Malayalam Short Story : എഴുതി തീരാത്ത സ്വപ്‌നങ്ങള്‍, സബിത രാജ് എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. സബിത രാജ് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
പഴയ ഹാര്‍മോണിയത്തില്‍, ചുളിവുവീണ വിരലുകള്‍ തഴുകി ഒഴുകിവരുന്ന, ഭാഷ ഏതെന്ന് മനസ്സിലാവാത്ത ആ തെരുവ് പാട്ടിനൊപ്പം ചുണ്ടില്‍ എരിയുന്ന സിഗററ്റുമായി അയാള്‍ നടന്നു. ഇല്ല തന്‍റെ കാതുകള്‍ക്ക് പഴയത് പോലെ സംഗീതം ആസ്വദിക്കാന്‍ കഴിയുന്നില്ല.
ഒരു നിമിഷം കൂടി കഴിഞ്ഞാല്‍ ചിലപ്പോള്‍ തന്‍റെ ജീവിതത്തിന്‍റെ ഗതി മാറിയേക്കാം. മടുപ്പിന്‍റെ കയ്പുനീരിലേക്ക് ജീവിതം തള്ളിവിട്ട് പോകാന്‍ മനസ്സുണ്ടായിട്ടല്ല. പക്ഷെ കഴിഞ്ഞ കുറച്ച് നാളുകളായി അങ്ങനെ ആണ്.
അയാളുടെ ചുണ്ടുകള്‍ ആ പാട്ടിനൊപ്പം മൂളാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. അടങ്ങാത്തൊരു നോവിന്‍റെ അവസാനമെന്നോണം ഹൃദയത്തിലേക്ക് ഒരു ഓര്‍മ്മപ്പെടുത്തലിന്‍റെ മരവിപ്പ് ഇരച്ചുകയറി. അയാള്‍ കുറച്ചു കൂടി വേഗത്തില്‍ നടന്നു.
പതിയെ പതിയെ നഗരത്തിന്‍റെ തിരക്കുകളിലേക്ക്.
റെയില്‍വേ സ്റ്റേഷനുള്ളില്‍ കയറി പ്ലാറ്റ്‌ഫോം ടിക്കറ്റ് എടുത്ത് അയാള്‍ ഒരു ബെഞ്ചില്‍ ഇരിപ്പുറപ്പിച്ചു.
തിരിച്ചു നാട്ടിലേക്ക് പോകണോ വേണ്ടയോ?
ഒന്നുമില്ലാതെ...
ഒന്നിനും മാറ്റമില്ലാതെ പഴയ ദാരിദ്ര്യത്തിലേക്ക് ഇനിയും ഇറങ്ങി ചെല്ലാന്‍ അയാള്‍ക്ക് കഴിയുമായിരുന്നില്ല.എഴുത്ത് ജീവിതം സ്വപ്നം കണ്ട് ഉണ്ടായിരുന്ന ജോലി കളഞ്ഞ് ഇറങ്ങിയിട്ട് കുറച്ചായി. കഴിഞ്ഞ കുറെ മാസങ്ങളായി ആ നോവലിന്‍റെ പിന്നാലെ ആണ്. തുടര്‍ന്ന് എഴുതാന്‍ കഴിയാതെ...
ആലോചന തുടങ്ങിയിട്ട് കുറേ ആയി. ആദ്യ ഭാഗം ഇഷ്ടമായത് കൊണ്ട് ഒരു പബ്ലിഷര്‍ ഇങ്ങോട്ട് വന്നതാണ്. മോശമല്ലാത്ത ഒരു തുക അഡ്വാന്‍സ് ഇനത്തില്‍ കൈപ്പറ്റുകയും ചെയ്തു. അത് തിരിച്ച് കൊടുക്കാനും വഴിയില്ല. അവരെ നിരാശരാക്കേണ്ടി വന്നാല്‍ ഇനി ഒരിക്കലും താന്‍ എഴുത്ത് തുടരില്ല. എഴുതിയേ പറ്റൂ എന്നൊരു അവസ്ഥ എന്നാല്‍ ഒന്നും എഴുതാന്‍ കഴിയാതെ പോകുന്നു.
കൂകി വിളിച്ച് പോകുന്ന തീവണ്ടികളേക്കാള്‍ വേഗത്തില്‍ ആ ചിന്തകള്‍ പാഞ്ഞു.
അയാളുടെ ഫോണ്‍ ശബ്ദിച്ചു.
സതീഷ് സര്‍.
'ഹലോ ...മേനോന്‍ നിങ്ങള്‍ എവിടെയാണ്?'
ഇന്ന് രാത്രി ഏഴുമണിക്ക് മുന്‍പായി താന്‍ ആ നോവല്‍ എഴുതി പൂര്‍ത്തിയാക്കണം. കയ്യെഴുത്ത് പ്രതി മതി അവര്‍ക്ക്. വേണമെങ്കില്‍ അതിന്‍റെ ഒരു കോപ്പി എടുത്ത് താന്‍ സൂക്ഷിച്ചു വച്ചേക്ക്. പക്ഷെ ഇനിയും ഒരു അവധി തരാന്‍ അവര്‍ ഒരുക്കമല്ല.
'മേനോന്‍...താന്‍ കേള്‍ക്കുന്നുണ്ടോ ..?'
'സര്‍ ...'
എനിക്കതിന്ന് രാത്രിയ്ക്ക് മുന്‍പായി എഴുതി തീര്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.'
'ഇനിയും താന്‍ ഇത് എന്ത് ഭാവിച്ചാണ്? തന്നെക്കാള്‍ നല്ല എഴുത്തുകാര്‍ ഈ നാട്ടില്‍ ഇല്ലാഞ്ഞിട്ടല്ല. ഒരു പുസ്തകം ഇറക്കുന്നതിന്‍റെ ബുദ്ധിമുട്ടൊന്നും തനിക്ക് ഞാന്‍ പറഞ്ഞ് മനസ്സിലാക്കി തരണ്ട കാര്യം ഇല്ലല്ലൊ.
തന്‍റെ അവസ്ഥ അറിയാവുന്നത് കൊണ്ട് മാത്രമാണ് ഞാന്‍ ഇതിനായി ഇറങ്ങി തിരിച്ചത്.'
'ഞാന്‍ നല്ല ടെന്‍ഷനില്‍ ആണ് സര്‍.'
'തന്നെ കൊണ്ട് മാത്രമേ തന്നെ രക്ഷിക്കാനാവൂ. താന്‍ സൈന്‍ ചെയ്ത എഗ്രിമെന്‍റ് കോപ്പി അവരുടെ കയ്യിലുണ്ട് അതും കൂടി ഓര്‍ത്താല്‍ നന്ന്.'
ശേഷം അദ്ദേഹം കാള്‍ കട്ട് ചെയ്തു.
മുന്നിലൂടെ നടന്നു പോകുന്ന മനുഷ്യരെ അയാള്‍ കണ്ടില്ല.
കാതില്‍ ഒരു ശബ്ദവും കേള്‍ക്കുന്നില്ല. വല്ലാത്ത നിശബ്ദത.
അയാള്‍ കണ്ണടച്ചിരുന്നു. അതെ തന്‍റെ നോവലും ഇതേ അവസ്ഥയില്‍ മേശപ്പുറത്ത് പൂര്‍ത്തിയാകുവാന്‍ കൊതിച്ച് കിടപ്പുണ്ട്. കഴിയുന്നില്ല... ഒന്നിനും.
പെട്ടന്നാണ് ഒരു നിലവിളി ഉയര്‍ന്നത് അയാള്‍ ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു.
കുറച്ച് മാറി ഒരാള്‍ക്കൂട്ടം. അയാള്‍ അവിടേക്ക് നടന്നു.
നിലവിളി ഉയര്‍ന്നു കേള്‍ക്കുന്നു. അതൊരു കുട്ടിയുടെ നിലവിളിയാണ്.
പത്ത് വയസ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടി, അവളുടെ മടിയില്‍ പ്രായമായ ഒരു മനുഷ്യന്‍ അയാളുടെ കണ്ണുകള്‍ പാതി അടഞ്ഞിരിക്കുന്നു. നേരിയ ഒരു ശ്വാസം ബാക്കിയുണ്ട്.
കാലില്‍ പഴന്തുണിയില്‍ പൊതിഞ്ഞൊരു മുറിവില്‍ നിന്നും ഈച്ച പറക്കുന്നു. ദുര്‍ഗന്ധവും. ആകെ മുഷിഞ്ഞ അയാളെ പലരും അറപ്പോടെ നോക്കിനിന്നു.
ആ പെണ്‍കുട്ടി കൈനീട്ടി അപേക്ഷിക്കുന്നു.
ആരും സഹായിക്കാന്‍ തയ്യാറാവുന്നില്ല.
മുഷിഞ്ഞ് മുരടിച്ച ബാല്യം കണ്ണീരൊഴുക്കുന്നു.
ഇല്ല തനിക്കിത് കണ്ടുനില്‍ക്കാനാവില്ല, അയാള്‍ മുന്നോട്ടാഞ്ഞു.
ഓടിവന്ന് ആ മനുഷ്യനെ തന്‍റെ മടിയിലേക്ക് കിടത്തി ബാഗില്‍ ഉണ്ടായിരുന്ന വെള്ളക്കുപ്പിയെടുത്ത് അയാളുടെ വായിലേക്ക് കുറേശ്ശെയായി ഒഴിച്ചു കൊടുത്തു.
അയാള്‍ അത് ആര്‍ത്തിയോടെ കുടിച്ചു.
മുഖം ഒട്ടും വ്യക്തമല്ലാത്ത രീതിയില്‍ താടിയും മുടിയും വളര്‍ന്ന് അഴുക്ക് പിടിച്ച് കിടന്ന ആ മനുഷ്യന്‍റെ കണ്ണുകള്‍ തന്നോട് എന്തോ പറയുന്നതായി തോന്നി അയാള്‍ക്ക്.
ആ മനുഷ്യന്‍ തന്‍റെ ജീവനുവേണ്ടി കേഴുന്നതാണോ?
അയാള്‍ ഇടയ്ക്കിടെ പെണ്‍കുട്ടിയെ ദയനീയമായി നോക്കി. വേഗം പുറത്തേയ്ക്ക് ഓടി പോയി ഒരു ഓട്ടോ വിളിച്ചു വന്നു.
കൂടി നിന്നവരില്‍ ആരും ആ മനുഷ്യനെ തൊടാന്‍ പോലും തയ്യാറായിരുന്നില്ല.
മേനോന്‍ തന്‍റെ കൈകളില്‍ അയാളെ കോരി എടുത്തു.
പറയത്തക്ക ഭാരം ഒന്നുമില്ലാതെ ഒരു ചലനം മാത്രം. പിറകെ ആ പെണ്‍കുട്ടിയും നടന്നു ചെന്ന് ഓട്ടോയില്‍ കയറി. അവളുടെ കണ്ണുനീര്‍ നിര്‍ത്താതെ ഒഴുകുന്നുണ്ടായിരുന്നു.
ജനറല്‍ ആശുപത്രിയുടെ കാഷ്യാലിറ്റിയില്‍ അയാളെ അഡ്മിറ്റ് ചെയ്തു.
'വലിയ പ്രതീക്ഷ ഒന്നും വേണ്ട.'-ഡോക്ടര്‍ മേനോന്‍റെ ചുമലില്‍ തട്ടി.
ഭാഷ അറിയാതെ നിന്ന ആ പെണ്‍കുട്ടി മേനോന്‍റെ കണ്ണുകളില്‍ തന്നെ നോക്കി, ആംഗ്യ ഭാഷയില്‍ അകത്തേയ്ക്ക് വിരല്‍ ചൂണ്ടി തന്‍റെ വയറ്റിലും വായിലുമായി തടവി എന്തോ കാണിച്ചു.
വിശപ്പ്!
പട്ടിണി കിടന്നിട്ടാവണം അയാള്‍ ഇത്ര അവശനായത്. അതാണ് അവള്‍ പറയാന്‍ ശ്രമിക്കുന്നത്.
ആ പെണ്‍കുട്ടിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
അയാളുടെ ഹൃദയം തീക്കനലായി ഉരുകി കൊണ്ടിരുന്നു. ഒപ്പം ആ പെണ്‍കുട്ടിയുമായി ആ കാന്‍റീന്‍ ലക്ഷ്യമാക്കി നടന്നു.
അവള്‍ക്കായി രണ്ട് ദോശയും കറിയും ഓര്‍ഡര്‍ ചെയ്തു.
അവള്‍ക്ക് മുന്നില്‍ വന്ന പ്ലേറ്റിലേക്ക് അവള്‍ ഒന്ന് നോക്കി.
കൊടും പട്ടിണിയിലായിരുന്നിട്ടുകൂടി ആഹാരം മുന്നില്‍ വന്നിട്ടും അവള്‍ അതില്‍ വെറുതെ നോക്കി ഇരിക്കുന്നു.
കഴിക്കാന്‍ അയാള്‍ ആഗ്യം കാണിച്ചു.
അവളുടെ കണ്ണുനീര്‍ തോരുന്നില്ല.
തൊണ്ടയില്‍ നിന്നും ആഹാരം ഇറങ്ങാതെയായി കഴിഞ്ഞിരുന്നു.
അവളത് കഴിച്ചെന്ന് വരുത്തി ആ വെള്ളം മാത്രം കുടിച്ച് എഴുന്നേറ്റ് നിന്നയാളെ നോക്കി.
പോയി കൈകഴുകി വരാന്‍ അയാള്‍ ആംഗ്യം കാണിച്ചു.
ആ പത്ത് വയസുകാരിയുടെ നടത്തം കണ്ടയാളുടെ ഉള്ളില്‍ ഒരു ആന്തല്‍.
അകത്തുള്ളത് ഒരു പക്ഷെ അവളുടെ വളര്‍ത്തച്ഛന്‍ ആവും.
കാഷ്യാലിറ്റിയില്‍ നിന്നും ആ മനുഷ്യനെ അപ്പോഴേക്കും ഐ സി യുവിലേക്ക് മാറ്റിയിരുന്നു. ഐ സി യുവിന്‍റെ മുന്നില്‍ ആ പെണ്‍കുട്ടിയുമായി അയാളിരുന്നു.
ഇടയ്ക്ക് വീണ്ടും ഫോണ്‍ ശബ്ദിച്ചു.
സതീഷ് സര്‍.
'എന്തായി മേനോനെ?'
'സാര്‍ ഞാന്‍ ഹോസ്പിറ്റലില്‍ ആണ്'-അയാള്‍ നടന്ന കാര്യം മുഴുവന്‍ പറഞ്ഞു.
'നല്ല മനസ്സ്! പക്ഷെ ആ അകത്ത് കിടക്കുന്ന ആളിന് വല്ലതും സംഭവിച്ചാല്‍ ഈ പെണ്‍കുട്ടി? താനത് കൂടി ഓര്‍ത്തോ. കാലം അത്ര നല്ലതല്ല. വാദിയെ പ്രതിയാക്കുന്ന നാട് ആണ്.'
മേനോന്‍ ഒന്നും മിണ്ടിയില്ല.
'അപ്പോ ഇനി ആ നോവലിന്‍റെ കാര്യം നമുക്ക് മറന്നേക്കാം അല്ലെ? വാങ്ങിയ അഡ്വാന്‍സ് തുക പലിശ സഹിതം തിരിച്ചു കൊടുക്കാന്‍ തയ്യാറായിക്കോ.'
അയാള്‍ കാള്‍ കട്ട് ചെയ്തു.
ഐ സി യുവില്‍ നിന്നും ഡോക്ടര്‍ ഇറങ്ങി വന്നു.
'ഏറെ കാലമായി ആള് പട്ടിണി ആണ്. ആളെ രക്ഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല.'
സതീഷ് സര്‍ പറഞ്ഞത് പോലെ തന്നെ സംഭവിച്ചിരിയ്ക്കുന്നു.
ആ പെണ്‍കുട്ടി തന്‍റെ മുഖത്ത് തന്നെ നോക്കി നില്‍ക്കുന്നു.
വേഗം ഐ സി യു വില്‍ നിന്നും ഒരു സ്ട്രക്ചര്‍ പുറത്തേയ്ക്ക് വന്നു അതില്‍ വെള്ള തുണി കൊണ്ട് മൂടിയ ആ മനുഷ്യന്‍റെ ശരീരം.
'മോര്‍ച്ചറിയിലേക്ക് മാറ്റണം. പോലീസില്‍ അറിയിച്ച് രണ്ടു ദിവസം നോക്കാം. ആരും വന്നില്ല എന്നുണ്ടേല്‍ ഇവിടെ തന്നെ സംസ്‌കരിക്കാന്‍ സൗകര്യം ഒരുക്കാം.'
ഡോക്ര്‍ പറഞ്ഞതൊക്കെ കേട്ട് അയാള്‍ തലയാട്ടി.
ആ പെണ്‍കുട്ടിയുടെ അടുത്ത് വന്നപ്പോള്‍ ആരോ അവളെ അവസാനമായി ആ മുഖം ഒന്നുകൂടെ കാണിച്ചു.
ഇല്ല അവള്‍ കരയുന്നില്ല.
അവളില്‍ വല്ലാത്തൊരു ശാന്തത.
അവളായാളുടെ നെറ്റിയില്‍ തലോടി ഒരുമ്മ കൊടുത്തു.
അവള്‍ ധീരമായി തലയുയര്‍ത്തി നില്‍ക്കുന്നു. ഇനിയും പട്ടിണി കിടന്നു കഷ്ടപെടാതെ അയാള്‍ മരിച്ചതിന്‍റെ ആശ്വാസമെന്നോണം അവള്‍ അവിടെ തന്നെ നിന്നു.
ഇനി എങ്ങോട്ട് എന്നൊരു ചിന്ത അവളില്‍ ഉടലെടുത്തിരിയ്ക്കണം.
മേനോന്‍റെ അടുത്തേയ്ക്ക് ആ പെണ്‍കുട്ടി നടന്നു വരുമ്പോള്‍ അയാളുടെ ചിന്തകള്‍ പലതായിരുന്നു.
തന്നോട് ആ പെണ്‍കുട്ടി എന്താണ് പറയാന്‍ ശ്രമിക്കുന്നത്?
തൊട്ടടുത്ത് വന്ന് ആ പെണ്‍കുട്ടി അയാളെ നോക്കി കൈകൂപ്പി.
എന്നിട്ട് തിരികെ നടന്നു.
അയാള്‍ എന്തെങ്കിലും പറയാന്‍ തുടങ്ങും മുന്‍പ് അവള്‍ അയാളുടെ കാഴ്ച്ചയില്‍ നിന്നും മറഞ്ഞിരുന്നു.
നീണ്ട ചൂളം വിളിയുടെ ശബ്ദം. അയാള്‍ ഞെട്ടി ഉണര്‍ന്നു.
അതൊരു സ്വപ്നമായിരുന്നു എന്ന് വിശ്വസിക്കാന്‍ അയാള്‍ക്കു കുറച്ച് സമയം വേണ്ടി വന്നു.
ഇതുവരെ കണ്ടിട്ടില്ലാത്ത രണ്ടു അതിഥികള്‍ തന്‍റെ പകല്‍ കിനാവില്‍ വന്നു പോയത് എന്തിനാവും?
അയാള്‍ അവിടുന്ന് എഴുന്നേറ്റു നടന്നു. മനസ്സില്‍ എന്തൊക്കെയോ ഇരുന്നു വിങ്ങുന്നു.
ആ നോവലിന്‍റെ ബാക്കി ഇങ്ങനെ തുടങ്ങാം. ഒരു സ്വപ്നത്തിന്‍റെ തുടക്കം. അയാള്‍ ധൃതി പിടിച്ച് മുറിയിലേക്ക് ഓടി.
നോവലിന്‍റെ ബാക്കി പേപ്പറിലേക്ക് ആവേശത്തോടെ പകര്‍ന്നു. മണി നാലോടെ അയാള്‍ ആ നോവല്‍ എഴുതി പൂര്‍ത്തിയാക്കി. അവസാനിച്ചു.
നോവല്‍: എഴുതിത്തീരാത്ത സ്വപ്‌നങ്ങള്‍.
കെ. മേനോന്‍.
പെട്ടെന്ന് തന്നെ ഫോണ്‍ എടുത്ത് സതീഷ് സാറിനെ വിളിച്ചു.
'ഹലോ. സാര്‍ നോവല്‍ എഴുതി കഴിഞ്ഞു. എനിക്കൊപ്പം അവിടെ ഓഫീസ്സ് വരെ പോകാന്‍ സാര്‍ കൂടി വരണം. ഇതിനി എന്‍റെ കൈയ്യില്‍ വെക്കുന്നില്ല, ഇപ്പോള്‍ തന്നെ കൊടുത്തേയ്ക്കാം.'
'ഗുഡ്! മേനോന്‍ പോയി വരൂ. ഞാന്‍ ജനറല്‍ ഹോസ്പിറ്റലില്‍ ആണ്. ഒരു നാടോടി റോഡില്‍ അവശനായി കിടന്നിടത്ത് നിന്നും ഹോസ്പിറ്റലില്‍ എത്തിച്ചതാ. ഒപ്പം ഒരു പത്ത് വയസ്സുകാരി കൂടി ഉണ്ട്. ആള് ഇപ്പൊ മരിച്ചു. ഈ കുട്ടിയെ ഇനി എന്ത് ചെയ്യണം എന്നറിയില്ല. പോലീസില്‍ അറിയിച്ചിട്ടുണ്ട്. അവര്‍ വരും വരെ ഞാന്‍ ഇവിടെ വേണം.'
മേനോന്‍ എല്ലാം കേട്ട് തരിച്ചു നിന്നു പോയി.
കവികള്‍ ക്രാന്തദര്‍ശികളാണെന്ന് പറയാറുണ്ട്. പക്ഷെ ഇത്?
ചോദ്യങ്ങള്‍ ഒരുപാട് ബാക്കി ഉണ്ടായിരുന്നു.
മേനോന്‍റെ ആദ്യ പുസ്തകം അച്ചടി മഷി പുരളുമ്പോള്‍ അവള്‍ എവിടെയോ സുരക്ഷിതമായി എത്തപ്പെട്ടിട്ടുണ്ടാവണം.
ഓരോ തെരുവിലും റയില്‍വെ സ്റ്റേഷനിലും അയാള്‍ ഇന്നും പരതും ആ പത്ത് വയസ്സുകാരിയെ.
ഓര്‍ത്തെടുക്കാന്‍ വളരെ പ്രയാസമുള്ള ആ മുഖം അയാള്‍ക്ക് സമ്മാനിച്ച ആദ്യ പുസ്തകം.
'എഴുതിത്തീരാത്ത സ്വപ്‌നങ്ങള്‍.'
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...