ചെല്ലാനം, ഷബ്‌ന ഫെലിക്‌സ് എഴുതിയ കഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ഷബ്‌ന ഫെലിക്‌സ് എഴുതിയ കഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
കടല്‍ ഒന്നുമറിഞ്ഞ മട്ടില്ല; അത്രയേറെ ശാന്തം.
എന്തിനായിരുന്നു ഞങ്ങളോടിത്രയും?
ചോദ്യം ഉയര്‍ന്നതും ഹൃദയം ഒരു നിമിഷമൊന്ന് വല്ലാതെ പിടച്ചു.
മറുപടിയെന്നോണം അവള്‍ ആര്‍ത്തലച്ചു ചിരിച്ചുംകൊണ്ട് പിന്തിരിഞ്ഞോടി.
ഇന്നലെ വരെ കലങ്ങി മറിഞ്ഞ കടലിരമ്പിയ മനസ്സിലുമിപ്പോള്‍ മരവിപ്പ് മാത്രം ബാക്കി.
പതിയെ തിരിഞ്ഞു നടന്നു. പഞ്ചാരപോലുള്ള മണല്‍തരികളില്‍ കറുപ്പ് നിറം ബാധിച്ചിരിക്കുന്നു. ആഴങ്ങളില്‍ അടിഞ്ഞു കൂടിയ ചെളിയും ചേറും മനുഷ്യന്‍ നിക്ഷേപിച്ച മാലിന്യങ്ങളും കരയ്ക്ക് തിരികെ സമ്മാനിച്ച് അവള്‍ തല്‍ക്കാലം യാത്രയായിരിക്കുന്നു.
യാത്ര പറച്ചിലിലില്ല. വിട പറയുന്ന ശോകമൂകരംഗങ്ങളില്ല. അവള്‍ക്കറിയാം, ഇനിയും ചുംബിക്കാന്‍ അവള്‍ക്കായ് ഈ കര ഇവിടെ ബാക്കി കാണുമെന്ന്.അതോ ഈ പതിവ് തുടര്‍ന്നാല്‍ ഈ കരയെ കൂടി അവള്‍ സ്വന്തമാക്കി യാത്രയാകുമോ?
ഓരോ ചോദ്യത്തിനും മറുപടിയെന്നോണം അവള്‍ തനിക്കു പുറകിലായി ആര്‍ത്തട്ടഹസിച്ചുകൊണ്ടിരുന്നു.
വീടുകളില്‍ എല്ലാവരും തകൃതിയായി ജോലിയിലാണ്. വിലപ്പെട്ടവ നഷ്ടപ്പെട്ട മുഖങ്ങള്‍ ചിരിക്കുവാന്‍ വൃഥാ ശ്രമിക്കുന്നു.
'മിക്കവാറും കുറെ ചിക്കുകള്‍ ഇന്നു തന്നെ ബ്ലോക്കി പോയ് കാണും'
'അതെന്താടാ..?'
'ജീവനില്‍ കൊതിയുള്ള ആരേലും ഇനി നമ്മളെ കെട്ടി ഇവിടെ പൊറുക്കാന്‍ വരുവോ?'
അന്ന്, ശക്തമായ് കയറി വരുന്ന കടല്‍വെള്ളത്തിന് തടയിടാന്‍ മണല്‍ച്ചാക്ക് നിറയ്ക്കുമ്പോഴും ആരോ ഒരുത്തന്‍ കമന്റിട്ടു.
കാലിന്നടിയിലെ മണ്ണ് ഒഴുകി പോകുമ്പോഴും പൊട്ടിച്ചിരികൊണ്ട് ഹൃദയവേദനയുടെ ഓട്ടയടക്കാന്‍ ശ്രമിക്കുകയാണ് അവര്‍.
നാലു ദിവസം മുന്‍പേ ഉച്ചയോടെയായിരുന്നു പതിയെ പതിയെ കടല്‍ തന്റെ കാലുകള്‍ നീട്ടിത്തുടങ്ങിയത്. അവള്‍ കുറുകി കൊണ്ടിരുന്നു. അത് കേട്ട് തിമിരം ബാധിച്ച കണ്ണുകള്‍ക്ക് മീതെ കൈപ്പത്തി വെച്ച് ആകാശത്തേക്ക് നോക്കി, പിന്നെ വിരലില്‍ ദിനങ്ങള്‍ എണ്ണി.
'കള്ള കര്‍ക്കിടത്തിലെ കറുത്ത വാവ്. അവള്‍ കൊണ്ടേ പോകു..'
കൂടുതല്‍ ഓണം ഉണ്ട അവരുടെ നാവുകള്‍ പൊന്നായി. അവളുടെ കുഞ്ഞുചിരിയൊലികള്‍ അട്ടഹാസങ്ങളായി മാറി. നാവുകള്‍ ഹുങ്കാരധ്വനി മുഴക്കി നാടിനെ വിറപ്പിച്ചു. തല നീട്ടി നാവുകള്‍ പുറത്തേക്കിട്ട് അവളെ തളച്ചിട്ട ഭിത്തികള്‍ക്കപ്പുറത്തേക്കുള്ള വഴികള്‍ തുരന്ന് കുഞ്ഞു ചാലുകള്‍ കീറി, മണ്ണില്‍ ആദ്യം തന്റെ കാലടികള്‍ പതിപ്പിച്ചും പിന്നെ പിന്നെ വലിയാരാവത്തോടെ വിജയഭേരി മുഴക്കി തന്റെ സാമ്രാജ്യം സ്ഥാപിച്ചും കരയില്‍ സംഹാരതാണ്ഡവമാടി.
ജീവിതകാലത്തിലെ സമ്പാദ്യങ്ങള്‍, അടുക്കളയിലെ കറിച്ചട്ടിവരെ കടല്‍ കശക്കി എറിഞ്ഞു. പൊട്ടിയൊലിക്കുന്ന കക്കൂസ് മാലിന്യങ്ങള്‍ വെള്ളത്തോടൊപ്പം ഒഴുകി നടന്നു. നനഞ്ഞു പോകാതെ കൈയില്‍ കിട്ടിയ വിലപ്പെട്ടതും കൊണ്ട് പുറത്തേയ്‌ക്കോടി പ്രിയപ്പെട്ടവരുടെ വീടുകളില്‍ അഭയം തേടുന്നവര്‍ എല്ലാം കണ്ട് തലയില്‍ കൈകള്‍ വെച്ച് യാത്രയായി.
കാലങ്ങളായുള്ള ഈ പുറപ്പാടിനു ഇത്തവണ ഒരു കുഞ്ഞന്‍ വിഘ്നം വരുത്തിയിരിക്കുന്നു
നെഞ്ചത്തടിച്ചു നിലവിളിച്ച അമ്മമനസ്സുകള്‍. അവരുടെ ഇടയിലാണ് നിറവയര്‍ ഏന്തി പുന്നാരപ്പെങ്ങളും അവളുടെ ഒന്നര വയസ്സുള്ള ആദിക്കുട്ടനും .
കടല്‍ കരയെ വിഴുങ്ങി ഭ്രാന്തമായ യാത്ര തുടരും നേരം വരെ, യാത്ര പറഞ്ഞു പിരിഞ്ഞു പോയ പ്രണയക്കടലിന്റെ ആഴത്തില്‍ മുങ്ങിതപ്പി ഭ്രാന്തിന്റെ വക്കില്‍ എന്റെ മനസ്സ് ഊയലാടിക്കൊണ്ടിരുന്നു.
'അവള്‍ ഒന്ന് വിളിച്ചെങ്കില്‍. ഒരു മെസേജ് എങ്കിലും...'
അവളുടെ ഫോണിലേക്ക് ദിവസങ്ങളായി വിളിക്കുന്നു. പ്രണയം എന്ന കടല്‍ക്ഷോഭത്തോളം വേദന മറ്റൊന്നിനും ഇല്ലെന്ന് വിധിയെഴുതിയ ദിനങ്ങള്‍.
ആ ദിനത്തിലേയ്ക്കാണ് കടല്‍ ആര്‍ത്തലച്ചു വന്നത്.
ഒളിച്ചോടാന്‍ ഇടമില്ല. ഒരു കുഞ്ഞന്‍ വൈറസ് പിടി മുറുക്കി ഒരു ഗ്രാമത്തെ മുഴുവന്‍ കൂട്ടിലടച്ചിരിക്കുന്നു. പണിയില്ല. എങ്ങോട്ടാണ് വീട്ടുകാരെയും കൊണ്ട് ഓടേണ്ടത്?
ഉയര്‍ന്നു പൊങ്ങുന്ന വള്ളത്തില്‍ നിന്നും വൃദ്ധരും കുട്ടികളെയും സ്ത്രീകളെയും ഏതെങ്കിലും സുരക്ഷിതസ്ഥാനങ്ങളില്‍ എത്തിക്കാന്‍ പെടാപ്പാടുപെടുന്നവര്‍. ദശാബ്ദത്തിലേറെ പഴക്കമുള്ള കാഴ്ച്ച. പക്ഷേ ഇത്തവണ ഒരു വ്യത്യസമുണ്ട്. എല്ലാവരുടെയും വാ മൂടി കെട്ടിയിരിക്കുന്നു.
പ്രതിരോധമാണ്. സാമൂഹ്യഅകലം പാലിക്കണം പോലും. ജീവനുവേണ്ടിയുള്ള ഓട്ടത്തിനിടയില്‍ എന്ത് അകലം!
എന്തിനോടുള്ള പ്രതിരോധം?
ഈ കരയും ഈ കടലും ഈ ജനങ്ങളും ഇവിടെ ഉണ്ടായിരുന്നു. ഒരു വൈറസും ഇല്ലാതിരുന്ന കാലത്തില്‍ പോലും.
സമരങ്ങള്‍..
സമരങ്ങള്‍..
സമരങ്ങള്‍..
കൊടി വെച്ച കാറുകള്‍ ഏറെ വന്നു. ബജറ്റില്‍ കോടികള്‍ വകയിരുത്തി കൊട്ടിഘോഷിച്ച ഉല്‍ഘാടനമഹാമഹങ്ങള്‍. എന്നിട്ടെന്തായി?
നാട്ടിലെ കൊവിഡിന്റെ ഭീകരാവസ്ഥ കേട്ടറിഞ്ഞിട്ടാവണം. നീട്ടിപ്പിടിച്ച മൈക്കുമായി മാധ്യമപ്രവര്‍ത്തകരില്ല, കൊടിപറത്തുന്ന വണ്ടിയില്‍ പോലീസ് അകമ്പടിയോടെ വന്നെത്തുന്ന ജനപ്രതിനിധികളില്ല.
വെള്ളം..
വെള്ളം മാത്രം..
ഇന്നിപ്പോള്‍ എല്ലാം ശാന്തം..
കടല്‍ അവശേഷിപ്പിച്ച ചെള്ളയും ചേറും വൃത്തിയാക്കി നില്‍ക്കുന്ന ഒരു പറ്റം ചെറുപ്പക്കാരെ നോക്കി കൈകള്‍ വീശി.
വഴിയോരത്ത്‌സിമന്റില്‍ ഉറപ്പിച്ച ഏതോ രാഷ്ട്രീയപാര്‍ട്ടിയുടെ കൊടിമരത്തിലെ കൊടി തള്ളി വന്ന രോഷത്തില്‍ വലിച്ചു പറിച്ചു ദൂരത്തേക്കെറിഞ്ഞു.
വലിച്ചെറിഞ്ഞ പോലെ എളുപ്പമല്ല ഒന്നും കെട്ടിപ്പൊക്കാന്‍. പ്രണയം പോലെ.
വെള്ളം കയറി വരുന്ന കാഴ്ച്ച കണ്ട്, ടെന്‍ഷന്‍ അടിച്ചു പ്രഷര്‍ കൂടിയിട്ടാവണം പെങ്ങളുടെ നിറഞ്ഞ വയറിനുള്ളിലെ ജീവന്‍ പുറത്തേക്കു വരാന്‍ തിടുക്കം കൂട്ടിയത്. കുഞ്ഞുവഞ്ചിയില്‍ കയറ്റിയിരുത്തി, തോടായ റോഡിലൂടെ കിലോമീറ്റര്‍ താണ്ടി, കൂട്ടുകാരുമായി രണ്ട് ജീവന്‍ രക്ഷിക്കാനുള്ള അന്നത്തെ ശ്രമത്തിന്റെയിടയിലാണ് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് പോക്കറ്റില്‍ തിരുകിയ ഫോണ്‍ തുരുതുരാ ചിലച്ചു കൊണ്ടിരുന്നത്.
ഇടക്കെപ്പഴോ വീണു കിട്ടിയ നേരത്തു ചെവിയില്‍ തിരുകിയ ഫോണിന്റെ മറുതലക്കല്‍ അവളുടെ ചിണുങ്ങള്‍ കേട്ടു.
'എന്താ ഫോണ് എടുക്കാത്തെ?'
'വെച്ചിട്ടു പോടി ശവമേ...'
ദിവസങ്ങളായി അവളുടെ ഫോണും കാത്തു നിന്ന തന്റെ വായില്‍ നിന്നും. മൊഴിഞ്ഞ വാക്കുകള്‍..
ജീവനു വേണ്ടി വിലപ്പെട്ടതെല്ലാം ഉപേക്ഷിച്ച് , നെഞ്ചു പിടയുന്ന ഒരു നാടിന്റെ മുന്നില്‍ പ്രണയമല്ല ഏറ്റവും വലിയ വേദന.
അവള്‍ക്കറിയില്ലലോ അന്നത്തെ അവസ്ഥ എന്നുള്ള ചിന്തയൊന്നും അന്നേരം മനസ്സില്‍ കടന്നുവന്നില്ല. ഒന്നു വിളിച്ചാലോ.!
ഫോണെടുത്തു ചെവിയില്‍ തിരുകി പതിയെ വിളിച്ചു.
മറുവശത്ത് അവള്‍..
'വഴക്കാണോ?'
'അവിടെ സേഫ് ആണോ?' മറുചോദ്യത്തില്‍ ഒരുത്തരം.
ചിരിയാണ് വന്നത്.
തിരിച്ചറിവുകളില്‍ സ്നേഹം എന്ന വികാരത്തിന് എന്നും ഒരേ ഒരു മുഖമേ ഉള്ളൂ.
സ്‌നേഹം, എന്നുമെന്നും സ്‌നേഹം. വിട്ടുവീഴ്ച്ചയുടെ, വിട്ടുകൊടുക്കലിന്റെ, വേലിയേറ്റത്തിന്റെ, വേലിയിറക്കത്തിന്റെ സ്‌നേഹം.
ഓരോ വീട്ടുവളപ്പിലും എല്ലാവരും തിരക്കിലാണ്. അതിജീവനത്തിന്റെ പാതയില്‍ ഓരോ ഭവനവും. നനഞ്ഞു കുതിര്‍ന്ന ഉപകരണങ്ങള്‍ വെയിലത്തുണക്കാന്‍ നിരത്തി വെച്ചിരിക്കുന്നു. ചീഞ്ഞു നാറുന്ന ചേറിന്റെ മണവും പൊട്ടിയൊലിച്ച കക്കൂസിന്റെ ഗന്ധവും കാറ്റിലിപ്പോഴും തങ്ങി നില്‍ക്കുന്നു. വേരുകളില്‍ ഉപ്പുവെള്ളം കയറിയിറങ്ങിയതിന്റെ അടയാളമെന്നോണം പച്ചപ്പിന്റെ അവശിഷ്ടങ്ങള്‍ നഷ്ടമാക്കി കരിവാളിപ്പിന്റെ മുഖപടം ധരിച്ചിരിക്കുന്ന വൃക്ഷലതാദികള്‍. ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാം കരിഞ്ഞുണങ്ങും. കടല്‍ കരയെ വിഴുങ്ങുമ്പോള്‍ നഷ്ടമാക്കുന്ന പലതിനും ഒരിക്കലും ഒരു സര്‍ക്കാരിനും വിലയിടാനാവില്ല.
എങ്കിലും ഈ ജനത തോല്‍ക്കില്ല. കടലമ്മയെ പഴി പറയില്ല. കടലിന്റെ മക്കള്‍ക്ക് അന്നം തരുന്ന അമ്മയെ തള്ളിപ്പറയാന്‍ ഒക്കുമോ?
വീട്ടിലേക്ക് നടന്നു കയറി.
വീട്ടില്‍, അപ്പച്ചന്‍ തൂമ്പാ കൊണ്ട് മുറ്റം ചെത്തിമിനുക്കുന്നു തകര്‍ന്നു കിടക്കുന്ന അടുക്കള തൂത്തുതുടച്ചു വൃത്തിയാക്കുന്ന അമ്മച്ചി. ഒന്നര വയസ്സുള്ള ആദിക്കുട്ടന്‍ അപ്പൂപ്പനൊപ്പം മുറ്റത്തെ മണ്ണില്‍ ഓടിനടക്കുന്നു. അവനും മാസ്‌ക് വെച്ചിട്ടുണ്ട്. കുളിച്ചു വൃത്തിയായി, ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു എത്തിയ പെങ്ങളുടെ അരികില്‍ ചെന്നിരുന്നു.
ആദിക്കുട്ടന് ഒരു കുഞ്ഞനിയന്‍ കൂടി.
അവന്‍ ഉറക്കത്തിലാണ്.
കണ്ണുകള്‍ പാതിയടച്ച്, ചുണ്ടില്‍ ഇടക്കിടെ വിരിയുന്ന പുഞ്ചിരിയോടെ.
അവന്‍ സ്വപ്‌നം കാണുന്നുണ്ടാവും, സ്വര്‍ഗതുല്യമായ ഒരു ലോകത്തിനു വേണ്ടി. ഭയപ്പാടില്ലാതെ ജീവിക്കാന്‍ സാധിക്കുന്ന തീരദേശവാസികളിലൊരാളായി മാറാന്‍.
അവന്റെയും കൈകള്‍ ചുരുട്ടി പിടിച്ചിരിക്കുന്നു.
പോരാട്ടമാണ്, പ്രകൃതിയോട്. ഭരിക്കുന്നവരോട്. തലമുറകള്‍ നീണ്ട സമരത്തിന്റെ, അടുത്ത കണ്ണിയായ്....