Malayalam Short Story: ശലഭങ്ങളുടെ ആരാച്ചാര്‍, റഹീമ ശൈഖ് മുബാറക്ക് എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. റഹീമ ശൈഖ് മുബാറക്ക് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
നീളത്തില്‍ ട്രെയിന്‍ബോഗികള്‍ പോലെ പണി കഴിപ്പിച്ച വീടിന്‍റെ നടുമുറിയിലെ ചുമരലമാരയില്‍ അച്ചടക്കത്തില്‍ ഒതുക്കി വച്ചിരിക്കുന്ന കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍. പെട്ടികള്‍ നിറച്ചും പലവര്‍ണ്ണ മുഖചിത്രങ്ങളുള്ള കഥാപുസ്തകങ്ങള്‍ ബാലരമകള്‍, ബാലഭൂമികള്‍, പൂമ്പാറ്റകള്‍...
താടിയും മീശയും തഴച്ചു വളര്‍ന്ന ഒരു മനുഷ്യന്‍, പലവട്ടം വായിച്ചു പതിഞ്ഞിട്ടും ആവര്‍ത്തനങ്ങളുടെ വിരസത ബാധിക്കാതെ, ആ മുറിയുടെ മഞ്ഞ വെളിച്ചത്തില്‍ തന്‍റെ അധികം സമയവും വായനയ്ക്ക് വേണ്ടി ചിലവഴിക്കുന്ന കാഴ്ച്ചകളിലേക്ക് കൗതുകത്തോടെ ഉറ്റുനോക്കികൊണ്ട് ഓര്‍മ്മകളുടെ ചുമരും ചാരി എന്‍റെ ബാല്യം നില്‍ക്കുന്നു.
വായനയെന്നത് മത്ത് പിടിപ്പിക്കുന്ന ലഹരിയാണെന്ന് സ്വയം തിരിച്ചറിയുന്നത് ആ മനുഷ്യനില്‍ നിന്നാണ്.
മഞ്ഞും തണുപ്പും പതിയെ പൊതിഞ്ഞു തുടങ്ങുന്ന വൈകുന്നേരങ്ങളില്‍ പഴകിയ കഥാപുസ്തകങ്ങളുടെ ഗന്ധങ്ങളില്‍ നിന്നും ഞാനും വായനയുടെ സമൃദ്ധമായൊരു ലോകത്തിലേക്ക് സകലതും മറന്നുകൊണ്ട് പ്രവേശിക്കാന്‍ ശീലിച്ചതും ആ മനുഷ്യനില്‍ നിന്നു തന്നെയാണ്.
കഥപുസ്തകങ്ങള്‍ മാത്രമായിരുന്നില്ലല്ലോ അയാളുടെ സമ്പാദ്യങ്ങള്‍, പിന്നീട് ചരിത്രമായി ദിനങ്ങള്‍ അടക്കം ചെയ്യപ്പെട്ട പത്രക്കടലാസുകള്‍, പഴമയുടെ ശേഷിപ്പുകള്‍ പേറുന്ന വസ്തുവകകള്‍. അങ്ങനെ ഏതൊക്കെയോ കാലങ്ങളില്‍ അയാള്‍ ശേഖരിച്ചു വച്ചു. ആ ശേഖരങ്ങളില്‍ നിന്നുമാണ് ഞാന്‍ ആദ്യമായി ഗാന്ധിജിയെ കാണുന്നത്. ഗാന്ധിജിയുടെ പല പ്രായത്തിലുള്ള ചിത്രങ്ങള്‍. പ്രായാധിക്യമുള്ള ഇന്ത്യയുടെ നിറമില്ലാത്ത ഫോട്ടോകള്‍. സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രങ്ങള്‍.
അയാള്‍ എനിക്കൊരു അത്ഭുത മനുഷ്യനായിരുന്നു. ദിനവും വര്‍ദ്ധിക്കുന്ന ആകാംക്ഷയോടെ ഞാന്‍ അയാളെ നിരീക്ഷിച്ചു കൊണ്ടേയിരുന്നു.
രാത്രികളില്‍ അയാള്‍ മിന്നാമിനുങ്ങുകളെ നായാടി പ്ലാസ്റ്റിക് കവറുകളില്‍ അടക്കുന്നത് ഞാന്‍ കണ്ടു. രാത്രിയുടെ തിളക്കവും കൗതുകവും ഒടുങ്ങുമ്പോള്‍ മിന്നാമിനുങ്ങുകള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് ഞാന്‍ അറിഞ്ഞില്ല. പകല്‍ വെളിച്ചത്തില്‍ പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന വഴികകളില്‍ അയാള്‍ നിത്യസഞ്ചാരിയായിരുന്നു. ഏകാന്തതകളോട് നിശ്ശബ്ദം സംസാരിക്കാന്‍ ശീലിച്ച അയാള്‍ അധികവും മൗനത്തില്‍ തുടര്‍ന്നു.
പൊടുന്നനെ സകലബിംബങ്ങളും തകരുന്നത് എങ്ങനെയാണ്?
അയാളുടെ മുറിയില്‍ പലകക്കഷ്ണങ്ങള്‍ കൊണ്ട് തീര്‍ത്ത ചുമരിലെ സങ്കടകരമായ കാഴ്ച്ചയെന്‍റെ ഉറക്കം നഷ്ടപ്പെടുത്തി. അവിടെ അനേകം ശലഭങ്ങള്‍ തടവിലാക്കപ്പെട്ടിരുന്നു. അവയുടെ ചിറകുകളില്‍ മൊട്ടുസൂചികള്‍ തറക്കപ്പെട്ടിരുന്നു. ഒന്ന് അനങ്ങാന്‍ പോലും സാധിക്കാത്ത ജീവന്‍റെ നിശ്വാസങ്ങള്‍ ആ മുറിയില്‍ അടക്കം ചെയ്യപ്പെട്ടിരുന്നു. മനോഹരമായ നിറങ്ങളില്‍ കൊത്തുപണികള്‍ തീര്‍ത്ത അവയുടെ ചിറകുകള്‍ മോചനവും പ്രതീക്ഷിച്ചു കിടന്നു.
മോചനം നല്‍കാന്‍ അവസരം ആഗ്രഹിക്കുമ്പോഴും എന്‍റെ തടവറയുടെ ഉമ്മറപ്പടിയില്‍ ഇരുള്‍ പടര്‍ന്നു കിടന്ന ഭയത്തില്‍ ഞാന്‍ ഉറങ്ങാതെ കിടന്നു.
ആ ശലഭങ്ങള്‍ക്ക് പിന്നീട് എന്ത് സംഭവിച്ചു...?
ഓര്‍മ്മകളില്‍ നിന്നും മാഞ്ഞുപോയതാകണം. അവസാനം ഞാന്‍ കാണുമ്പോള്‍ മുന്തിരിക്കുലകള്‍പ്പോലെ വെളുത്ത മുട്ടകള്‍ അവയ്ക്ക് താഴെ നിറഞ്ഞു കിടന്നിരുന്നു.
ഇന്നും തണുത്ത സായാഹ്നങ്ങളില്‍ ഞാന്‍ നടുമുറിയും കഥാപുസ്തകങ്ങളും ഓര്‍മ്മിക്കും. ഓര്‍മ്മകളുടെ സഞ്ചാരം നേര്‍ത്ത് നേര്‍ത്ത് തീരെ ശൂന്യമാകുമ്പോള്‍ ഞാന്‍ ശലഭങ്ങളുടെ ശ്വാസോച്ഛാസനങ്ങളിലേക്ക് കാതോര്‍ത്ത് ആ പഴയ മുറിയില്‍ അങ്ങനെ നില്‍ക്കുകയായിരിക്കും.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...