Malayalam Short Story ; അര്‍ബാന, രോഷ്‌ന ആര്‍ എസ് എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. രോഷ്‌ന ആര്‍ എസ് എഴുതിയ ചെറുകഥ

chilla malayalam  short story by Roshna RS

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam  short story by Roshna RS

 

'പോസ്റ്റ്‌മോര്‍ട്ടം ചെയ്താലറിഞ്ഞൂടെ മ്മക്ക്'-ഞാനുറക്കെ പറഞ്ഞു നോക്കി. ആ ഒച്ച പുറത്തേക്ക് വരാതെ തൊണ്ടയില്‍ മുഴച്ചു നിന്നു. 

റഹിമാന്റെ മയ്യത്ത് പള്ളിക്കാട്ടിലേക്ക് എടുക്കുന്നവരുടെ വരിക്ക് ഓരം ചാരി നിന്ന് ഞാനൊന്നു കൂടി മയ്യത്തിലേക്ക് നോക്കി. 

'പോസ്റ്റ്‌മോര്‍ട്ടം...'- ഇത്തവണ ചെറിയൊരു ഒച്ച പുറത്തു വന്നു. പക്ഷെ അത് കേള്‍ക്കാന്‍ സ്വന്തമായി കൈവണ്ടീം പണിയായുധങ്ങളും ഒറ്റപ്പെരയും മാത്രമുള്ള കുട്ടാപ്പ്വേട്ടനേ ഉണ്ടാര്ന്നുള്ളൂ.

'കുഞ്ഞൊന്ന് മിണ്ടാണ്ടിര്‌ന്നേ .. വേണ്ടാത്തതൊക്കെ വെറുതേ പറഞ്ഞ് പൊല്ലാപ്പാക്കണ്ട''-കുട്ടാപ്പ്വേട്ടന്‍ ഇത്രയും പറഞ്ഞ് കൈലി മാടിക്കെട്ടി. 

'കുട്ടാപ്പ്വേട്ടാ , റഹിമാനെ കിട്ട്യേത് കെണറ്റ്ന്നാണേലും ഓന്റെ ശീലക്കുട വില്ലൊടിഞ്ഞ് കെടന്നത് കുറ്റിക്കാടിന്റെ അപ്രത്താണ്. അവിട്‌ത്തെ പുല്ല് കണ്ടാലറിയാ എന്തൊക്ക്യോ ദുരൂഹത മണക്ക്ണ്ണ്ട്ന്ന്. നിങ്ങടെ ആര്‍ക്കേലും ഇങ്ങനെ പറ്റിയാ മിണ്ടാണ്ടിരിക്ക്യോ ഇങ്ങള്?'

കുട്ടാപ്പ്വേട്ടന് ഉത്തരം മുട്ടി.

അയാള്‍ ചെറിയ കണ്ണുകളൊട്ടും തിളങ്ങാതെ ചിരിച്ചെന്നു വരുത്തി. പിന്നെ ഒറ്റച്ചക്രമുള്ള കൈവണ്ടി മുന്നോട്ടുന്തി നടന്നു. അയാളുടെ നടത്തം കണ്ടപ്പോള്‍ തൂമ്പാ വണ്ണമുള്ള രണ്ടെല്ലിന്‍ കഷ്ണങ്ങള്‍ തൂങ്ങിയാടുന്നതു പോലെ തോന്നി.

ഞാനിപ്പോ ചോമ്യേച്ചിയെ ഓര്‍ത്തപോലെ ചിലപ്പോ കുട്ടാപ്പ്വേട്ടനും അവരെപ്പറ്റി ഓര്‍ത്തിട്ട്ണ്ടാവും. മൂപ്പരുടെ ഭാര്യയാണ്. 

ചോമ്യേച്ചിക്ക് ഇരുട്ടിന്റെ കറുപ്പാണ്. തെങ്ങിന്‍ തോട്ടത്തിലവര് നിന്നാ ഒരു തെങ്ങിനെ മറക്കാനുള്ള വലുപ്പമേ അവരുടെ ഉടലിനുണ്ടായിരുന്നുള്ളൂ. കറുത്ത കൈകളില്‍ മരച്ചില്ലകള്‍ പോലെ വിന്യസിച്ച ഞരമ്പുകള്‍ എഴുന്നു നിന്നിരുന്നു. ജലത്തിന്റെ ആഴവും പരപ്പും കണക്കാക്കി ഏതൊഴുക്കിലും നീന്താനും മുങ്ങിക്കുളിക്കാനുമവര്‍ക്ക് കഴിഞ്ഞിരുന്നു. 

രാവിലെ നാലഞ്ചു വീടുകളിലെ അടിച്ചു തളി കഴിഞ്ഞ് ഞങ്ങടെ വീട്ടിലേക്ക് ചോമ്യേച്ചി വരും. ഇവിടുത്തെ പണികൂടി തീരുമ്പോഴേക്ക് ഉച്ചയാവും. ഉച്ച തിരിഞ്ഞ് പെരക്കടുത്തുള്ള പുഴയില്‍ പോയി മുങ്ങിക്കുളിക്കും. അന്തിക്കുള്ള കഞ്ഞീം കൂട്ടാനും വെച്ച്, തിരികൊളുത്താറാവുമ്പളേക്കും അമ്പലമുറ്റത്തേക്ക് മണ്ടിപ്പാഞ്ഞെത്തും. ഇങ്ങനാണ് അവരുടെ ഒരോ ദിവസവും.

ചോമ്യേച്ചീനെ എനിക്കും നല്ല ഇഷ്ടാരുന്നു. ഓരോ ചിരിയിലും അവര്‍ ഞങ്ങള്‍ക്ക് സ്‌നേഹം വിളമ്പിത്തന്നു. 

പൈസ കയ്യിലില്ലാത്ത സമയമായിരുന്നു. 'കുട്ടിക്ക് ഫീസടക്കാന്‍ പൈസല്യാ'ന്ന് പറയുന്നത് കേട്ടപ്പോ കുറച്ചു നേരം അവര്‍ മുത്തശ്ശീടെ കണ്ണില്‍ നോക്കി നിന്നു. ആ നോട്ടത്തില്‍ നിന്നും വഴുതിമാറി ക്ലോക്കിലെ സൂചിക്കൊപ്പം അവരുടെ കണ്ണുകളും വട്ടം കറങ്ങി. ഒന്നും മിണ്ടാതെ ചേച്ചി വീട്ടീന്നിറങ്ങിപ്പോയി. 

'കുട്ട്യേ ഓള്‍ടെ നോട്ടം ന്റെ ഹൃദയത്തിന്റെ എല്ലാ അറേലുമപ്പൊ തൊട്ടു പോരണമാതിര്യാ തോന്നിയേ' എന്ന് മുത്തശ്ശി എന്നോട് പറഞ്ഞു. വൈകിട്ട് അവരോടിവന്ന് എന്റെ കയ്യിലൊരു പൊതി വെച്ച് തന്നു. തുറന്ന് നോക്കിയപ്പോ കുറെ പത്തിന്റെ നോട്ടുകള്‍, കുറെ ഇരുപതിന്റെ നോട്ടുകള്‍, കുറെ ചില്ലറത്തുട്ടുകള്‍..

ഫീസടക്കാനുള്ള തുക റൊക്കം രണ്ടായിരം രൂപാ പൊതിക്കകത്തുണ്ട്. ഒരു ദിവസത്തെ പണി കൊണ്ടവര്‍ക്ക് ഒരിക്കലും അത്ര കിട്ടിക്കാണില്ല. ആരോടൊക്കെയോ കടം വാങ്ങിച്ചിട്ടാണ് അവരെനിക്കത് തന്നതെന്ന് പൈസയിലെ ചുളിവുകളും മടക്കുകളും മറ്റും കണ്ടാലറിയാം.

ഒരിക്കല്‍, ഞാന്‍ ഹോസ്റ്റലില്‍ നിന്ന് അവധിക്കെത്തിയ ദിവസമാണ്. 

ഏതാണ്ട് നാലുമണിയോടടുത്തപ്പോ ചോമ്യേച്ചി മുങ്ങി മരിച്ച വാര്‍ത്ത എല്ലാ വീടുകളിലുമെത്തി.

പുഴ വക്കത്തടിഞ്ഞ അവരുടെ നഗ്‌നത മറയ്ക്കാന്‍ ആള്‍ക്കൂട്ടത്തിലൊരാള്‍ മുണ്ടെറിഞ്ഞു കൊടുക്കേണ്ടി വന്നു. അവരുടെ ചുണ്ടുകളില്‍ ചോര പൊടിഞ്ഞിരുന്നു. കവിളില്‍ മാംസക്കഷ്ണമടര്‍ന്നു നിന്നു. മുങ്ങിമരിച്ച അവരുടെ അരയ്ക്കു കീഴ്‌പ്പോട്ടേ നനഞ്ഞിരുന്നുള്ളൂ! ജലവിതാനം മുങ്ങാനൊട്ടില്ലതാനും! 

ദുരൂഹതയിലേക്കുള്ള സൂചനകള്‍ എല്ലാവരുടേയും മൗനത്തില്‍ പൊതിഞ്ഞ് ഉറങ്ങിക്കിടന്നു.

മരണവീടിനകത്ത് ചോമ്യേച്ചി കുളിക്കും മുന്നേയിട്ട അരി കിടന്ന് തിളച്ചു. അന്ന് കുട്ടാപ്പ്വേട്ടനും പരാതിയോ സംശയോ ണ്ടായില്ല!

ഇന്നും ചോമ്യേച്ചിയെ ഓര്‍ക്കുമ്പോ അവരുടെ ഞണ്ടു കടിച്ച മാംസക്കഷണമോര്‍മവരും. നിസ്സഹായതയുടെ കടല്‍ച്ചുഴിയില്‍ ഞാന്‍ വീണ്ടും വഴുതി വീഴും.

റഹിമാനെ ആര്‍ക്കാണ് ഇഷ്ടപ്പെടാണ്ടിരിക്ക്യ? ഓന്റെ നാട്ടുകാരനാണെന്ന് പറയുന്നത് തന്നെ കുറച്ചു കാലം മുന്‍പ് വരെ ഒരു ഗെറ്റപ്പാരുന്നു എല്ലാര്‍ക്കും. ഓന്റെ ബുദ്ധീം വലുപ്പോം ലോക വിവരോം കൂടിക്കൂടി വന്നു. ദിക്‌റുകളും നിസ്‌കാരോം കുറഞ്ഞപ്പൊ എല്ലാര്‍ക്കും ഇഷ്ടക്കേട് തുടങ്ങി. നാടിനു വേണ്ടി നിക്കാന്‍ പറ്റാണ്ടായപ്പളാണ് ഓന്‍ കുടി തുടങ്ങ്യേത്. അവസാനം 'മരിച്ചത് കുടിച്ചിറ്റ് കെണറ്റില് ബീണതാന്ന്' നാട്ട്കാര് പറയുന്നു. റഹിമാനും പള്ളിക്കാരും മയ്യത്തടക്കം പള്ളിയിലാവണ്ടാന്ന് ഒരേപോലെ കരുതിയിരുന്നു. പക്ഷേ...

റഹിമാന്റെ മയ്യത്തിപ്പോ ഖബറടക്കി കാണും. മീസാന്‍ കല്ലിനു ചോട്ടിലെ മണ്ണില്‍ ഇനി മുറിവേറ്റ നന്മയുടെ മണം കലരും.

മുന്നോട്ട് സുഖമായി നീങ്ങിയിരുന്ന അര്‍ബാന എന്ന് പേരുള്ള കൈവണ്ടി ഉന്താനാവാതെ കുട്ടാപ്പ്വേട്ടന്‍ തളര്‍ന്നിരിക്കുന്നു. ഞാനും കൂടെ ചെന്ന് വണ്ടിയുന്തി. ഇല്ല, അര്‍ബാന നീങ്ങുന്നില്ല! രണ്ടാളും കൂടി അതിനെ പൊക്കി നോക്കി. പൊങ്ങുന്നില്ല! അര്‍ബാനയെ നഷ്ടബോധത്തിന്റെ ഓര്‍മകള്‍ പൊതിഞ്ഞിരിക്കുന്നു. നിസ്സഹായത അതിന്റെ ചക്രത്തിനിടയില്‍ ശ്വാസം മുട്ടിക്കിടന്നു. 

ഹൊ.. അര്‍ബാനയ്ക്ക് രണ്ട് ശവങ്ങളുടെ കനം!


 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios