Malayalam Short Story : സാപിയോ, എസ് ജെ സുജിത് എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. എസ് ജെ സുജിത് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
''കൃഷ്ണേന്ദു: നമ്മള്‍ ഈ നിമിഷം ഇങ്ങനെയങ്ങു അവസാനിച്ചു പോയാലോ?''
ഓര്‍വിലിന്‍ കപ്പിത്താന്‍: ''ഈ ലോകം തന്നെ ഈ നിമിഷം അവസാനിച്ചുപോയാല്‍?''
ഓര്‍വിലിന്‍ കപ്പിത്താന്‍
രണ്ടായിരത്തി രണ്ടില്‍ അമേരിക്ക ഇറാഖിനുമേല്‍ ആക്രമണം നടത്താന്‍ നിര്‍ണായകമായ അവസാനഘട്ട തീരുമാനമെടുക്കുന്ന സമയത്താണ് ഓര്‍വിലിന്‍ കപ്പിത്താന്‍ സര്‍വ്വീസ് ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങുന്നത്. ഹോസ്റ്റന്‍ പോര്‍ട്ടില്‍ നിന്ന് ദുബായ് മിനാ റഷീദ് പോര്‍ട്ടിലേക്കും അവിടെ നിന്ന് കൊച്ചിയിലേക്കും രണ്ടു മാസത്തോളമുള്ള കടല്‍യാത്രയ്ക്കുശേഷം ഇന്ത്യയില്‍ കപ്പലിറങ്ങുമ്പോള്‍ ഇരുപത്തിയാറു വര്‍ഷത്തെ പ്രവാസജീവിതം അവസാനിക്കുകയായിരുന്നു. അതിനിടയില്‍ ഒരിക്കല്‍പ്പോലും നാട്ടിലേക്ക് വരാന്‍ മെനക്കെടാത്ത ഓര്‍വിലിന്‍ കപ്പിത്താനെ സ്വീകരിക്കാന്‍ ആരും ഉണ്ടായിരുന്നില്ല.
എഴുപത്തിയാറില്‍ ബോംബെയില്‍ നിന്ന് കപ്പല്‍ കയറുമ്പോള്‍ യാത്രയാക്കാന്‍ വന്ന അപ്പാപ്പന്റെ ഓര്‍മയിലേക്കാണ് കപ്പിത്താന്‍ കാലെടുത്ത് കുത്തിയത്. ജാക്സന്‍ വില്ല നേവല്‍ബേസില്‍ അപ്പാപ്പന്റെ മരണം അറിയിച്ചുകൊണ്ടുള്ള കത്ത് കിട്ടുമ്പോള്‍ കടല്‍ ജീവിതം ആറ് വര്‍ഷവും ഏഴ് മാസവും പിന്നിട്ടിരുന്നു. മരണം കഴിഞ്ഞ് മൂന്നാം മാസമായിരുന്നു കത്ത് കൈയില്‍ കിട്ടിയത്. നാട്ടിലേക്ക് പോകണമെന്നോ മറുപടി അയക്കണമെന്നോ അന്ന് തോന്നിയിരുന്നില്ല. നാടുമായുള്ള ബന്ധത്തിന്റെ അവസാനത്തെ കണ്ണിയായിരുന്നു അപ്പാപ്പന്‍.
ആറുമാസം കടലിലും ആറുമാസം കരയിലുമായിരുന്നു അപ്പാപ്പന്റെ ജീവിതം. ബ്രിട്ടീഷ് കപ്പലില്‍ കുക്ക് എന്നായിരുന്നു അപ്പാപ്പന്‍ നാട്ടില്‍ എല്ലാവരോടും പറഞ്ഞിരുന്നത്. അപ്പനെ കപ്പിത്താനാക്കണം എന്നായിരുന്നു അപ്പാപ്പന്. എന്നാല്‍ അപ്പാപ്പന്റെ ആഗ്രഹങ്ങള്‍ക്കോ അപ്പാപ്പനേയോ അപ്പന് യാതൊരു വിലയും ഉണ്ടായിരുന്നില്ല. ലീവിന് വരുമ്പോള്‍ കൊണ്ടുവരുന്ന പല രാജ്യങ്ങളിലെ മദ്യത്തിനുവേണ്ടി മാത്രം കാത്തിരിക്കുന്ന ഒരാളായി അപ്പന്‍ മാറി. അപ്പന്റെ പതിമൂന്നാം വയസ്സിലായിരുന്നു അമ്മച്ചി മരിക്കുന്നത്. അപ്പാപ്പന്‍ ആ സമയം കപ്പലിലായിരുന്നു. കടപ്പുറത്താകെ പടര്‍ന്നുപിടിച്ച ദീനത്തില്‍ മരണപ്പെട്ടവരുടെ കൂട്ടത്തില്‍ ഒരാളായിരുന്നു അമ്മച്ചിയും. അപ്പാപ്പന്‍ കടലില്‍ പോകാതെ കപ്പല്‍പ്പണിക്ക് പോയതു കൊണ്ടാണ് അമ്മച്ചി മരിച്ചത് എന്നായിരുന്നു അപ്പന്റെ ഉള്ളില്‍. അമ്മച്ചിയോടുള്ള ഇഷ്ടം ആ മനസ്സില്‍ അപ്പനോടുള്ള വിരോധമായി വളര്‍ന്നു.
അപ്പന്റെ ഇരുപതാം വയസ്സില്‍ അയല്‍പക്കത്തെ മുപ്പത്തിരണ്ടുകാരിയില്‍ പെഴച്ചുണ്ടായ സന്തതിയാണ് താന്‍ എന്ന് ഓര്‍മ്മവച്ച നാളില്‍ ഓര്‍വിലിനോട് അപ്പാപ്പന്‍ പറഞ്ഞു കൊടുത്തു. അമ്മയുടെ പേര് ആരും പറഞ്ഞിട്ടില്ല. അപ്പാപ്പനും അറിയില്ലായിരിക്കും. പെറ്റിട്ട് നാലാം ദിവസം അപ്പന്റെ മടിയില്‍ ഒരു തുണിയില്‍ പൊതിഞ്ഞ് തന്നെ ഏല്‍പ്പിച്ചശേഷം അവര്‍ കുടുംബത്തോടൊപ്പം നാടുവിട്ടു പോയത്രെ. അപ്പന്‍ മരിച്ചശേഷം അപ്പാപ്പന്‍ പറഞ്ഞ അറിവാണ്. താമസിച്ചിരുന്ന ഓലപ്പുരയ്ക്കും വള്ളത്തിനും തീ വച്ചിട്ട് ആ സ്ത്രീയെയും കൂട്ടി ഭര്‍ത്താവ് നാടുവിടുമ്പോള്‍ അപ്പനെ പങ്കായത്തിന് അടിച്ചു കൊല്ലാന്‍ ഒരു കൂട്ടര്‍ തയ്യാറായി നിന്നിരുന്നു.
'അവന്‍ ചത്താ ആ കൊച്ചിനെ ഈടത്തെ പട്ടികള് തിന്നും. ആ ശവം എന്റെ തലേല് വരണ്ട. അവന്‍ ജീവിക്കട്ട്'. എന്ന് പറഞ്ഞ് രംഗം തണുപ്പിച്ചിട്ടാണ് അയാള്‍ അവിടം വിട്ടത്.
അപ്പാപ്പന്‍ ഓര്‍വിലിനെ ആദ്യമായി കാണുമ്പോള്‍ അവന് മൂന്ന് മാസം ആകുന്നേയുണ്ടായിരുന്നുള്ളൂ. അതിന് ശേഷം അപ്പാപ്പന്‍ കപ്പലില്‍ പോയിട്ടില്ല. പകരം അപ്പന് അതേ കപ്പലില്‍ ജോലി ശരിയാക്കി കൊടുത്തു.
ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അപ്പന്‍ ലീവില്‍ വന്നത്. അപ്പാപ്പന്‍ അവിടെ കുക്ക് ആയിരുന്നില്ല എന്നും കക്കൂസുകള്‍ കഴുകുന്ന ആളായിരുന്നു എന്നും നാട്ടുകാര്‍ അറിയുന്നത് അന്നാണ്. അപ്പനെയും ആ പണിക്കുതന്നെ പറഞ്ഞു വിട്ടതിന് ആ രാത്രിയില്‍ അപ്പന്റെ വായില്‍ നിന്നും ഛര്‍ദ്ദിലിനൊപ്പം തെറികളും അപ്പാപ്പന്റെ ശരീരത്തില്‍ പതിച്ചു. അപ്പന്‍ നാട്ടിലുള്ളപ്പോഴൊക്കെ വീട്ടില്‍ ഛര്‍ദ്ദിയും തെറിയും ഒഴുകിക്കൊണ്ടിരുന്നു. അപ്പന്‍ ഉറങ്ങിയ ശേഷം രണ്ടും അപ്പാപ്പന്‍ വൃത്തിയാക്കും. കേട്ട തെറികള്‍ക്ക് പകരം അപ്പാപ്പന്‍ മറ്റേതോ ഭാഷകളില്‍ പാട്ടുകള്‍ പാടിത്തന്നു.
ലീവ് കഴിഞ്ഞ് അപ്പന്‍ തിരികെപ്പോകില്ല എന്നായിരുന്നു അപ്പാപ്പന്‍ കരുതിയിരുന്നത്. തിരികെപ്പോകേണ്ട ദിവസം രാവിലെ അപ്പന്‍ ഇരുമ്പ് പെട്ടിയുമെടുത്ത് ഇറങ്ങി. കുറച്ചു ദൂരം നടന്ന ശേഷം തിരികെ വന്ന് അപ്പാപ്പന്റെ കൈയ്യില്‍ നിന്നും തന്നെ വാങ്ങി ഉമ്മവച്ചു. അപ്പന്‍ കുറേ കരഞ്ഞു. പിന്നെ ഒന്നും മിണ്ടാതെ നടന്നു പോയി.
ഓര്‍വിലിന്റെ ഓര്‍മ്മകളിലൊന്നും തന്നെ അപ്പനുണ്ടായിരുന്നില്ല. അന്ന് പോയ അപ്പന്‍ അടുത്ത ലീവിനോ അതിനടുത്ത ലീവിനോ നാട്ടില്‍ വന്നില്ല. കപ്പല്‍ കമ്പനിയില്‍ അപ്പാപ്പന്‍ അന്വേഷിച്ചു പോയി. എട്ടു മാസങ്ങള്‍ക്കുമുമ്പ് അപ്പന്‍ ജോലി ചെയ്തിരുന്ന കപ്പല്‍ കടലില്‍ മുങ്ങി എന്ന മറുപടിയാണ് കിട്ടിയത്.
ഇന്‍ഷുറന്‍സ് ഇനത്തില്‍ കിട്ടിയ തുകയുമായി അപ്പാപ്പനും ഓര്‍വിലിനും പുതിയ സ്ഥലത്തേക്ക് താമസം മാറി.
പുതിയ സ്ഥലത്ത് അപ്പാപ്പന്‍ വീടുവച്ചു. വീടിന് കപ്പിത്താന്‍ ഹൗസ് എന്ന് പേരിട്ടു. ഓര്‍വിലിനെ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ അപ്പാപ്പന്‍ പേര് ഓര്‍വിലന്‍ കപ്പിത്താന്‍ എന്ന് നീട്ടിയെഴുതി. കപ്പിത്താന്‍ ആകണമെന്ന ആഗ്രഹം രണ്ടു പേരുകളിലൂടെ അപ്പാപ്പന്‍ അവസാനിപ്പിച്ചു. അപ്പന്റെ പേരിന്റെ സ്ഥാനത്ത് അപ്പാപ്പന്‍ സ്വന്തം പേരെഴുതി. തദേവൂസ്. അന്ന് മുതല്‍ അപ്പാപ്പന്‍ ഓര്‍വിലിന് അപ്പനായി.
അപ്പാപ്പന്‍ ഓര്‍വിലിനെ പഠിപ്പിച്ചു. ഓര്‍വിലിന്‍ അയാളെ അപ്പാപ്പനെന്നും അപ്പനെന്നും മാറി മാറി വിളിച്ചു.മെഡിസിന്‍ പഠനം കഴിഞ്ഞതും ഓര്‍വിലിന്‍ സൈക്യാട്രിയില്‍ ഉപരിപഠനം നടത്തി. വിയറ്റ്നാം യുദ്ധസമയത്ത് അമരിക്കന്‍ യുദ്ധക്കപ്പലിലെ പട്ടാളക്കാര്‍ക്ക് കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടാവുകയും പലരും വിഷാദ രോഗത്തിന് അടിമകളാവുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. പട്ടാളക്കാരില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം പെരുകി. പ്രതിവിധിയെന്നോണം വിയറ്റ്നാം യുദ്ധത്തിനുശേഷം യുദ്ധക്കപ്പലുകളില്‍ സൈക്യാട്രിസ്റ്റുകളെ നിയമിക്കാന്‍ ധാരണയായി. അതിനായി വിവിധ രാജ്യങ്ങളില്‍ നിന്നും അമേരിക്കന്‍ നാവിക സേനയിലേക്ക് സൈക്യാട്രിസ്റ്റുകളെ റിക്രൂട്ട് ചെയ്തു. ഇന്ത്യയില്‍ നിന്നും പുറപ്പെട്ട മൂന്ന് പേരില്‍ ഒരാള്‍ ഓര്‍വിലിന്‍ കപ്പിത്താനായിരുന്നു. ആയിരത്തി തൊള്ളായിരത്തി എഴുപത്തിയാറില്‍ ബോംബെ പോര്‍ട്ടില്‍ നിന്നും പാസ്പോര്‍ട്ട് പതിച്ച് ദേവൂസ് ഓര്‍വിലിന്‍ കപ്പിത്താന്‍ അപ്പാപ്പനോട് യാത്ര പറഞ്ഞ് കപ്പല്‍ കയറി.
മാര്‍ഗരീത്ത എലീന
ക്യാപ്റ്റന്‍ ഡോ. മാര്‍ഗരീത്ത എലീന എന്ന് സ്വയം പരിചയപ്പെടുത്തി അവര്‍ ഒന്ന് പുഞ്ചിരിച്ചു. തന്റെ മുന്നിലിരിക്കുന്ന ഇരുപത്തിനാലുപേരില്‍ ഏറെയും അമേരിക്കക്കാര്‍ തന്നെയെന്ന് മാര്‍ഗരീത്തക്ക് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാവുന്നതേയുണ്ടായിരുന്നുള്ളൂ. പതിമൂന്ന് പുരുഷന്‍മാരും ബാക്കി സ്ത്രീകളുമായിരുന്നു ബാച്ചില്‍ ഉണ്ടായിരുന്നത്. ട്രെയിനിംഗ് ലാബിലേക്ക് വരുമ്പോള്‍ ഓരോരുത്തരേയും കുറിച്ച് ഭാഗികമായി എങ്കിലും മനസ്സിലാക്കാന്‍ സാധിച്ചിരുന്നു. പത്തൊമ്പത് അമേരിക്കന്‍സ്, രണ്ട് പേര്‍ ഫ്രഞ്ച്, മൂന്ന് ഇന്ത്യന്‍സും ജപ്പാനില്‍ നിന്നും ഇറ്റലിയില്‍ നിന്നും ഓരോരുത്തരും.
