Malayalam Short Story: ആത്മഹത്യയുടെ അന്ന്, സബിത രാജ് എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. സബിത രാജ് എഴുതിയ ചെറുകഥ

chilla malayalam  short story by Sabitha Raj bkg

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam  short story by Sabitha Raj bkg

 

അയാള്‍ ആത്മഹത്യക്ക് ഒരുങ്ങുകയാണ്.

താടിയിലെ നീണ്ട് കൂര്‍ത്ത വെള്ളിരോമങ്ങളില്‍ തലോടിക്കൊണ്ട് അങ്ങേയറ്റം ശാന്തനായി അയാള്‍ കണ്ണാടിയ്ക്ക് മുന്നില്‍ നില്‍ക്കുന്നു.

പോയകാലത്തിന്‍റെ ചൂരും നോവും നൊമ്പരങ്ങളും കണ്ണുനീരിനെ നിര്‍ത്താതെ ഒഴുക്കുന്നുണ്ടായിരുന്നു.

ഒരുപക്ഷേ, അതൊരു അവസാനശ്രമം ആവാം.

കേള്‍ക്കാന്‍ ഒരാളില്ലാതെ മരിച്ചുപോയ എത്രയെത്ര വാക്കുകള്‍ ആ ഹൃദയത്തില്‍ ചിതയെരിഞ്ഞ് നീറി പുകയുന്നുണ്ടാവും?  

അയാള്‍ തീര്‍ത്തും ശാന്തതയുടെ തീരത്ത് അടിഞ്ഞ് കഴിഞ്ഞിരുന്നു. അവിടമാകെ കനത്ത നിശബ്ദതയും ഇരുട്ടും. മുറിയുടെ  ഒരു കോണില്‍ കത്തിച്ച് വെച്ചിരിയ്ക്കുന്ന മെഴുകുതിരി വെട്ടം കാറ്റില്‍ അണയുന്നു.
വീണ്ടും കൊളുത്തുന്നു. അയാളുടെ നിഴല്‍ ആ മുറിയില്‍ പ്രതിഫലിക്കുന്നു. അതിടയ്ക്കിടെ മെഴുകുതിരിയുടെ വെളിച്ചത്തില്‍ രൂപമാറ്റം സംഭവിക്കുന്നു.

മേശമേല്‍ ഇരുന്ന ഒരു പഴകിയ നോട്ടുപുസ്തകത്തില്‍ നിന്നും ഒരു താള്‍ വലിച്ച് കീറി, ഒരു പുരുഷായുസ്സിന്‍റെ മുഴുവന്‍ വ്യഥകളൂം അയാള്‍ എഴുതാന്‍ ശ്രമിച്ചു.

കൈകള്‍ വല്ലാതെ വിറയ്ക്കുന്നു. എഴുതിയതൊന്നും ശരിയാവുന്നില്ല. കുറെയേറെ വെട്ടിത്തിരുത്തി. അക്ഷരങ്ങളുടെ വടിവ് പോലും നഷ്ടമായിരിക്കുന്നു.

പൂര്‍ണ്ണമാകാത്തൊരു ജീവിതത്തിന്‍റെ അവസാനമെന്നോണം ആ വെള്ളക്കടലാസ് നിറയെ കോറിവെച്ചതൊക്കെയും ജീവിതത്തിന്‍റെ ഉള്ളടക്കമായി അയാള്‍ക്ക് തോന്നിയിരിക്കണം.

ഒരിക്കല്‍ക്കൂടി വായിച്ചവസാനിപ്പിക്കാന്‍ മുതിരുമ്പോഴേക്കും കണ്ണുനീര്‍ കാഴ്ച്ചയെ മറച്ചു കളഞ്ഞിരുന്നു.

പതിയെ അയാള്‍ അവിടെനിന്നെഴുന്നേറ്റ് നടന്നു.

പുറത്ത് നിലാവ് വീണു തുടങ്ങിയിട്ടില്ല.

ഇരുള്‍മൂടി തുടങ്ങുന്നതേ ഉള്ളു.

സന്ധ്യകീറി തുടങ്ങിയ കുങ്കുമ നിറം മെല്ലെ മെല്ലെ അലിഞ്ഞ് ഇല്ലാതായികൊണ്ടിരുന്നു.

