Malayalam Short Story : ആനന്ദിയുടെ മകള്‍, രാജി സ്‌നേഹലാല്‍ എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. രാജി സ്‌നേഹലാല്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഇതിപ്പോള്‍ നാലാമത്തെ തവണയാണ് ആ മനുഷ്യന്‍ അന്വേഷിച്ചു വരുന്നത്.
അവള്‍ക്ക് വല്ലാത്ത ദേഷ്യവും വെറുപ്പും തോന്നി.
കാണാനോ സംസാരിക്കാനോ താല്‍പ്പര്യം ഇല്ല എന്ന് പറഞ്ഞിട്ടും വീണ്ടും വീണ്ടും ഇങ്ങനെ.
അവള്‍ ജനാലയിലൂടെ താഴെ ഗേറ്റിന് അടുത്തായുള്ള വേപ്പ് മരത്തിന്റെ ചുവട്ടിലേക്ക് നോക്കി.
ഉണ്ട്. അയാള്‍ അവിടെ തന്നെ ഉണ്ട്.
കഴിഞ്ഞ മൂന്ന് തവണ വന്നപ്പോഴും അവിടെ തന്നെ ആയിരുന്നു അയാള്‍ വന്ന് നിന്നത്.
കാഴ്ചയില്‍ സുമുഖനാണ്. ഇരുനിറം, കട്ടിമീശ. ഏറിയാല്‍ മുപ്പത്, അല്ല, ചിലപ്പോള്‍ മുപ്പത്തഞ്ച്. എന്തായാലും അതില്‍ കൂടില്ല .
ആകെക്കൂടി ഒരു കുഴപ്പമായി അവള്‍ക്ക് തോന്നിയത് സിഗരറ്റ് വലിയാണ്. അതു കുറച്ചു കൂടുതല്‍ തന്നെയാണ്.
അയാള്‍ അടുത്തേക്ക് വരുമ്പോള്‍, അയാള്‍ക്ക് മുന്നേ സിഗരറ്റ് മണക്കും.
അവള്‍ക്ക് ആ മണം തീരെ ഇഷ്ടമല്ല.
അയാളോട് വെറുപ്പ് തോന്നാന്‍ അവള്‍ക്ക് അതും ഒരു കാരണമാണ്.
പക്ഷേ..യഥാര്‍ത്ഥ കാരണം അതൊന്നുമല്ല.
അയാള്‍ക്ക് കാണേണ്ടത് ബിനുജയെ അല്ല. അയാള്‍ക്ക് ആവശ്യം ആനന്ദിയുടെ മകളെ ആണ്.
ജീവിതത്തിന്റെ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഏടുകള്‍ ആണ് അയാള്‍ക്ക് അറിയേണ്ടത്.
അയാള്‍ ആരെന്നോ എന്തെന്നോ ഒന്നുമറിയാന്‍ താല്‍പ്പര്യം കാട്ടിയിട്ടില്ല.
എന്നിട്ടും..വീണ്ടും വീണ്ടും...
രണ്ടാം നിലയിലുള്ള ഓഫീസിന്റെ ജനാലയിലൂടെ ഇടയ്ക്കിടയ്ക്ക് ഗേറ്റിന് അടുത്തുള്ള വേപ്പ് മരത്തിന്റെ ചുവട്ടിലേക്ക് അവളുടെ നോട്ടം നീളുന്നുണ്ട്.
ഇത്തവണ അയാളോട് പറയണമെന്ന് അവള്‍ക്ക് തോന്നി, ' എന്റെ അമ്മയുടെ പേര് ആനന്ദി എന്നല്ല. ഗിരിജ എന്നാണ്. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ ഗിരിജ തമ്പി. പിന്നെ എന്തിനാണ് നിങ്ങള്‍ ആനന്ദി എന്ന് പറയുന്നത്.'
ഇങ്ങനെ ചോദിക്കണമെന്ന് പലപ്പോഴും തോന്നിയതാണ്. എന്നിട്ടും മൗനം പാലിക്കുകയായിരുന്നു.
ഇല്ല, ഇത്തവണ അറിയണം, എന്തിനാണ് അയാള്‍ പിന്നാലെ ഇങ്ങനെ..
ഓഫീസ് ടൈം കഴിഞ്ഞിരിക്കുന്നു. പലരുടെയും സീറ്റുകള്‍ ഒഴിഞ്ഞു തുടങ്ങിയിരിക്കുന്നു.
അവള്‍ ഫയലുകള്‍ മടക്കി ഒതുക്കി വച്ചു. പിന്നെ, സീറ്റില്‍ നിന്നും എഴുന്നേറ്റ് ഹാന്‍ഡ് ബാഗും എടുത്ത് വേഗം പുറത്തേക്ക് നടന്നു.
Also Read : ഫോട്ടോഗ്രാഫര്‍, സിവിക് ജോണ്‍ എഴുതിയ കഥ
അവള്‍ക്കുറപ്പുണ്ടായിരുന്നു, അയാള്‍ പോയിട്ടുണ്ടാവില്ലെന്ന്.
അവള്‍ കോണിപ്പടികള്‍ ഇറങ്ങി ഗേറ്റിന് അടുത്തേക്ക് നടന്നു.
ഉണ്ട്. അയാള്‍ അവിടെ തന്നെ ഉണ്ട്.
അവള്‍ വരുന്നത് കണ്ടിട്ടാവണം, അയാള്‍ അവള്‍ക്കടുത്തേക്ക് നടന്നു ചെന്നു.
'ഞാന്‍..കാത്തുനില്‍ക്കുകയായിരുന്നു. എന്നോട് വിരോധമൊന്നും തോന്നരുത്. എനിക്ക് കുറച്ചു സംസാരിക്കാന്‍ ഉണ്ട്.'-അയാള്‍ പറഞ്ഞു നിര്‍ത്തി.
അവള്‍ അഭിമുഖമായി നിന്ന് അയാളുടെ മുഖത്തേക്ക് തറപ്പിച്ചു നോക്കി.
'എന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടി വരുന്നത്?'
'നിങ്ങള്‍ക്ക് മടുപ്പ് തോന്നുന്നില്ലേ'
'എനിക്ക് നിങ്ങള്‍ ആരെന്നോ എന്തെന്നോ ഒന്നുമറിയില്ല'
'നിങ്ങളുടെ പേര് പോലും എനിക്കറിയില്ല'
'സത്യത്തില്‍, ഇതൊന്നും അറിയാനുള്ള താല്‍പ്പര്യവും എനിക്കില്ല'
'നിങ്ങളുടെ ഉദ്ദേശം എന്താണ്? എന്തിന് വേണ്ടിയാണ് ഇങ്ങനെ കൂടെക്കൂടെ വരുന്നത്?'
നീരസം മറച്ചു വയ്ക്കാതെ അയാളോട് ചോദിച്ചു.
നെറ്റിയിലേക്ക് അലസമായി പാറിക്കിടന്ന മുടിയിഴകള്‍ കൈ വിരലുകള്‍ കൊണ്ട് കോതിയൊതുക്കി വച്ചുകൊണ്ട് ചെറു ചിരിയോടെ അയാള്‍ അവളെ നോക്കി.
'എനിക്കൊപ്പം ഒരു ചായ കുടിക്കുന്നതില്‍ വിരോധമുണ്ടോ?'
'ഉണ്ട്, ഞാന്‍ ചായ കുടിക്കാറില്ല.'
ഇതെന്തൊരു മനുഷ്യനാണ്. ഇയാള്‍ക്ക് നാണമില്ലേ, എത്ര ഒഴിവാക്കാന്‍ നോക്കിയിട്ടും വീണ്ടും വീണ്ടും വരുന്നു. ഇപ്പോഴിതാ ഒന്നിച്ചു ചായ കുടിക്കുവാനുള്ള ക്ഷണവും. അവള്‍ക്ക് അയാളോട് വെറുപ്പ് തോന്നി.
അവളുടെ മുഖഭാവം അത് വിളിച്ചു പറയുന്നുണ്ടായിരുന്നു.
അവള്‍ തുടര്‍ന്നു, 'നിങ്ങള്‍ എന്തിനാണ് എന്നെ കാണാന്‍ വരുന്നത്. നിങ്ങള്‍ക്ക് എന്നെ എങ്ങനെ അറിയാം.'
'അത്...'
'ഹാ.. ഒന്ന് കൂടി എനിക്കൊരു പേരുണ്ട്. 'ബിനുജ,' അതാണെന്റെ പേര്. നിങ്ങള്‍ക്ക് ആ പേരിട്ട് വിളിക്കാം.'
'സോറി, ഇനി മുതല്‍ അങ്ങനെ വിളിക്കാം.'
'അത് നിങ്ങളുടെ ഇഷ്ടം. പക്ഷെ 'ആനന്ദിയുടെ മകള്‍' എന്ന ആ വിളി മാത്രം വേണ്ട.'
ഒന്ന് നിര്‍ത്തി അവള്‍ തുടര്‍ന്നു.
'എന്റെ അമ്മയുടെ പേര് ഗിരിജ എന്നാണ്.'
അയാളുടെ മറുപടിക്ക് കാത്തു നില്‍ക്കാതെ അവള്‍ വേഗത്തില്‍ മുന്നോട്ട് നടന്നു.
ഓര്‍ക്കാനിഷ്ടപ്പെടാത്ത പല ഓര്‍മ്മകളും അവളുടെ മനസ്സിലേക്ക് ഇരച്ചു പാഞ്ഞെത്തി.
'ഒന്ന് നില്‍ക്കൂ... ഞാനൊന്ന് പറയട്ടെ' -അയാള്‍ അവള്‍ക്കൊപ്പം നടന്നു കൊണ്ട് തുടര്‍ന്നു.
'ബിനുജാ..ഇതിപ്പോള്‍ നാലാമത്തെ തവണയല്ലേ ഞാന്‍ കാണാന്‍ വരുന്നത്. ഇത്തവണയെങ്കിലും എന്നോടൊന്ന് സംസാരിച്ചു കൂടേ?'
അവള്‍ അയാള്‍ക്കഭിമുഖമായി തിരിഞ്ഞു നിന്നു.
'എനിക്ക് ഒരു വാക്ക് പാലിക്കാന്‍ ഉണ്ടായിരുന്നു. അതു കൊണ്ടാണ് ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്.'
അയാള്‍ തുടര്‍ന്നു'
'ഞാനിവിടെ രണ്ട് ദിവസം ഉണ്ടാകും. നാളെ ഓഫീസ് അവധിയല്ലേ. വിരോധമില്ലെങ്കില്‍ കുറച്ചു സമയം....'
'എവിടേക്ക് വരണം എന്ന് പറഞ്ഞാല്‍ മതി, ഞാന്‍ അവിടേക്കു വരാം.'
അയാള്‍ വിസിറ്റിംഗ് കാര്‍ഡ് അവള്‍ക്ക് നേരേ നീട്ടി.
'എന്റെ ഫോണ്‍ നമ്പര്‍ അതിലുണ്ട്. വിളിച്ചാല്‍ മതി.'
പ്രതീക്ഷയോടുള്ള അയാളുടെ നോട്ടത്തെ കണ്ടില്ലെന്നു നടിക്കാന്‍ അവള്‍ക്കായില്ല.
വിസിറ്റിംഗ് കാര്‍ഡ് കൈ നീട്ടി വാങ്ങുമ്പോള്‍ വളരെക്കാലത്തെ പരിചയമുള്ള ഒരാളുടെ മുന്നില്‍ നില്‍ക്കും പോലെ അവള്‍ക്ക് തോന്നി.
ദൂരേക്ക് നടന്നകലുന്ന അയാളെ നോക്കി നില്‍ക്കുമ്പോള്‍, എത്ര മറക്കാന്‍ ശ്രമിച്ചാലും തന്നെ വിടാതെ പിന്തുടരുന്ന ഭൂതകാലം അവളിലേക്ക് ആഴ്ന്നിറങ്ങാന്‍ തുടങ്ങിയിരുന്നു.
കൈയ്യില്‍ ഇരിക്കുന്ന വിസിറ്റിംഗ് കാര്‍ഡിലേക്ക് അവള്‍ കണ്ണുകള്‍ പായിച്ചു.
'സഞ്ജയ് മാധവ്'
കാര്‍ഡ് ഭദ്രമായി അവള്‍ ബാഗിലേക്ക് വച്ചു.
Also Read : മരണവ്യവഹാരം, മജീദ് സെയ്ദ് എഴുതിയ കഥ
രാവിലെ ഓഫീസില്‍ പോകാന്‍ ഇറങ്ങും നേരം അമ്മയോട് 'ഇന്ന് കുറച്ചു നേരത്തെ തന്നെ ഇറങ്ങാന്‍ നോക്കാം. ഞാന്‍ വന്ന ശേഷം ഹോസ്പിറ്റലില്‍ കൊണ്ട് പോകാം' എന്ന് അമ്മയോട് പറഞ്ഞത് അവള്‍ പെട്ടെന്നാണ് ഓര്‍ത്തത്.
ഫോണ്‍ എടുത്ത് സമയം നോക്കി. വൈകിയിരിക്കുന്നു.
ഇന്ന് ചെയ്തു തീര്‍ക്കാന്‍ കുറച്ചു അധികം ജോലികള്‍ ഉണ്ടായിരുന്നു. അല്ലെങ്കില്‍ കുറച്ചു നേരത്തേ ഇറങ്ങാന്‍ പറ്റുമായിരുന്നു.
അതിനിടയിലാണ് ഇങ്ങനെ ഒരാള്‍! അവള്‍ക്ക് വീണ്ടും അയാളോട് ദേഷ്യം തോന്നി.
ഗേറ്റ് കടന്ന് മുറ്റത്തേക്ക് കയറുമ്പോള്‍ അമ്മ സിറ്റൗട്ടില്‍ ഇരിപ്പുണ്ട്. പോകാന്‍ റെഡി ആയി ഇരിക്കുകയാണ്.
'എന്തുപറ്റി മോളേ ഇന്നൊത്തിരി താമസിച്ചല്ലോ?'
'ഇന്ന്, ജോലി കുറച്ചു കൂടുതല്‍ ഉണ്ടായിരുന്നു. അതിന് കുഴപ്പമില്ല. നമുക്ക് ഇപ്പോള്‍ തന്നെ പോകാം. ഞാനീ ഡ്രസ് ഒന്ന് മാറ്റി ഫ്രഷ് ആയി വരാം. വല്ലാതെ മുഷിഞ്ഞിരിക്കുന്നു.'
അവള്‍ അകത്തേക്ക് കയറാന്‍ തുടങ്ങി.
'ഉം, ശരി. ഞാന്‍ നിനക്ക് കഴിക്കാനുള്ളത് എടുത്തു വയ്ക്കാം. വേഗം റെഡി ആക്.'
ഇത്രയും പറഞ്ഞു സിറ്റൗട്ടിലെ കസേരയില്‍ നിന്നും അമ്മ എഴുന്നേല്‍ക്കാന്‍ തുടങ്ങി
'വേണ്ട അമ്മേ. അമ്മ അവിടെ ഇരുന്നോളു. ഞാന്‍ എടുത്തു കഴിച്ചോളാം.'
അവള്‍ അകത്തേക്ക് കയറി.
രണ്ട്
ഹോസ്പിറ്റലില്‍ നിന്ന് തിരിച്ചിറങ്ങുമ്പോള്‍ രാത്രി ആയി കഴിഞ്ഞിരുന്നു.
സമയം ഏഴു മണി കഴിഞ്ഞിരിക്കുന്നു.
ആറരയ്ക്ക് അത്താഴം കഴിക്കുന്ന ശീലമാണ് അമ്മയ്ക്കുള്ളത്. അമ്മയ്ക്ക് വിശക്കുന്നുണ്ടാകുമെന്ന് ഉറപ്പാണ്.
'അമ്മേ, നമുക്കിന്ന് എന്തെങ്കിലും കഴിച്ചിട്ട് പോകാം. ഇവിടടുത്തു നല്ലൊരു വെജിറ്റേറിയന്‍ ഹോട്ടലുണ്ട്.'
അമ്മയുടെ കൈപിടിച്ച് മുന്നോട്ട് നടന്നു.
ഹോട്ടലില്‍ തിരക്ക് കുറവാണ്.
ഓര്‍ഡര്‍ ചെയ്ത മസാലദോശയ്ക്കുള്ള കാത്തിരിപ്പിനിടയിലാണ് പുറകില്‍ നിന്നും ആരോ വിളിക്കുന്നത് അവള്‍ കേട്ടത്, 'ബിനുജാ..'
അവള്‍ തിരിഞ്ഞു നോക്കി.
അത് അയാള്‍ ആയിരുന്നു, സഞ്ജയ് മാധവ്.
'ഇപ്പോള്‍ വന്നതേ ഒള്ളൂ അല്ലേ. കൂടേ അമ്മയാണോ?'
അതേ, എന്ന ഭാവത്തില്‍ അവള്‍ തലയാട്ടി.
'ഉം. ഞാന്‍ കഴിച്ചു കഴിഞ്ഞു. ഞാന്‍ ഇറങ്ങുകയാണ്. ശരി, പിന്നെ കാണാം'
അയാള്‍ അമ്മയോടെന്നവണ്ണം യാത്ര പറഞ്ഞു നടന്നകന്നു.
'ആരാ മോളേ അത. കൂടെ ജോലി ചെയ്യുന്നതാണോ.'
'അല്ല അമ്മേ. എനിക്കറിയാം അത്രേ ഒള്ളൂ.'
മനസ്സ് വീണ്ടും അസ്വസ്ഥമായി തുടങ്ങി. അയാളുടെ സാന്നിധ്യം പോലും മാറ്റങ്ങള്‍ ഉണ്ടാക്കുന്നതായി അവള്‍ ഓര്‍ത്തു.
വീട്ടില്‍ തിരിച്ചെത്തിയിട്ടും അവളുടെ മനസ്സില്‍ നിന്നും അയാള്‍ പോയില്ല.
ചില വാതിലുകള്‍ അടഞ്ഞു കിടക്കുന്നതാണ് നല്ലത്. ഇത്ര കാലവും തനിക്കതിനു സാധിച്ചിരുന്നു.
പക്ഷേ...
എന്തിനായിരിക്കും അയാള്‍ തന്നെ കാണണമെന്നും സംസാരിക്കണമെന്നും ആവശ്യപ്പെടുന്നത്.
അവള്‍ ബാഗില്‍ സൂക്ഷിച്ചു വച്ചിരുന്ന അയാളുടെ വിസിറ്റിങ് കാര്‍ഡ് എടുത്തു നോക്കി.
എന്തായാലും അയാള്‍ എന്തിനാണ് തന്നെ കാണാനായി ഇങ്ങനെ വരുന്നതെന്ന് അറിയണം.
ഫോണ്‍ എടുത്ത് അയാളുടെ നമ്പര്‍ ഡയല്‍ ചെയ്തു.
എത്ര വഴി മാറി സഞ്ചരിക്കേണ്ടി വന്നാലും പലപ്പോഴും മന:പൂര്‍വ്വം അടച്ചു കളഞ്ഞ ആ വാതിലിനപ്പുറത്തു നിന്നും ഇടയ്‌ക്കെങ്കിലും, ഒരൊറ്റ ദിവസം കൊണ്ട് അനാഥാലയത്തിലേക്ക് വലിച്ചെറിയപ്പെട്ട ഒരാറ് വയസ്സുകാരിയുടെ കരച്ചില്‍ അവളുടെ ഉറക്കം കെടുത്തിയിട്ടുണ്ട്.
ശരിയാണ് , താന്‍ എത്ര നിഷേധിക്കാന്‍ ശ്രമിച്ചാലും 'ആനന്ദിയുടെ മകള്‍' എന്നസ്ഥാനം തനിക്ക് മാറ്റാനാകില്ല.
പക്ഷേ, അങ്ങനെ ഒരു സ്ഥാനം തനിക്കാവശ്യമില്ല.
രണ്ടാം വിവാഹത്തിന് ആദ്യവിവാഹത്തിലുണ്ടായ മകള്‍ ഒരു തടസമാണെന്ന് അറിഞ്ഞപ്പോള്‍ അനാഥാലയത്തിന്റെ അരക്ഷിതാവസ്ഥയിലേക്ക് തള്ളി വിട്ടു പോയതാണ്.
പേടിച്ചരണ്ട് നിലവിളിച്ച് കടന്നു പോയ ദിവസങ്ങള്‍.
ഇതൊക്കെ എങ്ങനെ ആണ് മറക്കാനാകുക.
അവളില്‍ നിന്നും ഒരു ദീര്‍ഘനിശ്വാസം ഉയര്‍ന്നു.
ആനന്ദി എന്ന അമ്മയുടെ മുഖം ഓര്‍മ്മയിലേക്ക് വരുന്നതേ ഇല്ല. ഓര്‍ക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ തെളിഞ്ഞു വരുന്നത് ഗിരിജാമ്മയുടെ മുഖം മാത്രമാണ്.
എന്തായാലും നാളെ രാവിലെ പബ്ലിക് ലൈബ്രറിയുടെ അടുത്തുള്ള കോഫി ഷോപ്പില്‍ വച്ച് കാണാം എന്നാണ് അയാളോട് പറഞ്ഞത് .
പുറമേ ചിരിച്ചും അകമേ കരഞ്ഞും ജീവിതം തള്ളി നീക്കുന്ന കോമാളിയായ് പകര്‍ന്നാടിയ കാലം. അതിപ്പോള്‍ ഒരു പഴങ്കഥയായി മാറിക്കഴിഞ്ഞു.
വീണ്ടും ഒരു ഓര്‍മ്മപ്പെടുത്തലിനു തുടക്കം പോലെയാണ് അയാളുടെ വരവ്.
അദ്ധ്യാപകരായിരുന്ന അച്ഛനും അമ്മയ്ക്കുമൊപ്പം ഒരു പുതുജീവിതത്തിലേക്ക് പറിച്ചു നടപ്പെട്ടശേഷം തനിക്കെല്ലാം അവര്‍ മാത്രമായിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് അച്ഛന്‍ വിട്ടുപിരിഞ്ഞ ശേഷം അമ്മയുടെ ലോകം താന്‍ മാത്രമാണ്.
ഇപ്പോള്‍ ഇങ്ങനെ ഒരാള്‍, ഇതുപോലെ ഒരന്വേഷണവുമായി വന്നതറിഞ്ഞാല്‍ അത് അമ്മയെ തളര്‍ത്തിക്കളയുമെന്ന് അവള്‍ക്ക് നന്നായി അറിയാം.അതുകൊണ്ട് എത്രയും വേഗം അയാളെ ഒഴിവാക്കാന്‍ അവളാഗ്രഹിച്ചത്.
Also Read: വേഷം, രാജേഷ് ആര്‍. വര്‍മ്മ എഴുതിയ കഥ
പിറ്റേന്ന് ലൈബ്രറിയുടെ അടുത്തുള്ള കോഫി ഷോപ്പില്‍ എത്തുമ്പോള്‍ അവിടെ അയാള്‍ കാത്തിരിക്കുകയായിരുന്നു.
അയാള്‍ക്ക് അഭിമുഖമായി ഒരു കസേരയിലേക്ക് ഇരുന്നു.
ധൈര്യമെല്ലാം ചോര്‍ന്നു പോകും പോലെ തോന്നി.
അയാള്‍ക്കെന്താണ് പറയാനുള്ളതെന്ന് കേള്‍ക്കാനായി അവള്‍ തയാറെടുത്തു.
എങ്ങനെ പറഞ്ഞു തുടങ്ങണം എന്ന ആശങ്കയോട് കൂടി ആണ് അയാള്‍ മുന്നിലിരിക്കുന്നതെന്ന് മുഖഭാവവും ചലനങ്ങളും വിളിച്ചു പറയുന്നുണ്ടായിരുന്നു .
'മുഖവുരയൊന്നുമില്ലാതെ കാര്യം പറയുന്നതാണ് നല്ലതെന്ന് തോന്നുന്നു. എനിക്ക് വേഗം മടങ്ങി പോകേണ്ടതുണ്ട്.'അവള്‍ പറഞ്ഞു.
'ആനന്ദിയുടെ മകളും നിങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? നിങ്ങള്‍ക്ക് എങ്ങനെ അറിയാം ആനന്ദിയെ?'-അവള്‍ ചോദിച്ചു.
'എന്റെ അമ്മായി ആണ്. ആനന്ദി അമ്മായി രണ്ടാം വിവാഹം ചെയ്തത് എന്റെ അമ്മാവനെ ആണ്. കുട്ടികള്‍ ഇല്ലാതിരുന്ന അവരാണ് എന്നെ പഠിപ്പിച്ചതും വളര്‍ത്തിയതും എല്ലാം'
അവളുടെ മുഖത്ത് ഗൂഢമായ ഒരു ചിരി പടര്‍ന്നു.
'ശരി, അതൊന്നും എന്നെ ബാധിക്കുന്ന കാര്യം അല്ല. പക്ഷേ.. ഇത് പറയൂ, നിങ്ങള്‍ എന്നെ അന്വേഷിച്ചു വന്നതെന്തിനാണ്? '
'അമ്മായിക്ക് ഞാന്‍ വാക്ക് കൊടുത്തിരുന്നു, അന്വേഷിച്ചു കണ്ടെത്തുമെന്ന്.'
'നിങ്ങളുടെ അമ്മായി സ്‌നേഹമുള്ള സ്ത്രീ ആയിരുന്നോ?'
അവളുടെ ആ ചോദ്യം അയാളെ അമ്പരപ്പിച്ചു.
ഒരു കഥ കേള്‍ക്കുന്ന ലാഘവത്തോടെ കാത് കൂര്‍പ്പിച്ചു ആകാംക്ഷ നിറഞ്ഞ മുഖത്തോടെ അയാളെ തന്നെ നോക്കിയിരിക്കുകയായിരുന്നു അവളപ്പോള്‍.
'എന്നെ സ്‌നേഹത്തോടെ ചേര്‍ത്തു നിര്‍ത്തുമ്പോഴൊക്കെ അമ്മായിയുടെ കണ്ണുകള്‍ നിറയുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഏതാണ്ട് ഒരു വര്‍ഷം മുന്‍പ് മാത്രമാണ് എനിക്ക് മനസ്സിലാകുന്നത് ഇങ്ങനെ ഒരു മകളെക്കുറിച്ചും അമ്മായിയുടെ നഷ്ടങ്ങളെ കുറിച്ചും.'
'കൈവിട്ടു കളഞ്ഞശേഷമാകും ചിലതെല്ലാം ഹൃദയത്തോട് ചേര്‍ന്ന് നിര്‍ത്തേണ്ടുന്നത് ആയിരുന്നു എന്ന തിരിച്ചറിവ് പലര്‍ക്കും ഉണ്ടാകുക. പക്ഷേ അപ്പോഴേക്കും വൈകിപോയിട്ടുണ്ടാകും.'-അവള്‍ മനസ്സിലോര്‍ത്തു.
അയാള്‍ തുടര്‍ന്നു,
'എനിക്ക് പതിനൊന്നു വയസ്സുള്ളപ്പോഴായിരുന്നു അമ്മാവന്റെയും അമ്മായിയുടേയും കൂടെ ഞാന്‍ താമസിച്ചു തുടങ്ങിയത്. പിന്നീട് ഞാന്‍ അവിടെത്തന്നെ ആയിരുന്നു.'
'ഇങ്ങനെ ഒരു ആഗ്രഹം, അമ്മാവന്റെ മരണശേഷം മാത്രമാണ് ആവശ്യപ്പെടുന്നത് അതും ആശുപത്രികിടക്കയിലെ അമ്മായിയുടെ അവസാന നാളുകളില്‍'-അയാള്‍ പറഞ്ഞു നിര്‍ത്തി.
അയാളുടെ ശബ്ദം ഇടറുകയും കണ്ണുകള്‍ നനയുകയും ചെയ്യുന്നത് അവള്‍ ശ്രദ്ധിച്ചു.
ഹൃദയത്തിലേക്കു എന്തോ ഒന്ന് തറച്ചു കയറിയതു പോലെ തോന്നി. അവള്‍ നിശബ്ദം അയാളെ നോക്കിയിരുന്നു.
'അവസാനമായി ഒരു തവണയെങ്കിലും കാണണമെന്ന ആഗ്രഹം സാധിക്കില്ല എന്ന് ഉറപ്പുണ്ടായതിനാല്‍ ആവണം, ഒരിക്കലെങ്കിലും നമ്മുടെ വീട്ടിലേക്ക് മകളെ കണ്ടുപിടിച്ചു കൊണ്ടു വരണമെന്ന ആവശ്യം എന്നോട് പറഞ്ഞത്.'
'ഞാന്‍ ഒരുപാട് അന്വേഷിച്ചു. ഒടുവില്‍ ഇവിടെവരെ എത്തി.'- അയാള്‍ പറഞ്ഞു നിര്‍ത്തി.
അവള്‍ക്ക് മറുപടി ഒന്നും പറയണമെന്ന് ഉണ്ടായിരുന്നില്ല.
അവളപ്പോള്‍ അനാഥാലയത്തിലെ നീണ്ട ഇടനാഴിയില്‍ നഷ്ടപ്പെടലിന്റെയും ഒറ്റപ്പെടലിന്റെയും കൂര്‍ത്ത മുള്ളുകള്‍ തറച്ച് നിശബ്ദമായി കണ്ണീരൊഴുക്കി നില്‍ക്കുകയായിരുന്നു.
'ബിനുജാ..ഒരിക്കലെങ്കിലും അവിടെ വരെ ഒന്ന് വരാമോ. ഇത് ബിനുജയുടെ അമ്മ ഈ ലോകത്ത് നിന്നും വിട്ടു പോകും മുന്‍പ് ആവശ്യപ്പെട്ട അവസാന ആഗ്രഹമായിരുന്നു'-അയാള്‍ പ്രതീക്ഷയോടെ അവളെ നോക്കിയിരുന്നു.
കുറച്ചു നേരം ഒന്നും മിണ്ടാനാകാതെ അവള്‍ അയാളെത്തന്നെ നോക്കിയിരുന്നു.
ആ നിമിഷം അവള്‍ക്ക് മുന്നില്‍ തെളിഞ്ഞു വന്നത് ഗിരിജാമ്മയുടെ മുഖമായിരുന്നു. അവളുടെ മുഖത്ത് ഒരു പ്രകാശം പരന്നു. മനസ്സില്‍ സമാധാനവും സന്തോഷവും നിറഞ്ഞു.
അയാളോട് പറയാന്‍ അവള്‍ക്കിതേ ഉണ്ടായിരുന്നുള്ളൂ ,
'മരിച്ചു പോയവര്‍ പോയി. എനിക്ക് ആ മുഖം പോലും ഓര്‍മ്മയിലില്ല. അതോര്‍ക്കണമെന്നോ കാണണമെന്നോ എനിക്ക് ആഗ്രഹവുമില്ല. അമ്മയെന്ന് പറയുമ്പോള്‍ എനിക്ക് അത് ഗിരിജാമ്മ മാത്രമാണ്.'
അവള്‍ തുടര്‍ന്നു ,
'ജീവിച്ചിരിക്കുന്നവരുടെ സന്തോഷവും സമാധാനവുമല്ലേ ആദ്യം പരിഗണിക്കേണ്ടത്.'
'അല്ലെന്ന് ആരും പറഞ്ഞില്ലല്ലോ.'
'അഥവാ ആരെങ്കിലും അങ്ങനെ പറഞ്ഞാലും എനിക്ക് വലുത് ഇപ്പോള്‍ ജീവിച്ചിരിക്കുന്ന എന്റെ അമ്മയുടെ സന്തോഷവും സമാധാനവും തന്നെയാണ്. അതിനേക്കാള്‍ വലുതായി എനിക്ക് മറ്റൊന്നുമില്ല.'
അവള്‍ അയാളുടെ മുഖത്തേക്ക് നോക്കി ചെറുതായി ചിരിച്ചു.
അവളിലെ മാറ്റം അയാള്‍ നോക്കി കാണുകയായിരുന്നു. ഇത്രയും ശാന്തമായും സന്തോഷത്തോടെയും അവളെ ആദ്യമായാണ് അയാള്‍ കാണുന്നത്.
ജനാലയിലൂടെ മുറിക്കകത്തേക്ക് അരിച്ചിറങ്ങുന്ന പ്രകാശത്തില്‍ അവളുടെ മുഖം കൂടുതല്‍ തിളങ്ങുന്നത് പോലെ അയാള്‍ക്ക് തോന്നി.
അവളുടെ ചിരിക്കുന്ന മുഖവും കണ്ണുകളിലെ നിഷ്‌കളങ്കമായ നോട്ടവും ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും പോലെ അയാള്‍ക്കനുഭവപ്പെട്ടു
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...