കമല, സിനി സി കെ എഴുതിയ കഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സിനി സി കെ എഴുതിയ കഥ

chilla malayalam short story by sini ck

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

chilla malayalam short story by sini ck

 

റേഷനരിയുടെ ചോറിലേക്ക് തക്കാളി മുളകിട്ട ചുവന്ന കൂട്ടാന്‍ ഒഴിച്ച് ഒരു പിടി വാരിയതേ ഉള്ളൂ കമല. രക്ഷയേക്കാളുപരി മറ പോലെ നിലകൊള്ളുന്ന ചെറ്റവാതില്‍ ഒന്നനങ്ങി. പിന്നിത്തുടങ്ങിയ പഴയ സാരിയെ ഊഞ്ഞാലാട്ടി സമ്മതമില്ലാതെ കടന്നുവന്ന കാറ്റില്‍, തലയ്ക്കു പിടിക്കുന്ന മണം മൂക്കിനകത്തേക്ക് ഇരച്ച് കയറി. 

'തല കത്തി തുടങ്ങി.' അവളോര്‍ത്തു.

ചോറൊരു കിണ്ണം കൊണ്ടടച്ച് വെച്ച് കമല കോലായിലെ തിണ്ടിലേക്ക് വന്നിരുന്നു. മുറുക്കാന്‍ വെച്ചിരിക്കുന്ന കൊട്ടയില്‍ വാടി തുടങ്ങിയ ഒരു തുണ്ട് വെറ്റില ഇരിക്കുന്നു. വെറ്റില വായിലേക്കിട്ട് ചൂണ്ടുവിരലില്‍ തുപ്പലാക്കി നൂറു തേച്ച തിണ്ടിലൊന്ന് തുടച്ചവള്‍ നാക്കില്‍ തേച്ചു. നീറ്റിലിട്ട അടയ്ക്ക പാത്രത്തിന് ചുറ്റും നട്ടുച്ചക്കും കൊതുകുകള്‍ പറക്കുന്നത് നോക്കിയവള്‍ മുറ്റത്തേക്ക് നീട്ടിത്തുപ്പി. തല പെരുക്കുന്നു, ഒരു തുണ്ട് പുകയിലക്ക് വേണ്ടി മുറുക്കാന്‍ കൊട്ട കമഴ്ത്തി കൊട്ടി. താഴെ വീണ പൊടികളൊക്കെ വാരി വായിലേക്കിട്ട്  മുറ്റത്തേക്കിറങ്ങി നിന്നു കാറ്റിലൂടെ വരുന്ന മണം പിടിച്ച് തലയ്ക്ക് പിടിപ്പിച്ചു. ചുണ്ടത്ത് ചുണ്ടുവിരലും നടുവിരലും വിരിച്ച് വെച്ചതിനിടയിലൂടെ നീട്ടിയവള്‍ തുപ്പി. ആ തുപ്പലേറ്റ് കരിയിലകള്‍ക്ക് സ്ഥാനമാറ്റം വന്നു.

മലയടിവാരത്തില്‍ നിന്നും പുകച്ചുരുളുകയുര്‍ന്നു. പൊട്ടിത്തെറികള്‍ പോലെ തോന്നിക്കും ശബ്ദങ്ങളും. ഇടയ്ക്കിടെ പുകയ്ക്കിടയില്‍ തീ തെളിയും. ചിതയ്ക്ക് ആക്കം കൂട്ടാനായി ചന്തൂട്ടി   മുറം വീശുകയായിരിക്കുമപ്പോള്‍ എന്ന് കമലയ്ക്കറിയാം. 

ഓരോ ജീവനും കത്തിയമര്‍ന്ന് പുകയായ് ഉയരുന്നത് കണ്ടാണ് ചന്തൂട്ടിയും കമലയും രാത്രിയെ സ്വീകരിക്കാറ്. ചന്തൂട്ടി മലയടിവാരത്തിലെ ചുടലയില്‍ ചിതയ്ക്കരികിലിരുന്നും കമലം മലയിലെ വീട്ടിലിരുന്നും. 

ചുടലയ്ക്കടുത്തായി വേറെ വീടുകളൊന്നുമില്ല. ചന്തൂട്ടിയുടെ അച്ഛന്‍ ചോയിച്ചി ആയിരുന്നു പണ്ട് കാലത്ത് ചിതയൊരുക്കിയത്. നാട്ടുപ്രമാണിമാരുടെ കാലം മുതല്‍ മലയിലെ വിറകും ചിരട്ടയും വെച്ച് അച്ഛന്‍ ചിതയൊരുക്കുന്നത് കണ്ടാണ് ചന്തൂട്ടി വളര്‍ന്നത്. അച്ഛന്റെ കാലശേഷം സ്വയം ചെയ്തു തുടങ്ങി. അമ്മയെ കുറിച്ചുള്ള ഓര്‍മ്മകള്‍ തെളിയാത്ത കാലത്തിലൂടെയായിരുന്നു ചന്തൂട്ടി നടന്നതത്രയും.

ചോയിച്ചിയുടെ പെങ്ങള്‍ നിലമ്പൂരുള്ള തെയ്യാമ്മയുടെ മകളാണ് കമലം. കല്യാണായിട്ട് കഴിച്ചു കൊണ്ട് വന്നതൊന്നുമല്ല കമലത്തിനെ. ഏതോ ഒരു കൊല്ലം പെങ്ങളെ കാണാന്‍ പോയ ചോയിച്ചി തിരിച്ചു പോരുമ്പോ ചന്തൂട്ടിക്കൊരു തുണ വേണമെന്ന് പറഞ്ഞ് കമലത്തിനെ കൂടെ കുട്ടി കൊണ്ട് വന്നു. അവള് അവന്റെ കൂടെ പൊറുതിയും തുടങ്ങി. 

ചോയിച്ചി മരിച്ചിട്ട് വര്‍ഷം ഇരുപത്തഞ്ച് കഴിഞ്ഞു. ചിതെവയ്പ്പ് കഴിഞ്ഞ് വന്ന് സന്ധ്യയ്ക്ക് പറങ്കിമാങ്ങയിട്ട് കമലം വാറ്റിയ റാക്ക് കുടിച്ച്, മുറ്റത്തെ പേരയ്ക്ക മരത്തില്‍ പടര്‍ന്ന കുരുമുളക് വള്ളിയില്‍ നിന്ന് ഒരു തിരി മുളക് പറിച്ച് വായിലേക്കിട്ട് ചവച്ച്, കമലത്തിന് കുളിയ്ക്കാനായുള്ള മറയുടെ താഴെ മൂത്രമൊഴിക്കാന്‍ ഇരുന്നതാ ചോയിച്ചി. പുറകോട്ട് മറഞ്ഞ് വീഴുന്നത് പിറ്റേന്നത്തേക്കുള്ള വിറക് കെട്ടഴിച്ചുവെയ്ക്കുന്ന ചന്തൂട്ടി കണ്ടു. മേലോട്ട് പോയ കണ്ണുകള്‍ തുറിച്ചങ്ങനെ തന്നെ നോക്കുന്നത് കണ്ടപ്പോഴേ അവന് കാര്യം മനസ്സിലായി. കരയാനും പിടിക്കാനുമൊന്നും നിന്നില്ല. ഒരിറ്റ് റാക്ക് വെച്ച് ചുണ്ടൊന്ന് നനച്ച് കൊടുത്ത് കമലവും ചന്തൂട്ടിയും ചോയിച്ചിയെ ചുടലയിലേക്കെടുത്തു. അന്നാദ്യമായി അവള്‍ ചുടലയില്‍ ചിതയെരിയുന്നത് വരെ കാത്തിരുന്നു.

പിന്നെ പിന്നെ ചന്തൂട്ടിക്കൊപ്പം അവളും പോയിത്തുടങ്ങി ചുടലയിലേക്ക്. ചകിരിയും ചിരട്ടയുമൊതുക്കാനും ചളി കുഴയ്ക്കാനുമൊക്കെ ഭര്‍ത്താവിനൊപ്പം അവളും നിന്നു. 

വേണ്ടപ്പെട്ടവരുടെ വേര്‍പാടിന്റെ നിലവിളികള്‍ ആദ്യമാദ്യം അസ്വസ്ഥമാക്കിയെങ്കിലും ക്രമേണ അതുമായി അവള്‍ പൊരുത്തപ്പെട്ടു. ഏതൊരു മനുഷ്യനും ഇത്തിരി വെണ്ണീരായ് അവശേഷിച്ച് കുറച്ച് പുകച്ചുരുളുകളായി വായുവില്‍ അപ്രത്യക്ഷമാകാനുള്ള ജീവിതത്തെ അവള്‍ പുച്ഛത്തോടെ ഓര്‍ത്തു. 

ഒരു മഴക്കാലത്ത് ഉച്ചനേരത്ത് കൊണ്ടുവന്ന മൃതശരീരത്തിനൊപ്പം ഒരു പാടാളുകള്‍ ഉണ്ടായിരുന്നു. മഴ കൊണ്ട് ശവമടക്ക് നടത്തുന്നതിനിടയില്‍ തന്റെ ചന്തിയിലാരോ ശക്തമായി പിടിച്ചിറുക്കിയതും ചിതയില്‍ വെയ്ക്കാനായെടുത്ത ഉണ്ണിത്തണ്ടിന്റെ കഷ്ണങ്ങള്‍ കയ്യില്‍ നിന്നും താഴെ വീണു. ഇടത്തേക്ക് കുനിഞ്ഞ് അവ പെറുക്കിയെടുക്കുന്നതിനിടയില്‍ കണ്ടു തന്റെ ദേഹത്തെ തൊട്ടുരുമ്മിയെന്നവണ്ണം നില്‍ക്കുന്നൊരുത്തനെ.

ഈറന്‍ തോര്‍ത്തുടുത്ത് മൃതദേഹം പിടിച്ച് ചിതയിലേക്ക് വെയ്ക്കുന്ന കൂട്ടത്തിലും അവനെ കണ്ടതോടെ കമലയ്ക്ക് ചിരിയാണ് വന്നത്. ചിതയെരിയുന്നവരെ കാത്തിരിക്കാന്‍ പോലും സമയമില്ലാതെ വന്നവരൊക്കെ തിരിച്ച് പോയി. ഉണ്ടായ കാര്യങ്ങള്‍ കമല ചന്തൂട്ടിയോട് പറഞ്ഞു. രണ്ട് പേരും ചിത നോക്കി പൊട്ടിച്ചിരിച്ചു. 

പക്ഷേ, അടുത്ത ദിവസം ചന്തൂട്ടി കമലയെ ചുടലയില്‍ കൊണ്ട് പോയില്ല. ഒറ്റയ്ക്ക് കാര്യങ്ങള്‍ ചെയ്തു തുടങ്ങി. 

മീന വെയിലില്‍ ഒരുച്ച നേരത്ത് ചോറിന് കൂട്ടാനായി കാന്താരിയും ഉപ്പും അമ്മിക്കല്ലില്‍  ചതച്ചെടുത്ത് തിരിഞ്ഞതും കമലയെ പുറകില്‍ നിന്നും വലിഞ്ഞ് മുറുക്കി ബലിഷ്ഠമായ കൈകള്‍. ഉച്ചത്തിലൊന്നലറാന്‍ തുടങ്ങിയതും തോര്‍ത്ത് മുണ്ടെടുത്ത് വായിലേക്കമര്‍ത്തി. അടുക്കളത്തിണ്ണയിലൊന്നച്ച വെയ്ക്കാനാവാതെ പിടഞ്ഞ് കിടന്നപ്പോഴും തലയ്ക്ക് പിടിക്കുന്ന മണം മാത്രം മൂക്ക് തുളച്ചകത്ത് കയറി. ചുടലയില്‍ നിന്ന് തല കത്തി തുടങ്ങുന്ന മണം.

സന്ധ്യയ്ക്ക് ചന്തൂട്ടി വീടെത്തിയതും അവശയായി കിടക്കുന്ന കമലയെ എണിപ്പിച്ച് നിര്‍ത്തി. കുരുമുളക് പൊടി ഇട്ട് തലേന്നത്തെ റാക്കൊരെണ്ണം കൊടുത്തു കമലയെ കിടത്തി.

അടുത്ത ചൊവ്വാഴ്ച ചന്തയ്ക്ക് പോയ ചന്തൂട്ടി നല്ലൊരരിവാളുമായാണ് തിരിച്ചെത്തിയത്. കമലയോട് പുറകിലെ ചെറ്റയില്‍ തിരുകി വെച്ചോളാനും പറഞ്ഞു.

വിഷു കഴിഞ്ഞ് പത്താം  നാള്‍, പുറകിലെ ചെറ്റയുടെ താഴെ കുഴിച്ച് വെച്ച നീറ്റിലിട്ട  അടയ്ക്ക ഭരണി എടുത്ത് പുറത്ത് വെയ്ക്കാനായി കുനിഞ്ഞതും ഇടുപ്പിനെ വലിഞ്ഞ് മുറുക്കിയ പിടുത്തം, കൈ നീട്ടി അരിവാള്‍ എടുത്ത് പുറകിലേക്ക് ആഞ്ഞ് വെട്ടികൊളുത്തി മുന്നിലേക്കിട്ട്. നിലമ്പൂരിലെ കാട്ടിലൂടെ വഴി വെട്ടി വെട്ടി മുന്നോട്ട് പോകുന്ന പോലെ നിര്‍ത്താതെ വെട്ടി. 

പിടച്ചിലവസാനിച്ചു എന്നുറപ്പ് വരുത്തിയ കമലം വെണ്ണീരെടുത്ത് കുടഞ്ഞു. പാനയില്‍ നിന്ന് വെള്ളം മുക്കി ഒന്നു കുളിച്ചു. ചുടലയിലേക്കിറങ്ങിച്ചെന്ന് ചന്തൂട്ടിയോട് കാര്യം പറഞ്ഞു. 

അടുപ്പില്‍ വെച്ച വെന്ത ചോറ് ഒന്നൂറ്റി കിണ്ണത്തിലേക്ക് ചെരിഞ്ഞു. നല്ല മുളകരച്ച തക്കാളി കറിയുണ്ടാക്കി. ചോരയുടെ ചുവപ്പുള്ള കറി. ചോറിലേക്കൊഴിച്ച് ഉണ്ണാനിരുന്നതായിരുന്നു.

സന്ധ്യയ്ക്ക് കേറി വന്ന ചന്തൂട്ടിയ്‌ക്കൊപ്പം രണ്ട് ഗ്ലാസ് റാക്ക് അവളും മോന്തി. മുറ്റത്ത് കനലിലിട്ട് കാച്ചി രാകിയെടുത്ത് ചന്തൂട്ടി മൂര്‍ച്ച കൂട്ടിയ അരിവാള്‍ ചെറ്റയില്‍ തിരുകി വെച്ച് നിലത്തേക്കിരുന്നു കമല.

ഇടയ്ക്കിടെ മറമാറ്റി ചെറ്റയ്ക്കുള്ളില്‍ അനുവാദമില്ലാതെ കടന്നുവരുന്ന കാറ്റുകള്‍ക്കൊക്കെ അതേ മണം. തലയോട്ടി കത്തിയെരിയുന്ന മണം !

Latest Videos
Follow Us:
Download App:
  • android
  • ios