അയാളുടെ കണ്ണുകള്‍ ആ സന്ധ്യയെ ഒപ്പിയെടുത്തു.

ഒന്ന് നടന്നിട്ട് വന്നാലോ?

ഇനി കഴിയില്ലല്ലോ...

ഇല്ല, ഇനി ഒരിക്കലും കഴിഞ്ഞെന്ന് വരില്ല.

കോണിപ്പടി ഇറങ്ങി വന്നു. അയാള്‍ മുറ്റത്തെ മാഞ്ചോട്ടില്‍ ഇരുന്നു.

തണുത്ത കാറ്റ് വന്നു മേലാകെ മൂടുന്നു.

കൊടും വരള്‍ച്ചയില്‍ നിന്നും അയാളെ, ഭൂമി തഴുകുന്നത് പോലെ.

അമ്മയുടെ മടിയില്‍ കുഞ്ഞെന്ന പോലെ അയാള്‍ ഭൂമിയുടെ മാറില്‍ ഇരുന്നു.

ചിന്തകള്‍ ഒന്നില്‍ നിന്ന് ഒന്നിലേയ്ക്ക് ധ്രുതഗതിയില്‍ ലക്ഷ്യമില്ലാതെ യാത്ര ചെയ്തു കൊണ്ടിരുന്നു.

നിശാഗന്ധി പൂവിടുന്നതും രാത്രിയുടെ വശ്യതയും അയാള്‍ അറിയുന്നു.

പൂര്‍ണ്ണചന്ദ്രന്‍ നിലാവ് പരത്തി തുടങ്ങുന്നു. അവിടെ ഒരു രാത്രി ജനിക്കുന്നു.

നടക്കാം...

ഉള്ളില്‍ നിന്നാരോ വിളിക്കുന്നു.

ചേക്കല്‍ കുന്നിന്‍റെ ഹൃദയഭാഗത്തിലൂടെ.

രാക്കിളികള്‍ എവിടെയോ ഇരുന്ന് പാട്ടുമൂളുന്നു. തന്‍റെ കാല്‍നടയ്ക്ക് അവര്‍ താളം പിടിയ്ക്കുന്നോ?

ദൂരെയെവിടെയോ നിന്ന് ഉച്ചത്തില്‍ പാട്ടു കേള്‍ക്കുന്നു.

ഒന്ന് ചെവിയോര്‍ക്കുന്നു.


'ഇനിയൊരു ഗാനം
നിനക്കായി പാടാം...
നിന്നെയുറക്കാന്‍
എന്‍ കണ്ണാ...'


ഉറങ്ങുന്നു... നാട് ഉറക്കത്തിലേക്ക് വഴുതി വീഴുന്നു. മണ്‍പാതയിലൂടെ ലക്ഷ്യമില്ലാതെ അയാള്‍ നടക്കുന്നു.

ഇനി ഒരു ജീവിതം ഭൂമിയില്‍ ഇല്ലന്ന് മനസ്സിനെ പറഞ്ഞു പാകപ്പെടുത്തുന്നു.

നടന്നു നടന്ന് അയാള്‍ മൊട്ടകുന്നിന്‍റെ താഴെയെത്തി.
കൂരിരുട്ട്.

നായ ഓരിയിടുന്നതിന്‍റെയും ചീവിടുകളുടെയും ശബ്ദം. അവിടെ കണ്ടൊരു തട്ടുകടയുടെ അടുക്കലേക്ക് മെല്ലെ നടന്നു.

ആവി പറക്കുന്ന ദോശയും ഓംലെറ്റും അയാളുടെ ചിന്തകളിലേക്ക് വന്നു.

അടുത്തെത്തുമ്പോള്‍ തന്നെ ദോശ മൊരിയുന്ന മണം.

ഹൃദയം നിറഞ്ഞ് വയറ് നിറയെ ഭക്ഷണം കഴിക്കാന്‍ ഒരു മോഹം.

'ഒരു പ്ലേറ്റ് ദോശ രണ്ട് ഓംലെറ്റും ഒരു ചായയും കൂടി.'

അയാള്‍ അവിടെ കിടന്ന ഒഴിഞ്ഞ ബെഞ്ചില്‍ ഇരുന്നു.

ചുറ്റും നോക്കി. പലരും ദീര്‍ഘദൂര യാത്ര കഴിഞ്ഞ് വരുന്നവര്‍ എന്ന് തോന്നി. ആരെയും ഒരു പരിചയം തോന്നുന്നില്ല.  ആരും കണ്ടതായി ഭാവിക്കുന്നുമില്ല.

മുന്നില്‍ ആവി പറക്കുന്ന പാത്രമെത്തി.

വളരെ രുചിയോടെ ആസ്വദിച്ച് അയാള്‍ അത് മുഴുവനും കഴിച്ചു.

ആത്മസംതൃപ്തിയുടെ കൈ കൈകഴുകി കീശയില്‍ കൈയ്യിട്ട് സിഗരറ്റ് തപ്പിയെടുത്ത് കത്തിച്ച് വീണ്ടും നടന്നു.

കുറച്ച് ദൂരം നടന്നപ്പോള്‍ വഴിയില്‍ എന്തോ കിടക്കുന്നതായി തോന്നി.

വേഗം നടന്ന് അടുത്ത് ചെന്നു.

അതൊരു സ്ത്രീ ആയിരുന്നു.

ആദ്യമൊന്ന് ഭയന്നു.

കൂടുതല്‍ അടുത്തേയ്ക്ക് വന്നപ്പോഴേക്കും ഒരു ധൈര്യം ഉടലെടുത്തു.

'ആരാ?'

ഒന്ന് രണ്ടു വട്ടം ചോദിച്ചു.

മറുപടി ഇല്ല.

സ്ത്രീയുടെ കൈകളില്‍ മെല്ലെ തട്ടി ഉണര്‍ത്താന്‍ ശ്രമിച്ചു. അനക്കമില്ല.

അയാള്‍ കൈകള്‍ കൊണ്ട് മുഖം പിടിച്ചു തിരിച്ചു.

മൂക്കിലൂടെയും വായിലൂടെയും ചോര!

പ്രായം പതിനേഴിനോടടുത്ത ഒരു പെണ്‍കുട്ടിയായിരുന്നു അത്.

അവളെ കോരിയെടുത്ത് അടുത്തുള്ള ഹോസ്പിറ്റല്‍ ലക്ഷ്യമാക്കി അയാള്‍ ഓടി.

ഉള്ളിലിരുന്ന് ആരോ പറയുന്നു: 'ആ പെണ്‍കുട്ടിയുടെ കുട്ടിയുടെ ജീവന്‍ രക്ഷിക്കണം.'

ഇനി ഒരു  ജീവിതം തനിക്കുണ്ടായെന്ന് വരില്ല. ഏറി വന്നാല്‍ കുറച്ച് മണിക്കൂറുകള്‍ മാത്രം.

ഒരു നിയോഗം പോലെ വന്നു ചേര്‍ന്നതിനെ വരുന്നിടത്ത് വെച്ച് കാണാം എന്ന മനസ്സോടെ അയാള്‍ സ്വീകരിച്ചു. കാലുകളുടെ വേഗത ഇരട്ടിച്ചു.

ശരീരത്തിന് അമാനുഷിക ശക്തി കൈവന്നത് പോലെ. കുറേ ഏറെ ഓടിക്കഴിഞ്ഞപ്പോള്‍ എവിടെനിന്നോ മുന്നിലൊരു വണ്ടി വന്നു നിന്നു.

അവര്‍ ആദ്യം അയാളെ സംശയത്തോടെ ആണ് നോക്കിയതെങ്കിലും പെണ്‍കുട്ടിയുടെ അവസ്ഥ കണ്ട് എത്രയും വേഗം  ഹോസ്പിറ്റലില്‍ എത്തിയ്ക്കാന്‍ തയ്യാറായി.

വണ്ടിയുടെ പിന്‍ സീറ്റില്‍ തന്‍റെ മടിയില്‍ ചോരവാര്‍ന്ന് കിടന്ന പെണ്‍കുട്ടിയ്ക്കായി പ്രാര്‍ത്ഥിച്ചു.

കഴിഞ്ഞ കുറേക്കാലമായി താന്‍ ഒന്നിനും പ്രാര്‍ത്ഥിക്കാറില്ല.

പക്ഷെ മനസ്സ് ഇപ്പോ തന്‍റെ കൈയ്യിലല്ല. യാന്ത്രികമായി താന്‍ പ്രവര്‍ത്തിക്കുന്നു.

ഇരുട്ടിനെ ഭേദിച്ച് നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട് ആശുപത്രി വരാന്തയില്‍ ആ വണ്ടി വന്നുനിന്നു.

വരാന്തയില്‍ ഉണ്ടായിരുന്ന ആളുകള്‍ എല്ലാം കൂടി ആ പെണ്‍കുട്ടിയെ അകത്തേയ്ക്ക് കൊണ്ടുപോയി.

പിന്നാലെ വന്ന നേഴ്‌സ്, 'കാഷ്വാലിറ്റിയിലേക്ക് മാറ്റി, ഡോക്ടര്‍ നോക്കുന്നുണ്ട്.' എന്ന് മാത്രം പറഞ്ഞു നടന്നുപോയി.

ആകെ അസ്വസ്ഥനായി അയാള്‍ ആ വരാന്തയില്‍ നടന്നു. മരുന്നിന്‍റെയും ഡെറ്റോളിന്‍റെയും രൂക്ഷ ഗന്ധം.

ഹോ! എങ്ങനെ എങ്കിലും ഒന്ന് പുറത്ത് കടന്ന് കിട്ടിയെങ്കില്‍.

മരിക്കാന്‍ തീരുമാനിച്ച് ശേഷം ഒരു നടത്തത്തിനായി ഇറങ്ങിയ താന്‍ ഏതോ ഒരു പെണ്‍കുട്ടിയ്ക്ക് വേണ്ടി കാത്തുനില്‍ക്കുന്നു.

ജീവിതത്തിനും മരണത്തിനുമിടയിലെ ഒരു നൂല്പാലം മാത്രമായിരുന്നു ആ കാല്‍നടയാത്ര. ജീവിതം വീണ്ടും എങ്ങോട്ടോ ഒഴുകുന്നു. മരണവും തട്ടിയെറിയുന്നു.

ഇടയ്ക്കിടെ ചെന്ന് കാഷ്വാലിറ്റിയില്‍ എത്തി നോക്കി. ആ പെങ്കൊച്ചിനൊന്നും വരുത്തല്ലേന്ന് അകമഴിഞ്ഞ് പ്രാര്‍ത്ഥിച്ചു.

 


രണ്ട്

രാവിലെ ഏകദേശം എട്ടുമണി ആയിട്ടുണ്ടാവും. ക്യാന്‍റീനില്‍ നിന്നൊരു ചായ വാങ്ങി കൊണ്ടുവന്ന് വരാന്തയുടെ ഭിത്തിയില്‍ ചാരി നിന്നുകുടിച്ചു.

പുറത്ത് നിന്നും ഉച്ചത്തില്‍ നിലവിളി ഉയരുന്നു.

പെട്ടന്ന് അവിടേക്ക് ഓടി.
അതൊരു സ്ത്രീ ആണ്.

അലമുറയിട്ട് നിലവിളിയ്ക്കുന്നുണ്ട്.

കൂട്ടം കൂടിയവരില്‍ അടുത്ത് നിന്ന ആളോട് കാര്യം അന്വേഷിച്ചു.

ആ സ്ത്രീയുടെ മകളെ കാണാതായിട്ട് ഒരാഴ്ചയായി. സ്‌നേഹിച്ച പയ്യനൊപ്പം ഇറങ്ങിപ്പോയതാ. ഇപ്പോ ആറ്റില്‍ നിന്നൊരു ബോഡി കിട്ടി ഇവരുടെ മകള്‍ ആണോന്ന് സംശയം. ബോഡി തിരിച്ചറിയാന്‍ വന്നതാ.

അപ്പോഴും ആ അമ്മയുടെ നിലവിളി ഉയര്‍ന്നുകൊണ്ടിരുന്നു.


ആരൊക്കെയോ ചേര്‍ന്ന് അവരെ മോര്‍ച്ചറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി. മോര്‍ച്ചറിയ്ക്ക് മുന്നില്‍ ഒരുപാടു ആളുകള്‍ തടിച്ചുകൂടി നില്‍ക്കുന്നുണ്ട്.

'അതവരുടെ മകള്‍ ആയിരിക്കല്ലെ...'  ഇന്നലെ ഒറ്റരാത്രി കൊണ്ട് താന്‍ കുറേ മാറിയിരിക്കുന്നു.

ഇന്നൊരു ദിവസം താന്‍ ജീവനോടെ ഉണ്ടാവില്ല എന്ന് ഉറപ്പിച്ചതാ. പക്ഷെ ജീവിതം വീണ്ടും തന്നെ നോക്കി കൊഞ്ഞനം കുത്തുന്നു.

മോര്‍ച്ചറിയുടെ ഉള്ളില്‍ നിന്നും നിലവിളി ഉയരുന്നു.

'അതെ അവരുടെ മകളാണ്.'

അടക്കം പറച്ചിലുകളുടെയും സഹതാപത്തിന്‍റെയും ഇടയിലേക്ക് ആ അമ്മ ഇറങ്ങി വരുന്നു.

ഒരേയൊരു മോളാ... കൂടി നിന്നാരോ വിളിച്ച് പറഞ്ഞു.

ഹോ... വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍.

ആ അമ്മയുടെ അവസ്ഥ കണ്ട് നില്‍ക്കാന്‍ ആവുന്നില്ല.

'എന്തിനാ മോളെ നീ ഇത് ചെയ്‌തേ? നിനക്ക് ഞങ്ങളില്ലേടി?'

അവര്‍ ഉറക്കെ ഉറക്കെ നിലവിളിക്കുന്നു.

ചുറ്റും നിന്നയാളുകള്‍ അവരെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നു. ആരൊക്കെയൊ ചേര്‍ന്ന് അവരെ എങ്ങോട്ടോ കൂട്ടിയിട്ടു പോകുന്നു. അയാള്‍ വേഗം അകത്തേയ്ക്ക് നടന്നു.

ഒരു നിമിഷം സ്വന്തം അമ്മയെ ഓര്‍ത്തു. ഭാര്യയെ ഓര്‍ത്തു. മകളെ ഓര്‍ത്തു.

ഞാന്‍ ഇല്ലാതായാല്‍? അവര്‍ക്ക് പിന്നെ ആരുണ്ടാവും?

ഇന്നുവരെ ആ ചിന്ത ഉണ്ടായിരുന്നില്ല തനിക്ക്. അത്രയും സ്വാര്‍ത്ഥനായി പോയിരുന്നു താന്‍.

'ആ കുട്ടിയ്ക്ക് ബോധം വീണിട്ടുണ്ട്.' - നേഴ്‌സ് വന്നു തട്ടി വിളിയ്ക്കുമ്പോള്‍ അയാള്‍ ചിന്തകളില്‍ നിന്നുണര്‍ന്നു. ഐ സി യു വിന്‍റെ തണുത്ത മുറിയിലേക്ക് കാലെടുത്ത് വെക്കുമ്പോള്‍ ശ്വാസം മുട്ടുന്നത് പോലെ തോന്നി അയാള്‍ക്ക്.

ആ പെണ്‍കുട്ടിയെ കാണുമ്പോള്‍ അവളും അയാളെ തന്നെ നോക്കി.

'ഞാന്‍ ആണ് ഇന്നലെ ഇവിടെ എത്തിച്ചത്. പേര് ബോബി.'

ആ പെണ്‍കുട്ടിയുടെ കണ്ണുകളില്‍ തിളക്കം. 'ജീവിതം മടുത്ത് വീട്ടില്‍ നിന്നിറങ്ങിയതാണ്. കണ്ണില്‍ക്കണ്ട വണ്ടിയ്ക്ക് മുന്നില്‍ ചാടിയതാണ്. മരണത്തിന് പോലും എന്നെ വേണ്ട. നിങ്ങള്‍ എന്തിനാണ് എന്നെ രക്ഷിച്ചേ?'

'അത് ശരി, ഇത്ര ചെറുപ്പത്തിലേ ജീവിതം മടുത്തോ?'

അവള്‍ ഭിത്തിയിലേക്ക് നോക്കി കിടന്നു.

'ആര്‍ക്കും എന്നെ ഇഷ്ടം അല്ല.'

മറുപടി ആയി ഒരു ജീവിതം മുഴുവന്‍ വര്‍ണ്ണിച്ചു കൊടുക്കുമ്പോള്‍ അവള്‍ അനുസരണയുള്ള കുട്ടിയായി എല്ലാം കേട്ടിരുന്നു. ആശുപത്രിയില്‍ നിന്നിറങ്ങുമ്പോള്‍ ആ പെണ്‍കുട്ടി നല്‍കിയ പുഞ്ചിരിയില്‍ ഇനിയും ഒരുപാടു പ്രതിബന്ധങ്ങളെ കൂസാതെ ജീവിക്കാന്‍ ഉള്ള മനക്കരുത്തും പ്രതീക്ഷയും ഉണ്ടായിരുന്നു.

വീട്ടിലേയ്ക്ക് മടങ്ങും വഴി മുഴുവന്‍ ഇന്നലെ കടന്നുപോയ ചിന്തകളും സംഭവങ്ങളും ആയിരുന്നു.

എത്ര പെട്ടന്നാണ് ജീവിതം ബ്രേക്ക് ഇട്ട് വഴിമാറി സഞ്ചരിച്ചത്?

മൊട്ടക്കുന്നിന്‍റെ താഴെ വരുമ്പോള്‍ ആ തട്ടുകടയിലെ മനുഷ്യന്‍ തന്നെ നോക്കി കൈ വീശി കാണിക്കുന്നുണ്ടായിരുന്നു.

ഒരു രാത്രിയുടെ പരിചയം മാത്രമുള്ള മനുഷ്യന്‍ എങ്ങനെ, തന്നെ ഇപ്പോഴും തിരിച്ചറിയുന്നു എന്ന് തോന്നി.

ദിവസം എത്ര ആളുകളെ കാണുന്നവരാണ് അവര്‍. ജീവിതം മടുത്ത് എന്നൊരൊറ്റ കാരണത്താല്‍ ജീവന്‍ അവസാനിപ്പിക്കാന്‍ തോന്നുമ്പോള്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന നൂറായിരം ഘടകം മുന്നിലുണ്ടെന്ന് അയാള്‍ക്ക് ആ ഒരു രാത്രി കൊണ്ട് ബോധ്യമായി.

ഇനിയൊരിക്കലും തന്‍റെ ചിന്തകളില്‍ പോലും ആത്മഹത്യ എന്നൊരു വാക്ക് കടന്നുവരില്ലെന്ന് അയാള്‍ ഉറപ്പിച്ചു.

മുറിയില്‍ കയറി എഴുതിവെച്ച ആത്മഹത്യാ കുറിപ്പ്  വായിക്കവേ അയാള്‍ പൊട്ടിച്ചിരിച്ചു.

ഒരുനിമിഷം തോന്നിയ വിഡ്ഢിത്തരത്തിന് ഒരു കുടുംബം മുഴുവന്‍ ഇരുട്ടിലാക്കാനും വേണ്ടി മണ്ടത്തരം ഇനി കാണിക്കില്ലെന്ന് ഉറപ്പിച്ച് അയാള്‍ അത് കീറിക്കളഞ്ഞു. കൈ വിട്ടുപോയതൊക്കെ തിരിച്ചുപിടിക്കാന്‍ ജീവിതം ഇങ്ങനെ നീണ്ടു കിടക്കുവല്ലേന്ന് പറഞ്ഞയാള്‍ ഉറക്കെ ഉറക്കെ ചിരിച്ചു.

മുറിയിലെ ജനാലവഴി കടന്നു വന്ന സൂര്യപ്രകാശം അയാളുടെ മുഖം കണ്ണാടിയില്‍ കൂടുതല്‍ തെളിച്ചമുള്ളതാക്കി.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios