Malayalam Short Story : പൊട്ടന്റെ സൈനു, സാഹിസലാം എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സാഹിസലാം എഴുതിയ ചെറുകഥ

chilla malayalam short story by Sahi Salam

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam short story by Sahi Salam

 

സത്യമായും, അവനോടെനിക്ക് പ്രണയമില്ല. ഞാനവന്റെ പെണ്ണുമല്ല. എന്നിട്ടും-അതെത്രയോ തവണ ഉറക്കെ  വിളിച്ച് പറഞ്ഞിട്ടും- ആരുമത് വിശ്വസിച്ചില്ല. ആദ്യം എന്നെ അറിയുന്നവര്‍ അത് അടക്കം പറഞ്ഞു. പിന്നീട് പൊടിപ്പും തൊങ്ങലും വെച്ച് ആളുകള്‍ എന്നെയും അവനെയും കുറിച്ച് ഇല്ലാത്ത കഥകള്‍ പാടിനടന്നു. 

ഞാനീ 'അവന്‍' എന്നു പറയുന്നത് മഹ്ബുവിനെ കുറിച്ചാണ്. ഭിന്നശേഷിക്കാരനായിരുന്നു അവന്‍. അതിന്റെ എല്ലാ ബുദ്ധിമുട്ടുകളും അനുഭവിച്ചവന്‍. കാര്യങ്ങളൊന്നും എളുപ്പത്തില്‍ പിടികിട്ടാത്തവന്‍. അതിനാല്‍, എല്ലാവരും അവനെ പൊട്ടന്‍ മഹ്ബു എന്ന് വിളിച്ചു. ആ മഹ്ബുവിനെയും എന്നെയും ചേര്‍ത്താണ് ചായക്കട മുതല്‍ ശൈത്താന്‍ മൂലവരെ അടക്കം പറഞ്ഞത്, പൊട്ടന്റെ സൈനു! 

മഹ്ബു മറ്റുള്ളവരെപ്പോലെയായിരുന്നില്ല. ഈ അടക്കം പറച്ചിലൊന്നും അവനെ ബാധിച്ചില്ല. 

അവന്‍ എന്ത് പണിയും എടുക്കും. കൂലി എന്തായാലും അവന് പരിഭവമില്ല. രൂപയുടെ മൂല്യത്തെക്കുറിച്ച് ഒരു പിടിയുമില്ലാതിരുന്നതിനാല്‍, നാട്ടാര് മുതലെടുത്തു. ചില്ലിക്കാശിന് എന്തിനും അവന്‍ ഉപകാരിയായി.

ഏതോ ഒരു രാത്രി മഴയത്ത് കേറി വന്നതാണ് അവന്‍. ഇന്നും രാത്രിമഴയത്ത് കരഞ്ഞു വിളിക്കുന്ന ആ ചെക്കനെ എനിക്കോര്‍മ്മയുണ്ട്.

എന്നെക്കാളും രണ്ടോ മൂന്നോ വയസ്സേ ഏറെയുള്ളൂ. എവിടെ നിന്നോ ഊരു തെറ്റി വന്നു. ഉമ്മാക്ക് അവനോട് പാവം തോന്നി. അവനെ വീട്ടില്‍ നിര്‍ത്താമെന്ന് ഉമ്മ കരുതി. ഉപ്പാനെ പറഞ്ഞു സമ്മതിപ്പിച്ചത് ഒരു കണക്കിനാണ്. അങ്ങനെ അവനും ഞങ്ങടെ വീട്ടിലെ അംഗമായി.

എന്നെപ്പോലെ അവനും സ്‌കൂളില്‍ പോയിത്തുടങ്ങി. വീട്ടിലെ എല്ലാ പണിയിലും ഉപ്പാനേം ഉമ്മയേം സഹായിച്ചു തുടങ്ങി. അവന്റെ സഹായങ്ങള്‍ എത്താത്തെ മേഖലയില്ലെന്നായി. പതിയെ അവന്‍ ഉപ്പാന്റെ വിശ്വസ്തനും, ഇഷ്ടക്കാരനുമായി. 

എന്നോടൊപ്പമാണ് അവന്‍ സ്‌കൂളില്‍ പോവുകയും  വരുകയും ചെയ്തത്. ആദ്യമാദ്യം അവനോടൊപ്പം സ്‌കൂളില്‍ പോകാന്‍ എനിക്ക് കുറച്ചിലായിരുന്നു. എല്ലാരും അവനെ പൊട്ടാ... പൊട്ടാ എന്ന് വിളിച്ചു കൊണ്ടേയിരിക്കും.

കുറച്ചു ദൂരം വരമ്പിലൂടെയും കല്ലുള്ള റോഡിലൂടെയും നടന്നാണ് സ്‌കൂളില്‍ എത്തുന്നത്. കാലില്‍ കല്ലു തട്ടാതെയും വരമ്പില്‍ വീഴാതെയും വളരെ ശ്രദ്ധിച്ച് അവന്‍ എന്നെ നടത്തികൊണ്ടു പോയി. അവനെന്റെ അംഗരക്ഷകനായി. 

സ്‌കൂളില്‍ പോയിട്ടും അവന് ഒന്നും മനസ്സിലാക്കാനോ പഠിക്കാനോ കഴിഞ്ഞിരുന്നില്ല. പതിയെ, അവന്‍ എല്ലാര്‍ക്കും കുതിര കേറാന്‍ പറ്റുന്ന പൊട്ടന്‍ മഹ്ബു ആയി.

അവന്റെ തലയില്‍ ഞാന്‍ മുടി കണ്ടിട്ടേയില്ല. എപ്പോഴും മൊട്ടയടിച്ചാണ് അവനെ കാണുക. എല്ലാവരും അവനെ കളിയാക്കുകയും തോണ്ടുകയും മൊട്ടയില്‍ കോറിവരക്കുകയും ചെയ്തു.

ചിരിയെന്നതിലുപരി ഒരു വികാരവും അവനില്‍ കണ്ടില്ല. എനിക്കവനോട് വല്ലാത്ത പാവവും വാത്സല്യവും സൗഹൃദവും സ്‌നേഹവും തോന്നിത്തുടങ്ങി. അങ്ങനെയങ്ങനെ എന്തിനും ഏതിനും മഹ്ബു ആയി കൂട്ട്. അങ്ങനെയവന്‍ മറ്റുള്ളവര്‍ക്ക് സൈനൂന്റെ പൊട്ടന്‍ മഹ്ബു ആയി.

കുന്നിന്‍ ചെരിവില്‍ വെറുതെ നടക്കാന്‍, കളിക്കാന്‍, മരം കേറാന്‍ അങ്ങനെയങ്ങെനെ എല്ലാറ്റിനും അവനുണ്ടായിരുന്നു. അവനോടൊപ്പം ഏത് കളിയിലും ഞാന്‍ തന്നെ ജയിക്കും. 

കാലത്തിന്റെ കുത്തൊഴുക്കില്‍ ബാല്യവും കൗമാരവും കടന്നുപോയി. ഞാന്‍ മുതിര്‍ന്നു, അവനും. എനിക്ക് ജോലി കിട്ടി. അവന്‍ കണ്ടവരുടെയെല്ലാം പണികള്‍ ചില്ലിക്കാശിന് ചെയ്തു കൊടുത്തു. 

ആയിടെയാണ് ഒരു കല്യാണക്കാര്യം എനിക്ക് വന്നത്.

പെണ്ണ് കാണാന്‍ വന്ന സമയത്ത് അവനോടി വന്ന് എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു, സൈനു.... വാ നമ്മുടെ മാവിലെ അണ്ണാന് ഒരു കുഞ്ഞുണ്ടായിരിക്കുന്നു.'

ഞാന്‍ അന്തിച്ചു നിന്നു. അവന്‍ നിര്‍ത്തിയില്ല. 

''സൈനു  വാ കാണാന്‍..''-അവനെന്റെ കൈ പിടിച്ച് വലിച്ചു.

കണ്ടു നിന്നവര്‍ അന്തം വിട്ടു. അവര്‍ക്ക്  പന്തികേട് തോന്നിക്കാണണം. 

'മഹ്ബു പോ പുറത്ത്, സൈനൂന്റെ കല്യാണമാണ്'-ഇത്തിരി ദേഷ്യത്തോടെ മാമനാണ് പറഞ്ഞത്.

അതു കേട്ടതും അവന് വല്ലാത്ത സന്തോഷമായി. ''എവിടെ മുല്ലപ്പൂവ്, എവിടെ പുതിയ കല്ലുള്ള പാവാട...?

''സൈനൂന്റെ കല്യാണം ...സൈനു പുത്യണ്ണ് എന്ന് ഉറക്കെ പാടി അവന്‍ ഓടി.

അവനെന്നെ കെട്ടിപ്പിടിച്ചത് നാട്ടിലൊക്കെ പാട്ടായി.

എല്ലാവരും അടക്കം പറഞ്ഞു, സൈനുവും മഹ്ബുവും തമ്മിലുള്ള മുഹബ്ബത്തിന്റെ  പൊടിപ്പും തൊങ്ങലും വെച്ച  കഥകള്‍. തോട്ടിലും കാട്ടിലും വെച്ച് ഞങ്ങള്‍ ഉമ്മ വെക്കുന്നത് കണ്ടവരും ഉണ്ടായി. എന്ത് നീളമുള്ള കള്ളച്ചിറകാണ് കഥള്‍ക്കെന്നോ...!

''അന്നേ പറഞ്ഞതാ ഇമ്മാതിരി ചെക്കമ്മാരെ വീട്ടില് പോറ്റണ്ടാന്ന്''-കേള്‍ക്കുന്തോറും ഉപ്പ ദേഷ്യത്തിന്റെ പത്തി വിടര്‍ത്തി. ഉമ്മാക്കാണെങ്കില്‍, ഇതൊന്നും താങ്ങാനായില്ല. കേട്ടും പറഞ്ഞും പതിയെ മനസ്സു തകര്‍ന്ന് അവര്‍ രോഗിയായി. അധികം വൈകിയില്ല, അതു സംഭവിച്ചു. എന്നേക്കുമായ് എല്ലാറ്റിനോടും വിട പറഞ്ഞ് ഉമ്മ പടച്ചോന്റെ അടുത്തേക്ക് പോയി.

ഈ കെട്ടുകഥകളിലൊക്കെ വാസ്തവമുണ്ടെന്ന് എല്ലാരും വിശ്വസിച്ചു. ഉപ്പ പോലും. 'തീയില്ലാതെ പുകയുണ്ടാവില്ലല്ലോ'-അതായിരുന്നു എല്ലാരുടെയും അവസാനത്തെ തീര്‍പ്പ്. അങ്ങനെ പരസ്യമായ അടക്കം പറച്ചില്‍ കൊടുമ്പിരി കൊണ്ടു. ശൈത്താന്‍ മൂലക്കാര്‍ സൈനുനെ പറ്റി പറഞ്ഞു ചിരിച്ചു.


അങ്ങനെയിരിക്കെയാണ്, ഉപ്പയും എന്നെയും അവനെയെും കൂട്ടി ഒരു യാത്ര പോയത്. തീവണ്ടി കേറിയ സന്തോഷത്തില്‍ പാട്ടും പാടി പുറത്തേക്ക് നോക്കിയും ഇടക്കെന്നെ നോക്കി ചിരിച്ചും അവനിരുന്നു. വണ്ടി ഇറങ്ങിയത് മഹാരാഷ്ട്രയിലെ നവി മുംബൈയിലായിരുന്നു. ഞങ്ങള്‍ അവിടെയുള്ള ഹോട്ടലില്‍  ഭക്ഷണം കഴിക്കാനിരുന്നു. 

അവന് ഭക്ഷണം കഴിക്കാന്‍ ഒരുപാടു സമയം വേണം. അത് ഉപ്പാക്കറിയാം. ഉപ്പ  കൈ കഴുകാനെന്ന മട്ടില്‍ എന്നെ വിളിച്ച് പുറത്തിറക്കി.. എന്നിട്ട് എന്നെയും വലിച്ച് ഒറ്റ നടത്തം. ഞാനൊരു പാട് പറഞ്ഞു നോക്കി, പാവമല്ലേ അവിടൊന്നും വിട്ടു പോവണ്ട.

''ആളുകള്‍ പറയുന്നതിലും കാര്യണ്ട്. അല്ലാതെ ആ പൊട്ടന്‍ ചെക്കനെ വിട്ടു പോരാന്‍ നിനക്കെന്താ  ഇത്ര മടി'-ദേഷ്യത്തോടെ ഉപ്പ പറഞ്ഞു.

പിന്നെ ഞാനൊന്നും പറഞ്ഞില്ല. തീവണ്ടി തിരിച്ച് കോഴിക്കോട്ടേക്ക് എത്തിയിട്ടും ഞാനൊരു കാഴ്ചയും കണ്ടില്ല. ഒന്നും കേട്ടില്ല. കണ്ണില്‍ ഉപ്പുതരികള്‍ അലിഞ്ഞ് ഉരുണ്ടുകൂടി. കരയാന്‍ പോലും കഴിഞ്ഞില്ല.

സത്യമായും എനിക്കവനോട് പ്രണയമുണ്ടായിരുന്നില്ല. അതെനിക്ക് ദിഗന്തങ്ങള്‍ പൊട്ടുമാറ് ഉറക്കെ  വിളിച്ച് ലോകത്തോട് അലറണമെന്നുണ്ടായിരുന്നു. എന്നാല്‍, വാക്കുകള്‍ ഒന്നും കെട്ടഴിഞ്ഞ് വീണില്ല.

കാലം കല്യാണപ്പെണ്ണിന്റെ ചേല്ക്ക് അണിഞ്ഞൊരുങ്ങി എങ്ങോട്ടോ നടന്നുപോയി. പല കല്യാണ ആലോചനകള്‍ വന്നിട്ടും പൊട്ടന്റെ സൈനൂനെ കെട്ടാന്‍ ആരുമുണ്ടായില്ല. അതിനിടയില്‍ എപ്പോഴോ, ഉപ്പയെയും കാലം കൊത്തിയെടുത്തു.

മക്കളില്ലാത്ത ഒരമ്മായി എനിക്ക് കൂട്ടായി  പിന്നെ.

ഒരു ജോലി ഉണ്ടായതിനാല്‍ ജീവിതത്തിന് വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല. ശൈതാന്‍ മൂലക്കാര്‍ പൊട്ടന്‍ മഹ് ബുവിനെ മറന്നില്ല. അവന്റെ ജീവിക്കുന്ന സ്മാരകമായി രാവിലെയും വൈകുന്നേരവും ഞാന്‍ ആ വഴി ജോലിക്കു പോയി.

അപ്പോഴും, ഓരോ ചോദ്യങ്ങളെറിഞ്ഞ് ആരൊക്കെയോ വേദനിപ്പിച്ചു. ഉത്തരങ്ങള്‍ കൊണ്ടുള്ള പരിചയില്ലാതെ ഞാന്‍ നിരായുധയായി ഞാന്‍ നടന്നു. 

മഴയുള്ള ഓരോ  രാത്രിയിലും ഗേ്റ്റിന്റെ ശബ്ദം കേള്‍ക്കുന്നുണ്ടോ എന്ന് ഞാന്‍ കാതോര്‍ക്കും. സൈനൂ....നീയിതെവിടെ എന്ന വിളി. തിരിച്ചു വരാന്‍ വഴി അറിയില്ല അവന് എന്നുറപ്പാണ്. പക്ഷേ, വഴി തെറ്റിയെങ്ങാന്‍ ഒന്നിവിടെ വന്നാലോ...

പക്ഷേ, കൂട്ടരേ, ഒരു കാര്യം ഇപ്പോഴും എനിക്ക് പറയാനുണ്ട്. എനിക്ക് സൈനൂനോട് പ്രണയമേ ഇല്ലായിരുന്നു! 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios