Malayalam Short Story : കത്ത്, സാബു ഹരിഹരന്‍ എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  സാബു ഹരിഹരന്‍ എഴുതിയ ചെറുകഥ 

 

chilla malayalam short story by Sabu Hariharan

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam short story by Sabu Hariharan

 

'മോളെ...പേപ്പറും പേനേം എടുത്തോ?' ക്ഷീണം കലര്‍ന്ന ശബ്ദത്തിലവര്‍ ചോദിച്ചു.

'ഉം...അമ്മ പറഞ്ഞോ' സൈനു സഹതാപപൂര്‍വ്വം പറഞ്ഞു.

'എന്നാ..മോള് എഴുതിക്കോ...'

പതിവ് പോലെ ഉമ്മറപ്പടിയിലിരുന്ന് അവര്‍ പറഞ്ഞു കൊടുക്കുകയായിരുന്നു.

'എന്റെ പൊന്നു മോനെ...' അങ്ങനെ തന്നെയായിരുന്നു അവര്‍ വര്‍ഷങ്ങളായി പറഞ്ഞു തുടങ്ങിയിരുന്നത്.
അതറിയാവുന്നത് കൊണ്ട് ആ വാചകം അവള്‍ ആദ്യമേ എഴുതിത്തുടങ്ങിയിരുന്നു.

'നിനക്ക്..അവിടെ സുഖമാണോ? ഇന്നലേം ഞാന്‍ നിന്നെ സ്വപ്നം കണ്ടു. നീ അയച്ചത് വായിച്ച് കേട്ട് അമ്മയ്ക്ക് ഒരുപാട് സന്തോഷായി. മോന്‍ അമ്മയ്ക്ക് എപ്പഴും എഴുതണം. പിന്നെ നീ അവിടെ ആരുമായിട്ടും അടിപിടിയൊന്നും കൂടരുത്.'

'എഴുതിയോ മോളെ?'-അവര്‍ നിര്‍ത്തിയിട്ട് ചോദിച്ചു.

'ഉം...'

'പണ്ട് നീ പണി കഴിഞ്ഞ് വൈകിട്ട് വരുമ്പോ അമ്മ നെനക്ക് ഉണ്ണിയപ്പം ഒണ്ടാക്കി തരാറില്ലേ? അതു പോലെ ഒണ്ടാക്കി തരണോന്നൊണ്ട്. പക്ഷെ, അമ്മയ്ക്ക് ഇപ്പോ ഒന്നും കണ്ടൂട മോനെ. സൈനു മോള്‍ടെ കൂടെ ആശൂത്രീല് പോയി കാണിച്ചു. ഇനി ചികിത്സിച്ചാലും കാഴ്ച്ച കിട്ടില്ലെന്നാ ഡോക്ടറ് പറഞ്ഞത്.'

അല്പനേരമെന്തോ ആലോചിച്ചിരുന്ന ശേഷമവര്‍ തുടര്‍ന്നു:

'നീ അവിടെ പുസ്തകങ്ങള്‍ വായിക്കാറുണ്ടോ? നിനക്ക് ഇഷ്ടമുള്ള പുസ്തകങ്ങളൊക്കെ അവിടെയൊണ്ടോ? ങാ...പിന്നെ നമ്മടെ അനിതേടെ കെട്ട് കഴിഞ്ഞു. അമ്മയ്ക്ക് പോകാന്‍ പറ്റീല്ല. ഇവിടെ ഞാനിപ്പോ ഒറ്റയ്ക്കാ ചെലപ്പഴൊക്കെ പേടി തോന്നും.'

എന്തോ പറയാന്‍ ഭാവിച്ചിട്ട് അവര്‍ നിര്‍ത്തിയിട്ട് ചോദിച്ചു:

'മോളെ...നീ കൊറച്ച് വെള്ളം എടുത്തു തരുവോ? തൊണ്ട വരളുന്നു.'

സൈനു അകത്തേക്ക് പോയി ഒരു സ്റ്റീല്‍ ഗ്ലാസ്സില്‍ വെള്ളവുമായി വന്നു. അതവള്‍ അവരുടെ താടി പിടിച്ചുയര്‍ത്തി ശ്രദ്ധയോടെ വായിലൊഴിച്ചു കൊടുത്തു.

ചുളിവ് വീണ കൈയ്യുയര്‍ത്തി അവര്‍ ചുണ്ട് തുടച്ച് വീണ്ടും പറയാന്‍ തയ്യാറെടുത്തു.

'എഴുതിക്കോ മോളെ...'

'ഇപ്പോ അമ്മയ്ക്ക് ചെറിയ പേടിയൊണ്ട് മോനെ. നീ വരുമ്പോ ഞാന്‍ ഒണ്ടാവോ എന്തോ. നിന്നെ കാണാന്‍ വേണ്ടി മാത്രമാ എന്നെ ഇവിടെ ഇട്ടിരിക്കുന്നതെന്ന് അമ്മയ്ക്ക് ചെലപ്പൊ തോന്നും. നീ മാത്രമല്ലേയുള്ളൂ അമ്മയ്ക്ക്?'

അത് പറഞ്ഞ് അവര്‍ മാറത്തിട്ടിരുന്ന തോര്‍ത്ത് കൊണ്ട് കണ്ണുകളൊപ്പി.

അവള്‍ ആ സമയം പേന പരിശോധിക്കുകയായിരുന്നു. മഷി തീര്‍ന്നു പോയിരിക്കുന്നു! രണ്ടു മൂന്നു വട്ടം കുടഞ്ഞു നോക്കി. കുത്തിവരച്ചു നോക്കി. കടലാസ്സില്‍ നീണ്ട പാടുകള്‍ തെളിഞ്ഞു. വരണ്ട ചാലുകള്‍.
'എഴുതിയോ മോളെ?' ദുര്‍ബ്ബലമായ കൈകള്‍ കൊണ്ട് ഇരുകാല്‍മുട്ടുകളും ഉഴിഞ്ഞ് കൊണ്ടവര്‍ ചോദിച്ചു.

'ഉം...' അവളുടെ ശബ്ദം ഇടറി.

'അമ്മാ...ഒന്ന് നിക്കണേ'

'എന്താ മോളെ?'

'കണ്ണ് നീറുന്നു'

'എന്താ?'

'ഇന്ന്...റസിയ മോള്‍ക്ക് കോഴിക്കറി വേണോന്ന് പറഞ്ഞ് ഉള്ളിയരിഞ്ഞതോണ്ടാ'

അവര്‍ അതു കേട്ട് എന്തോ ഓര്‍ത്ത് നിശ്ശബ്ദയായി ഇരുന്നു. എന്നിട്ട് പറഞ്ഞു: 

'ഇപ്പോ...അവിടെ അതൊക്കെ കിട്ടൂന്നല്ലെ പറയണത്?'

'ഉം...'
ഒരു നിമിഷം എന്തോ ആലോചിച്ചിരുന്ന ശേഷം അവള്‍ പറഞ്ഞു.

'അമ്മ പറഞ്ഞോ, എഴുതാം'

'കഴിഞ്ഞാഴ്ച്ച അമ്മ മോന് വേണ്ടി അമ്പലത്തില് ഒരു പുഷ്പാഞ്ജലി കഴിപ്പിച്ചിട്ടുണ്ട്. നീ മറന്നാലും നിന്റെ പിറന്നാള് അമ്മ മറക്കൂല്ല.'

അവര്‍ ചിരിച്ചു. അവരുടെ ഇരുട്ട് നിറഞ്ഞ കണ്ണുകള്‍ തിളങ്ങി.

അവള്‍ പേന കടലാസ്സില്‍ ചലിപ്പിച്ചു കൊണ്ടേയിരുന്നു. നിറമില്ലാത്ത അക്ഷരങ്ങള്‍ കടലാസ്സില്‍ പതിഞ്ഞു കൊണ്ടേയിരുന്നു.

'എഴുതിയോ മോളെ?'

'ഉം...'

'നീ എന്നാ മോനെ തിരിച്ചു വരുന്നത്? നമ്മടെ കുമാരനോട് നിന്നെ കൂട്ടാന്‍ വരാന്‍ പറയാം. അവന്‍ എടയ്‌ക്കൊക്കെ ഇവിടെ വരാറുണ്ട്. അവന് നിന്നെ വലിയ കാര്യമാ. നീ കാരണമാ ഒരു ജീവിതമായതെന്ന് അവനെപ്പഴും പറയും. ഈ കത്ത് കിട്ടിയാ ഒടനെ തന്നെ മറുപടി എഴുതണേ മോനെ'

അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവര്‍ ക്ഷീണിച്ചു തുടങ്ങിയിരുന്നു.

'മതി മോളെ...ഇത്രേം മതി'

'ഉം...'

'അയക്കാന്‍ മറക്കല്ലെ മോളെ, അവന്‍ കാത്തിരിക്കും.'

'ഉം...'

'മോള് പൊയ്‌ക്കോ, എനിക്കൊന്ന് കെടക്കണം'

അവള്‍ അവരെ അകത്തേക്ക് കൈപിടിച്ച് കൊണ്ടു പോയി കിടത്തിയ ശേഷം വീട്ടിലേക്ക് മടങ്ങി.

തിരികെ വീട്ടില്‍ ചെന്നു കയറുമ്പോള്‍ ഉമ്മ ചോദിച്ചു.

'എന്ത് ദുഷ്ടത്തരമാ സൈനൂ നീ ഈ കാണിക്കുന്നത്? നിനക്ക് അവരോട് ഒള്ളത് പറഞ്ഞൂടെ? ഇങ്ങനെ അവര് പറയണ കേട്ട് ഒരോന്ന് എഴുതാനും പിന്നെ അതിന് മറുപടി എഴുതാനും'

അത് കേട്ട് ഒരു നിമിഷം നിശ്ശബ്ദയായി നിന്ന ശേഷം അവള്‍ പറഞ്ഞു, 'പിന്നെ ഞാനെന്ത് പറയാനാ ഉമ്മാ? ആ അമ്മേടെ മോനെ അവര് പണ്ടേ തൂക്കി കൊന്നെന്നോ? അത് പറഞ്ഞാ ആ നിമിഷം അവര് ചങ്ക് പൊട്ടി മരിക്കും. എനിക്ക് വയ്യ അത് കാണാന്‍'

'പിന്നെ നീ എത്ര നാളാ മോളെ ഇങ്ങനെ കള്ളം കാണിക്കുന്നത്?'

അതിന് മറുപടി പറയും മുന്‍പ് വാങ്ക് വിളി മുഴങ്ങി.
 
മഷിയില്ലാപ്പാടുകള്‍ നിറഞ്ഞ കടലാസ്സും പിടിച്ച് മുറിക്കുള്ളിലേക്ക് നടക്കുമ്പോള്‍ അവള്‍ തന്നോട് തന്നെ പറയും പോലെ പറഞ്ഞു,

'ആ അമ്മ ഒള്ള കാലം വരെ. ഈ ഞാനൊള്ള കാലം വരെ'


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios