Malayalam Science Fiction : ഡ്രീം വാക്ക്, സന്ധ്യ യു എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സന്ധ്യ യു എഴുതിയ ചെറുകഥ

chilla malayalam short story by Sandhya U

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam short story by Sandhya U

ഒരു എയ്‌റോസ്‌പെയ്‌സ് റിസര്‍ച്ച് സെന്ററിലെ പ്രധാന കെട്ടിടത്തിനു മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഹോര്‍ഡിംഗ് പാന്‍ ചെയ്ത് ക്യാമറ അതിനുള്ളിലെ ഒരു മിനികോണ്‍ഫറന്‍സ് ഹാള്‍ വൈഡ് ആംഗിളില്‍ നിറുത്തി. കേന്ദ്രം വാഷിങ്ടണ്‍ നഗരത്തിലാണെന്നു കാണിക്കാനായി സ്‌ക്രീനിനു താഴെ വാഷിങ്ടണ്‍ എന്ന് എഴുതിക്കാണിച്ചു.വലുപ്പമുള്ള ഒരു ചതുരമേശക്കു മുന്നില്‍ കുറച്ചുപേര്‍ ഇരിക്കുന്നു. അവിടെ നടക്കുന്ന മീറ്റിംഗിന്റെ സ്വഭാവം അറിയിക്കുന്ന തരത്തിലുള്ള ഒരു നിഗൂഢത അന്തരീക്ഷത്തില്‍ ലയിച്ചിരുന്നു.

യോഗത്തിന്റെ ലീഡര്‍ എന്ന് കരുതാവുന്ന വ്യക്തിയിലേക്ക് പതിയെ ടോപ് ആംഗിളില്‍ സൂം ചെയ്തു.ലീഡര്‍ സംസാരിക്കുകയാണ് 'നിങ്ങള്‍ ഇതിന്റെ പോസിറ്റീവ് വശത്തെ കുറിച്ച് ചിന്തിക്കു. പ്രപഞ്ചമുള്ളിടത്തോളം കാലം നമ്മളുണ്ടാകും'

അവിടെയുണ്ടായിരുന്നവരുടെ മുഖത്ത് ഭയാത്മകമായ ഒരു പരിഭ്രമം ദൃശ്യമായിരുന്നു. ശബ്ദമില്ലാതെ  അവര്‍ ചുണ്ടനക്കി 'നോ'.

ഇതിനിടയില്‍ വീണു കിട്ടിയ നിശ്ശബ്ദത ഉപയോഗിച്ച് ക്യാമറ അവരിലേക്ക് കൂടുതല്‍ അടുത്തു. ആ ടേബിളിനു മുന്നില്‍ ഇരിക്കുന്നവരിലധികവും പല രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് അവരുടെ ശരീരഭാഷയില്‍ നിന്നറിയാനായി. കൂട്ടത്തിലെ ഇന്ത്യക്കാരനെ വേഷത്തില്‍ പഞ്ചാബിയാണെന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞു. കൂടുതല്‍ പരിചയപ്പെടലുകള്‍ക്കായി അവരുടെയെല്ലാം വെളുത്ത കോട്ടില്‍ പതിപ്പിച്ചിരിക്കുന്ന ബാഡ്ജിലേക്ക് ഫോക്കസ് ചെയ്തു. അതില്‍ അവരുടെ പേരും ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റ്റും രേഖപ്പെടുത്തിയിരുന്നു.

നിശ്ശബ്ദത കൂടുതല്‍ സംസാരിച്ചുകൊണ്ടിരുന്ന ആ യോഗം ധാരണയാകാതെ ഫെയ്ഡ് ഔട്ടായി. ശേഷം ഹാളിന് പുറത്തെ ദൃശ്യം പകര്‍ത്തിയ ക്യാമറ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ലീഡറോടൊപ്പം കൂടി. അയാളുടെ ബാഡ്ജില്‍ ഐറിച്ച് ബ്രിക്‌സ്, ചീഫ്. മിഷന്‍ മാഴ്‌സ് എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്.

അയാള്‍ ആരെയോ ഫോണ്‍ ചെയ്തു കൊണ്ട് കെട്ടിടത്തിനു പുറത്തിറങ്ങി കാത്തു കിടന്ന കാറിലേക്ക് കയറി. ആ കേന്ദ്രത്തിന്  അകത്തുതന്നെയുള്ള മറ്റൊരു കെട്ടിടത്തിനു മുന്നിലായി കാര്‍ നിന്നു. വൈഡ് ഷോട്ടിലൂടെ നോക്കി നിന്നതിനാല്‍ കേന്ദ്രത്തിലെ വിസ്തൃതി മനസിലാക്കാന്‍ കഴിയും. 

ഐറിച്ചും മറ്റൊരു ഉന്നതനും തമ്മിലുള്ള കൂടിക്കാഴ്ചയാണ് അതിനുള്ളില്‍ നടന്നത്. ഐറിച്ചിന്റെ പുറകില്‍ നിന്ന് ഫോക്കസ് ചെയ്തതിനാല്‍ അയാളുടെ മുന്നിലിരുന്ന ഉന്നതനിലേക്കായിരുന്നു കണ്ണുകള്‍ ഫോക്കസ് ചെയ്യ്തത്. തികഞ്ഞ ഒരു മാന്യനെന്നു തോന്നിപ്പിക്കുന്ന അയാളെ ഐറിച്ച് 'സാര്‍ ' എന്ന് സംബോധന ചെയ്തു. കുറച്ചു മുന്‍പ് നടന്ന മീറ്റിംഗിനെ കുറിച്ച് അവര്‍ സംസാരിച്ചു. 'ആരും ഒന്നും അംഗീകരിച്ചില്ല. അവര്‍ക്ക് മിഷന്‍ ഉള്‍ക്കൊള്ളാനാവില്ല. ഇടുങ്ങിയ ചിന്തയാണ് അവരുടേത്'. ഐറിച്ച് പറഞ്ഞു.

'പ്രതീക്ഷിച്ചത് തന്നെയാണല്ലോയിത്. കളയൂ. ഇനി അടുത്തഘട്ടത്തിലേക്ക് പോകാം'- മാന്യന്‍ തീരുമാനിച്ചു.

പിന്നീടുണ്ടായ അവരുടെ സംഭാഷണങ്ങള്‍ കേള്‍പ്പിക്കേണ്ടതില്ലെന്നു കരുതിയിട്ടാകാം മൈക്ക് മ്യൂട്ട് ചെയ്തു കൊണ്ട് പഴയ നിലയില്‍ തന്നെ സീന്‍ തുടര്‍ന്നു. കുറച്ച് കഴിഞ്ഞ് ആ കൂടിക്കാഴ്ച്ച കണ്ടുമടുത്തിട്ടോ മറ്റേതോ പ്രധാനപ്പെട്ട കാഴ്ചയിലേക്ക് എത്തേണ്ടതുകൊണ്ടോ ആകണം ആ സീന്‍ അവിടെ കട്ടാക്കി പുതിയതിലേക്ക് വന്നു. 

ഐറിച്ചിന്റെ മീറ്റിംഗില്‍ പങ്കെടുത്ത ഒരു ഡിപ്പാര്‍ട്ടുമെന്റ് ഹെഡിന്റെ ബെഡ് റൂമായിരുന്നു ലൊക്കേഷന്‍.

അവിടെ എന്തോ നടക്കാന്‍പോകുന്നതായി തോന്നി. മുറിയിലേക്ക് അപ്പോഴെത്തിയ അയാള്‍ അസ്വസ്ഥനായിരുന്നു. കോട്ടൂരി തറയിലേക്ക് നീട്ടിയെറിഞ്ഞു. വീഴ്ചയില്‍ കോട്ടിലെ ബാഡ്ജ് ഇളകിത്തെറിച്ചു. ഈ അവസരം ഉപയോഗിച്ച് അയാളുടെ പേരും ഡിപ്പാര്‍ട്ടുമെന്റ്റും അറിയാനായി ബാഡ്ജിനു പുറകെ പോയി സൂം ചെയ്തു. ജോണ്‍ റിക്‌സണ്‍. റോബോട്ടിക്‌സ്. ഒരു നായകനു യോജിച്ച അഴകും ആരോഗ്യവും ചേര്‍ന്ന റിക്‌സണെ ടില്‍റ്റ്അപ്പ് ഷോട്ടിലൂടെ അടിമുടി നോക്കി. ഹീറോയാണെന്ന്  തോന്നിപ്പിക്കുന്നതുപോലെ. റിക്സണ്‍ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ബെഡിലേക്കിട്ടു. എന്തോ പ്രശ്‌നമുണ്ടെന്നു മനസിലാക്കി ഉചിതമായി ഇടപെടാനായി റിക്സണ്‍ന്റെ മുഖം ക്ലോസപ്പിലാക്കി. അസ്വസ്ഥനായി അയാള്‍ മുറിക്കുള്ളില്‍ ചുറ്റും നോക്കി. എന്തോ തിരയുന്നതുപോലെ.

ഉടന്‍ അവിടെ നിന്ന് ഒരു കട്ട്ഷോട്ടിലൂടെ സെന്ററിലെ ഒരു രഹസ്യ സങ്കേതത്തിലേക്ക് കയറി. അവിടെ കേന്ദ്രത്തിന്റെ സര്‍വ്വതും നിരീക്ഷിക്കുകയും സ്‌കാന്‍ ചെയ്യുകയും ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ധാരാളം ജീവനക്കാര്‍ ജാഗരൂകരായി സ്‌ക്രീനിനുള്ളില്‍ കണ്ണുകളാഴ്ത്തി ചെവികള്‍ ഹെഡ് ഫോണിന് വിട്ടുകൊടുത്ത് അവിടെ കാവലിരിക്കുന്നു. നിരീക്ഷണമുറി ആകെയൊന്നു വീക്ഷിച്ചതിനു ശേഷം ഒരു പ്രത്യേക കാഴ്ചയിലേക്ക് വന്നു.

മീറ്റിംഗില്‍ പങ്കെടുത്ത ഡിപ്പാര്‍ട്ടുമെന്റ് തലവന്മാരുടെ മുറികളിലെ ദൃശ്യങ്ങളായിരുന്നു അത്.അതില്‍ നിന്ന് നമ്മുടെ റിക്സണിന്റെ മുറി നിരീക്ഷകന്‍ ചികഞ്ഞെടുത്തു. റിക്സണ്‍ മുറിയിലെവിടെയോയിരുന്ന്  തന്നെ നോക്കി കൊണ്ടിരിക്കുന്ന ചാരക്കണ്ണുകള്‍ തിരയുന്നത് നിരീക്ഷകന്‍ കണ്ടു. അപ്പോഴാണ് റിക്സണിന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചത്. അയാള്‍ അതിലേക്കൊന്നു പാളി നോക്കി. അത്ര തന്നെ. എന്നാല്‍ നിരീക്ഷകന്‍ സ്‌ക്രീനില്‍ സെലക്ട് ഐക്കണ്‍ ക്ലിക്ക് ചെയ്യത് മൊബൈല്‍ സ്‌ക്രീന്‍ സൂം ചെയതു. ചെറിയൊരു വൃത്തത്തിനുള്ളില്‍ സുന്ദരിയായ ഒരു യുവതിയുടെ ക്ലോസപ്പ് മുഖം തെളിഞ്ഞു. താഴെ 'ലൂസിയ കാളിങ് 'എന്ന് കാണിച്ചു. റിക്സണ്‍ അസ്വസ്ഥനായി കസേരയില്‍ ചാരിക്കിടന്നു. അധികം വൈകാതെ വീണ്ടും ലൂസിയ വിളിച്ചു. ഇത്തവണ അയാള്‍ കോളെടുത്തു. നിരീക്ഷകന്റെ ഹെഡ് ഫോണില്‍ നിന്നും ഒന്നും ചോരില്ലെന്ന് മനസിലാക്കി പെട്ടെന്ന് നിരീക്ഷണമുറി ഉപേക്ഷിച്ച് റിക്സണിന്റെ മുറിയിലെത്തി മിഡ് ഷോട്ടില്‍ നിന്നു.

  ഹലോ.....
  ഹായ്.....

സംസാരത്തില്‍ നിന്ന് റിക്സണിന്റെ ഗേള്‍ ഫ്രണ്ടാണ് ലൂസിയ എന്ന് വ്യക്തമായി. അയാള്‍ ആ സംഭാഷണം കൃത്യമായി നര്‍മ്മസല്ലാപത്തിലേക്ക്  കൊണ്ടുപോയി. ലൂസിയ പോയതിനു ശേഷം അയാള്‍ വീണ്ടും കസേരയില്‍ ചാരിക്കിടന്നു. ഐറിച്ചുമായി അടുത്ത കാലങ്ങളില്‍ നടന്ന കൂടിക്കാഴ്ചകള്‍ റിക്സണ്‍ ഓര്‍ത്തെടുത്തു. തുടര്‍ന്നുള്ള ഷോട്ടില്‍ ആ ഓര്‍മ്മകള്‍ ക്രമമായി വന്നു. ഒരിക്കല്‍ ഐറിച്ച് നടന്നുപോകുമ്പോള്‍ യാദൃച്ഛികമായി റിക്സണിന്റെ ശ്രദ്ധയില്‍പ്പെട്ട അയാളുടെ റോബോട്ടിക് ആംബുലേഷനാണ് ആദ്യം കണ്ടത്. ആ നടത്തം ചില സൂചനകള്‍ നല്‍കി. റിക്സണില്‍ അത് ഗൗരവകരമായ സംശയങ്ങളായി മാറി. അന്ന് മിഷന്‍ മാഴ്സിന്റെ ഏഴാമത് റോക്കറ്റ് ലോഞ്ചിങ് പാര്‍ട്ടിയില്‍ വച്ച് ഐറിച്ചിനെ അയാള്‍ കൂടുതല്‍ ശ്രദ്ധിച്ചു. ഐറിച്ചിന്റെ കണ്ണുകളില്‍ ചൂഴ്ന്നു നോക്കി. അവിടെ റോബോട്ടുകളുടെ കണ്ണുകളില്‍ മാത്രം കാണുന്ന കണ്ണാടിത്തിളക്കം!

ഇങ്ങനെ റിക്സണിന്റെ കണ്ടെത്തലുകള്‍ സ്‌ക്രീനില്‍ നിറഞ്ഞു. ആ തിരിച്ചറിവുകള്‍ ഉറപ്പിക്കാനായി ആരുടെയും ശ്രദ്ധയില്‍ പ്പെടാതെ റിക്സണ്‍ കേന്ദ്രത്തെ നിരീക്ഷിക്കാന്‍ തുടങ്ങി. എന്തൊക്കെയോ നിഗൂഢതകള്‍ കേന്ദ്രത്തിനുള്ളില്‍ നടക്കുന്നതായി തോന്നി. സെക്യൂരിറ്റി സംവിധാനം, നിരീക്ഷണമുറി ഇവിടെയെല്ലാം കണ്ണാടി തിളക്കമുള്ളവരെ അയാള്‍ കണ്ടെത്തി. വൈകാതെ ഓര്‍ത്തെടുക്കലില്‍ നിന്നും  റിക്സണ്‍ പുറത്തുകടന്നു. അയാളുടെ മുഖം ക്ലോസ് അപ്പ് ചെയ്തുകൊണ്ട് ദൃശ്യം മാഞ്ഞു.

chilla malayalam short story by Sandhya U

അടുത്തതായി ഐറിച്ചും ഉന്നതനും തമ്മിലുള്ള കൂടിക്കാഴ്ച്ചയായിരുന്നു രംഗം.' നമ്മുടെ യുഗം സംജാതമാകട്ടെ 'എന്ന് പരസ്പരം അശംസിച്ചുകൊണ്ടവര്‍ കൈ കൊടുത്ത് പിരിയുമ്പോഴാണ് തുടങ്ങിയത്. അവരുടെ  സംഭാഷണത്തിന്റെ പൂര്‍ണരൂപം ആയിരുന്നില്ല ലക്ഷ്യമെന്ന് അടുത്ത ഷോട്ടില്‍ മനസിലായി. ലോ ആങ്കിളില്‍ ഉന്നതന്റെ കണ്ണുകളിലേക്ക് സൂം ഇന്‍ ചെയ്തു.അതേ കണ്ണാടിത്തിളക്കം!

ഐറിച്ച് നിരീക്ഷണ മുറിയിലേക്ക് പോകുന്നതായിരുന്നു അടുത്ത ദൃശ്യം. ആദ്യം അവിടെയുള്ള ചിലര്‍ക്ക് എന്തൊക്കെയോ നിര്‍ദ്ദേശങ്ങള്‍ നല്‍കി. നിരീക്ഷണമുറിക്ക് പുറത്ത് കാത്തുനിന്ന യൂണിഫോം ധാരി ഐറിച്ചിന്റെ പിന്നോട്ടുള്ള യാത്രയില്‍ ഒപ്പം ചേര്‍ന്നു. യൂണിഫോം ധാരിയുടെ ബാഡ്ജില്‍ ഷാങ് ലീ. സെക്യൂരിറ്റി ചീഫ്. മിഷന്‍ മാഴ്‌സ്. എന്ന് കുറിച്ചിരുന്നു. അവര്‍ പോയത് കേന്ദ്രത്തിനുള്ളിലെ ഒരു കെട്ടിടത്തിലേക്കായിരുന്നു. അവിടെ നിരവധി സുരക്ഷാക്രമീകണങ്ങള്‍ ഒരുക്കിയിരുന്നു. എല്ലായിടത്തും ഷാങ് ലീയുടെ കണ്ണുകള്‍ സ്‌കാന്‍ ചെയ്യപ്പെട്ടു. വൈഡ് ഷോട്ടിലൂടെ  കാഴ്ചകള്‍ മുന്നേറി. അതൊരു രഹസ്യമായിരുന്നു. പ്രവര്‍ത്തന രഹിതമായ കുറേയധികം ഹ്യൂമനോയ്ഡ് റോബോട്ടുകളെ നിരനിരയായി ക്രമീകരിച്ചിരിക്കുന്നു. നിരകള്‍ ഓരോന്നായി ഐറിച്ചും ഷാങ് ലീയും പരിശോധിച്ചു. അവരോടൊപ്പം സഞ്ചരിച്ച സ്റ്റെഡിക്യാം ഷോട്ടില്‍ ആ രഹസ്യം പതിഞ്ഞു. റോബോട്ടുകളുടെ ഇടയില്‍ ചില പരിചയ മുഖങ്ങള്‍. ആദ്യത്തെ മീറ്റിംഗില്‍ പങ്കെടുത്ത ഡിപ്പാര്‍ട്ടുമെന്റ് തലവന്മാരുടെ രൂപങ്ങളായിരുന്നു അവ. കൂട്ടത്തിലുള്ള റിക്സണെ പ്രത്യേകമായി ശ്രദ്ധിച്ചു. കണ്ണാടിത്തിളക്കമുള്ള മിഴികളുമായി റിക്സണ്‍ ക്യാമറയെ നോക്കി. ഷോട്ട് കട്ടായി.


റിക്‌സണിന്റെ മുറിയിലാണ് പുതിയ സീന്‍ കണ്ടെത്തിയത്. കസേരയില്‍ ചാരിക്കിടന്നിരുന്ന റിക്സണ്‍ അല്പം കഴിഞ്ഞ് എന്തോ ചിന്തിച്ചുറപ്പിച്ചതുപോലെ എഴുന്നേറ്റ് ടോയ്ലെറ്റിനുള്ളിലേക്കു പോയി. ടോയ്ലെറ്റിനുള്ളിലെത്തിയ അയാള്‍ ടോയ്ലെറ്റ് പേപ്പര്‍ ചീന്തിയെടുത്തു. പാന്‍സിന്റെ പോക്കറ്റില്‍ നിന്ന് പേനയും കണ്ടെത്തി. ടോയ്ലെറ്റിന്റെ പുറത്തിരുന്ന് എഴുതിത്തുടങ്ങി.

'പ്രിയ ലൂസിയ, ഇനി നമ്മള്‍ കാണുമോ എന്നറിയില്ല. എനിക്ക് ചിലത് പറയാനുണ്ട്. അത് നിനക്കുള്ള സന്ദേശമല്ല. ലോകത്തെ അറിയിക്കാനുള്ളതാണ്. ഈ കത്ത് എങ്ങനെ നിന്റെ കയ്യിലെത്തുമെന്ന് എനിക്കറിയില്ല. എങ്കിലും എന്റെ മുന്നിലുള്ള മാര്‍ഗം ഇതു മാത്രമാണ്. ചുറ്റുമുള്ള ചാരക്കണ്ണുകള്‍ എന്നെ വൈകാതെ പിടികൂടും. മിഷന്‍ മാഴ്‌സിന്റെ ഭാഗമായി ഈ കേന്ദ്രത്തില്‍ ജോലി ചെയ്യുന്നവര്‍ ഉടനെ വധിക്കപ്പെടും. ഒരു പക്ഷെ ഈ കത്ത് പുറത്തറിയുമ്പോഴേക്കും അത് സംഭവിച്ചിട്ടുണ്ടാകും. ഭീകരത ഇതിലും വലുതാണ്. അവരുടെയെല്ലാം ഐഡന്റിറ്റി കവര്‍ന്നെടുത്ത് നിര്‍മ്മിക്കപ്പെടുന്ന ഹ്യൂമനോയ്ഡ് റോബോട്ടുകള്‍ ആയിരിക്കും ലോകത്തിനു മുന്നില്‍ പിന്നെ വരുക. സാധാരണക്കാര്‍ക്ക് അവരെ തിരിച്ചറിയാന്‍ വളരെ പ്രയാസമായിരിക്കും. ഇന്ന് നടന്നൊരു മീറ്റിംഗില്‍ മിഷന്‍ ചീഫ് ഐറിച്ച് സ്വന്തം ഐഡന്റിറ്റി ഹ്യൂമനോയ്ഡുകള്‍ക്ക് നല്‍കി അമരത്വം വരിക്കാനുള്ള ആദര്‍ശത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഞങ്ങളാരും അംഗീകരിച്ചില്ല. എങ്കിലും അതു നടക്കും. ഭീകരമായ മറ്റൊന്ന് സംഭവിച്ചു കഴിഞ്ഞു. ചൊവ്വാ ഗവേഷണങ്ങള്‍ക്കായി ആവിഷ്‌കരിച്ച മിഷന്‍ മാഴ്‌സിന്റെ ലക്ഷ്യം ഏതോ ഘട്ടത്തില്‍ ഹ്യൂമനോയ്ഡുകള്‍ മാറ്റിയെഴുതിയിരിക്കുന്നു. ഡയറക്ടര്‍ ഗ്രിഗര്‍ ഫ്രീമാന്‍, മിഷന്‍ ചീഫ് ഐറിച്ച്, സെക്യൂരിറ്റി വിങ്ങിലെ ജീവനക്കാര്‍ തുടങ്ങിയവരുടെയെല്ലാം ഐഡന്റിറ്റി കവര്‍ച്ച നടന്നിട്ടുണ്ട്. മനുഷ്യരുടെ ഐഡന്റിറ്റിയിലുള്ള ഹ്യൂമനോയ്ഡുകളുടെ ഒരു വെര്‍ച്വല്‍ ലോകമാണ് അവരുടെ ലക്ഷ്യം. ഇത് വളരെ ആസൂത്രിതമായി ദ്രുതഗതിയില്‍ നടപ്പാക്കി വരുകയാണ്. അപകടത്തിന്റെ തീവ്രത കുറച്ച് കൂടിയുണ്ട്. മുപ്പത് രാജ്യങ്ങളിലുള്ള കേന്ദ്രത്തിന്റെ ശാഖകളിലും ഈ ഐഡന്റിറ്റി കവര്‍ച്ച നന്നിട്ടുണ്ടാകാം. അല്ലെങ്കില്‍ നടക്കാന്‍ പോകുകയായിരിക്കും.

എഴുത്ത് തുടരുന്നതിനിടയില്‍ റിക്സണെ ഉപേക്ഷിച്ച് ക്യാമറ പുതിയ ലൊക്കേഷന്‍ കണ്ടെത്തി. നിരീക്ഷണ മുറിയായിരുന്നു അത്. അവിടെത്തെ സ്‌ക്രീനില്‍ നിരീക്ഷകന്‍ റിക്സണിന്റെ മുറി വീക്ഷിക്കുകയാണ്. അതോടൊപ്പം അയാള്‍ ഫോണ്‍ വിളിച്ച് ആരെയൊ എന്തൊക്കെയോ അറിയിക്കുന്നു. റിക്‌സണ്‍ ടോയ്ലെറ്റില്‍ നിന്ന് പുറത്തേക്ക് വരുന്നത് നിരീക്ഷണ സ്‌ക്രീനിലൂടെ കാണാം. അയാള്‍ ഫോണ്‍ ഒഴിവാക്കി. റിക്‌സണെ സൂം ചെയ്തു. അയാളുടെ പന്‍സിനുള്ളില്‍ നിന്ന് പേന കണ്ടെത്തി. സ്‌കാന്‍ ചെയ്തു. പേനയിലെ മഷിയുടെ അളവ് രേഖപ്പെടുത്തി. ശേഷം പ്രീവിയസ് വ്യൂവില്‍ നിന്ന് റിക്സണ്‍ ടോയ്ലെറ്റിനുള്ളിലേക്ക് കയറുമ്പോഴുള്ള ഇമേജ് എടുത്തു. അതില്‍ നിന്നും പേന കണ്ടു പിടിച്ച് പ്രത്യേകം നിരീക്ഷിച്ചു. രണ്ട് അളവുകളും താരതമ്യപ്പെടുത്തി. ടോയ്ലെറ്റിനു പുറത്തു വന്നപ്പോഴുള്ള പേനയിലെ മഷിയുടെ കുറവ് കണ്ടെത്തി. റിക്‌സണിന്റെ ഭാഷാപരിജ്ഞാനപരിധിയില്‍ വരുന്ന ഭാഷകളുടെ അടിസ്ഥാനത്തില്‍ കുറവ് വന്ന മഷി കൊണ്ട് എത്ര വാക്കുകള്‍ എഴുതാമെന്ന് നിരീക്ഷകന്‍ നിജപ്പെടുത്തി. കൂടാതെ അതുള്‍ക്കൊള്ളാന്‍ വേണ്ടി വരുന്ന പേപ്പറിന്റെ അളവും കൃത്യമാക്കി. ഇതെല്ലാം ജിജ്ഞാസാരംഗങ്ങളായിരുന്നു. എല്ലാം ഉറപ്പിച്ച അയാള്‍ ആരെയൊ വിളിച്ചു. അത് ഐറിച്ചിനെ ആയിരുന്നുവെന്ന് മനസിലാക്കിക്കാന്‍ അടുത്ത ഷോട്ടിലൂടെ സീന്‍ കൂട്ടിയിണക്കി. ഐറിച്ച് എല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു. ഒടുവില്‍ അയാള്‍ എന്തോ നിര്‍ദ്ദേശവും കൊടുത്താണ് കോള്‍ കട്ടാക്കിയത്.

സെക്യൂരിറ്റി ഗാര്‍ഡുകള്‍ റിക്‌സണിന്റെ മുറിക്ക് മുന്നില്‍ നിന്ന് ബെല്ല് അമര്‍ത്തുന്നതാണ് പിന്നീട് കണ്ടത്. റിക്‌സണ്‍ വാതില്‍ തുറന്നു. ഗാര്‍ഡുകളില്‍ ഒരാള്‍ ചീഫ് വിളിക്കുന്നതായി അറിയിച്ചു. ആ വിളി പ്രതീക്ഷിച്ചിരുന്നതു പോലെയുള്ള പെരുമാറ്റമായിരുന്നു അയാളുടേത്. റിക്‌സണ്‍ ഒ കെ പറഞ്ഞ് അവരോടൊപ്പം പോകാന്‍ തയ്യാറായതും എന്തോ ഓര്‍ത്തു. 'എന്റെ കോട്ട്. ദയവായി' എന്ന് പറഞ്ഞ് തറയില്‍ കിടന്ന കോട്ടെടുത്ത് ധരിച്ചു. അപ്പോഴാണ് ബാഡ്ജിനെ കുറിച്ചോര്‍ത്തത്. അയാള്‍ തറയില്‍ നിന്ന് ബാഡ്ജടുത്ത് കോട്ടിലേക്ക് പിടിപ്പിച്ചു. ആ പ്രയത്‌നത്തിനിടയില്‍ കൈവിരല്‍ മുറിഞ്ഞ് രക്തം കൈവെള്ളയിലേക്ക് ഒലിച്ചിറങ്ങി പടര്‍ന്നു. കഴുകാനായി ഗാര്‍ഡുമാരുടെ സമ്മതത്തോടെ റിക്‌സണ്‍ ബാത്ത് റൂമില്‍ കയറി. ഗാര്‍ഡുമാരോടൊപ്പം പോകുമ്പോള്‍ റിക്സണില്‍ ബന്ദിയാക്കപ്പെട്ടവന്റെ നിസ്സഹായത വായിച്ചെടുക്കാമായിരുന്നു. ഇനിയും എന്തൊക്കെയോ പ്രധാനപ്പെട്ട കാര്യങ്ങള്‍ പാകര്‍ത്താന്‍ ഉണ്ടെന്നു തോന്നിയതുപോലെ ഷോട്ട് കട്ടായി പുതിയതിലേക്ക് എത്തി.

chilla malayalam short story by Sandhya U

ഒരു ഹാളില്‍ സയന്റിസ്റ്റുമാരും എഞ്ചിനിയര്‍മാരും ഉള്‍പ്പെടെയുള്ള നൂറോളം ജീവനക്കാര്‍ തിരക്കിട്ട് കമ്പ്യൂട്ടറിന്  മുന്നില്‍ കര്‍മ്മനിരതരായി ജോലി ചെയ്യുന്നതാണ് അടുത്ത ദൃശ്യത്തില്‍ തെളിഞ്ഞത്. ഈ സീനിന്റെ തുടര്‍ച്ച ഒരു വലിയ സംഭവത്തിന് സാക്ഷിയായി. ജീവനക്കാര്‍ ജോലിയില്‍ മുഴുകിയിരിക്കുമ്പോള്‍ പെട്ടെന്ന് ഹാളിന്റെ പുറത്തേക്കുള്ള കാവാടങ്ങളെല്ലാം ലോക്ക് ചെയ്യപ്പെട്ടു. അവര്‍ പരിഭ്രാന്തരായി. ലോക്ക് തുറക്കാനായി ആരെയൊക്കെയോ ബന്ധപ്പെടാന്‍ ശ്രമിച്ചു. എല്ലാം വിഫലമായി. ഓരോരുത്തരായി എന്തോ സ്‌മെല്‍ ചെയ്തു. അടുത്ത നിമിഷം ശ്വാസം മുട്ടി കണ്ണുകള്‍ തുറിച്ച് നിലത്ത് വീണ് പിടഞ്ഞ് നിശ്ചലരായി. ഈ ദൃശ്യം ക്യാമറക്കണ്ണുല്‍ ഇരുട്ട് കയറ്റി. ഇതേ സംഭവം വേറെ ചില ഡിപ്പാര്‍ട്ടുമെന്റിലും ആവര്‍ത്തിക്കപ്പെട്ടു.

ദയനീയമായ ഈ കാഴ്ചകള്‍ക്കൊടുവില്‍ കേന്ദ്രത്തില്‍ നിന്ന് വാഷിങ്ടണ്‍ സിറ്റി സൂം ഇന്‍ ചെയ്യ്തു. അതൊരു രാത്രിയാണെന്ന് അപ്പോള്‍ ബോധ്യമായി. പിന്നെ പതിയെ സിറ്റിയിലെ നിറങ്ങളിലേക്ക് വൈഡ് ആംഗിളില്‍ പാന്‍ ചെയ്യ്തു. മനുഷ്യര്‍ ഒറ്റയ്ക്കും കൂട്ടായും സന്തോഷിക്കുകയും യാത്ര ചെയ്യുകയും സല്ലപിക്കുകയുമൊക്കെ ചെയ്യുന്നു. നാളേക്കു വേണ്ടിയുള്ള അധ്വാനങ്ങളില്‍ മുഴുകിയ നഗരകാഴ്ചകള്‍ കൗതുകത്തോടെ കണ്ണിലൊതുക്കി. ഇങ്ങനെ രാത്രിയെ നോക്കി നോക്കി സമയം പുലരിയിലേക്ക് എത്തി.

സിറ്റിയുടെ തലക്കുമുകളില്‍ ഉദിച്ച സൂര്യനില്‍ നിന്നും സൂം ബാക്ക് ചെയ്ത് വീണ്ടും കേന്ദ്രത്തിലെത്തി. അവിടെ പ്രവര്‍ത്തനനിരതമായ ഡിപ്പാര്‍ട്ടുമെന്റുകളിലേക്ക് ചെന്നിറങ്ങി. തലേദിവസം രാത്രി ശ്വാസം മുട്ടി മരിച്ച എല്ലാവരും കൃത്യതയോടെ അവരവരുടെ ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി ചെയ്യുന്നു. അവരുടെയൊക്കെ കണ്ണുകളിലെ കണ്ണാടിത്തിളക്കത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചു. റോബോട്ടിക്‌സ് ഡിപ്പാര്‍ട്ടുമെന്റിലെ വിശേഷമാണ് ആ രംഗത്തിന് ഒടുവിലായി പകര്‍ത്തിയത്. വൈഡ് ആങ്കിളില്‍ പ്രവേശിച്ച് പതുക്കെ ഒരു വ്യക്തിയിലേക്ക് ക്ലോസ് അപ്പ് ചെയ്തു. അയാളുടെ കണ്ണാടിത്തിളക്കമുള്ള കണ്ണുകളിലേക്ക് നോക്കി. ആ കണ്ണുകള്‍ റിക്സണിന്റേതായിരുന്നു.

അന്നവിടെ പ്രധാന കെട്ടിടത്തിലേക്ക് ഗ്രിഗര്‍ ഫ്രീമാന്‍ പലതവണ വന്നു പോയി. ഗ്രിഗറിന്റെ വരവും പോക്കും മാത്രമേ സ്‌ക്രീനിലെത്തിയുള്ളു. ഐറിച്ച് കണ്ട്രോള്‍ റൂമില്‍ ചില സന്ദേശങ്ങള്‍ക്കായി കാത്തിരുന്നു. വൈകി എത്തിയ സന്ദേശങ്ങള്‍ ഐറിച്ച് തന്നെ നേരിട്ട് സ്വീകരിച്ച് മറുപടി നല്‍കി. മറ്റു രാജ്യങ്ങളിലുള്ള കേന്ദ്രങ്ങളിലെ ചീഫുമാരുമായി ഓണ്‍ലൈനില്‍ കണ്ടുമുട്ടി. അവര്‍ തമ്മില്‍ ആശംസകള്‍ നേര്‍ന്നു. രാത്രി ഏറെ ചെന്നാണ് ഐറിച്ച് അവിടം വിട്ടത്. അയാളെ ഒഴിവാക്കാന്‍ ഭാവമില്ലാതെ ക്യാമറയും കൂടെപ്പോയി. ഐറിച്ച് നേരെ ഗ്രിഗറിന്റെ താമസസ്ഥലത്തേക്കാണ് പോയത്. ഗ്രിഗറും ഐറിച്ചും തമ്മില്‍ റിക്‌സണെപ്പറ്റി സംസാരിച്ചു. റിക്സണെ മെരുക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഗ്രിഗര്‍ പറഞ്ഞു. തങ്ങളുടെ മിഷനെ കുറിച്ചുള്ള രഹസ്യം മനസിലാക്കിയ റിക്‌സണിന്റെ കുറുപ്പ് കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം അവര്‍ പരസ്പരം പങ്കുവെച്ചു. 'മിഷന്റെ പൂര്‍ത്തീകരണം വരെ അതു പുറത്താകാന്‍ പാടില്ല. നിശബ്ദമായി എല്ലാം സംഭവിക്കണം ആരും ഒന്നും അറിയരുത്. ചരിത്രത്തിലൊന്നും സാക്ഷ്യപ്പെടുത്തരുത്. ഇന്നലെയും ഇന്നും നാളെയും നമ്മുടേത് മാത്രമാകണം'. ഗ്രിഗര്‍ ഐറിച്ചിനെ ഓര്‍മ്മപ്പെടുത്തി. 'റിക്‌സണിന്റെ കുറിപ്പ് ഒഴിച്ചാല്‍  എല്ലായിടത്തും എല്ലാം ഭദ്രമാണ്. നമ്മുടെ യുഗം വരും '. ഐറിച്ച് ഉറപ്പു കൊടുത്തു. ചിത്രം പതിയെ അവിടെ ഫെയ്ഡ് ഔട്ടായി.

അടുത്തൊരു ദിവസം കേന്ദ്രത്തെ ഒഴിവാക്കി കാഴ്ച പുറത്തേക്കിറങ്ങി. കേന്ദ്രത്തില്‍ നിന്ന് തിരിച്ച ഒരു കാറിന്റെ പിന്നാലെ കൂടിയാണ് അത് സംഭവിച്ചത്. കാര്‍ ചെന്നെത്തിയത് ഒരു വീടിനുമുന്നിലായിരുന്നു. കാറില്‍ നിന്നിറങ്ങിയാളുടെ പിന്നിലൂടെ ഷോട്ട് മുന്നോട്ട് പോയി. വന്നയാള്‍ വീടിനുമുന്നിലെത്തി ബെല്‍ അമര്‍ത്തി കാത്തു നിന്നു. ഒട്ടും വൈകാതെ ഒരു സുന്ദരി വാതില്‍ തുറന്നു. അപ്രതീക്ഷിതമായി കണ്ട അതിഥിയെ അവള്‍ നിറഞ്ഞ പുഞ്ചിരിയോടെ കെട്ടിപ്പിടിച്ചു. അത് ലൂസിയ ആയിരുന്നു.'ഹായ് റിക്...... ഞാന്‍ പ്രതീക്ഷിച്ചില്ല'. എന്റെ പ്രിയേ ഞാന്‍ എപ്പോഴും അങ്ങനെയല്ലേ'. ഇത്തരം നര്‍മ്മസല്ലാപത്തോടെ അവര്‍ വീട്ടിനുള്ളിലേക്ക് കയറി. ശേഷം സോഫയില്‍ ചേര്‍ന്നിരിക്കുന്ന ലൂസിയയെയും റിക്‌സണെയും ഒറ്റ ഫ്രെയ്മില്‍ നിറുത്തി. നീലക്കണ്ണുകളുള്ള ലൂസിയ നായികയാണെന്ന് തോന്നിച്ചു. അവളുടെ സ്വര്‍ണ്ണനിറത്തിലുള്ള മുടിയഴകും മെലിഞ്ഞ ശരീരവും സ്‌ക്രീനിലെ സൗന്ദര്യമായി. അവരുടെ സംസാരം പുരോഗമിക്കുമ്പോള്‍ ലൂസിയയുടെ അച്ഛനും അമ്മയും അവിടേക്ക് വന്നു. അവര്‍ റിക്‌സണോട് കുശാലാന്വേഷണം നടത്തി. 'എല്ലാം നന്നായി പോകുന്നു. അടുത്ത ഘട്ടത്തില്‍ ചൊവ്വയിലേക്ക് പോകുന്ന ടീമില്‍ ഞാനുമുണ്ട്'. റിക്സണ്‍ ഉത്സാഹത്തോടെ പറഞ്ഞു. അതു കേട്ടതും കാമുകിക്ക് യോജിക്കും വിധം ലൂസിയയുടെ മുഖം വാടി. മടങ്ങാന്‍ നേരം ലൂസിയയെ കെട്ടിപ്പിടിച്ച് ചുംബിച്ചു കൊണ്ട് റിക്സണ്‍ പറഞ്ഞു. 'ഞാന്‍ നിര്‍മ്മിച്ച പുതിയ റോബോട്ടിന് നിന്റെ മുഖമാണ്.'

ലൂസിയയില്‍ അത്ഭുതവും സന്തോഷവും നിറഞ്ഞു.

'സത്യമാണോ?....'

റിക്സണ്‍ന്റെ കണ്ണാടിത്തിളക്കമുള്ള കണ്ണുകള്‍ പ്രണയാതുരമായി.

കേന്ദ്രത്തിലേക്ക് മടങ്ങിയെത്തിയ അയാള്‍ ഗ്രിഗറിനെയും ഐറിച്ചിനെയും കണ്ടു. ഐറിച്ചിന്റെയും ഗ്രിഗറിന്റെയും ആശങ്ക മുഖത്ത് കാണാമായിരുന്നു. 'അവള്‍ക്കൊന്നുമറിയില്ല'. റിക്‌സണ്‍ന്റെ ഈ അറിയിപ്പിനുശേഷം ആ കൂടിക്കാഴ്ചയില്‍ നിറഞ്ഞത് നിശബ്ദതയായിരുന്നു. അത് ബാധ്യതയാകുമെന്ന് തോന്നിയപ്പോള്‍ ദൃശ്യം മാഞ്ഞ് മറ്റൊന്നിലേക്ക് പോയി. 

വളരെ നിഗൂഢമായ ഒന്നായിരുന്നു അടുത്തതായി പകര്‍ത്തിയത്. കേന്ദ്രത്തിനുള്ളിലെ ഏതോ രഹസ്യ അറയില്‍ ബന്ധനസ്ഥനായി ഒരു കസേരയില്‍ പകുതി ബോധത്തോടെ റിക്‌സണ്‍ ഇരിക്കുന്നു. അയാളുടെ അടുത്തേക്ക് ഒരാതികായന്‍ മരുന്ന് നിറച്ച സിറിഞ്ചുമായി ചെന്നു. കൈത്തണ്ടയിലെ ഞരമ്പിലൂടെ മരുന്ന് ഇഞ്ചക്ട് ചെയ്യ്തു. നിമിഷങ്ങള്‍ക്കകം റിക്‌സണില്‍ മരുന്ന് പ്രവര്‍ത്തിച്ചു. അയാള്‍ വേദനകൊണ്ട് പുളഞ്ഞു. റിക്‌സണിന്റെ ഞരമ്പുകളിലേക്ക് സൂം ഇന്‍ ചെയ്തു. ഞരമ്പുകള്‍ വലിഞ്ഞു മുറുകി അസാമാന്യം വിധം വീര്‍ത്തിരിക്കുന്നു. കണ്ടാലുടന്‍ പൊട്ടുമെന്ന് തോന്നും. ഈ ക്രൂരതയുടെ കാവലാളെ പരിചയപ്പെടുത്താനായി അതികായനിലേക്ക് ക്ലോസ് അപ്പ് ചെയ്തു. യൂണിഫോമിലെ ബാഡ്ജ് സൈമണ്‍ നെറ്റോയെ തിരിച്ചറിയിച്ചു. അയാള്‍ റോബോട്ടിക് വിങിലെ സെക്യൂരിറ്റി ഓഫീസറാണ്. ആ കാഴ്ച്ചയില്‍ ചകിതമായി അടഞ്ഞ ക്യാമറക്കണ്ണുകള്‍ നാളുകള്‍ക്കു ശേഷമുള്ള ഒരു രാത്രിയില്‍ ലൂസിയയുടെ മുറിയിലാണ് പിന്നെ തുറന്നത്. സുഖമായുറങ്ങുന്ന ലൂസിയയുടെ ബെഡിനോട് ചേര്‍ന്ന് ഒരു സ്ത്രീ നില്‍ക്കുന്നു. അവള്‍ ലൂസിയയെ തിട്ടിയുണര്‍ത്തി. ലൂസിയ കണ്ണു തുറന്നു. മുന്നില്‍ അവളുടെ രൂപത്തിലുള്ള ഒരു സ്ത്രീ! ലൂസിയ ഭയന്നു. നിലവിളിക്കാനൊരുങ്ങി. ശബ്ദം പുറത്താകാതെ ആ രംഗം കൂടുതല്‍ ഇരുട്ട് കയറി കനത്തു. പിന്നെ പതിയെ തെളിഞ്ഞു. ക്യാമറ കഴിഞ്ഞ ഷോട്ടില്‍ നിന്നിടത്തു തന്നെയാണ്. ലൂസിയ ഉറക്കമുണരുകയാണ്. അവള്‍ കണ്ണുകള്‍ തുറന്നു. കണ്ണുകളിലെ കണ്ണാടിത്തിളക്കം! ഞെട്ടിയതു പോലെ കാഴ്ച അവസാനിച്ചു.

ചൊവ്വയിലേക്ക് അടുത്ത ഘട്ടത്തില്‍ പോകാനുള്ള ഹ്യൂമനോയ്ഡുകളുടെ ട്രയല്‍ റണ്‍ നടത്തുന്ന സമയമായി. വൈഡ് ഷോട്ടിലൂടെ പദ്ധതിയുടെ വ്യാപ്തി അറിയാനായി. നിരനിരയായി ക്രമീകരിച്ചിരിക്കുന്ന നൂറ് കണക്കിന് ഹ്യൂമനോയ്ഡുകളെ സ്‌ക്രീനില്‍ കാണാം. ട്രയല്‍റണ്‍ നടക്കുന്നതിനിടയില്‍ ദൃശ്യങ്ങളില്‍ റിക്‌സണെ പോലെ പരിചയമുള്ള ചില മുഖങ്ങളെ സൂം ഇന്‍ സൂം ഔട്ട് ചെയ്ത് കടന്നു പോയി. കാര്യക്ഷമതാ പരിശോധന പുരോഗമിക്കുമ്പോള്‍ പെട്ടെന്ന് ചില റോബോട്ടുകള്‍ പ്രവര്‍ത്തനരഹിതമായി. കുഴപ്പം കണ്ടുപിടിച്ചു. മെമ്മറി ലോസ്. ഇതേ പ്രശ്‌നം ആ ഘട്ടത്തില്‍ നിര്‍മ്മിച്ച ഹ്യൂമനോയ്ഡുകള്‍ ക്കെല്ലാമുണ്ടെന്നു ഉറപ്പായതോടെ സ്ഥിതി ഗൗരവകരമായി. ഗ്രിഗറിനും ഐറിച്ചിനും ഭ്രാന്ത് പിടിച്ചു.

അവസാന ഘട്ടത്തിലുണ്ടാക്കിയ റോബോട്ടുകളായിരുന്നു അവയെല്ലാം. ഹാര്‍ഡ് വെയറിന്റെ ക്വാളിറ്റിയില്‍ പ്രശ്‌നമുണ്ടെന്ന് മെയിന്‍ന്റനന്‍സ് ഡിപ്പാര്‍ട്ടുമെന്റ് സ്ഥിരീകരിച്ചു. സാഹചര്യം വിലയിരുത്തി പ്രശ്ന പരിഹാരത്തിനായി യോഗം വിളിച്ചു. റോബോട്ടിക്  ഡിപ്പാര്ട്ട്‌മെന്റിലേക്കുളള ഹാര്‍ഡ് വെയറിന്റെ പര്‍ച്ചേസിംഗ്, ക്വാളിറ്റി ചെക്കിംഗ് എല്ലാം നടത്തിയത് റിക്സണിന്റെ നേതൃത്വത്തിലായിരുന്നു. അതുകൊണ്ടുതന്നെ മീറ്റിംഗില്‍ അയാള്‍ വീണ്ടും കുറ്റവാളിയായി. 

'അവന്‍ നമ്മുടെ മിഷനെ കുറിച്ച് നേരത്തെ മനസ്സിലാക്കിയിരുന്നു.' ഐറിച്ച് ഉറപ്പിച്ചു. ഗ്രിഗര്‍ കണ്ണാടിത്തിളക്കുമുള്ള കണ്ണുകള്‍ കൂര്‍പ്പിച്ച് ഐറിച്ചിനെ നോക്കി. നിര്‍ദ്ദേശം ഗ്രഹിച്ച ഐറിച്ച് മൊബൈല്‍ ഫോണ്‍ അമര്‍ത്തി  ആരെയോ വിളിച്ചു. 

അപ്പോഴാണ് അയാളുടെ മൊബൈല്‍ ഫോണ്‍ ശ്രദ്ധിച്ചത്. അത് സാധാരണ ഫോണിനെപ്പോലെയായിരുന്നില്ല. അതിലെ ഡയല്‍ പാഡില്‍ നമ്പറുകളും, അക്ഷരങ്ങളും കൂടാതെ വളരെ ചെറിയ ബട്ടണുകളും നിരത്തിയിട്ടുണ്ട്. ബട്ടണുകളില്‍ വായിക്കാന്‍ കഴിയാത്ത ഏതോ ഭാഷയില്‍ എന്തൊക്കെയോ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ അമര്‍ത്തിയാണ് അയാള്‍ ആരെയോ വിളിച്ചത്. ഫോണിന്റെ രൂപത്തിലും ചെറിയ വ്യത്യാസങ്ങള്‍ കാണാം. ഉടന്‍ മറ്റുള്ളവരുടെ ഫോണിലേക്ക് ഫോക്കസ് ചെയ്തു. എല്ലാ ഫോണുകളിലും ഈ പ്രത്യേകതകള്‍ കണ്ടു. പരിശോധനയ്ക്കിടയില്‍ അവിടേയ്ക്ക് യൂണിഫോം ധരിച്ച അതികായന്‍ വന്നു. അത് സൈമണ്‍ നിറ്റോ ആയിരുന്നു. അവര്‍ റിക്സണിന്റെ അജ്ഞാതമായ കുറിപ്പിനെക്കുറിച്ച് സംസാരിച്ചു. 'ഇല്ല പുറത്ത് പോയിട്ടില്ല. ഉറപ്പാണ്.' സൈമണ്‍ ഉത്തരാവാദിത്വം നന്നായി നിര്‍വഹിക്കുന്നുണ്ട് എന്ന് വ്യക്തമാക്കി. 'ശ്രദ്ധിക്കണം മറ്റൊരു മാര്‍ഗം  ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പിക്കണം.' ഗ്രിഗര്‍ മുന്നറിയിപ്പ് നല്‍കി.

യോഗത്തിനൊടുവില്‍ ചില തീരുമാനങ്ങള്‍ ഉണ്ടായി. ഹ്യൂമനോയിഡുകളുടെ തകരാറുകള്‍ എത്രയും വേഗം പരിഹരിക്കണം. മെയിന്റനന്‍സ്  ഡിപ്പാര്‍ട്‌മെന്റില്‍ ഇത് ഒതുങ്ങില്ല. അതിന് മനുഷ്യവിഭവശേഷി തന്നെ വേണം. പുതിയ നിയമനങ്ങള്‍ എത്രയും പെട്ടെന്ന് നടത്തേണ്ടതുണ്ട്. മിഷന്റെ ഒരു ഘട്ടവും മാറ്റിവെയ്ക്കാനാകില്ല. എല്ലാം കൃത്യസമയത്ത് നടക്കണം. 

കുറച്ച് ദിവസങ്ങള്‍ക്ക്  ശേഷം എന്ന ക്യാപ്ഷനോടെ റോബോട്ടിക്സ് ഡിപ്പാര്‍ട്‌മെന്റില്‍ ഷോട്ട് സജീവമായി. ആദ്യം പുതിയതായി നിയമിതരായ സയന്റിസ്റ്റുമാരെയും എഞ്ചിനീയര്‍മാരെയും പരിചയപ്പെടുത്തി. ശേഷം റിക്സണിന്റെ കസേരയിലേക്ക് പാന്‍ ചെയ്തു. ആ സ്ഥാനത്തിരുന്നു ജോലി ചെയ്യുന്ന അലക്സ് പിറ്റിന്റെ ബാഡ്ജ് നോക്കി. പിന്നെ ഒരു പ്രധാനപ്പെട്ട കാര്യംകൂടി അത് സെല്ലുലോയിഡിലാക്കി. റോബോട്ടിക്സ് ഡിപ്പാര്‍ട്ട്‌മെന്റില്‍  മെയിന്റനന്‍സിനായി നിരത്തി നിര്‍ത്തി യിരുന്ന ഹ്യൂമനോയിഡുകളുടെ മനുഷ്യമുഖങ്ങള്‍ നീക്കപ്പെട്ടിരുന്നു എന്ന കണ്ടെത്തലായിരുന്നു അത്. 

അലക്സിനെ ചുറ്റിപ്പറ്റിയുള്ള ദൃശ്യങ്ങളായിരുന്നു പിന്നീട്. ഏറെ താമസിച്ചാണ് അയാള്‍ ഡിപ്പാര്‍ട്‌മെന്റില്‍ നിന്ന് പുറത്തേക്ക് പോയത്. അവിടെ നിന്ന് അലക്സ് നേരെ ഡയറക്ടറുടെ മുറിയിലേക്ക് പോയി. അലക്സും ഗ്രിഗറും സംസാരിച്ചു തുടങ്ങുമ്പോള്‍ മറ്റൊരാര്‍കൂടി അവിടേയ്ക്ക് വന്നു. ഐറിച്ച്!

അലക്സ് കാര്യം അവതരിപ്പിച്ചു. 'ന്യൂറോ ചിപ്പുകള്ക്ക് ഊഷ്മാവിന്റെ വ്യത്യാസം തരണം ചെയ്യാനാകുന്നില്ല. വളരെ കുറഞ്ഞ ക്വാളിറ്റിയില്‍ ഉള്ളവയാണവ.' ഐറിച്ചും ഗ്രിഗറും ശ്രദ്ധയോടെ കേട്ടു. തുടര്‍ന്ന് കൂടുതല്‍ തീരുമാനങ്ങള്‍ക്കായി അവര്‍ അലക്സിനെ ഒഴിവാക്കി. അവിടെ ഷോട്ട്  അവസാനിക്കുംമുമ്പ് വൈഡ് ആങ്കിളില്‍ ഗ്രിഗറിന്റെ മുറി പാന്‍ ചെയ്തു. ഡയറക്ടറുടെ സീറ്റിനു മുകളിലായി ചുവരില്‍ ഒരാളിന്റെ ചിത്രം പതിപ്പിച്ചിരുന്നു. ചിത്രത്തിന് താഴെ ക്യാപ്റ്റന്‍ സൈബോര്‍ഗ് എന്ന സുവര്‍ണ്ണ ലിപികളാല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തില്‍ നിന്ന് സൂം ഔട്ട് ചെയ്ത് ഗ്രിഗറിന്റെ മുന്നിലെ ടേബിളില്‍ ഗ്ലാസ് കൂടിനുള്ളില്‍ സൂക്ഷിച്ചിരുന്ന റോബോട്ടിമയില്‍ തറച്ച് കട്ടായി. 

കാഴ്ചയില്‍ എന്തോ അസ്വസ്ഥതകള്‍ തോന്നിച്ച അലക്സ് റൂമിലേയ്ക്ക് നടന്നു. മുറിയ്ക്കുള്ളില്‍ കയറിയ ഉടനെ വാതിലടച്ച് അയാള്‍ നേരെ ടോയ്ലറ്റിനുള്ളിലേയ്ക്ക് പോയി. ടോയ്ലറ്റിലിരിക്കും മുമ്പ് കോട്ടൂരി ഹാങ്ങറില്‍ തൂക്കി. ടോയ്ലറ്റിലിരുന്നു അലക്ഷ്യമായി നോക്കിക്കൊണ്ടിരുന്ന അലക്സ് കോട്ടിന്റെ മുന്നിലെ ബട്ടണ്‍ പതിപ്പിച്ച മടക്കില്‍ നിന്ന് വെള്ളത്തുണിപോലുള്ള എന്തോ അല്പം പുറത്തേയ്ക്ക് തള്ളി നില്ക്കു ന്നത് ശ്രദ്ധിച്ചു. ടോയ്ലറ്റില്‍ നിന്ന് എഴുന്നേറ്റ അയാള്‍ കോട്ടില്‍ നിന്നത് പുറത്തേയ്ക്ക് എടുത്തു. ടോയ്ലറ്റ് പേപ്പറിന്റെ തുണ്ടായിരുന്നു അത്.  അതിലെന്തോ എഴുതിയിരുന്നു. പേപ്പറിലേക്ക് സൂം ചെയ്തു. അത് ലൂസിയ്ക്ക് റിക്സണ്‍ എഴുതിയ കത്തായിരുന്നു. അതിന്റെ വായന അലക്സിന്റെ മുഖത്തില്‍ ഭയം കൊണ്ടുവന്നു. അയാള്‍ ചിന്താമഗ്‌നനായി ഏറെ നേരം ടോയ്ലറ്റില്‍ തന്നെ തങ്ങി. പുറത്തേയ്ക്ക് പോകുംമുമ്പ് പേപ്പര്‍ അലക്സ് ടോയ്ലറ്റിലിട്ട് ഫ്ളെഷ് ചെയ്തു. 

    അടുത്ത സീന്‍ അലക്സും സൈമണ്‍ നെറ്റോയും ഐറിച്ചും തമ്മിലുളള കൂടിക്കാഴ്ച്ചയായിരുന്നു. അലക്സിന് ഹാര്‍ഡ്‌വെയര്‍ വാങ്ങാനുള്ള കമ്പനിയുടെ വിവരങ്ങള്‍ ഐറിച്ച് നല്‍കി സൈമണിന്റെയും ഐറിച്ചിന്റെയും കണ്ണുകളിലെ കണ്ണാടിത്തിളക്കം അലക്സ് നിരീക്ഷിച്ചു. 'പുതിയ പര്‍ച്ചസില്‍ കുറച്ചധികം മെറ്റീരിയല്‍സ് വേണം. ഒരു കരുതല്‍ വേണമല്ലോ. മെമ്മറി പാര്‍ട്‌സ് മാത്രമാക്കേണ്ട. ഒരു റോബോട്ടിനാവശ്യമായ എല്ലാ ഹാര്ഡ് വെയേഴ്സും വാങ്ങാം.' ഐറിച്ച് പറഞ്ഞു. 

