യാത്രയുടെ തുടക്കം, രാജി സ്‌നേഹലാല്‍ എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. രാജി സ്‌നേഹലാല്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
പടവുകള്‍ കയറി മുകളിലത്തെ നിലയിലെത്തി. അവിടമാകെ അലങ്കോലപ്പെട്ടു കിടക്കുന്നു.
മുകളിലത്തെ നിലയിലെ വടക്കു കിഴക്കേ മൂലയിലുള്ള മുറി, അത് തന്റെ മുറിയാണ്.
അല്ല.
തന്റെ മുറിയായിരുന്നു, പണ്ട്. എന്നാലും.
ഇവിടേയ്ക്ക് വരുമ്പോഴെല്ലാം തനിക്ക് വേണ്ടി ആ മുറി തന്നെ ഒഴിച്ചിടാറുണ്ടായിരുന്നു.
പക്ഷേ.. ഇത്തവണ അതുണ്ടായില്ല.
ഏറ്റവും അവസാനം എത്തിയത് താനായിരുന്നു. മുന്നേ വന്നവര്‍ അവിടെ അധികാരം സ്ഥാപിച്ചിരുന്നു.
ഇത്തവണ വന്ന ശേഷം ഇത് ആദ്യമായാണ് മുകളിലത്തെ നിലയിലേക്ക് വരുന്നത്. അതും എല്ലാവരും തിരിച്ചു പോയ ശേഷം.
അവസാനത്തെ ആളും യാത്ര പറഞ്ഞു പോയിക്കഴിഞ്ഞിരിക്കുന്നു. ഇനി ശേഷിക്കുന്നത് താന്‍ മാത്രമാണ്.
സാധാരണ ഇങ്ങനെ ഒരു ഒത്തു ചേരല്‍ ഉണ്ടാവാറില്ല. പക്ഷേ..
അമ്മയുടെ എഴുപത്തിയഞ്ചാം പിറന്നാളിന് എല്ലാവരും ഉണ്ടാവണമെന്ന് അമ്മയുടെ ആഗ്രഹമായിരുന്നു.
ആഗ്രഹം സാധിച്ചോ എന്ന് ചോദിച്ചാല്‍, ഇല്ല. സാധിച്ചിട്ടില്ല. കാരണം താന്‍ തന്നെയാണ്.
അമ്മ അതവളോട് ചോദിക്കുകയും ചെയ്തു, 'എന്താ അമ്മു, നീ ഒറ്റയ്ക്കു വന്നത്. നിന്റെ ഭര്‍ത്താവിനും മക്കള്‍ക്കും സമയമില്ലേ ഒന്നിവിടെ വരെ വരാന്‍.'
'അവരൊഴിച്ച് ബാക്കി എല്ലാവരും വന്നു.'
അമ്മ പറഞ്ഞു നിര്‍ത്തുമ്പോള്‍ നിശ്ശബ്ദം കേട്ടു നില്‍ക്കാനേ അവള്‍ക്ക് സാധിച്ചിരുന്നുള്ളു.
അവള്‍ എങ്ങനെ പറയാനാണ്, അവര്‍ക്കാര്‍ക്കും ഇങ്ങോട്ട് വരാന്‍ താല്‍പ്പര്യം ഇല്ല എന്ന്. ഏറെ നിര്‍ബന്ധിച്ചിട്ടും വരാന്‍ കൂട്ടാക്കിയില്ല എന്ന്.
അവള്‍ മുറി തുറന്നു അകത്തേക്ക് കയറി. ആകെ അലങ്കോലമായി കിടക്കുന്നു.
താനിവിടെ ഉണ്ടായിരുന്നിട്ടും മാറ്റാരുടെയൊക്കെയോ സാന്നിധ്യവും ഗന്ധവും നിറഞ്ഞു നിന്നിരുന്ന മുറിയാണിത് , ഇവിടെ ആരായിരുന്നു എന്ന് അവള്‍ അന്വേഷിച്ചിരുന്നില്ല.
അവള്‍ ജനാലകളും വാതിലും മലര്‍ക്കേ തുറന്നിട്ടു.
മുകളിലത്തെ നിലയില്‍ മൂന്ന് കിടപ്പുമുറികളും ഒരു വലിയ ഹാളും പിന്നെ ഒരു സിറ്റൗട്ടും ഉണ്ട്.
