Malayalam Short Story : മീശയും കമ്മലും, സിമി ആന്റണി എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. സിമി ആന്റണി എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
നിറയെ മുറികളുള്ള ആ വലിയ വീട്ടില്‍ ഞാന്‍ ഒറ്റക്കാണ്.
എന്റെ കയ്യില്‍ അണയാറായ ഒരു വിളക്കുണ്ട്. സന്ധ്യയായി തുടങ്ങിയത് കൊണ്ട് മുറിയിലാകെ ഇരുട്ടു പരക്കുന്നുണ്ട്. വിളക്ക് കെടാതെ നടക്കുവാന്‍ നന്നേ പ്രയാസം. പക്ഷെ ഞാന്‍ ഓടുകയായിരുന്നു. വേഗം പുറത്തു കടക്കണം. ആ വലിയ വീട്ടില്‍ നിന്നും പുറത്തു കടന്നപ്പോഴേക്കും ആകാശമാകെ ചുവന്നു തുടുത്തിരിക്കുന്നു. വിളക്ക് താഴെ ഇട്ടു ഞാന്‍ ഓടി, ആരോ പിന്തുടരുന്നതുപോലെ.
ഒരു തോടിന്റെ അടുത്ത് കൂടെയാണ് ഞാന്‍ ഓടുന്നത്. എപ്പോഴാണ് ഞാന്‍ തോടിനടുത്തെത്തിയത് എന്നറിയില്ല. ചുറ്റിലും ആരെയും കാണാനില്ല. ആരെയും നോക്കി നില്‍ക്കാതെ ഞാന്‍ പിന്നെയും ഓടിക്കൊണ്ടിരിക്കുകയാണ്. ഓടിയെത്തിയത് ഒരു കടല്‍തീരത്താണ്. ഇരുട്ട് മായ്ച്ചത് കൊണ്ടോ എന്തോ തോട് പിന്നെ കാണാനേ ഇല്ല. കടല്‍ തീരത്തു നിറയെ ആളുകള്‍ കൂടിയിരിക്കുന്നു. എല്ലാവരും എന്നെ തന്നെ സൂക്ഷിച്ചു നോക്കുന്നു. ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് മനസിലായത് എല്ലാവര്‍ക്കും മീശയും കമ്മലും ഉണ്ട്. കൊമ്പന്‍ മീശയും കറുത്ത കമ്മലുകളും ഇട്ട അവരൊക്കെ ഒരുപോലെയിരിക്കുന്നു. കറുത്ത വളയില്‍ കറുത്ത മുല്ലമൊട്ടുകള്‍ കോര്‍ത്തതുപോലെയുള്ള ആ വലിയ കമ്മലുകള്‍ കടല്‍ത്തീരത്ത് വീശുന്ന കാറ്റില്‍ തട്ടി ഇളകുന്നുണ്ട്. എനിക്ക് മീശയും കമ്മലും ഇല്ലാത്തതു കൊണ്ടാകാം എല്ലാവരും എന്നെ തന്നെ സൂക്ഷിച്ചു നോക്കുന്നത്. അവരെന്നോടെന്തോ പറയാന്‍ തുടങ്ങും മുന്‍പ് ഞാന്‍ ഓടിത്തുടങ്ങി. ഓടുന്ന വഴികളിലെല്ലാം നിറയെ ആളുകള്‍.
എന്നെ ആരോ പിന്നിലേക്കു പിടിച്ചു വലിക്കുന്നതുപോലെ. പെട്ടെന്ന് ഞാന്‍ ഒരു കുഴിയിലേക്ക് വീണു. കുട്ടികള്‍ കളിക്കാന്‍ ഉണ്ടാക്കുന്ന വാരിക്കുഴി ആണെന്നാണു ആദ്യം തോന്നിയത്. പക്ഷെ അല്ല, ഇതൊരു വലിയ ഗര്‍ത്തമാണ്. ഞാന്‍ അതിന്റെ ഏറ്റവും താഴെ വന്നു പതിച്ചു. തപ്പിത്തടഞ്ഞു ഞാന്‍ എണീറ്റു ചുവരുകള്‍ക്കു അടുത്തെത്തി. തേക്കാത്ത വീടുകളുടെ ചുവരുകള്‍ പോലെ. ഒന്നും കാണാന്‍ വയ്യ, ഇരുട്ട് മാത്രം. ചുവര് പിടിച്ചു ഞാന്‍ നടന്നു. എത്ര നേരം അങ്ങനെ നടന്നു എന്നറിയില്ല. കുറെ ആയപ്പോള്‍ ഒരു വാതിലിനു മുന്നിലെത്തിയെന്നു തോന്നി. തള്ളി നീക്കാന്‍ ശ്രമിച്ചു. ഒരു ഭാരമുള്ള ഇരുമ്പു വാതില്‍ നീങ്ങുന്ന ശബ്ദത്തോടെ അത് തുറന്നു.
പിന്നെയും ഇരുട്ടാണ്. ചുവര് പിടിച്ചു പിന്നെയും ഞാന്‍ നടന്നു. അകലെയായി ചെറിയ വെളിച്ചം ഞാന്‍ കണ്ടു. എന്റെ ചുറ്റിലും ഉള്ള ഇരുട്ടിലേക്ക് അത് മൊട്ടുസൂചിപോലെ തുളച്ചു കയറി. ഞാന്‍ വെളിച്ചം കണ്ട സ്ഥലത്തേക്ക് ഓടി. ചെന്നെത്തിയത് പിന്നെയും ഒരു കടല്‍ തീരത്താണ്. അകലെയായി സ്‌കൂള്‍ യൂണിഫോമുമിട്ട് ഒരു പെണ്‍കുട്ടി. വളരെ സുപരിചിതമായ മുഖം. അവളെന്നെ വിളിക്കുന്നത് പോലെ തോന്നി. കാലിലെന്തോ കടിച്ചു, ഞണ്ടിറുക്കുന്നതുപോലെ. എവിടെ നിന്നറിയില്ല നിറയെ സ്‌കൂള്‍ യൂണിഫോമിട്ട കുട്ടികള്‍ എന്റെ അടുത്തേക്ക് വരുന്നു.
അവരെല്ലാം എന്നെ തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ട്. അവരെന്നെ നോക്കി ആര്‍ത്തു വിളിച്ചു 'മീശയും കമ്മലും'. അതെ ശരിയാണ് എനിക്കും വന്നിരിക്കുന്നു കറുത്ത കൊമ്പന്‍ മീശയും കറുത്ത കമ്മലുകളും. കാലിലെ ഞണ്ട് പിന്നെയും ഇറുക്കുന്നുണ്ട്. അവര്‍ പിന്നെയും എന്നെ നീട്ടിവിളിക്കുന്നുണ്ട്. പെട്ടെന്ന് തലയില്‍ എന്തോ വന്നു വീണു. മീശയും കമ്മലും എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ പെട്ടെന്ന് ഉറക്കത്തില്‍ നിന്നും എണീറ്റു.
ചുറ്റും കടല്‍ തീരമില്ല, എന്റെ ക്ലാസ് മുറിയാണ്. ഡസ്റ്റര്‍ തലയില്‍ വന്നു വീണതുകൊണ്ടു തലമുടിയിലും നെറ്റിയിലും ചോക്കുപൊടി വീണിരിക്കുന്നു. എന്നെ വിളിച്ചുകൊണ്ടിരുന്നത് കെമിസ്ട്രി ടീച്ചര്‍ ആണ്.
ടീച്ചര്‍: 'എവിടെയാ മനു? ആര്‍ക്കാണ് മീശയും കമ്മലും?'
എനിക്കൊന്നും മനസിലാകുന്നില്ല. ഉറക്കത്തില്‍ നിന്ന് എന്റെ ശരീരം മാത്രമാണെണീറ്റത്. ഞാന്‍ എന്റെ സ്ഥലത്തു എണീറ്റു നിന്നു.
ടീച്ചര്‍ :'അവസാനം പറഞ്ഞ രാസമാറ്റം വിശദീകരിക്ക.'
ടീച്ചറുടെ ആ ചോദ്യത്തില്‍ മനസ്സ് സ്വപ്നത്തില്‍ നിന്നും പുറത്തു കടക്കാന്‍ തുടങ്ങി. അരികെ ഇരിക്കുന്ന അരുണിന്റെ പുസ്തകം ഞാന്‍ നോക്കി. ഒന്നും വ്യക്തമല്ല. അവനും പാതി മയക്കത്തില്‍ വരച്ചിട്ട കുറെ വരകള്‍ മാത്രം. അവനെന്നെ ദയനീയമായി ഒന്ന് നോക്കി. ടീച്ചര്‍ മറുപടി പ്രതീക്ഷിക്കാത്തതു കൊണ്ട് ശകാരവര്‍ഷം തുടങ്ങി.
ടീച്ചറെ കണ്ടാല്‍ തോക്കെടുത്തു നമ്മെ വെടിവെക്കുകയാണെന്നു തോന്നും. ഞാന്‍ താഴെ നോക്കി, ഡെസ്‌കിനു മുകളില്‍ എന്റെ ബുക്കുപൊതിഞ്ഞിരിക്കുന്ന ന്യൂസ്‌പേപ്പറില്‍ ഞാന്‍ കണ്ടു ഒരു മീശയും കമ്മലും. വാകത്താനത്തു നിന്നുള്ള ഏതോ ഒരു ജോസഫ് ചേട്ടന്‍ മരിച്ച വാര്‍ത്ത ആണ് പേപ്പറില്‍. വാര്‍ത്തയോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തില്‍ കഴിഞ്ഞ ക്ലാസ്സില്‍ ഞാന്‍ പേന കൊണ്ട് വരച്ച മീശയും കമ്മലുമുണ്ട്. അവയെന്നെ നോക്കി കണ്ണിറുക്കി ചിരിക്കുന്നതുപോലെ തോന്നി.
ടീച്ചര്‍ അപ്പോഴേക്കും ചീത്ത പറയുന്നത് നിര്‍ത്തി, പുറകില്‍ പോയി ഒറ്റക്കാലില്‍ നിന്നോളാന്‍ എന്നോട് പറഞ്ഞു. ക്ലാസ്സില്‍ ഉറങ്ങുന്നവര്‍ക്ക് അതാണ് ശിക്ഷ.
ക്ലാസ്സിന്റെ പുറകില്‍പോയി ഞാന്‍ ഒറ്റക്കാലില്‍ നില്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ടീച്ചര്‍ ബോര്‍ഡിലേക്ക് തിരിഞ്ഞു. അപ്പോള്‍ ഞാന്‍ പതുക്കെ മീശയും കമ്മലും എനിക്കുണ്ടോ എന്ന് തൊട്ടുനോക്കി ഇല്ലെന്നു ഉറപ്പു വരുത്തി.