Malayalam Short Story : പുഷ്പചക്രം, രാജേഷ് മോന്‍ജി എഴുതിയ കഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് രാജേഷ് മോന്‍ജി എഴുതിയ കഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
അമ്പലത്തില്‍ പോകുമ്പോഴൊക്കെ അയാള്‍ കൊടിമരത്തിന്റെ പണി ഏറെനേരം നോക്കി നില്‍ക്കും. കമ്മിറ്റി ഓഫീസിലേക്ക് പോയി പ്രസിഡണ്ട് നാരായണനെ തിരക്കും. പലപ്പോഴും അയാളവിടെ ഉണ്ടാവാറില്ല. കാണുമ്പോഴാകട്ടെ പരമു രഹസ്യമായി എന്തോ ആരായും. നാരായണന്‍ തോളില്‍ തട്ടി ആശ്വസിപ്പിച്ച് പറഞ്ഞയയ്ക്കും.
കുറച്ചു നാളായി എന്തോ, പരമുമൂപ്പീന്ന് അസ്വസ്ഥനാണ്. മേദിനിയുടെ വിയര്‍പ്പൊട്ടിയ തിണ്ണ ഉണങ്ങിക്കിടന്നു. വേലക്കാരന്‍ ഗോവിന്ദന്‍ സ്ഥിരമായി എടുക്കുന്ന പണിയായതുകൊണ്ടുമാത്രം നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തുനില്‍ക്കാതെ പണിയെടുത്തു.
അമ്പലത്തിലെത്തിയാല്‍ ദേവീ പ്രസാദത്തിനുവേണ്ടി കണ്ണടച്ച് നിമിഷങ്ങളോളം കാത്തുനിന്നിരുന്ന പരമു മൂപ്പീന്ന് ഈയിടെയായി ഝടുതിയില്‍ തൊഴുതു പോയെങ്കിലും പിന്നെ നടക്കലേക്ക് വരാതെയും തൊഴാതെയുമായി.
എപ്പോള്‍ വന്നാലും കൊടിമരത്തിന്റെ പണി നോക്കി നില്‍ക്കും.
കമ്മിറ്റി പ്രസിഡണ്ടാവട്ടെ, പരമുമൂപ്പീന്നിനെ കാണുമ്പോഴൊക്കെ വഴിമാറി നടന്നു.
കൊടിമരത്തിന്റെ ഉയരത്തോടൊപ്പം പരമുമൂപ്പീന്നിന്റെ അസ്വാസ്ഥ്യവും കൂടി വന്നു.
ഇരുമ്പുഗേറ്റ് അടച്ച് താഴിട്ടു പൂട്ടി. പഴയ പടിപ്പുരയുടെ ഇടുങ്ങിയ വാതില്‍ അയാള്‍ക്കും പണിക്കാര്‍ക്കും വേണ്ടി അടക്കുകയും തുറക്കുകയും ചെയ്തു.
'എന്തീത്താടാ നോക്കുന്നത് ? കൂമന്‍ കുത്തിയ തേങ്ങാത്തൊണ്ണു പോലെ തൊള്ള തുറന്നു നിക്കാണ്ടു പണിയെടുക്കെടാ...'
കണക്കുകൂട്ടി ആത്മഗതം ചെയ്യുന്ന മൂപ്പീന്നിന്റെ അടുത്ത് വെറുതെ നോക്കിനില്‍ക്കേ, ഗോവിന്ദന് ഇതുപോലെ ഇടയ്ക്ക് കിട്ടുന്ന മുട്ടന്‍ തെറിയൊഴിച്ച് ആ വീട്ടില്‍ മനുഷ്യഭാഷണം കുറഞ്ഞുവന്നു.
എടുക്കുന്ന പണിക്ക് കണക്കു പറഞ്ഞു കൂലി കിട്ടുന്നുണ്ട് ഗോവിന്ദന്. അയാള്‍ക്ക് ഈ വീടും പറമ്പും ഒരു ഫാക്ടറി പോലെയാണ്. പരമുമൂപ്പീന്ന് ഒരു യന്ത്രവും.
എണ്ണയിട്ട് കൊടുക്കാഞ്ഞാല്‍ കേള്‍ക്കുന്ന കരകര ശബ്ദം മാത്രമാണ് അയാളുടെ ചീത്തവിളി. യന്ത്രം നിലയ്ക്കുമ്പോള്‍ ആ ശബ്ദവും നിലച്ചോളും.
അയാള്‍ എന്തെങ്കിലും വെച്ച് കഴിച്ചോ എന്ന് ഗോവിന്ദന്‍ വെറുതെയെങ്കിലും ഓര്‍ക്കും.
മുമ്പൊക്കെ ഭക്ഷണം വയ്ക്കുന്നതും കഴിക്കുന്നതും കണ്ടിരുന്നു. ഭക്ഷണം കഴിച്ച് പുറത്തേക്ക് വരുമ്പോള്‍ ഗോവിന്ദനെ കണ്ടാല്‍ ഒരു കാറിത്തുപ്പലെങ്കിലും ഉണ്ടാവും. ഇപ്പോള്‍ അതൊന്നും കാണാറില്ല.
തന്റെ ഭക്ഷണത്തിന്റെ പാതി മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെച്ച് പൊടുവണ്ണിയില കൊണ്ട് അടച്ച് ഗോവിന്ദന്‍ കോലായയില്‍ കൊണ്ടുവെച്ചെങ്കിലും ഉറുമ്പരിച്ചപോയതല്ലാതെ പരമുമൂപ്പീന്ന് അതൊന്നും ഗൗനിച്ചതേയില്ല.
എങ്കിലും, ജോലി തുടരുമ്പോഴും മൂപ്പീന്ന് അവിടെത്തന്നെയുണ്ട് എന്ന് ഗോവിന്ദന്‍ ഉറപ്പുവരുത്തി.
കൊടിമരപ്പൂജയുടെ ദിവസം നിശ്ചയിച്ചു.
നാടൊട്ടുക്കുമുള്ള ആളുകള്‍ വന്നുചേരും. ഒരൊറ്റ കൊടിമരത്തിലൂടെ നാടിന്റെ അസ്വാസ്ഥ്യങ്ങള്‍ക്ക് അറുതി വരാന്‍ പോവുകയാണ്. പൂര്‍വ്വാവകാശികളുടെ കുടുംബത്തിലെ മാറാദീനങ്ങള്‍ ഭേദപ്പെടുവാന്‍ പോവുകയാണ്.
കൊടിതോരണങ്ങള്‍ നിറഞ്ഞു. കുരുത്തോലകളില്‍ ചെറുപ്പക്കാര്‍ അവരുടെ കരവിരുതുകള്‍ പ്രദര്‍ശിപ്പിച്ചു. യേശുദാസിന്റെയും ഉണ്ണിമേനോന്റെയും ലീലയുടെയും പാട്ടുകള്‍ കേട്ട് പതം വന്ന കാതുകളുമായി ആല്‍മരത്തിലെ പറവകള്‍ വന്നും പോയുമിരുന്നു. മങ്ങിയ കാഴ്ചയിലും മനുഷ്യരെ മുകളില്‍നിന്ന് അളന്നു കുറിച്ച് വവ്വാലുകള്‍ തൂങ്ങിക്കിടന്നു.
ഗോവിന്ദന്‍ പതിവുപോലെ തന്റെ പുള്ളി മുണ്ടും മുറിക്കയ്യന്‍ ഷര്‍ട്ടും ധരിച്ച്, കൈയില്‍ കഞ്ഞിപ്പാത്രവും പൊതിയുമായി മൂപ്പിന്നിന്റെ വീട്ടിലെത്തി കൈക്കോട്ടുമെടുത്ത് വടക്കേ പറമ്പിലേക്ക് പോയി.
പരമുമൂപ്പീന്ന് കുളിച്ച് നീലം മുക്കിയ വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് ഇടതു കൈകൊണ്ട് മുണ്ട് തെറുത്തു പിടിച്ച് പടിപ്പുര കടന്നു.
ദൂരെ നിന്നേ കൊടിമരത്തിന്റെ മുകള്‍ഭാഗം കാണാം. വെയില്‍നാളമേറ്റ് അത് തിളങ്ങുന്നു. കൊടിതോരണങ്ങളും അലങ്കാരങ്ങളും ആള്‍ക്കൂട്ടവും അയാളുടെ കാഴ്ചവട്ടത്തില്‍ നിന്ന് പിന്‍വാങ്ങുകയും കൊടിമരം മാത്രം തെളിഞ്ഞു നില്‍ക്കുകയും ചെയ്തു.
അടുത്തടുത്തുവരുന്തോറും കൊടിമരത്തിന്റെ മുകളറ്റം ആകാശത്തിലേക്ക് കൂര്‍ത്ത് മേഘങ്ങളില്‍ തുളച്ചു കയറുന്നത് പോലെ അയാള്‍ക്ക് തോന്നി.
ആളുകള്‍ അമ്പലത്തിലേക്ക് കയറിപ്പോകുന്നു. തൊഴുതിറങ്ങുന്നു. ഇടയ്ക്ക് കതീന മുടങ്ങുന്നു. പരമുമൂപ്പീന്ന് ഇതൊന്നും അറിയുന്നതേയില്ല. അയാള്‍ അമ്പലത്തിനകത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുക പോലുമുണ്ടായില്ല.
പൂജാദികര്‍മ്മങ്ങള്‍ നടക്കുന്നതുകൊണ്ട് കൊടിമരത്തിന്റെ തൊട്ടടുത്തേക്ക് ആളുകള്‍ അടുക്കുന്നില്ല. എല്ലാവരും ചുറ്റും നിന്ന് പൂജാരിമാരുടെ കൈക്രിയകളെ ഭക്ത്യാദരപൂര്‍വം കണ്ണുഴിഞ്ഞെടുക്കുമ്പോള്‍ പരമുമൂപ്പീന്ന് അമ്പലത്തിലേക്ക് കയറിപ്പോകുന്ന പടവുകളുടെ ഇടതുഭാഗത്ത്, നിറയെ തിരികളിട്ടു കത്തുന്ന, ഒരാള്‍ വലുപ്പമുള്ള കല്‍വിളക്കിനടുത്ത് മാറിനിന്ന് കൊടിമരത്തെ വീക്ഷിച്ചുകൊണ്ടു നിന്നു.
ഇടതു കൈ വലതുമുട്ടിനു താങ്ങി വലതു കൈപ്പത്തി താടിയില്‍ ചേര്‍ത്തുള്ള അയാളുടെ നിശ്ചലദൃശ്യം അധികമാരും ശ്രദ്ധിച്ചില്ല. എപ്പോഴോ അതുകണ്ട കമ്മിറ്റി പ്രസിഡണ്ട് നാരായണന്‍ മാത്രം, അയാളെ കണ്ടില്ലെന്ന് നടിച്ച് കമ്മിറ്റി ആഫീസിലേക്ക് തിരിഞ്ഞുനടന്നു.
അപരിചിതമായ എന്തോ കണ്ട് അടുത്തുകൂടുന്ന ഉറുമ്പുകള്‍ കണക്കെ ആളുകള്‍ കൊടിമരത്തിന് ചുറ്റിലും കൂടിക്കൂടി വന്നു. കഴിഞ്ഞദിവസം ഗോവിന്ദന്റെ വീട്ടിലെ കോഴിക്കുഞ്ഞിനെ റാഞ്ചിയ അതേ പരുന്ത് കൊടിമരത്തിനു മുകളിലൂടെ വട്ടമിട്ടു പറന്നു. മരങ്ങള്‍ക്കും മീതെ ഒരിരിപ്പിടം ഒത്തു കിട്ടിയതിന്റെ സന്തോഷം അതിന്റെ കണ്ണുകളില്‍ തെളിഞ്ഞിരിക്കാം.
പൂജ കഴിഞ്ഞു.
ആളൊഴിഞ്ഞപ്പോള്‍ പരമുമൂപ്പിന്ന് കൊടിമരത്തിന്റെ ചുവട്ടിലെത്തി മുകളിലേക്ക് നോക്കി പ്രദക്ഷിണം വെച്ചു. വെള്ളി പൂശിയ കൊടിമരത്തിന്റെ വെട്ടിത്തിളക്കം മേഘങ്ങളെ തൊട്ടു വന്നു. ആകാശത്ത് പരുന്തും താഴെ മൂപ്പീന്നും ഒരേ ദിശയില്‍ വട്ടംചുറ്റി കൊടിമരത്തെ അളന്നു.
അതുവഴി വന്ന കമ്മിറ്റി പ്രസിഡണ്ട് നാരായണനെ മൂപ്പീന്ന് കൊടിമരത്തിന്റെ മുന്നില്‍ പിടിച്ചു നിര്‍ത്തി.
'ഇനിയെങ്കിലും അത് പറ.'
ഇതിനുമുമ്പ് പലതവണ നാരായണന്റെ മുമ്പില്‍ ഇതേ ചോദ്യവുമായി മൂപ്പീന്ന് നിന്നിട്ടുണ്ട്.
ഉത്തരം പറയാനാവാതെ മാറിക്കളയുകയായിരുന്നു നാരായണന്‍.
പക്ഷേ, ഇത്തവണ ഉത്തരം കിട്ടിയേ പരമുമൂപ്പീന്ന് ഒരടി മുന്നോട്ടോ പിന്നോട്ടോ വെയ്ക്കൂ. നാരായണന്റെ ഇരുതോളിലുമായുള്ള അയാളുടെ പിടുത്തം അത്രയ്ക്ക് ശക്തമായിരുന്നു.
'വാ...'
കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു അയാള്‍ പരമുവിനെ കൊടിമരത്തിന്റെ ചുവട്ടിലേക്ക് നയിച്ചു. ചുവട്ടില്‍ നിന്ന് കയ്യെത്തുന്ന ഉയരത്തില്‍ പുഷ്പചക്രം കൊത്തിയ ഭാഗത്ത് തൊട്ടുകൊണ്ട് അയാള്‍ പറഞ്ഞു:
'ദാ... ഇതാണ്. ഇതാണ് മൂപ്പീന്നിന്റെ സംഭാവന കൊണ്ട് പണിത ഭാഗം. കണ്ടോ .... ഈ മനസ്സുപോലെത്തന്നെ വെട്ടിത്തിളങ്ങുന്നത് കണ്ടോ .....!'
നാരായണന്‍ പിന്‍വാങ്ങിയതും മൂപ്പീന്ന് വലതുകാല്‍ മുന്നോട്ടുവെച്ച് ചുവട്ടില്‍ പാദങ്ങള്‍ ചേര്‍ത്തുവെച്ച് ശിരസ്സു കുനിച്ചു. പിന്നെ രണ്ടുകയ്യും ഉയര്‍ത്തി പുഷ്പ ചക്രത്തില്‍ സ്പര്‍ശിച്ചു.
അയാളുടെ പുറംകണ്ണും അകക്കണ്ണും പുഷ്പചക്രത്തില്‍ തൊട്ടു.
മരങ്ങള്‍ക്കിടയിലൂടെ കോര്‍ത്തു വന്ന ഒരു നൂല്‍വെളിച്ചം ആ പുഷ്പചക്രത്തില്‍ തട്ടി ചിന്നിച്ചിതറി.
അതിലൊരു പൊട്ട് കണ്ണില്‍ തട്ടിയതു കൊണ്ടെന്നപോലെ മൂപ്പീന്ന് കണ്ണുകളടച്ചു.
താന്‍ സ്പര്‍ശിച്ച പുഷ്പചക്രത്തില്‍ നിന്ന് രണ്ടു കൈയുകള്‍ നീണ്ടു വരുന്നതായും തന്നെ അടിമുടി ഉഴിയുന്നതായും അയാളനുഭവിച്ചു. പൊടുന്നനേ ആകാശം ചലനമറ്റു.
അപ്പോള്‍ ഗോവിന്ദന്‍, ഇന്നത്തെ കൂലി കൂടി കൂട്ടിയാല്‍ വക്കീലാവാന്‍ പഠിക്കുന്ന മകള്‍ക്ക് ഹോസ്റ്റല്‍ഫീസിന് തികയുമല്ലോ എന്നോര്‍ത്ത് തെങ്ങിന്‍തടത്തിനപ്പുറമുള്ള സര്‍വ്വേക്കല്ലില്‍ ഒന്നമര്‍ന്നിരുന്ന് രണ്ടിറുക്ക് കഞ്ഞിവെള്ളം തൊണ്ടയിലേക്കൊഴിച്ചു.
തൊട്ടുമുന്നിലുള്ള, പാതി പഴുത്ത വാഴക്കുലയിലേക്ക് എവിടെ നിന്നോ വന്ന ഒരു അണ്ണാറക്കണ്ണന്‍ കയറിപ്പോകുന്നത് ആദ്യമായി കാണുന്നതുപോലെ അയാള്‍ നോക്കിനിന്നു.