ഹാളിന് ഒരു വശത്തായി അലങ്കാര കൊത്തുപണികളോട് കൂടിയ പെന്റുലമുള്ള വലിയൊരു ഘടികാരം ഇപ്പോഴുമുണ്ടവിടെ. അതു മാത്രം മാറ്റിയിട്ടില്ല. ബാക്കി എല്ലാ ഫര്‍ണീച്ചറുകളും മാറ്റിയിരിക്കുന്നു , പുതിയവ അവിടെ സ്ഥാനം പിടിച്ചിട്ടുണ്ട്.
മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് വന്നതാണ്, പിന്നെ ഇപ്പോഴാണ് ഇവിടേക്കൊന്ന് വരാന്‍ സാധിച്ചത്. എന്നിട്ടും തനിച്ചു വരേണ്ടി വന്നു.
പലപ്പോഴും , ഇവിടെ വന്ന് അച്ഛനും അമ്മയ്ക്കും ഒപ്പം കുറച്ചു നാള്‍ താമസിക്കണമെന്ന് മനസ്സ് കൊതിച്ചിട്ടുണ്ട്. പക്ഷേ..
അവള്‍ പടവുകളിലൂടെ താഴേക്കിറങ്ങി.
'പൊന്നീ...'- അവള്‍ നീട്ടി വിളിച്ചു.
'എന്താ ഇച്ചേച്ചീ..'
'കുറച്ചു കഴിഞ്ഞ് മുകളിലത്തെ മുറികളെല്ലാം വൃത്തിയാക്കണം. ആദ്യം എന്റെ മുറി, അതു കഴിഞ്ഞു മതി ബാക്കിയെല്ലാം. കേട്ടോ..'
പൊന്നി തല കുലുക്കി.
'ഇച്ചേച്ചിയെ അമ്മ അന്വേഷിക്കുന്നുണ്ടായിരുന്നു.'
അവള്‍ തിരികെ നടക്കാന്‍ തുടങ്ങിയപ്പോള്‍ പൊന്നി പറഞ്ഞു.
'ഉം.' അവള്‍ ഒന്ന് മൂളുക മാത്രം ചെയ്തു.
കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ , അവള്‍ക്കത് സ്വപ്നതുല്യം ആയിരുന്നു. എന്ത് സന്തോഷമായിരുന്നു, എല്ലാവര്‍ക്കുമൊപ്പം.
എന്നാലും, പലപ്പോഴും അവള്‍ക്ക് ഒറ്റപ്പെടല്‍ അനുഭവപ്പെട്ടിരുന്നു. തനിച്ചു വന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ അവള്‍ക്ക് ആയില്ല. അവര്‍ക്ക് മുന്നില്‍ പല നുണക്കഥകളും അവള്‍ കോര്‍ത്തുവച്ചു.
ചിലരെങ്കിലും അടക്കം പറയുന്നതും അവളുടെ കാതുകളില്‍ പതിച്ചിരുന്നു ,
'അല്ലെങ്കിലും അമ്മു ഭാഗ്യം ചെയ്ത പെണ്ണാണ്.'
ഒരു തമാശയെന്നോണം അത് കേട്ടവള്‍ ആസ്വദിച്ചിട്ടുണ്ട്.
'അമ്മ വിളിച്ചിരുന്നോ?' അവള്‍ ചോദിച്ചു.
പറഞ്ഞു തുടങ്ങിയത് അച്ഛനാണ്. 'അഞ്ചു മക്കളുണ്ട്, മൂന്നാണും രണ്ട് പെണ്ണും. പറഞ്ഞിട്ടെന്താ കാര്യം , ഇവിടെ ഞങ്ങള്‍ക്ക് കൂട്ടായിട്ട് ആരുമില്ല. സഹായത്തിനു നിര്‍ത്തിയിരിക്കുന്ന ആ പെണ്ണില്ലേ, പൊന്നി, അവള്‍ ഉള്ളത് കൊണ്ട് ഇവിടെ ഒരനക്കമൊക്കെയുണ്ട് അത്ര തന്നെ.'
ഒന്ന് നിര്‍ത്തി അച്ഛന്‍ വീണ്ടും തുടര്‍ന്നു
'എല്ലാവരും വന്നു. ശരിയാണ, പക്ഷേ എല്ലാവരും ഒന്നിച്ചു തന്നെയങ്ങു പോയി. പെട്ടെന്ന് വീടുറങ്ങിപ്പോയി. ഉം.. നീയും നാളെ പോകും അല്ലേ?'
'അച്ഛനോടാരാ പറഞ്ഞത് ഞാന്‍ നാളെ പോകുമെന്ന്'- അവള്‍ ചോദിച്ചു.
'കുറച്ചു മുന്‍പ് ബാലുവിന്റെ ഫോണ്‍ ഉണ്ടായിരുന്നു. നിന്നെ വിളിച്ചിട്ട് കിട്ടിയില്ല എന്ന് പറഞ്ഞു. അതുകൊണ്ട് എന്റെ ഫോണിലേക്കു വിളിച്ചതാ'-അമ്മയാണ് മറുപടി പറഞ്ഞത്.
'ആ... പിന്നെ... ടിക്കറ്റ് നിന്റെ ഫോണിലേക്കു അയച്ചിട്ടുണ്ട് എന്ന് പറഞ്ഞു.'-അമ്മ അത് പറഞ്ഞു നിര്‍ത്തുമ്പോള്‍ ശബ്ദം വല്ലാതെ ഇടറിയിരുന്നു.
'പൊന്നീ.' അവള്‍ നീട്ടി വിളിച്ചു.
' എന്താ ഇച്ചേച്ചീ'
പൊന്നി ഓടിവന്നു.
'മുകളിലത്തെ മുറികള്‍ വൃത്തിയാക്കിയിട്ട് എന്റെ സാധനങ്ങള്‍ അങ്ങോട്ട് കൊണ്ടു പോയി വയ്ക്കണം. നീയ് ഒറ്റയ്ക്ക് ചെയ്യണ്ട, അപ്പൂനെ കൂടെ സഹായത്തിന് വിളിയ്ക്ക്. കേട്ടോ.'
'ഞാന്‍ ദേ ഇപ്പോള്‍ തന്നെ ചെയ്യാം'
'ശരി'-അവള്‍ പറഞ്ഞു.
അവള്‍ ഫോണ്‍ എടുത്തു നോക്കി. ഫോണ്‍ സൈലന്റ് ആയിരുന്നു അതാണ് അറിയാതെ പോയത്.
നാല് പ്രാവശ്യം വിളിച്ചിരിക്കുന്നു. അവള്‍ വാട്‌സ്ആപ്പ് തുറന്നു നോക്കി.
'ഉം, അമ്മ പറഞ്ഞത് ശരിയാണ്. നാളെ തിരിച്ചു പോകാനുള്ള ടിക്കറ്റ് അയച്ചിട്ടുണ്ട്.' അവള്‍ അമ്മയോടായി പറഞ്ഞു.
ആ നിമിഷത്തില്‍ വീണ്ടും ഫോണ്‍ റിംഗ് ചെയ്തു.
'ബാലുവാണ്. ഞാന്‍ പറഞ്ഞിട്ടാണ് വന്നത്, കുറച്ചു നാള്‍ എനിക്ക് അച്ഛന്റെയും അമ്മയുടെയും കൂടെ നില്‍ക്കണമെന്ന്. പിന്നെ എന്താ ഇങ്ങനെ ചെയ്തത് എന്ന് ചോദിക്കട്ടെ'-അവള്‍ അമ്മയോടായി പറഞ്ഞു.
പിന്നെ ഫോണ്‍ ചെവിയോട് ചേര്‍ത്ത് പിടിച്ചു.
'എത്ര നേരമായി ഞാന്‍ വിളിക്കുന്നു , നീ എവിടെയായിരുന്നു. നിനക്ക് തിരിച്ചു വരാനുള്ള ടിക്കറ്റ് അയച്ചിട്ടുണ്ട്.'
ബാലുവിന്റെ ദേഷ്യം നിറഞ്ഞ സംസാരം കേട്ട് ആദ്യം ഒന്ന് പകച്ചെങ്കിലും അവള്‍ ശാന്തമായി മറുപടി പറഞ്ഞു.
'ഫോണ്‍ സൈലന്റ് ആയിരുന്നു. അതാണ് ഞാന്‍ അറിയാതിരുന്നത്.'
ഒന്ന് നിര്‍ത്തി വീണ്ടും തുടര്‍ന്നു.