മാര്‍ഗരീത്തയ്ക്കായിരുന്നു ബാച്ചിന്റെ ട്രയിനിംഗ് ചുമതല. വളരെ മൃദുവായി അവര്‍ ഓരോരുത്തരോടും സംസാരിച്ചു.
സാധാരണ മനുഷ്യരെ പരിഗണിക്കുന്ന തരത്തില്‍ പട്ടാളക്കാരെ പരിഗണിക്കാന്‍ കഴിയില്ല എന്നായിരുന്നു അവര്‍ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നത്. അവര്‍ ആകര്‍ഷകമായി കഥകളും കവിതകളും ചൊല്ലി. നിരവധി ഉദാഹരണങ്ങള്‍ സരസമായും ഭയാനകമായും അവതരിപ്പിച്ചു. വീക്കെന്‍ഡില്‍ ഒരു സെഷന്‍ മാത്രമാണ് തനിക്ക് അനുവദിച്ചിട്ടുള്ളത് എന്നും ബാക്കിയെല്ലാം ഫാക്കല്‍റ്റിസ് നോക്കുമെന്നും അവര്‍ പറഞ്ഞു. ഞാനാണ് ട്രയിനിംഗ് ലീഡര്‍ എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചിട്ടാണ് മാര്‍ഗരീത്ത എലീന ലാബ് വിട്ടത്.
മാര്‍ഗരീത്തയെ കാണാന്‍ വളര്‍ത്തു പന്നിയെപ്പോലെയാണ് എന്ന് അകേമി കാസു രഹസ്യമായി പറഞ്ഞു. ഓര്‍വിലിന്‍ അത് ശരിവച്ചെങ്കിലും ഇത്തരം തമാശകള്‍ വേറെ ആരോടും പറയരുത് എന്ന് ജപ്പാന്‍കാരിയെ താക്കീത് ചെയ്തു.
തടിച്ച ശരീരമായിരുന്നു മാര്‍ഗരീത്തയുടേത്. നടക്കുമ്പോള്‍ വയറും മുലകളും തുള്ളിക്കളിക്കും. തടിച്ച നിതംബം ട്രയിനിംഗ് ടീമിലുള്ളവര്‍ക്ക് അഡല്‍റ്റ് ജോക്കിനുള്ള ഒന്നായി മാറി. വീക്കെന്‍ഡുകളില്‍ മാത്രം സെഷന്‍ കൈകാര്യം ചെയ്യാന്‍ മാര്‍ഗരീത്ത വന്നു പോയി.
റിസര്‍ച്ചിന്റെയും ഡസര്‍ട്ടേഷന്റെയും ഭാഗമായി മാര്‍ഗരീത്തയുമായി ഓര്‍വിലിന് കൂടുതല്‍ സംസാരിക്കേണ്ടി വന്നു. വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ മാര്‍ഗരീത്തയുടെ വൈദഗ്ധ്യം ഓര്‍വിലിനെ അത്ഭുതപ്പെടുത്തി. കൂടുതല്‍ സമയം അവര്‍ക്കൊപ്പം ചെലവഴിക്കാന്‍ ഓര്‍വിലിന്‍ അവസരങ്ങളുണ്ടാക്കി.
ആഴ്ചകളുടെ അവസാനം നടക്കുന്ന പാര്‍ട്ടികളില്‍ മാര്‍ഗരീത്ത സ്ഥിരസാന്നിധ്യമായിരുന്നു. പതിവ് വേഷത്തില്‍ നിന്നും മാറി ആ ദിവസങ്ങളില്‍ അവര്‍ തിളങ്ങുന്ന ഗൗണുകളില്‍ പ്രത്യക്ഷപ്പെടും. ഗൗണില്‍ ഒതുങ്ങാത്ത ശരീരവും ചുമന്ന് ഇടം കൈയില്‍ നിറഞ്ഞ ഗ്ലാസുമായി അവര്‍ ഓരോരുത്തരേയും കണ്ടു സംസാരിക്കും. പുഞ്ചിരിയും ചുംബനങ്ങളും നല്‍കും. വെളുപ്പും തവിട്ടും കലര്‍ന്ന മുടിയിഴകള്‍ ഇടയ്ക്കിടെ കൈകള്‍ കൊണ്ട് ഒതുക്കി മാര്‍ഗരീത്ത പാര്‍ട്ടി ഹാളില്‍ നിറഞ്ഞു നില്‍ക്കും.
ഓര്‍വിലിന്‍ പതിവായി മാര്‍ഗരീത്തയെ ശ്രദ്ധിച്ചുതുടങ്ങിയ ശേഷമാണ് പാര്‍ട്ടിയില്‍ അവര്‍ മദ്യപിക്കാറില്ല എന്ന കാര്യം മനസ്സിലാക്കിയത്. ആദ്യം നിറയ്ക്കുന്ന ഗ്ലാസ് അവസാനം വരെയും അവരുടെ കൈയില്‍ത്തന്നെയുണ്ടാകും. ഒരാള്‍ക്കരികില്‍ മാത്രമായി അധിക സമയം നില്‍ക്കുന്നതും ഓര്‍വിലിന്‍ കണ്ടില്ല.
തിരക്കൊഴിഞ്ഞു തുടങ്ങിയ സമയം ഓര്‍വിലിന്‍ മാര്‍ഗരീത്തയെ സമീപിച്ചു. അന്ന് മദ്യം കഴിക്കാതിരിക്കാന്‍ അയാള്‍ ബോധപൂര്‍വം ശ്രദ്ധിച്ചിരുന്നു. ഒരു ഗ്ലാസ് കൈയിലെടുത്ത് അയാള്‍ മാര്‍ഗരീത്തയോട് ചിയേഴ്സ് പറഞ്ഞു. ഒരു സിപ്പിന് ശേഷം മാര്‍ഗരീത്തയോട് മദ്യപിക്കാനായി ആംഗ്യം കാട്ടി.
മാര്‍ഗരീത്ത ചിരിച്ചുകൊണ്ട് അടുത്തയാളിലേക്ക് നീങ്ങാന്‍ തുടങ്ങിയതും ഓര്‍വിലിന്‍ അവരെ തടഞ്ഞു.
'ഇതുവരെയും മദ്യം രുചിച്ചുനോക്കുന്നത് കണ്ടിട്ടില്ല. എന്തെങ്കിലും കാരണമുണ്ടോ?'
മാര്‍ഗരീത്ത ചിരിച്ചു. ഓര്‍വിലിന്റെ ചെവിയോടു മുഖം ചേര്‍ത്ത് 'ഇന്ന് കുടിച്ച് ബോധം കെട്ടുറങ്ങില്ലെങ്കില്‍ നാളെ വീട്ടിലേക്ക് വാ. അറുന്നൂറ്റി എഴുത്തി രണ്ടില്‍.' ഇത്രയും പറഞ്ഞ് ആ കവിളുകളില്‍ തലോടി അവര്‍ നടന്നു പോയി.
പിറ്റേന്ന് രാവിലെ തന്നെ ഓര്‍വിലിന്‍ മാര്‍ഗരീത്തയുടെ കോട്ടേജിലേക്ക് എത്തി. മാര്‍ഗരീത്ത ഓര്‍വിലിനെ അകത്തേക്ക് ക്ഷണിച്ചു.
മാര്‍ഗരീത്തയുടെ വേരുകള്‍ റഷ്യയിലാണ്. വളരെ ചെറുപ്പത്തിലേ അമേരിക്കയിലേക്ക് കുടിയേറിയവരാണ് മാര്‍ഗരീത്തയുടെ കുടുംബം. വെക്കേഷനുകളില്‍ റഷ്യ സന്ദര്‍ശിക്കുന്ന പതിവ് മാര്‍ഗരീത്ത ഇപ്പോഴും തുടരുന്നുണ്ട്.
ഷെല്‍ഫില്‍ നിന്നും മാര്‍ഗരീത്ത വൃത്താകൃതിയിലുള്ള ഒരു കുപ്പി എടുത്തു. ചുവന്ന അക്ഷരങ്ങളില്‍ എഴുതിയിരുന്ന റഷ്യന്‍ വാക്ക് വായിക്കാന്‍ ഓര്‍വിലിന് കഴിഞ്ഞില്ല. രണ്ടു ഗ്ലാസുകളിലായി മാര്‍ഗരീത്ത അത് പകര്‍ന്നു. ഒന്ന് ഓര്‍വിലിന് നേര്‍ക്ക് നീട്ടി.
'മിസ് മാര്‍ഗരീത്ത ഒപ്പം ചേരുമെങ്കില്‍ മാത്രം ഞാനും കഴിക്കാം.' ഓര്‍വിലിന്‍ തന്റെ ഡിമാന്‍ഡ് മുന്നിലേക്ക് വച്ചു.
'റഷ്യനാണ്. വോഡ്ക! ഞാന്‍ ഇത് മാത്രമേ കഴിക്കാറുള്ളൂ.' മാര്‍ഗരീത്ത ഗ്ലാസുയര്‍ത്തി. ഓര്‍വിലിന്‍ ചിയേഴ്സ് പറഞ്ഞ് ഗ്ലാസുകള്‍ മുട്ടിച്ചു.
സ്തെലീച്ചിന
മാര്‍ഗരീത്തയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായി ഓര്‍വിലിന്‍. ആഴ്ചാവസാന പാര്‍ട്ടികളില്‍ മദ്യപിക്കുന്ന ശീലം ഓര്‍വിലിനും ക്രമേണ ഉപേക്ഷിച്ചു. ഞായറാഴ്ചകള്‍ക്ക് പുറമേ വീണുകിട്ടുന്ന ഇടനേരങ്ങളെല്ലാം ഓര്‍വിലിന്‍ മാര്‍ഗരീത്തയ്ക്കാപ്പം ചെലവിട്ടു.
മാര്‍ഗരീത്ത ഓര്‍വിലിനായി വോഡ്ക പകര്‍ന്നു. കുപ്പിയിലെ പേര് വായിക്കാന്‍ പ്രയാസപ്പെട്ടിരുന്ന ഓര്‍വിലിനെ ഉച്ചരിക്കാന്‍ പഠിപ്പിച്ചു. 'സ്തലീച്ചിന'. ഇന്ത്യന്‍ ചുവയോടെ ഓര്‍വിലിന്‍ സ്തെലീച്ചിന എന്ന് പറഞ്ഞൊപ്പിച്ചു. മാര്‍ഗരീത്ത അതുകേട്ട് ഉച്ചത്തില്‍ ചിരിച്ചു.
റഷ്യയിലെ പഴക്കം ചെന്ന ബ്രാന്‍ഡുകളിലൊന്നാണ് സ്തെലീച്ചിന. മാര്‍ഗരീത്തയുടെ വിയര്‍പ്പിന് വോഡ്കയുടെ മണമാണ് എന്ന ഓര്‍വിലിന്റെ തമാശ അവള്‍ക്ക് രസിച്ചു. ഓര്‍വിലിന് വേണ്ടി മാര്‍ഗരീത്ത പുതിയ കുപ്പികള്‍ വാങ്ങി. ഗ്ലാസുകളില്‍ വോഡ്ക പകര്‍ന്നു. വര്‍ത്തമാനങ്ങള്‍ക്കിടയിലെ വാക്കുകള്‍ക്ക് സ്തെലീച്ചിന കരുത്തു പകര്‍ന്നു.
മാര്‍ഗരീത്തയോടു ചേര്‍ന്ന് കിടക്കുമ്പോള്‍ ഓര്‍വിലിന് തണുപ്പ് അനുഭവപ്പെടും. അകേമിയും അലീസന്‍ ബെനോയിറ്റും ചുംബിക്കുമ്പോള്‍ ശരീരം തിളയ്ക്കും. അലീസന്‍ കറുത്തവളാണ് എന്ന അപകര്‍ഷതാബോധം പേറുന്നവളാണ്. ഇന്ത്യാക്കാരോട് അവള്‍ക്ക് പുച്ഛഭാവം ഉണ്ടായിരുന്നില്ല. കറുപ്പഴകിനെപ്പറ്റി ഓര്‍വിലിന്‍ സംസാരിക്കുമ്പോള്‍ അവള്‍ കേട്ടിരിക്കും. അവധി ദിവസങ്ങളില്‍ അവള്‍ ഓര്‍വിലിന് ക്ഷണം നല്‍കാറുണ്ട്. എല്ലാ തവണയും ഷേക്ഹാന്‍ഡ് നല്‍കി ഓര്‍വിലിന്‍ 'അടുത്ത ദിവസമാകട്ടെ' എന്നു പറഞ്ഞൊഴിയും.
ട്രയിനിംഗിന്റെ അവസാന നാളുകള്‍ പൂര്‍ത്തിയാക്കാതെ മാര്‍ഗരീത്ത വെക്കേഷനായി റഷ്യയിലേക്ക് പോകാന്‍ തയ്യാറെടുത്തു. ആ ദിവസങ്ങളില്‍ ഓര്‍വിലിന്‍ മാര്‍ഗരീത്തയോടൊപ്പമുണ്ടായിരുന്നു. അവര്‍ തിരികെ വരുമ്പോഴേക്കും പോസ്റ്റിംഗ് ഓര്‍ഡറുകള്‍ കൈപ്പറ്റി ഓരോരുത്തരും പിരിയും.
യാത്ര പറഞ്ഞു പിരിയും മുമ്പ് മാര്‍ഗരീത്ത കൈയിലുണ്ടായിരുന്ന കുപ്പികള്‍ ഓര്‍വിലിന് നല്‍കി. അവള്‍ ഓര്‍വിലിനെ ചേര്‍ത്തു പിടിച്ചു. വോഡ്കയുടെ മണമുള്ള വിയര്‍പ്പ് ഗന്ധം ഓര്‍വിലിന്‍ മണത്തെടുത്തു. മാര്‍ഗരീത്ത ഗാഢമായൊരു ചുംബനം നല്‍കി. ശേഷം ഓര്‍വിലിന്റെ ചെവിയില്‍ പതുക്കെ പറഞ്ഞു. 'സാപിയോ.'
അന്‍പത്തിരണ്ടു വര്‍ഷം പഴക്കമുള്ള തടിച്ച ശരീരം നടന്ന് പോകുന്നത് ഓര്‍വിലിന്‍ നോക്കി നിന്നു. അന്നു രാത്രി ഓര്‍വിലില്‍ കരഞ്ഞു. സ്തെലീച്ചിന ഓര്‍വിലിന് കൂട്ടായി.
കൃഷ്ണേന്ദു
വീടിന്റെ മുകള്‍ നിലയിലെ ബാല്‍ക്കണിയില്‍ നിന്നാല്‍ കപ്പിത്താന്‍ ഹൗസിന്റെ മുറ്റം കാണാം. ഗേറ്റില്‍ നിന്ന് നീണ്ട വഴിയാണ്. ഇരുവശത്തും പലതരം ചെടികള്‍ വളര്‍ന്ന് നില്‍ക്കുന്നു. 'അങ്ങേരൊരു കിടിലം കക്ഷിയാണ്. നീയൊരു സ്റ്റോറി തയ്യാറാക്ക്. ഒരു മാറ്റമൊക്കെ നിനക്കും നല്ലതാണ്.' ശ്രീകാന്താണ് ഡോക്ടറെപ്പറ്റി പറയുന്നത്.
തണുത്ത വെള്ളം ശരീരത്തിലേക്ക് വീണപ്പോഴുള്ള നീറ്റലിലായിരുന്നു കൃഷ്ണേന്ദു. ശരീരത്തില്‍ അവിടവിടെയായി പല്ലുകളാഴ്ന്ന മുറിവ് കനത്ത് കിടപ്പുണ്ടായിരുന്നു. ജ്യോതിലാലില്‍ നിന്നൊരു ഇറങ്ങിപ്പോക്ക് അത്ര എളുപ്പമായിരുന്നില്ല. അയാള്‍ പിന്തുടരുന്നു എന്ന ഭയം പിന്നാലെ കൂടി. വാടകവീട്ടിലെ മുറിക്കുള്ളില്‍ നിന്നൊരു മാറ്റം വേണമെന്ന് തോന്നിയപ്പോഴാണ് ശ്രീകാന്തിനെ വിളിച്ചത്.
കപ്പിത്താന്‍ ഹൗസ് എന്നെഴുതിയ ഇരുമ്പ് ഗേറ്റ് തള്ളിത്തുറക്കുമ്പോള്‍ അത് വലിയ ശബ്ദത്തില്‍ കരഞ്ഞു. കൃഷ്ണേന്ദു കപ്പിത്താന്‍ ഡോക്ടറെ ആദ്യമായ് കാണുമ്പോള്‍ അദ്ദേഹം ചെടികള്‍ നനയ്ക്കുകയായിരുന്നു. മുട്ടിന് മുകളില്‍ തെറുത്തുടുത്ത കള്ളിമുണ്ട് മാത്രമായിരുന്നു വേഷം. അകത്തേക്കിരിക്കാന്‍ ആംഗ്യം കാട്ടി കൈയിലിരുന്ന ഹോസ് ചെടികള്‍ക്കിടയിലേക്ക് വലിച്ചെറിഞ്ഞ് അയാള്‍ പൈപ്പിന്‍ ചുവട്ടിലേക്ക് നടന്നു. കൈകാലുകള്‍ വൃത്തിയാക്കി വീട്ടിനകത്തേക്ക് കയറി. പഴക്കമുണ്ടെങ്കിലും ആ വീടിന് വല്ലാത്തൊരു പ്രൗഢിയുണ്ടായിരുന്നു. വരാന്തയ്ക്ക് സമീപമുള്ള കതക് തള്ളിത്തുറന്ന് ഓര്‍വിലിന്‍ അകത്തേക്ക് കയറി. അടുത്തിടെ എപ്പോഴോ ചുമര്‍ മുറിച്ച് പുതുതായി വച്ച വാതിലായിരുന്നു അത്. വീടിന്റെ പഴമയില്‍ ആ വാതില്‍ ചേര്‍ച്ചയില്ലാതെ നിന്നു.
വളരെ മനോഹരമായി ഒരുക്കിയിരുന്ന മുറിയായിരുന്നു അത്. മേശപ്പുറത്ത് രണ്ടു മൂന്ന് മാസികകള്‍ അടുക്കി വച്ചിട്ടുണ്ട്. ഒരു പേനയും ലെറ്റര്‍ പാഡും. ഇടതുവശത്തെ ഷെല്‍ഫില്‍ നിറയെ പുസ്തകങ്ങള്‍. കോര്‍ണര്‍ ഷെല്‍ഫില്‍ ഭംഗിയായി ഡിസ്പ്ലേ ചെയ്തിരിക്കുന്ന മദ്യക്കുപ്പികള്‍. ആദ്യ കാഴ്ചയില്‍ത്തന്നെ ഡോക്ടറെക്കുറിച്ചുള്ള മുന്‍ധാരണകള്‍ കൃഷ്ണേന്ദുവിന് തിരുത്തേണ്ടിവന്നു.
ശബ്ദം താഴ്ത്തിയാണ് ഡോക്ടര്‍ സംസാരിച്ചിരുന്നത്. ശ്രീകാന്ത് ഡോക്ടറെ കണ്ട് സമ്മതം വാങ്ങിയിരുന്നു. ഒരു കഥ കേള്‍ക്കുന്ന രസത്തിലായിരുന്നു കൃഷ്ണേന്ദു. കടലില്‍ നങ്കൂരമിട്ട കപ്പല്‍ ഉലയുന്ന പോലെയായിരുന്നു അതുവരെയും അവള്‍.
സംസാരത്തിനിടയില്‍ ഡോക്ടര്‍ ഷെല്‍ഫില്‍ നിന്നും കുപ്പിയെടുത്ത് രണ്ടു ഗ്ലാസുകളിലായി മദ്യം പകര്‍ന്നു.
അടച്ചിട്ട മുറിയിലെ വീര്‍പ്പുമുട്ടലില്‍ നിന്നും കൃഷ്ണേന്ദു കപ്പിത്താന്‍ ഹൗസിലേക്ക് എന്നും റോഡ് മുറിച്ചു നടക്കാന്‍ തുടങ്ങി. ഡോക്ടര്‍ക്കൊപ്പം ചെടികള്‍ നനച്ചു. പുതിയ ചെടികള്‍ നട്ടു. ശരീരത്തിലെ നീറ്റലുകള്‍ക്കൊപ്പം മനസ്സിലെ നീറ്റലും ഉണങ്ങുന്നത് കൃഷ്ണേന്ദു അറിഞ്ഞു. നേരം വൈകുവോളം അവര്‍ കഥകള്‍ പറഞ്ഞിരുന്നു. പോകാന്‍ നേരം അവള്‍ ഡോക്ടറെ കെട്ടിപ്പിടിച്ചു.
രാവിലെ ബാല്‍ക്കണിയിലേക്ക് ഇറങ്ങിയപ്പോഴാണ് കപ്പിത്താന്‍ ഹൗസില്‍ ആള്‍ക്കൂട്ടം കണ്ടത്. എന്താണ് സംഭവിച്ചതെന്നറിയാന്‍ കൃഷ്ണേന്ദു അങ്ങോട്ടേക്കോടി. വീടിന് മുന്നില്‍ ചെറിയ ആള്‍ക്കൂട്ടവും രണ്ടു പോലീസുകാരും ഉണ്ടായിരുന്നു. ഒരാള്‍ വിവരങ്ങള്‍ ചോദിച്ച ശേഷം അകത്തേക്ക് കടക്കാന്‍ അനുമതി നല്‍കി. ഓഫീസ് റൂമില്‍ നിന്ന് ഡോക്ടറുടെ ശരീരം പുറത്തേക്ക് എടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഗേറ്റ് കടന്ന് ഒരു ആംബുലന്‍സ് മുറ്റത്ത് വന്നു നിന്നു.
പോലീസുകാരിലൊരാള്‍ അവിടെ കൂടിയവരോട് കാര്യങ്ങള്‍ വിശദീകരിച്ചു. 'അസ്വാഭാവികതയൊന്നും ഇല്ല. രണ്ടു പേര്‍ മൊഴിനല്‍കണം. ബന്ധുക്കളെപ്പറ്റി അറിവില്ലാത്ത സ്ഥിതിക്ക് പരിചയക്കാര്‍ക്ക് ഏറ്റെടുക്കാം. ഇല്ലെങ്കില്‍...' അയാള്‍ നിര്‍ത്തുന്നതിന് മുമ്പ് കൃഷ്ണേന്ദു ഇടയ്ക്ക് കയറി. 'ഞാന്‍ വരാം സാര്‍'.
ആംബുലന്‍സ് ഗേറ്റ് കടന്നപ്പോഴും ഇനിയെന്ത് ചെയ്യണമെന്നറിയാതെ കൃഷ്ണേന്ദു മുറ്റത്തു തന്നെ നിന്നു.
കൃഷ്ണേന്ദു: ''ഈ ലോകവും നമ്മളും ഒരിക്കലും അവസാനിക്കില്ല''
ഓര്‍വിലില്‍ കപ്പിത്താന്‍: ''ഉം!''
ഓര്‍വിലില്‍ കപ്പിത്താന്റെ നെഞ്ചില്‍ കിടക്കുകയായിരുന്നു കൃഷ്ണേന്ദു. രണ്ടു പേര്‍ക്കും തണുപ്പ് അനുഭവപ്പെട്ടു. ഓര്‍വിലിന്‍ അവളുടെ ചെവിയില്‍ പതുക്കെ പറഞ്ഞു 'സാപിയോ.' കൃഷ്ണേന്ദു ഒന്നു കൂടി ആ നെഞ്ചിലേക്ക് അമര്‍ന്ന് കിടന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...