശീലമാണ്. ഇനി എത്ര വൈകി കിടന്നാലും ശരി, അതിലൊരു മാറ്റവുമില്ല. വെളുപ്പിനെ നാല് അടിക്കുമ്പോഴേക്കും അച്ഛന്‍ എഴുന്നേറ്റിട്ടുണ്ടാകും. പിന്നെ കുറെ നേരം യോഗയും, വ്യായാമവും പരിശീലിക്കും. അത് തീരുമ്പോള്‍ ഏകദേശം അഞ്ച് അഞ്ചരയാകും. അച്ചുവേട്ടന് അച്ഛന്റെ ശീലങ്ങളെല്ലാം അറിയാം. വ്യായാമം കഴിഞ്ഞ് ക്ഷീണിച്ച് ചാരുകസേരയിലേക്ക് ചായുമ്പോള്‍, പിച്ചള ഗ്ലാസ്സില്‍ ചൂട് ചായയുമായി അച്ചുവേട്ടന്‍ പ്രത്യക്ഷപ്പെടും. അച്ചുവേട്ടന്‍ ഞങ്ങളുടെ വീട്ടിലെ അടുക്കളക്കാരനാണ്. അങ്ങനെ വെറും അടുക്കളക്കാരനായി അദ്ദേഹത്തെ കാണാന്‍ സാധിക്കില്ല. അച്ഛന്റെ വലം കൈയാണ്. അമ്മ മരിച്ചതില്‍ പിന്നെ അടുക്കള ഭരണം അച്ചുവേട്ടന്റെ കൈകളിലാണ്. അടുക്കള മാത്രമല്ല വീടിന്റെയും. ചായ രുചിച്ച് കൊണ്ട് അച്ഛന്‍ പുസ്തകവും, പത്രവും വായിക്കും. ഒരു ദിവസം തുടങ്ങാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം പുസ്തകമാണ് എന്നാണ് അച്ഛന്റെ കണ്ടെത്തല്‍. അതും വികെഎന്നിന്റെയും, പിജി വുഡ്ഹൗസിന്റെയും പുസ്തകങ്ങളാണ് അച്ഛന് പ്രിയം. അതിലെ തമാശകള്‍ ആദ്യമായി വായിക്കുമ്പോലെ അച്ഛന്‍ രസിച്ച് ചിരിക്കും. വാക്കുകളില്‍ പൊതിഞ്ഞ നര്‍മ്മങ്ങള്‍ ഓരോന്നായി മനസ്സിലിട്ട് നുണയും.
വായന കഴിഞ്ഞാല്‍ പിന്നെ കുളിയാണ്. വീടിന്റെ വെളിയിലാണ് കുളിമുറി. പറമ്പിന്റെ അറ്റത്ത് പ്രിയൂര്‍ മാവിന്റെ പടര്‍ന്നു പന്തലിച്ച ചില്ലകള്‍ക്ക് താഴെയാണ് അത്. കുളിമുറിയിലെ വലിയ തൊട്ടിയില്‍ ചൂട് വെള്ളം നിറച്ചിട്ടുണ്ടാകും. ആലസ്യമാര്‍ന്ന കണ്ണുകള്‍ തടവി സൂര്യന്‍ എഴുന്നേറ്റ് വരുകയായിരിക്കും. കുളികഴിഞ്ഞ് ഒരു ഒറ്റമുണ്ട് ചുറ്റി ആ അരണ്ട വെളിച്ചത്തില്‍ അച്ഛന്‍ വീട്ടിലേയ്ക്ക് പതുക്കെ നടക്കും.
ഉറച്ച കാല്‍വെപ്പോടെ ആ രൂപം വീട്ടിലേയ്ക്ക് നടന്നുകയറുമ്പോള്‍ അകായില്‍ അച്ഛന്റെ അമ്മ എഴുന്നേറ്റ് ഇരിക്കുന്നുണ്ടാകും. കാലത്ത് കാലും മുഖവും കഴുകി കഴിഞ്ഞാല്‍ പിന്നെ അമ്മൂമ്മ ആദ്യം തിരയുന്നത് മുറുക്കാന്‍ ചെല്ലമായിരിക്കും. മുറുക്കാന്‍ ചെല്ലം തുറന്ന് നല്ല വാസനയുള്ള ചുണ്ണാമ്പും, ചെറിയ കഷ്ണങ്ങളായി മുറിച്ച് വെച്ച അടക്കയും പുറത്തേടുക്കും. കൈയിലുള്ള വെറ്റില ഞെട്ടു കളഞ്ഞ് നാരുകള്‍ വിറക്കുന്ന കൈകള്‍ കൊണ്ട് ചീന്തിയെടുക്കും. ഈ മീനത്തില്‍ അമ്മൂമ്മയ്ക്ക് വയസ്സ് 85 ആകും. എന്നിട്ടും മാറ്റമില്ലാതെ തുടരുന്ന ഒരു ശീലമാണ് അത്. അവിടെ ഇരുന്ന് ചുളുവുകള്‍ വീണ ക്ഷീണിച്ച കൈകള്‍ കൊണ്ട് അരികിലുള്ള ചെറിയ ഇടിക്കല്ലില്‍ അമ്മൂമ്മ അടക്ക ചതക്കും. ഇടിക്കല്ലില്‍ ഒതുക്കിയ അടക്ക പൊടികള്‍ ചുണ്ണാമ്പും ചേര്‍ത്ത് വിറക്കുന്ന കൈകള്‍കൊണ്ട് കൊരട്ടില്‍ ഒതുക്കി വയ്ക്കും. പിന്നാലെ വെറ്റിലയും നാലായി ചുരുട്ടി വായിലേക്ക് വയ്ക്കും.
അടുത്തത് പുകയിലയാണ്. വലിയ വടത്തില്‍ നിന്ന് ഒരു പിടി പുകയില മുറിച്ചെടുത്ത് വായില്‍ ഇട്ടുകഴിയുമ്പോഴേക്കും എന്തെന്നില്ലാത്ത ഒരു സംതൃപ്തി ആ മുഖത്ത് നിഴലിക്കും. പിന്നെ മുറുക്കാനും ചവച്ച് പ്രാതലിനുള്ള കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനായി അമ്മൂമ്മ അടുക്കളയിലേയ്ക്ക് നടക്കും. ഓര്‍മ്മകള്‍ മങ്ങിതുടങ്ങിയ ആ മനസ്സില്‍ എന്നാല്‍ മകനെയും കൊച്ചുമകളെയും കുറിച്ചുള്ള ആധിയാണ് എപ്പോഴും. തന്റെ കാലം കഴിഞ്ഞാല്‍ അമ്മയില്ലാത്ത കുഞ്ഞിനെയും കൊണ്ട് മകന്‍ എന്ത് ചെയ്യുമെന്നുള്ള ആശങ്കയായിരിക്കാം ആ കണ്ണുകളില്‍ ഇടക്കിടെ കണ്ണുനീരായി പൊടിയുന്നത്. പൂജാമുറിയില്‍ നിന്ന് ചന്ദനത്തിരിയുടെ മനംമയക്കും ഗന്ധം വീടാകെ പരക്കും. അച്ഛന്റെ പ്രാര്‍ത്ഥന ചില ദിവസങ്ങളില്‍ മുക്കാല്‍ മണിക്കൂര്‍ വരെ നീളും. അച്ഛന്‍ എന്തായിരിക്കും ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുണ്ടാവുക? അച്ഛന്റെ മോള്‍ക്ക് നല്ലത് വരുത്തണേ എന്നാണോ? പ്രാര്‍ത്ഥിച്ച് കഴിഞ്ഞാല്‍ പിന്നെ കുറച്ച് നേരം അച്ഛന്‍ ഉമ്മറത്ത് വന്നിരിക്കും. കുട്ടി എഴുന്നേറ്റ് ചെല്ലുന്നതും കാത്തുള്ള ഇരുപ്പായിരിക്കും അത്. കുട്ടിയെ കാണാതെ ഒരു ദിവസം പോലും അച്ഛന്‍ ഓഫീസില്‍ പോകാറില്ല. അതുകൊണ്ട് തന്നെ എഴുന്നേറ്റ് പല്ലുതേച്ച് നേരെ താഴെച്ചെല്ലും. പടിയില്‍ പാദസ്വര കിലുക്കം കേള്‍ക്കുമ്പോഴേ അച്ഛന്‍ ഉറക്കെ ചോദിക്കും,' എന്റെ കൊച്ചമ്മിണികുട്ടി എഴുന്നേറ്റോ!' അത് കേള്‍ക്കുമ്പോള്‍ ചിരിച്ച് കൊണ്ട് പടിയിറങ്ങി കുട്ടി അച്ഛന്റെ അടുക്കല്‍ ചെല്ലും. ചാരുകസേരയില്‍ ഇരിക്കുന്ന അച്ഛന്റെ മടിയില്‍ കയറി നെഞ്ചിലേക്ക് ചായും.
പിന്നെ അച്ഛന്റെയും കുട്ടിയുടെയും മാത്രമായ ലോകമായിരിക്കും. കഥകള്‍ പറഞ്ഞും, കവിതകള്‍ പാടിയും അച്ഛന്‍ കുട്ടിയെ പുതിയൊരു ദിനത്തിലേക്ക് ആനയിക്കും. അപ്പോഴേക്കും ഒരു കപ്പ് കാപ്പിയുമായി അച്ചുവേട്ടന്‍ എത്തും. അച്ഛന്‍ കുട്ടിയുടെ നെറ്റിയില്‍ ഒരു ഉമ്മ നല്‍കി ഓഫീസിലേയ്ക്ക് പോകാന്‍ എഴുന്നേല്‍ക്കും. അച്ഛന്‍ പടികടന്നു പോകുന്നതും നോക്കി, ഉമ്മറപ്പടിയില്‍ കാപ്പിയും ഊതികുടിച്ച് കുട്ടി ഇരിക്കും. അച്ഛനില്ലാത്ത ചില നേരങ്ങളില്‍ ആ വീട്ടില്‍ ഒറ്റക്കായ പോലെ തോന്നും, കുട്ടിക്ക്. അപ്പോഴെല്ലാം കുളക്കടവിലേയ്ക്ക് ഓടും.
വെള്ളം എന്നും കുട്ടിക്ക് വല്ലാത്തൊരു കൗതുകമായിരുന്നു. കുളിമുറിയുണ്ടെങ്കിലും കുളത്തില്‍ കുളിക്കാനാണ് ഇഷ്ടം. തെളിനീരുപോലുള്ള വെള്ളത്തില്‍ ഊളിയിട്ടിറങ്ങുമ്പോള്‍ മറ്റൊരു ലോകത്തെത്തിപ്പെട്ടപോലെ തോന്നും. ദീര്‍ഘചതുരാകൃതിയുള്ള കുളത്തിന് കരിങ്കല്‍ പടവുകളാണ്. നല്ല ഇളം നീല നിറമുള്ള വെള്ളത്തില്‍ കണ്ണാടി പോലെ തെളിയുന്ന അടിത്തട്ട് നോക്കി ചിലപ്പോള്‍ മണിക്കൂറുകളോളം കുട്ടി ഇരിക്കും. കുളത്തില്‍ കുറെ അന്തേവാസികളുമുണ്ട് കൂട്ടിന്. അച്ഛന്‍ ഇവിടേയ്ക്ക് താമസമാക്കിയപ്പോള്‍ വാങ്ങിയ ഒരു ആമ, ആളുകളുടെ ഒച്ചകേട്ടാല്‍ ധൃതിപ്പെട്ട് പൊത്തിലൊളിക്കുന്ന നീര്‍ക്കോലി, പിന്നെ ആരോടും അനുവാദം ചോദിക്കാതെ അവിടെ കയറി താമസമാക്കിയ കുറെ പരല്‍ മീനുകളും. ആരുമില്ലാത്ത തക്കത്തിന് അവരെല്ലാം അടുത്തെത്തും. മീനുകള്‍ കാലില്‍ കൊതി ഇക്കിളിയിടും. ആമ പതുക്കെ കരയില്‍ കയറി കുട്ടിയുടെ അരികില്‍ ഇരിപ്പുറപ്പിക്കും. നീര്‍ക്കോലി പൊത്തിന് വെളിയിലേക്ക് തലനീട്ടും.
കുളത്തിന് മുകളിലേയ്ക്ക് ചാഞ്ഞു നില്‍ക്കുന്ന പേരമേല്‍ വന്നിരുന്ന് കിളികളും കുശലം പറയും. തണുത്ത വെള്ളത്തില്‍ കാലുകള്‍ ഇളക്കി കൊണ്ട് കുട്ടി അവരോട് കിന്നാരം പറയും. എന്നാല്‍ മഴക്കാലമായാല്‍ പിന്നെ കടവത്ത് ഉത്സവപ്രതീതിയാണ്. കുളത്തിലെ വെള്ളം നിറഞ്ഞ് കവിയും. പടവിന്റെ അറ്റം വരെ വെള്ളം കയറും. പിന്നെ കുട്ടിയും സുഹൃത്തുക്കളും വെള്ളത്തിലായിരിക്കും കളി. കുളത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന കുളിമുറിയ്ക്ക് ഏകദേശം ഒരു നിലയുടെ ഉയരമുണ്ടാകും. അതിന് മുകളിലാണ് വെള്ളം സംഭരിക്കുന്ന ടാങ്ക്. അതില്‍ കയറി നിന്ന് വെള്ളത്തിലേക്ക് എടുത്ത് കുട്ടിയും കൂട്ടുകാരും ചാടും. ആരാണ് ആദ്യം ഊളിയിട്ട് മുകളില്‍ എത്തുന്നതെന്നാണ് മത്സരം.
കുട്ടിയാട്ടിലെ ജാനകിയായിരിക്കും മിക്കപ്പോഴും ജയിക്കുക. വെള്ളത്തില്‍ വന്ന് പതിക്കുന്ന മഴത്തുള്ളികള്‍ പോലെ സമയത്തെ കുറിച്ചുള്ള ബോധവും പതിയെ മറയും. ഉച്ചവരെ ആ കളി തുടരും. ഉച്ചയാവുമ്പോഴേക്കും അച്ചുവേട്ടന്‍ വിളി തുടങ്ങും. വാഴയിലയില്‍ നല്ല ചൂട് ചോറും മാമ്പഴ പുളിശ്ശേരിയും, പപ്പടവും കൂട്ടിയുള്ള ഊണ് ഓര്‍ക്കുമ്പോഴേ വായില്‍ വെള്ളം ഊറും. കണ്ണിമാങ്ങാ അച്ചാറും കൂടിയുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. ആര്‍ത്തിയോടെ ഊണ് വാരിവലിച്ചുണ്ട് പിന്നെയും കളിയ്ക്കാന്‍ പോകും. ചിലപ്പോള്‍ സൈക്കിളും എടുത്ത് പാടത്തേക്ക് ഒറ്റ പോക്കാണ്. വൈകീട്ട് ചായയും, പലഹാരവും ഒന്നുമില്ല. പകരം മാവില്‍ കയറി മാങ്ങ പറിച്ചും, നിലത്തു വീണു കിടക്കുന്ന ലൂപിക്ക കടിച്ചും, പേരക്ക തിന്നും വിശപ്പടക്കും.
എന്നാല്‍ കുട്ടി ഇങ്ങനെ മരത്തില്‍ കയറുന്നതും, നാടുമുഴുവന്‍ കറങ്ങി നടക്കുന്നതും ഒന്നും അമ്മൂമ്മയ്ക്ക് ഇഷ്ടമല്ല. 'പെണ്‍ കുട്യോള്‍ ഇങ്ങനെ നാട് ചുറ്റി മരത്തിലും കയറി നടക്ക്യേ? നാണക്കേട്. എങ്ങനെയാ, എല്ലാത്തിനും അവനെ പറഞ്ഞാല്‍ മതീലോ. എല്ലാത്തിനും അവനാണ് വളം വച്ച് കൊടുക്കണേ. ഇങ്ങനെയുണ്ടോ ഒരു അച്ഛനും മകളും,' അമ്മൂമ്മ പിറുപിറുക്കും.
വൈകിട്ട് വിളക്ക് കൊളുത്താന്‍ സമയമാവുമ്പോഴേക്കും വീട്ടില്‍ കയറണമെന്ന ഒറ്റ നിബന്ധന മാത്രമേ അച്ഛനുള്ളൂ. അച്ഛന് കുട്ടിയായിരുന്നു ലോകം. ആ സ്‌നേഹ സൂര്യന്റെ വെളിച്ചമേറ്റ് അവള്‍ പടര്‍ന്നു പന്തലിച്ചു. എത്ര തിരക്കുണ്ടെങ്കിലും രാത്രി എട്ട് മണിക്ക് അച്ഛന്‍ വീട്ടില്‍ എത്തുമായിരുന്നു. വീടിന്റെ അടുത്തായിരുന്നു ഓഫീസ് എന്നത് അച്ഛന് വളരെ സൗകര്യമായിരുന്നു. വന്നാല്‍ ഉടനെ കുളിച്ച് അരികില്‍ വന്ന് അന്നുണ്ടായ വിശേഷങ്ങള്‍ എല്ലാം അച്ഛന്‍ വിസ്തരിച്ച് പറയും. അപ്പോള്‍ മാത്രമാണ് കുട്ടി പറയുന്നത് കേള്‍ക്കാന്‍ ആ വീട്ടില്‍ ഒരാളുണ്ടാകുന്നത്. പരാതികളും, പരിഭവങ്ങളും അന്ന് ചെയ്തു കൂടിയ വീരസ്യവും എല്ലാം അച്ഛനെ പറഞ്ഞ് കേള്‍പ്പിക്കുമായിരുന്നു. നിറഞ്ഞ വാത്സല്യത്തോടെ അച്ഛന്‍ അതെല്ലാം കേട്ടിരിക്കും. എന്നിട്ട് ഒടുവില്‍ അച്ഛന്‍ കുട്ടിയുടെ നെറ്റിയില്‍ അലിവോടെ ഉമ്മ വയ്ക്കും. എല്ലാവരും ഒരുമിച്ചിരുന്നാണ് അത്താഴം. അത് മിക്കവാറും ചോറായിരിക്കും. അച്ഛന്റെ ആദ്യത്തെ ഉരുള എന്നും കുട്ടിക്കുള്ളതാണ്.
അച്ഛന്റെ കൂടെ തന്നെയാണ് ഉറക്കവും. അമ്മയില്ലാത്ത ആ കട്ടിലില്‍ കുട്ടിയും അച്ഛനും കിടക്കും. രാത്രിയുടെ പുതപ്പിനുള്ളില്‍ ചന്ദ്രന്‍ ഒളിക്കുമ്പോള്‍, അച്ഛന്റെ നെഞ്ചില്‍ തലചായ്ച്ച് കുട്ടിയും കിടക്കും. അപ്പോള്‍ താരാട്ടായി മാറിയിരുന്നത് അച്ഛന്റെ ചുണ്ടില്‍ നിന്ന് അടര്‍ന്ന് വീഴുന്ന കവിതകളായിരുന്നു. ആ ഈരടികളില്‍ തത്തികളിച്ച് കുട്ടി മാനിന്റെയും മയിലിന്റെയും പിന്നാലെ സ്വപ്‌നത്തിലൂടെ പായും.