'ഞാന്‍ കണ്ടു, ടിക്കറ്റ് അയച്ചിരിക്കുന്നത്. ഞാന്‍ പറഞ്ഞിട്ടല്ലേ വന്നത്, കുറച്ചു ദിവസങ്ങള്‍ കൂടി വീട്ടില്‍ നിന്നിട്ടേ തിരിച്ചു വരികയുള്ളു എന്ന്. പിന്നെ എന്തിനാണ് നാളെത്തേക്ക് ടിക്കറ്റ് എടുത്തത്. എനിക്ക് കുറച്ചു ദിവസം ഇവിടെ നില്‍ക്കണം.'-
'അതൊന്നും പറ്റില്ല. ഇത്രയും ദിവസം അവിടെ നിന്നില്ലേ അതു മതി.'-ഇത്രയും പറഞ്ഞു ബാലു ഫോണ്‍ കട്ട് ചെയ്തു.
'എന്താ മോളേ ബാലു പറഞ്ഞത്, നാളെ തന്നെ പോകണം. അല്ലേ.'- അമ്മ അവളോട് ചോദിച്ചു.
'ഞാന്‍ കുറച്ചു ദിവസം കഴിഞ്ഞിട്ടേ പോകുന്നുള്ളൂ.' അവള്‍ പറഞ്ഞു.
'ഇച്ചേച്ചീ, മുകളിലത്തെ മുറിയിലേക്ക് ചേച്ചിയുടെ ബാഗും പെട്ടിയും വച്ചിട്ടുണ്ട്.' പൊന്നി ഹാളില്‍ നിന്നുകൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു.
അവള്‍ പുറത്തു വരാന്തയിലേക്കിറങ്ങി.
കളിച്ചുവളര്‍ന്ന വീടാണ്. എന്നിട്ട് കൂടി ചിലപ്പോഴെങ്കിലും, അത് അപരിചിതമായ സ്ഥലമായി തോന്നാറുണ്ട്.
എന്നാലും ഈ വീട്, അത് എന്റേതു കൂടി ആണ്. സ്വപ്നം കാണാന്‍ പഠിച്ചു തുടങ്ങിയിടം. പറന്നകലുന്ന, സ്വപ്നങ്ങളെ നോക്കി നിസ്സഹായതയോടെ നില്‍ക്കാന്‍ തുടങ്ങിയതും ഇവിടെ വച്ചു തന്നെയാണ്.
വരാന്തയുടെ ഓരം ചേര്‍ന്ന് മുകളിലേക്കു ഉയര്‍ന്ന, പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന തൂക്കുമുല്ല. നിറയെ പൂക്കളുണ്ട്.
അവള്‍ ഇമവെട്ടാതെ ആ ഭംഗി നോക്കി നിന്നു. കഴിഞ്ഞ തവണ വന്നപ്പോള്‍ ഇതിവിടെ ഉണ്ടായിരുന്നില്ല.
പൊന്നി വച്ചു പിടിപ്പിച്ചതാണ്, ഈ തൂക്കുമുല്ല.
അവള്‍ തിരികെ നടന്നു, പടവുകള്‍ കയറി മുകളിലത്തെ മുറിയിലെത്തി. മുറിയാകെ മാറിയിരിക്കുന്നു. ഇപ്പോള്‍ കാണാന്‍ നല്ല വെടിപ്പും വൃത്തിയും ഉണ്ട്. ജനാലവിരികളും ബെഡ്ഷീറ്റും എല്ലാം മാറ്റി പുതിയവ വിരിച്ചിരിക്കുന്നു, ഒരേ നിറത്തിലുള്ളവ. ഇളം നീലനിറത്തിലുള്ള ജനാലവിരികളും ബെഡ്ഷീറ്റും ആ മുറിക്ക് പ്രത്യേക ഭംഗി സമ്മാനിക്കുന്നു.
പെട്ടിയിലും ബാഗിലും ഉണ്ടായിരുന്ന സാധനങ്ങളെല്ലാം കബോര്‍ഡിലേക്ക് സാവധാനം അടുക്കി വച്ചു.
അറിയാം, ഏത് നിമിഷവും വീണ്ടും ഫോണ്‍ വരാനുള്ള സാധ്യത ഉണ്ട്. വാട്‌സാപ്പില്‍ തനിക്ക് വന്ന ടിക്കറ്റ് ഒന്ന് കൂടി ഓപ്പണ്‍ ചെയ്തു നോക്കി.
ഇല്ല.. ഇത്തവണ കുറച്ചു ദിവസം കൂടി ഇവിടെ തങ്ങിയേ പറ്റൂ. മറ്റാര്‍ക്കും വേണ്ടിയല്ല, എനിക്ക് വേണ്ടി തന്നെയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ എത്രയോ തവണ ഇങ്ങോട്ടേക്കൊന്നു വരണമെന്ന് ആഗ്രഹം പറഞ്ഞതാണ്. ഇപ്പോള്‍ മാത്രമാണ് ഒന്ന് വരാന്‍ സാധിച്ചത്.
'അവിടെ ബാലുവിനും മക്കള്‍ക്കും, വിശക്കുമ്പോള്‍ മാത്രം ഓര്‍മ്മിക്കപ്പെടുന്ന ഒരാളായി മാറിയിട്ട് എത്രയോ കാലങ്ങള്‍ കഴിഞ്ഞിരിക്കുന്നു'-അവള്‍ മനസ്സിലോര്‍ത്തു.
ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്, തനിക്ക് മസാലക്കൂട്ടുകളുടെ മണമാണെന്ന്.
ഇപ്പോഴും ആ മണമുണ്ടോ?
മണത്തു നോക്കി. ഇല്ല, ഇപ്പോള്‍ ആ മണമില്ല.
ഒരു കാലത്ത് അവള്‍ക്ക് ആ മണം ഇഷ്ടമായിരുന്നു. പുതിയ വിഭവങ്ങള്‍ ഉണ്ടാക്കുക എന്നത് വളരെ ഇഷ്ടത്തോടെ ചെയ്തിരുന്ന ഒരു കാര്യമായിരുന്നു.
പക്ഷേ, പിന്നീടെപ്പോഴോ അത് അവള്‍ വെറുത്തു തുടങ്ങി. അടുക്കള എന്ന മഹാ സാമ്രാജ്യത്തില്‍ നിന്നും ഓടി രക്ഷപെടണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. അത് വലിയൊരു ട്രാപ്പാണ്, അവിടെ പെട്ടു പോയാല്‍ പിന്നെ പുറത്തു കടക്കാന്‍ എളുപ്പമല്ല. പതുക്കെ പതുക്കെ അവളുടെ ലോകം ആ വീടിനുള്ളിലേക്ക് ചുരുക്കപ്പെടും.
അങ്ങനെ ചുരുങ്ങി നില്‍ക്കാന്‍ ആഗ്രഹിക്കാത്ത മനസ്സുള്ളവര്‍ക്ക് ഭ്രാന്ത് പിടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
അല്ല, ഇനി.. തനിക്കും ഭ്രാന്തുണ്ടോ? ഉണ്ടാകും. അതിനാണ് സാധ്യത കൂടുതല്‍.
അറിയാത്ത വഴികളിലൂടെ തനിച്ചൊരു നടത്തം, അതൊരു സ്വപ്നമാണ്. ഫാന്റസിയുടെ ലോകത്തിലേക്ക് സ്വപ്നങ്ങളെ ചേര്‍ത്തുപിടിച്ചു മുന്നോട്ട് നടക്കാന്‍ ശ്രമിക്കാത്തവര്‍ ഉണ്ടാകുമോ?
അവള്‍ ആരോടെന്നില്ലാതെ ചിരിച്ചു.
തുറന്നിട്ട ജനാലയിലൂടെ പുറം കാഴ്ചകളിലേക്ക് അവള്‍ കണ്ണുകള്‍ പായിച്ചു. നോട്ടം ചെന്ന് തറച്ചത്, ദൂരെ ഉയര്‍ന്നു നില്‍ക്കുന്ന പാലമരത്തിലാണ്. തൊട്ടടുത്ത പറമ്പില്‍ അങ്ങേ അറ്റത്തു നില്‍ക്കുന്ന വലിയ പാലമരം.
ഒരു കാലത്ത് ഈ പാലമരം കാണുന്നത് തന്നെ ഭയമായിരുന്നു.പക്ഷേ.. പിന്നീടെപ്പോഴോ അവളതിനെ ഇഷ്ടപ്പെട്ടു തുടങ്ങി.
ചെറുതായി മഴ പെയ്തു തുടങ്ങിയിരിക്കുന്നു. തണുത്ത കാറ്റ് ജനാലയിലൂടെ അനുവാദം ചോദിക്കാതെ കടന്നു കയറി.
അവള്‍ ഫോണ്‍ കൈയ്യില്‍ എടുത്തു. ബാലു ഇങ്ങോട്ട് വിളിക്കും മുന്‍പ് അങ്ങോട്ട് വിളിക്കാം. അതാണ് നല്ലത്.
ആ നിമിഷത്തിലാണ് ഫോണ്‍ വീണ്ടും റിംഗ് ചെയ്തത്. ബാലുവിന്റെ ഫോണ്‍.
'ഞാന്‍, ഇത് പറയാനാണ് വിളിച്ചത് , നാളെ എനിക്കൊരു മീറ്റിംഗ് ഉണ്ട്. അതുകൊണ്ട് എയര്‍പോര്‍ട്ടിലേക്ക് നിന്നെ പിക്ക് ചെയ്യാന്‍ ഞാന്‍ വരില്ല. ഡ്രൈവറിനെ അയക്കാം. നിനക്ക് ബുദ്ധിമുട്ട് ഇല്ലല്ലോ'-ബാലു ചോദിച്ചു.
'ഇല്ല.., എനിക്ക് ബുദ്ധിമുട്ട് ഒന്നും തന്നെയില്ല. പക്ഷേ, . നാളെ ഡ്രൈവറിനെ അയയ്ക്കണ്ട, കാരണം എനിക്ക് നാളെ അങ്ങോട്ടേക്ക് വരാന്‍ സാധിക്കില്ല. എനിക്ക് ഇവിടെ കുറച്ചു ദിവസം നില്‍ക്കേണ്ട ആവശ്യം ഉണ്ട്. ബാലു ഈ ടിക്കറ്റ് ക്യാന്‍സല്‍ ആക്കിയിരുന്നു എങ്കില്‍ നന്നായിരുന്നു.' അവള്‍ പറഞ്ഞു.
'അതൊന്നും പറ്റില്ല. ഇവിടുത്തെ കാര്യങ്ങള്‍ എല്ലാം വേറേ ആര് നോക്കാനാണ്'- ബാലുവിന്റെ ശബ്ദത്തില്‍ ക്രോധം നിഴലിച്ചു.
'അവിടെ ഞാനൊഴികെ ബാക്കി എല്ലാവരുമില്ലേ? ബാലുവും മുതിര്‍ന്ന രണ്ട് മക്കളും പിന്നേ ബാലുവിന്റെ അമ്മയുമില്ലേ?'
ഒന്ന് നിര്‍ത്തി അവള്‍ വീണ്ടും തുടര്‍ന്നു.
'എല്ലാവരും കാര്യപ്രാപ്തിയുള്ളവരും നല്ല ആരോഗ്യം ഉള്ളവരും ആണ്. പിന്നെയെന്താ? എന്തായാലും കുറച്ചു ദിവസം എനിക്കിവിടെ നില്‍ക്കണം. ഞാന്‍ ഇങ്ങോട്ട് പുറപ്പെടും മുന്‍പ് തന്നെ പറഞ്ഞിരുന്നതല്ലേ.
ഞാന്‍ വരാനാകുമ്പോള്‍ ഇവിടുന്ന് ടിക്കറ്റ് എടുത്തു വന്നോളാം. എയര്‍പോര്‍ട്ടിലേക്ക് ഡ്രൈവറിനെ അയച്ചില്ലെങ്കിലും കുഴപ്പമില്ല. ഞാന്‍ തനിച്ചു വന്നോളാം. മുംബൈ നഗരത്തിലൂടെ തനിച്ചൊരു യാത്ര അതെങ്ങനെ ഉണ്ടാകുമെന്ന് ഞാനുമൊന്നു അറിയട്ടെ' -അവള്‍ പറഞ്ഞു നിര്‍ത്തി.
മറുതലക്കല്‍ എന്തോ വീണുടയുന്ന ശബ്ദം. പിന്നാലെ ഫോണ്‍ കട്ടായി.
അവള്‍ക്കറിയാം, അവിടെയുണ്ടായിരുന്ന ഏതോ ഒരു ഫ്‌ളവര്‍ വേസ്, അതിന്റെ ജന്മം കഴിഞ്ഞിരിക്കുന്നു.
അവള്‍ ജനാലയിലേക്ക് ചാരിനിന്ന് പുറത്തേക്ക് കണ്ണുകള്‍ പായിച്ചു.
അവള്‍ ഓര്‍ക്കുകയായിരുന്നു, ഒരു സ്ത്രീയുടെ ത്യാഗത്തിലും വിധേയത്വത്തിലും മൗനത്തിലും മാത്രമാണോ ഒരു കുടുംബം മുന്നോട്ട് പോകേണ്ടുന്നത്. അത് കുടുംബത്തിലെ ഓരോരുത്തരുടെയും ബാധ്യത അല്ലേ ?
പല ചോദ്യങ്ങളും അവളുടെ മനസ്സിനെ അലോസരപ്പെടുത്തി തുടങ്ങി.
കുടുംബത്തിലെ സന്തോഷങ്ങള്‍ക്കും സമാധാനത്തിനുമായി നഷ്ടപ്പെടുത്തേണ്ടി വന്ന ഇഷ്ടങ്ങള്‍. അത്, എന്റെ നഷ്ടങ്ങള്‍ മാത്രമാണ്.
എന്നാലും, നഷ്ടപ്പെടുത്താനോ വിട്ടുകളയാനോ ആവില്ലെന്ന തിരിച്ചറിവോടെ ഇപ്പോഴും നിശബ്ദമായി ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്ന ചില ഇഷ്ടങ്ങളല്ലേ പലരേയും മുന്നോട്ട് നടത്തുന്നത്.
അതേ. അത് തന്നെയാണ്. തന്നെ മനസ്സിലാക്കുന്ന, അല്ലെങ്കില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയെങ്കിലും ചെയ്യുന്ന ആരെങ്കിലും ഉണ്ടാകുമോ?
ഇല്ല. ആരുമില്ല.
ശരീരം തളരും പോലെ, അവള്‍ ജനല്‍ അഴികളില്‍ ബലമായി പിടിച്ചു. കവിളുകളിലൂടെ ഒഴുകിയെത്തിയ നീര്‍ച്ചാലുകള്‍ ആ തണുത്ത കാറ്റില്‍ അവളെ തണുപ്പിച്ചു.
രണ്ട്
'എന്താ അമ്മൂ , എന്താ പറ്റിയെ നിനക്ക്. എത്ര നേരമായി ഈ ചായയും പിടിച്ചു കൊണ്ട് ഇരിക്കാന്‍ തുടങ്ങിയിട്ട്. അത് തണുത്തിട്ടുണ്ടാകും.' അമ്മ അവളുടെ നെറുകയില്‍ പതുക്കെ തലോടി.
അവള്‍ തിരിഞ്ഞു നോക്കി.
'രണ്ടാളും റെഡിയായോ. ശരി, പോയിട്ട് വാ. രണ്ടുപേരും തിരിച്ചു വന്ന ശേഷം വേണം എനിക്കൊന്ന് പുറത്തേക്കിറങ്ങാന്‍'-അവള്‍ തമാശയെന്നോണം ചിരിച്ചു കൊണ്ട് പറഞ്ഞു.
'അമ്മൂ, നീയും കൂടെ വരുന്നോ. ഒന്നിച്ചു നടക്കാം'-അച്ഛന്‍ വിളിച്ചു ചോദിച്ചു.
'ഇല്ല, രണ്ടു പേരും കൂടി പോയിട്ട് വന്നാല്‍ മതി.' അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
ഈ സായാഹ്നനടത്തം പതിവാണ്. അരമുക്കാല്‍ മണിക്കൂറിനുള്ളില്‍ രണ്ടാളും നടത്തം മതിയാക്കി തിരിച്ചെത്താറുണ്ട്.
കൈകള്‍ കോര്‍ത്തു പിടിച്ചു നടന്നകലുന്ന രണ്ടു പേരെയും അവള്‍ നോക്കി നിന്നു.
ആ കാഴ്ച അവളില്‍ അസൂയ കലര്‍ന്നൊരു സന്തോഷം ഉളവാക്കി. കണ്ണില്‍ നിന്ന് മറയുവോളം ആ കാഴ്ച ആസ്വദിച്ചു നിന്നു.
അവള്‍ ഓര്‍ക്കുകയായിരുന്നു , ജീവിതത്തിന്റെ ഓരോ ഘട്ടങ്ങള്‍ പിന്നിടുമ്പോഴും ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറിപ്പോകുന്നു എന്ന്.
ശരിയാണ്. ജീവിതത്തോടുണ്ടായിരുന്ന തന്റെ കാഴ്ചപ്പാടും മാറിയിരിക്കുന്നു.
മറ്റുള്ളവര്‍ക്ക് വേണ്ടി മാത്രം ജീവിക്കാനുള്ളതല്ല , മറിച്ച് സ്വയം ജീവിക്കാനും കൂടി ഉള്ളതാണെന്ന് പഠിച്ചത് ഇവിടേയ്ക്ക് തനിച്ചു വന്ന ആ യാത്രയില്‍ ആയിരുന്നു. മറ്റുള്ളവരുടെ ആഗ്രഹങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും അനുസരിച്ചു ആഗ്രഹങ്ങള്‍ മാറ്റി വയ്ക്കപ്പെടുമ്പോള്‍ നഷ്ടമായത് എന്തെല്ലാമായിരുന്നു എന്ന് ഇതുവരെ ചിന്തിച്ചിരുന്നില്ല. പക്ഷേ, ഇപ്പോള്‍ ചിന്തിക്കുന്നുണ്ട്. മനസ്സിലാക്കുന്നുമുണ്ട്.
ഇതുവരെ വളരെ സ്വാഭാവികമായൊരു പ്രക്രിയ പോലെ ആ ഒഴുക്കിലങ്ങനെ അലിഞ്ഞു ചേരുമ്പോഴും അവിടെയുണ്ടാകുന്ന വേലിയേറ്റങ്ങളും ഇറക്കങ്ങളും വല്ലാതെ ഉലച്ചിട്ടുണ്ട്. എന്നിട്ടും, അത് ശ്രദ്ധിക്കാന്‍ മറ്റാര്‍ക്കും സമയം ഉണ്ടായിരുന്നില്ല.
പക്ഷേ, ഇപ്പോള്‍ തന്റെ പക്കല്‍ ധാരാളം സമയമുണ്ട്.
നഷ്ടപ്പെട്ടുപോയൊരു വസന്തകാലം തിരിച്ചു കിട്ടിയ പോലെ. ഒരു കൗമാരക്കാരിയുടെ മനസ്സാണ് തനിക്കിപ്പോഴെന്ന് അവള്‍ക്ക് തോന്നി.
നര വീണു തുടങ്ങിയ മുടിയിഴകളെ ഒതുക്കി വച്ചുകൊണ്ട് അവള്‍ പുറത്തേക്കിറങ്ങി മുന്നോട്ട് നടന്നു.
മുകളിലേക്കു മുഖമുയര്‍ത്തി. താനിന്നേവരെ കണ്ടിട്ടില്ലാത്ത പുതിയൊരു ആകാശമാണിതെന്ന് അവള്‍ക്ക് തോന്നി. അവളുടെ മുഖത്ത് ഇതുവരെ ഉണ്ടാകാതിരുന്ന ഒരു തെളിച്ചം നിറഞ്ഞു നിന്നു.
പുതിയൊരു യാത്രയുടെ ആരംഭത്തിലാണ് താനെന്ന് അവള്‍ക്കുറപ്പുണ്ടായിരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മനസ്സിനെ പുതിയൊരു തലത്തിലേക്ക് കൂടി ഉയര്‍ത്തി വിടാനൊരു തീരുമാനം.
'കടമകളും ഉത്തരവാദിത്വങ്ങളും നിര്‍വഹിക്കുന്നതോടൊപ്പം പുതിയൊരു യാത്രയ്ക്ക് കൂടി തുടക്കമാകുന്നു. ഒരു സ്വതന്ത്രവ്യക്തി എന്ന നിലയിലുള്ള യാത്രയ്ക്ക് '-അവള്‍ മനസ്സില്‍ പറഞ്ഞു.
ഇടയ്ക്കിടെ വീശുന്ന തണുത്ത കാറ്റ് അവളുടെ ശരീരത്തെയും മനസ്സിനെയും തണുപ്പിച്ച് കടന്നു പോകുന്നുണ്ടായിരുന്നു.
ആകാശത്തെ മറച്ചുകൊണ്ട് നിഴല്‍ വീഴ്ത്തുന്ന വലിയ മരങ്ങള്‍ക്കിടയിലൂടെ അവള്‍ മുന്നോട്ടു നടന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...