Malayaalam Short Story : കുറ്റം ചെയ്യാത്തവര്‍ കല്ലെറിയൂ, സിജി സജീവ് വാഴൂര്‍ എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സിജി സജീവ് വാഴൂര്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
അമ്പിളിയുടെ ദുഃഖങ്ങള്‍ കാഴ്ചക്കാര്‍ക്കു പറഞ്ഞു പരിഹസിക്കാനും കുറ്റപ്പെടുത്താനും കാറിത്തുപ്പാനുമുള്ള ഒരു കാരണമായി മാത്രം എപ്പോഴും എഴുന്നു നില്‍ക്കും.
കാരണം തിരയണ്ട, ഞാന്‍ പറയാം.
നിങ്ങള്‍ക്ക് എന്തറിയാം അവളെക്കുറിച്ച്. അറിയാമെന്നു വീമ്പു പറയണ്ട. അറിയാമെങ്കില്‍ പറയൂ. എനിക്ക് ഇടയ്ക്കു കേറി പറയുന്ന ശീലമില്ല. നിങ്ങളെ ഞാന്‍ മുഴുവന്‍ കേള്‍ക്കാം. പിന്നെ ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ നിങ്ങളും ക്ഷമ കാണിക്കണം.
ഒന്നുമറിയാത്ത ഒരു പാവം പൊട്ടിപ്പെണ്ണായിരുന്നില്ലേ അവള്‍.
അവള്‍ ഓടിനടന്ന നാട്ടുവഴികള്‍. ഇടവഴിയോരത്തെ പുളിയന്‍ മാവ്. കല്ലുകൊത്തിക്കളിച്ചിരുന്ന കൊച്ചുസ്‌കൂളിലെ പാറപ്പുറം. വാഴയ്ക്കാ വരയനെയും പരല്‍ മീനിനെയും തോര്‍ത്തില്‍ കോരിയ താന്നിത്തോട്. ഊഞ്ഞാല് കെട്ടാന്‍ കൊമ്പു നീട്ടിയ ചിലുമ്പി. ഓടിക്കളിക്കാന്‍ ഞങ്ങള്‍ക്കൊപ്പം കൂടിയ ആകാശത്തെങ്ങിലെ അണ്ണാറക്കണ്ണന്‍.
എല്ലാവരും എല്ലാവര്‍ക്കും അവളെ കുറിച്ച് നല്ലതേ പറയാന്‍ കാണൂ. നിങ്ങള്‍, നിങ്ങള്‍ മനുഷ്യവേഷമണിഞ്ഞ മൃഗങ്ങള്‍ മാത്രമാണ് അവളെ തള്ളി പറയുന്നത്.
എന്നിലെ കോപം അരിശം എല്ലാം നിങ്ങളോടാണ്.
നിങ്ങളില്‍ കുറ്റം ചെയ്യാത്തവര്‍ ഉണ്ടെങ്കില്‍ കല്ലെറിയൂ. കല്ലുകള്‍ ഞാന്‍ നിങ്ങള്‍ക്കു പെറുക്കിത്തരാം,,
നിങ്ങള്‍ക്ക് പറയാനൊന്നുമില്ലെങ്കില്‍ മാത്രം ഞാന്‍ പറഞ്ഞു തുടങ്ങാം.
പ്ലസ്ടുവിന് പഠിക്കുമ്പോള്‍ അവള്‍ക്ക് എന്തൊരു ഭംഗിയായിരുന്നു. ഇളം റോസു നിറത്തിലെ മുട്ടൊപ്പമുള്ള ഞൊറിയന്‍ പാവാടയും ജാക്കറ്റും ധരിച്ചു അവളെ കാണുമ്പോഴൊക്കെ എനിക്ക് അസൂയ തോന്നിയിരുന്നു. അവളുടെ അമ്മയുടെ കോട്ടണ്‍ സാരി കൊണ്ട് അവള്‍ തുന്നിയതാണ് ആ ഡ്രസ്സ്.
അല്ലെങ്കിലും അവള്‍ക്ക് ഗോതമ്പിന്റെ നിറമാണ്. അവള്‍ക്ക് ഏതു നിറവും ചേരും.
ആരും നോക്കിനിന്നുപോകുന്ന സുന്ദരി. ഓടിയും ചാടിയും തുള്ളിച്ചാടിയും ആരെയും കൂസാതെ..
ആഹാ! എത്ര മനോഹരമായിരുന്നു അന്നൊക്കെ.
അവള്‍ക്ക് തൊട്ടുമുകളിലായി ഒരു ചേച്ചിയും കൂടിയുണ്ട്. വലിയൊരു പഠിപ്പിസ്റ്റ്.
അമ്പിളിയുടെ അച്ഛന് ചെറുതായി തോന്നിയിരുന്ന ക്ഷീണം നാളുകള്‍ കഴിയും തോറും കൂടിക്കൂടി വന്നു.
ഹൃദയഭിത്തികള്‍ക്ക് ബലക്ഷയവും വാല്‍വുകള്‍ക്ക് തകരാറും ബ്ലോക്കും എല്ലാം കൂടി ആകെ തകര്‍ന്ന അവസ്ഥയില്‍. അവളും അവളുടെ അമ്മയും ചേച്ചിയും ആകെ തകര്‍ന്നു പോയ സമയം. ചില നടപ്പുദോഷങ്ങളുടെ പേരില്‍ കുടുംബക്കാര്‍ മുഴുവന്‍ അവരുടെ അമ്മയില്‍ നിന്നും അകലം പാലിച്ചത് ഒരിക്കലും അവളുടെയോ ചേച്ചിയുടെയോ കുറ്റമല്ല.
ആരും പരസഹായത്തിനില്ലാത്ത ഒരു പെരുമഴ തകര്‍ക്കുന്ന പാതിരാത്രിയിലാണ് അവളുടെ അച്ഛന് മൂന്നാമത്തെ അറ്റാക്ക് വന്നത് പൊതു നടവഴി വീടോട് ചേര്‍ന്നായതിനാല്‍ ആണ് ആ മൂന്നുപെണ്ണുങ്ങളുടെ നിലവിളി അലക്‌സ് കേട്ടത്.
തനിക്കു താങ്ങാന്‍ പറ്റാത്തവിധം ശരീരവലിപ്പം ഉണ്ടായിട്ടും ഒരുവിധം അലക്‌സും അമ്പിളിയും കൂടി വലിച്ചും പാതി ഉയര്‍ത്തിയും അവളുടെ അച്ഛനെ ആ രാത്രിയില്‍ വഴിവരെ എത്തിച്ചു. പിന്നീട് ഹോസ്പിറ്റലിലെത്തിച്ചു വീട്ടില്‍ തിരികെയെത്തും വരെയുള്ള സര്‍വ്വകാര്യങ്ങളും അലക്‌സ് ചെയ്തു കൊടുത്തു.
അറിഞ്ഞു കേട്ടെത്തിയ ബന്ധുക്കളും സ്വന്തക്കാരും പരിധികളിലും പരിമിതികളിലും ഒതുങ്ങി നിന്നൊരകലം കാത്തു. അലക്‌സ് ഇരുകൈ മെയ്യ് മറന്ന് അവര്‍ക്കായ് നിലകൊണ്ടു.
ആരുമല്ലാതിരുന്നിട്ടും അവന്റെ ഈ സഹായമനോഭാവം കണ്ട പൊതുജനങ്ങളും ബന്ധുമിത്രാധികളും ചെവികള്‍ കടിച്ചു പിറുപിറുക്കന്‍ തുടങ്ങി. അമ്പിളിയുടെ അച്ഛന്‍ വീട്ടുകാര്‍ അവനെ അവരുടെ വീട്ടില്‍ ഇനി വരരുതെന്നു പലതവണ വിലക്കി. തളര്‍ന്ന അവസ്ഥയില്‍ കട്ടിലില്‍ കിടക്കുന്ന അവളുടെ അച്ഛനെ ഒന്ന് പ്രഥാമിക കര്‍മ്മങ്ങള്‍ ചെയ്യിക്കാന്‍പോലും അലക്‌സ് ചെല്ലണം എന്നായി.
ആളുകളുടെ എതിര്‍പ്പുകള്‍ കൂടും തോറും അലക്‌സ് അതൊരു ഉത്തരവാദിത്വം ആയി ഏറ്റെടുത്തു ചെയ്യാന്‍ തുടങ്ങി. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്പിച്ചതും പാല് എന്നപോലെ ആളുകളുടെ മനോനിലവാരത്തെ ഇനിയും വെറുതേ ആശങ്കയുടെ മുള്‍ മുനയില്‍ നിര്‍ത്തേണ്ട എന്ന ചിന്തയാലാവുംഅന്ന് അവര്‍ രണ്ടാള്‍ക്കും ഒരു പോലെ അലക്‌സിനോട് പ്രണയം തോന്നി. അമ്പിളിക്കും അവളുടെ ചേച്ചിക്കും!
അമ്പിളി അത് ഒരവസരത്തില്‍ ആരുമറിയാതെ അലക്‌സിനോട് പറഞ്ഞു. അവര്‍ക്കായിരുന്നു കൂടുതല്‍ അടുക്കാനുള്ള അവസരവും.
എന്നാല്‍ അമ്പിളിയുടെ ചേച്ചി പൊതുവേ ആരോടുമങ്ങനെ കൂടുതല്‍ അടുപ്പമില്ലാത്ത പ്രകൃതവും. മിണ്ടാട്ടം കുറവും. അവളും അലക്‌സിനെ ആരുമറിയാതെ പ്രണയിച്ചു.
പിന്നീട് അധിക കാലം അവരുടെ അച്ഛന്‍ ജീവനോടിരുന്നില്ല. വേദനയില്ലാത്ത മരുന്നു വേണ്ടാത്ത ലോകത്തേക്ക് അദ്ദേഹം പോയി.
അന്ത്യ കര്‍മ്മങ്ങളൊക്കെ ചെയ്യാന്‍ അലക്‌സ് ഓടിനടന്നു. അലക്‌സിന്റെ ചുറുചുറുക്കോടെയുള്ള പ്രവര്‍ത്തികളില്‍ സംതൃപ്തരായ അമ്പിളിയും ചേച്ചിയും അച്ഛന്റെ വേര്‍പാട് വേഗം മറന്നു.
ആ ഇടക്കാണ് നാട്ടുകാരും വീട്ടുകാരും എല്ലാവരും ഞെട്ടിക്കുന്ന ആ സത്യം മനസ്സിലാക്കിയത്.
അലക്‌സിനു മാരകമായ എന്തോ രോഗം ഉണ്ടെന്ന്്.
ഇടക്കിടക്ക് മൂക്കില്‍ നിന്നും ഇറ്റുവീഴുന്ന രക്ത തുള്ളികള്‍ ബ്രെയിന്‍ ട്യൂമറിന്റെതാണെന്നു താമസിയാതെ അവര്‍ ഞെട്ടലോടെ അറിഞ്ഞു. അതോടൊപ്പം മറ്റൊരു വാര്‍ത്തയും എല്ലാത്തിലും ഉപരി എല്ലാവരെയും ഞെട്ടിച്ചു, അമ്പിളി ഗര്‍ഭിണിയാണ്.
ആദ്യം ഞെട്ടിയതും തകര്‍ന്നതും അവളുടെ ചേച്ചിയാണ്. ആ ഞെട്ടലിന്റെ ആഘാതത്തില്‍ അവളുടെ ചേച്ചിയുടെ മനോനില തകര്‍ന്നു. ആരോടും മിണ്ടുകയും പറയുകയും ചെയ്യാതിരുന്ന അവള്‍ അലക്‌സിനെ ഇപ്പോള്‍ കാണുമ്പോള്‍ ഭ്രാന്തമായി പെരുമാറുവാന്‍ തുടങ്ങി.
എന്നെയും സ്‌നേഹിക്കൂ എന്നവള്‍ അലമുറയിട്ടു. മരണത്തിന്റെ വാമുഖത്തു നിസ്സഹായനായി നില്‍ക്കുന്ന അലക്‌സ്. അമ്പിളിയുടെ വയറ്റില്‍ വളരുന്ന തന്റെ കുഞ്ഞിനേയോര്‍ത്തും മനോ നിലതെറ്റിയ അവളുടെ ചേച്ചിയെയോര്‍ത്തും തീതിന്നു തുടങ്ങി.
അമ്പിളി ഒരു കാരണവശാലും കുഞ്ഞിനെ ഉപേക്ഷിക്കാന്‍ കൂട്ടാക്കിയില്ല. വീട്ടുകാരും നാട്ടുകാരും മൊത്തം എതിര്‍ത്തു. അവസ്ഥകളെ വിശകലനം ചെയ്തു. അമ്പിളി അതിനൊന്നും ചെവികൊടുത്തില്ല. അവള്‍ അലക്‌സിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചു. അലക്‌സിന്റ വീട്ടുകാര്‍ അവരെ സ്വീകരിച്ചില്ല. അയാള്‍ അവളുടെ വീട്ടില്‍ തങ്ങി. ചേച്ചിയുടെ ഭ്രാന്തമായ പ്രവൃത്തികള്‍ കണ്ടില്ലെന്നു നടിച്ചു.
മാസങ്ങള്‍ കഴിയും തോറും അമ്പിളിയുടെ വയറും അലക്‌സിന്റെ രോഗവും വലുതായി വന്നു. അവള്‍ക്ക് ഒന്‍പത് മാസമായപ്പോള്‍ അലക്‌സ് രോഗം മൂര്‍ച്ഛിച്ച്ആശുപത്രിയില്‍ അഡ്മിറ്റായി. അങ്ങനെ ഏതാനും ദിവസങ്ങള്‍ ഐ സി യൂ വിലും വെന്റിലേറ്ററിലും ആയി അയാള്‍ കിടന്നു.
തുടര്‍ച്ചയായുള്ള വേദന സഹിക്കാതായപ്പോള്‍ അമ്പിളിയെയും അതേ ആശുപത്രിയില്‍ അഡ്മിറ്റാക്കി. ഷുഗറും പ്രഷറും അധികം ശല്യം ചെയ്യാത്ത ഒരു സമയം നോക്കി അവളെ ഓപ്പറേഷന്‍ ചെയ്തു.
പൊന്നു പോലൊരു പെണ്‍ കുഞ്ഞ്.
അന്ന് രാത്രി അലക്‌സിനെ എന്നെന്നേക്കുമായി വെന്റിലേറ്ററില്‍ നിന്നും പുറത്താക്കി.
വേദനകളില്ലാത്ത ലോകത്തിലേക്കു മനസു നിറയെ വേദനകളുമായി അവന്‍ പോയി, തന്നെ ജീവനു തുല്യം സ്‌നേഹിച്ച പ്രിയമുള്ളവളെ കാണാനോ തന്റെ രക്തത്തില്‍ പിറന്ന ആദ്യ സന്തതിയേ കാണാനോ നില്‍ക്കാതെ..
ഒന്നലറി കരയുവാന്‍ പോലുമാകാതെ അമ്പിളി.
നിര്‍ജ്ജീവമായ അവളുടെ കണ്ണുകള്‍. വിതുമ്പി വിറക്കുന്ന അവളുടെ ചുണ്ടുകള്‍. അഴിഞ്ഞുലഞ്ഞ മുടി. നീരുവെച്ചു വീര്‍ത്ത അവളുടെ ആ ശരീരം ഇന്നും എന്റെ കണ്മുന്‍പില്‍ വേദനയായി നില്‍ക്കുന്നു.
ഇനി,, ഇനി നിങ്ങള്‍ പറയൂ അവള്‍ ചെയ്ത തെറ്റ് എന്താണെന്ന്.
ആരും സഹായിക്കാനില്ലാത്ത അവരെ സഹായിക്കാനെത്തിയ മനുഷ്യനെ അവര്‍ രക്ഷകനായി കണ്ടത് ഒരു തെറ്റാണോ?
ആദ്യമായി ഒരു പുരുഷ സാന്നിധ്യം ഉണ്ടായപ്പോള്‍ അയാളോട് ആരാധന തോന്നിയത് തെറ്റാണോ? ചോരത്തിളപ്പിന്റെ പ്രായത്തില്‍ സുന്ദരനായൊരു യുവാവിനോടൊപ്പം അധികസമയം ചിലവഴിക്കാന്‍ അവസരം ഉള്ളപ്പോള്‍ അയാളോട് പ്രണയം തോന്നിയത് തെറ്റാണോ. അതിലുപരി അയാള്‍ അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കുമ്പോള്‍ അയാള്‍ തന്റെ ഭര്‍ത്താവ് ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയത് എങ്ങനെ തെറ്റാവും?
അവള്‍ അറിയാതെ പോയത് ചേച്ചിയുടെ മനസ്സ് മാത്രമാണ്.
അത് എങ്ങനെ അവളുടെ തെറ്റാവും? അടുത്തത് അലക്‌സൊരു രോഗിയാണെന്ന സത്യം. അതും അവള്‍ക്ക് അറിയില്ലായിരുന്നു. അറിഞ്ഞാലും അവള്‍ അയാളെ തള്ളിക്കളയില്ലായിരുന്നു.
ഇന്ന് അവള്‍ തന്റെ കുഞ്ഞിന് വേണ്ടി ജീവിക്കുന്നു, ആരെയും കൂസതെ.
കിന്നാരം പറയുവാന്‍ എത്തുന്നവരെ കണ്ണുപൊട്ടുന്ന തെറിവാക്കുകള്‍ കൊണ്ടവള്‍ നാടുകടത്തുന്നു.
ഒരിക്കല്‍ പോലുമവള്‍ വഴിതെറ്റിയില്ല. ഒരിക്കല്‍ പോലുമവള്‍ക്കു മറ്റൊരു കൂട്ടുവേണമെന്ന് തോന്നിയില്ല. അവള്‍ എങ്ങനെ കുറ്റക്കാരിയാകും? അവള്‍ എന്തു തെറ്റാണു ചെയ്തത?
അവളുടെ മോഹങ്ങളും സ്വപ്നങ്ങളും അന്നേ അവനോടൊപ്പംആ ആറടി മണ്ണില്‍ കുഴിച്ചിടപ്പെട്ടുപോയില്ലേ. ഇനി പറയൂ, അവളാണോ അവളെ ജീവിക്കാനനുവദിക്കാത്ത ഈ സമൂഹമാണോ തെറ്റുകാര്‍?