Malayalam Short Story : സുരയെപ്പറ്റി പറയുമ്പോള്‍, രഞ്ജിത്ത് എം രമേശ് എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. രഞ്ജിത്ത് എം രമേശ് എഴുതിയ ചെറുകഥ

 

chilla malayalam short story by Ranjith M Ramesh

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam short story by Ranjith M Ramesh

 

പാതിരാത്രി  പെട്ടന്നുള്ള യാത്രയായതുകൊണ്ട്  ആവശ്യത്തിന്  ലഹരി വസ്തുക്കള്‍ കരുതാന്‍ കഴിഞ്ഞില്ല. പോരാത്തതിന്  ഗാന്ധി ജയന്തിയും, സുഹൃത്തിന്റെ അടുക്കല്‍ നിന്നും അമിത വിലകൊടുത്തു  ബലമായി പിടിച്ചു വാങ്ങിയ മദ്യ കുപ്പിയിലെ അവസാന തുള്ളിയും ഒഴിച്ചു കഴിച്ചപ്പോള്‍ മനസ്സില്‍ വല്ലാത്ത നോവ്. ഞാന്‍ ഉള്‍പ്പടെയുള്ള മല്ലന്മാര്‍ക്കു പള്ളകള്‍ വീര്‍ത്തില്ലെങ്കില്‍ വല്ലാത്ത പാപബോധം പിടിപെടും, ഭയങ്കര ബുദ്ധിമുട്ടാ!

അവന്മാരോട് എല്‍ദോയെ പറ്റിപറഞ്ഞപ്പോള്‍ ആണ് കണ്ണുകളില്‍ ഉയര്‍ന്നു പൊങ്ങുന്ന ലഹരിയുടെ തിരയിളക്കം കണ്ടത്. 

എന്റെ വായില്‍ നിന്നുടര്‍ന്നു വീണ എല്‍ദോ എന്ന നാമം  കേട്ടപ്പോള്‍ ഇവന്മാരുടെ മനസ് മന്ത്രിക്കുന്നത് എനിക്ക് കേള്‍ക്കാം. 

അങ്ങനെ, ഒരു കൈയ്യില്‍ നീലച്ചടയനും മറുകൈയില്‍ മദ്യത്തിന്റെ തിരുകാസയുമായി അവന്‍ അവതരിച്ചു. മലഞ്ചെരുവിലെ കുന്നിന്മേല്‍, ഞങ്ങളെ ആനയിച്ചു. പരു പരുത്ത പാറമേല്‍ ഞങ്ങള്‍ ആസനസ്ഥരായി. കാട്ടുകുരങ്ങിന്റെയും, വവ്വാലിന്റെയും പച്ച കുരുമുളക് ഇട്ടു വേവിച്ച ഇറച്ചി, അവന്‍ ഞങ്ങള്‍ക്കായി കരുതിയിരുന്നു എല്ലാവരും ആര്‍ത്തിയോടെ അത് അകത്താക്കി. കുരുമുളകിന്റെ എരിവും നീറ്റലും നാക്കില്‍ സംഹാര താണ്ഡവമാടി. 

എല്‍ദോ കൊണ്ടുവന്ന ലഹരി ഞങ്ങള്‍ മൂക്കറ്റം അകത്താക്കി. പരസ്പരം ജീവതത്തില്‍ കടന്നുപോയതും, കടക്കാതെ പോയതും ആണ്‍പെണ്‍ ഭേദമന്യേ സകലമാന ജീവജാലങ്ങളെയും, പുലഭ്യം പറഞ്ഞു നാവു കുഴഞ്ഞു. ശേഷം എല്‍ദോയുടെ വക നാടന്‍ പാട്ടും പച്ചത്തെറിയും. 

അവന്‍ കൊണ്ടുവന്ന ഭീകര ലായനി  മസ്തിഷ്‌കത്തില്‍, വിസ്ഫോടനം നടത്തി  പ്രകാശത്തേക്കാള്‍ വേഗത്തില്‍ കുതിച്ചുകൊണ്ടിരുന്നു. 

ജീവിതത്തില്‍ ഇതുവരെ കഴിക്കാത്ത ഈ സൊയമ്പന്‍ സാധനത്തിന്റെ ഉറവിടം ഞങ്ങള്‍ തിരക്കി, ഞങ്ങളുടെ നിര്‍ബന്ധത്തിന്  വഴങ്ങാന്‍ എല്‍ദോ ആദ്യം കൂട്ടാക്കിയില്ലെങ്കിലും സ്വതവേ ധൈര്യശാലിയും സാഹസികനും, സര്‍വോപരി എന്റെ കൗമാര സുഹൃത്തുമായ അവന്റെ വായില്‍  നിന്നും ഒരു തിരുനാമം  മൊഴിഞ്ഞു.  'സുരേന്ദ്രന്‍.' സ്വന്തമായി കാട്ടുമുക്കില്‍ വാറ്റ് ഔട്ട്‌ലെറ്റ് നടത്തുന്ന മറ്റൊരു ഇടയന്‍. 

ഞങ്ങള്‍ക്ക് സന്തോഷമായി, ആശ്വാസമായി, വീണ്ടും മഹാലഹരിയുടെ താമോഗാര്‍ത്തങ്ങളിലേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ ആ  വലിയ ആത്മാവിന് കഴിയും എന്നു ഞങ്ങള്‍ പ്രത്യാശിച്ചു.

കഴിഞ്ഞ തവണ എല്‍ദോയെ ഫോണില്‍ വിളിച്ചപ്പോള്‍ ഈ മൊതലിനെ പറ്റി അവന്‍ പറഞ്ഞിരുന്നു. ആ സുവര്‍ണ സംഗമം  ഇതാ സംജാതമായി,  ലഹരിയുടെ വാഗ്ദത്ത ഭൂമിയിലെക്ക്.

മറ്റവന്മാരോട് സ്വന്തം  കെട്ട്യോളുമാരായിട്ടോ, മറ്റുള്ളവരുടെ കെട്ട്യോളുമാരായിട്ടോ സല്ലപിച്ചിരിക്കാന്‍ പറഞ്ഞ് ഞാനും  എല്‍ദോയും ആ ഇടയനെ  കാണാന്‍  മലയിടുക്കിന്റെ കീഴ്‌പോട്ടിറങ്ങി.

നയാട്ടുകാര്‍  മാത്രം  നടക്കാറുണ്ടായിരുന്ന കാട്ടുവഴിയാണ്. ആള്‍പെരുമാറ്റത്തിന്റെ കണികപോലും  അവശേഷിക്കാത്ത കാട്. കൂരാക്കൂരിരുട്ടില്‍ ഞങ്ങള്‍ നടന്നു.

എല്‍ദോ: നീ  ഇങ്ങോട്ട് വന്നിട്ട് കുറെ ആയില്ലേ!

പെട്ടെന്നു എന്റെ വായില്‍ നിന്നും ചിതറി വീണ  വാക്കുകള്‍ കേട്ടു തെല്ലൊന്ന് അമ്പരന്നു.

എല്‍ദോ: നിനക്കു എന്നാ പറ്റി?

ഞാന്‍ : അല്ല നീ  പറഞ്ഞ സുരയെ പറ്റി ആലോചിക്കുകയായിയിരുന്നു.

എല്‍ദോ : ഹോ അതോ, ഞാന്‍ പറഞ്ഞത് മറ്റേതിന്റെ പുറത്തല്ലടാ. അയാളെ പറ്റി അങ്ങനെ കുറെ കഥകള്‍ ഉണ്ട്, ഒരു പ്രത്യകതരം മനുഷ്യനാ, അല്ല ജന്തുവാ.  അയാളെ നീ  കണ്ടിട്ടുണ്ടാകും ചെറുപ്പത്തില് നമ്മടെ ഒക്കെ വീട്ടില് വന്നിട്ടുണ്ട്, റബ്ബര്‍ കുഴിയെടുക്കാന്‍. ചാച്ചനും  അമ്മച്ചിക്കും അറിയാമായിരിക്കും. അന്ന് ഞാനും  നീയും എല്‍സയും റബ്ബര്‍ കാ പറിക്കാനും, പശുവിന് പുല്ലു പറിക്കാനും, പാള വലിച്ചു കളിക്കാനും നടക്കുവല്ലായിരുന്നു. 

പഴയ  ഓര്‍മകളിലേക്ക്  കൂട്ടിക്കൊണ്ട് പോവാന്‍ അവന്‍ തയ്യാറെടുപ്പു നടത്തി, എനിക്ക് അത് ഒരേ സമയം  സുഗന്ധവും  മനം പിരട്ടുന്ന ദുര്‍ഗന്ധവുംഉളവാക്കി,

ഞാന്‍ : എത്താറായോ?

എല്‍ദോ: മൂപ്പരുടെ കൈയ്യില്‍ എപ്പോഴും സ്റ്റോക്കാ, തനി നാടന്‍ മുതല്‍ ഫോറിന്‍ വരെ. വെറൈറ്റി വാറ്റുകളും. മരം കൊത്തി, പുത്താന്‍ കീരി, കരിപൂച്ച, എന്നു വേണ്ട എല്ലാത്തിന്റെയും പപ്പും പുടയും പറിച്ചു കശുമാങ്ങയും ശര്‍ക്കരയും നല്ല വരിക്ക ചക്കയും ഇട്ടു ഉണ്ടാക്കിയ നാടന്‍ സാധനം വരെ. നിന്നോട് ഞാന്‍ പറയാറില്ലേ തേക്കുപ്പുറത്തെ വിജയേട്ടനെ പറ്റി. പുള്ളിയാ സുരേന്ദ്രന് ഈ പരിപാടി ഉണ്ടന്ന് പറഞ്ഞത്. ഞങ്ങള്‍ ഒരിക്കല്‍ കൂടിയപ്പോള്‍  സാധനം തീര്‍ന്നു, എവിടെ പോകണം എന്നു വിചാരിച്ചു നില്‍ക്കവേ വിജയണ്ണന്‍ നല്ല ഒന്നാന്തരം സ്‌കോച്ചുമായി പ്രത്യക്ഷപ്പെട്ടു, ഞാന്‍ കുറെ നിര്‍ബന്ധിച്ചിട്ടാ സുരേന്ദ്രന്റെ പേര് പറഞ്ഞത്. 

ഞാന്‍ : ഫോറിന്‍ ഒക്കെ എവിടുന്നു കിട്ടണതാ?

എല്‍ദോ : ആള്‍ക്കാര് കൊടുക്കണത്. എസ്റ്റേറ്റ് മുതലാളിമാര്, ഫോറസ്റ്റുകാര്, നാട്ടുകാര്...ഇവര്‍ക്കു എന്തെങ്കിലും ആവശ്യം വന്ന സുരയല്ലേ ചെല്ലണത്.

ഞാന്‍ : എന്ത് ആവശ്യം

എല്‍ദോ : അത് പലരുടെയും ഓരോ ഓരോ ആവശ്യങ്ങള്, എന്നുവച്ചാല്‍ കുഴികുത്താനോ, മരത്തില് വലിഞ്ഞു കയറാനോ, അടിപിടിക്കോ...പിന്നെ ഫോറസ്റ്റ് കാര്‍ക്ക് വല്ല മലപാമ്പിനെയോ, മരപ്പട്ടിയെയോ, കടുവായോ പിടിച്ചു കാട്ടിലേക്കു തിരിച്ചു വിടാനോ, അങ്ങനെ പലതും. പാരിതോഷികമായി അങ്ങനെ മുന്തിയ ഇനം  സാധനം കിട്ടും. അതല്ല രസം, പാമ്പിനെയും മരപ്പട്ടിയെയും കാട്ടില്‍ വിടാം എന്നു പറഞ്ഞ് അതിനെ തല്ലിക്കൊന്നുള്ള ടച്ചിങ്സും കശുമാങ്ങാ വറ്റുന്നതിന്റെ ഒപ്പം കുട്ടും, സുരയാരാ മോന്‍!

ഞാന്‍ ചിരിച്ചു. 

എല്‍ദോ : വേറൊരു തമാശ കേള്‍ക്കണോ

ഞാന്‍ : എന്താ?

എല്‍ദോ : ആള് പറമ്പില് തൂണിയും കോണകവും ഇല്ലാതെയാ നടക്കണത്. അയാള് ഒരു തുള്ളി കഴിക്കില്ല. മറ്റുള്ളവരെ കൊണ്ട് കഴിപ്പിക്കും. ഉരുപ്പടി ആവശ്യം ആണെന്ന് പറഞ്ഞാല്‍ വല്ല മരത്തിന്റെ പൊത്തിലോ, കരിങ്കല്ലിന്റെ അടിയിലോ, രഹസ്യമായി കൊണ്ടുപോയി വയ്ക്കും. അത്ര പരിചയം ഉള്ളവരുമായേ ഡീല്‍ വെക്കു. കാശ് കൊടുത്താ വാങ്ങും, ഇല്ലെങ്കില്‍ ഇല്ല. നമ്മുടെ പെരുമാറ്റം പോലെയിരിക്കും. ഇന്നലെ അയാള്‍ടെ കൈയില്‍ നിന്ന് വാങ്ങിയ സാധനമാ ഇന്നടിച്ചു തീര്‍ത്തത്, വേഗം വാ!

ഞാന്‍ : ഇങ്ങോട്ട് ആരും വരാറില്ലേ?

എല്‍ദോ ഒന്ന് നിന്ന ശേഷം എന്റെ മുഖത്തേക്ക് ഇമ വെട്ടാതെ തറപ്പിച്ചു നോക്കി.

ഞാന്‍ : നിന്റെ ജോലി എങ്ങനെ പോകുന്നു, സാലിയും മോനും എന്ത് പറയുന്നു?

എല്‍ദോ : ടാപ്പിങ് അറിയാവുന്നതുകൊണ്ട് അങ്ങനെ പോകുന്നു.  ഇടക്ക് റബ്ബര്‍മരത്തിന്റെ കുഴി എടുക്കാന്‍ പോകും ആ വിജയന്‍ ചേട്ടന്‍ ഉണ്ടായിരുന്നപ്പോള്‍. രണ്ട് മാസം മുന്‍പ് അങ്ങേരു മരിച്ചു, ഇനി വരുന്ന ഇടത്തു വച്ചുകാണാം. 

ഞാന്‍ : നിന്നോട് അങ്ങോട്ട് വരാന്‍ പറഞ്ഞതല്ലേ,

എല്‍ദോ : എന്തിന്?  ഇവിടെ ആണെങ്കില്‍ കുറച്ചു പച്ചപ്പ് കണ്ടെങ്കിലും ചാകാ. അതൊക്കെ നിന്നെ പോലെ വിവരവും വിദ്യാഭ്യാസവും ഉള്ളവര്‍ക്ക് പറഞ്ഞതാ. നിന്റെ അപ്പനും എന്റെ അപ്പനും കുറെ നാളത്തെ പരിചയം ഉണ്ടായിരുന്നതല്ലേ. പിന്നെ അവര് പറമ്പിന്റെ വഴിടെ പേരില്‍ വഴക്കായി. പരിസരം മറന്നു തെറിവിളിക്കലും, കൈയ്യാങ്കളി  വരെയായി  നിങ്ങള്‍ ഇവിടുന്ന് കൂടും കുടുക്കയുമായി സ്ഥലം വിട്ടു.

ഞാന്‍ : അതെന്താ ഇപ്പോ ഓര്‍ത്തത്,

എല്‍ദോ : നിന്നെ കാണുമ്പോള്‍ പറയണം എന്നു കരുതിയതാ, നിന്നോട് ഇത് പറഞ്ഞില്ലെങ്കില്‍ ഭയങ്കര നീറ്റലാ നെഞ്ചിനകത്ത്. 

ഞാന്‍ : നീ  വളച്ചു കെട്ടാതെ കാര്യം പറയ്!

എല്‍ദോ എന്നെ സഹതാപത്തോടെ നോക്കി,

എല്‍ദോ : നിങ്ങള് ഇവിടുന്നു പോകാന്‍ അമ്മയും അപ്പനും കുറെ നേര്‍ച്ച നേര്‍ന്നു. മനസില്ലാ മനസ്സോടെ ഞാനും അതില്‍ കൂടി. പറമ്പിനു ചുറ്റും കോഴിത്തല കുഴിച്ചിട്ടു. ജാതിക്കയും  എലക്കയും കുറെ മോഷ്ടിച്ചു. കുറെ സ്ഥലം ഞങ്ങള് കൈയ്യേറി...

ഒറ്റ ശ്വാസത്തില്‍ അവന്‍ അത് പറഞ്ഞുനെടുവീര്‍പ്പിട്ടു, റബ്ബര്‍ മരത്തിന്റെ ഇല പോലെ വാടി തളര്‍ന്നിരുന്നുഅവന്റെ മുഖം

ഞാന്‍ : കഴിഞ്ഞോ? എന്നാല്‍ ശരി  എനിക്ക് നിന്നോട് പ്രതികാരം ചെയ്യണം. തല്‍ക്കാലം സുരയുടെ കൈയ്യില്‍ നിന്നും രണ്ട് മുന്തിയ സാധനം സംഘടിപ്പിച്ചു തന്നാ മതി.

ഞാന്‍ പൊട്ടിച്ചിരിച്ചു,

ഏറു കൊണ്ട പന്നിയെപ്പോലെ അവന്‍ എന്നെ നോക്കി.

ഞങ്ങള്‍ നടത്തം തുടര്‍ന്നു.

വയസ്സന്‍ വൃക്ഷങ്ങളും പുല്ലുകളും കറുത്തു തഴച്ചു വളര്‍ന്നിരുന്നു അവിടെ. മരച്ചില്ലകള്‍ ഉരയുന്ന ശബ്ദവും കാട്ടുകോഴിയുടെ കൂവലും, കരിയില ഞെരിയുന്ന ശബ്ദങ്ങളും പരിസരമാകെ തങ്ങി നിന്നു

എല്‍ദോ : ഒരു കാര്യം പറയാന്‍ വിട്ടു!

അവന്റെ മുഖത്ത് ഒരു ക്രൂരമായ മന്ദഹാസം. ഞാന്‍ അമ്പരപ്പോടെ അവനെ നോക്കി. 

എല്‍ദോ : നീ ഭയങ്കര  സാഹസികത ഇഷ്ടപെടുന്നവന്‍ അല്ലേ. വാ ഒരു സ്ഥലം കാണിച്ചു തരാം. 

എന്നെയും കൂട്ടി അവന്‍ ഒരു പൊട്ടക്കുളത്തിന്റെ അടുക്കല്‍ വന്നു. ഞാന്‍ മൊബൈലിലെ ടോര്‍ച് എടുത്തു. നിലാവ് പരക്കെ അതിനു ചുറ്റും ഒരു വലയം ഉണ്ടാക്കിയിട്ടുണ്ട്. ഒറ്റ നോട്ടത്തില്‍ പുരാതന ശിലയുഗത്തിലെ മനുഷ്യര്‍ കുഴിച്ചതാണെന്നു തോന്നും. ക്രമമല്ലാത്ത രീതിയില്‍ പാറക്കല്ലുകള്‍ അടുക്കി വച്ചിരിക്കുന്നു. ശരിക്കും ശ്രദ്ധിച്ചാല്‍ രണ്ട് പൊക്കാന്‍ തവളകള്‍ അലമുറ ഇടുന്നതും കേള്‍ക്കാം.

ഞാന്‍ : എന്തിനാ ഇവിടെ നിക്കണത്

എല്‍ദോ : നിനക്ക് ബീഡി വേണോ? 

മുണ്ടിന്റെ മടിക്കുത്തില്‍ നിന്നും ബീഡി എടുത്തു ആഞ്ഞു വലിച്ച  ശേഷം എന്നെ നോക്കി

എല്‍ദോ : നമ്മള് എത്ര നാളായെടാ ഇങ്ങനെ ഒറ്റക്കു ഇരുന്നിട്ട്.  കുറച്ചു നേരം  ഇവിടെ ഇരുന്നാലോ, എല്‍സയെ നീ ഓര്‍ക്കേണ്ടോ. ഇന്നലെ അവള്‌ടെ ആണ്ട് ആയിരുന്നു.

എല്‍ദോയുടെ കണ്ണുകള്‍ നിറഞ്ഞു

അവനെ ആശ്വാസിപ്പിക്കാന്‍ എന്റെ കൈകള്‍ വെമ്പല്‍ കൊണ്ടു.

ഞാന്‍ : ഡാ, നമുക്ക് സുരയുടെ അടുത്ത് പോകണ്ടേ അവന്മാര് അവിടെ ഒറ്റയ്ക്കാ, വേഗം പോവാ.

എല്‍ദോ : അവന്‍മാര് അവിടെ നിക്കട്ടെടാ കൊച്ചു പിള്ളേരൊന്നും അല്ലല്ലോ,

കുളത്തിന് സമീപം കടന്നു പോകുന്ന ചാലില്‍ ഒരു നീര്‍ക്കോലി ഞങ്ങളെ അന്തംവിട്ടു നോക്കി. എല്‍ദോ ഒരു കല്ലെടുത്തു അതിന്റെ തലക്കുനേരെ എറിഞ്ഞു. അത് ജീവനും കൊണ്ടു രക്ഷപ്പെട്ടു.

എല്‍ദോ : നീ  നേരത്തെ ചോദിച്ചില്ലേ? ഇങ്ങോട്ട് ആരും വരില്ലേ എന്ന്. കുറച്ചു മുന്‍പ് വിജയന്‍ ചേട്ടന്റെ കാര്യം പറഞ്ഞില്ലേ, അയാള്‍ടെ ശവം കിട്ടിയത് ദേ ഇവിടുന്നാ. നാട്ടുകാര് പറയണത് പുള്ളീനെ തല്ലിക്കൊന്ന് ബോഡി ഇവിടെ കൊണ്ടിട്ടെന്നാ. പുള്ളിക്ക് ഒരു അവിഹിതം, കൂടെ പണിയെടുക്കുന്ന പെണ്ണുമ്പിള്ളയുമായി. അതിന്റെ കെട്ട്യോന്‍  പണി പറ്റിച്ചതാ. ആളെ കാണാതായിട്ട് കുറെ ദിവസം കഴിഞ്ഞാ ബോഡി കിട്ടിയത്. 

എരിഞ്ഞു കൊണ്ടിരിക്കുന്ന ബീഡി  ആഞ്ഞു വലിച്ച് എല്‍ദോ എന്നെ അടുത്തേക്ക് വിളിപ്പിച്ചു. എന്നിട്ട്  ചെവിയില്‍ അടക്കം പറഞ്ഞു, വിജയന്‍ ചേട്ടന്റെ മാത്രമല്ല വേറെ ശവങ്ങളും ഇവിടുന്നു കിട്ടിയിട്ടുണ്ട്. അതല്ലേ നാട്ടുകാര് ഇവിടെ വരാത്തത്'

ഒരു ഭയം എന്നില്‍ മുളപൊട്ടി.

എല്‍ദോ : നിനക്ക് പേടി തോന്നേണ്ടോ?

ഞാന്‍ : എന്തിന്

എല്‍ദോ :  നിന്റെ ധൈര്യം ഒന്ന് ടെസ്റ്റ് ചെയ്തതാ. ദേ ഇവിടുത്തെ മലഞ്ചേരിവിനു പടിഞ്ഞാറോട്ടു കടന്നാല്‍ നമ്മടെ പറമ്പിന്റെ അടുത്ത് എത്തും. 

എല്‍ദോയുടെ നോട്ടങ്ങള്‍ പായുന്ന  ദിക്കിലേക്ക് എന്റെ കണ്ണുകള്‍ പരതി നടന്നു.

എല്‍ദോ : എന്നാ വേറൊരു കാര്യം കൂടി പറയട്ടെ, വിജയേട്ടനെ തട്ടിയത് സുരയാ..

ഞാന്‍ അമ്പരപ്പോടെ അവനെ കേട്ടു. 

എല്‍ദോ എന്റെ അടുത്ത് വന്നു

എല്‍ദോ : പുള്ളി ഇങ്ങനെ ക്വട്ടേഷന്‍ ഒക്കെ എടുക്കും, ഇരു ചെവി അറിയാതെ കാര്യം സാധിക്കും. കൊല്ലുന്നതിനു മുന്‍പ് അയാള്‍ ശരിക്കും സല്‍ക്കരിക്കും, ശേഷം കാര്യം സാധിക്കും.

എല്‍ദോ എന്നെ നോക്കി ചിരിച്ചു.

ദേ വീട് എത്താറായി, എല്‍ദോ പറഞ്ഞു. 

ഞാന്‍ ആ  കുളത്തിന്റെ കരയിലേക്ക് വെറുതെ ഒന്ന് നോക്കി

എല്‍ദോ : നീ  ഇവിടെ നില്‍ക്ക്, ഞാന്‍ പോയി സുരയെ കണ്ടിട്ട് വരാം, ഞാന്‍ നേരത്തെ പറഞ്ഞത് ഓര്‍ത്തു നില്‍ക്കണ്ട.

എല്‍ദോ മൊബൈല്‍ വെട്ടത്തില്‍ കുന്നിറങ്ങി. 

അവന്‍ പോയതിനു ശേഷം എന്റെ ചിന്തകള്‍ മറ്റൊരു മലഞ്ചേരുവില്‍ എത്തപ്പെട്ടിരുന്നു. എല്‍ദോയും എല്‍സയും ഞാനും, ഒരുമിച്ചു കളിച്ചതും, പാറക്കെട്ടുകളില്‍ ഓടി നടന്നതും മരച്ചില്ലകളില്‍ ഓടിക്കയറിയതും. ഒരുമിച്ചുള്ള ഒരുപാട് ഓര്‍മകള്‍. അതെല്ലാം  കാട്ടുവള്ളികളെ പോലെ എന്നെ ചുറ്റി മുറുക്കി.

നിലാവ് പരക്കെ ആകാശത്തു ഓടി നടക്കുന്നുണ്ട്.

കരിയിലകളില്‍ കാലടി ശബ്ദങ്ങള്‍ കൂടി കൂടി വരുന്നുണ്ട്. പെട്ടെന്ന് ഒരു മനുഷ്യരൂപത്തിന്റെ കൈ അവ്യക്തമായി എന്റെ തോളത്തു വന്നു. എല്‍ദോ. 

എല്‍ദോ : ബോറടിച്ചോ?

എന്നിട്ടവന്‍ എന്നെ ുളത്തിന്റെ അടുക്കലേക്ക് കൊണ്ടുപോയി.

എല്‍ദോ : നീ  ആകെ വിയര്‍ത്തോ?

ശരിക്കും അര്‍ത്ഥം വച്ചിട്ടുള്ള നോട്ടങ്ങളും ഭാവങ്ങളും. എന്റെ ശരീരത്തിലെ രക്തം വറ്റിയത് പോലെ. അവന്‍  ഒരു മരക്കുറ്റി എടുത്തു ചാലിലേക്ക് എറിഞ്ഞു. കറുത്ത ഓളപരപ്പിലൂടെ അത് അപ്രത്യക്ഷമായി.

എല്‍ദോ : സുര ഇപ്പോ വരും സാധനവുമായിട്ട്. അവിടെ അധിക നേരം അയാള്‍ നിര്‍ത്തൂല, ആരെയും.


അവന്‍ പിന്നെ മടിക്കുത്തില്‍ നിന്നും ബീഡി എടുത്തു വലിച്ചു. പിന്നെ എന്നെ നോക്കി ചിരിച്ചു. കാലന്‍  ബീഡി വലിക്കുകയാണോ എന്നൊരു സംശയം.

എല്‍ദോ : അവളെന്തിനാണോ ആ റബ്ബര്‍ മരത്തില്  കെട്ടി തൂങ്ങി ചത്തത്? അവള് പോയേപ്പിന്നെ അമ്മച്ചി എപ്പോഴും  ഓരോന്നും പറഞ്ഞ് എണ്ണി പറക്കി കൊണ്ടിരിക്കും. അവളെ കൊന്നതാടാ, എനിക്കറിയാം.

എനിക്ക് ശരീരമാസകലം വിറയല്‍ അനുഭവപ്പെട്ടു. 

എല്‍ദോ : ദേ ആളെത്തി,

കരിയിലയില്‍ ചവിട്ടിയുള്ള കാല്‍പെരുമാറ്റം അടുത്ത് വന്നു. ചങ്ക് നുറുങ്ങുകയാണോ എന്നൊരു തോന്നല്‍. പ്രാണന്‍ പോകുന്ന തരത്തില്‍  ഉച്ചത്തില്‍ ഒരു നിലവിളി എവിടെ നിന്നോ കേള്‍ക്കാം.  മൃഗത്തെ പോലെയാണ് നിലവിളിക്കുന്നതെങ്കിലും മനുഷ്യന്റെതായ തേങ്ങല്‍ അതിനുണ്ടായിരുന്നു.

എവിടെ നിന്നോ ഒരു ഉള്‍വിളി. ഞാന്‍ സര്‍വശക്തിയും എടുത്തു അവരെ തള്ളി മാറ്റി ഓടി. എന്റെ കാലിനു ഒരു  പതിനഞ്ചുകാരന്റെ  വേഗത. അവര്‍ എന്റെ പിന്നാലെ ഉണ്ട്. ഒരു മരക്കുറ്റിയില്‍ കാലിടിച്ചു  ഞാന്‍ കിടങ്ങിലേക്ക് ഞാന്‍ മറിഞ്ഞു വീണത് പെട്ടെന്നാണ്. കണ്ണില്‍ ഇരുട്ട് കയറി,


ഇപ്പോള്‍ വണ്ടിയുടെ ഹോണടി കേള്‍ക്കാം. ഞാന്‍ കണ്ണ് സാവകാശം  തുറന്നു. എല്ലാവരുടെയും ഒത്ത നടുവില്‍ ഞാന്‍ കിടക്കുകയാണ്. അവ്യക്തമായ ശബ്ദശകലങ്ങള്‍ കേള്‍ക്കാം. കുളത്തിനടുത്തു നടന്ന കാര്യങ്ങള്‍ എല്‍ദോ കാര്യമായി മറ്റവന്മാരോട് വിശദീകരിക്കുന്നുണ്ട്. 

കൂട്ടത്തില്‍ ഒരുത്തന്‍ സുരയെ പറ്റി ചോദിച്ചു.

സുരയെ പറ്റി പറയുമ്പോള്‍ എല്‍ദോക്കു വലിയ  നാക്കാണ്. 

    

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 


 

Latest Videos
Follow Us:
Download App:
  • android
  • ios