നിലാവിന്റെ വിരലുകള്‍, സ്‌നിഗ്ധ സന്ദീപ് എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സ്‌നിഗ്ധ സന്ദീപ് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
നിലാവില്‍ കുളിച്ച് നില്‍ക്കുന്ന ആകാശം. മുത്ത് വാരി വിതറിയ പോലെ മുറ്റത്തു കുടമുല്ല പൂത്തു നില്‍ക്കുന്നു. തണുത്ത കാറ്റില്‍ ഒഴുകി വരുന്ന ഉന്മാദ ഗന്ധം.
ജനലിലൂടെ വസുധ പുറത്തേയ്ക്ക് നോക്കി. അവളുടെ കിടപ്പുമുറിയില്‍ നിന്നാല്‍ പടിപ്പുര കാണാം. നല്ല നിലാവുള്ളത് കൊണ്ട് അരുണിന് വീടെത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ല.
എത്രയോ വര്‍ഷമായി അടഞ്ഞ് കിടക്കുന്ന വീട്ടില്‍ ആദ്യമായി മനുഷ്യന്റെ ഉച്ഛ്വാസം പതിഞ്ഞെപോലെ അപ്പോള്‍ മരച്ചീറുകള്‍ ഭയത്തോടെ ചിറകടിച്ച് പറന്നകന്നു.
പടിപ്പുരക്കപ്പുറം ഒറ്റയടി പാതയാണ്. പാതക്കിരുവശവും കണ്ണെത്താത്ത ദൂരം വയലും. രാത്രിയില്‍ നിലാവിന്റെ വിരലുകള്‍ കതിരുകളെ ചുംബിക്കുന്നു.
തെച്ചിലകാവിലെ തെയ്യാട്ടം കാണാന്‍ പോയത് ഇന്നലെയെന്ന പോലെ തോന്നുന്നു-അവള്‍ ഓര്‍ത്തു.
കടുംചായങ്ങളുടെ അകമ്പടിയോടെ നിറഞ്ഞാടുന്ന തെയ്യ കോലങ്ങള്‍ എന്നും ലഹരിയായിരുന്നു. തെയ്യങ്ങള്‍ ദൈവമായി അവതരിച്ച് കാവുണര്‍ത്തുന്നത് ഭയത്തോടെ, അതിലേറെ കൗതുകത്തോടെ നോക്കി നില്‍ക്കും.
അന്നും അത് കാണാനായിരുന്നു അച്ഛനോട് വഴക്കിട്ട് വാശിപിടിച്ച് രാത്രിയില്‍ അവള്‍ കാവിലെത്തിയത്. കൂട്ടുകാരി രജനിയാണ് ചതിച്ചത്. കൂടെവരാമെന്ന് പറഞ്ഞ അവള്‍ സമയത്തോടടുത്തപ്പോള്‍ കാലുമാറി. ഒടുവില്‍ കാണാന്‍ പോയേപറ്റൂ എന്ന വാശിയ്ക്ക് മുന്നില്‍ അച്ഛന്‍ അടിയറവ് പറഞ്ഞു. അടുത്ത വീട്ടിലെ ജാനുവേടത്തിയെ കൂടെ കൂട്ടി, കാവിലേയ്ക്ക് ഓടി അവള്‍.
പക്ഷേ അന്ന് തെയ്യാട്ടം നടന്നത് അവളുടെ മനസ്സിലായിരുന്നു. തോറ്റംപാട്ടുകളുടെ ഈണത്തിന് ചുവട് വച്ച് തെയ്യം കനലുകള്‍ വാരി വിതറുന്നതിനിടയില്‍ അവളുടെ കണ്ണുകള്‍ മറ്റെന്തിലോ ഉടക്കി.
തന്നെത്തന്നെ നോക്കി നില്‍ക്കുന്ന കടലിന്റെ ആഴമുള്ള രണ്ട് കണ്ണുകള്‍, എത്രയോ കാലമായി അറിയാമെന്ന ഭാവത്തില്‍ ചിരിതൂകുന്ന ചുണ്ടുകള്‍. എന്തുകൊണ്ടോ മറ്റൊന്നും ശ്രദ്ധിക്കാന്‍ അവള്‍ക്ക് അപ്പോള്‍ തോന്നിയില്ല. അവളുടെ മനസ്സില്‍ ഒരായിരം മിന്നല്‍ പിണറുകള്‍ പാഞ്ഞു. പിന്നെയും എത്രയോ വര്‍ഷങ്ങള്‍.
അന്ന് കൊടിയേറിയ ഉത്സവം ഇന്നും മനസ്സില്‍ നിന്ന് കൊടിയിറങ്ങിയിട്ടില്ല. പ്രണയത്തിന്റെ ആ തെയ്യ കോലം ഇന്നും അവളുടെ മനസ്സില്‍ ദൈവമായി അവതരിക്കുന്നു. വിരഹത്തിന്റെ കനലുകളില്‍ ചവിട്ടി അവള്‍ ആടി തിമിര്‍ക്കുന്നു.
നരച്ചീറുകളുടെ ശബ്ദം പെട്ടെന്ന് അവളെ ചിന്തകളില്‍ നിന്ന് ഉണര്‍ത്തി.
ദൂരെ ഒരു നിഴല്‍ കണക്കെ അരുണിനെ അവള്‍ കണ്ടു. ഒറ്റയടിപ്പാതയിലൂടെ അവന്‍ നടന്ന് വരുന്നത് കൗതുകത്തോടെ നോക്കി അവള്‍ ധൃതിപ്പെട്ട് റാന്തലും എടുത്ത് പടിയിറങ്ങി. ഗോവണിപ്പടികള്‍ മുരണ്ടു.
അരുണ്‍ വാതില്‍ക്കല്‍ എത്തിയിരുന്നു. നിലാവില്‍ ഇറയത്ത് നിശ്ശബ്ദമായി അവര്‍ ഇരുന്നു. കൊഴിഞ്ഞു പോയ ഓരോ ഋതുക്കളും അവളുടെ മുന്നില്‍ പത്തിവിടര്‍ത്തി നിന്നാടി. ഇനി ഒരിക്കലും ഇങ്ങനെ ഒരു കൂടിക്കാഴ്ച സാധ്യമാകുമെന്ന് പ്രതീക്ഷിച്ചതല്ല. മനസില്‍ വീണ്ടും കടലിളക്കം.
അരുണ്‍ അവളുടെ കണ്ണിലേക്ക് ഉറ്റു നോക്കി. അവന്‍ അസ്വസ്ഥനാണോ? വഴിക്കണ്ണുമായി കാത്തിരിക്കുന്ന ഭാര്യയായിരിക്കും ഇപ്പോള്‍ അവന്റെ മനസ്സ് നിറയെ. എന്നാല്‍ തനിക്ക് മാത്രം എന്തുകൊണ്ടാണ് ആ പദ്മവ്യൂഹത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ സാധിക്കാത്തത് എന്നവള്‍ നിരാശയോടെ ഓര്‍ത്തു.
അത് അങ്ങനെയാണ് ആരുടേയും അനുവാദത്തിന് കാത്ത്‌നില്‍ക്കാതെ, ചെടികള്‍ പൂത്തുലയും, ആറുകള്‍ നിറഞ്ഞൊഴുകും, മഴയില്‍ ഭൂമി തളിരിടും. ആരോടും അനുവാദം ചോദിക്കാതെ തന്റെ ഹൃദയത്തിലേയ്ക്ക് അത് നാള്‍ക്ക് നാള്‍ പടര്‍ന്ന് കയറുന്നു, ചിലപ്പോള്‍ തന്നോട് പോലും ചോദിക്കാതെ!
'സുഖമാണോ'- അവന്‍ ചോദിച്ചു. ശബ്ദത്തില്‍ എവിടെയോ ഒരാര്‍ദ്രതയുടെ നനവ്. ഉള്ളിലെ പ്രണയം മനസില്‍ തന്നെ കുഴിച്ച് മൂടി അവള്‍ ചിരിച്ച് കൊണ്ട് പറഞ്ഞു,' സുഖം.'
അരുണ്‍ പുറത്തേയ്ക്ക് നോക്കി തുടര്‍ന്നു, 'കഴിഞ്ഞതെല്ലാം മറക്കണം എന്നൊന്നും ഞാന്‍ പറയുന്നില്ല, പക്ഷേ ഇപ്പോള്‍ നമുക്ക് ചുറ്റും കുറെ ജീവിതങ്ങളുണ്ട്. നമ്മെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവര്‍. അവരെ മറന്ന് പോവരുത്!' അവന്‍ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അവള്‍ ഓര്‍ത്തു. ഒരുപക്ഷെ തനിക്ക് ഒരിക്കല്‍ കൂടി കാണണം എന്ന് പറഞ്ഞതുകൊണ്ടാകും.
പെട്ടെന്നാണ് സുമിത്തിന്റെ മുഖം അവളുടെ മനസിലേയ്ക്ക് തെളിഞ്ഞു വന്നത്. സ്‌നേഹനിധിയായ ഭര്‍ത്താവ്, നഗരത്തിലെ തിരക്കേറിയ ഡോക്ടര്‍, സൗമ്യമായ പ്രകൃതം. പക്ഷേ എപ്പോഴും ജീവിതത്തില്‍ തനിക്ക് കൂട്ടായി മാറാറുള്ളത് സൗഹൃദങ്ങളാണ്. രോഗികളെ വിട്ട് അദ്ദേഹത്തിന് ഒരു ജീവിതമില്ല. അതില്‍ ഒരിക്കലും ഒരു പരാതിയും തോന്നിയിട്ടുമില്ല. വിവാഹം കഴിഞ്ഞ് എട്ടു വര്‍ഷം പിന്നിട്ടിട്ടും ജീവിതത്തില്‍ യാതൊന്നും പുതുതായി സംഭവിച്ചിട്ടില്ല. ഒരുപക്ഷേ കുഞ്ഞുങ്ങള്‍ ഉണ്ടായാല്‍ എല്ലാം മാറുമെന്ന് കരുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ പ്രതീക്ഷയുമില്ല.
'നീ എന്താ ചിന്തിക്കുന്നേ'- അവന്‍ ചോദിച്ചു. 'ഇനി നമ്മള്‍ കാണുമോ! അല്ലെങ്കില്‍, വേണ്ട. നീ കുടുംബമായി സന്തോഷത്തോടെ കഴിയുന്നു എന്ന് കേള്‍ക്കാനാണ് എനിക്കിഷ്ടം. എന്നാലും എന്തിനാ നീ ഈ വീട് വില്‍ക്കുന്നത്? എനിക്ക് മനസ്സിലാകുന്നില്ല. അച്ഛന്‍ പോയാലും ഈ വീടിനോട് നിനക്കൊരു അടുപ്പമില്ലേ? നിനക്ക് ഒരുപാട് ഓര്‍മ്മകളുള്ളതല്ലെ ഇവിടം. നീ എന്നും അങ്ങനെയായിരുന്നു, unpredictable'- ചിരിച്ചു കൊണ്ട് അവന്‍ പറഞ്ഞു.
'ഇപ്പോള്‍ എനിക്ക് ഓര്‍മ്മകളെന്നാല്‍ വേദനകളും, നഷ്ടബോധവും മാത്രമാണ്. പഴയതെല്ലാം ഓര്‍ക്കുമ്പോള്‍ നെഞ്ച് പൊട്ടുന്ന പോലെ തോന്നും'- വസുധ പറഞ്ഞു.
അത് കേട്ട് അരുണ്‍ സ്തബ്ധനായി ഇരുന്നു. ഒന്നും മിണ്ടാതെ, അവളുടെ മുഖത്തേയ്ക്ക് നോക്കാന്‍ മടിച്ചെന്ന പോലെ അവന്‍ പുറത്തേയ്ക്ക് തന്നെ നോക്കി ഇരുന്നു. ആ കണ്ണില്‍ പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന ഒരാകാശം അവള്‍ കണ്ടു. ഒരിക്കലും പറയരുതെന്ന് കരുതിയതാണ്, പക്ഷേ അറിയാതെ മനസ്സ് നിയന്ത്രണം വിട്ടു പോയി. അവന്‍ കുറെ നേരം ഒന്നും മിണ്ടാതെ അവിടെ തന്നെ ഇരുന്നു. പിന്നെ പെട്ടെന്ന് എഴുന്നേറ്റ് നടന്നകന്നു.
അവന്റെ രൂപം ഒരു നിഴല്‍ കണക്കെ പടിപ്പുര കടന്ന് പോകുന്നത് അവള്‍ നോക്കി നിന്നു. മേശയിലിരുന്ന റാന്തലിടുക്കാന്‍ കുനിഞ്ഞപ്പോള്‍ എന്തോ ഒരു ഒന്ന് മേശപ്പുറത്ത് കണ്ടു. അരുണ്‍ എന്തേലും മറന്ന് വച്ചിരിക്കാമെന്ന് കരുതി അവള്‍ പൊതിയഴിച്ചു. ഒരു ചെപ്പ്. കൗതുകത്തോടെ അത് തുറന്നപ്പോള്‍ മഞ്ചാടിമണികള്‍. പണ്ട് ഇത് വേണമെന്ന് പറഞ്ഞ് താന്‍ ഒരുപാട് നടന്നിട്ടുള്ളത് അവള്‍ ഓര്‍ത്തു.
അവള്‍ അത് ചേര്‍ത്ത് പിടിച്ചു. അതിന്റെ രക്തവര്‍ണ്ണം അവളുടെ കവിളുകളെ ചുവപ്പിച്ചു.
നമുക്കൊരുമിച്ച് ഇനിയൊരു വേനലും, വര്‍ഷവും ഉണ്ടാകില്ലെങ്കിലും, ഓരോ ഋതുഭേദത്തിലും എന്റെ പ്രണയം നിന്റെ പടിവാതില്‍ക്കല്‍ എത്തും, നിന്റെ ഓര്‍മ്മകളെ തഴുകി ഉണര്‍ത്താന്‍. ആരും കാണാതെ സൂക്ഷിച്ച മഞ്ചാടി മണികള്‍ അന്ന് നിന്റെ ആകാശം ചുവപ്പിക്കും.