Malayalam Short Story : ദൈവത്തിനുള്ള കത്ത്, സന ഫാത്തിമ സക്കീര്‍ എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സന ഫാത്തിമ സക്കീര്‍ എഴുതിയ ചെറുകഥ

chilla malayalam  short story by Sana fathima Sakeer

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam  short story by Sana fathima Sakeer

 

കഥയെഴുതുന്നവര്‍ക്ക് എഴുതാന്‍ കിട്ടുന്ന അവസരങ്ങള്‍ ആണത്രേ ജീവിതത്തിലെ പ്രശ്‌നങ്ങളും തുടര്‍ന്നുള്ള അസ്വസ്ഥതകളും. മുമ്പൊരു സുഹൃത്ത് പറഞ്ഞതാണ്. ബെസ്റ്റ്. എഴുതാന്‍ വേണ്ടി ഉണ്ടാവുന്ന മുറിവുകള്‍, കൊടും വേദനകള്‍...എന്ത് അനായാസം! 

എങ്കിലും, പലപ്പോഴും ഇത്തരം അവസ്ഥകളെ അഭിമുഖീകരിക്കുമ്പോഴൊക്കെ ഉള്ളില്‍ വാക്കുകള്‍ നിറയാറുണ്ട്. അതൊരു കടലാസ് കഷ്ണത്തില്‍ ഉരുട്ടി എഴുതുമ്പോഴൊക്കെ മനസ്സില്‍ തളം കെട്ടി കിടന്ന എന്തൊക്കെയോ ഉറഞ്ഞുകൂടും വിരലുകളില്‍. 

ജീവിതത്തിന്റെ അമാവാസികളിലെ ചില സന്ദര്‍ഭങ്ങള്‍ ഇരുട്ട് മായ്ച്ചിട്ടും മറച്ചിട്ടും പിന്നെയും നിഴലായ് അവിടെ കാത്തിരുന്നിട്ടുണ്ട്. അതൊരു പോറലായി പിന്തുടര്‍ന്നിട്ടുമുണ്ട്. ഏതറ്റം വരെ ചെന്നാലും, എത്ര ഓടി ഒളിക്കാന്‍ ശ്രമിച്ചാലും അത് പിന്തുടരുക തന്നെ ചെയ്യും. അവ ചിന്തകളായി ഉള്ളിലിങ്ങനെ തിങ്ങിവിങ്ങും. ആകാശത്തെ മേഘങ്ങളെ പോലെ. 

കിടക്കയില്‍ നിന്നെണീറ്റ് മശയില്‍ നിന്നു പേപ്പര്‍ എടുത്ത് കസേര വലിച്ചിട്ടിരുന്ന് എഴുതാന്‍ തുടങ്ങിയാല്‍, ആ മേഘങ്ങള്‍ ഘനീഭവിക്കാന്‍ തുടങ്ങും. മഴ പോലെ പെയ്യും. എന്താണ് എഴുതുന്നത് എന്നോ ഇനി എന്ത് എഴുതണം എന്നോ അറിയാത്തൊരു പെയ്ത്ത്. 

ചിലപ്പോഴൊക്കെ അങ്ങനെ ആണ്. ചിന്തകള്‍ ഉറക്കം കെടുത്തും. ഉറക്കമില്ലായ്മ സമാധാനത്തെ കെടുത്തും. ഇതെല്ലാം എഴുത്തിനെയും. ഒരു ഭയം. എന്തെന്നില്ലാത്ത ഭയം. ഇത് ആരെങ്കിലും വായിച്ചാലോ? ഇല്ല ആര്‍ക്കും വായിക്കാന്‍ കൊടുക്കില്ല. ഇതെനിക്ക് വേണ്ടി ഞാന്‍ എഴുതുന്നതാണ്. 

അങ്ങനെ എഴുതിയതാണ് ദൈവത്തിനുള്ള ഈ കത്ത്.  എന്നെ പോലെ എത്ര പേര്‍ കത്തെഴുതിയിട്ടുണ്ടാകണം. അറിയില്ല. പക്ഷെ ചിലര്‍ തുടരെ തുടരെ കത്തെഴുതിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഈ നിമിഷവും വിശ്രമം ഇല്ലാതെ.


