Malayalam Short Story : അടച്ചിട്ട മുറി, പ്രീത വി വി എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. പ്രീത വി വി എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
'അതിന് എനിക്കൊന്നും നഷ്ടപ്പെട്ടിട്ടില്ലല്ലോ അതുകൊണ്ട് എനിക്ക് നഷ്ടപരിഹാരം ഒന്നും വേണ്ട'
ഋഷികീര്‍ത്തിയുടെ നിശ്ചയദാര്‍ഢ്യം വഴിയുന്ന ശബ്ദം കോടതിമുറിക്കുള്ളില്‍ ഒരു അലയിളക്കം സൃഷ്ടിച്ചെങ്കിലും ജയപ്രകാശനില്‍ അത് കലിയിളകിയ തിരമാല പോലെയാണ് വന്നടിച്ചത്. പിന്നെ കോടതിയുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാനാകാതെ വേര്‍പിരിയലിന് മൗനം സമ്മതം കൊടുത്ത് അവന്‍ കൂട്ടില്‍ നിന്നിറങ്ങി.
ബൈക്കില്‍ കയറാന്‍ നേരം കോടതിവരാന്തയില്‍ നിന്ന് അച്ഛനോട് തര്‍ക്കിക്കുന്ന ഋഷിയെ അവന്‍ ദൂരെ നിന്ന് നോക്കി നിന്നു.
'ഞാന്‍ സത്യേല്ലേ പറഞ്ഞുള്ളൂ ഒരു രാത്രിപോലും എന്നോടൊപ്പം കഴിയാത്ത ആ മനുഷ്യനെ കല്യാണം കഴിച്ചതുകൊണ്ട് എനിക്കെന്താണാച്ഛാ നഷ്ടപ്പെട്ടത്. പിന്നെ അച്ഛന്‍ പറയുന്ന അഭിമാനം. അത് നഷ്ടപ്പെട്ടത് അവര്‍ക്കല്ലേ. അയാളല്ലേ ആദ്യരാത്രി ഇറങ്ങിപ്പോയ മണവാളന്‍. അതല്ല കല്യാണച്ചിലവിന്റെ കാര്യാണെങ്കില്‍, അവര് പറഞ്ഞിട്ടാണോ നമ്മളീ കല്യാണം ഇത്രേം ആര്‍ഭാടമാക്കിയത്.'-ഋഷി അച്ഛനോട് പറഞ്ഞു.
'നീ അച്ഛനോട് വാശി തീര്‍ക്കുകയാണോ? അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ പോലും കഴിയാത്ത ഈ കല്യാണം കോടതിവരെ എത്തിക്കേണ്ട കാര്യം എന്തായിരുന്നു?'
'അച്ഛനങ്ങനെയൊന്നും കരുതണ്ട. എനിക്കൊരിക്കല്‍ കൂടി അയാളെ കാണണായിരുന്നു. അതിന് മറ്റൊരു വഴി ഞാന്‍ കണ്ടില്ല.'
തന്നിലേക്ക് വന്നടിച്ച തിരമാല പോറലുകളൊന്നും ഏല്‍പ്പിക്കാതെ മുന്നിലൂടെ നടന്നകലുമ്പോള്‍, തന്റെയുള്ളില്‍ തിരകളുണ്ടാക്കിയ പ്രതലത്തില്‍ ഞണ്ടുകളോരോ കുഴികളുണ്ടാക്കുന്നത് ജയപ്രകാശന്‍ അറിയുന്നുണ്ടായിരുന്നു.
രണ്ട്
ആര്‍ഭാടത്തില്‍ പൊതിഞ്ഞ ആഘോഷമായിരുന്നു ഋഷിയുടെയും ജയപ്രകാശിന്റെയും കല്യാണം. ആദ്യരാത്രിയില്‍ കല്യാണ ചെക്കന്‍ മിസ്സിംഗ്. ചെക്കന്റെ വീട്ടുകാര്‍ക്കിടയിലെ അടക്കം പറച്ചിലുകളും അവനെ തിരക്കിപോകുന്നതിന്റെ എളിമയും കണ്ടപ്പോള്‍ അതൊരു അസ്വഭാവിക മിസിംഗ് ആയിട്ട് ഋഷിക്ക് തോന്നിയില്ല. പിന്നെ അവളെ സമാധാനപ്പെടുത്താന്‍ മുറിയിലേക്ക് വന്നത് ഏട്ടത്തിയമ്മ മാത്രം. വാക്കുകള്‍ക്ക് പഞ്ഞം വന്നപ്പോള്‍ അവര്‍ ഇറങ്ങിപ്പോയി. പിറ്റന്നാള്‍ ഉച്ചയോടടുത്ത് വീട്ടുകാരോടൊന്നിച്ചു ഋഷി ആ വീട് വിട്ടിറങ്ങുന്നതുവരെ മണവാളന്‍ എത്തിയില്ലായിരുന്നു. പിന്നെപ്പോഴോ അറിഞ്ഞു ഒരാഴ്ച കഴിഞ്ഞു വന്നെന്നും അത് ഇടയ്ക്കിടക്കുള്ള മിസിംഗ് ആണെന്നും. അത് കേട്ടപ്പോള്‍ അച്ഛന് പറ്റിയ ഭവിഷ്യത്തിനെക്കുറിച്ചോര്‍ത്ത് ചിരിക്കാതിരിക്കാന്‍ ആയില്ല. ശേഷം ജയപ്രകാശിനെ കണ്ടത് കോടതി മുറിക്കുള്ളില്‍ വച്ചാണ്.
മണിക്കൂറുകള്‍ മാത്രം നീണ്ടുനിന്ന വിവാഹ ജീവിതം.
ഒന്നു പുറത്തേക്കിറങ്ങാം എന്നായപ്പോള്‍ ഋഷി ആദ്യം പോയത് നേത്രയുടെ അടുത്തേക്കാണ്. അവള്‍ക്ക് ആകെയുള്ള ഇന്റിമേറ്റ്. അവളോളം കലര്‍പ്പില്ലാതെ ബന്ധം സൂക്ഷിക്കുന്ന ഒരു വ്യക്തിയെയും ഋഷി തന്റെ ജീവിതത്തില്‍ കണ്ടിട്ടില്ലായിരുന്നു.
ഒന്നും മിണ്ടാതെ കോടതിമുറിക്കുള്ളില്‍ നിന്ന ആ മനുഷ്യന്റെ നില്‍പ്പില്‍ തുടങ്ങി അവന്റെ മുറിയിലെ വിസ്മയകാഴ്ച്ചകളെയും ഉറക്കമില്ലാത്ത ആദ്യ രാത്രിയില്‍ അവന്‍ എഴുതിവച്ച പുസ്തകത്തിനുള്ളിലെ വരികളും അവിസ്മരണീയമാം വിധത്തില്‍ വിവരിക്കുന്ന കൂട്ടത്തില്‍ ഇതുകൂടി കൂട്ടിച്ചേര്‍ത്തു
''പിരിഞ്ഞതെന്തായാലും നന്നായി അവന്റൊരു സ്‌ക്രൂ ലൂസായി കിടക്കുന്നതാണോന്ന് എനിക്കൊരു സംശയം ഉണ്ട്.'
ഋഷി സ്വയം സമാധാനിക്കാന്‍ ശ്രമിക്കുകയാണെങ്കിലും അവളിലെവിടെയോ ആഴത്തില്‍ അവന്‍ പതിഞ്ഞിട്ടുണ്ടെന്ന് മനസ്സിലാക്കിയ നേത്ര തലേന്നാള്‍കണ്ട കിംകിഡുക്ക് കഥാപാത്രത്തെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് കേള്‍പ്പിച്ചു കൊടുത്തു.
അന്നുപിരിഞ്ഞ അവര്‍ പിന്നെ കാണുന്നത് ഒരാഴ്ച്ച കഴിഞ്ഞ് നേത്രയുടെ ക്ലിനിക്കില്‍ വച്ചാണ്.
വിശേഷം കഴിഞ്ഞ ഉടനെ ഒരു മുഖവുരയും ഇല്ലാതെ നേത്ര പറഞ്ഞു
'ഋഷി ഒരിക്കല്‍ കൂടി നീ ആ വീട്ടിലേക്ക് പോകോ'
'ഏത് വീട്ടിലേക്ക്?'
'ജയപ്രകാശിന്റെ....'
കേട്ടപ്പോ തന്നെ ഋഷിയുടെ കലി ഇളകി.
'എന്ത് പ്രാന്താ നേത്രാ നീ പറയുന്നത്.'
'നിന്നോട് ആ വീട്ടില്‍ പോയി താമസിക്കാനല്ല ഞാന്‍ പറയുന്നത്. എന്റെ നിഗമനം ശരിയാണെങ്കില്‍ കുറച്ച് മാസത്തിനുള്ളില്‍ ജെപി ( അങ്ങനെയാണ് എല്ലാവരും അയാളെ അഭിസംബോധന ചെയ്യുന്നത് ) സൂയിസൈഡ് ചെയ്യാം. ഒരു ജീവനെ സേവ് ചെയ്യാനുള്ള അവസരം ആണ് ഞാന്‍ നിനക്ക് തരുന്നത്.'
' എനിക്ക് ആ അവസരം വേണ്ട'
'വേണ്ടെങ്കില്‍ വേണ്ട.. അവന്‍ ഈ ഭൂമിയില്‍ നിന്ന് തുടച്ചുമാറ്റപ്പെട്ടുകഴിഞ്ഞാല്‍ കുറ്റബോധത്തിന്റെ അംശംവും പേറി നീ എന്നെ കാണാന്‍ വന്നേക്കരുത്..'
' നീ എന്തൊക്കെ പറഞ്ഞാലും എനിക്ക് പറ്റില്ല.'
'ഓക്കേ. ഞാന്‍ നിര്‍ബന്ധിക്കുന്നില്ല പക്ഷെ നീ സമയം കിട്ടുമ്പോള്‍ ഒന്നാലോചിച്ചു നോക്കണം. ഒരുനാള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചവന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ പറ്റുമോന്ന.'
നേത്രയുടെ ഒരു പ്രത്യേകതയാ അത്, അവള്‍ക്കനുകൂലമാകുന്ന എന്തെങ്കിലും കൊരുത്തിട്ടായിരിക്കും അവളവസാനിപ്പിക്കുക, പിന്നെ അത് കൊളുത്തി പിടിക്കും പോലെയൊരു വലിയാണ്. സ്വസ്ഥത കിട്ടില്ല.
മൂന്ന്
അന്നത്തെ പോലെ വലതുകാല്‍ വച്ച് മുറ്റത്തേക്ക് കയറിയപ്പോള്‍ അമ്മ വന്നു കയ്യില്‍ കയറി പിടിച്ചു, അവര്‍ മറന്നിട്ടില്ല. അവര്‍ക്ക് ഋഷിയോട് സ്‌നേഹം ആയിരുന്നു. വേദനിപ്പിച്ചിട്ടും ഋഷി കോടതിമുറിയില്‍ വേദനിപ്പിക്കാതെ വിട്ടതിലുള്ള നന്ദി വാക്കുകളിലൂടനീളം ഉണ്ടായിരുന്നു. ആ നന്ദിയ്ക്ക് പകരം ഋഷി ചോദിച്ചത് ജെപി യുടെ മുറിയില്‍ ഒരിക്കല്‍ക്കൂടി കയറാനുള്ള അനുവാദം മാത്രമായിരുന്നു.
'അന്ന് കോടതിയില്‍ നിന്ന് വന്ന ശേഷം ആരും ആ മുറിയില്‍ കയറിയിട്ടില്ല മോളെ. താക്കോല്‍ കയ്യില്‍ കൊണ്ട് നടപ്പാ. അതിനു മുന്‍പും ഇങ്ങനെ ആര്‍ക്കും കയറാനുള്ള മുറി അല്ലായിരുന്നു അത്.'
അമ്മയുടെ വാക്കുകള്‍ കേട്ട് നിരാശയോടെ ഇറങ്ങാന്‍ തുടങ്ങിയെങ്കിലും ഏട്ടത്തിയമ്മ ചെറിയൊരു വെട്ടം തന്നു. 'നോക്കട്ടെ , ഞാനൊരു ശ്രമം നടത്താം ഉറപ്പൊന്നും പറയുന്നില്ല...'
നേത്രയുടെ വാക്കുകേട്ട് വെറുതെ ഒരു ശ്രമം മാത്രമായിരുന്നു അതെങ്കിലും, അവിടെ നിന്ന് ഇറങ്ങിയപ്പോള്‍ തൊട്ട് ആ മുറി കാണാനുള്ള ഒരിത് പുളിയുറുമ്പിന്റെ കൊട്ടയില്‍ കയ്യിട്ടപ്പോള്‍ കിട്ടുന്ന നീറ്റല്‍ പോലെ ഋഷിയെ പൊള്ളിച്ചുകൊണ്ടിരുന്നു.
ഏട്ടത്തിയമ്മ അന്ന് സമാധാനിപ്പിച്ചതിനു ഒരു ഫലം ഉണ്ടായത് ഇന്ന് രാവിലെ അവരുടെ കാള്‍ കിട്ടിയപ്പോഴാണ്. നേത്രയെ വിളിച്ച് കാര്യം പറഞ്ഞ് വേഗം പുറപ്പെട്ടു.
ആ മുറിക്കകത്ത് കയറിയപ്പോള്‍ ഒരു രാത്രി കണ്ണീരില്‍ കുതിര്‍ന്നിരുന്ന തന്നെ ഋഷി ഓര്‍ത്തു. അന്ന് കണ്ടതുപോലെയല്ല ആക്രികടയില്‍ കയറിയതുപോലെയുണ്ട്. വെറൈറ്റി ആയി തോന്നിയതൊക്കെ വാങ്ങിക്കൂട്ടിയിരിക്കണം. കൂട്ടത്തില്‍ കുറേ പുസ്തകം. പെയ്ന്റിങ്. ഓരോന്നും നോക്കുന്നതിനിടയില്‍ നേത്രയുടെ നിര്‍ദേശം ഓര്‍മ്മ വന്നു
'അവന്‍ ഇറങ്ങിപോകുന്നതിന്റെ എന്തെങ്കിലും ഒരടയാളം ആ മുറിയില്‍ നിന്ന് കിട്ടാതിരിക്കില്ല.. അത് കണ്ടത്തിയിട്ടേ നീ വരാവൂ.'
ഈ മ്യൂസിയത്തിനകത്ത് എന്ത് കണ്ടെത്താനാണ്?
എല്ലാം നോക്കുന്നതിനിടയില്‍ അന്ന് വായിച്ച വരിയുടെ ബാക്കി വരികള്‍ അവള്‍ തിരഞ്ഞുകൊണ്ടേയിരുന്നു. വായിച്ച രണ്ട് വരികളല്ലാതെ മറ്റൊന്നും ഓര്‍മ്മയില്‍ ഇല്ല.
' എന്നോട് തന്നെ കലഹിക്കുന്നൊരു ഹൃദയം പേറിയാണ് ഞാന്‍ നടക്കുന്നത് അതിനിടയില്‍ ഒണ്ടാക്കാനായിട്ട് ആരും എന്നിലേക്ക് വന്നേക്കരുത്.്.'
തിരച്ചിലുകള്‍ക്കൊടുവില്‍ അത് കണ്ടെത്തി, ഭംഗിയുള്ള ഒരു സ്‌പൈറല്‍ നോട്ട്. നിറയെ എഴുത്തുകള്‍. ഉടനെതന്നെ ഓരോ പേജും ക്യാമറയില്‍ പകര്‍ത്തി. യാത്രപറഞ്ഞിറങ്ങുമ്പോള്‍ ഉള്ളിലുള്ള നീറ്റല്‍ സുഖമുള്ളൊരു വേദനയായി മാറി.
അത് പങ്കുവെയ്ക്കാനായി നേത്രയുടെ അടുത്തേക്കൊടി.
എല്ലാം വായിച്ചുകഴിഞ്ഞപ്പോള്‍ നേത്ര പറഞ്ഞു
'നിനക്കവനെ എന്റടുത്തു എത്തിക്കാന്‍ പറ്റോ?'
'അടുത്തത്... ഇത് ഞാന്‍ പ്രതീക്ഷിച്ചതാ, നിനക്കിങ്ങനെ എന്തെങ്കിലും വള്ളിക്കെട്ടിന്റെ പിറകെ പോയ്‌ക്കൊണ്ടിരിക്കണം, ഇതിനെന്തായാലും ഞാനില്ല, വെറുതെയല്ല എന്റച്ഛന്‍ പറയുന്നത് നിനക്ക് വട്ടാണെന്ന് '
'പ്ലീസ് ഋഷി, നിന്നെക്കാള്‍ വിലപ്പെട്ട എന്ത് തിരക്കിയാണ് അവനന്ന് ഇറങ്ങി പോയതെന്ന് അറിയണ്ടേ?'
'വേണ്ട .. നീ അമ്പിളി മാമനെ പിടിച്ചുതരാന്‍ പറ. ചിലപ്പോള്‍ ഞാന്‍ ശ്രമിക്കും. ഇത് നടക്കൂല'
'നീ അമ്പിളി മാമന്റെ കാര്യം പറഞ്ഞപ്പോഴാ ഒരു കാര്യം ഓര്‍ത്തത്; നമ്മുടെ നാട്ടില്‍ അമ്പിളി എന്ന പേര് ആണ്‍കുട്ടിക്കാണോ പെണ്‍കുട്ടിക്കാണോ ഇടുക? '
' ഒന്ന് പോയെ നേത്രാ, ആനക്കാര്യത്തിനിടയ്ക്കാ ഒരു ചേനക്കാര്യം..'
' നീ ഉത്തരം പറ'
' പെണ്‍കുട്ടിക്ക്, അത് ആര്‍ക്കാ അറിയാത്തെ.'
' പിന്നെങ്ങനാ നീ അമ്പിളി മാമന്‍ എന്ന് പറഞ്ഞത്. അമ്പിളി അമ്മായി അല്ലേ?'
' എന്റെ പൊന്നോ എനിക്കറിയില്ല. ഇനി കാണുമ്പോ നോക്കിയേക്കാം'
'അതല്ലടി കാര്യം ഉണ്ട് ഇന്നലെ എനിക്കൊരു കേസ് വന്നു.. ആറാം ക്ളാസില്‍ പഠിക്കുന്ന മിടുക്കനായ ആണ്‍കുട്ടി... പെട്ടന്ന് ഒരു ദിവസം മുതല്‍ അവന്‍ സ്‌കൂളില്‍ പോകുന്നില്ല.. കാരണം 'അമ്പിളി' എന്നാണ് അവന്റെ വിളിപ്പേര്. അതെങ്ങനോ സ്‌കൂളില്‍ അറിഞ്ഞു. പെണ്‍കുട്ടിയുടെ പേരാണെന്ന് പറഞ്ഞു കുട്ടികള്‍ കളിയാക്കുന്നത്രെ. കഷ്ടകാലത്തിന് ആ ക്ളാസില്‍ അമ്പിളി എന്ന് പേരുള്ള പെണ്‍കുട്ടിയും ഉണ്ട്, പുകില് പറയണോ. അവനു ഭയങ്കര മാനസിക പ്രശ്‌നം. അമ്മയാണ് കൂട്ടിയിട്ട് വന്നത് അമ്മ പറയുന്നു അച്ഛന്റെ പേര് ചന്ദ്രന്‍ ആയതോണ്ട് പര്യായം നോക്കി വിളിച്ചതാണെന്ന്..'
' അത് ഭയങ്കര കോമഡി ആണല്ലോ'
'നിനക്ക് കോമഡി, അവനെ കണ്‍വിന്‍സ് ചെയ്യാന്‍ ഞാന്‍ പെട്ടപാട്. ഇങ്ങനാ മോളെ മനുഷ്യന്റെ മനസ്സ്. എവിടെ കുരുക്ക് വീഴുംന്ന് പറയാന്‍ പറ്റില്ല. ഒരുകെട്ട് വീണാല്‍ മതി അത് ചുരുളഴിച്ച് അപ്പോള്‍ തന്നെ നേരയാക്കിയില്ലെങ്കില്‍ പിന്നെ ജഡ കെട്ടും പോലെയാണ്. പിന്നീട് എത്ര പെര്‍ഫെക്ട് ആയാലും ഉള്ളിലുള്ള കെട്ട് അതിനെയൊക്കെ ഇല്ലാണ്ടാക്കും. അങ്ങനെ എന്തെങ്കിലും കാണും ജെപി യുടെ കാര്യത്തിലും. നീ അവനുമായി ഒരു കൂട്ട് ഉണ്ടാക്കാന്‍ നോക്ക്.'
' അത് വേണോ?'
'വേണം.. കാരണം ഈ എഴുത്തുകള്‍ പറയുന്നു അവന്‍ തെറ്റുകാരന്‍ അല്ലെന്ന്. കലഹിക്കുന്ന ഹൃദയത്തേക്കുറിച്ച് എഴുതിയ ഡേറ്റ് നീ ശ്രദ്ധിച്ചോ. അത് നിങ്ങളുടെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞ ദിവസം ആണ്. അതില്‍ നിന്ന് വ്യക്തമാണ് അവന്റെ ഇഷ്ടത്തോടെയല്ല ഈ വിവാഹം നടന്നതെന്ന്. പിന്നെ നിങ്ങള്‍ പിരിഞ്ഞ ദിവസം എഴുതിയ ഈ വരികള്‍ നോക്കിയേ-''...ഇനി ജെപി ഇല്ല, പിജെയാണ്. തലതിരിഞ്ഞവന്‍ അല്ലായിരുന്നെങ്കില്‍ അവളെ നഷ്ടപ്പെടുത്തില്ലായിരുന്നു.''
നിന്നോട് ഇപ്പോള്‍ അവനൊരു സോഫ്റ്റ് കോര്‍ണര്‍ ഉണ്ട്. അന്ന് കോടതിയില്‍ നീ എടുത്ത തീരുമാനം ആയിരിക്കാം അതിനു കാരണം. അതുകൊണ്ട് നീ ഒന്ന് കണ്ടാല്‍ മതി, സൗഹൃദം അവന്‍ ഉണ്ടാക്കിക്കോളും. അവനെക്കാണാനുള്ള വഴിയെന്തെങ്കിലും കണ്ടെത്ത്'
'ഞാന്‍ കാണാം, പക്ഷെ നീ പറയുന്നതുപോലെ സംഭവിച്ചില്ലെങ്കിലോ?'
' സംഭവിച്ചില്ലെങ്കില്‍ അല്ലേ, അത് അപ്പോ നോക്കാം.'
നാല്
നേത്ര പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. അതായിരുന്നു അവളുടെ പ്രൊഫഷന്റെ വിജയവും. ഋഷി എവിടെ വിളിച്ചാലും കൂടെപോകുമെന്ന അവസ്ഥയിലേക്ക് ആ സൗഹൃദം വളര്‍ന്നപ്പോള്‍ ഒരു ദിവസം ഋഷി ജെപിയെ നേത്രയുടെ അടുത്തേക്കെത്തിച്ചു. പൂരപ്പറമ്പില്‍ വച്ച് കണ്ട പരിചയം പോലും കാണിച്ചില്ല നേത്ര.
'മാഡം എന്റെ പേര് ഋഷികീര്‍ത്തി. ഇതെന്റെ സുഹൃത്ത് ജയപ്രകാശ്. ഇവനൊരു പ്രശ്‌നം ഉണ്ട് നിന്ന നില്‍പ്പില്‍ അങ്ങ് കാണാണ്ടാകും. എങ്ങോട്ട് പോകുന്നെന്നോ എന്തിനു പോകുന്നെന്നോ ആര്‍ക്കും അറിയില്ല, കണ്ടുപിടിക്കാന്‍ പോലീസിനെക്കാളും ബെസ്റ്റ് സൈക്കോളജിസ്റ്റ് ആയിരിക്കുമെന്ന് തോന്നി, അതാണ് ഇങ്ങോട്ട് വന്നത്.'
ഇത് കേട്ടതും ജെപി അവിടുന്ന് ഇറങ്ങി ഓടാനുള്ള ഭാവത്തിലായി. പക്ഷേ, ഋഷിയെ വീണ്ടും നഷ്ടപ്പെടുമോ എന്നുള്ള പേടിയില്‍ അവനനങ്ങാന്‍ പറ്റിയില്ല.
'നിങ്ങള്‍ കുറച്ചു നേരം പുറത്തിരിക്കൂ'
നേത്ര ഋഷിയോട് പറഞ്ഞു.
'ഓഹോ, ഇപ്പോ ഇങ്ങനെ ആയാ. ശരിയാക്കിത്തരാട്ടാ..' എന്ന് പ്രാകിക്കൊണ്ട് ഋഷി വെയ്റ്റിംഗ് ഏരിയയിലുള്ള സോഫയില്‍ പോയിരുന്നു.
ഒരു സൗഹൃദ സംഭാഷണത്തില്‍ തുടങ്ങി അവന്റെ ഓരോ പരിണാമഘട്ടത്തെയും നൂലിഴപോലെ വേര്‍തിരിച്ചെടുക്കും രീതിയില്‍ നേത്ര സംസാരം തുടര്‍ന്നെങ്കിലും സ്വമേധയായുള്ള വരവല്ലാത്തതിനാല്‍ വളരെ വിദഗ്ദമായി ജെപി സംസാരിക്കാന്‍ ശ്രമിച്ചു. ഇത് മനസ്സിലാക്കിയ നേത്ര എവിടെത്തൊട്ടാല്‍ പൊള്ളുമെന്നറിയാന്‍ അവന്റെ കണ്ണിലേക്ക് നോക്കി മറ്റെന്തോ ആലോചിക്കുംപോലെ രണ്ട് സെക്കന്റിരുന്നു. അപ്പോള്‍ അവന്‍ കണ്ണ് വെട്ടിച്ചത് ചുമരിലൊട്ടിച്ച കുട്ടിയുടെ ചിത്രത്തിലേക്കാണ്.
പിന്നെ ഒന്നും ആലോചിച്ചില്ല, ബാല്യത്തെ ഒന്നു മുറുക്കിയപ്പോള്‍ അവനൊന്ന് ഞെരുങ്ങി. ആഴത്തിലേക്കിറങ്ങിയപ്പോള്‍ ഒന്നും പറയാതെ ഡോര്‍ ശക്തിയില്‍ വലിച്ചതുറന്ന് ഇറങ്ങിപ്പോയി. പിറകെ ഋഷി ഓടിയെങ്കിലും അസാധാരണമാം വേഗതത്തിലായിരുന്നു അവന്റെ നടത്തം. സ്‌റ്റെയര്‍ ഇറങ്ങി താഴെക്കെത്തി റോഡ് ക്രോസ് ചെയ്യുന്ന ജെപി യെ നോക്കിനില്‍ക്കാനേ ഋഷിയ്ക്ക് കഴിഞ്ഞുള്ളു.
അപ്പോഴേക്കും നേത്ര അവളുടെ അരികിലെത്തി.
'നേത്രാ എന്താ സംഭവിച്ചത്...?'
ആള്‍ക്കൂട്ടത്തിനിടയില്‍ കുഞ്ഞിന്റെ കൈവിട്ടുപോയ അമ്മയുടെ പരിഭ്രാന്തി ഋഷിയുടെ മുഖത്ത് നിഴലിക്കുന്നത് നേത്ര കണ്ടു
'അവനെവിടേക്കാ പോയത്? ഇനി എവിടെപ്പോയി തിരക്കും ഞാനവനെ?'
നേത്രയുടെ ചുമല് കുലുക്കികൊണ്ട് ഋഷി ചോദിക്കുമ്പോള്‍ നേത്ര അവളെ ചേര്‍ത്ത് പിടിച്ചു പറഞ്ഞു: 'നീ ഇങ്ങനെ വേവലാതിപ്പെടല്ലേ പെണ്ണേ. രണ്ടു ദിവസം കഴിഞ്ഞ് അവനിങ്ങോട്ട് തന്നെ വരും. ഏറിപ്പോയാല്‍ ഒരാഴ്ച...അതിനപ്പുറം അത് നീളില്ല.'
'നേത്ര എനിക്ക് നിന്നെ വിശ്വാസമാ.. പക്ഷെ, അവനെന്നോടൊന്നും പറയാതെ...'
'അതൊക്കെ പോട്ടെ. നീ വീട്ടില്‍ പോകാന്‍ നോക്ക്. ഇനിയും വൈകിയാല്‍, പറയണ്ടല്ലോ. ഞാന്‍ രാത്രി വിളിക്കാം.'
അഞ്ച്
നേത്രയ്ക്ക് തെറ്റിയില്ല. ഒരാഴ്ച കഴിഞ്ഞില്ല, മൂന്നാം നാള്‍ അവന്‍ നേത്രയെ കാണാന്‍ വന്നു. മുഖവുരയില്ലാതെ നേത്രയവനോട് ഇരിക്കാന്‍ ആംഗ്യംകാണിച്ചു കൊണ്ട് പറഞ്ഞു: 'നല്ലയാളാ, ഫ്രണ്ടിനെ ഇവിടെ ഇട്ടിട്ടാണോ പോകുന്നത്'
'സോറി മാഡം..ഞാന്‍ അപ്പോഴത്തെയൊരു മാനസികാവസ്ഥയില്‍...അവള്‍?'
'അതെനിക്കറിയില്ല തന്റെ പിന്നാലെ അവളും ഇറങ്ങി. താന്‍ വിളിച്ചില്ലേ'
'ഇല്ല... എനിക്കവളോട് സംസാരിക്കാനുള്ള ധൈര്യം ഇല്ല.'
'നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത്? ആക്ച്വലി നിന്റെ പ്രശ്‌നം എന്താണ്'
'എല്ലാം ഞാന്‍ പറയാം. പക്ഷെ മാഡം അവളോടൊന്നും പറയില്ലെന്ന് എനിക്ക് ഉറപ്പ് തരണം.'
'നമുക്കൊരു പ്രൊഫഷണല്‍ എത്തിക്‌സ് ഒക്കെ ഉണ്ടെടോ. ധൈര്യമായിട്ട് പറ, ആരും ഒന്നും അറിയാന്‍ പോകുന്നില്ല..'
'എന്റെ കുട്ടിക്കാലത്തു നടന്ന ഒരു സംഭവം ആണ്. ഞാന്‍ എന്നെ തന്നെ ഭയപ്പെട്ടുകൊണ്ടിരിക്കുന്ന ആ സംഭവം കേട്ടാല്‍ മാഡം എന്നെ തൂക്കിലേറ്റരുത്.'
'തൂക്കിലേറ്റാന്‍ ആണെങ്കില്‍ ഞാനെന്നേ ആരാച്ചാര്‍ ആയേനെ...'
പിന്നെയൊരു കഥപറയും പോലെയായിരുന്നു ജെപി തുടങ്ങിയത്
''ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത്, ഒരു ദിവസം വൈകുന്നേരം സ്‌കൂള്‍ വിട്ട് വരുമ്പോഴാണ് ഒടിയന്‍ ചെമ്പകത്തിനടുത്ത് നാലുകാലില്‍ പൊന്തിയ കൂടാരം കാണുന്നത്. നാടോടികളാണ്. വര്‍ഷത്തില്‍ ഒന്നുരണ്ട് മാസം അവരവിടെയാണ് കൂടുന്നത്. മുതുമുത്തച്ഛന്റെ പ്രായമുള്ള ആ ചെമ്പകചോട്ടില്‍ ആരും അങ്ങനെ പോകാറില്ല. കാരണം പണ്ടൊരു തമ്പ്രാന്‍ ഒടികിട്ടി മരിച്ചത് ആ ചെമ്പകചോട്ടിലാണെന്നാ പറയുന്നത്. അതുകൊണ്ട് അതിന്റെ വിശാലമായ തണല്‍ അനുഭവിച്ചിരുന്നത് ഈ നാടോടികള്‍ മാത്രായിരുന്നു. അവര്‍ എവിടെനിന്നു വരുന്നെന്നോ എങ്ങോട്ട് പോകുന്നെന്നോ എന്നത് മീശമുളച്ചതിനു ശേഷമാണ് ഞാന്‍ ചിന്തിച്ചുതുടങ്ങിയത്. ആ ചിന്ത ഉമി കത്തും പോലെ തുടങ്ങി എന്നെ മുഴുവനായി ചുട്ടുപൊള്ളിക്കാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ വീട് വിട്ടിറങ്ങും. ഇരുപത്തൊന്നാം വയസ്സ് മുതല്‍ തുടങ്ങിയതാ ഈ ഇറങ്ങിപ്പോക്ക്. എന്റെ ഈ പോക്ക് ആദ്യം ചര്‍ച്ചയായത് ജോലി സ്ഥലത്താണ്. എന്റെ ചൂടാകലുകള്‍ ഏറ്റുപിടിച്ചു പ്രതികാരം ചെയ്യാന്‍ പാത്തു നില്‍ക്കുന്നവരുടെ ഇടമായിരുന്നു അത്. പിന്നെ ചര്‍ച്ചയായത് കൂട്ടുകാര്‍ക്കിടയില്‍. ഞാനെത്ര വഴക്കുണ്ടാക്കിയാലും ഒരു രാത്രിക്കപ്പുറം നീളാതെ ഇന്നും ഞാന്‍ തോളില്‍ കയ്യിട്ട് നടക്കുന്നവര്‍. ആഴ്ചകളോളം മടങ്ങിവരവ് മുടങ്ങിയപ്പോള്‍ വീട്ടുകാര്‍ക്കിടയില്‍ ചര്‍ച്ചയായി. അന്വേഷണമായി. ബഹളമായി. അടിപിടിയായി. അവസാനം പോം വഴിയായി അവര്‍ കണ്ടത് കല്യാണം കഴിപ്പിക്കുക എന്നതായിരുന്നു. അത് മറ്റൊരു ദുരന്തത്തില്‍ അവസാനിക്കുകയായിരുന്നു.''
'എവിടെയാ പോകുന്നതെന്ന് ജെപി ഇതുവരെ പറഞ്ഞില്ല.'
'അത്.. അവനെ തേടിയാണ്'
'ആരെ?'
'എനിക്ക് എട്ട് ഉള്ളപ്പോള്‍ അവനു രണ്ടായി കാണണം. മുന്നിലെ നാല് പല്ലുകള്‍ ഇന്നും ഓര്‍മ്മയിലുണ്ട്. എന്റെ വീടിന്റെ മുറ്റത്ത് നിന്ന് നോക്കിയാല്‍ ചെമ്പകച്ചോട്ടിലെ കൂടാരം കാണാം. ഒരു ദിവസം വൈകുന്നേരം ഞാന്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു കുട്ടി കൂടാരത്തിനു മുന്നില്‍ നിന്ന് എന്നെ നോക്കി ചിരിച്ചുകൊണ്ടിരിക്കുന്നത് കണ്ടത്. വെറുതെ ഞാന്‍ അതിനെ കൈകൊണ്ടു മാടിവിളിച്ചു. ഓട്ടത്തിനും നടത്തതിനും ഇടയിലെന്നോണം ആ കുട്ടി എന്റെരികിലേക്കെത്തി. പൊടിപിടിച്ച മുഖവും പുരികത്തോളം നീണ്ട് പലവഴിക്ക് വീണുകിടക്കുന്ന ചെമ്പിച്ച മുടിയും കണ്ടപ്പോള്‍ ചുണ്ടോളം എത്തിയ എന്റെ ചിരി ഉമിനീരിലിറങ്ങിപ്പോയി. എന്നിലെ പാരമ്പര്യം ഉണര്‍ന്നു. ഉന്നതകുലജാതന്‍. എന്നിലുള്ള ആ വികാരത്തിന് അടിമപ്പെട്ടിട്ടാണോ, അല്ല ഒരു കൗതുകത്തിനാണോ എന്നറിയില്ല, പലതരത്തിലുള്ള മണ്ണ് ശേഖരണത്തിനായി മുറ്റത്ത് നിന്ന് വാരിക്കൊണ്ടിരുന്ന പൊടിമണ്ണ് ഞാന്‍ അവന്റെ തലയില്‍ ധാരാധാരയായി ഇട്ടു. അപ്പോഴും ആ കുട്ടി എന്നെ നോക്കി ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത് കണ്ടുകൊണ്ടാണ് അമ്മ രംഗപ്രവേശം ചെയ്യുന്നത്. ഓടിവന്നു എന്നെ തള്ളിമാറ്റി കുട്ടിയുടെ തലയിലുള്ള മണ്ണെല്ലാം തട്ടികളഞ്ഞുകൊണ്ട് എന്നെ തുറിച്ചു നോക്കികൊണ്ടിരുന്നു. ആ നോട്ടം അധികം വൈകാതെ അടിയിലേക്ക് എത്തും എന്ന് ഉറപ്പുള്ളത് കൊണ്ട് ഞാനോടി. പിന്നെ അമ്മ ഒരു പൊതിയൊക്ക ചുറ്റികൊടുത്ത് കുട്ടിയെ കൂടാരം വരെ കൊണ്ട് ചെന്നാക്കുന്നത് വല്യമ്മയുടെ വീടിന്റെ തൂണിന് മറവില്‍ നിന്ന് ഞാന്‍ കണ്ടു.
അച്ഛന്‍ വന്ന ശേഷമാണ് വല്യമ്മയുടടുത്ത്ന്ന് തിരിച്ചു വന്നത് അമ്മ സംഭവം മറന്നുകാണും എന്ന് കരുതിയ എനിക്ക് തെറ്റി. എന്നെ കണ്ടമാത്രയില്‍ അമ്മ അച്ഛനോട് സംഭവം വിവരിക്കാന്‍ തുടങ്ങി. കേട്ടമാത്രയില്‍ അച്ഛന്‍ അറയ്ക്ക് തിരുകിയ ഈര്‍ക്കിലെടുത്തു; കിട്ടി രണ്ടെണ്ണം മുട്ടിനു താഴെ. അമ്മയുടെ സ്ഥിരം ചെണ്ടകുറ്റിയാണെങ്കിലും വല്ലപ്പോഴുമുള്ള അച്ഛന്റെ അടി ഉറങ്ങുവോളം തൊണ്ടയില്‍ ഏങ്ങലായി നിന്നു. പിന്നെയത് ആ കുട്ടിയോടുള്ള ദേഷ്യമായി മാറി. സ്‌കൂളില്‍പോകുമ്പോഴൊക്കെ ഞാനവനെ കൂടാരത്തിനു പുറത്ത് കാണും. അപ്പോഴെല്ലാം ഞാന്‍ അതിനെ നോക്കി കൊഞ്ഞനം കുത്തുകയും കണ്ണുരുട്ടി പേടിപ്പിക്കുകയും ചെയ്യും. എന്തൊക്ക ചെയ്താലും അത് എന്നെ നോക്കി ചിരിച്ചുകൊണ്ടിരിക്കും. ഒരു ദിവസം സ്‌കൂളില്‍ പോകുമ്പോള്‍ കൂടാരമൊക്കെ പൊളിച്ചു കെട്ടാക്കി വച്ചിരിക്കുന്നു. അതിലൊരു കെട്ടിന്റെ മുകളിലിരുന്ന് അവന്‍ എന്തോ കഴിച്ചോണ്ടിരിക്കുന്നു.. ഒടിയന്‍ ചെമ്പകം കഴിഞ്ഞുള്ള തിരിവിലെത്തിയപ്പോഴാണ് പിറകിലൊരനക്കം പോലെ തോന്നി തിരിഞ്ഞു നോക്കിയത്. ഞാന്‍ നോക്കിയതും മുന്നിലുള്ള നാല് പല്ലുകള്‍ കടിച്ചു ചിരിച്ചുകൊണ്ട് കയ്യിലുള്ള ബിസ്‌കറ്റ് എനിക്കുനേരെ നീട്ടികൊണ്ട് അവന്‍ നില്‍ക്കുന്നു. എത്ര സ്‌നേഹം കാണിച്ചിട്ടും എനിക്കെന്തോ അവനോടുള്ള കലിപ്പ് മാറുന്നില്ല... എനിക്കുനേരെ നീട്ടിയ കൈകളില്‍ അടുത്തുള്ള കുറ്റിച്ചെടിയില്‍ നിന്ന് രണ്ട് കായ പറിച്ച് കൊടുത്തു. പിന്നെ അവനെ ആട്ടിയോടിച്ചു..''
ഇത്രയും പറഞ്ഞ് നിര്‍ത്തി ജെപി അന്ന് നോക്കിയ അതേ ചിത്രത്തില്‍ നോക്കി ഒന്ന് ചിരിച്ചു. പിന്നെ കരഞ്ഞു, ടിഷ്യു നീട്ടിയപ്പോള്‍ വേണ്ടെന്നു ആംഗ്യം കാണിച്ചുകൊണ്ട് തുടര്‍ന്നു.
'അത് വിഷക്കായ ആയിരുന്നു. അത് അവന്‍ കഴിച്ചോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല. ആ സംഭവം എന്റെ ബാല്യത്തെ ഒരിക്കലും മുറിവേല്‍പ്പിച്ചിട്ടില്ലെങ്കിലും എന്റെ കൗമാരത്തെ അത് കത്തിച്ച് ചാമ്പലാക്കി, തെരുവില്‍ അലയുന്ന കുട്ടികളെ കാണുമ്പോഴൊക്കെ അവനെന്നില്‍ ജനിക്കും. അപ്പോഴൊക്കെ ഞാന്‍ ആരോടെങ്കിലും വഴക്ക് ഉണ്ടാക്കും, അവനെ ഓര്‍മ്മവരുമ്പോഴാണോ ഞാന്‍ വഴക്കുണ്ടാക്കുന്നതെന്നും വഴക്കുകൂടേണ്ടിവരുമ്പോഴാണോ അവനെ ഓര്‍മ്മ വരുന്നതെന്നൊന്നും എനിക്കറിയില്ല. അപ്പോഴൊക്കെ ഞാന്‍ അവനെ തേടിയിറങ്ങി. ഒരിക്കലും കണ്ടെത്താന്‍ പറ്റില്ലെന്ന് അറിയാമെങ്കിലും ഒരു സമാധാനത്തിനു വേണ്ടി. ആദ്യമൊക്കെ മണിക്കൂറുകള്‍ക്കുള്ളില്‍ എനിക്കാശ്വാസം കിട്ടുമായിരുന്നു. പിന്നെയതിന്റെ ദൈര്‍ഘ്യം നീളാന്‍ തുടങ്ങി. മണിക്കൂറുകള്‍ ദിവസങ്ങളായി, ദിവസങ്ങള്‍ ആഴ്ചകള്‍. ആഴ്ചകള്‍ മാസമാകാന്‍ തുടങ്ങുന്നു. അതിനിടയില്‍ വീട്ടുകാര്‍ കണ്ടെത്തിയ പോംവഴിയാണ് കല്യാണം. അതും വലിയൊരു പരാജയം ആയി. ഇപ്പോള്‍ വെറും ചാരമായ ഒരു ജീവിതമാണ് എന്റേത, ഒരു മഴ നനഞ്ഞാല്‍ കുതിര്‍ന്നു ഇല്ലാതാകാം, കാറ്റുവന്നാല്‍ പാറി ചിതറിപ്പോകാം; വെയിലത്ത് മാത്രം ഇങ്ങനെ പിടിച്ചുനിക്കും. പക്ഷെ എന്നും വെയില്‍ അല്ലല്ലോ?'
അത്രയും പറഞ്ഞ് ജെപി നിര്‍ത്തി. അവനിതിനൊരു പോംവഴി ചോദിക്കുമെന്ന് കരുതി നേത്ര രണ്ടുമിനിറ്റ് കൂടി കാത്തു. ഇല്ല അവന്‍ ഒരക്ഷരം മിണ്ടുന്നില്ല.
'ആ കായ ഇപ്പോഴും അവിടെയുണ്ടോ ജെപി.'
'ഉണ്ട്...'
'അത് എപ്പോഴെങ്കിലും കഴിക്കാന്‍ തോന്നിയിട്ടുണ്ടോ?'
'എത്രയോ തവണ. മൊട്ടിട്ടപ്പോ തൊട്ട് കായ ആകുംവരെ ഞാന്‍ കാത്തുനിന്നിട്ടുണ്ട്. പേടികൊണ്ടാണോ എന്നറിയില്ല, കഴിച്ചില്ല.'
'എന്നാല്‍ ജെപി അതില്‍ നിന്ന് കുറച്ച് കായ എനിക്ക് കൊണ്ടുതരണം.'
'സോറി മാഡം, എനിക്കത് പറിക്കാന്‍ പോയിട്ട് തൊടാന്‍ പോലും ധൈര്യം ഇല്ല.'
'പേടിക്കണ്ട ജെപി, എനിക്കത് അപകടകരമാം വിധത്തില്‍ ഉപയോഗിക്കാനൊന്നും അല്ല. ഒരു എലിക്കെണിയില്‍ വയ്ക്കാനാ. ജെപി അത് കൊണ്ടുതന്നില്ലെങ്കില്‍ ഋഷിയോട് എനിക്കെല്ലാം പറയേണ്ടിവരും.'
അതിലൊരു ഭീഷണിച്ചുവയുണ്ടെങ്കിലും ജെപിയെ വീഴ്ത്താന്‍ മറ്റൊന്നിനും ആവില്ലെന്ന് നേത്രയ്ക്ക് അറിയായിരുന്നു.
'അപ്പോള്‍ മാഡം ആദ്യം പറഞ്ഞ എത്തിക്‌സ്.'
'എടോ ഏത് നിയമമാണ് അവനവനോട് കൂറ് പുലര്‍ത്താത്തത്. ഇതും അങ്ങനാ. എനിക്ക് എന്തെങ്കിലും ബെനിഫിറ്റ് കിട്ടാന്‍വേണ്ടിയാണെങ്കില്‍ നോ എത്തിക്‌സ്.'
'ഓക്കേ, ഞാന്‍ കൊണ്ടുത്തരാം. മാഡം ഋഷിയോട് പറയില്ലെന്ന് എനിക്ക് എന്താണ് ഉറപ്പ്?'
'നീ കൊണ്ടു തരുന്നതാണ് ഉറപ്പ്.'
ആറ്
ജെപി വാക്കുപാലിച്ചു ഒരു കുലക്കായ് തന്നെ എത്തിച്ചു.
നേത്ര ഒരാഴ്ച്ചകഴിഞ്ഞു ജെപിയെ വിളിച്ചു: 'നീ ഋഷിയെയും കൂട്ടി ഇന്നിവിടെ വരണം.'
'നോ മാഡം, അവളെയും കൂട്ടി എനിക്കങ്ങോട്ട് വരാന്‍ പറ്റില്ല. പോരാത്തതിന് അന്ന് ഇറങ്ങിപോയതിനു ശേഷം ഞാന്‍ അവളെയോ അവളെന്നെയോ വിളിച്ചിട്ടില്ല.'
'എന്നാല്‍ വിളിക്കാന്‍ ഒരവസരം ഇതാണ്. അന്ന് പോയിടത്ത് ഒന്നുകൂടിപ്പോകാം എന്ന ഒറ്റവാക്ക് മതി, അവളുടെ പരിഭവമൊക്കെ മാറാന്‍.'
'എന്നാലും മാഡം, അങ്ങോട്ടേക്ക്...'
'പേടിക്കേണ്ട ഞാന്‍ അവളോടൊന്നും പറയാന്‍ പോകുന്നില്ല.'
'ഓക്കേ ഞാന്‍ വരാം, കൂടെ വരുവാണെങ്കില്‍ അവളെയും കൂട്ടി'
ഏഴ്
പ്രതീക്ഷിച്ചതിലും നേരത്തെ അവര്‍ എത്തി. അതുകൊണ്ട് ഇരുപത് മിനിറ്റോളം കാത്തുനില്‍ക്കേണ്ടിവന്നു നേത്രയെ കാണാന്‍. ഊഴമായപ്പോള്‍ ഉപചാരങ്ങളൊന്നുമില്ലാതെ ജെപി അകത്തുകയറി കസേരയിലിരുന്നു പിന്നാലെ ഋഷിയും.
'പറ ജെപി, എന്തുണ്ട് വിശേഷം?'
'പ്രത്യേകിച്ച് എന്ത്, ഋഷി കൂടെ വന്നു.'
'എനിക്കറിയായിരുന്നു കൂടെ വരുമെന്ന്.'
ഋഷിയോട് അപരിചിതയെപോലെ നേത്ര സംസാരിച്ചോണ്ടിരിക്കുമ്പോള്‍ ജെപിയുടെ നെഞ്ചിടിപ്പിന്റെ ശബ്ദം നേത്രയ്ക്ക് കേള്‍ക്കാമായിരുന്നു. സംസാരം നിര്‍ത്തി നേത്ര അകത്തുപോയി ഒരു എലിക്കെണിയുമായി വന്നു. കൂടുമാത്രമല്ല അതിലൊരു എലി രക്ഷപ്പെടാനുള്ള അതിതീവ്രശ്രമത്തിലാണ്. അതിനെ ജെപിക്ക് അഭിമുഖമായി വച്ചുകൊണ്ട് നേത്ര പറഞ്ഞു.
'എന്റെ വീട്ടില്‍നിന്ന് പിടിച്ചതാ. കൊല്ലാന്‍ തോന്നുന്നില്ല എവിടെയെങ്കിലും വിടാമെന്ന് വിചാരിക്കുന്നു.'
ജെപി വിയര്‍ക്കാന്‍ തുടങ്ങി.
അത് ശ്രദ്ധിക്കാതെ നേത്ര ഋഷിയുടെ വിശേഷങ്ങളിലേക്ക് തിരിഞ്ഞു. ജെപി റിലാക്സായെന്ന് തോന്നിയപ്പോള്‍ മേശയില്‍ നിന്ന് രണ്ട് പഴം എടുത്ത് അവനു കൊടുത്തിട്ടു പറഞ്ഞു.
'ഇന്നലെ മുതല്‍ പട്ടിണിയിലാണ്. ജെപി ഇതൊന്ന് ആ എലിക്ക് ഹോളിലൂടെ ഇട്ടുകൊടുക്കാമോ?'
അയാള്‍ക്ക് കൈ വിറക്കാന്‍ തുടങ്ങി. കണ്ണില്‍ ഇരുട്ട് കയറുംപോലെ.
ജെപി ആ പഴം ഹോളിലൂടെ എലിയ്ക്ക് ഇട്ടുകൊടുത്തു അവ ആര്‍ത്തിയോടെ തിന്നുന്നത് നോക്കി നില്‍ക്കുന്ന ജെപിയില്‍ നിന്ന് മുഖം മാറ്റി, ഋഷിയോടുള്ള സംസാരം തുടര്‍ന്നു നേത്ര. ഒരു അരമണിക്കൂറോളം നേത്ര അവരിരുവരോടും സംസാരിച്ചുകൊണ്ടിരുന്നു. പിന്നെ ജെപിയുടെ മുഖത്തുനോക്കി പറഞ്ഞു
'എലിക്ക് എന്തെങ്കിലും സംഭവിച്ചോ ജെപി?'
'ഇല്ല''
''ഇന്ന് മുഴുവന്‍ അതിനു കാവല്‍ ഇരുന്നാലും അതിനു ഒന്നും സംഭവിക്കാന്‍ പോകുന്നില്ല..'
'ആരാണ് അത് വിഷക്കായ എന്ന് പറഞ്ഞത്?''
''മുത്തശ്ശി, സത്യാണ് അത് ആരും തൊടാറുപോലും ഇല്ല''
''പണ്ടുള്ളവര്‍ അതായത് മുത്തശ്ശിമാര്‍ കുഞ്ഞുമക്കള്‍ അബദ്ധത്തില്‍ ചാടാതിരിക്കാന്‍ ഇങ്ങനെ കുറച്ച് കഥാപാത്രങ്ങളെ സൃഷ്ടിക്കും അതിലൊന്നാണ് ഈ വിഷക്കായയും വിശ്വാസമായില്ലെങ്കില്‍ നീ തന്ന പഴത്തിന്റെ ലാബ് റിപ്പോര്‍ട്ടാണ് ഇത്.'
നേത്ര ഒരു ഫയല്‍ എടുത്ത് ജെപിക്ക് കൊടുത്തു. ജെപി അത് വായിക്കുന്നതിനിടയില്‍ നേത്ര പറഞ്ഞു.
'ഈ പഴത്തില്‍ പോയ്‌സണിങ് ആയ ഒരു കണ്ടന്റും ഇല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജെപി, ആ കുട്ടിയെ നമുക്കൊരിക്കലും കണ്ടെത്താന്‍ പറ്റില്ല. പക്ഷെ അവനൊന്നും സംഭവിച്ചിട്ടില്ലെന്ന് ഇതിലൂടെ നീ തിരിച്ചറിയണം.
ആ നിമിഷം ഞണ്ടുകള്‍ തീര്‍ത്ത കുഴികളോരോന്നായി ഓളങ്ങള്‍ വന്ന് തലോടി മനോഹരമായ പ്രതലമാക്കും പോലെ തോന്നി ജെപിയ്ക്ക്. പിന്നെ നേത്രയുടെ നേര്‍ക്ക് കൈകൂപ്പിക്കൊണ്ട് നിന്നു. വാക്കുകള്‍ അക്ഷരങ്ങളായി മാത്രം പുറത്തേക്ക് വരാന്‍ തുടങ്ങുമ്പോള്‍ നേത്ര സംസാരം തുടര്‍ന്നു.
'ഒന്നും പറയണ്ട, ഇനി ആ കുട്ടിയില്‍ നിന്ന് ജീവിതം തുടങ്ങണം. കൂടെ കൂടുന്നവരെ ചേര്‍ത്തുനിര്‍ത്തണം. ജീവിതത്തില്‍ എല്ലാം പറയാനും അറിയാനുമായി ഒരു കൂട്ട് കണ്ടെത്തണം, എല്ലാം പറയാന്‍ ഒരാളുണ്ടായാല്‍ത്തന്നെ നമ്മുടെ പകുതി പ്രശ്‌നങ്ങളുടെയും പരിഹാരം അവരിലൂടെ നമ്മള്‍തന്നെ കണ്ടെത്തും.'
കഥയറിയാതെ ആട്ടം കാണുന്നത് പോലെയായിരുന്നു ഋഷി.
''എന്താണെന്നു എന്നോട് കൂടി പറയ്'- ഋഷി കെഞ്ചി
'നീ പറഞ്ഞതുപോലെ അവന്റെ സ്‌ക്രൂ ഇത്തിരി ലൂസായികിടക്കുന്നുണ്ടായിരുന്നു. അത് ഞാന്‍ മുറുക്കികൊടുത്തിട്ടുണ്ട്. ഇനിയൊരിക്കലും ലൂസാവാത്തതരത്തില്‍. ബാക്കി എല്ലാം ജെപി സൗകര്യം പോലെ നിനക്ക് പറഞ്ഞു തരും. ഈ നിമിഷം ആഘോഷിക്കാനുള്ളതാണ്, അതിനു നല്ലത് കുറച്ച് മധുരം ആണ്. അത് ഞാന്‍ വാങ്ങിവരുമ്പോഴേക്കും ബാക്കി കാര്യങ്ങള്‍ നിങ്ങള്‍ സംസാരിക്ക്.'
നേത്ര ഇറങ്ങി. റൂമില്‍ ഫാനിന്റെ നേര്‍ത്ത ശബ്ദം. അന്നേവരെ ഒരു നോക്ക് കൊണ്ടുപോലും പ്രണയം പ്രകടിപ്പിക്കാത്ത ജെപി ഋഷിയെ ചേര്‍ത്ത്പിടിക്കുകയായിരുന്നു. ഈ സന്തോഷം ആഘോഷിക്കാന്‍ ഇതിനേക്കാള്‍ കൂടുതലായിട്ടൊന്നുമില്ലായിരുന്നു ജെപിക്ക്. ഒന്നും മനസ്സിലാകാതെ ഋഷി ജെപിയുടെ കണ്ണുകളിലേക്ക് നോക്കി. അതിലാഴത്തില്‍ അവളോടുള്ള പ്രണയം നിറയുന്നത് അവളറിയുന്നുണ്ടായിരുന്നു.
'ഇഷ്ട്ടപ്പെട്ടതൊക്കെ പറഞ്ഞ വില കൊടുത്ത് ഞാന്‍ സ്വന്തമാക്കിയിട്ടുണ്ട്. പക്ഷെ നഷ്ടപ്പെടുത്തിയതിന്റെ വില ഞാനറിയാണ്ട് പോയി. ഒരിക്കല്‍ക്കൂടി വിളിച്ചാല്‍ വരാവോ എന്റെ ജീവിതത്തിലേക്ക്?'
അത് കേട്ടതും ഋഷി ഒന്നൂടെ ചേര്‍ന്ന് നിന്നു. ആ കണ്ണുകളില്‍ നോക്കി പറഞ്ഞു
'തലതിരിച്ചെഴുതിയ ആ പേര് തലതിരിയാതെ എന്റെ പേരോട് ചേര്‍ത്ത്വയ്ക്കാന്‍ ഞാനും കൊതിച്ചിരുന്നു.'
മറുപടി കേട്ട ജെപി അമ്പരന്നെന്തെങ്കിലും ചോദിക്കാന്‍ തുടങ്ങുമ്പോള്‍ നേത്രയുടെ ശബ്ദം കേട്ടു.
'എസ്‌ക്യൂസ്മി അകത്തേക്ക് വരാവോ'
'യെസ്, കം ഡിയര്‍' എന്ന് പറഞ്ഞത് ഋഷിയായിരുന്നു.
നേത്രയോളം പോന്നൊരു കൂട്ടിനെ കിട്ടിയ സന്തോഷം ആ വാക്കുകളില്‍ ഉണ്ടായിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...