Malayalam Short Story : കത്രിക, റഫീസ് മാറഞ്ചേരി എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. റഫീസ് മാറഞ്ചേരി എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
പിന്നിലും മുമ്പിലുമായി ഘടിപ്പിച്ച വലിയ കണ്ണാടിയില്‍ തന്റെ തന്നെ പ്രതിബിംബം കണ്ടുകൊണ്ട് അയാള്‍ കറങ്ങുന്ന കസേരയിലിരുന്നു. രാവിലെ കട തുറന്നതുമുതല്‍ ഇങ്ങനെ ഇരിക്കാന്‍ തുടങ്ങിയതാണ്. കടയ്ക്ക് മുന്നിലൂടെ നടന്നു പോകുന്നവരുടെ ചലനങ്ങള്‍ ആ വലിയ കണ്ണാടിയുടെ മൂലയില്‍ തെളിയുമ്പോഴൊക്കെ ഷേവ് ചെയ്തയിടത്ത് കിളിര്‍ത്ത പുതിയ മുടികള്‍ പോലെ അയാളില്‍ പ്രതീക്ഷകള്‍ നാമ്പിടും. തന്റെ കടയും കടന്ന് അവര്‍ നീങ്ങുമ്പോള്‍ വളരാതെ ആ പ്രതീക്ഷകള്‍ കൊഴിയും.
റമദാന്‍ ആദ്യത്തെ പത്ത് കഴിയാറായി. പലചരക്ക് കടയിലെ പറ്റ് നാലക്കത്തിലേക്ക് മുട്ടാന്‍ അധിക സമയമൊന്നും വേണ്ട. വല്ലപ്പോഴും കടന്നു വരുന്നവരുടെ മുഖവും തലയും വെട്ടിയൊരുക്കിയത് കൊണ്ട് പഴവര്‍ഗ്ഗങ്ങളും മീനും ഇറച്ചിയുമൊക്കെ തീന്‍ മേശയില്‍ നിറയുന്നുവെങ്കിലും ഓരോ നോമ്പ് തുറക്ക് മുമ്പും ചീര്‍പ്പില്‍ കൊഴിഞ്ഞ മുടികളെ കാണുന്നവനെ പോലുള്ള ആധിയാണ്.
'ഈ ആളുകളെന്തിനാ അവസാനത്തെ പത്തും പെരുന്നാള്‍ തലേന്നും വന്നെത്തുന്നത് വരെ കാത്തിരിക്കുന്നത്..?' ഉറക്കമൊഴിച്ച് വേദനിക്കുന്ന കാലുമായി പുലരും വരെ കത്രികയും ചീര്‍പ്പും കയ്യിലേന്തി നിന്ന കഴിഞ്ഞകാല പെരുന്നാള്‍ രാവുകളെ കുറിച്ച് അയാളോര്‍ത്തു.
ആദ്യത്തെ പത്തില്‍ പ്രാര്‍ത്ഥനയല്ലാതെ കേശ സംരക്ഷണമോ സൗന്ദര്യമോ ഒന്നും ആരും ചിന്തിക്കില്ല. അത് പോട്ടെ, രണ്ടാമത്തെ പത്ത് തുടങ്ങുമ്പോഴെങ്കിലും ആളുകള്‍ക്ക് ഇതേപറ്റി ചിന്തിച്ചു കൂടെ..! എത്രയാളുകളാണ് പെരുന്നാള്‍ തലേന്ന് കടയിലെ തിരക്ക് കണ്ട് ഇനി മടങ്ങിപ്പോവുക. അവര്‍ ഇപ്പോള്‍ വരികയാണെങ്കില്‍ തന്റെ പല ഇല്ലായ്മയും ഇല്ലാതാകും. മക്കള്‍ ആഗ്രഹിച്ചതൊക്കെ ഇഫ്താര്‍ നേരത്ത് പൊരിച്ചും വേവിച്ചും ജ്യൂസാക്കിയും വിളമ്പുകയും ചെയ്യാം. അതുമാത്രമോ, ഇപ്പോള്‍ വരുന്നവര്‍ക്ക് പെരുന്നാള്‍ തലേന്ന് കടയില്‍ വന്നു കാത്തിരുന്നു സമയം കളയാതെ, മറ്റു ബാര്‍ബര്‍ ഷോപ്പുകള്‍ തേടി അലയാതെ ആഘോഷ പരിപാടികളില്‍ വ്യാപൃതരാവാം.
അയാള്‍ കണ്ണാടിയിലേക്ക് സൂക്ഷിച്ചു നോക്കി. മീശ രോമങ്ങള്‍ നീളമേറി മേല്‍ ചുണ്ടിലേക്ക് വീണു കിടക്കുന്നു. നാവ് കൊണ്ട് തപ്പി പല്ല് കൊണ്ട് അവ കടിച്ചു പൊട്ടിക്കുന്ന ശീലം തുടങ്ങിയിരിക്കുന്നു. മാത്രമല്ല, എന്തെങ്കിലും കുടിക്കുമ്പോള്‍ മീശ ശുദ്ധീകരിച്ചതിന് ശേഷമാണ് നാവിപ്പോള്‍ രുചിക്കുന്നത്.
ഇടതുകൈ കൊണ്ട് ചീര്‍പ്പ് വെച്ച് മീശയൊതുക്കി വലതു കയ്യിലെ വിരലുകളിലേന്തിയ കത്രികയാല്‍ അയാള്‍ മീശ രോമങ്ങളുടെ നീളം വെട്ടിക്കുറച്ചു കൊണ്ടിരുന്നു.
'ആരും ഇല്ലേ.. സ്വയം സുന്ദരനാവാനുള്ള പരിപാടിയാണോ..' ശബ്ദം കേട്ടപ്പോള്‍ കണ്ണാടിയുടെ വിശാലതയിലേക്ക് അയാള്‍ കാണോടിച്ചു.
'ആഹ്.. ഹസ്സന്‍ക്കാ.. ഇരിക്കിന്‍.' എന്നു പറഞ്ഞു കൊണ്ട് കത്രികയും ചീര്‍പ്പും ടേബിളില്‍ വെച്ച് അയാള്‍ മുഖം തുടച്ചു.
'ഇന്ന് പണിയില്ലേ..' എന്ന പ്രവര്‍ത്തി ദിവസങ്ങളില്‍ വരുന്ന പരിചയക്കാരോടുള്ള സ്ഥിരം ചോദ്യം ഉള്ളിലൊതുക്കി 'താടി മാത്രമാണോ' എന്നു ചോദിച്ചു.
'ആ.. അതുമതി, മുടി പെരുന്നാതലേന്ന് വെട്ടാം.'
പ്രതീക്ഷയോടെ കയ്യിലെടുത്ത വലിയ മുണ്ട് തിരിച്ചു വെച്ചു. ചെറിയ മുണ്ട് എടുത്ത്
താടിക്ക് കീഴെയായി തോളിലൂടെ തൂക്കിയിട്ടു. കത്തിയെടുത്ത് പാതിമുറിച്ച ബ്ലേഡ് മാറ്റിയിടാന്‍ ഒരുങ്ങി.
'ഇവിടെ വരുമ്പോഴാ കണ്ണാടി നോക്കുന്നത്.. അല്ലാത്തപ്പോ ഖബറടക്കുന്ന ഓരോ മയ്യത്തിലും ഞാന്‍ എന്നെ തന്നെ കാണാറാണ് പതിവ്...' പറഞ്ഞു കൊണ്ട് ഹസ്സന്‍ക്ക നരവീണ താടി രോമങ്ങള്‍ കൈകൊണ്ടൊന്നു കോതിയൊതുക്കി, അവസാനത്തെ മൂന്നുപിടി മണ്ണ് വാരിയിടും മുമ്പുള്ള പ്രാര്‍ത്ഥനാ മന്ത്രം പോലെ.
'നോമ്പ് ആയത് കൊണ്ട് ആളുകള്‍ വളരെ കുറവാ.. ഇനി രണ്ടാമത്തെ പത്ത് കഴിയണം..'ഷേവിങ് ക്രീം താടിയില്‍ പതപ്പിക്കുമ്പോള്‍ അയാള്‍ പറഞ്ഞു.
അത് കേട്ട് ഹസ്സന്‍ക്ക ഒന്നു ചിരിച്ചു. 'നമുക്കൊന്നും ആരേയും വിളിച്ചു കയറ്റിയോ ആവശ്യമുണ്ടോ എന്നു തേടിപ്പോയോ പണിയെടുക്കാന്‍ വയ്യല്ലോ.. ശരീരത്തിന് തോന്നുമ്പോള്‍ നിനക്കും ആത്മാവിന് തോന്നുമ്പോള്‍ എനിക്കും അന്നം തെളിയും..!'
വെള്ളിനിറമുള്ള താടിയിഴകളെ പൊതിഞ്ഞ വെളുത്ത പതയെ കത്തി ചോര പൊടിയാതെ താഴേക്ക് തള്ളിയിടുമ്പോള്‍ പിടി ഇളകിയ മണ്‍വെട്ടി ഇന്നു തന്നെ ശരിപ്പെടുത്തി വെയ്ക്കണമെന്നത് ഓര്‍മ്മ വന്നു ഹസ്സന്‍കാക്ക്!
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...