Malayalam Short Story : ഇരുള്‍ വണ്ടിയില്‍, അരികില്‍ ഒരു യുവതി, ചുറ്റും പെരുമഴ...

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സ്മിത്ത് അന്തിക്കാട് എഴുതിയ ചെറുകഥ

chilla malayalam short story by Smith Anthikkad

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam short story by Smith Anthikkad

 

മഴയുടെയും ഇരുളിന്റെയും തെരുവില്‍ എന്നെ തനിച്ചാക്കി അതുവരെ എന്നെ ചുമന്നത്തിയ വണ്ടിയകന്നപ്പോഴാണ് രാത്രിയുടെയും ഏകാകിതയുടെയും പിറകില്‍ നിന്നും മഴയുടെ തിരശീലക്കുള്ളിലൂടെ വടക്കുംനാഥന്റെ തൃക്കണ്ണു പോലെ ഒരൊറ്റ കണ്ണ് തെളിയുന്നത് ഞാന്‍ അറിഞ്ഞത്. കാറ്റില്‍ പാറുന്ന ചിറകൊതുക്കി ഓട്ടോ റിക്ഷ എന്റെയരികില്‍ കിതപ്പടക്കി നിന്നു. ഇതുവരെയും പിറകിലെങ്ങോ ആതിരയും കാത്തു കിടക്കുകയായിരുന്നിരിക്കാം.

നാമറിയാതെ എപ്പോഴും നമ്മള്‍ ആരുടെയൊക്കെയോ നിരീക്ഷണങ്ങളില്‍ ആണെന്ന രഘു സാറിന്റെ ഉത്കണ്ഠയെ ആവശ്യമില്ലാതെ ഒരുപാട് തര്‍ക്കങ്ങളില്‍ കുരുക്കിയ ഇന്നലത്തെ ചര്‍ച്ചയെ കുറിച്ചോര്‍ത്ത് എനിക്കപ്പോള്‍ ഖേദം തോന്നാതിരുന്നില്ല. രഘു സാറിനെ ആരാധനയോടെ ഉറ്റു നോക്കിയിരിക്കുന്ന അനുവിനെ കണ്ടപ്പോഴാണ് അറിയാതെ ഒരീര്‍ഷ്യയില്‍ മാഷേ എതിര്‍ത്തത്. തന്റെ ഒപ്പവും ആളുകള്‍ കൂടിയപ്പോള്‍ ചര്‍ച്ച ചൂടേറിയ വാഗ്വാദമായി. അനസൂയ ആരുടേയും പക്ഷം ചേരാതെ നില്‍ക്കായിരുന്നു. അടുത്ത് ചെന്നപ്പോള്‍ അവളേറെ കലഹിച്ചു. നിന്റെ ചിരി നിന്നെപ്പോലെ പാതി വിശുദ്ധവും പാതി കാപട്യം നിറഞ്ഞതാണെന്നും അവളേറെ കുറ്റപ്പെടുത്തി. അപ്പോള്‍ ആരോടെന്നില്ലാതെ ദേഷ്യം തോന്നി. യാത്രയില്‍ മുഴുവനും അവള്‍ മിണ്ടാതിരുന്നു. അവളുടെ യാത്രയുടെ വിരാമങ്ങളില്‍ എത്തുംവരെയും.

'അന്തിക്കാട്ടേക്കല്ലെ...'

കാറ്റില്‍ വിടര്‍ന്നൊട്ടുന്ന ചിറകൊതുക്കി ഓട്ടോ ഡ്രൈവര്‍ തല പുറത്തേക്കിട്ടു. അയാളുടെ ചോദ്യമെന്നെ വിസ്മയപ്പെടുത്താതിരുന്നില്ല.

പിന്നെ ചെറുപ്പക്കാരനോടുള്ള എന്റെ അന്വേഷണങ്ങള്‍ അയാളും കേട്ടിരിക്കാമെന്നു ഞാന്‍ ഊഹിച്ചു. ഞാനയാളെ ഉറ്റു നോക്കി. പരിചയത്തിന്റ ഒരു ചിഹ്നം ഞാനയാളില്‍ പ്രതീക്ഷിച്ചു. അയാളാകട്ടെ ഇത്ര നേരവും എന്നെയിവിടെ കാത്തുകിടക്കുകയായിരുന്നെന്ന  മടുപ്പ് നിറഞ്ഞ ഒരു നോട്ടം കൊണ്ട് എന്നെ എതിരിട്ടു. പിന്നെയും ചോദ്യമാവര്‍ത്തിച്ചു. അയാള്‍ പറഞ്ഞത് വളരെ കൂടിയ ഒരു തുകയായിരുന്നില്ല. കാര്യമില്ലെന്ന് തോന്നിയിട്ടും ഞാന്‍ അയാളോട് ഒന്ന് തര്‍ക്കിച്ചു നോക്കുകയും ചെയ്തു. വഴിയില്‍ നിന്നും ആരെയെങ്കിലും കിട്ടുകയാണെങ്കില്‍ സാറിന് അസൗകര്യമൊന്നും ഉണ്ടാവില്ലല്ലോയെന്നൊരു നിര്‍ദ്ദേശം അയാള്‍ അപ്പോഴാണ് പറഞ്ഞത്. ഞാനതിന് വ്യക്തമായൊരു മറുപടിയും നല്‍കിയില്ല.എന്നാല്‍ അപരിചിതരെ കയറ്റുവാന്‍ സമ്മതിക്കുകയില്ലെന്നു അപ്പോഴേ ഞാനുള്ളില്‍ തീരുമാനിച്ചിരുന്നു. അയാളാകട്ടെ പിന്നീടൊന്നും പറയുവാന്‍ നില്‍ക്കാതെ തല ഉള്ളിലേക്ക് വലിക്കുകയും വണ്ടി ഇരമ്പിപ്പിച്ചു
എന്നൊടുള്ള മറുപടി പ്രതീക്ഷയ്ക്കുകയും ചെയ്തു.

അല്പമൊന്നാടങ്ങി നിന്നിരുന്ന മഴ പിന്നെയും രൗദ്ര താളങ്ങളില്‍ പെയ്തു നിറയാന്‍ തുടങ്ങിയിരുന്നു. പേ പിടിച്ച കാറ്റും മഴയും രാത്രിയുടെ മദ്ധ്യ യാമവും. ഞാന്‍ അയാള്‍ക്കൊപ്പം പോകാന്‍ തീരുമാനിച്ചു.

വണ്ടിക്കുള്ളില്‍ അനസൂയ പിന്നെയും മൗനിയായിരുന്നു. മുന്‍പിലെ സീറ്റിന്റെ സൈഡ് ഷീറ്റിന്റെ വിടവിലൂടെ തണുത്ത കാറ്റടിച്ചിരുന്നു. കാറ്റില്‍ അവളുടെ മുടിയിഴകള്‍ മുഖത്തു പാറിക്കളിച്ചു. അവയുടെ സൗമ്യ ഗന്ധമേറ്റിരിക്കെ അവളെന്നെ വിളിച്ചു. വണ്ടിക്കുള്ളിലെ മങ്ങിയ വെളിച്ചത്തിലും അവളുടെ കണ്ണുകളില്‍ ഗൗരവം മുറ്റി നില്‍ക്കുന്നത് ഞാന്‍ കണ്ടു. നീ എന്തിനാണെപ്പോഴും രഘു സാറിന്റെ എതിര്‍ക്കുന്നത്.അവളുടെ ചോദ്യപോരുളെനിക്ക് മനസ്സിലാതെയില്ല. അതൊരു തമാശയല്ലേ എന്ന എന്റെ മറുപടി അവള്‍ക്ക് ബോധിച്ചില്ലെന്നു തോന്നി,അവളുടെ ഭാവം കണ്ടപ്പോള്‍.

അവളൊന്നും പറയാതെ പുറത്തേക്ക് നോക്കിയിരുന്നു.

പിറകിലേക്കോടി മറയുന്ന വെളിച്ചപ്പൊട്ടുകളുടെ നേര്‍മയേറിയ ഇരുളില്‍, ഞാന്‍ വണ്ടിക്കുള്ളില്‍ ഒരു  ഗര്‍ഭപാത്രത്തിലെന്ന പോലെ ചുരുണ്ടിരുന്നു. ഡ്രൈവര്‍ തിരിഞ്ഞു നോക്കാതെ മിണ്ടാതെ വണ്ടിയുടെ നേര്‍ വഴികളില്‍ മാത്രം ശ്രദ്ധാലുവായിരുന്നു. വണ്ടിയുടെ റെക്‌സിനു മീതെ മഴ ഭ്രാന്തമായ താളങ്ങളുണര്‍ത്തുന്ന സങ്കീര്‍ത്തനമായി പെരുകുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. കഴിഞ്ഞ രാത്രികളിലെ ഉറക്കമില്ലായ്മയും പിന്നിട്ട നീണ്ട യാത്രയുടെ തളര്‍ച്ചയും ആലസ്യവും എന്നെ ഉറക്കത്തിന്റെ താഴ്വാരങ്ങളിലേക് എത്തിച്ചു. വണ്ടി ഉരഞ്ഞു നില്‍ക്കുന്ന സീല്‍കാരങ്ങളിലേക്കാണ് ഞാന്‍ പിന്നെയുണര്‍ന്നത്

എന്തേയെന്ന എന്റെ ഉത്കണ്ഠയ്ക്ക് ഡ്രൈവര്‍ മറുപടിയൊന്നും പറഞ്ഞില്ല. അയാള്‍ പുറത്തേയ്ക്ക് തലയിട്ട് ഇരുളിനോടെന്നോണം ഒച്ചകുറച്ചു സംസാരിക്കായിരുന്നു.

വണ്ടി നഗരാതിര്‍ത്തിയും കടന്ന് ഒരുപാട് പോന്നിരിക്കണം. പാത ഇരുളാര്‍ന്നതും വിജനവുമായിരുന്നു. ദൂരെയൊരു വിളക്ക് കാലിന്റെ ഒറ്റക്കണ്ണു മാത്രം.

ഇലത്തലപ്പുകള്‍ ഉലച്ചു പോകുന്ന കാറ്റില്‍ ഞാന്‍ ആരുടേയും മറുപടിയൊച്ചകള്‍ കേട്ടില്ല. ഞാന്‍ ഒരു മുരടനക്കലില്‍  എന്റെ അക്ഷമയെ ഡ്രൈവറോട് സൂചിപ്പിച്ചു. അപ്പോള്‍ അയാളെന്നെ തിരിഞ്ഞു നോക്കുകയും പിന്നെ സീറ്റില്‍ ഒരരികിലേക്ക് നീങ്ങിയിരിക്കാന്‍ കല്‍പിക്കുകയും ചെയ്തു. എനിക്കയാളുടെ സംസാരവും അനാവശ്യമായ വിലക്ഷണമായ അടക്കിയ ചിരിയൊച്ചയും ഇഷ്ടപ്പെട്ടതേയില്ല. ഒരാളെയും ഇനി കയറ്റുവാന്‍ പറ്റില്ലെന്നും നിങ്ങളാവശ്യപ്പെട്ട ചാര്‍ജ്ജ് ഞാന്‍ തന്നു കൊള്ളാമെന്നും ഞാനയാളോട് കര്‍ശനമായി പറഞ്ഞു. അയാളപ്പോള്‍ പുറത്തേക്ക് തലയിടുകയും പിന്നെ ഇരുളിനോടെന്ന പോലെ എന്തോ പിറുപിറുക്കുകയും ചെയ്തു. ഞാന്‍ അയാളുടെ എല്ലാ ചെയ്തികളെയും അവഗണിച്ചു എന്റെ നിലപാടിന്റെ കാര്‍ക്കശ്യം വ്യക്തമാക്കി 

അപ്പോള്‍ എന്റെ സീറ്റിനരികില്‍ മഴത്തൂള്ളല്‍ അടിക്കാതിരിക്കാന്‍ നിവര്‍ത്തിയിട്ട ഷീറ്റ് ഒരു വശതേക്ക്  നീങ്ങുകയും ഒരു സ്ത്രീ രൂപം ഇരുളാര്‍ന്നു പ്രത്യക്ഷമാവുകയും ചെയ്തു.

ആ യുവതി ദൈന്യമായ സ്വരത്തില്‍ അവളുടെ നിസ്സഹായാവസ്ഥ എന്നെയറിയിക്കുകയും മഴയുടെയും കാറ്റിന്റെയും പേ പിടിച്ച ഈ രാത്രിയില്‍ വഴിയരികില്‍ തന്നെ ഉപേക്ഷിക്കരുതെന്നു എന്നോട് അപേക്ഷിക്കുകയും ചെയ്തു. അവളുടെ സ്വരത്തിലെ വേദനയില്‍ എനിക്ക് കനിവ് തോന്നിയിരുന്നു. ഞാനപ്പോള്‍ മുന്‍സീറ്റില്‍ നിന്നു മുതിര്‍ന്ന ഡ്രൈവറുടെ വിലക്ഷണമായ ആ ചിരിയൊച്ചയെ  തീരെ അവഗണിക്കുകയും സീറ്റില്‍ ഒരരുകിലേക്ക് ഒതുങ്ങിയിരിക്കുകയും ചെയ്തു.

അവളെനിക്ക് നന്ദി പറഞ്ഞു കൊണ്ട് എന്റെയരികില്‍ ഒതുങ്ങിയിരുന്നു. അവളുടെ ഉടലിന്റെ ഊഷ്മാവ് എന്റെ നെഞ്ചറിഞ്ഞു. നനഞ്ഞ ഉടലിന്റെയും, ഉടുപ്പിന്റെയും ഗന്ധമെന്നെ അസ്വാസ്ഥ്യപ്പെടുത്തി

തനിച്ചു എവിടേക്കാണീ രാത്രിയിലെന്നു ഞാനവളോട് ചോദിച്ചത് എന്റെ സ്വരത്തിനാവുന്നത്രയും മെല്ലെയായിരുന്നു. ഡ്രൈവറുടെ  ശ്രദ്ധയില്‍പെടരുതെന്നു കരുതിയിട്ട് കൂടിയായിരുന്നു ഞാന്‍ അത്രയും ശ്രദ്ധാലുവായതും. 

മുന്‍ സീറ്റില്‍ നിന്ന് അപ്പോള്‍ പൊടുന്നനെയാ ചിരിയുടെ അലകളയുരുകയും അന്തിക്കാട്ടേക്ക് തന്നെ എന്ന് മറുപടി കിട്ടുകയും ചെയ്തു.

പിറകിലെ ചലനങ്ങളോടുള്ള ഡ്രൈവറുടെ അതീവ ജാഗ്രത എന്നെ അലോസരപ്പെടുത്താതിരുന്നില്ല. പാതി തിരിഞ്ഞു പിന്നെ അയാളെന്നെ നോക്കി ചിരിച്ചു. കടന്നു പോകുന്ന വഴിവിളക്കുകളുടെ നേര്‍മയില്‍ ഞാനയാളുടെ വിലക്ഷണമായ ചിരി കണ്ടു.

അന്തിക്കാട്ടെവിടെക്കാണെന്നു പിന്നെ ഞാന്‍ ചോദിച്ചത് രണ്ടുപേരോടും കൂടിയായിരുന്നു.
പള്ളിക്കടുത്തെന്നു അതിനും മറുപടി പറഞ്ഞത് ഡ്രൈവര്‍ തന്നെയായിരുന്നു.

ഞാനപ്പോള്‍ ഇവിടെയെവിടെ നിന്നാണീ പാതിരാത്രിയിലെന്നും ആരുമില്ലാതെ തനിച്ചെന്തേയെന്നും പള്ളിക്കടുത്തു ആരുടെയരികിലേക്കാണെന്നുമുള്ള എന്റെയെല്ലാ ആകാംക്ഷകളും ഉള്ളിലടക്കുകയും ശേഷം നിശ്ശബ്ദനായിരിക്കുകയും ചെയ്തു. ചോദ്യങ്ങള്‍ക്കൊന്നിന്നും ആ യുവതി മറുപടി പറഞ്ഞില്ലെന്നതും ഒരു ചലനം കൊണ്ട് പോലും ഡ്രൈവറുടെ ഇടപെടലിനെ നിഷേധിക്കാതിരുന്നതും എന്നെ അത്ഭുതപ്പെടുത്തി.

അവള്‍ നനഞ്ഞിരിക്കാവുന്ന ബാഗും മാറോടടുക്കി ഏതോ ഓര്‍മകളുടെ പെരുമഴ കൊള്ളുകയായിരുന്നു.

എന്റെ ചോദ്യങ്ങള്‍ നിലച്ചതറിഞ്ഞപ്പോള്‍ ഡ്രൈവര്‍ മുന്നിലേക്ക് തന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി. വണ്ടി ഇരുളിന്റെ വഴിയിലൂടെ നേര്‍വഴി തേടി. വണ്ടിക്കുള്ളില്‍ അസുഖകരമായൊരു മൗനം നിറഞ്ഞു നിന്നു. ഇന്നത്തെ യാത്ര മുഴുവന്‍ മൗനത്തിന്റ ഒരു പേടകത്തിലായിരുന്നു. ക്യാമ്പിലെ സംവാദങ്ങളില്‍ എപ്പോഴും വിമതനായിരിക്കുകയെന്നതിന്റെ പരിഹാസങ്ങള്‍. കുറ്റപ്പെടുത്തലിന്റെ വിരല്‍ മുനകള്‍. എല്ലാവരെയും നേരിടുമ്പോള്‍ അനസൂയയുടെ തിളങ്ങുന്ന കണ്ണുകള്‍ മാത്രമായിരുന്നു ലക്ഷ്യം. ഒരു വിചാരത്തിലും ഉറച്ചു നില്‍ക്കാനാവാത്ത മനസ്സിന്റെ പെന്‍ഡുല ചലനങ്ങളെ അവള്‍ക്കും തിരിച്ചറിയാനായില്ലെന്ന ഖേദത്തിന്റെ പരലുകള്‍ മനസ്സില്‍ കനത്തുകിടന്നു,പിന്നെയും.

പാതയിലൊരിടത്തും വിളക്ക് കാലുകളില്ലായിരുന്നു. ഉള്‍ വെളിച്ചം കെട്ട മനസ്സ് പോലെ ഇരുളിന്റെ നിലയില്ലാ ആഴങ്ങള്‍ മാത്രം. എവിടെയെത്തിയെന്ന് എനിക്കൊരൂഹവും ഇല്ലായിരുന്നു. തടസ്സങ്ങളില്ലാതെ കാറ്റടിച്ചിരുന്നു. മഴ പിന്നെയും ഗാഢമായിത്തീര്‍ന്നിരുന്നു. 

വണ്ടി പാടങ്ങള്‍ക്ക് നടുവിലെ പാതയിലൂടെ കടന്നുപോവുകയായിരിക്കും. ഇത് ചേറ്റുപുഴയോ
പെരുമ്പുഴയോ ആയിരിക്കണം. കാറ്റിന്റെ ശക്തിയില്‍ ചിറകുവിരുത്തിയ ഷീറ്റിനടിയിലൂടെ മഴ നീണ്ട വിരല്‍ത്തുമ്പുകള്‍ നീട്ടി അവളെ തൊട്ടിരിക്കണം. അവളൊന്നുകൂടി എന്നിലേക്ക് ചേര്‍ന്നിരുന്നു. അവളുടെ ഉടല്‍ എന്നിലുരസി. മാറിടത്തിന്റെ ഊഷ്മളമായ മൃദുത്വം കൈത്തണ്ടയില്‍ പടര്‍ന്നു. അവളുടെ സാമീപ്യം എന്നില്‍ ഉരുകിത്തിളയ്ക്കാന്‍ തുടങ്ങുന്നത് ഞാനറിഞ്ഞു.

ഇത്തിരി നേരത്തെ യാത്രക്ക് ശേഷം ഞാനെന്റെ നാടിന്റെ പരിചിതഗന്ധങ്ങള്‍ അറിയാന്‍ തുടങ്ങി.  കനാലിന്റെ കയറ്റം പിന്നിട്ടപ്പോള്‍ ഡ്രൈവര്‍ വണ്ടിയുടെ വേഗത കുറച്ച് എന്നിലേക്ക് പിന്തിരിയുകയും 'സാറിനിവിടെ 
പാന്തോടിനവിടുന്നു കിഴക്കോട്ടേക്കല്ലേ' എന്ന് സംശയിക്കുകയും ചെയ്തു. 

എന്റെ യാത്രയോടും അതിന്റെ വിരാമങ്ങളോടുമുള്ള അയാളുടെ അതീവ ജാഗ്രതയും അനാവശ്യമായ ഇടപെടലുകളും  എന്നെ അസ്വസ്ഥനാക്കാതിരുന്നില്ല. എന്നാല്‍ ഞാനയാളുടെ സന്ദേഹത്തെ തീരെ അവഗണിക്കുകയും ആ പെണ്‍കുട്ടിയെ വിട്ടതിന് ശേഷം എന്നെയിവിടെ എത്തിച്ചാല്‍ മതിയെന്ന്
അയാളെ അറിയിക്കുകയും ചെയ്തു.

എനിക്കപ്പോള്‍ അയാളുടെ മുഖഭാവമെങ്ങിനെ ആയിരിക്കുമെന്നറിയാന്‍ ഒരു കൗതുകം തോന്നി. എന്നാല്‍ പിന്നിട്ട വിളക്ക്കാലിലെ വെളിച്ചത്തില്‍ നിന്നും അയാളപ്പോഴേക്കും വണ്ടി രണ്ടു വിളക്ക് കാലുകള്‍ക്കിടയിലെ ഇരുളിന്റെ നേര്‍മയേറിയ ഇടങ്ങളില്ലേക്കെത്തിച്ചിരുന്നു. വിളറിയ ഒരു ചിരിയോ ഒതുക്കിയ അമര്‍ഷത്തിന്റെ ചുളിവോ ആയിരിക്കും അയാളുടെ മുഖത്തപ്പോള്‍ ഉണ്ടായിരിക്കുകയെന്നു ഞാന്‍ ഊഹിച്ചു.

പള്ളിയിലേക്കുള്ള പാത ആകെ കുഴിഞ്ഞും പൊട്ടിയടര്‍ന്നും ദൈവത്തിലേക്കുള്ള വഴി പോലെ
ദുര്‍ഘടമായിരുന്നു. വണ്ടിയുടെ ഊഞ്ഞാലായങ്ങളില്‍ അവളെന്നില്‍ പൂക്കുകയും പൊഴിയുകയും ചെയ്തു. പള്ളിക്കപ്പുറം ശ്മശാനത്തിനരികില്‍ പെണ്‍കുട്ടി പറയാതെ തന്നെ ഡ്രൈവര്‍ വണ്ടിയൊതുക്കി നിര്‍ത്തി.

പിറകിലെ വിളക്ക് കാലിന്റെ ഇരുളുകളര്‍ന്ന മഞ്ഞ വെളിച്ചത്തിലേക്ക് അവള്‍ക്കൊപ്പം ഞാനും ഇറങ്ങി ചെന്നു. മഴ അടക്കിയൊരു വിലാപം പോലെ പെയ്തുകൊണ്ടിരുന്നു.

ശ്മശാനത്തില്‍ ഇരുളുചേക്കേറിയ വൃക്ഷനിബിഢതയിലൂടെ കാറ്റ് ഓരിയിട്ടു പോയി. നിഴലും വെളിച്ചവും കുഴച്ച അവളുടെ മുഖം ബാല്യം പിന്നിടുന്നൊരു പെണ്‍കിടാവിന്റേതായിരുന്നു. അവളുടെ മുഖത്ത്
ഭയത്തിന്റേതോ ആശ്വാസത്തിന്റേതോ എന്ന് തിരിച്ചറിയാന്‍ പൊടുന്നനെ കഴിയാത്തൊരു ഭാവമുണ്ടായിരുന്നു. അവളുടെ വസ്ത്രങ്ങളൊക്കെ നനഞ്ഞും..തലമുടി അഴിഞ്ഞുലഞ്ഞുമിരുന്നു.

ബാല്യത്തിന്റെ മുഖനൈര്‍മല്യത്തിനപ്പുറം അവള്‍ക്ക് ഒരു യുവതിയുടെ സമൃദ്ധമായ ഉടലുണ്ടായിരുന്നു. നനഞ്ഞ ബാഗ് മാറോടടുക്കി നിശ്ശബ്ദം അവളെന്നെ നോക്കി നിന്നു.

ഇരുളിന്റെ ഈ ശവക്കോട്ടയില്‍ എവിടേക്കാണ് കുട്ടിക്ക് പോകേണ്ടതെന്ന എന്റെ ഉത്കണ്ഠയില്‍
തപിച്ച് അവളൊരുമാത്ര കൂടി എന്നെ ഉറ്റുനോക്കി നിന്നു. 

പിന്നെ യാത്ര പോലും പറയാതെ തുരുമ്പിച്ച ഗെയ്റ്റ് കടന്ന് നേര്‍ത്തൊരു കാറ്റ് പോലെ ശ്മശാന സ്മൃതികളുടെ ഇരുളിലേക്ക് മറഞ്ഞുപോയി. മഴ പിന്നെയും ശക്തിയാര്‍ജ്ജിക്കുന്നതും കാറ്റ് ആരുടെയോ 
നിലവിളിയൊച്ചപോലെ ഉയരുന്നതും പിന്നെ ഇലകളുടെ മര്‍മ്മരങ്ങളിലേക്ക് ചിറകറ്റു പോകുന്നതും ഞാനറിഞ്ഞതേയില്ല.

പിന്നീടെപ്പോഴോ ഡ്രൈവറെന്നെ തൊട്ടു. അയാളുടെ മുഖത്തപ്പോഴും വിലക്ഷണമായ ആ ചിരിയുണ്ടായിരുന്നു. അയാള്‍ വിളിച്ചപ്പോള്‍ ഞാനെന്റെ വിഭ്രാന്തികളില്‍ നിന്നും ഉണരുകയും തിരിച്ചുപോക്കിന്റെ സാന്ത്വനത്തിനായി വണ്ടിയില്‍ കയറുകയും ചെയ്തു. അയാളപ്പോള്‍ പിറകില്‍ നിന്നെന്നെ തൊട്ട് വിളിക്കുകയും സാറിന് ധൃതിയുണ്ടോന്ന് ചോദിക്കുകയും ചെയ്തു. അയാളുടെ ചോദ്യത്തിന്റെ ഉല്‍പിരിവുകളില്‍ അമ്പരന്നു നില്‍ക്കെ അയാള്‍ പിന്നെയും ചിരിച്ചു.

സാറൊന്നും അറിയേണ്ടെന്നും ഇവിടെ തനിക്കേറെ പരിചിതമായൊരിടമുണ്ടെന്നും ഒരു പ്രശ്‌നോം വരാതെ താന്‍ നോക്കിക്കൊള്ളാമെന്നും അയാളെന്നെ ധൈര്യപ്പെടുത്തി. അത് തന്നെയല്ല 'സാറിന് ശേഷം
സൗകര്യം പോലെ' എന്നൊരു പ്രലോഭനവും അയാളെനിക്ക്  നല്‍കി. അയാളുടെ വാക്കുകള്‍
എന്റെ മനസ്സില്‍ അതുവരെയുണ്ടായിരുന്ന കുട്ടിത്തം നിറഞ്ഞ ഒരു മുഖം മറച്ചു കളയുകയും
പകരം സമൃദ്ധമായ ഒരുടലിന്റെ പ്രലോഭനം നിറയ്ക്കുകയും ചെയ്തു. 

ഇനിയുമതിന് ഇരുളിന്റെയീ തിര മുറിച്ച് അവള്‍ തിരിച്ചുവരുമോ എന്ന എന്റെ സന്ദേഹത്തിന് മറുപടി പറയാതെ അയാള്‍ മെല്ലെ ചിരിച്ചു.അപ്പോള്‍ അയാളുടെ ചിരിക്ക് പഴയ ആ വിലക്ഷണഭാവമില്ലെന്നു
എനിക്ക് തോന്നി.

വണ്ടി മതിലിനരികില്‍ ഇരുളിലേയ്ക്ക് ചേര്‍ത്തിട്ട് ഇരുമ്പുപടിക്കപ്പുറം  ഇരുളിന്റെ ശ്മശാന സ്മൃതികളില്‍ ഒരു ചലനത്തിന്റെ ഇലയനക്കത്തിന് ഞങ്ങള്‍ കാത്തിരുന്നു.

അപ്പോള്‍ മഴ പിന്നെയും ആരുടെയോ തോരാത്ത മിഴികള്‍ പോലെ ഈറനാവുന്നതും കാറ്റ് അടക്കിപ്പിടിച്ച വിലാപം പോലെ ഉയരുന്നതും പിന്നെ ഇലകളുടെ മര്‍മ്മരങ്ങളിലേക്ക് ചിറകറ്റു പോകുന്നതും ഞങ്ങളറിഞ്ഞതേയില്ല. 

 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios