അതിവിചിത്രമായ ഒരു ദിവസത്തിന്റെ അതിദുരൂഹമായ ഇലയനക്കങ്ങള്‍, രാജി സ്‌നേഹലാല്‍ എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. രാജി സ്‌നേഹലാല്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
പ്രധാനവാതില്‍ കടന്ന് സിറ്റൗട്ടിലൂടെ അവള്‍ മുറ്റത്തേക്കിറങ്ങി.
മുറ്റത്തെ ചെറിയ വെള്ളാരം കല്ലുകള്‍ വിരിച്ച നടവഴിയിലൂടെ മുന്നോട്ട് നടക്കുമ്പോള്‍ പുറകില്‍ നിന്നും അമ്മയുടെ ചോദ്യം കേള്‍ക്കുന്നുണ്ടായിരുന്നു.
'ജാനീ.. നീ എങ്ങോട്ടാണ് ഈ സമയത്ത്?'
മറുപടിയൊന്നും നല്‍കാതെ അവള്‍ മുന്നോട്ടു നടന്നു.
തറനിരപ്പില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന മുറ്റം. അവള്‍ താഴേക്ക് പടിക്കെട്ടുകള്‍ ഇറങ്ങി മുന്നോട്ട് നടന്നു.
പടിക്കെട്ടുകള്‍ക്ക് വടക്കുഭാഗത്തായി പടര്‍ന്നു പന്തലിച്ച് നിറയെ പൂത്തുനില്‍ക്കുന്ന പിച്ചകം.
ഇളം തണുപ്പുള്ള നേര്‍ത്ത ഉച്ചവെയില്‍ മടങ്ങി തുടങ്ങുന്നു. ഇടയ്ക്കിടയ്ക്ക് പെയ്തുകൊണ്ടിരുന്ന ചാറ്റല്‍മഴയില്‍ അവിടമാകെ നനഞ്ഞിട്ടുണ്ട്.
മഴപെയ്തു കഴിഞ്ഞാല്‍ പിന്നെ അവിടുത്തെ മണ്ണിന് വഴുവഴുപ്പും പശപ്പുമാണ്. വളരെ സൂക്ഷിച്ച് ശ്രദ്ധയോടെ ഓരോ കാല്‍വെപ്പും മുന്നോട്ടുവച്ചു.
പുറകില്‍ നിന്നും അമ്മയുടെ ശബ്ദം വീണ്ടും കേള്‍ക്കുന്നുണ്ട്.
'ജാനീ...നിന്നോടാ ചോദിച്ചത്, എങ്ങോട്ടാ പോകുന്നേന്ന്.
അമ്മയുടെ ശബ്ദത്തില്‍ ദേഷ്യവും നിരാശയും നിഴലിച്ചു നിന്നിരുന്നു.
അവള്‍ ആ ചോദ്യം കേള്‍ക്കാത്ത ഭാവത്തില്‍ വീണ്ടും മുന്നോട്ട് നടന്നു.
'ഈയിടെയായി പെണ്ണിന് കുറച്ചു തര്‍ക്കുത്തരം പറച്ചില്‍ കൂടുതലാണ്. ആരോട്, എന്തു പറയണം എന്ന് കൂടി ഒരു ബോധവുമില്ല.'
അമ്മയുടെ ആരോടെന്നില്ലാതെയുള്ള ആ പിറുപിറുക്കല്‍ അവളുടെ സ്വാഭിമാനത്തെ മുറിപ്പെടുത്തുന്നതായിരുന്നു.
ചിന്തിക്കാനും തീരുമാനം എടുക്കാനും ഉള്ള കഴിവ് തനിക്ക് നഷ്ടമായത് പോലെ അവള്‍ക്ക് തോന്നി.
ഇത് തന്റെ ജീവിതമല്ലേ. അവിടെ, തന്റെ ആഗ്രഹങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാതെ മറ്റുള്ളവരുടെ തീരുമാനങ്ങള്‍, തന്നിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്യാനുള്ള ഒരവകാശവും തനിക്കില്ലേ...?
അവള്‍ക്ക് ചുറ്റും വളരെയധികം ചോദ്യങ്ങള്‍ ഒഴുകി നടന്നു.
അപ്പോഴും വിദൂരതയില്‍ എവിടെനിന്നോ അലയടിക്കും പോലെ അമ്മയുടെ പരിഭവം പറച്ചില്‍ അവളിലേക്ക് എത്തുന്നുണ്ടായിരുന്നു. പിന്നീടത് നേര്‍ത്ത് നേര്‍ത്ത് ഇല്ലാതെയായി.
റോഡിനു അഭിമുഖമായി നില്‍ക്കുന്ന, പറമ്പിലെ വലിയ നെല്ലിമരത്തില്‍ നിന്നും ധാരാളം നെല്ലിക്ക അടര്‍ന്ന് അവിടമാകെ ചിതറി കിടക്കുന്നു. അതിന് ഇരു വശത്തുമായി ഇളം റോസ് നിറത്തിലുള്ള പനിനീര്‍ റോസ്.
ഇളംകാറ്റില്‍ ഒഴുകിയെത്തുന്ന റോസാപ്പൂക്കളുടെ മണം മനസ്സിനെ കുളിര്‍പ്പിച്ചു. അജ്ഞാതമായ എന്തോ ഒന്ന് അവളെ മുന്നോട്ട് നയിക്കും പോലെ. അവള്‍ മുന്നോട്ട് നടന്ന് റോഡിലേക്കിറങ്ങി .
അവള്‍ക്ക് ചുറ്റും പല വിധത്തിലുള്ള ചോദ്യങ്ങള്‍ വന്ന് നിറയും പോലെ, ആ ചോദ്യങ്ങള്‍ക്ക് ഇടയില്‍ എവിടെയെങ്കിലും അതിനുള്ള ഉത്തരങ്ങള്‍ ഒളിഞ്ഞു കിടപ്പുണ്ടാവുമോ?
ഒരു ജീവിതമല്ലേ എല്ലാവര്‍ക്കും ഉള്ളത്, ആ ജീവിതം മറ്റുള്ളവരുടെ ആഗ്രഹങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും അനുസരിച്ചു മാത്രം ജീവിച്ചു തീര്‍ക്കാനുള്ളതാണോ? അതോ ഇതെല്ലാം പെണ്ണിന് മാത്രമുള്ള നിയമങ്ങളാണോ? ആഗ്രഹങ്ങളും തീരുമാനങ്ങളും പറയുമ്പോള്‍ തര്‍ക്കുത്തരമായും അഹങ്കാരിയായും മുദ്രകുത്തപ്പെടുന്നതെന്താണ് ?
റോഡിന് ഇരുവശവും ഓരം ചേര്‍ന്ന് തറനിരപ്പില്‍ പറ്റിവളരുന്ന ചെടികളില്‍ നിറയെ വെളുത്ത ചെറിയ പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്നു. നല്ല ഭംഗിയുള്ള പേരറിയാത്ത നാട്ടുപൂക്കള്‍. ആരും അധികം പ്രാധാന്യം കൊടുക്കാതെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന പൂക്കളും ചെടികളും.
ചിലപ്പോഴെങ്കിലും ഈ ചെടികളേയും പൂക്കളേയും പോലെയാണ് ചില സ്ത്രീകളുടെ എങ്കിലും ജീവിതം എന്ന് തോന്നാറുണ്ട്.
പക്ഷേ...അതില്‍ ഒരാള്‍ ആകാനുള്ള ആഗ്രഹം തീരെ ഇല്ല.
തനിക്കായി സംസാരിക്കാന്‍ താന്‍ മാത്രമേയുള്ളൂ എന്ന പൂര്‍ണ്ണ ബോദ്ധ്യം ഇപ്പോഴുണ്ട്. തന്റെ തീരുമാനം പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാര്‍ക്കും സാധിക്കില്ല എന്നും ബോദ്ധ്യമുണ്ട് ,
പക്ഷേ...
അവള്‍ വീണ്ടും മുന്നോട്ട് നടന്നു. ആശങ്കപ്പെടുത്തുന്ന എന്തോ ഒന്ന് മനസ്സിനെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അതെന്താണെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നതേയില്ല.
സ്ഥിരം സഞ്ചരിക്കുന്ന വഴിയാണ്. പക്ഷേ...ഇതുവരെ കാണാതിരുന്ന അല്ലെങ്കില്‍ ശ്രദ്ധിക്കാതിരുന്ന പലതും കാണാനും അറിയാനും തുടങ്ങുന്നു.
പതുക്കെ പതുക്കെ അവളിലേക്ക് ഒരു കുളിര്‍കാറ്റ് വന്ന് നിറയും പോലെ തോന്നി. നനച്ചു നനച്ചില്ല എന്ന മട്ടില്‍, സ്വസാന്നിധ്യം അറിയിക്കാനെന്ന പോലെ, ഒരു ചാറ്റല്‍മഴ വരവറിയിച്ചു കടന്നു പോയി.
വിജനമായ റോഡ്. വഴിയരുകിലെ വീടുകളില്‍ നിന്നെങ്ങും ഒരനക്കവുമില്ല. ഇത്ര നിശബ്ദമായി താനിതുവരെയും ഈ സ്ഥലം കണ്ടിട്ടേ ഇല്ല. അതും ഈ സമയത്ത്.
അവള്‍ക്ക് അതിശയമായി.
അജ്ഞാതമായ എന്തോ ഒന്ന് മുന്നോട്ട് നയിക്കും പോലെ. കാലുകളുടെ ചലനങ്ങള്‍ക്ക് വേഗത കൂടി കൊണ്ടിരുന്നു. ഇടയ്ക്ക് താന്‍ ഓടുകയാണോ എന്ന് പോലും അവള്‍ക്ക് തോന്നിപ്പോയി.
ആ യാത്ര അവസാനം ചെന്ന് നിന്നത് അമ്മായിയുടെ വീടിന് മുന്നിലാണ്.
പ്രധാന ജംഗ്ഷനില്‍ നിന്നും കിഴക്കോട്ടുള്ള റോഡിലൂടെ നടന്നാല്‍ ആദ്യത്തെ വീടാണ്. തന്റെ വീട്ടില്‍ നിന്നും ഏതാണ്ട് ഒന്നര കിലോമീറ്റര്‍ മാത്രമേ ദൂരമുണ്ടാവുകയുള്ളൂ. എന്നാലും , ഇങ്ങോട്ടുള്ള വരവ് അപൂര്‍വ്വമാണ്.
എന്തിനാണ് ഇപ്പോള്‍ ഇങ്ങോട്ട് വന്നത്. ഇങ്ങോട്ടേക്ക് വരേണ്ട ഒരു കാര്യവും ഇല്ലല്ലോ. അവള്‍ക്ക് ആകെ ഒരു നിരാശ തോന്നി.
പലപ്പോഴും മനപ്പൂര്‍വ്വം ഇങ്ങോട്ടുള്ള യാത്ര ഒഴിവാക്കാന്‍ ശ്രമിക്കാറാണുള്ളത് പ്രത്യേകിച്ച് കാരണം പറയാന്‍ ഒന്നുമില്ലെങ്കിലും, തോന്നാറില്ല.
എപ്പോഴും തിരക്കാര്‍ന്ന ജംഗ്ഷന്‍ ആണ്.
പക്ഷേ, ഇവിടെയെങ്ങും ആരെയും കാണാനേ ഇല്ല. നിരത്തുകളിലെങ്ങും ഒരു വാഹനം പോലുമില്ല.
കടകളൊക്കെ തുറന്നിരിപ്പുണ്ട്. പക്ഷേ, അവിടെയും ആരുമില്ല.
ഈ മനുഷ്യരെല്ലാം എവിടെപ്പോയി? അതിശയത്തോടെയും സംശയത്തോടെയും അവള്‍ ചുറ്റിലും നടന്നു നോക്കി. റോഡരികിലെ ചെറിയ പലകകള്‍ നിരത്തി നിര്‍മ്മിച്ചിരിക്കുന്ന വേലിയില്‍ നിറയെ ചുമന്ന പൂക്കളുള്ള ആകാശമുല്ല പടര്‍ന്നു കിടക്കുന്നു. പൂക്കളുടെ ഭംഗി ആസ്വദിച്ചു കൊണ്ട് അവള്‍ വീടിന്റെ മുറ്റത്തേക്ക് നടന്നു കയറി.
വാതിലും ജനാലകളും തുറന്ന് കിടപ്പുണ്ട്.
തീര്‍ച്ചയായും ഇവിടെ ആളുണ്ടാവും. കാരണം കിടപ്പുരോഗിയായ ഒരു മുത്തശ്ശി ഉണ്ടിവിടെ.
അവള്‍ തുറന്ന് കിടന്ന വാതില്‍ പാളിയില്‍ തട്ടി വിളിച്ചു, 'അമ്മായീ...'
മറുപടി കേള്‍ക്കാതായപ്പോള്‍ അകത്തേക്ക് കയറി എല്ലായിടവും നോക്കി. അവിടെയെങ്ങും ആരുമില്ല.
മുത്തശ്ശി കിടന്ന കട്ടിലും ഒഴിഞ്ഞു കിടക്കുന്നു.
അവള്‍ക്ക് ഭയം തോന്നി.
താനിതെവിടെയാണ്? ഈ പരിസരത്തെങ്ങും ആരുമില്ല. താന്‍ മാത്രമുള്ള ലോകമാണോ ഇത് ?
തല കറങ്ങും പോലെ തോന്നി. വീഴാതിരിക്കാന്‍ അടുത്തു കിടന്ന കസേരയിലേക്ക് കയറി പിടിച്ചു.
കസേരയുടെ ജോയിന്റുകള്‍ ഇളകിയിരിക്കും പോലെ ഒരു ശബ്ദം അവിടമാകെ നിറഞ്ഞു. പെട്ടെന്ന് കൈകള്‍ പുറകിലേക്ക് വലിച്ചു.
മേശപ്പുറത്ത് തുറന്ന് കമഴ്ത്തി വച്ചിരിക്കുന്ന ഏതോ ഒരു തമിഴ് പുസ്തകം. സുന്ദരിയായ ഒരു സ്ത്രീയുടെ രേഖാചിത്രം ആ പുറം ചട്ടയ്ക്ക് മാറ്റുകൂട്ടുന്നുണ്ട്. ഒരു പക്ഷേ, ഇതാകും എഴുത്തുകാരി. അവള്‍ മനസ്സിലോര്‍ത്തു.
തുറന്നു കിടക്കുന്ന ജനാലയിലൂടെ പുറത്തെ കാഴ്ചകളിലേക്ക് കണ്ണുകള്‍ പായിച്ചു.
മുത്തശ്ശിയുടെ കട്ടിലിനോട് ചേര്‍ന്ന് സൈഡിലായി ഇരിക്കുന്ന ടീപ്പോയില്‍ വച്ചിരിക്കുന്ന ഗ്ലാസ് ടംബ്ലറിലെ പാതിയായ ജലം ചെറുതായി വട്ടത്തില്‍ ചലിക്കുന്നതായും പിന്നെ അതൊരു ചുഴി പോലെ രൂപം പ്രാപിക്കുന്നതായും അവള്‍ക്ക് തോന്നി.
വല്ലാത്തൊരു ഭയം അവളെ പിടികൂടി, വേഗം തൊട്ടപ്പുറത്തെ അടുക്കള മുറിയിലൂടെ പുറത്തെ ചായ്പ്പിലേക്ക് ഇറങ്ങി.
നിറയെ മരക്കഷണങ്ങള്‍ വൃത്തിയായി അടുക്കി നിറച്ചു വച്ചിരിക്കുന്ന ചായ്പ്പ്. ശരീരം കുഴഞ്ഞ് കാലുകള്‍ വേച്ചു പോകും പോലെ. ചായ്ിപ്പിനോട് ചേര്‍ന്നുള്ള ചെറിയ തിണ്ണയിലേക്ക് അവള്‍ കടന്നു.
ശരീരം ചെറുതായി വിയര്‍ക്കാനും വിറയ്ക്കാനും തുടങ്ങി. ശ്വാസഗതി വളരെ വേഗത്തിലായി. ഇടയ്ക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി.
ഭീതി പടര്‍ത്തുന്ന നിശബ്ദത ചുറ്റി വരിഞ്ഞു മുറുക്കി. ചെവിക്കുള്ളില്‍ വല്ലാത്തൊരു മൂളല്‍, ഭ്രാന്തു പിടിക്കും പോലെ തോന്നി.
കണ്ണുകള്‍ അടച്ച് ചായ്പ്പിന്റെ അരഭിത്തിയിലേക്ക് ചാരിയിരുന്നു. ആ ഇരുപ്പ് എത്ര നേരമങ്ങനെ ഇരുന്നെന്ന് അറിയില്ല. ദൂരെ എവിടെനിന്നോ പ്രത്യേക താളത്തിലുള്ള ഒരു ശബ്ദം കേട്ടുതുടങ്ങുന്നു ക്രമേണ ആ ശബ്ദം കൂടിക്കൂടി വന്നു.
എവിടെ നിന്നാണ് ശബ്ദം വരുന്നതെന്ന് അറിയാന്‍ ചുറ്റിലും ശ്രദ്ധയോടെ നോക്കി.
വിശാലമായ പറമ്പിന്റെ അങ്ങേ തലക്കലില്‍ എവിടെ നിന്നോ ആണ് ആ ശബ്ദം വരുന്നതെന്ന് അവള്‍ക്ക് തോന്നി.ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.
തൊട്ടടുത്ത പറമ്പുമായി വേര്‍തിരിക്കാന്‍ വേണ്ടി, പേരിനു മാത്രം കമ്പുകള്‍ കൂട്ടിക്കെട്ടിയ ഒരു വേലിയുണ്ടവിടെ. അരയാള്‍ പൊക്കം പോലുമില്ലാത്തൊരു ദുര്‍ബലമായ ഒരു വേലി. അതിനപ്പുറത്തു നിന്നുമാണ് ശബ്ദം.
അവിടെ ചോളം കൃഷി ചെയ്യുന്ന സ്ഥലം ആണ്.
പക്ഷേ, അവിടെ ചോളച്ചെടികള്‍ ഉണ്ടായിരുന്നില്ല. അവസാനമായി ഇവിടെ വന്നപ്പോള്‍ ആ പറമ്പില്‍ നിറയെ ചോളം കൃഷി ചെയ്തത് കണ്ടതാണല്ലോ. വിളവെടുക്കാനുള്ള സമയം ആയിട്ടുമില്ല. പിന്നെ എന്താണ് അവിടെ ഇപ്പോള്‍ വിജനമായി കിടക്കുന്നത്.
ഇപ്പോള്‍ കണ്ടാല്‍ ആ പ്രദേശത്ത് കൃഷി ഉണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ആകാത്ത വിധം മാറിപ്പോയിരുന്നു.
സന്ധ്യ കഴിഞ്ഞിരിക്കുന്നു.
പക്ഷേ, അവിടമാകെ പ്രത്യേക തരത്തിലുള്ള വെളിച്ചം നിറഞ്ഞിരുന്നു. കാഴ്ചയ്ക്ക് തടസ്സം വരാത്ത വിധം വെളുത്ത പുക ചുരുളുകള്‍ ഉയര്‍ന്ന് പൊങ്ങുന്നു. ചിലതെല്ലാം ഇളംകാറ്റില്‍ അലിഞ്ഞു ചേരുന്നു.
ക്ഷീണവും ഭയവും എല്ലാം അവളെ വിട്ടൊഴിഞ്ഞു. എന്താണ് സംഭവിക്കുന്നതെന്നറിയാനുള്ള ആകാംക്ഷയോടെ അവള്‍ അവിടേക്ക് തന്നെ ശ്രദ്ധയോടെ നോക്കിയിരുന്നു.
ആ ശബ്ദം അടുത്തടുത്ത് വന്നു.
..........................
Also Read: പല മഴയില്‍ ഒരുവള്‍
..........................................
പതുക്കെ കുറച്ചു പേര്‍ നടന്നു വരുന്നു. ബുദ്ധ സന്യാസിമാരുടെ പോലെയുള്ള വേഷവിധാനം. തല മുണ്ഡനം ചെയ്തിട്ടുമുണ്ട്.എല്ലാവരുടെയും കയ്യില്‍ പുക വമിക്കുന്ന, തൂക്കുപാത്രം പോലെ ഒന്നുണ്ട്. അവര്‍ അത് ഒരേ താളത്തില്‍ ആട്ടുന്നു. മറു കയ്യില്‍ അവരെക്കാള്‍ പൊക്കമുള്ള വലിയ ഒരു ലോഹദണ്ഡ് നിലത്തു കുത്തിയാണ് നടക്കുന്നത്. ആ ദണ്ഡിന് മുകളിലായി ഗോളാകൃതിയിലുള്ള എന്തോ ഒന്നുണ്ട്. അതിന് തൊട്ട് താഴെയായി കട്ടിയുള്ള ചുമന്ന ചരടില്‍ കോര്‍ത്ത വലിയ മുത്തുകള്‍ തൂങ്ങി കിടക്കുന്നു.
നിവര്‍ന്ന് തല ഉയര്‍ത്തി പിടിച്ചുള്ള അവരുടെ നടപ്പിലും അവരുടെ നോട്ടം താഴേക്കു മാത്രമായിരുന്നു.
അവര്‍ നടന്ന് അടുക്കും തോറും അവര്‍ നടക്കുന്ന അപ്പുറത്തെ പറമ്പും താന്‍ ഇരിക്കുന്ന ചായിപ്പും തമ്മിലുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വരുന്നതുപോലെ .
അവളെ വല്ലാത്തൊരു പരിഭ്രമം പിടികൂടി.
ആ പറമ്പ് എങ്ങനെയാണ് ഇത്രയും അടുത്തേക്ക് വരുന്നത് ?
മുഖം വളരെ വ്യക്തമായി കാണാവുന്ന അത്രയും അടുത്താണ് ഇപ്പോള്‍ .
വല്ലാത്തൊരു ശാന്തത അവരുടെ മുഖങ്ങളില്‍ കാണാമായിരുന്നു. അവിടമാകെ പ്രത്യേകമായ ഒരു പ്രകാശം.
കുന്തിരിക്കം പോലെ എന്തോ ഒന്നിന്റെ മണം. ചെറിയ പുക, ഉയര്‍ന്ന് പൊങ്ങുന്ന ചുരുളുകള്‍.
ഇരുന്നിടത്ത് നിന്നും ഒന്നനങ്ങാന്‍ പോലും സാധിക്കാതെ അവള്‍ അങ്ങനെ ഇരുന്നു.
മുന്നിലൂടെ പോകുന്ന പോലെ അത്ര അടുത്തായിരുന്നു അവര്‍.
പക്ഷെ, അപ്പോഴും, അവള്‍ക്കും അവര്‍ക്കുമിടയില്‍ ആ വേലിക്കെട്ടുകള്‍ ഉണ്ടായിരുന്നു.
ഒന്ന് കൈ എത്തിച്ചാല്‍ തൊടാവുന്ന ദൂരത്ത് മാത്രമായിരുന്നു ആ വേലിക്കെട്ട് എങ്കിലും.
ഒരേ താളത്തില്‍ മുന്നോട്ട് എടുത്തുവയ്ക്കുന്ന ലോഹദണ്ഡ്. മുകളിലായുള്ള ഗോളാകൃതിയ്ക്ക് താഴെ കട്ടിയുള്ള ചുമന്ന ചരടില്‍ കോര്‍ത്ത വലിയ മുത്തുമണികള്‍ ആ ദണ്ഡില്‍ വന്നടിക്കുമ്പോഴുള്ള ആ ശബ്ദം ഏതോ ഒരു മാസ്മരിക ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും പോലെ.
ഓരോരുത്തരായി കടന്നു പോയിക്കൊണ്ടിരുന്നു. ഏറ്റവും പുറകിലായി ഒരു സ്ത്രീ ആയിരുന്നു നടന്നിരുന്നത്. അവരും അവളെ കടന്നു മുന്നോട്ട് പോയി.
കുറച്ചു ദൂരം നടന്നശേഷം ആ സ്ത്രീ തിരിഞ്ഞ് അവളെത്തന്നെ നോക്കി നിന്നു. ആ കണ്ണുകള്‍ അവളോട് എന്തോ പറയാന്‍ ശ്രമിക്കുന്നതുപോലെ തോന്നി.
ആ നോട്ടം വല്ലാത്തൊരു കുളിര്‍മയാണ് സമ്മാനിച്ചത്. മനസ്സിലേക്ക് നിര്‍വചിക്കാന്‍ ആവാത്ത എന്തോ ഒന്ന് നിറയും പോലെ. കുറച്ചു നേരം അങ്ങനെ നോക്കി നിന്നിട്ട് ഒരു പുഞ്ചിരി സമ്മാനിച്ച ശേഷം അവര്‍ നടന്നകന്നു.
കയ്യില്‍ ഉണ്ടായിരുന്ന ആ പുക വമിക്കുന്ന പാത്രം തിരിഞ്ഞു നോക്കാതെ തന്നെ അവളുടെ നേര്‍ക്ക് അവര്‍ നീട്ടുന്നുണ്ടായിരുന്നു. ആ പുകച്ചുരുളുകള്‍ നേര്‍ക്ക് വരുന്നതു പോലെയും തന്നെ മുഴുവനായും വിഴുങ്ങുന്ന പോലെയും അവള്‍ക്ക് അനുഭവപ്പെട്ടു.
അവള്‍ എഴുന്നേറ്റ് ആ വേലിക്കമ്പുകളില്‍ പിടിച്ച് അവര്‍ നടന്നകന്ന ഭാഗത്തേക്ക് നോക്കി നിന്നു.
നടന്നു നീങ്ങുന്ന അവര്‍ക്കൊപ്പം ദൂരേക്ക് പോകുന്ന ആ പ്രഭാവലയം പതുക്കെപ്പതുക്കെ ചുരുങ്ങുന്നതും ഇല്ലാതാകുന്നതും ഒപ്പം അവരെല്ലാം പുകച്ചുരുളുകളായി ആ അന്തരീക്ഷത്തിലേക്ക് അലിഞ്ഞുചേരുന്നതും അവള്‍ കണ്ടുനിന്നു.
തന്റെ തീരുമാനവും തന്റെ നിയോഗവും ഒരേ വഴിയിലൂടെ തന്നെയോ..?
ഇത്രയും നാല്‍ മനസ്സില്‍ ഉണ്ടായിരുന്ന എല്ലാ ആശങ്കകളും ഒഴിഞ്ഞു പോയിരിക്കുന്നു.
മനസ്സിലേക്ക് ആവാച്യമായ ഒരു ശാന്തി വന്ന് നിറയും പോലെ.
അവളുടെ മുഖത്ത് ശാന്തമായ ഒരു പുഞ്ചിരി നിറഞ്ഞു.
'മോളേ... ജാനീ.... നീ എപ്പോഴാ വന്നത്. ഞാന്‍ കണ്ടില്ലല്ലോ ഇതുവരെ.'
അതിശയത്തോടെ അവളുടെ കൈകളിലേക്ക് കടന്നുപിടിച്ചുകൊണ്ട് അമ്മായി ചോദിച്ചു.
അവരുടെ മുഖത്ത് ആശ്ചര്യവും സന്തോഷവും നിഴലിച്ചു നിന്നിരുന്നു.
ജാനി തിരിഞ്ഞുനോക്കി. മുന്നില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന അമ്മായി. അവള്‍ക്ക് എന്തു പറയണം എന്ന് അറിയില്ലായിരുന്നു. അവള്‍ അമ്മായിയെ ശ്രദ്ധിച്ചു നോക്കി നിന്നു.
തനിക്ക് ചുറ്റും എന്തൊക്കെയാണ് സംഭവിക്കുന്നത്?
അമ്മായി പെട്ടെന്ന് എവിടെ നിന്നാണ് വന്നത്?
അവള്‍ക്ക് ശ്വാസം നിലയ്ക്കുന്നതുപോലെ തോന്നി.
അമ്മായി ശ്വാസം അകത്തേക്ക് നീട്ടി വലിച്ചു.
'ഒരു പ്രത്യേക മണം അല്ലേ മോളെ. കുന്തിരിക്കത്തിന്റെ മണം പോലെ... പക്ഷേ, അമ്മായി ഇവിടെ കുന്തിരിക്കം പുകച്ചില്ലല്ലോ. പിന്നെ എവിടുന്നാണ് ഈ മണം?'
അമ്മായി ചുറ്റിലും നോക്കി.
ചെറുതായി ചാറ്റമഴ പെയ്തു തുടങ്ങി.
'മഴ ചാറുന്നത് കണ്ടില്ലേ അകത്തേക്ക് വാ. ഇവിടെ നില്‍ക്കണ്ട'-അമ്മായി അവളുടെ കൈപിടിച്ച് കൊണ്ട് പറഞ്ഞു.
എന്ത് പറയണമെന്നോ എന്ത് ചെയ്യണമെന്നോ ഉള്ള ധാരണ ആ സമയം അവള്‍ക്കുണ്ടായില്ല.
അവള്‍ തിരിഞ്ഞ് അവര്‍ നടന്നു മറഞ്ഞ ദിശയിലേക്ക് നോക്കി.
ഇല്ല. എല്ലാം പഴയത് പോലെ.
അവള്‍ തൊട്ടടുത്ത പറമ്പിലേക്ക് നോക്കി. അവിടെ ചോളച്ചെടികള്‍ വിളവെടുക്കാന്‍ പാകമായി നില്‍ക്കുന്നു. താന്‍ കുറച്ചു മുന്‍പ് പിടിച്ചു കൊണ്ട് നിന്ന വേലി അത് പഴയത് പോലെ യഥാസ്ഥാനത്ത് തന്നെ ഉണ്ട്.
പിന്നെ, കുറച്ചു മുന്‍പ് കണ്ടതൊക്കെ?
അവളുടെ മുഖത്ത് വീണ്ടും ശാന്തമായ ഒരു പുഞ്ചിരി നിറഞ്ഞു.
അവള്‍ അമ്മായിയുടെ കൈകളില്‍ മുറുകെ പിടിച്ചു.
'ഇന്ന് കുറച്ച് അധികം ജോലികള്‍ ഉണ്ടായിരുന്നു. അക്കൂട്ടത്തില്‍ അത്താഴത്തിനു ഉള്ളത് കൂടി ഉണ്ടാക്കണമായിരുന്നു. ആ തിരക്കില്‍ ആയത് കൊണ്ടാകും നീ വന്നത് ഞാന്‍ അറിയാതിരുന്നത്.'
ചായ്പ്പില്‍ നിന്നും അകത്തേക്ക് കയറുന്നതിനിടയില്‍ അമ്മായി പറഞ്ഞു.
മറുപടിയായി ഒരു ചിരി സമ്മാനിച്ച ശേഷം അവള്‍ മുത്തശ്ശിയുടെ കട്ടിലിലേക്ക് നോക്കി.
വെളുക്കെ ചിരിച്ചു കൊണ്ട്, തന്നെ നോക്കി കിടക്കുന്ന മുത്തശ്ശി.
ടംബ്‌ളറിലെ പാതിയായ ജലം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമെന്നപോലെ നിശ്ചലമായി കിടക്കുന്നു.
അപ്പോഴും, മേശപ്പുറത്ത് തുറന്നു കമഴ്ത്തി വച്ചിരിക്കുന്ന തമിഴ് പുസ്തകം. പുറംചട്ടയിലെ സുന്ദരിയായ സ്ത്രീയുടെ രേഖചിത്രം അവളെ നോക്കി ചിരിക്കും പോലെ അവള്‍ക്ക് തോന്നി.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...