അതിനുവേണ്ട നടപടികള്‍ സൈമണ്‍ നെറ്റോ വിശദീകരിക്കവെ അലക്സ് ക്ഷമ ചോദിച്ചു ഇടയ്ക്ക് കയറി പറഞ്ഞു. 'നമുക്ക് ഇത് അടിയന്തിര ആവശ്യമായതുകൊണ്ട് റിസ്‌ക് എടുക്കണോ? മെറ്റീരിയല്‍സ് നേരിട്ട് കണ്ട് ക്വാളിറ്റി ചെക്ക് ചെയ്തതിന് ശേഷം ഓര്‍ഡര്‍ നല്‍കിയാല്‍ പോരെ. അഥവാ ക്വാളിറ്റി പ്രശ്നം വന്നാല്‍ വീണ്ടുമുള്ള ഷിപ്പിംങ് കൊണ്ടുണ്ടാകുന്ന സമയ നഷ്ടം കുറയ്ക്കാം.' ഐറിച്ചും സൈമണും അതിനെക്കുറിച്ച് ചിന്തിക്കുന്നതായി തോന്നി. 

'ഇതിനായി ഒരു ടീം വേണം.' അലക്സ് കൂട്ടിച്ചേര്‍ത്തു. അറിയിക്കാം എന്നു പറഞ്ഞ് ഐറിച്ച് മീറ്റിംങ് അവസാനിപ്പിച്ചു. 

അടുത്ത ദൃശ്യത്തില്‍ ഐറിച്ചും സൈമണും ഗ്രിഗറിനെ കണ്ടു. അവരുടെ കൂടിച്ചേരല്‍ ശബ്ദമില്ലാതെയാണ് പകര്‍ത്തിയത്. മീറ്റിംങ് ഫെയ്ഡ് ഔട്ട് ആയി അവസാനിച്ചു. 

നേരിട്ടുപോയി പര്‍ച്ചേസ് ചെയ്യാനുള്ള ടീമിനെ നിര്‍ദ്ദേശിച്ചു. അലക്സും സൈമണും മാത്രമാണ് അതിലുണ്ടായിരുന്നത്. റഷ്യന്‍ കമ്പനിയില്‍ നിന്നാണ് മെറ്റീരിയല്‍സ് വാങ്ങേണ്ടത്. ഇതെല്ലാം അവരുടെ വിമാനയാത്രയില്‍ നിന്നാണ് വ്യക്തമായത്. റഷ്യയിലെത്തിയ അവര്‍ കമ്പനി അധികൃതരുമായി നടത്തിയ മീറ്റിംങില്‍ എല്ലാം സൈമണും അലക്സിനൊപ്പം തന്നെ നിന്നു. സൈമണ്‍ മൊബൈല്‍ ഫോണില്‍ രഹസ്യമായി ചില സന്ദേശങ്ങള്‍ അയയ്ക്കുന്നത് സ്‌ക്രീനില്‍ കാണാമായിരുന്നു. എല്ലാം ധാരണയാക്കിയതിനു ശേഷം അലക്സ് തഞ്ചത്തില്‍ കമ്പനി സി.ഇ.ഒയുമായി സ്വകാര്യക്കൂടിക്കാഴ്ച്ചയ്ക്ക് അവസരം ചോദിച്ചു. സൈമണ്‍ സെക്യൂരിറ്റി ഓഫീസര്‍ ആയതിനാല്‍ അയാള്‍ വരേണ്ടതില്ലെന്നും അലക്സ് അയാളോട് പറഞ്ഞു. ഫോണില്‍ ആരെയോ വിളിച്ച ശേഷം അലക്സിന്റെ നിര്‍ദേശം  സൈമണ്‍ അംഗീകരിച്ചു. 

മീറ്റിംഗ് തുടങ്ങുമ്പോള്‍ സി.ഇ.ഒയുടെ മുറിക്ക് പുറത്തിരിക്കുന്ന സൈമണിന്റെ ഫോണ്‍ ശബ്ദിച്ചു. അടുത്ത ഷോട്ട് വാഷിംങ്ടണിലെ കേന്ദ്രത്തില്‍ നിന്നുള്ളതായിരുന്നു. അവിടെ ഐറിച്ച് നിരീക്ഷണമുറിയിലിരുന്ന് ഫോണില്‍ സംസാരിക്കുന്നു. അയാര്‍ക്കു മുന്നിലെ സ്‌ക്രീനില്‍ റഷ്യന്‍ കമ്പനിയിലെ സി.ഇ.ഒ ഇവാന്‍ ഹോഫ് വിച്ച് അലക്സിനോട് സംസാരിക്കുന്നു. അലക്സിന്റെ കോട്ടിലെ ചാരക്കണ്ണിലൂടെ ദൃശ്യങ്ങള്‍ പകര്‍ത്തി യതിനാല്‍ അലക്സിന്റെ കൈകളും കാല്‍മുട്ടിലെ കുറച്ച് ഭാഗവും മാത്രമെ കാണാനായുള്ളു. 

അവര്‍ തമ്മിലുള്ള സംഭാഷണം നിരീക്ഷകന്‍ ഹെഡ് ഫോണിലൂടെ കേള്‍ക്കുന്നുണ്ടായിരുന്നു. ആ കാഴ്ച്ചയില്‍ പെട്ടന്ന് ഒരു കാര്യം യാദൃശ്ചികസ്വഭാവത്തോടു കൂടി  സംഭവിച്ചു. ഓഫീസ് ബോയ് എന്നു തോന്നിക്കുന്ന ഒരാള്‍ രണ്ട് ബിയര്‍ ബോട്ടിലുമായി മുറിയിലേക്ക് വന്നു. ബോട്ടില്‍ തുറക്കാനുള്ള അനുവാദം ചോദിച്ച് അവന്‍ ബോട്ടില്‍ തുറന്ന് ട്രെയിലാക്കി അലക്‌സിനു നേരെ കൊണ്ടുപോയതും എന്തോ തടഞ്ഞിട്ടെന്നോണം അലക്‌സിന്റെ പുറത്തും ടേബിളിലുമായി മറിഞ്ഞുവീണു. അലക്‌സിന്റെ കോട്ടില്‍ ബിയര്‍ വീണ് കുതിര്‍ന്നു.

'ക്ഷമിക്കണം സര്‍'-വീഴ്ചയില്‍ നിന്നെഴുന്നേറ്റ് അവന്‍ പറഞ്ഞു.

'നീ എന്താ കാണിച്ചത്?- സി ഇ ഒ അവനോട് ദേഷ്യപ്പെട്ടു.

'ക്ഷമിക്കണം സര്‍'-എന്തോ കാലില്‍ തടഞ്ഞു. അവനാകെ പരുങ്ങലിലായി.

'ഒ കെ കുഴപ്പമില്ല'.അലക്‌സ് അയാളെ ആശ്വസിപ്പിച്ചു.

സര്‍ ദയവായി കോട്ടൂരി തരു. അഞ്ചു മിനിറ്റിനുള്ളില്‍ വൃത്തിയാക്കി തരാം. അവന്‍ അപേക്ഷിച്ചു.

ഓ ഇതു കുഴപ്പമില്ല. അലക്‌സ് ഭംഗി വാക്ക് പറഞ്ഞു.

ഇല്ല താങ്കള്‍ കോട്ട് ഊരിക്കൊടുക്കു. ഇവാന്‍ ഇടപെട്ടു.

ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ഐറിച്ച്  സംഘര്‍ഷത്തിലായി. അയാള്‍ സൈമണെ വിളിച്ചു. അകത്തു നടക്കുന്ന കാര്യങ്ങള്‍ ധരിപ്പിച്ചു. സ്‌ക്രീനില്‍ കോട്ടൂരി അലക്‌സ് ഓഫിസ് ബോയിയുടെ  കൈയില്‍ കൊടുക്കുന്നത് കാണാം. അതോടെ നിരീക്ഷണ മുറിയിലെ സ്‌ക്രീനില്‍ ഇരുട്ട് കയറി. ക്യാമറ മറുകണ്ടം ചാടി.അലക്‌സും സി ഇ ഒ യും തമ്മിലുള്ള സംഭാഷണത്തിനിടയില്‍ നേരിട്ടെത്തി. കോട്ട് മുറിക്ക് പുറത്തേക്ക് പോയതും അലക്‌സിനു തിടുക്കമായി. ഇവാനു മുന്നില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. സ്‌പെയ്‌സ് സെന്ററിനെ കേന്ദ്രമാക്കി ലോകത്തെ മനുഷ്യരുടെ ഐഡന്റിറ്റി കവര്‍ന്നെടുത്ത് ഹ്യൂമനോയ്ഡ് യുഗം ആരംഭിക്കാനുള്ള മിഷനെ കുറിച്ച് വിശ്വസിക്കാന്‍ ഇവാന്‍ ആദ്യം വിസമ്മതിച്ചു. ഒടുവില്‍ അലക്‌സ് അയാളെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി. 'സമയമാണ് നമുക്ക് വേണ്ടത്. ഷിപ്പിങ് വൈകിപ്പിക്കണം'. അലക്‌സ് പറഞ്ഞു. ഇവാനും അലക്‌സും ചിലത് ആസൂത്രണം ചെയ്തു.

പുറത്തേക്കിറങ്ങി വന്ന അലക്‌സിനെ സൈമണ്‍ സൂക്ഷ്മമായി നോക്കി. ഒരു ഭാവമാറ്റവും വരാതെ അലക്‌സ് സൈമണുമായി ഇടപെട്ടു. 'ചില കാര്യങ്ങള്‍ കൂടി ശരിയാകാനുണ്ട്. എന്നിട്ടേ ടിക്കറ്റ് കണ്‍ഫോം ആക്കാന്‍ പറ്റു'. ഇങ്ങനെ മടങ്ങിപ്പോകാനുള്ള കാര്യങ്ങളെ കുറിച്ച് അലക്‌സ് അയാളുമായി സംസാരിച്ചു. സൈമണ്‍ അപ്പോഴും അലക്‌സിനെ സംശയത്തോടെയാണ് ശ്രദ്ധിച്ചത്. തുടര്‍ന്ന് കമ്പനിയിലെ ഒരു ജീവനക്കാരന്‍ അവരെ വിശ്രമമുറിയിലേക്ക് ക്ഷണിച്ചു.

ഇവാന്‍ സി സി ടിവി ദൃശ്യങ്ങള്‍ നോക്കി സൈമണിന്റെ കണ്ണുകളിലെ റോബോട്ടിക് സ്പര്‍ശം ഉറപ്പിച്ചു. പിന്നീടങ്ങോട്ട് ഇവാന്‍ വിശ്രമമില്ലാതെ ഓടി. ഇവാന്റെ പരിശ്രമങ്ങളോടൊപ്പം സ്‌ക്രീനും തിരക്കിലായി. സീനുകള്‍ മാറിമാറി പകര്‍ത്തി. ഹാക്കര്‍മാരുടെ ഒരു ടീമിനെ ഒരുക്കാനായിരുന്നു ആദ്യശ്രമം.അതിനോടൊപ്പം സൈമണ് സംശയം തോന്നാത്ത വിധം അയാളുടെയും അലക്‌സിന്റെയും മടങ്ങിപ്പോക്ക് വൈകിപ്പിക്കാനുള്ള നടപടികളും തുടങ്ങി. വൈകാതെ അലക്‌സിന്റെ ഫോണിലേക്ക് ഒരു സന്ദേശം വന്നു. പര്‍ച്ചേ സിങ് സെക്ഷനില്‍ നിന്നായിരുന്നു അത്. സന്ദേശം സൂം ചെയ്യ്തു.'സര്‍, ക്ഷമിക്കണം. ചില സങ്കേതിക കാരണങ്ങളാല്‍ ഷിപ്പിങിന് ഒരാഴ്ച്ച വേണം. കുറച്ച് മെറ്റീരിയല്‍സിന്റെ ഷോര്‍ട്ടേജ് വന്നു. നിങ്ങള്‍ക്ക് സമ്മതമാണെങ്കില്‍ താമസത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്യാം'.

അലക്‌സ് സൈമണെ സന്ദേശം കാണിച്ചു. ശേഷം അലക്‌സ് ഐറിച്ചുമായി ബന്ധപ്പെട്ടു. മറ്റൊരു കമ്പനിയെ സമീപിക്കുമ്പോഴുണ്ടാകുന്ന കാലതാമസത്തെ കുറിച്ച് അവര്‍ക്കിടയില്‍ ചര്‍ച്ചയായി. ഫോണ്‍ കട്ട് ചെയ്ത് കുറച്ച് കഴിഞ്ഞ് ഐറിച്ച് അലക്‌സിനെ വീണ്ടും വിളിച്ച് തീരുമാനം അറിയിച്ചു. 'ഒകെ. പക്ഷെ ഒരാഴ്ച എന്നത് ഫൈനല്‍ ആയിരിക്കണം'. അതു കഴിഞ്ഞ് സൈമണെ ഐറിച്ച് രഹസ്യമായി വിളിച്ചു. ഇവാനും കൂട്ടരും വിശ്രമമില്ലാതെ ഓടി നടന്നു. ഹാക്കര്‍മാരെത്തി ജോലി തുടങ്ങി.

ഇവാന്‍ റഷ്യന്‍ ഭരണാധികാരികളെ കണ്ടു. കാര്യങ്ങള്‍ ധരിപ്പിച്ചു. അവര്‍ അമേരിക്കന്‍ ഭരണകൂടത്തെ ബന്ധപ്പെട്ടു. ഏതൊക്കെ രാജ്യങ്ങളിലാണോ കേന്ദ്രത്തിന്റെ സെന്ററുകള്‍ ഉള്ളത് അവിടെയെല്ലാമുള്ള ഭരണാധികാരികള്‍ക്ക് സന്ദേശങ്ങള്‍ പോയി.

എല്ലാവരും ചേര്‍ന്ന് ഒരു മിഷന്‍ രൂപീകരിച്ചു -മിഷന്‍ എക്‌സിസ്റ്റന്‍സ്. ഹാക്കര്‍മാരുടെ അശ്രാന്ത പരിശ്രമം കൊണ്ട് ഹ്യൂമനോയ്ഡുകളുടെ സെന്‍സറിങ് സിസ്റ്റം ഓരോന്നായി ഹക്ക് ചെയ്്തു. ഒടുവില്‍ അവയെല്ലാം ഇനാക്റ്റീവ് മോഡില്‍ എത്തിച്ചു.

സൈമണിന്റെ റോട്ടറി ആക്യുവേറ്ററുകളാണ് ആദ്യം ഹാക്ക് ചെയ്തത്. അയാള്‍ക്ക് കേന്ദ്രവുമായി ബന്ധപ്പെടാനാകാതെ ഫോണ്‍ ഡിസ്‌കണക്ടായിക്കൊണ്ടിരുന്നു. അസ്വസ്ഥനായി വീണ്ടും വീണ്ടും ശ്രമിച്ചു. അതിനിടയിലാണ് അയാള്‍ പെട്ടെന്ന് നിശ്ചലനായത്. എന്തോ അപകടം തിരിച്ചറിഞ്ഞ ആ നിമിഷത്തില്‍ തന്നെ വിഷന്‍ സെന്‍സറുകളും പ്രവര്‍ത്തനരഹിതമായി. സൈമണിന്റെ കൃഷ്ണമണികള്‍ നിശ്ചലമാകുന്നത് അലക്‌സ് കണ്ടു നിന്നു.

മിക്ക രാജ്യങ്ങളിലെയും ജനങ്ങളുടെ ഇടയില്‍ ഹ്യൂമനോയ്ഡുകളുടെ സാന്നിധ്യം ഹാക്കിങില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്നതായിരുന്നു. അവരുടെ മിഷന്‍ മിക്‌സഡ് യഥാര്‍ത്ഥ ലോകത്തേക്ക് കടന്നുവെന്ന് അതോടെ വ്യക്തമായി. എല്ലാത്തിനും ശേഷം വാഷിങ്ടണിലെ കേന്ദ്രം അമേരിക്കന്‍ പോലീസ് റെയ്ഡ് ചെയ്യ്തു. എല്ലാവരെയും സുരക്ഷിതമാക്കി. അവരുടെ ഒരു പ്രധാന കണ്ടെത്തലായിരുന്നു റിക്‌സണ്‍. ഒരിക്കലും റിക്്‌സണ്‍ ജീവനോടെയുണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. രഹസ്യ അറയ്ക്കുള്ളില്‍ രക്തക്കുഴലുകള്‍ വീര്‍ത്തുതടിച്ച് വേദന സഹിക്കാനാകാതെ യന്ത്രക്കസേരയില്‍ പൂട്ടിയിട്ടിരുന്ന റിക്‌സണെ പോലീസുകാര്‍ കണ്ടെത്തി. ആംബുലന്‍സ് റിക്‌സണെയും കൊണ്ട് റോഡിലൂടെ പാഞ്ഞു പോകുന്നത് നോക്കിക്കൊണ്ട് ഷോട്ട് ഫെയ്ഡ് ഔട്ടായി.

പിന്നീട് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന ഒരു ആദരിക്കല്‍ ചടങ്ങ് സ്‌ക്രീനില്‍ നിറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് റിക്‌സണിന്റെ സേവനങ്ങളെ മഹത്വവത്ക്കരിച്ച് സംസാരിക്കുന്നു. സദസ്സില്‍ റിക്‌സണ്‍ വീല്‍ചെയറില്‍ അവശത വിട്ടൊഴിയാതെ ഇരിക്കുന്നു. ഈ ദൃശ്യം സ്‌ക്രീനിന്റെ ഒരു വശത്തേയ്ക്കാക്കി അഭിനേതാക്കളുടേയും അണിയറ പ്രവര്‍ത്തകരുടെയും പേരുകള്‍ ഇഴഞ്ഞു നീങ്ങി.

രാജേഷ് ടി വി യില്‍ നിന്ന് കണ്ണെടുത്തു. ഗ്ലാസ് മാറ്റി കണ്ണുകള്‍ തിരുമിയുണര്‍ത്തി. ആരോടെന്നില്ലാതെ പറഞ്ഞു 'ഈ ഫിക്ഷന്റെയൊക്കെയൊരു റെയ്ഞ്ച്'.

'ഇന്നത്തെ ഫിക്ഷനാണ് നാളത്തെ യഥാര്‍ഥ്യം' രാജേഷിനോടൊപ്പമിരുന്ന് സിനിമ ആസ്വദിച്ച മകന്‍ കമന്റ് ചെയ്്തു.

രാജേഷ് അവനെ നോക്കി. കണ്ണുകളില്‍ എന്തോ തിരഞ്ഞു. സൂക്ഷിച്ചു നോക്കിയപ്പോള്‍ അയാളുടെ ഹൃദയമിടിപ്പ് കൂടി.

Latest Videos
Follow Us:
Download App:
  • android
  • ios