രണ്ട്

എഴുതിയെഴുതി ബോധം വീണപ്പോഴാണ് ഇടക്ക് ഉറങ്ങി പോയി എന്ന് മനസ്സിലായത്. കിടക്കയില്‍ കിടന്ന് ക്ലോക്കിലേക്ക് നോക്കി. കാഴ്ച്ച മങ്ങിയിരിക്കുന്നു. സുബഹിക്ക് സമയമായെന്ന് തൊട്ടടുത്തുള്ള പള്ളിയിലെ ബാങ്കെന്നെ അറിയിച്ചു. ശരീരം ആകെ തണുത്തിരിക്കുന്നു. ഞെരങ്ങി ഞെരങ്ങി കട്ടിലില്‍ നിന്ന് എണീക്കാന്‍ ഒരു ശ്രമം നടത്തി. ഫലം കണ്ടില്ല. കണ്ണുകളിലൂടെ ഇരുട്ട് അരച്ചു കയറുന്നു, നെഞ്ചിന്‍കൂടിനെ ശരീരത്തില്‍ നിന്നും അറുക്കുന്നു, കൈകാലുകള്‍ ചലനരഹിതമാകുന്നു. എല്ലാം ഒരുമിച്ചറിഞ്ഞു. ആ കൊച്ചുമുറിയില്‍ ഞാന്‍ ഒറ്റയ്ക്കല്ലെന്ന് മനസ്സിലായി. മറ്റാരുടെയൊക്കെയോ സാന്നിധ്യം അനുഭവിക്കാന്‍ കഴിയുന്നു. ചുറ്റുപാടില്‍ നിന്നും ശബ്ദങ്ങള്‍ ഉയരുന്നു. പിറുപിറുക്കല്‍, രഹസ്യങ്ങള്‍. ഒടുവില്‍ പൊട്ടിക്കരച്ചില്‍. കതക് തുറന്നാരോ അകത്തേക്ക് പ്രവേശിച്ചു.

'ഇന്ന് ഇടയത്താഴം ഇല്ലാതെയാണോ നോമ്പെടുക്കണത്. അതും ഈ..'

ബാനുവിന്റെ ശബ്ദമായിരുന്നു അത്. അവര്‍  പൂര്‍ത്തിയാക്കാതെ അവിടെ നിന്നു.

'ബാനു..'

ബാനു പുറത്തേക്ക് പോയി. കുറച്ച് കഴിഞ്ഞപ്പോള്‍ മടങ്ങി വന്നു.

എന്തോ കളഞ്ഞു പോയത് പോലെ അവര്‍ അവിടെ ഒക്കെ പരതുന്നുണ്ട്.

മൂന്ന് 

അന്ന് ഫെബ്രുവരി 18. ഒറ്റമുറിയില്‍ ഇരുന്ന് വല്ലാതെ മുഷിഞ്ഞിരുന്നു. പതിവ് തെറ്റിക്കേണ്ടെന്ന് കരുതി ഉച്ചഭക്ഷണത്തിനായി താജില്‍ ചെന്നു. ഹോട്ടല്‍ താജ്. കറുത്ത ഉരുണ്ട അക്ഷരങ്ങളില്‍ മഞ്ഞ ബോര്‍ഡില്‍ എഴുതിയിരിക്കുകയാണത്. സിറാജിക്കയും ഭാര്യയും കഴിഞ്ഞ് ഇരുപത് വര്‍ഷമായി നടത്തുന്ന ഹോട്ടല്‍ ആണത്. അവിടെ വെച്ചാണ് ബാനുവിനെ കാണുന്നത്. 

'പേരെന്താ'

ചിരിയായിരുന്നു മറുപടി.

'പേരില്ലേ. അതോ മറന്ന് പോയോ.'

'ന്നെ ബാനു ന്ന് വിളിച്ചോളൂ.'

ബാനു. വീട്ടില്‍ നിന്ന് മാറി താമസിക്കേണ്ടി വന്നപ്പോള്‍ ഞാന്‍ കണ്ടുമുട്ടിയ ആള്‍. ബാനുവിന് എന്നിലും പ്രായമുണ്ട്. അവരിലേക്ക് ഞാന്‍ ആകര്‍ഷിക്കപ്പെട്ടത് രണ്ട് കാരണത്താല്‍ ആയിരുന്നു. ഒന്ന്, അവര്‍ക്ക് സ്വന്തമെന്ന് പറയാന്‍ ആരും തന്നെയില്ല. അതുകൊണ്ട് തന്നെ വിഷമങ്ങള്‍ ഒരു ചിരിയില്‍ ഒതുക്കാന്‍ സ്വയം പഠിച്ചു. രണ്ട്, ബാനു കഥ പറയുമ്പോള്‍ ഒരു കഥാകാരി അവിടെ ജനിച്ചുവീഴുന്നതായി കാണാം. സ്വന്തവും അല്ലാത്തതുമായ കഥകള്‍ പറയുമ്പോള്‍ അതിലേക്ക് നമ്മളെയും കൂടി കൈപിടിച്ചു ആ കഥാപാത്രങ്ങള്‍ നടന്ന പാതയിലൂടെ ആ കഥാപാത്രങ്ങള്‍ അനുഭവിച്ച ദീര്‍ഘവേദനകളിലൂടെ കടന്ന് പോകാനും അവിടേക്ക് കൊണ്ട് പോകാനും അവര്‍ക്ക് കഴിയും. അവര്‍ക്ക് കിട്ടിയതൊരു ശ്രോതാവിനെയും എനിക്ക് കിട്ടിയത് ഒരു ആത്മമിത്രത്തിനെയും.

പലപ്പോഴും അവരവിടെ ജോലി ചെയ്യുമ്പോള്‍ ഞാന്‍ ചിന്തിച്ചിട്ടുണ്ട്, അത്രമേല്‍ ജീവിതത്തിന്റെ ചവര്‍പ്പ് കുടിച്ചിറക്കിയിട്ടും എങ്ങനെ ഇവര്‍ക്ക് ഇത്ര മനോഹരമായി ചിരിക്കാന്‍ കഴിയുന്നു എന്ന്. അവര്‍ അനാഥയാണ്. എക്കാലവും. ചെറുപ്പത്തില്‍ മാതാപിതാക്കള്‍ ഒരു കുപ്പത്തൊട്ടിയില്‍ വലിച്ചെറിഞ്ഞു. വലുതായപ്പോള്‍ ഏറെ സ്‌നേഹിച്ചയാളും. അവര്‍ക്കിപ്പോള്‍ തുണ ഇപ്പോഴത്തെ തൊഴിലാണ്. പിന്നെ, സഹായം ചോദിച്ചെത്തിയപ്പോള്‍ ആശ്രയം നല്‍കിയ ഈ കുടുംബവും.

തമ്മില്‍ മനസ്സിലാക്കാന്‍ നല്ലൊരു മനസ്സുള്ള, ആത്മാവില്‍ തൊട്ടറിയുന്ന ചില സൗഹൃദങ്ങളില്‍ ഒന്നായി മാറി ഞങ്ങളുടേത്. എന്റെ താമസസ്ഥലത്തിന്റെ തൊട്ടടുത്തുള്ള ഒരു ചെറിയ ഹോട്ടലിലാണ് ബാനു ജോലി ചെയ്യുന്നത്. ബാനുവിന്റെ ദുരിതജീവിതാനുഭവങ്ങളുടെ കഥകളൊക്കെ ഒരു കഥാപുസ്തകം വായിക്കുന്ന ക്ഷമയോടെ താല്പര്യത്തോടെ ഞാന്‍ കേട്ടിരുന്നിട്ടുണ്ട്.

നാല് 

ബാനു ഭക്ഷണം വിളമ്പിയശേഷം എന്റെ എതിര്‍ സീറ്റില്‍ വന്നിരുന്നു. എന്റെ ഹൃദയം കലങ്ങിയ നിമിഷം. ഇവിടെ വന്ന് ഇത്രയും നാളുകള്‍ പിന്നിട്ടിട്ടും ഇന്നേ വരെ ഞാന്‍ ഒറ്റക്കിരുന്നേ കഴിച്ചിട്ടുള്ളൂ. അന്ന് കഴിച്ച ചോറിനും കറിക്കുമെല്ലാം വീട്ടിലെ ഊണിന്റെ സ്വാദും. ഞാനത് ആസ്വദിച്ച് കഴിച്ചു. അവര്‍ എന്തൊക്കെയോ പറയുന്നുണ്ട്. ഞാന്‍ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി.

എന്റെ മനസ്സെന്നെ കൊളുത്തി വലിച്ചത് ഒരു പഴയ ഓര്‍മ്മയിലേക്കാണ്. ഞാനന്ന് ആറില്‍ പഠിക്കുന്നു. അതൊരു പരീക്ഷാക്കാലം കൂടിയായിരുന്നു. മാഷിന്റെ ഇമവെട്ടാതെ നിരീക്ഷിക്കുന്ന കണ്ണുകളും, വേഗതയില്‍ എഴുതി തീര്‍ക്കുന്ന കുട്ടികളും. ചോദ്യക്കടലാസ്. ചലിക്കുന്ന ക്ലോക്കിലെ സൂചി. പരീക്ഷയുടെ തലെദിവസം തുടങ്ങിയ വയറുവേദനയുടെ അവസാനം കണ്ടത് പരീക്ഷ ഹാളില്‍ വെച്ചാണ്. ആദ്യം അടിവയറ്റില്‍ വലിയൊരു പാറക്കഷ്ണം കെട്ടി വെച്ചത് പോലെ. അതിന്റെ ഭാരം വയറില്‍ തുളച്ച് കയറിയപ്പോള്‍ ഞാന്‍ ഞെരുങ്ങി. ഉത്തരങ്ങള്‍ എഴുതുന്നത് തുടര്‍ന്നു. തല ചുറ്റുന്നത് പോലെ. വയറിനകത്തൊരു നീരാളി മാംസത്തെ വലിച്ച് കീറി ചോര പുറത്തേക്ക് ചീറ്റി. കാലുകള്‍ ഇറുക്കിപ്പിടിച്ചുകൊണ്ട് വയറില്‍ കൈ അമര്‍ത്തിപ്പിടിച്ച് ഞാന്‍ കരഞ്ഞു. പരീക്ഷ കഴിഞ്ഞപാടെ വീട്ടിലേക്ക് ഓടി. ഇട്ട ചുരിദാറില്‍ പറ്റിയ ചോരക്കറ മറയ്ക്കാന്‍ റസിയ അവളുടെ കറുത്ത തട്ടം എന്റെ അരയില്‍ കെട്ടിയിരുന്നു. അവള്‍ നേരത്തെ തന്നെ വലിയ പെണ്ണായതാണത്രെ.


വീട്ടില്‍ എത്തിയപ്പോള്‍ വീടിന്റെ പിന്‍വാതില്‍ പടിയില്‍ പണിക്കാര്‍ക്കായി വെച്ചിരിക്കുന്ന ചോറിന്‍ കലവും മൊന്തയും കണ്ടു. വീട്ടിലുള്ളവര്‍ ജോലി കഴിഞ്ഞെത്താന്‍ ഇനിയും വൈകും. ഞാന്‍ കൈ വയറില്‍ അമര്‍ത്തി തല ചായച്ച് ആ പടിയില്‍ തന്നെയിരുന്നു. ഉച്ചഭക്ഷണം കഴിക്കാനായി പണിക്കാര്‍ വന്നു. തറയില്‍ കട്ട പിടിച്ച് കിടന്ന ചോരക്കറ കണ്ട് കുമാരിയേട്ടത്തിക്ക് കാര്യം മനസ്സിലായിരിക്കണം. അവര്‍ എന്നെ എണീപ്പിച്ച് കുളിമുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി. മുഷിഞ്ഞ വസ്ത്രം ഒരു അറപ്പും കൂടാതെ അവര്‍ വൃത്തിയാക്കി. അതവരുടെ തൊഴിലല്ല. അതിനവര്‍ക്ക് കൂലിയും കാണില്ല. പക്ഷെ സ്‌നേഹത്തിന് ഒരു ഭാഷയുണ്ട്. അത് മനസ്സില്‍ സ്‌നേഹം മാത്രമുള്ളവര്‍ക്കേ അറിയുകയുള്ളു.

സോപ്പ് പതകള്‍ ചുവപ്പ് നിറത്തില്‍ പതഞ്ഞ് തനിക്ക് നേരെ തെറിക്കുമ്പോഴും അവരുടെ മുഖത്ത് നിസ്സഹായതയെക്കാള്‍ മറ്റെന്തോ ആയിരുന്നു. 


അഞ്ച്

ബാനു.. എന്തെങ്കിലും പറ.. ഒന്നും പറയാതെ പോകരുത്..'

ബാനു തിരച്ചില്‍ നിര്‍ത്തിയില്ല. 

ഇനി ബാനു എന്റെ തോന്നലാണോ? ഞാന്‍ കണ്ണ് മുറുക്കെ അടച്ചു.. യാ റബ്ബി...

ഇന്ന് അവസാനത്തെ നോമ്പാണ്. 

പെരുന്നാളിനുള്ള എന്റെ കുപ്പായം പുതിയ രണ്ട് വെള്ളത്തുണികളാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് ബാനു തിരച്ചില്‍ നിര്‍ത്തിയപ്പോഴാണ്. ചുറ്റിനും ആളുകള്‍ അപ്പോഴുമുണ്ട്. അവരൊക്കെ ഇലാഹിന് കത്തെഴുതുന്നവരാണ്. അതിലാരുടെയോ കണ്ണെന്റെ കത്തില്‍ ചെന്നുടക്കി.

'മയ്യത്ത് കുളിപ്പിക്കാന്‍ സമയമായി'

എവിടെന്നോ ശബ്ദം ഉയര്‍ന്നു. തൊട്ടടുത്ത പള്ളിയില്‍ നിസ്‌കാരത്തിനു ശേഷം മരണവാര്‍ത്തകള്‍ അറിയിക്കുമ്പോള്‍ അതിലൊന്ന് എന്റേത്. വന്നവര്‍ക്കിടയില്‍ എന്റെ പ്രിയപ്പെട്ടവരുമുണ്ടെങ്കിലും ഞാന്‍  നോക്കിയത്. ബാനുവിന്റെ കലങ്ങിയ കണ്ണുകളെ മാത്രം. ആ കണ്ണുകള്‍ കഥ പറഞ്ഞ് കഴിഞ്ഞില്ലായിരിക്കണം.
 


 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios